ആയിഷ
Story written by Latheesh Kaitheri
നിങ്ങളെന്താ ഇക്ക വൈകിയത് ?
ആയിശുവിന്റെ വീട്ടിലേക്കു കയറുമ്പോള് തന്നെ ഉള്ള ആദ്യ ചോദ്യം അതായിരുന്നു .
നൗഫൽ ചെറിയ പുഞ്ചിരിയിൽ അവന്റെ ഉത്തരം ഒതുക്കി .
നിങ്ങ വരൂന്നുവെച്ച് എന്റുഉപ്പ ,ഉമ്മ ,കാരണോർ , എത്രസമയം കാത്തിരുന്നൂന്നോ ,ഇക്കായ്ക്കു എന്റെ കൂട്ടരോട് മൊത്തത്തിൽ പുച്ചാണല്ലോ ?,നുമ്മ പാവപ്പെട്ടവര് ,നിങ്ങ വലിയ സുല്ത്താന് .
നിങ്ങ പണക്കാരായതുകൊണ്ടല്ലേ അല്ലെങ്കീ നിങ്ങ എന്റെ വീട്ടിൽ നിക്കേണ്ടവരാ ,എന്റെ കുടുംബത്തെ ഇപ്പോഴും കണേണ്ടവരാ .
തലശ്ശേരിന്നു നിങേക്കാളും പണുള്ള ചെക്കൻ മാർ എന്നെ അന്വേഷിച്ചുവന്നതാ ,,അന്നേരം ഉപ്പ പ്രായം ആയില്ലാന്നു പറഞ്ഞു തിരിച്ചയച്ചു , നിങ്ങ എന്റെ അപ്പോഴത്തെ മൊഞ്ചുകണ്ടു കെട്ടിയതല്ലേ .
ഈ പുള്ളേർക്കുപോലും എന്റെ കുടുംബത്തോട്ടു പോകാൻ പറഞ്ഞാല് പറ്റൂലന്നാ ,,,അതെങ്ങനെ പോകാനാ നിങ്ങളെയല്ലേ പുള്ളേർ അത് അങ്ങനെയേ വരൂ .
പത്താം ക്‌ളാസിൽ പരിക്ഷക്കു മുൻപേ നിങ്ങക്ക് എന്നെ കെട്ടിച്ചു തന്നതാ അന്നേ നാരായണീടീച്ചർ തന്നോട് പറഞ്ഞതാ ആയിശൂ നീ പഠിപ്പുനിറത്തരുത് എന്ന് .
എന്തു ചെയ്യാം തന്റെ യോഗം നിങ്ങളുടെ ഉമ്മയുടെ കാര്യങ്ങള് നോക്കലായിപ്പോയി ,, താൻ ഉമ്മയെ കുറ്റംപറയൂല ഉമ്മ തന്റെ ഉമ്മയെ പോലെയാണ് എന്നെ പെരുത്ത് ഇഷ്ടായിരുന്നു . അതുകൊണ്ടാണീ താൻ നിങ്ങ അഞ്ചുകൊല്ലം ഗൾഫിൽ കിടന്നിട്ടും നിങ്ങളുടെ പൊരേല് കിടുന്നു കൂടിയത് ,
നിങ്ങ വരും രണ്ടുകൊല്ലം കൂടുമ്പം കുറെ അത്തറും സാധനങ്ങളുമായി,, പോകുമ്പോ തന്റെ ഉക്കത്തു ഓരോന്നിനെയും തന്നിട്ടും പോകും ,..അതുകഴിഞ്ഞു ആയിട്ടുങ്ങളെ ആളാക്കാനുള്ള പെടാപ്പാടു തനിക്കും പടച്ചോനും മാത്രറിയാം .
പുത്തി വരുന്ന പ്രായത്തിൽ കെട്ടികൊണ്ടുവന്നതാ നിങ്ങളെന്നെ …ഇക്കാ നിങ്ങളണ് എനിക്ക് കറപ്പും വെളുപ്പും ആളുകളുടെ മനസ്സും പറഞ്ഞു തന്നത് ആ നിങ്ങള് ഇതു ചെയ്തത് തീരെ ശരിയായില്ല .
പതിനാലാമത്തെ വയസ്സിൽ കെട്ടികൊണ്ടുവന്നപ്പോ മൂതല് കേൾക്കുന്ന കഥ .
നൗഫലിന് പുതുമയൊന്നുമില്ല ,,എങ്കിലും ആയിശൂവിനെ അവനറിയാം ഒരു പൊട്ടിപ്പെണ്ണ് ,,അവനിലൂടെ മാത്രം ചന്ദ്രനെയും സൂര്യനെയും അറിയുന്നവൾ ..കൽബു നിറയെ അവനോടുള്ള സ്നേഹം മാത്രം .
ആദ്യ രാത്രി അവനിന്നും ഓർമ്മയുണ്ട് .ഒന്നും പറയാതെ കട്ടിലിന്റെ ഒരറ്റത്തു പിടിച്ചിരിക്കുന്ന ആയിഷ .അല്ലെങ്കിലും പതിനാലുവയസ്സുകാരിക്ക് തിടുക്കത്തിലുള്ള ഇഷ്ട്ടപ്പെടാത്ത കല്യാണത്തിൽ എന്ത് നാണം . എങ്കിലും പതിയെപ്പതിയെ അവളുടെ കൂട്ടുകാരനായി അവനവളുടെ മനസ്സിൽ ചേക്കേറി .
അവൾ ആദ്യമായി പറഞ്ഞത് തനിക്ക് പഠിക്കണം എന്നായിരുന്നു ,,താൻ അവളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല .
ഉമ്മയെയും ഉപ്പയെയും ചെറുതായി മുഷിപ്പിക്കേണ്ടി വന്നെങ്കിലും താൻ അവളെ പഠിക്കാൻ അയച്ചു ,,എന്തു ചെയ്യാം അവളുടെ സൗന്ദര്യവും ,തന്റെ ഇരുപത്തിരണ്ടിന്റെ പ്രായത്തിളക്കവും കിട്ടിയ രണ്ടുമാസത്തെ ലീവിൽ അവൾക്കു ഒരു ട്രോഫി സമ്മാനിച്ചു .
അതോടെ ആയിശുവിന്റെ പഠിപ്പും നിന്നു ,ഡോക്ടറുടെ അടുത്തുപോയപ്പോള് പ്രായം ചോദിച്ചപ്പോള് അയിശുവിനു പ്രായം പതിനഞ്ചു .എന്ത് ചെയ്യാം ഡോക്ടറ് നൂറുകൂട്ടം ചോദ്യങ്ങളും ഉപദേശങ്ങളും അവസാനം ഉമ്മ കാലുപിടിച്ചു കരഞ്ഞാണ് സംഭവം കൈച്ചലക്കിയത് .
അപ്പോഴും ആയിശൂന് ഇജ്ജാതി ചിന്തകളൊന്നുമില്ല ആയിശൂന്റെ വിഷമം നൗഫലിന്റെ ഉപ്പ അബ്ദുള്ളഹാജി പഠിപ്പു ഇതിനോടെ നിർത്തിക്കോ എന്ന് പറഞ്ഞതിനായിരുന്നു ,
അതുകൂടാതെ പത്താം ക്ലാസ്സിലെ സെന്റോഫിനു അവളുടെ ഫോട്ടോ മാത്രം ഉണ്ടാവില്ലല്ലോ എന്ന് ഒര്തായിരുന്നു .
സമയം ഒൻപതു ആയി ഇപ്പോഴും ആയിശുവിന്റെ മുഖം ചുകന്നു തന്നെ ,, എങ്കിലും നൗഫലിന് ചോറുകൊടുക്കുന്നു ,ഇഷ്ടമുള്ളതൊക്കെ വെളമ്പിക്കൊടുക്കുന്നു ,,നൗഫലിന്റെ ഉമ്മ പോയ ശേഷം അത് അവൾ ആർക്കും വിട്ടുകുടുക്കാത്ത സ്വന്തം അവകാശം ആണ് .
ബെഡ്‌റൂമിൽ നൗഫൽ വന്ന് ഒരു സീസർ പുകയ്ക്കുകയാണ് ,
ഉപ്പയുള്ളപ്പോള് പുകകണ്ടാൽ അന്ന് ജീവിതം കട്ടപ്പുക എന്ന് പറഞ്ഞ ആള് ആണ് .
പത്തുമിനുറ്റുന്നുകഴിഞ്ഞു ആയിഷയും വന്നു ഒന്നുംമിണ്ടാതെ കട്ടിലിലേക്ക് കിടന്നു .
ആയിശൂ എന്താ നിന്റെ പ്രശനം ,, അങ്ങേയറ്റം മറുപടി ഒന്നുമില്ല ,,നൗഫൽ മുഖം കയ്യിലെടുത്തു നോക്കിയപ്പോൾ ആയിഷ കരയുന്നു .
കാണാതിരിക്കാൻ തന്റെ സാരിതലപ്പ് കൊണ്ട് ഒപ്പുന്നു ,
എടീ നിനക്കറിയില്ലേ എന്നെ ? നിന്നെ ബേജാറാക്കുന്ന എന്തെകിലും കാര്യം ഞാൻ ചെയ്യുവോ .
അപ്പൊ നിങ്ങ ഇ പ്പോ ചെയ്തതോ ?
അത് ഞാൻ പറയാൻ വരികയല്ലേ മുത്തേ …
ഞാൻ വരുന്ന വഴി ഒരു വീടിന്റെ മുൻപിൽ ആൾക്കൂട്ടം ഞാൻ നോക്കിയപ്പോൾ ഒരു ഇപ്പോ പ്രസവിക്കും എന്ന രീതിയിൽ ഒരു പെണ്ണ് .
ഏതുപെണ്ണു ? ഒരു ഇന്ദു പെണ്ണ് .
അവിടെ ആണെങ്കിൽ അന്നേരം ഒരുവണ്ടിയും ഇല്ല ,,ഞാൻ എന്റെ വണ്ടിയിൽ ഹോസ്പിറ്റിറ്റലിൽ ആക്കിയിട്ടാ വന്നത്
അപ്പൊ അത് പ്രസവിച്ചില്ലേ ?
അത് നോക്കാനൊന്നും ഞാൻ നിന്നില്ല ഇവിടെ നിന്റെ ഉപ്പയും ആൾക്കാരും എന്നെക്കാത്തു നിൽക്കുകയല്ലേ അതുകൊണ്ടു ബേഗമിങ് പൊന്നു .
നിങ്ങ എന്ത് പരിപാടിയായെടുത്തേ നിങ്ങക്ക് അത് പ്രസവിക്കുന്ന വരെ കത്തോടായിരുന്നോ ?
അവിടെ ഓളുടെ കെട്ട്യോൻ ഉണ്ടോ ?
അതൊന്നും എനിക്കറിയില്ല
എന്നാപ്പിന്നെ നമുക്ക് നാളെ ഒന്ന് ആസ്പത്രീപോയി ഓളുടെ വിവരങ്ങൾ അറിയണം,, അല്ലെങ്കിൽ എനിക്ക് ഒരു സമാധനും ഉണ്ടാകില്ല .
നൗഫലിനറിയാം അവന്റെ ആയിശുവിനെ കൂടെ ഉണ്ടായത് കുറവാണെങ്കിലും മനസ്സിൽ ഊട്ടിഉറപ്പിച്ച ബന്ധമായിരുന്നു അവരുടെ ,,,മേഘത്തിലേക്കു സ്വരക്കൂട്ടിവെച്ചിരിക്കുന്നതൊക്കെ മഴയായി അവനിലേക്ക് പെയ്യുന്ന അവളുടെ സ്നേഹം
ആയിശുവിനു അങ്ങനെയേ ചിന്തിക്കാൻ പറ്റൂ .
പുലർച്ചെ അഞ്ചു മണി .
സഹിക്കാൻ പറ്റാത്ത രീതിയിൽ പ്രസവവേദന ,,,, പ്രായമായ നൗഫലിന്റെ മാതാപിതാക്കൾ മാത്രം വീട്ടിൽ ,, ,അബ്‍ദുല്ലഹാജിവിളിച്ച വണ്ടി വയലിനക്കരെ വന്നു നിൽക്കുന്നു ,,വെള്ളം കയറിയതുമൂലം വണ്ടി ഈ സമയത്തു ഇങ്ങോട്ടുവരില്ല .
നടക്കാൻ പോലും ആകാത്ത അവസ്ഥ ,, അവസാനം അമ്പലത്തിൽ തൊഴാൻ വന്ന പേരറിയാത്ത ചെറുപ്പക്കാർ ആണ് കസേരയിൽ ഇരുത്തി ചുമന്ന് വയലുകടന്നു വണ്ടിവരെ എത്തിച്ചത് . അതോർത്തപ്പോൾ നൗഫലുചെയ്ത കാര്യം ഓർത്തു അവൾക്കു അഭിമാനം തോന്നി .
പിന്നെ പടച്ചോൻറെ ഓരോ ലീലാവിലാസങ്ങൾ കൃഷ്ണനെ തോഴൻ വന്നവർ എനിക്കും ,,,,അഞ്ചു നേരം മുടങ്ങാതെ നിസ്കരിക്കുന്ന നൗഫൽ ഒരു ഹിന്ദു വിശ്വാസിക്കും ജീവൻ സംരക്ഷിക്കാൻ കാരണക്കാരൻ ആകുക തന്റെ ചെറിയ ജനാലയിലൂടെ ലോകത്തിന്റെ വലിയകാര്യങ്ങൾ നോക്കിക്കാണുന്ന ആയിഷയിലും ചെറിയ സംശയം കൂടുകൂട്ടി .
ഒന്നിനോടൊന്നു കൂട്ടിക്കെട്ടി അല്ലെ എല്ലാം പടച്ചോൻ പ്ലാൻ ചെയ്യുന്നത് ….അപ്പൊ സത്യത്തില് എല്ലാം ഒന്നല്ലേ… ????
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ ഒരു വരിയോ എനിക്ക് വേണ്ടി കുറിക്കുക ✍️😍