വട്ട്
Story written by Jayachandran NT
”അവന് വട്ടാണ്.” ആരാണാദ്യമായിട്ടങ്ങനെ പറഞ്ഞതെന്നറിയില്ല.?അതുകേട്ട ശേഷമാണ് ഞാനവനെ അങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.?ആദ്യം, ഒരുപാട് നാളുകൾക്കുശേഷം എഴുതാനൊരുവിഷയം കിട്ടിയതിൽ സന്തോഷമുണ്ടായി. ഊണിലും ഉറക്കത്തിലും അവൻ, എൻ്റെ മനസ്സിനെ വേട്ടയാടി. ഉറക്കം നഷ്ടമായി. വേട്ടയ്ക്കുള്ള ആയുധവുമെടുത്ത് ഞാനുമിറങ്ങി. കാമുകിയിൽ നിന്ന് ഊർജ്ജം ഊറ്റിയെടുക്കാൻ ശ്രമിച്ചു. ഗുരുവിൻ്റെ വാക്കുകൾ തേടി. പിന്നീടത് കാടുകയറിയപ്പോൾ അൽപ്പം സങ്കടവും. പിന്നെ ഭയവുമായി.
ശ്രീലങ്കയിൽ നിന്ന് ബെഹ്റിനിൽ എത്തിയതാണവൻ. ജോലി ഒന്നുമായിട്ടില്ല.?ട്രെയിനിങ്ങ് നടക്കുന്നതേയുള്ളു.?വിചിത്രമായ ശീലങ്ങളായിരുന്നവന്. അതിരാവിലെ നാലുമണിക്കുണരും. പതിവില്ലാത്തതിലധികം ഈവർഷം ബഹ്റിൻ, സൗദി അതിർത്തി പ്രദേശങ്ങളിൽ ഡിസംബറിൻ്റെ കൊടും തണുപ്പാണ്. പുറത്തെല്ലാം മഞ്ഞ് മൂടിയിരിക്കുന്നു. വിൻ്റർകോട്ടും കാതുകൾ മൂടുന്നവിധമുള്ള തൊപ്പിയും ഹാൻഡ് ഗ്ലൗസും ധരിച്ചവൻ നടക്കാനിറങ്ങും. തലേരാത്രിയിൽ കഴിച്ച മ iദ്യത്തിൻ്റെ ആലസ്യത്തിൽ സുന്ദര സ്വപ്നങ്ങളു മായുറങ്ങുമ്പോൾ അതിരാവിലെയുള്ള അവൻ്റെ ഈ തയ്യാറെടുപ്പിൻ്റെ തട്ടുമുട്ട് ഒച്ചകൾ കേട്ടാണ് ഉണരുന്നത്. ദേഷ്യത്തോടെ നോക്കുമ്പോൾ ബഹിരാകാശത്തു നിന്നെത്തിയതുപോലെ വേഷം ധരിച്ചവൻ തയ്യാറായിട്ടുണ്ട്. എന്നെ കണ്ട് ചിരിച്ചു കൊണ്ട് ഗുഡ് മോർണിംങ്ങ് പറഞ്ഞു.
“നിനക്കെന്താ വട്ടാണോ ഈ തണുപ്പത്ത്, അതിരാവിലെ” എൻ്റെ ചോദ്യത്തിനും ചിരി തന്നെയാണുത്തരം ലൈറ്റണച്ച് അവൻ പോയി. മുൻപൊരിക്കൽ ഇതിനവൻ ഉത്തരം പറഞ്ഞിരുന്നു. ”ഡോക്ടർ പറഞ്ഞു ഒരു മണിക്കൂർ വ്യായാമം ചെയ്യണമെന്ന്. അതിരാവിലെ നടക്കാൻ പോകുന്നത് ഉത്തമമാണെന്നും അതുകൊണ്ടാണ് ഞാനത് ചെയ്യുന്നതെന്നും.”
‘അതിന് ഈ തണുപ്പത്തുംവേണോ! വട്ട് തന്നെ’ ഞാൻ, വീണ്ടും മദഗന്ധംപേറിയ വിയർപ്പ് മണക്കുന്ന കമ്പിളിക്കടിയിലേക്ക് നൂണ്ട് കയറി ഉറങ്ങാൻ ശ്രമിക്കും. ഉറക്കം നഷ്ടപ്പെട്ടിരുന്നു. പുലരുവാനിനിയും സമയം ബാക്കി. സന്തോഷത്തിൻ്റെ സ്രവങ്ങൾ തലച്ചോറിലുണർത്താനുള്ള ശ്രമം. അവൾ ഉണർന്നിട്ടുണ്ടാകുമോ! മൊബൈലെടുത്തുനോക്കി. വായിച്ചുമറന്നൊരു, മനോഹരമായ കഥ വീണ്ടും വായിക്കുന്നതുപോലാണ് പഴയ മെസേജുകളിലൂടെയുള്ള സഞ്ചാരം.
”കുറച്ച് ഡോപ്പമിൻ തരുമോ കടമായിട്ടുമതി ആൻഡ്രിജനാക്കിയെടുത്ത്ഈ സ്ട്രജനാക്കി മടക്കി നൽകാം.” എൻ്റെ ചോദ്യമായിരുന്നു.
വായ് പൊത്തി ചിരിക്കുന്നൊരു ഇമോജിയോടൊപ്പമാണ് അവളുടെ മറുപടി.
”ഓഹോ നിനക്കങ്ങനത്തെ മൃദുല വികാരങ്ങളൊക്കൊയുണ്ടാകാറുണ്ടോ
അതും എന്നോട്!”
”എന്താണ് അങ്ങനെ ഉണ്ടായിക്കൂടെന്നുണ്ടോ”
”ഉണ്ടെങ്കിൽ!”
‘ശ്രമിക്കാം’
‘മറിച്ചാണല്ലോ കഥകളിലുള്ളത്.’
‘യാഥാർത്ഥ്യത്തിൻ്റെ മറ്റൊരു മുഖമല്ലേ മോളെ കഥ.’
”ആണോ എന്നാലുണ്ടായിക്കോട്ടെ മറിച്ചാകാൻ ശ്രമിക്കണ്ട. പിന്നെ ഈ മോൾ വിളിയുടെ മുന്നിലൊന്നുമില്ലല്ലോ അല്ലേ”
‘ഉണ്ടായാലും അതിനൊരു വെറുപ്പിൻ്റെ ഭാഷ്യമില്ല. എപ്പൊഴും മഴ പെയ്യുന്നൊരു കുന്നിൻ്റെ മുകളിൽ മിഥുനമാസത്തിൻ്റെ ഒരു തണുപ്പുള്ള രാത്രിയിൽ..’
പൂർത്തിയാക്കാനനുവദിച്ചില്ല. അതിനു മുൻപവളുടെ ചോദ്യം വന്നു.
”ഭംഗിയുള്ള ഇഷ്ടങ്ങൾക്കും കാത്തിരിപ്പുകൾക്കും അതൊരു അഭംഗിയല്ലേ മോനെ? വാക്കുകൾ കൊണ്ടായാൽപ്പോലും പരസ്പരം ആവശ്യങ്ങൾ ഉള്ളതുകൊണ്ട് മാത്രം ബന്ധങ്ങൾ നിലനിൽക്കുന്ന ഇക്കാലത്ത് പ്രത്യേകി ച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ചില കാത്തിരിപ്പുകളൊക്കെയല്ലേ മനോഹരം!”
‘ശരിയാണ്, അതുകൊണ്ടുതന്നെ അത്രയും ഭംഗിയായി തന്നെ ഒരാളെ സ്നേഹിക്കാനും ശ്രമിച്ച കാലമുണ്ടായിരുന്നു. പിന്നെന്തേ ഇപ്പൊഴില്ലേ എന്ന ചോദ്യമുണ്ടെങ്കിൽ! വാത്സല്ല്യവും രiതിയും രണ്ടു ഭാവങ്ങളുമുണ്ടാകാറുണ്ട്. താലോലിക്കാനും പ്രണയാർദ്രമായി ചുംബിക്കാനും, ആൺപെൺ എന്നതിലെ അടുപ്പത്തിൽ അറിഞ്ഞും അറിയാതെയും കടന്നു വരുന്ന കൗതുകങ്ങൾ അഭംഗിയാണെങ്കിൽ, ചോദ്യം ശരിയാണ്. ആ മനോഹാരിതയ്ക്ക് മങ്ങലേറ്റിട്ടു മുണ്ടാകാം. അങ്ങനെയാണെന്നൊരു വിശ്വാസം ഇവിടെയില്ല. അതിനിപ്പൊ മറുഭാഗത്തുനിന്നുള്ള പിന്തുണയുടെയോ പ്രോത്സാഹനത്തിൻ്റെയോ ആവശ്യം പോലുമില്ല. എന്തിന്! ആ ആള് അറിയണമെന്നു പോലുമില്ലന്നേ! ഏകലവ്യൻ ദ്രോണർ പതിപ്പ് പോലെ ഇപ്പൊ നീ പറയും.
”മണ്ടൻ. അതോണ്ടവൻ്റെ വിരല് പോയെന്ന്.” പൊയ്ക്കോട്ടെന്നേ കഥ ചരിത്രമായില്ലേ? ചരിത്രങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ചെലോർടെ ശരിയാകും ചെലോർടെ ശരിയാകൂല്ലന്നെ അങ്ങനെയല്ലേ ഗുരുവെ?’
”അങ്ങനെയല്ലാത്തവരും ഉണ്ടാകുമെന്നാണ് ഞാൻ പറഞ്ഞത്.”
‘ഇല്ലെന്ന് ഞാനും പറഞ്ഞില്ല.?എത്രനാളത്തേക്കെന്നാണ്. ഒരിക്കൽ മാത്രം കണ്ടു പിരിയുന്നവർക്ക് കഴിയുമായിരിക്കും. മറിച്ചുള്ളവർക്കുമത്സാ ധിച്ചാലത് അഭിനയമാകില്ലേ? പങ്കുവയ്ക്കണമെന്ന മോഹങ്ങൾ ഉണ്ടാകാതിരിക്കുമോ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയങ്ങനെ കഴിയുന്നവർ കഥകളിലൊക്കെ ഉണ്ടാകും. അല്ലാതെയും ഉണ്ടാകുമെങ്കിൽ അത് മനോഹരമാണ്!?മുട്ടയുടെ നേർത്ത തോടിനുള്ളിൽ ഒളിച്ചിരിക്കുന്ന ജീവനെപ്പോലാണ് ചില പ്രണയങ്ങളും. പുറത്ത് നിന്നെത്ര സമ്മർദ്ദം ചെലുത്തിയിട്ടും കാര്യമില്ല. വേണമെങ്കിൽ പൊട്ടിക്കാം. പക്ഷെ ഉള്ളിൽ ജീവനുണ്ടാകില്ല. ജവനുണ്ടാകണമെങ്കിൽ ഉള്ളിൽ നിന്നു തന്നെയത് പൊട്ടിവരണം.’
”മതി മതി. നേരം പുലർന്നു. പൊയ്ക്കോ?ജോലികളുണ്ട്. നിനക്ക് വട്ടാണ്നാ ളെ കാണാം.” എന്ന മറുപടിയുമായിരുന്നു അവസാനസന്ദേശം. ആ ദിവസം കഴിഞ്ഞിട്ടിപ്പൊ 99 ദിവസവും 18 മണിക്കൂറും 9 മിനിറ്റും 33സെക്കൻ്റു മായിരിക്കുന്നു. എന്നുമെടുത്ത് നോക്കാറുണ്ട്. ‘നാളെ കാണാമായിരിക്കും!’?ആ പേജടച്ചു. മറ്റുവഴികളിലേക്കിറങ്ങി. അവളായിരുന്നു മനസ്സിൽ. തലച്ചോറിൽ സന്തോഷത്തിൻ്റെ സ്രവങ്ങളുണർന്നു. ആവേശം കെട്ടടങ്ങി, തണുത്ത വെള്ളത്തിൽ കുളിച്ചെത്തുമ്പോൾ പ്രഭാതസവാരിക്കു പോയവൻ തിരിച്ചെത്തിയിട്ടുണ്ടാകും.?
അവനും കുളിച്ചുവന്നു കഴിക്കാനിരിക്കുന്നുണ്ട്. ഭക്ഷണത്തിനു മുന്നിൽ കൈകൂപ്പി അൽപ്പ നേരമിരിക്കുന്നു. പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നു.?കഴിച്ചെഴുന്നേറ്റശേഷം പിന്നെയവൻ്റെ ഒരുക്കങ്ങളാണ്. മുടിയെല്ലാം ക്രീം തേച്ച് ചീകിയൊതുക്കി. മുഖത്തും ശരീരത്തുമെല്ലാം ക്രീം പുരട്ടി. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചു. കട്ടിലിൽ ഇരിക്കും. മൊബൈൽ എടുത്ത് അലാം വച്ചതിനുശേഷം നോക്കിയിരിക്കുന്നതു കാണാം. ആരുടെയൊക്കെയോ വോയിസ് മെസ്സേജുകൾ കേൾക്കുന്നു, മറുപടി പറയുന്നു. പത്തുമിനിറ്റ് കഴിയുമ്പോൾ അലാം അടിക്കുന്നു. ഫോൺ മാറ്റിവെച്ച് ഒരു പുസ്തകവു മായിക്കിടക്കുന്നു. ഇനി എപ്പോഴെങ്കിലുമുറങ്ങിപ്പോകാറാണ് പതിവ്. ഇതാണവൻ്റെ ശീലങ്ങൾ. ”വട്ട് തന്നെയാണ് ” മനസ്സിൽ പറഞ്ഞു.
അവൻ ജോലിക്കുപോയി ഒരാഴ്ച്ചകഴിഞ്ഞപ്പോഴാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. ആറുദിവസത്തെ ജോലി കഴിഞ്ഞ് ഏഴാം ദിവസം ഞായറാഴ്ച്ച അവധിയായിരുന്നു. അന്നവൻ നാലുമണിക്കുണർന്നില്ല. അപ്പൊഴോ എഴുന്നേറ്റു. പുറത്തെവിടൊക്കൊയോ ചുറ്റിക്കറങ്ങി നടന്നു. പാതിരാത്രിയിലെപ്പൊഴോ തിരിച്ചെത്തി. അടുത്ത ദിവസവും ഇതാവർത്തിച്ചു. ജോലിക്കു പോകാതായി.
ലേബർ ക്യാമ്പിനുളളിലെ മുറികളിലെല്ലാം കയറിയിറങ്ങി എന്തോ തിരയാൻ തുടങ്ങി.
പകലും രാത്രിയും ഇതാവർത്തിക്കാൻ തുടങ്ങി. ചിലർ അവനെ തiല്ലിയോiടിച്ചു. ഗേറ്റിലെ സെക്യൂരിറ്റിയെ അറിയിച്ചു. അവർ പോലീസിനെ വിളിച്ചു. പോലീസ് വന്നവനെ കൊണ്ടുപോയി. ‘മെൻ്റൽ ആശുപത്രിയിലാക്കിയിട്ടുണ്ടാകും അവിടന്നിനി അവൻ്റെ നാട്ടിലേക്കയക്കുമായിരിക്കും.’ ”ഇങ്ങനെ ഉള്ളവരെ ഫ്ലൈറ്റിൽ കയറ്റില്ലല്ലോ” എന്നൊക്കെ സംഭാഷണങ്ങളുണ്ടായി.
‘അവൻ ആരെയോ തിരയുകയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ട്. ജോലി സ്ഥലത്താകാം. മറ്റെവിടെയെങ്കിലുമാകാം. അതിനൊരാൾ ഉത്തരവാദി യായിട്ടുണ്ട്. ആ ഒരാളെയാകും അവൻ അന്വേഷിക്കുന്നത്. അല്ലെങ്കിൽ അവനെന്തോ നഷ്ടപ്പെട്ടിട്ടുണ്ട്. അത് തിരയുകയാണ്.’
‘നിനക്കെന്തു പറ്റി നടക്കാൻ പോകുന്നില്ലേ?’ ഒരു ദിവസം അവനോടു ചോദിച്ചിരുന്നു. അതിനവൻ പറഞ്ഞത്. ‘പുറത്തിറങ്ങി നടക്കുമ്പോൾ എല്ലാവരും അവനെ തുറിച്ചു നോക്കുന്നു. പരിഹാസത്തോടെ ചിരിക്കുന്നു. അവൻ മറികടന്നു നടന്നു പോയാലും പുറകിൽ അവർ എന്തെങ്കിലും പറയുന്നെന്ന് സംശയിക്കുന്നു.’ എന്നൊക്കെയാണ്. പിന്നീടാണ് പകൽ സമയങ്ങളിൽ പുറത്തിറങ്ങാതെ രാത്രിയോരോ മുറികളിൽ അന്വേഷണം തുടങ്ങിയത്.
പോലീസുകാർ അവനെ കൊണ്ടുപോയിട്ട് ഒരാഴ്ച്ചയായി. നാട്ടിലേക്കയ ച്ചിട്ടുണ്ടാകും എന്നു വിശ്വസിച്ചു.?പെട്ടെന്നൊരു ദിവസം രാവിലെ അവനെ വീണ്ടും കണ്ടു. രണ്ടുപേർ ചേർന്നവനെ നിലത്തിട്ട് തല്ലുകയായിരുന്നു. മടുത്തപ്പോൾ അവർ പോയി. എന്നെ കണ്ടവൻ എഴുന്നേറ്റുവന്നു. മുഖത്തെല്ലാം ചോരപ്പാടുകളുണ്ട്. പല്ലുകാട്ടി ചിരിച്ചപ്പോഴും രക്തമൊലിക്കുന്നുണ്ടായിരുന്നു.
മുഖത്തൊരു വികൃതഭാവം. എന്നോടൊപ്പം തോളോട് തോൾ ചേർന്നവൻ നടന്നു. ഞാൻ വേഗത കൂട്ടിയപ്പോൾ അവനും വേഗത കൂട്ടി. പതുക്കെയായപ്പോൾ അവനുമതാവർത്തിച്ചു. അവൻ്റെ മുഖം എൻ്റെ തോളരികിലാണ്. ഞാനൊന്നു മുഖം തിരിച്ചാൽ അവൻ്റെ മുഖവുമായി മുട്ടും അത്ര അരികിൽ ചേർന്നാണവൻ്റെ നടത്തം. എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. ഇതിനായിരിക്കും നേരത്തെ രണ്ടുപേർ ഇവനെ തiല്ലിയത്. എൻ്റെയും നിയന്ത്രണംതെറ്റി. പുറകോട്ടു മാറി. കഴുത്തിൽ പിടിച്ചൊരു തiള്ള് കൊടുത്തു. കുറച്ചപ്പുറം നിലത്തേക്കു ചെന്നവൻ വീiണു.
ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നിന്നെഴുന്നേറ്റു. മറ്റൊരാളിൻ്റെ മുഖത്തേക്കു നോക്കി കൂടെ നടക്കാൻ തുടങ്ങി. അവനിതാവർത്തിക്കുക യാണെന്നെനിക്കു മനസ്സിലായി. ജോലിക്കിറങ്ങുന്ന ഓരോരുത്തരോടുമൊപ്പം അവൻ ഗേറ്റ് വരെ നടക്കും. തിരിച്ചെത്തും. വീണ്ടുമതുതന്നെ. ചിലർ തള്ളിമാറ്റുന്നു. ചിലർ തല്ലുന്നു.?പടക്കം പൊട്ടുന്ന പോലൊരൊച്ച പുറകിൽ നിന്നു കേട്ടു. ആരോ അവൻ്റെ ചെകിട്ടത്തടിച്ചിട്ടുണ്ട്. ഞാൻ തിരിഞ്ഞു നോക്കിയില്ല. അല്ലാതെ തന്നെ അറിയാം. ഇപ്പൊഴും അവൻ പല്ലിളിച്ച് ചിരിക്കുന്നുണ്ടാകും. വായിൽ നിന്ന് രക്തം കൂടുതൽ ഒലിക്കുന്നുണ്ടാകും. ബസിൽ കയറി ഇരുന്നപ്പോഴാണ് പുറകെ വന്നയാൾ ”സാലെ കുത്ത പാഗൽ ദാരൂ പിയേക്കാ” എന്നു ദേഷ്യത്തോടെ പറഞ്ഞുകൊണ്ടു കയറി വന്നത്. അവൻ മiദ്യപിച്ചതല്ല. അവന് മെൻ്റലാണെന്നൊക്കെ ആരോ അയാളോട് പറയുന്നുണ്ട്.
അവനെവിടെയെന്നു നോക്കിയപ്പോൾ വേസ്റ്റ് ബിന്നിനുള്ളിൽ തിരയുക യായിരുന്നു. ‘ഭക്ഷണ മെന്തെങ്കിലുമാണോ!വിശന്നിട്ടായിരിക്കുമോ അവനിങ്ങനെ പെരുമാറുന്നത്’ പല ചിന്തകൾ കടന്നുകൂടി. വേസ്റ്റ് ബിന്നിനുള്ളിൽ നിന്നവനെന്തോ എടുത്തു. അതിലേക്കുറ്റുനോക്കുന്നു. അവൻ അന്വേഷിച്ചു നടന്നത് കണ്ടെത്തിയെന്നു തോന്നിയതാണ്. അവൻ്റെ പല്ലുകൾ പുറത്തു കാട്ടിയുള്ള ചിരിയ്ക്കുന്ന മുഖം മാറി. കണ്ണുകൾ നിറഞ്ഞു. പുഞ്ചിരി വിടർന്നു. നഷ്ടമായത് കണ്ടെത്തിയ സന്തോഷം. ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നീടത് ദൂരേക്ക് വലിച്ചെറിഞ്ഞ് നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. ദൂരെ ചെന്നുവീണത് തിളങ്ങുന്ന പല കഷണങ്ങളായുടഞ്ഞു. അവനെ തiല്ലിയോiടിക്കാനായി കാവൽക്കാർ ചൂരലുമായെത്തുന്നുണ്ടായിരുന്നു.
കഥ കിട്ടിയപ്പോൾ ആദ്യമുണ്ടായ സന്തോഷത്തിനും സങ്കടത്തിനുമപ്പുറമുള്ള ഭയമുയർന്നു വന്നു. അവൻ അന്വേഷിച്ചു നടന്നതുപോലെ എനിക്കെന്നെ ത്തന്നെ കാണണമെന്നു തോന്നി. മൊബൈ ലെടുത്തു, ക്യാമറ ഓണാക്കി ഞാൻ എന്നെ കണ്ടു.?എന്തിനെന്നറിയില്ല. പെട്ടെന്ന് കണ്ണുകൾ നിറഞ്ഞു. കാവൽക്കാർ അവനെ തല്ലിയോടിക്കുന്നുണ്ടായിരുന്നു.
”വട്ടാണ്.”?എൻ്റെടുത്ത് ബസിൽ ഇരുന്നയാൾ പറഞ്ഞു. ഞാനയാളുടെ മുഖത്തിനടുത്തേക്ക് മുഖമടുപ്പിച്ച് പ?ല്ലുകൾ പുറത്തുകാട്ടി ചിരിച്ചു കൊണ്ടു ചോദിച്ചു.
”ആർക്കാണ്!?”