നീയും ഞാനും ~ ഭാഗം 14, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഭക്ഷണം കഴിക്കുന്നതിനിടയിൽ ശില്പ ഇടയ്ക്ക് ഇടയ്ക്ക് സിദ്ധുവിനെ നോക്കി കൊണ്ടിരുന്നു, സിദ്ധു പെട്ടെന്ന് അവളെ നോക്കിയിട്ട്.. എന്താണാവോ..

എന്ത്..? ശില്പ മനസ്സിലാവാതെ ചോദിച്ചു..

നീയെന്താ കണ്ണുകൊണ്ട് ഡാൻസ് കളിക്കാണോ , കാര്യമെന്താണെന്ന് വെച്ചാൽ പറ, എന്തായാലും പെരുവഴിയില്ലല്ലേ നിൽക്കുന്നേ..

ശില്പ ചിരിച്ചു.. ഹോ അതായിരുന്നോ, ഞാൻ ആലോചിച്ചുകൊണ്ടിരിക്കാ ഇനി നീയെന്തായിരിക്കും ചെയ്യാൻ പോവുന്നതെന്ന്..

സിദ്ധു കൈകഴുകിയിട്ട് ശിൽപയുടെ അരികിൽ വന്നിരുന്നു.. എന്താ നീ ആലോചിച്ചേ…

അതല്ലേ പറഞ്ഞത്..

സിദ്ധു അവളെ ഒന്നുകൂടി നോക്കി.. നീ ഞാനെന്താ ചെയ്യാൻ പോവുന്നതെന്ന് ആലോചിച്ചില്ലേ എന്നിട്ട് എന്താ കിട്ടിയതെന്ന്..

ശില്പ വീണ്ടും ചിരിച്ചു.. മണ്ടത്തരം പറയാതെ സിദ്ധു, നീയെന്താണ് ചെയ്യാൻ പോവുന്നതെന്ന് നിനക്കല്ലേ അറിയൂ, ഞാൻ എങ്ങനെ പറയാനാ..

സിദ്ധു കുറച്ച് നേരം ചുറ്റിലും നോക്കിയിട്ട് അവളുടെ അരികിലേക്ക് ചേർന്നിരുന്നു..ഇത്രേം ബുദ്ധിയുണ്ടല്ലോ എന്നിട്ടെന്താ നിന്റെ തലയിൽ നല്ലൊരു ഐഡിയ വരാത്തത്..?

ശില്പ കഴിക്കല് നിർത്തിയിട്ട് കൈകഴുകി വന്നു.. നീയല്ലേ കുടുംബനാഥൻ,അങ്ങട് കണ്ടുപിടിക്ക്..

അപ്പോൾ നീ ഇത്രേം നേരം മോട്ടിവേറ്റ് ചെയ്തതോ..

ശില്പ ചിരിച്ചു.. അത്‌ നീ വിഷമിക്കുന്നത് കണ്ടപ്പോൾ സഹിക്കാഞ്ഞിട്ടല്ലേ, ഇപ്പോൾ ഫുൾ ചാർജുണ്ടല്ലോ ആലോചിച്ചു വല്ലതും ചെയ്യ്..

എന്തോന്നെടി ഇത്.. സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.. നമ്മുക്ക് തൽക്കാലം ലോഡ്ജിൽ മുറിയെടുക്കാം, പെട്ടെന്ന് തന്നെ വാടക വീട് ശരിയാക്കാൻ ശ്രമിക്കാ, അതുമതിയോ..

ശില്പ സിദ്ധുവിനെയൊന്ന് നോക്കി.. സാറല്ലേ കെട്ടിയോൻ, അങ്ങനെയാണ് ബുദ്ധിയിൽ തോന്നുന്നതെങ്കിൽ അങ്ങനെ..

സിദ്ധു അരികിലേക്ക് വന്നിട്ട്.. എന്നാൽ താ..

തമാശ വിട് സിദ്ധു, ഞാൻ പറഞ്ഞില്ലേ എന്റെ കയ്യിൽ ഐഡിയ ഒന്നുമില്ലെന്ന്..

അയ്യോ അതല്ല, കഴിച്ചതിനു കൊടുക്കാനുള്ള കാശാ തരാൻ പറഞ്ഞേ..

ശില്പ സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു.. അപ്പോൾ കയ്യിൽ കാശ് ഒന്നുമില്ലേ..?

സോറി ആവേശത്തിൽ പേഴ്സ് എടുക്കാൻ മറന്നു..

ശില്പ അടുത്തിരുന്ന കസേരയിൽ ചാരി.. എന്നിട്ടാണോടാ ദുഷ്ടാ ലോഡ്ജിൽ മുറിയെടുക്കാ, വാടക വീട് നോക്കാമെന്നൊക്കെ പറഞ്ഞേ..

അതുപിന്നെ ശമ്പളം കിട്ടുമ്പോ ശരിയാക്കാലോ..

ശില്പ സിദ്ധുവിനെയൊന്ന് നോക്കി.. അതുവരെ നിന്റെ അച്ഛനാണോ ലോഡ്ജിലെ കൗണ്ടറിൽ ഇരിക്കുന്നേ..

സിദ്ധു ചുറ്റിലുമൊന്ന് നോക്കിയിട്ട്.. ഇപ്പോൾ കെട്ടിയോനാണെന്ന് തോന്നുന്നില്ലേ..

ശില്പ ബാഗിൽ നിന്ന് കാശ് എടുത്ത് കൊടുത്തിട്ട് സിദ്ധുവിന്റെ കൈപിടിച്ച് ബൈക്കിനരുകിലേക്ക് നടന്നു, ബാഗിൽ ബാക്കിയുണ്ടായിരുന്ന കാശ് എടുത്ത് സിദ്ധുവിന്റെ കയ്യിൽ കൊടുത്തു. എന്റെ അമ്മ സത്യം.. ഇതല്ലാതെ എന്റെ കയ്യിൽ പത്തുപൈസയില്ല..

സിദ്ധു ചിരിച്ചു.. എടി പണക്കാരി ഇത്രേം കാശ് കയ്യിൽ വെച്ചിട്ടാണോ നമ്മള് റോഡിൽ നിൽക്കുന്നേ..

ശില്പ ദേഷ്യത്തോടെ.. നീ വീണ്ടും തമാശ കളിക്കല്ലേ.

ശരി വിട് വിട്, ഇതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല, നമ്മുക്ക് ഒരു ദിവസത്തെ വാടക കൊടുത്ത് മുറിയെടുക്കാം, നാളെ പോയിട്ട് പേഴ്സ് എടുത്തിട്ട് വരാം..

ശില്പ കുറച്ച് നേരം നിന്നിട്ട് വേറെ വഴിയില്ലാതെ സിദ്ധുവിന്റെ കൂടെ ലോഡ്ജിലേക്ക് നടന്നു, കൗണ്ടറിൽ ചെന്ന് സിദ്ധു റൂം തിരക്കി, കൗണ്ടറിൽ നിന്നിരുന്നയാൾ സിദ്ധുവിനോട് .. സോറി മോനെ നാളെ പാർട്ടി സമ്മേളനമല്ലേ, റൂമൊക്കെ ഫുള്ളായി, അവര് ഒഴിഞ്ഞാലേ ഏതെങ്കിലും റൂം കാലിയാവൂ..

സിദ്ധു പിന്നെയൊന്നും സംസാരിക്കാതെ പുറത്തേക്കിറങ്ങി, ബസ്സ്റ്റോപ്പിലെ തൂണിൽ ചാരി നിന്നു.. ഫ്രണ്ട്സിന്റെ വീട്ടിൽ ഈ അവസ്ഥയിൽ കയറി ചെന്നൊരു സീനുണ്ടാക്കി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല, ബന്ധുക്കളുടെ വീട്ടിൽ പോവുന്നതും ശരിയല്ല, ലോഡ്ജിൽ റൂമുമില്ല, എന്ത് ചെയ്യും…

ശില്പ സിദ്ധുവിനെയൊന്ന് നോക്കി. നമ്മുടെ കയ്യിൽ കാലിയായൊരു പേഴ്സുണ്ട്, എനിക്ക് നല്ല ദാഹമുണ്ട്, ഉറക്കം വരുന്നുണ്ട്, കൂടെ ഇല്ല ഇല്ലാന്ന് പറയുന്നൊരു കെട്ടിയോനുമുണ്ട്..

സിദ്ധു ഇരുന്നു.. എന്തെങ്കിലും ആലോചിച്ചു ഇറങ്ങിയതാണേൽ കുഴപ്പ മില്ലായിരുന്നു, ഇതിപ്പോൾ ചാടും ചെയ്തു അപ്പുറത്ത് എത്തിയതുമില്ലെന്ന് പറഞ്ഞ അവസ്ഥയായി പോയി..

എനിക്ക് വീണ്ടും വിശക്കുന്നു.. ശില്പ സിദ്ധുവിനരുകിലേക്ക് വന്നു.

സിദ്ധു എഴുന്നേറ്റു.. വേണേൽ ഒരു കുപ്പി വെള്ളം വാങ്ങിത്തരാ..

അതെങ്കിൽ അത്‌.. ശില്പ സിദ്ധുവിന്റെ കൂടെ കടയിലേക്ക് നടന്നു, വെള്ളം വാങ്ങി പുറത്തേക്ക് വന്നപ്പോൾ സിദ്ധു വേഗത്തിൽ ബൈക്ക് സ്റ്റാർട്ടാക്കി, ശില്പ പുറകിലേക്ക് കയറിയിട്ട്..

എന്തുപറ്റി, എങ്ങോട്ട് പോവാനാ പ്ലാൻ..

സിദ്ധു ബൈക്ക് മുന്നിലേക്കെടുത്തു, കണ്ണാടിയിലൂടെ ശില്പയെ നോക്കിയിട്ട്..ലൈറ്റൊക്കെ ഓഫായിട്ട് വരുന്നത് കാണുന്നില്ലേ, നിന്നെയും കൊണ്ട് എത്ര നേരം ഞാൻ ഇങ്ങനെ റോഡിൽ നിൽക്കും, സുരേഷ് ഗോപിയൊന്നുമല്ലല്ലോ നാലുപേര് വന്നാൽ തല്ലി തോൽപ്പിക്കാൻ..

ശില്പ ചിരിച്ചു.. ഓഹോ അപ്പോൾ എന്നെയും കൊണ്ട് നടക്കുമ്പോൾ പേടിയുണ്ട്..

ഉണ്ടല്ലോ, എന്റെ സുന്ദരികുട്ടിയല്ലേ ആരേലും മോഷ്ടിക്കാൻ വന്നാലോ..

ശില്പ ഒന്ന് നിർത്തിയിട്ട്.. അങ്ങനെ പേടിയുണ്ടെങ്കിൽ ഞാനൊരു ഐഡിയ പറയട്ടെ..

സിദ്ധു ബൈക്ക് സ്ലോ ചെയ്തു.. നീ പറ, നല്ലതാണേൽ നമ്മുക്ക് നോക്കാം..

ശില്പ സിദ്ധുവിനെ ചേർന്നിട്ട്.. എന്റെ വീട്ടിൽ പോയാലോ.

സിദ്ധു പെട്ടെന്ന് ബൈക്ക് നിർത്തി..നടക്കില്ല..

ശില്പ സിദ്ധുവിനോട്.. മനുഷ്യാ വണ്ടിയിൽ പെട്രോളില്ലേ നമ്മുക്ക് ബൈക്കിൽ പോവാലോ..

സിദ്ധു ചിരിച്ചിട്ട് തല താഴ്ത്തി.. എടി അതല്ല, അവിടെ അല്ലെങ്കിലേ ഇഷ്ടംപോലെ പ്രശ്നങ്ങളുണ്ട്, അതിന്റെ ഇടയിൽ നമ്മളും കൂടി വേണോ..

ശില്പ സിദ്ധുവിന്റെ തോളിലൂടെ കയ്യിട്ടു.. നീ പറയുന്നത് മനസ്സിലാവാഞ്ഞിട്ടല്ല, ഇപ്പോൾ നമ്മുക്ക് ആവശ്യം തൽക്കാലത്തേക്ക് കിടക്കാനൊരു സ്ഥലമല്ലേ, അവിടെ സുരക്ഷിതമായിട്ട് നീയുണ്ടേൽ എനിക്ക് കിടക്കാം..

സിദ്ധു കുറച്ച് നേരം ആലോചിച്ചിട്ട്.. എന്നാലും..

ശില്പ വീണ്ടും.. മനസ്സിലായി, എത്രയും പെട്ടെന്ന് നമ്മുക്ക് വാടക വീടെടുത്ത് മാറാം, വേറെ എവിടെയാണെങ്കിലും നമ്മൾ ഈ നേരത്ത് കയറി ചെന്നാൽ ഒരുപാട് ചോദ്യങ്ങളെ നേരിടേണ്ടി വരും, ഇവിടെ നാളെ പറയാമെന്ന് പറഞ്ഞാൽ കാര്യം കഴിഞ്ഞു..

സിദ്ധു പിന്നെയും ആലോചിക്കാൻ തുടങ്ങി.. എന്നാലും..

ശില്പ ബൈക്കിൽ നിന്നിറങ്ങി സിദ്ധുവിന് നേരെ നിന്നു.. എത്ര രൂപയുണ്ട് പോക്കറ്റിൽ..?

സിദ്ധു ചിരിച്ചു, ശില്പ അരികിൽ വന്നിട്ട്.. കയ്യില് അഞ്ചിന്റെ പൈസയുമില്ല, അപ്പോഴാ അവന്റെ ഡിമാന്റ്..

സിദ്ധു ശില്പയെ നോക്കി.. എന്നാലും..

ശില്പ ദേഷ്യത്തിൽ.. ഒന്നങ്ങട് തന്നാലുണ്ടല്ലോ, തമാശ കളഞ്ഞിട്ട് വരുമോ ഇല്ലയോ പറ..

സിദ്ധു ബൈക്ക് സ്റ്റാർട്ടാക്കി.. എന്നാലും… നമ്മുക്ക് പോവാം, നിന്റെ വീടല്ലേ, അങ്ങനെ ആലോചിക്കുമ്പോൾ എന്റെയും കൂടെയല്ലേ..

ശില്പ തലയിൽ കൈവെച്ചു.. ഏത് നേരത്താണാവോ ഇതിനെ എടുത്ത് തലയിൽ വെക്കാൻ തോന്നിയത്..

സിദ്ധു അവളെയൊന്ന് നോക്കി.. എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ, നമ്മള് തുടങ്ങിയട്ടല്ലേയുള്ളൂ ഇനിയും ജീവിതം കിടക്കല്ലേ മരുഭൂമി പോലെ..

ഒന്ന് മിണ്ടാതെ വണ്ടിയെടുക്കോ.. ശില്പ പുറകിലേക്ക് കയറി..

സിദ്ധു ശിൽപയുടെ വീടിനു മുന്നിൽ വണ്ടി നിർത്തി, അവൾ താഴെയിറങ്ങിയിട്ട് സിദ്ധുവിനെ നോക്കികൊണ്ട്.. വാ അകത്തേക്ക് പോവാം.

സിദ്ധുവൊന്ന് മടിച്ചിട്ട്.. നീ പൊയ്ക്കോ ഞാൻ രാവിലെ വരാം..

ശില്പ സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു.. കാര്യമായിട്ടാണോ..?

എനിക്ക് എന്തോപോലെയുണ്ട് അകത്തേക്ക് കയറുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ…

ശില്പ സിദ്ധുവിന്റെ കയ്യിൽ പിടിച്ചു.. എന്റെ മോൻ ഇപ്പോൾ എന്റെ കൂടെ വന്നില്ലെങ്കിൽ എന്നെ മറന്നേക്ക്..

സിദ്ധു മനസ്സില്ലാമനസ്സോടെ ബൈക്കിൽ നിന്നിറങ്ങി, ശിൽപയുടെ പുറകെ നടന്നു, ശില്പ വീടിന്റെ വാതിലിൽ കൊട്ടി, അമ്മ വന്ന് കതകുതുറന്നു, ഇരുവരെയും കണ്ടപ്പോൾ അത്ഭുതത്തോടെ… എന്താ മോളെ പെട്ടെന്ന്, ഇവിടെ അടുത്ത് വല്ല വിശേഷത്തിനും പോയിട്ട് വരുന്നതാണോ..

ശില്പയോന്ന് ചിരിച്ചിട്ട് മുറിയിലേക്ക് നടന്നു, ബാഗ് വെച്ചിട്ട് അച്ഛനരുകിൽ വന്ന് കൈപിടിച്ചു.. അച്ഛൻ കുറച്ച് ദിവസം ഞങ്ങളെ കൂടി സഹിക്കണം, അവനിത് പറയാൻ കഴിയില്ല, എന്റെ അപേക്ഷയായി കണക്കാക്കിയാൽ മതി..

അച്ഛൻ സിദ്ധുവിനെയൊന്ന് നോക്കിയിട്ട് ശിൽപയുടെ തലയിൽ കൈവെച്ചു..കഴിച്ചിട്ട് കിടക്കാൻ നോക്ക് രാവിലെ സംസാരിക്കാം..

അച്ഛൻ അകത്തേക്ക് പോയപ്പോൾ ശില്പ സിദ്ധുവിനെ നോക്കികൊണ്ട്..നിനക്ക് വിശക്കുന്നുണ്ടോ..?

സിദ്ധു ഇല്ലെന്ന് തലയാട്ടി, ശില്പ കട്ടിലിൽ കിടക്കാൻ ശരിയാക്കിയിട്ട് സിദ്ധുവിന് നേരെ തിരിഞ്ഞു, അവന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ.. എന്നെ അങ്ങനെ നോക്കല്ലേ സിദ്ധു, നിന്റെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ട് , നമ്മുക്ക് ജീവിക്കണ്ടേ, സമാധാനമായിരിക്ക് എല്ലാം ശരിയാവും..

ശില്പ സിദ്ധുവിനെ ഒന്ന് കൂടി നോക്കിയിട്ട് അടുക്കളയിലേക്ക് നടന്നു, കുറച്ച് കഴിഞ്ഞു വന്നപ്പോൾ സിദ്ധുവിനെ മുറിയിൽ കാണാഞ്ഞ് പുറത്തേക്ക് വന്നു നോക്കി, സിദ്ധു മുറ്റത്ത് നിൽക്കുന്നത് കണ്ടപ്പോൾ അരികിൽ വന്നിട്ട്.. എന്താ ആലോചിക്കുന്നേ..?

സിദ്ധുവൊന്ന് തലയുയർത്തി ശില്പയെ നോക്കി… ഏറ്റവും ഭാഗ്യമുള്ള ജന്മമാണ് എന്റേതെന്നു തോന്നിയിരുന്നു, അതൊരു തെറ്റായ വിശ്വാസമാണല്ലോന്ന് ഓർത്തപ്പോഴൊരു സങ്കടം..

ശില്പ ചിരിച്ചു.. നീ ശരിക്കും ആരാ, എഞ്ചിനീയറല്ലേ, എന്റെ ഭർത്താവല്ലേ.. ദേ ഇങ്ങോട്ട് നോക്ക്, നമ്മളെ കൊണ്ട് സാധിക്കുമെന്നല്ല നിന്നെക്കൊണ്ട് സാധിക്കുമെന്നാ ഞാൻ പറയുന്നേ, ഇത്രയും സപ്പോർട്ട് ചെയ്താൽ പോരെ ഞാൻ..

സിദ്ധു അവളെ ചേർത്തുപിടിച്ചു.. നീ പോയി കിടന്നോ ഞാൻ വരാം.

ശില്പ അകത്തേക്ക് നടന്നു, സിദ്ധു കുറച്ച് നേരം കൂടി മുറ്റത്തു തന്നെ നിന്നിട്ട് തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോഴാണ് പുറകിൽ നിന്നൊരു വിളി.. അളിയോ എപ്പോ വന്നു..

സിദ്ധു സുരയെ കണ്ടപ്പോൾ നിന്നു, സുര അരികിൽ വന്നിട്ട്… ഉളുപ്പുണ്ടേൽ തിരിച്ചു വരുമോടാ..

സിദ്ധു ചിരിച്ചു…അതെന്താ സാധനം അളിയാ..

സുര ചുറ്റിലും നോക്കി.. ഒന്നുമില്ല ഞാൻ പോണു..

സിദ്ധു പുറകെ നടന്നു.. അളിയനൊന്ന് നിന്നേ.

സുര തിരിഞ്ഞു, സിദ്ധു അരികിൽ വന്നിട്ട്.. രാവിലെ പോവാമെന്ന് വിചാരിച്ചതാ, ഇനി തൽക്കാലം പോവുന്നില്ല, ഇനി ഇവിടെ തന്നെ കാണും..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *