നീനയുടെ കൂടെ പല പല ഷോപ്പിൽ കേറി.എല്ലായിടത്തും നിന്നും അവൾ എന്തൊക്കെയോ വാങ്ങി ഒന്നും തന്നെ കാണിച്ചില്ല എല്ലാം വര്ണക്കടലാസു കൊണ്ടു പൊതിഞ്ഞിരുന്നു….

story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അലക്സ് ഇന്ന് വൈകിട്ട് നമുക്കൊരു ഷോപ്പിംഗിനു പോവണം. എന്നെ കൊണ്ടുപോകുമോ ?

മുഖമൊക്കെ വല്ലാതെ കരിനീലിച്ചു, ചുരുണ്ട മുടിയൊക്കെ ഏറെക്കുറെ പൊഴിഞ്ഞു ഉറക്കം തൂങ്ങിയ കണ്ണുകളുമായി നീന അതുചോദിക്കുമ്പോൾ മറുപടി പറയാൻ അലക്സിന്റെ തൊണ്ട ഇടറി.

നിനക്കു എവിടെ പോവണമെങ്കിലും ഞാൻ ഇല്ലേ കൂടെ. ഒരുങ്ങിക്കോ നീന നമുക്കു പോവാം. ഒരുവിധം അലക്സ് പറഞ്ഞൊപ്പിച്ചു.

അതുകേട്ടു ഒന്നും മിണ്ടാതെ നീന അലക്സിനെ തന്നെ നോക്കി നിന്നു.

എന്താ നീന ??

ഇച്ചായൻ ഒത്തിരി മാറിപ്പോയി പണ്ടൊക്കെ ഷോപ്പിംഗ് എന്നുപറയുമ്പോൾ പോയി പണിനോക്കടി എന്നുപറയുന്ന ആൾ ആരുന്നു ഇല്ലേ ??

നീന…

സോറി ഇച്ചായ അറിയാതെ പറഞ്ഞു പോയതാ പിന്നെ പോകുമ്പോൾ അലീന മോളെ അമ്മച്ചിയുടെ അടുത്ത് നിർത്തിയിട്ടു പോവാട്ടോ.

മംമ്മ്. അലക്സ് വെറുതെ മൂളി.

എന്താണ് എന്നറിയില്ല നീനയുടെ മുഖത്ത് നോക്കുമ്പോൾ ഒക്കെ കണ്ണുകൾ നിറഞ്ഞു പോകുന്നു. അവളുടെ ഓപ്പറേഷൻ ഡേറ്റ് ഫിക്സ് ചെയ്തതിൽ പിന്നെ അതുവരെ കരുതിവെച്ച ധൈര്യമൊക്ക ചോർന്നുപോയി

നീനയുടെ കൂടെ പല പല ഷോപ്പിൽ കേറി.എല്ലായിടത്തും നിന്നും അവൾ എന്തൊക്കെയോ വാങ്ങി ഒന്നും തന്നെ കാണിച്ചില്ല എല്ലാം വര്ണക്കടലാസു കൊണ്ടു പൊതിഞ്ഞിരുന്നു.

രാത്രി വൈകി ചെല്ലുമ്പോൾ മോൾ ഉറങ്ങിയിരുന്നു. അമ്മച്ചി മോൾ ഉറങ്ങി എന്നുപറയുമ്പോൾ ആദ്യായി അവൾ പറഞ്ഞു ഇന്ന് മോൾ അമ്മച്ചിയുടെ കൂടെ കിടക്കട്ടെയെന്നു.

അതുകേട്ടപ്പോൾ അത്ഭുതം തോന്നി പലപ്പോഴും ആശുപത്രിയിൽ നിന്നും താമസിച്ചുവരുമ്പോൾ ഉറങ്ങിപ്പോകുന്ന മോളെ എടുത്തു കൂടെ കിടത്തി ഇച്ചായ, ഇനി എനിക്ക് അധികം ദിവസം ഇവളെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ പറ്റില്ലാലോ എന്ന് ചിരിച്ചോണ്ട് പറഞ്ഞു എന്നെ പൊട്ടിക്കരയിപ്പിക്കുന്നവൾ ആണ്‌. ഇന്ന് അമ്മച്ചിയുടെ കൂടെ മോൾ കിടക്കട്ടെ എന്ന് പറയുന്നത്.

പഥ്യപ്രകാരമുള്ള ഭക്ഷണവും അതിനുശേഷം മരുന്നും എടുത്തു കൊടുത്തു കിടക്കാൻ ഒരുങ്ങുമ്പോൾ അവൾ പറഞ്ഞു.

ഇച്ചായ, എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെ ചെയ്യാനുണ്ട് ഇച്ചായൻ കിടന്നോളു.

മോളെ നിനക്കു തലവേദനിക്കുന്നുണ്ടാവില്ലേ ? മുഖം ഒക്കെ ഇടുമ്പിച്ചല്ലോ വന്നു കിടക്കു.

ഇല്ല ഇച്ചായാ എനിക്ക് ഉറക്കം വരുന്നില്ല.

അവളുടെ മുഖത്തെ ക്ഷീണവും തളർച്ചയും ഒറ്റനോട്ടത്തിൽ മനസിലായ താണെങ്കിലും പിന്നെ നിർബന്ധിച്ചില്ല അവൾ ലെറ്റർ പാഡും പേനയുമായി കസേരയിൽ പോയിരുന്നു എന്തോ എഴുതാൻ തുടങ്ങി .

പുലർച്ചെ ആയപ്പോൾ അവൾ വന്നുകിടന്നതു ഞാൻ അറിഞ്ഞു. തിരിഞ്ഞു ചെന്നു അവളെ നെഞ്ചിലേക്ക് വരിഞ്ഞു മുറുക്കുമ്പോൾ അവളൊരു മുയൽകുഞ്ഞുപോലെ മാറിലൊട്ടിച്ചേർന്നു കിടന്നു.

നീന…

മ്മ്.

എന്തെടുക്കുകയിരുന്നു ഇത്രയും നേരം ?

ഇച്ചായൻ ഉറങ്ങിയില്ലേ ?നേരത്തെ ഉറക്കത്തിനിടക്ക് ആകാശം ഇടിഞ്ഞുവീണാൽ പോലും അറിയാത്ത ആളാരുന്നു. ആ ഉറക്ക പ്രാന്തൊക്കെ എത്ര പെട്ടന്നാണ് മാറിയത്.

തല വല്ലാണ്ട് വേദനിക്കുന്നു ഇച്ചായാ ഒരു ഉമ്മ തരുമോ നെറ്റിയിൽ ?

കണ്ണീർപുരണ്ട ചുണ്ടുകളുമായി നെറുകയിൽ മുത്തുമ്പോൾ അവൾ മെല്ലെ മയങ്ങി.

ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞുകാണും ഉറക്കം ഉണരുമ്പോൾ നേരം വെളുത്തു തുടങ്ങി. നോക്കുമ്പോൾ നീന എഴുന്നേറ്റു പുറത്തേക്കു നോക്കി ജനാലക്കരികിൽ നിൽപ്പുണ്ട്.ഈയിടെയായി തല വേദന കാരണം അവൾക്കു ഒട്ടും ഉറങ്ങാൻ പറ്റുന്നില്ല. എത്ര വേദന വന്നാലും കടിച്ചമർത്തി ആരെയും ശല്യപ്പെടുത്താ തിരിക്കാൻ അവൾ എപ്പോഴും ശ്രദ്ധിച്ചു. ഡിസംബറിലെ തണുപ്പ് തുടങ്ങി. മഞ്ഞു പെയ്യുന്നുണ്ട്.

എന്താ നീന ഈ കാണിക്കുന്നത് തണുപ്പ് അടിച്ചു ജലദോഷം വരില്ലേ ?ജനാല അടക്കുമ്പോൾ പുറകിൽ കൂടെ ചുറ്റിപിടിച്ചു അവൾ എന്റെ തോളിൽ ചാരി നിന്നു.

അലക്സ് വരുന്ന ജനുവരിയിൽ മോൾക്ക്‌ ആറുവയസ് പൂർത്തിയാവും. എല്ലാ പിറന്നാളിനും അവൾക്കു കേക്ക് വാങ്ങുന്നതും ആഘോഷിക്കുന്നതും ഞാൻ അല്ലേ പക്ഷേ ഇത്തവണ… ഇത്തവണ ഞാൻ ഉണ്ടാവില്ല ഇല്ലേ അലക്സ് .

നീന അങ്ങനെ ഒന്നും പറയല്ലേ എന്നുപറഞ്ഞു വാ പൊത്തുമ്പോൾ എന്റെ കൈ അടർത്തി മാറ്റി അവൾ തുടർന്നു.

എനിക്കറിയാം ഇനി ഒരിക്കലും അലക്സ് അവളുടെ ജന്മദിനം മറക്കില്ല. ആഘോഷിക്കുകയും ചെയ്യും പക്ഷേ എന്റെ കുഞ്ഞു മമ്മി കൂടെ ഇല്ലാലോ എന്നോർത്ത് വിഷമിക്കരുത്. ഞാൻ കൂടെയുണ്ട് എന്ന് അവൾക്കെപ്പോഴും തോന്നണം അതിനാണ് ഞാൻ ഇന്നലെ ഷോപ്പിംഗിനു വിളിച്ചു കൊണ്ടുപോയത്.

ഈ പിറന്നാൾ തൊട്ടു അവൾക്കു പതിനെട്ടു വയസ് ആവുന്ന വരെയുള്ള എല്ലാ ജന്മദിനത്തിലും അവൾക്കു കൊടുക്കാൻ ഞാൻ ഓരോ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. കൂടെ ഓരോ ലെറ്ററും. ഓരോ പ്രായത്തിലും എനിക്ക് അവളോട്‌ പറയാനുള്ളതെല്ലാം അതിലുണ്ട്. അതെല്ലാം ഞാൻ അലക്സിനെ ഏല്പിക്കുക യാണ്. എന്റെ അലമാരയിൽ അതെല്ലാം അടുക്കി വെച്ചിട്ടുണ്ട് അതിന്റെ താക്കോൽ അലക്സിന്റെ പഴ്സിൽ വെച്ചിട്ടുണ്ട്.

വേറെ ആരും അത് തുറക്കരുത് മോള് പോലും. ഈ ലോകത്തു നിന്നു പോയാലും അവളിലൂടെ അവൾക്കു വേണ്ടി ഞാൻ ജീ വിക്കും.

നീന.. നീ മ രിക്കില്ല. ഓപ്പറേഷൻ കഴിഞ്ഞു ഇതുപോലെ തിരിച്ചു വരും ഇല്ലേ പിന്നെ ഞങ്ങൾ എന്തിനാണ് ജീവിക്കുന്നത് മോളെ.

അലക്സ് മോൾ എഴുന്നേറ്റോ ?എനിക്ക്… എനിക്ക് മോളെ കാണണം എന്ന് തോന്നുന്നു അലക്സ്. അത്രയും പറഞ്ഞു നീന നിലത്തേക്ക് കുഴഞ്ഞു വീണു.

***************

വർഷങ്ങൾ എത്ര പെട്ടന്നാണ് ഓടിമറയുക ഇന്ന് അലീന മോൾക്ക്‌ പതിനെട്ടു വയസായി. സ്നേഹനികേതനിലെ മദർ സുപ്പീരിയറുമായി ഞാൻ സംസാരിച്ചു ഇരിക്കുമ്പോൾ അലീന റൂമിലേക്ക്‌ കയറി വന്നു. നീനയെപോലെ തന്നെയാണ് ഒറ്റനോട്ടത്തിൽ അലീന മോളും. ഇന്ന് ഇവിടുത്തെ അന്തേവാസികൾക്കുള്ള ഭക്ഷണം കൊണ്ടുവന്നതായിരുന്നു ഞങ്ങൾ വര്ഷങ്ങളായി അവളുടെ എല്ലാ പിറന്നാളും ആഘോഷിക്കുന്നത് ഇവിടെവെച്ചാണ്.

ചിരിച്ചോണ്ട് വരുന്ന മോളെ നോക്കി മദർ ചോദിച്ചു എവിടെ നീന ?

മമ്മി സാന്ദ്രമോളുടെ അടുത്തുണ്ട്. അവൾക്കു ഭക്ഷണം കൊടുക്കുന്നു.

ഞങ്ങൾ മൂവരും ചെല്ലുമ്പോൾ നീന സാന്ദ്രയെ ഭക്ഷണം കൊടുത്തതിനുശേഷം തുടച്ചു വൃത്തിയാക്കുക ആയിരുന്നു.

മതി നീന, വയ്യാത്ത കുട്ടികളെ നോക്കാൻ ഇവിടെ സിസ്റ്റേഴ്സ് ഉണ്ടെന്നു ഞാൻ എപ്പോഴും പറയാറില്ലേ.

സിസ്റ്ററിന്റെ പതിവ് ശകാരം കേട്ടു നീന തിരിഞ്ഞു നോക്കി മന്ദഹസിച്ചു.

മദർ, ഒരു ശതമാനം മാത്രം വിജയസാധ്യത ഉള്ളു എന്ന് ഡോക്‌ടേഴ്‌സ് ഉറപ്പിച്ച ഒരു ഓപ്പറേഷനിൽ എന്നെ ഈശോ കൈവിടാതെ തിരിച്ചു കൊണ്ടുവന്നുവെങ്കിൽ അത് അലീനമോൾക്കു വേണ്ടി മാത്രം അല്ല അമ്മമാരില്ലാത്ത ഒരുപാട് കുരുന്നുകൾക്ക് വേണ്ടിയാണ്. ജീവൻ ഉള്ളിടത്തോളം നീനയുടെ ഭാഗമാണ് ഈ മക്കൾ എല്ലാം.

നീന അതുപറയുമ്പോൾ അലീന അലക്സിനെ ചേർത്തുപിടിച്ചു. അവളുടെ കയ്യിൽ പതിനെട്ടാം പിറന്നാളിന് അലീനക്ക് കൊടുക്കാൻ നീന വർഷങ്ങൾക്കു മുമ്പ് ഏല്പിച്ച സമ്മാനപ്പൊതി ഉണ്ടായിരുന്നു. അതുവരെ ഉള്ള എല്ലാ പിറന്നാളിലും നീന ഉണ്ടായിട്ടും അലക്സ് തന്നെ അത് അലീനക്ക് കൊടുത്തുപോന്നു.

ആ ഓരോ സമ്മാനപൊതിയും അലീനയിൽ അമ്മ എന്ന സ്നേഹസാഗരത്തെ, കരുതലിന്റ കരങ്ങളെ ദൈവസ്നേഹത്തോടൊപ്പം ചേർത്തുവെച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *