നീയും ഞാനും ~ ഭാഗം 18, എഴുത്ത്: അഭിജിത്ത്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

സിദ്ധു ശിൽപയുടെ കയ്യും പിടിച്ചു മുന്നിലേക്ക് വേഗത്തിൽ നടന്നു, അവസാനത്തെ പോസ്റ്റിലെ വെളിച്ചവും കഴിഞ്ഞപ്പോൾ സിദ്ധു പുറകിലേക്കൊന്നു നോക്കിയിട്ട് ശിൽപയുടെ കൈ വലിച്ചു ഓടാൻ തുടങ്ങി, പുറകിൽ കാലടി ശബ്ദം നിൽക്കുന്നതുവരെ ഓടിയൊരു മറവിലെത്തിയപ്പോൾ അരികിലേക്ക് കയറി ഒളിച്ചു നിന്ന് കിതക്കാൻ തുടങ്ങി, ശില്പ ക്ഷീണിച്ചു നിലത്തിരുന്നു സിദ്ധുവിനെ തലപൊക്കി നോക്കികൊണ്ട്.. അവര് കൊല്ലുമെന്ന് വിചാരിച്ചാൽ നീ തന്നെ കൊല്ലുമെന്ന് തോന്നുന്നല്ലോ ദുഷ്ടാ..

സിദ്ധു അവളുടെ അടുത്തിരുന്നു.. വയ്യാത്തോണ്ടാ ഇന്നും കൂടി തല്ലുകൊണ്ടാൽ എഴുന്നേറ്റ് നടക്കാൻ പറ്റില്ല..

അപ്പോൾ പേടിയുണ്ട്..

സിദ്ധു ചിരിച്ചു.. ചെറുതായിട്ട്.

ശില്പ സിദ്ധുവിനെ തൊട്ടു.. ഇനി എങ്ങനെ വീട്ടിൽ പോവും.

അതൊന്നും ഓർത്ത് ടെൻഷനാവണ്ട, ഇവര് പോയാൽ നമ്മുക്ക് വീട്ടിൽ പോവാലോ..

ഇവര് പോയില്ലെങ്കിലോ..

സിദ്ധു ശില്പയെയൊന്ന് നോക്കി, അവള് തലയാട്ടികൊണ്ട്.. എന്താടാ..

പ്രതീക്ഷ ഒന്നുമില്ലേ..

നിന്റെ കൂടെയല്ലേ അതാ ആകെയുള്ള പേടി..

സിദ്ധു നിലത്തിരുന്ന പുല്ലു പറിച്ച് വലിച്ചെറിഞ്ഞു.. പുച്ഛം.

ശില്പ പെട്ടെന്ന് അവന്റെ വാപൊത്തി. മിണ്ടാതിരിക്ക്.

സിദ്ധു പതിയെ എഴുന്നേറ്റ് ശബ്ദം കേട്ടിടത്തേക്ക് നോക്കി, ശില്പയും കൂടെ എഴുന്നേറ്റു, ആളുകളെ കണ്ട് അവളൊന്ന് പുറകിൽ നിൽക്കുന്ന സിദ്ധുവിനെ നോക്കിയിട്ട്.. ഇനി എങ്ങനെ രക്ഷപെടാനാ..

സിദ്ധു അവളെ ചേർന്നു. ഞാനുള്ളപ്പോൾ എന്തിന് പേടി, ഇതൊക്കെ ശരിയാവും, അവര് കുറേ തിരയുമ്പോൾ പൊയ്ക്കോളും.

ശില്പ ഒന്നും മിണ്ടിയില്ല, സിദ്ധു കുറച്ച് കൂടി അടുത്തേക്ക് വന്നിട്ട്.. നിന്റെ മുടിക്ക് നല്ല മണമുണ്ടല്ലോ..

വിട് മനുഷ്യാ തമാശ കളിക്കാതെ..

സിദ്ധു കുറച്ച് നേരം നോക്കിയിട്ടും അവര് പോവുന്നില്ലാന്ന് കണ്ടപ്പോൾ ശില്പയോട്.. ഇവര് നേരം വെളുപ്പിക്കോ..

ശില്പ പെട്ടെന്ന് സിദ്ധുവിന്റെ കൈപിടിച്ച് ഇരുട്ടിലേക്ക് നടന്നു, സിദ്ധു പുറകെ പോവുന്നതിനിടയിൽ.. കണ്ണ് കാണുന്നില്ലാട്ടോ കുഴി കണ്ടാൽ പറയണം..

ഇനി എന്ത് വീഴാൻ, നിന്നെ കെട്ടിയപ്പോഴേ കുഴിയിൽ വീണില്ലേ..

സിദ്ധു ചിരിച്ചു.. വീണ്ടും പുച്ഛം.

ഒന്ന് വേഗം നടക്കോ നീ.. ശില്പ പാടവരമ്പിലൂടെ വേഗത്തിൽ നടന്നു, കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിലേക്കുള്ള വഴിയിലെത്തി, സിദ്ധു അവളുടെ കൈ വിട്ടിട്ട്..ഇനി എനിക്കറിയാ ഒറ്റയ്ക്ക് പോവാൻ..

ശില്പയോന്ന് സിദ്ധുവിനെ നോക്കിയിട്ട്.. സത്യം പറഞ്ഞാൽ ഈ വായ മാത്രേ കുട്ടിയുടെ കയ്യിൽ സമ്പാദ്യമായിട്ടുള്ളൂ ലെ..

സിദ്ധു ചിരിച്ചു.. അതുപിന്നെ ഈ നാട്ടിലെ വഴികളൊന്നും അറിയാത്തോണ്ടല്ലേ..

ഓഹോ ഇല്ലേൽ സാറ് എന്നെ ഓടിച്ചേനെ..

നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ..?

ശില്പ സിദ്ധുവിന്റെ നേരെ നിന്നു.. ഞാൻ പറയും എനിക്കിങ്ങനെ ഓടാൻ പറ്റില്ല, എത്ര ദിവസം ഇങ്ങനെ ഓടും നീ തന്നെ പറ..

ഒരു മാസം..

എന്തോന്ന്..

സിദ്ധു പെട്ടെന്ന് അവളെ തോളിൽ കയ്യിട്ട്.. അയ്യോ അതല്ല ഒരു മാസത്തെ സമയമാണ് മനസ്സിലുണ്ടായിരുന്നേ വാടക വീടെടുക്കാൻ, ഇനി നാളെ തന്നെ മാറാൻ നോക്കാം..

എന്നിട്ട്.. ശില്പ മനസ്സിലാവാതെ നോക്കി.

നമ്മള് മാറിയാൽ അവര് അങ്ങോട്ട് വരില്ലല്ലോ..

അതെന്താ അവരുടെ കാലും അഴിച്ചെടുത്തിട്ടാണോ നീ പോവുന്നേ..

സിദ്ധു ശില്പയെയൊന്ന് നോക്കിയിട്ട്.. നീ ഇങ്ങനെ എന്നെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിച്ചു ധർമ്മ സങ്കടത്തിലാക്കരുത് പ്ലീസ്..

എന്നാൽ പറ ഇവിടുന്ന് പോയിട്ട്..

സിദ്ധു ശിൽപയുടെ കൈപിടിച്ച് മുന്നിലേക്ക് നടന്നു.. അത്‌ ടൗണിൽ അല്ലെ വീട് അവിടെ വന്ന് അവര് പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല, പോലീസ് സ്റ്റേഷൻ അടുത്തല്ലേ..

ഓ അങ്ങനെ..

സിദ്ധു ചിരിച്ചു. ഹാവു ഇപ്പോഴെങ്കിലും മനസ്സിലായല്ലോ..

ശില്പ സിദ്ധുവിന്റെ കൈ വിട്ടു.. എന്നിട്ടെന്റെ ചേച്ചിയെ കൊല്ലാൻ കൊടുക്കണമായിരിക്കും..

പ്രതീക്ഷിച്ച ചോദ്യം..

മറുപടിയാണ് വേണ്ടത്..

സിദ്ധുവൊന്ന് നിന്നു.. ഞാൻ അങ്ങനെ ചെയ്യുമോ, ഒറ്റയ്ക്ക് രക്ഷപെടാനായിരുന്നേൽ എപ്പോഴേ ഓടാമായിരുന്നു..

അതും മനസ്സിലുണ്ടായിരുന്നല്ലേ.. ശില്പ ചിരിച്ചു..

ആലോചിച്ചു പക്ഷേ കാല് വേദനയായോണ്ട് വേണ്ടാന്ന് വെച്ചു..

ശരി പോട്ടെ ബാക്കി പറ..

സിദ്ധു വീണ്ടും ശിൽപയുടെ കൈപിടിച്ച് നടന്നു.. നമ്മള് പോവുന്നില്ല..

ശില്പ തിരിഞ്ഞു വീട്ടിലേക്ക് നടന്നു, സിദ്ധു വേഗത്തിൽ വന്ന് ശിൽപയുടെ മുന്നിലേക്ക് കയറി.. ചേച്ചിക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട്.

ശില്പ സിദ്ധുവിനെ തന്നെ നോക്കികൊണ്ടിരുന്നു, സിദ്ധു തുടർന്നു.. കുട്ടികളൊക്കെ ചെറുതല്ലേ, ഇപ്പോൾ ചേച്ചിക്ക് ആവശ്യമുള്ള ചിലവിനു വരുമാനമാവും..

ശില്പ സിദ്ധുവിന്റെ കൈപിടിച്ച് നടന്നു.. നീ നമ്മളെന്ത് ചെയ്യുമെന്ന് ഇനിയും പറഞ്ഞില്ല..

സിദ്ധു ഒന്ന് നിന്നിട്ട് ശില്പയെ ചേർത്തു.. വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ.

ശില്പ മുന്നിലേക്ക് നോക്കി, സുര ബീഡി വലിച്ചുകൊണ്ട് നിൽക്കുന്നു, അരികിലേക്ക് വന്ന് അവളെയൊന്ന് ഇളിച്ചു കാണിച്ചു.. എനിക്കറിയായിരുന്നു നീയൊക്കെ ഓടിയാൽ എവിടെ വരെ ഓടുമെന്ന്..

ശില്പ സിദ്ധുവിന്റെ കൈ മുറുകെ പിടിച്ചു, അവളുടെ കൈകളിലെ ചൂട് അവനെ കത്തിയെരിച്ചുകൊണ്ടിരുന്നു, സിദ്ധു സുരയെ നോക്കിയിട്ട്.. മതിയായില്ലല്ലേ..

അതിന് നീയെനിക്കെന്താ തന്നത് മതിയാക്കാൻ മാത്രം..

സിദ്ധു ചുറ്റിലും നോക്കി, സുര അരികിലേക്ക് വന്നു.. എന്റെ പൊന്നളിയാ ഇനി ഓടാൻ സ്ഥലമില്ല..

അയ്യോ ഓടാനല്ല, ഇവിടെ എവിടെയോ ഒരു പുളി മാങ്ങയുടെ മാവുണ്ടായിരുന്നു, അത്‌ തിരഞ്ഞതാ..

ഓഹോ കോമഡി, അത്‌ കഴിഞ്ഞ ഓണത്തിന് ഞങ്ങള് വെട്ടി വിറ്റു.. ചുമ്മാ കളിക്കാതെ അവളെ തന്നിട്ട് മിണ്ടാതെ പോവാൻ നോക്ക്..

സിദ്ധുവൊന്ന് ചിരിച്ചു..അളിയൻ ഇമ്മാതിരി ചെറ്റത്തരമൊക്കെ പറഞ്ഞാൽ ഞാൻ തലയടിച്ചു പൊട്ടിച്ചെന്ന് വരും..

എന്നാൽ തല്ലെടാ.. സുര ചീറിക്കൊണ്ട് അടുത്തേക്ക് വന്നു.

സിദ്ധു ശിൽപയുടെ കൈവിട്ട് അവളെ തള്ളി മാറ്റി സുരയുടെ നെഞ്ചിലേക്ക് കാലുയർത്തിയൊരു ചവിട്ട്, താഴെ വീണ സുര കിടന്ന കിടപ്പിൽ പുറകിലേക്ക് നോക്കിയിട്ട്… നിങ്ങളൊക്കെ അടി കാണാൻ ടിക്കറ്റെടുത്ത് വന്നതാണോ, അവനെ പിടിച്ചു പൊട്ടിക്കെടാ..

സിദ്ധു പുറകിലേക്ക് വന്ന് വേലിയരുകിൽ തപ്പി, ശില്പ കയ്യിലൊരു വടിയെടുത്തിട്ട് സിദ്ധുവിന് നീട്ടി.. പോയി കൊടുക്ക് അവന്മാർക്ക്..

സിദ്ധു അവളെയൊന്ന് നോക്കി.. നല്ല ഭാര്യ ആവശ്യത്തിന് ഉപകരിച്ചു..

ഓടിവന്ന കൂട്ടാളികളെയെല്ലാം സിദ്ധു കണക്കിന് തല്ലി, എല്ലാവരും വേദന കൊണ്ട് സ്ഥലം വിട്ടു, താഴെ കിടന്നിരുന്ന സുര എഴുന്നേറ്റ് സിദ്ധുവിനെ നോക്കി.. എന്തോന്ന് മനുഷ്യനാടാ നീ, ഞാൻ എത്ര കള്ള് വാങ്ങികൊടുത്തിട്ടാ അവന്മാരെ കൂട്ടികൊണ്ട് വന്നെന്ന് അറിയോ..

സിദ്ധു ചിരിച്ചിട്ട് സുരയെ അരികിലേക്ക് വിളിച്ചു.. ഇങ്ങട് വാ.

സുര കുറച്ചു അടുത്തേക്ക് വന്നു, സിദ്ധു കയ്യിലിരുന്ന വടി മുറിയുന്നതുവരെ തല്ലിയിട്ട് ക്ഷീണിച്ചു നിലത്തിരുന്നു, പെട്ടന്ന് ശില്പ വേറെയൊരു വടിയെടുത്ത് സുരയെ തല്ലാൻ തുടങ്ങി, സിദ്ധു എഴുന്നേറ്റ് അവളെ പിടിച്ചു മാറ്റി..
ഇനി അടിക്കേണ്ട ആള് ചത്താലോ..

ചത്തോട്ടെ, ഇയാളൊക്കെ ചാവുന്നതാ നല്ലത്, എന്റെ ചേച്ചിയെങ്കിലും രക്ഷപെടും.

സിദ്ധു അവളെ ചേർത്തിട്ട് സുരയെ നോക്കി.. അപ്പോൾ താൻ എന്നെ വിട്ടു ഇപ്പോൾ ഞാൻ തന്നെ വിട്ടു, ഇനിയും പുറകെ വന്ന് ഞങ്ങളെ ഉപദ്രവിക്കാനാണ് പ്ലാനെങ്കിൽ ഞങ്ങള് രണ്ടും കൂടി കൊന്നുകളയും നിന്നെ..

ഞാനില്ല നീ ഒറ്റയ്ക്ക്..

സിദ്ധു ശില്പയെയൊന്ന് നോക്കി.. സമ്മതിക്കരുത് ട്ടോ ഒരു ഡയലോഗ് പറയാൻ..

നീ വന്നേ ഈ പോത്തിനോട് വേദമോതുന്നതിലും നല്ലത് നാല് ബക്കറ്റ് വെള്ളം കോരുന്നതാ..

എന്തിനാ വെള്ളം..?

എനിക്ക് കുളിക്കാൻ അല്ലാതെന്തിന്, ദേഹത്തൊക്കെ ചളിയായി കയ്യും കാലുമാണെങ്കിൽ വേദനിച്ചിട്ടും വയ്യ, നല്ല കുട്ടിയായിട്ട് കിണറിൽ നിന്ന് വെള്ളം കോരി താ..

സിദ്ധു ശിൽപയുടെ പുറകെ നടന്നു.. ഇത്രേം തല്ലു കൊണ്ടതും പോരാ വെള്ളം കോരുകയും വേണോ….

സുര പെട്ടെന്ന് പുറകിൽ നിന്ന് വിളിച്ചു.. അളിയാ എന്നെയൊന്ന് ആശുപത്രിയിൽ കൊണ്ടുപോവോ..

സിദ്ധുവൊന്ന് നിന്നുവെങ്കിലും ശില്പ അവന്റെ കൈപിടിച്ച് വലിച്ചു, വീണ്ടും സുര വിളിച്ചപ്പോൾ ശില്പ ദേഷ്യത്തിൽ അയാൾക്ക് നേരെ ചെന്നു, പെട്ടെന്ന് കൈകൂപ്പിയിട്ട്.. തല്ലരുത് ഞാൻ നിങ്ങടെ ടീമിലായിക്കോളാം..

ശില്പ നിന്നു, സിദ്ധുവും ശില്പയും പരസ്പരം നോക്കിയിട്ട്.. ഞങ്ങളുടെ കൂടെയോ..

സുര ഇരുവരോടുമായി.. അതേ എനിക്കെന്റെ തെറ്റ് മനസ്സിലായി, ഞാൻ ഇനി മുതൽ മദ്യപിക്കില്ല വലിക്കില്ല വേറെയൊരു ചീത്ത സ്വഭാവത്തിനുമില്ല, നിങ്ങള് പറയുന്നത് കേട്ട് മര്യാദക്ക് ജീവിച്ചോളാം..

സുര ശില്പയെ മുഖത്തേക്ക് നോക്കിയിട്ട്.. പെങ്ങളെ എന്നെയൊന്ന് വിശ്വസിക്ക്, ദയവു ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവോ പ്ലീസ്..

ശില്പ സിദ്ധുവിന് നേരെ തിരിഞ്ഞു, സിദ്ധു സുരയുടെ അരികിലിരുന്നു.. മിസ്റ്റർ സുര താങ്കളെ ഹോസ്പിറ്റലിൽ കൊണ്ടുപോവാം, പക്ഷേ ബില്ലടക്കാൻ നോമിന്റെ കയ്യിൽ പത്തുപൈസയില്ല..

സുര സിദ്ധുവിന്റെ കയ്യിൽപിടിച്ചു.. അളിയാ വീട്ടിലെ തൊഴുത്തിൽ ഇടതുവശത്തുള്ള തൂണിനരുകിലെ കുഴിയിൽ ഒരു കവറുണ്ട്, അതിൽ ആവശ്യത്തിനുള്ള കാശുണ്ട്, സംസാരിച്ചു നിൽക്കാതെ എന്നെയൊന്ന് ആശുപതിയിൽ കൊണ്ടുപോയാൽ വലിയ ഉപകാരമായേനെ..

സിദ്ധുവും ശില്പയും അത്ഭുതത്തോടെ സുരയെ നോക്കി, ശില്പ വേഗത്തിൽ വീട്ടിലേക്കോടി സുര പറഞ്ഞ സ്ഥലത്തു കവറു നോക്കി, തുറന്നപ്പോൾ കാശുണ്ടായിരുന്നു, തിരിച്ചു സിദ്ധുവിന്റെ അരികിൽ വന്നിട്ട് കവർ അവന് നൽകി, സിദ്ധു ഫോണെടുത്ത് ഓട്ടോ വിളിച്ചു, വണ്ടിയിൽ സുരയെയും കൊണ്ട് ഹോസ്പിറ്റലിലെത്തി അഡ്മിറ്റ്‌ ചെയ്തു, ശില്പ സിദ്ധുവിനെ നോക്കിയിട്ട്.. നീയെന്താ ആലോചിക്കുന്നേ.?

നമ്മുക്ക് വേറെയൊരു പ്ലാൻ പരീക്ഷിച്ചാലോ..

ശില്പ മനസ്സിലാവാതെ.. വല്ലതും നടക്കുമോ.?

ആദ്യം ഇങ്ങേര് നടക്കട്ടെ എന്നാലേ നമ്മുടെ പ്ലാൻ നടക്കൂ..

ശില്പ അരികിലേക്ക് വന്നിട്ട്.. അതുപോട്ടെ എന്താ പ്ലാൻ..?

സിദ്ധു കസേരയിലിരുന്നു.. ഇങ്ങേര് നമ്മുടെ കൂടെ കൂടുന്നത് പാര വെക്കാനല്ലേ..

അതു പറയണ്ട ആവശ്യമില്ലല്ലോ, തീർച്ചയായും നമ്മുക്കിട്ട് അവസരം കിട്ടിയാൽ കൂടെ നിന്ന് വെക്കും..

സിദ്ധു ചിരിച്ചു.. അതുതന്നെയാണ് നമ്മളും ചെയ്യാൻ പോവുന്നത്..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *