നീയും ഞാനും ~ ഭാഗം 13, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അമ്മ ഉത്തരം പറഞ്ഞിട്ട് പോയാൽ മതി, ഞാൻ എന്റെ ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും എടുക്കാതെ അമ്മയുടെ കയ്യിൽ തന്നെയല്ലേ കൊണ്ടുവന്ന് തരുന്നേ..

സിദ്ധുവൊന്ന് നിർത്തി..

അവളുടെ മുന്നിൽ അപമാനിതനായി നിൽക്കുന്നതുകൊണ്ടുള്ള വിഷമത്തിൽ പറയുന്നതല്ല, എന്നെയോന്നും ശ്രദ്ധിക്കുന്നു പോലുമില്ലല്ലോന്ന് ഓർക്കുമ്പോഴുള്ള ദുഃഖം കൊണ്ടാ, ഞാനും നിങ്ങളുടെ മകനല്ലേ..

അച്ഛൻ ഇടയിലേക്ക് വന്ന് സിദ്ധുവിന്റെ കയ്യിൽ പിടിച്ചു.. ഡാ മതി, നമ്മുക്ക് പിന്നെ സംസാരിക്കാം..

സിദ്ധു കൈവിടുവിച്ചു.. ഇങ്ങനെ പറഞ്ഞു പറഞ്ഞു എന്നെ ഒന്നും മിണ്ടാത്തവനാക്കിയല്ലേ.. പക്ഷേ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ജീവിക്കാതിരിക്കുന്നതാ, ഒന്നിനും സ്വാതന്ത്രമില്ലാതെ ആർക്കോ വേണ്ടി..

അച്ഛൻ വീണ്ടും കയ്യിൽ പിടിച്ചു.. മതിയെടാ സിദ്ധു, മുറിയിൽ പോയിരിക്ക്, എന്തിനാ എല്ലാവരെയും വിഷമിപ്പിക്കുന്നേ.

ഞാനെന്തേലും പറഞ്ഞാൽ നിങ്ങൾക്ക് വിഷമം, എനിക്ക് സങ്കടപെടാൻ പാടില്ല..

ശില്പ അരികിലേക്ക് വന്ന് സിദ്ധുവിനെ തൊട്ടു.. നീ വാ, നമ്മുക്ക് പിന്നെ സംസാരിക്കാം..

സിദ്ധു ശില്പയെയൊന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു, മുറിയിൽ കയറി ശില്പ വാതിലടച്ചു, സിദ്ധുവിനെ നോക്കിയിട്ട്. എന്തിനാ നീ വെറുതെ… അമ്മയ്ക്ക് വീണ്ടും ദേഷ്യം കൂടുകയല്ലേയുള്ളൂ..

സിദ്ധു കട്ടിലിൽ തലചായ്ച്ചു.. കേട്ട് കേട്ട് മടുത്തു, എനിക്കൊന്നും പറയാനും പാടില്ല ചോദിക്കാനും പാടില്ല, അത്ര ചെറിയ കുട്ടിയാണെന്ന് ഇവർക്ക് തോന്നാണേൽ എന്നെയെന്തിനാ കല്യാണം കഴിപ്പിച്ചേ… നേർച്ച കോഴിയേക്കാളും മോശമായൊരു ജീവിതം ആർക്കെങ്കിലും കിട്ടുമോ..

സിദ്ധു ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞപ്പോൾ ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു, ശില്പ വാതിൽ തുറന്നപ്പോൾ ഏട്ടൻ നിൽക്കുന്നു. അവനെവിടെ..?

ശില്പ പുറകിലേക്ക് നോക്കി സിദ്ധുവിനെ വിളിച്ചു, സിദ്ധു എഴുന്നേറ്റ് പുറത്തേക്ക് വന്നു, ഏട്ടൻ അവനെ നോക്കിയിട്ട്.. നീയെന്തിനാ അമ്മയോട് ദേഷ്യപെടുന്നേ..?

സിദ്ധു ഏട്ടനെയൊന്ന് നോക്കി.. അതെന്തിനാന്ന് ഇത്രയും പറഞ്ഞു തന്ന ആളോട് തന്നെ ചോദിച്ചുകൂടായിരുന്നോ..

തർക്കുത്തരം പറയുന്നോ, നിന്റെ ചിലവിലാണോ ഞങ്ങളൊക്കെ ജീവിക്കുന്നേ, നീയെന്തോ നിന്റെ ശമ്പളം മുഴുവൻ ഇവിടെ കൊണ്ടുവന്ന് ഒഴുക്കാണെന്ന് പറഞ്ഞു.. എന്താണ് ഞങ്ങളൊന്നും കാശുണ്ടാക്കുന്നില്ലേ..

ഞാൻ അങ്ങനെയൊരു അർത്ഥത്തിലല്ല പറഞ്ഞത്, പിന്നെ നിങ്ങള് കാശുണ്ടാക്കുന്നില്ലേയെന്ന് ചോദിച്ചാൽ അതിനുത്തരം നിങ്ങൾക്ക് വേണ്ടിയല്ലേയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും..

വല്യേട്ടൻ മുന്നിലേക്ക് വന്നു..

അത്‌ നീയാണോ തീരുമാനിക്കുന്നേ, ശരി ഇനി അങ്ങനെയൊരു കാര്യം ഉണ്ടെങ്കിൽ തന്നെ നിനക്ക് നഷ്ടമൊന്നുമില്ലല്ലോ.. അത്‌ ഞങ്ങളുടെ കഴിവ്.. ഞാൻ എന്റെ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് ബിസിനസ്സ് തുടങ്ങിയുണ്ടാക്കിയ മുതലാ, നിനക്ക് അങ്ങനെ നല്ലതൊന്നും കിട്ടിയില്ല വിചാരിച്ചു അതിനും കൂടി ഞങ്ങള് സമാധാനം പറയണോ..

ശില്പ തല താഴ്ത്തി, സിദ്ധു ഏട്ടന്റെ മുഖത്തേക്ക് നോക്കികൊണ്ട്..

അവളോട് സോറി പറ..

എന്തിന്..?

അത്‌ വളരെ മോശം വാക്കുകളാണ്, ഏട്ടനത് പറഞ്ഞത് ശരിയായില്ല, അവളോട് ക്ഷമ ചോദിച്ചിട്ട് ബാക്കി പറഞ്ഞാൽ മതി..

നടക്കില്ല, സൗകര്യമില്ലെങ്കിൽ ഇവിടെ നിൽക്കണമെന്നില്ല ഇറങ്ങി പോവാം..

സിദ്ധു കണ്ണ് തുടച്ചിട്ട്.. അത്‌ ഏട്ടനാണോ പറയാൻ ഇത് എന്റെയും കൂടി അച്ഛന്റെ പേരിലുള്ള വീടാ..

ഏട്ടൻ ചിരിച്ചു.. അതൊക്കെ പണ്ട് ഇതിപ്പോൾ എന്റെ പേരിലുള്ള വീടാ..അച്ഛൻ കഴിഞ്ഞ കൊല്ലം എന്റെ പേരിലേക്ക് മാറ്റി തന്നിരുന്നു..

സിദ്ധു അച്ഛനെയൊന്ന് നോക്കി, അച്ഛൻ തല താഴ്ത്തിയിട്ട് പുറത്തേക്ക് മാറി, സിദ്ധുവിനെയോന്ന് തിരിഞ്ഞു നോക്കി, കണ്ണുനിറഞ്ഞു നിൽക്കുന്ന സിദ്ധുവൊന്ന് ചിരിച്ചു.. കൂടെ നിന്ന് ചതിച്ചല്ലേ..

സിദ്ധു മുറിയിലേക്ക് നടന്നു, ബാഗ് എടുത്ത് ഡ്രെസ്സൊക്കെ നിറച്ചു, ശില്പ സിദ്ധുവിനോടൊന്നും ചോദിക്കാൻ നിൽക്കാതെ അവളുടെ സാധനങ്ങളെല്ലാം കയ്യിലെടുത്തു, സിദ്ധുവിന്റെ കൂടെ പുറത്തേക്ക് നടന്നു, പോവാൻ നേരം സിദ്ധു അമ്മയെയോന്ന് നോക്കി..

പട്ടിയെ പോലെ പണിയെടുപ്പിച്ചപ്പോഴും ഒന്നും മിണ്ടിയില്ല, സമ്പാദ്യമൊന്നും സൂക്ഷിച്ചു വെക്കാനും കഴിഞ്ഞില്ല, ഈ നട്ടപ്പാതിരക്ക് കയ്യിൽ പത്തു പൈസയില്ലാതെ ഇറങ്ങുന്നത് ഒരു പെണ്ണിനെയും കൊണ്ടാണെന്ന് ഓർമ്മയിൽ വെച്ചോ, അമ്മ വേണ്ടാന്ന് പറഞ്ഞ ഇവളെ കൊണ്ടു തന്നെ ഇതിലും നന്നായി ജീവിച്ചു കാണിച്ചില്ലെങ്കിൽ ഞാൻ നിങ്ങൾക്കുണ്ടായതല്ലെന്ന് കരുതിക്കോ, ഇത് നടക്കാതെ ഞാൻ ഈ പടി ചുവട്ടില്ല.

സിദ്ധു ബൈക്കുമെടുത്ത് റോഡിലേക്കിറങ്ങി, കുറച്ച് നേരം യാത്ര ചെയ്ത് ടൗണിലെ ബസ്സ്റ്റോപ്പിനടുത്തെത്തി, ബൈക്ക് നിർത്തി താഴെയിറങ്ങി, അവിടെയുള്ള തൂണിൽ ചാരിയിരുന്നു, ശില്പ സിദ്ധുവിനെ നോക്കികൊണ്ട് മാറി നിന്നു, സിദ്ധു കണ്ണടച്ച് ഓരോന്ന് ആലോചിക്കാൻ തുടങ്ങി, ശില്പയെ നോക്കി കൊണ്ട്.. ഞാൻ കാരണം നീയും പെട്ടല്ലേ..

ശില്പ സിദ്ധുവിന്റെ സങ്കടം കണ്ട്.. ഏയ്‌ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു, സാരമില്ല, നമ്മുക്ക് ഇന്നല്ലെങ്കിൽ നാളെ നല്ലത് നടക്കുമെന്ന് വിശ്വസിക്കാം..

സിദ്ധു സങ്കടത്തിനിടയിലും വെറുതെയൊന്ന് ചിരിച്ചു.. പോസിറ്റീവ്.

ശില്പ അവനെ നോക്കികൊണ്ട്.. നിനക്ക് ഇങ്ങനെയും വിചാരിക്കാലോ, ഇവളെ കെട്ടിയപ്പോൾ തുടങ്ങിയതാണെന്റെ കഷ്ടകാലമെന്ന്..

സിദ്ധു കണ്ണടച്ചു.. പോടീ അവിടുന്ന് നീ ഇല്ലെങ്കിലും എന്റെ ജീവിതം ഏറെക്കുറെ ഇങ്ങനെയൊക്കെ തീർന്നേനെ, ഇതിപ്പോൾ നീയും കൂടി കൂട്ടുണ്ടെന്ന് മാത്രം..

ശില്പ ചിരിച്ചു.. അതാണ് ഞാനും പറഞ്ഞത് എനിക്കിത് ശീലമായി..

ഉം നിനക്ക് കരഞ്ഞു കരഞ്ഞു മതിയായല്ലേ..

കണ്ണീര്, ഒരു വിലയുമില്ലാതെ പറയല്ലേ, ഇപ്പോൾ നിന്റെ കണ്ണിൽ നിന്നോഴുകുന്നത് കാണുമ്പോൾ പോലും എനിക്ക് സഹിക്കുന്നില്ല, എന്റെ ഹൃദയം കിടന്ന് പട പടാന്ന് അടിക്കാ..

സിദ്ധു കണ്ണുതുടച്ചു.. നമ്മൾക്ക് രണ്ടുപേർക്കും എല്ലാവരുമുണ്ടായിട്ടും ആരു മില്ലാത്ത അവസ്ഥയാണല്ലോന്ന് ഓർത്തപ്പോൾ കണ്ണ് നിറഞ്ഞതാ..

ശില്പ സിദ്ധുവിന്റെ തോളിൽ തട്ടി.. വിട്ടകള, നിനക്ക് ഞാനും എനിക്ക് നീയും, നമ്മുക്ക് ഒന്നിൽ നിന്ന് തുടങ്ങാം, നിന്നെക്കൊണ്ട് ആവുന്നത് പോലെ ചെയ്താൽ മതി, ഇനി പട്ടിണി കിടക്കേണ്ടി വന്നാലും ഞാൻ പരാതി പറയില്ല..

സിദ്ധു അവളെ നോക്കികൊണ്ട്.. പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റില്ല, ഇതൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് പത്തുപൈസ സമ്പാദിച്ചു വെക്കാൻ സാധിച്ചില്ല, എന്തെങ്കിലും ചെയ്യാൻ പോലും ആദ്യം തൊട്ട് നോക്കണം..

ശില്പ കയ്യിലുള്ള ആഭരങ്ങൾ കാണിച്ചുകൊണ്ട്.. തൽക്കാലം നമ്മുക്കിത് വിൽക്കാം..

സിദ്ധു ചിരിച്ചു.. എന്റെ ഏട്ടനൊരു പൊട്ടനാ, നല്ലോം സ്വത്തുള്ളൊരു പെണ്ണിനെ കിട്ടി, എനിക്ക് നിന്നെയാണ് കിട്ടിയതെന്ന് പറഞ്ഞു കളിയാക്കി, അവനറിയില്ലല്ലോ അതിനേക്കാൾ വലിയൊരു മനസ്സാണ് നിനക്കെന്ന്..

ശില്പ അരികിലിരുന്നു.. അതൊന്നുമറിയില്ല, ഇന്ന് ലോഡ്ജിൽ മുറിയെടുത്ത് നാളെ തന്നെ നമ്മുക്കൊരു വാടക വീടെടുക്കാം, നമ്മളെ കൊണ്ട് കഴിയുന്നത് പോലെ സാവധാനത്തിൽ പുതിയൊരു വീട് വെച്ച് മാറാം..

സിദ്ധു കണ്ണടച്ചു.. എത്രയും പെട്ടെന്ന്..

പെട്ടെന്നെങ്കിൽ പെട്ടെന്ന്.. ശില്പ ആശ്വസിപ്പിച്ചു, സിദ്ധു അവളുടെ തോളിലേക്ക് വീണു.. ഡാ മതി ആൺകുട്ടികൾ ഇങ്ങനെ കരഞ്ഞോണ്ടിരിക്കരുത്, നീ കരയുമ്പോൾ എനിക്കും സങ്കടം വരുന്നുണ്ട്, എനിക്ക് നീ മാത്രമല്ലേയുള്ളൂ, നല്ല കുട്ടിയായിട്ട് അവരോട് വെല്ലുവിളിച്ചപോലെ നമ്മള് ജീവിച്ചു കാണിക്കുന്നു..

സിദ്ധു എഴുന്നേറ്റ് കണ്ണ് തുടച്ചു, ശില്പ തൂണിൽ ചാരി നിന്നു, കുറച്ചു സമയം പോയി..എനിക്ക് വിശക്കുന്നു.

സിദ്ധുവൊന്ന് ദീർഘാശ്വാസമെടുത്തു.. എനിക്കും..

എന്ത് ചെയ്യും..?

സിദ്ധു അവളെ നോക്കിയിട്ട്.. മിണ്ടാതെ കഴിച്ചു കഴിഞ്ഞിട്ട് തല്ലുണ്ടാക്കിയാൽ മതിയായിരുന്നല്ലേ..

മതിയായിരുന്നു, അമ്മയാണെങ്കിൽ മീനൊക്കെ വറുത്ത് വെച്ചിരുന്നു..

സിദ്ധു ശില്പയെയൊന്ന് വീണ്ടും നോക്കി.. ഇതൊക്കെ മുന്നേ പറഞ്ഞൂടായിരുന്നോ.

അതിനു ആര് കണ്ടു ഇങ്ങനെ തിന്നാൻ യോഗമില്ലാതെ പോരേണ്ടി വരുമെന്ന്..

സിദ്ധു കുറച്ച് നേരം ആലോചിച്ചിട്ട്.. ശരി വാ നമ്മുക്ക് ആ തട്ടുകടയിൽ നിന്ന് വല്ലോം കഴിക്കാം..

ശില്പ കയ്യിലിരുന്ന ബോട്ടിലിലെ വെള്ളം കൊടുത്തിട്ട്.. നീയാദ്യം മുഖം കഴുക്, ഒന്ന് ഫ്രഷായിട്ട് നമ്മുക്ക് കഴിച്ചു കൊണ്ട് ഭാവി കാര്യങ്ങളിലേക്ക് കടക്കാം..

സിദ്ധു മുഖം കഴുകിയിട്ട് കണ്ണാടിയിൽ നോക്കി.. ഇപ്പോൾ ശരിയായില്ലേ, ഇനി നമ്മുക്ക് ഭക്ഷണം കഴിക്കാലേ..

ശില്പ ഡ്രെസ്സൊക്കെ നേരെയാക്കി.. അപ്പോൾ റീചാർജ് ആയോ..

ഫുൾ..

എന്നാൽ നമ്മുക്ക് സ്ലോ മോഷനിൽ പുതിയ ജീവിതത്തിലേക്ക് നടന്നാലോ..

ഈ ചീറിപ്പായുന്ന വണ്ടികളുടെ നടുവിലൂടെ സ്ലോമോഷനോ..

അതൊക്കെ പോവാം, പിന്നെയൊരു കാര്യം..

എന്താണത്..

നമ്മുക്ക് ഇനി സങ്കടമില്ല സന്തോഷം മാത്രം..

അങ്ങനെയെങ്കിൽ അങ്ങനെ… നടന്നാൽ നോക്കാം..

നടക്കും ഇനി ഫുൾ പോസിറ്റീവ്..

എന്നാൽ മുന്നിലേക്ക് നടക്ക് ചായ കുടിക്കാം ഫസ്റ്റ്..

ശില്പ നിന്നു.. ഉറപ്പാണോ.

ഉറപ്പ് ചായ കുടിക്കാം..

ശില്പ ചിരിച്ചു.. എന്നാൽ ഞാൻ പറഞ്ഞോട്ടെ..

പറഞ്ഞോ..

എന്നാൽ ഞാൻ പറയുന്നു, ഒരു ഇന്റർവെൽ എടുക്കാണ് ഞങ്ങള് ചായ കുടിക്കാൻ പോയിട്ട് വരാം,നമ്മുക്ക് അതിന് ശേഷം കാണാം..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *