മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
ശില്പ വരാന്തയിലിരിക്കുമ്പോഴാണ് സിദ്ധുവൊരു പേപ്പറും കൊണ്ട് അരികിലേക്ക് വന്നത്, അവളുടെ കയ്യിലത് കൊടുത്തു.. മുടിഞ്ഞ ബില്ല്, ചായ കുടിക്കാനുള്ള ക്യാഷെങ്കിലും ബാക്കിയുണ്ടാവുമോ..
ശില്പ ബില്ലൊന്ന് നോക്കിയിട്ട്.. അതിന് നീയെന്തിനാ സങ്കടപെടുന്നേ അങ്ങേരുടെ കാശല്ലേ പോവുന്നത്..
സിദ്ധു ചിരിച്ചു.. ആരുടെ ആണെങ്കിലും നഷ്ടം നഷ്ടമാണല്ലോ..
ഓഹോ.. എന്നാൽ സഹിച്ചോ.. കൂട്ടത്തിൽ ഇതുകൂടി കൊണ്ടുപോയി അടച്ചേക്ക്..
നീയും വാ നമ്മുക്ക് പോയി ചായ കുടിച്ചിട്ട് വരാ..
നീയല്ലേ പറഞ്ഞത് ചായ കുടിക്കാൻ കാശില്ലെന്ന്..?
സിദ്ധു ബില്ലിലൊന്ന് നോക്കി.. അവസാനമൊരു 980 ആണ് വരുന്നത് ബാക്കി 20 രൂപ തരുമല്ലോ തിരിച്ച്..
ഓ വലിയ ഐഡിയ ആയിപോയി, ഇവിടെ ചായക്ക് 25 രൂപയാ..
സിദ്ധു അവളുടെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു.. വാചകമടിക്കാതെ വന്നേ, ചായയല്ല ചാരായം വേണേലും വാങ്ങിത്തരാം..
എന്തോ കേട്ടില്ല.
ഒന്നുമില്ല വേഗം നടക്കാൻ പറഞ്ഞതാ..
ഇരുവരും താഴെ പോയി ബില്ലടച്ചു, ചായ കുടിച്ചിട്ട് വീട്ടിലേക്ക് തിരിച്ചു വന്നു, ചേച്ചി റെഡിയായി നിൽക്കുന്നുണ്ടായിരുന്നു, സിദ്ധുവിനെയൊന്ന് നോക്കി ചിരിച്ചിട്ട് ചേച്ചി ഹോസ്പിറ്റലിലേക്ക് പോവാനായി ഓട്ടോയിൽ കയറി, ശില്പ സിദ്ധുവിനോട്.. ഇതെന്താ ഇവൾക്ക് പെട്ടെന്നൊരു സ്നേഹം..?
സിദ്ധു ശില്പയെ നോക്കിയിട്ട്.. അത് സ്നേഹം കൊണ്ടല്ല സന്തോഷം കൊണ്ടാണ്..
ശില്പ ചിരിച്ചിട്ട് മുറിയിലേക്ക് നടന്നു , സിദ്ധു കുളിയൊക്കെ കഴിഞ്ഞ് ചേച്ചിയെ സഹായിക്കാനായി ഹോസ്പിറ്റലിലേക്ക് ചെന്നു, കുറച്ച് ദിവസങ്ങൾ കടന്നു പോയപ്പോൾ സുരയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു, വീട്ടിലെത്തിയപ്പോൾ സിദ്ധു പഴയതുപോലെ ജോലിക്ക് പോവാൻ തുടങ്ങി, ഒരു ദിവസം സിദ്ധു ജോലി കഴിഞ്ഞു വീട്ടിലേക്ക് കയറാൻ വേണ്ടി നിന്നപ്പോഴാണ് സുര ഇരിക്കുന്നത് കണ്ടത്, സിദ്ധുവൊന്ന് ചിരിച്ചു, അകത്തേക്ക് നടക്കാനൊരുങ്ങി യപ്പോൾ സുര പുറകിൽ നിന്ന് വിളിച്ചു, സിദ്ധുവൊന്ന് തിരിഞ്ഞു നിന്നു, സുര അവനെ നോക്കിയിട്ട്.. താങ്ക്സ്.
സിദ്ധു ചിരിച്ചു. എന്തിന്..?
സുരയൊന്നും മിണ്ടിയില്ല, സിദ്ധു അയാളെ ഒന്നുകൂടി നോക്കിയിട്ട് മുറിയിലേക്ക് നടന്നു, ചേച്ചി പാത്രങ്ങൾ എടുത്ത് വെക്കുകയായിരുന്നു, സിദ്ധുവിനെ കണ്ടപ്പോൾ.. ചായയെടുക്കട്ടെ..?
സിദ്ധുവൊന്ന് നിന്നിട്ട് ചേച്ചിയെ നോക്കി.. എന്തുപറ്റി ചേച്ചി എനിക്കെന്തിനാ ഈ നേരത്ത് ചായ..
ചേച്ചി ചിരിച്ചു.. അയ്യോ സോറി നീ രാവിലെ പോയപോലെ ദേഹത്ത് ചളിയൊന്നുമാവാതെ തിരിച്ചു വന്നത് കണ്ടപ്പോൾ ക്ഷീണമുണ്ടാവുമെന്ന് വിചാരിച്ചു.
സിദ്ധു തന്റെ ഷർട്ടിലൊക്കെ നോക്കി..ചേച്ചിയോട്. കൊള്ളാലോ.. അപ്പോൾ കളിയാക്കാനൊക്കെ അറിയാലേ..
പിന്നെന്താ..
സിദ്ധു മുറിയിലേക്ക് കയറി, ശില്പ അകത്തു ഡ്രസ്സ് എടുത്തുവെക്കുന്ന തിരക്കിലായിരുന്നു, സിദ്ധു കുളിച്ചിട്ട് മുറിയിൽ വന്ന് അവളെ നോക്കാൻ തുടങ്ങി, ശില്പയോന്ന് തിരിഞ്ഞിട്ട്.. താങ്ക്സ്..
സിദ്ധു മനസ്സിലാവാതെ.. എന്തിനാണാവോ..?
എന്റെ ചേച്ചിയെ ചിരിപ്പിച്ചതിനു..
സിദ്ധു അവൾക്ക് കൈനീട്ടി, ശില്പ ആ വിരലിൽ പിടിച്ചു, അവളെ വലിച്ച് അരികിലേക്കിരുത്തിയിട്ട് സിദ്ധു കവിളിലൂടെ വിരലോടിച്ചു.. എല്ലാവരും ചിരിക്കട്ടെ, നമ്മളെകൊണ്ട് അങ്ങനെയെങ്കിലും ഉപകാരമുണ്ടാവട്ടെ..
സെന്റിയടിക്കാണോ, നീ ഇല്ലായിരുന്നെങ്കിൽ എനിക്കിപ്പോൾ ആലോചിക്കാനും കൂടി വയ്യ..
സിദ്ധു ചിരിച്ചു.. ശരിക്കും.
പിന്നല്ലാതെ നീ വേറെ ലെവലാണ്..ആരുമില്ലെങ്കിൽ.
കളിയാക്കൊന്നും വേണ്ട, അടുത്ത ലക്ഷ്യം ഒരു കുഞ്ഞിക്കാലാണ്..
ശില്പ ചിരിച്ചു.. അയ്യടാ ബാക്കിയൊക്കെ നേടിയിട്ട് വന്നിരിക്കുന്ന പോലെയാണ് പറയുന്നത് കേട്ടാൽ..
നേടുമല്ലോ..
എന്നാൽ കേട്ടോ എനിക്ക് സൗകര്യമില്ല പ്രസവിക്കാൻ, നിനക്ക് കുഞ്ഞിക്കാല് വേണേൽ എവിടുന്നെങ്കിലും ഞാൻ വേറെ കാണിച്ചു തരാം, എന്നോട് പറഞ്ഞ തൊന്നും പാലിക്കാതെ എന്റെ കുട്ടി ഒരു സ്വപ്നവും കാണണ്ടാട്ടോ..
സിദ്ധു ചുറ്റിലും നോക്കി, ശില്പ സിദ്ധുവിന്റെ തലപിടിച്ചു തനിക്ക് നേരെയാക്കി..
എന്തേ..?
ഞാനൊന്നും പറയുന്നില്ല, വാക്ക് പറഞ്ഞതല്ലേ..
എന്നാൽ അതിനുള്ള വഴി നോക്ക്..ആദ്യം പോയി ഭക്ഷണം കഴിച്ചോ.
സിദ്ധു എഴുന്നേറ്റു ശില്പ പുറകിൽ നിന്ന് വിളിച്ചിട്ട്.. എന്നോട് ദേഷ്യമൊന്നുമില്ലല്ലോ..?
ഉണ്ടെങ്കിൽ..
സഹിച്ചോ..
സിദ്ധു ചിരിച്ചിട്ട് കഴിക്കാനായി പോയി, പിറ്റേദിവസം ഞായറാഴ്ച്ച ആയതോണ്ട് സിദ്ധുവിന് ലീവായിരുന്നു, പുറത്തിരിക്കുമ്പോഴാണ് സുര അരികിൽ വന്നിരുന്നത്.. സിദ്ധു മൂപ്പരെയൊന്ന് നോക്കിയിട്ട്..
ഇനി എന്താ ഭാവി പരിപാടി.?
സുര തലയുയർത്തി.. പഴയ പണി തന്നെ ചെയ്യണം, കയ്യൊന്ന് ശരിയാവട്ടെ വളയം പിടിക്കാനുള്ളതല്ലേ..
സിദ്ധു ചുമരിൽ ചാരി, സുര പെട്ടെന്ന്.. നിനക്ക് അത്യാവശ്യം ബുദ്ധിയും കഴിവു മൊക്കെയുണ്ടല്ലോ, എന്തെങ്കിലും സ്വന്തമായി ബിസ്സിനസ്സ് ചെയ്തൂടെ..
സിദ്ധുവൊന്ന് ചിരിച്ചു..അളിയൻ എന്നോടൊരു ചായ വേടിച്ചു തരാൻ പറ, ഞാൻ എന്റെ കയ്യിൽ കാശില്ലെന്ന് പറയും , ഇത്രേം ദിവസം അവളുടെ സാലറി കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോവായിരുന്നു, ഇനി എനിക്ക് സാലറി കിട്ടിയിട്ട് വേണം എന്തെങ്കിലും വാങ്ങാൻ..
എന്നാലും.. സുര വീണ്ടും ചോദിച്ചു.
സിദ്ധു സുരയെന്തോ തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതുപോലെ.. അതൊന്നും അത്രപെട്ടെന്ന് നടക്കില്ല, കാശു ഉണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ പോയി കൊണ്ടിരിക്കുന്ന ഓഫീസ് എംഡി സെയിലിനു വെച്ചിരിക്കുന്നത് ചോദിച്ചു വാങ്ങില്ലേ..
അപ്പോൾ അത് വിൽക്കാൻ പോവണോ..?സുര ഞെട്ടലോടെ ചോദിച്ചു..
സിദ്ധു ചിരിച്ചു.. ഉം അതും പോയി..അങ്ങേര് ദുബായിൽ സെറ്റിലാവാണത്രെ, ഞാനാണേൽ വെക്കുന്ന കാലൊക്കെ കുഴിയിലാ വീഴുന്നേ..
നിനക്കത് വാങ്ങിക്കൂടെ..നോക്കി നടത്തിയാൽ നല്ല ലാഭവും കിട്ടും, ഇപ്പോൾ കൈവിട്ട് പോയതൊക്കെ തിരിച്ചും പിടിക്കാം..
അതല്ലേ മനുഷ്യാ ഞാൻ കാശില്ല കാശില്ല പറയുന്നേ..
സുര അരികിലേക്ക് നീങ്ങി വന്നു.. ഞാനൊരു ഐഡിയ പറയട്ടെ..
എന്താണ് തൊഴുത്തിന്റെ അടിയിൽ ഇനിയും കാശുണ്ടോ.. സിദ്ധു സംശയത്തോടെ ചോദിച്ചു..
അതൊന്നുമല്ല, അങ്ങനെയുണ്ടെങ്കിൽ തന്നെ അതു നിന്റെ അടി കൊള്ളുമ്പോൾ ബില്ലടക്കാൻ വേണ്ടി വെച്ചിരിക്കുന്നതാ..
സിദ്ധു ആകാംഷയോടെ.. എന്നാൽ പറ എന്താ ഐഡിയ..?
ചുറ്റിലും നിശബ്ദത, സുര ശബ്ദം താഴ്ത്തിയിട്ട്.. വിറ്റാലോ..?
എന്ത്..?
ആ കാണുന്ന സ്ഥലം..
സിദ്ധു സുര ചൂണ്ടികാണിച്ച സ്ഥലത്തേക്ക് നോക്കി.. അത് അളിയന്റെ സ്ഥലമാണോ..?
എന്റെയല്ല നിന്റെ അമ്മായിഅച്ഛന്റെ..
സിദ്ധുവിന് പെട്ടെന്ന് കാര്യം മനസ്സിലായപ്പോൾ.. ഓഹോ അളിയന്റെ ഐഡിയ ഇതായിരുന്നോ.. സിദ്ധു എഴുന്നേറ്റു.. ഞാനിത്തിരി വെള്ളം കുടിച്ചിട്ട് വരാം..
അളിയാ ഞാൻ വേണേൽ വേറെ നല്ല ഐഡിയ പറഞ്ഞ് തരാം..
വേണ്ട അടുത്തത് കഞ്ചാവ് കടത്താനായിരിക്കും.. സിദ്ധു മുറിയിലേക്ക് നടക്കാനൊരുങ്ങിയപ്പോൾ ശില്പ മുന്നിൽ വന്നു നിന്നു.. അങ്ങേര് എന്താ പറഞ്ഞുകൊണ്ടിരുന്നത്..?
ഒരു ഐഡിയ പറഞ്ഞതാ, മൂപ്പർക്കറിയില്ലല്ലോ അതിനിവിടെ റേഞ്ചില്ലാന്ന്, ഞാൻ ജിയോ എടുത്തോളാ പറഞ്ഞിട്ടിങ്ങ് പോന്നു..
ശില്പ സിദ്ധുവിനെ ചുമരിനോട് ചേർത്തി നിർത്തി.. സത്യം പറ, രണ്ടെണ്ണം കൂടി എന്തോന്നാ പ്ലാൻ ചെയ്തോണ്ടിരുന്നേ..?
സിദ്ധു അവളുടെ കൈമാറ്റി..ഒരു രാത്രികൊണ്ട് നിനക്കെന്നെ വിശ്വാസമില്ലാതായോ..
ആ.. ആയി.. നീ ഇത് പറഞ്ഞിട്ട് പോയാൽ മതി ഇനി..
സിദ്ധു നേരെ നിന്നിട്ട് അവളെ നോക്കി.. എന്താണെന്ന് വെച്ചാൽ എന്റെ കൺസ്ട്രക്ഷൻ കമ്പനിയുണ്ടല്ലോ അത് വിൽക്കാൻ പോവാണ്..
സിദ്ധു അടുത്തത് പറയുന്നതിന് മുമ്പ് ശില്പ ഇടയിൽ കയറി..എടാ ദുഷ്ടാ.. അപ്പോൾ നിന്റെ ആകെയുണ്ടായിരുന്ന പണിയും പോയോ, എന്നിട്ടെന്താടാ പൊട്ടാ എന്നോട് പറയാതിരുന്നേ..
സിദ്ധു ചുറ്റിലും നോക്കി.. നീ ഇപ്പോൾ അറിഞ്ഞില്ലേ ഇനിയൊന്ന് പതുക്കെ ചീത്ത പറയോ പ്ലീസ്..
ശില്പ ഒന്നടങ്ങി.. ആലോചിക്കാം.
സിദ്ധു തുടർന്നു. ആ ഓഫീസ് എന്നോട് വാങ്ങിക്കൂടായിരുന്നോ എന്ന് ചോദിക്കായിരുന്നു അങ്ങേര്..
ശില്പ സിദ്ധുവിനെ അടിമുടി നോക്കി.. നിന്നോട്..
സിദ്ധു അവളെയൊന്ന് തലോടി.. അപമാനിച്ചു മതിയായെങ്കിൽ കടന്നു പൊയ്ക്കൂടേ..
ശില്പ അവന്റെ കൈതട്ടി.. ബാക്കി പറ..
ഇനിയെന്ത്..?
കഴിഞ്ഞിട്ടില്ലല്ലോ, നീ ഇനിയും ഐഡിയ എന്താണെന്ന് പറഞ്ഞില്ല..
സിദ്ധു അവളെ നോക്കി ചിരിച്ചു.. അതായിരുന്നോ… അതുപിന്നെ….. ഒന്നടുത്തേക്ക് വന്നിട്ട് .. ആ മുൻവശത്തുള്ള സ്ഥലമുണ്ടല്ലോ അതെടുത്തോളാൻ.. ഞാൻ അപ്പോഴേ വേണ്ടാന്ന് പറഞ്ഞു..
ശില്പ സിദ്ധുവിനെ നോക്കിയിട്ട്.. അയാളാരാ സ്ഥലം എടുത്തോളാൻ പറയാൻ, എന്നാലും അതൊരു നല്ല ഐഡിയയാണ്, പക്ഷേ ആദ്യം അച്ഛനോട് ചോദിച്ചു നോക്കണം, സമ്മതിക്കുമെന്നുറപ്പാ,അത് പണയം വെച്ചാൽ കമ്പനി വാങ്ങാൻ പറ്റുമോ..?
സിദ്ധു അത്ഭുതത്തോടെ അവളെ നോക്കി.. കുട്ടി സ്വപ്നം കാണുകയാണോ ബെൻസിൽ പോവുന്നത്..
ശില്പ ചിരിച്ചു.. ഏയ് അതൊന്നുമല്ല ,നമ്മളെന്താ ഇത് നേരത്തെ ആലോചിക്കാതിരുന്നേ..
സിദ്ധു ശിൽപയെ പെട്ടെന്ന് നോക്കി.. നീ നിർത്തിക്കേ, പറയുമ്പോൾ തമാശക്ക് എന്തേലും പറയാമെന്നല്ലാതെ, അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് നമ്മള് കൊണ്ടുപോയി നശിപ്പിക്കാൻ പാടുണ്ടോ..
ശില്പ ചിരിച്ചു.. ഒരു പാടുമില്ല വളരെ എളുപ്പമാണ്, ദേ പുറത്തിരിക്കുന്ന അങ്ങേരുടെ കയ്യിൽ കൊണ്ടുപോയി കൊടുത്താൽ മതി, അതുവെച്ചു നോക്കുമ്പോൾ നിനക്ക് തരുന്നതിൽ തെറ്റൊന്നുമില്ലല്ലോ..
സിദ്ധു ശിൽപയുടെ തോളിൽ തൊട്ടു.. പറഞ്ഞത് പറഞ്ഞു, ഇനി ഈ കാര്യം പറയണ്ട, നമ്മുക്ക് തത്കാലത്തേക്കുള്ളത് ഇപ്പോഴുണ്ട്, എന്തേലും പ്രശ്നം വരുമ്പോൾ ആലോചിക്കാം..
സിദ്ധു മുറിയിലേക്ക് പോയി, ശില്പ അവൻ പോവുന്നതും നോക്കിയിട്ട്.. ആള് കൊള്ളാലോ, ഇത്രേം വലിയൊരു പാവത്തിനെ വെച്ചിട്ട് ഞാൻ എങ്ങനെ ജീവിക്കും ഭഗവാനെ..
രാത്രി എല്ലാവരും കഴിക്കാനിരുന്നു, സുര നേരത്തെ കഴിച്ചെഴുന്നേറ്റ് കിടക്കാൻ പോയി, ശില്പ അടുക്കളയൊക്കെ വൃത്തിയാക്കി മുറിയിലേക്ക് കയറി വാതിലടക്കാനൊരുങ്ങിയപ്പോഴാണ് സിദ്ധുവിനെ കാണാനില്ല കിടക്കയിൽ, അവൾ പുറത്തേക്ക് വന്നു, ഉമ്മറത്തു നോക്കുമ്പോഴാണ് അച്ഛന്റെ കൂടെയിരിക്കുന്നു, ശില്പ ഒന്ന് നിന്നിട്ട് സംസാരത്തിനു കാതോർത്തു, അച്ഛനാണ് പറയുന്നത് ” മോനെ നിന്നെയെനിക്ക് വിശ്വാസമാണ്, അവൾക്കൊരു നല്ലത് വരുകയെന്ന് പറയുന്നത് ഞങ്ങൾക്ക് കൂടിയുള്ളതല്ലേ, സുര പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് ഉറപ്പാണെങ്കിൽ മോനെടുത്തോ അത് “.. സിദ്ധു അച്ഛന്റെ കയ്യിൽ പിടിച്ചു ” ഞാൻ അച്ഛന് തന്ന വാക്ക് പാലിക്കും “
സിദ്ധു അച്ഛനരുകിൽ നിന്നെഴുന്നേറ്റ് അകത്തേക്ക് കയറിയപ്പോൾ ശില്പ നിൽക്കുന്നു, ഒന്ന് ചമ്മിയെങ്കിലും മുഖത്ത് കാണിക്കാതെ.. നീ ഉറങ്ങിയില്ലേ..?
ശില്പ വാതിലൊന്ന് ചാരി.. ഡോ തന്നോട് നാല് വർത്തമാനം പറയണമെന്ന് തോന്നാൻ തുടങ്ങിയിട്ട് ഇത്തിരി നേരമായി..ഞാൻ ഉച്ചയ്ക്ക് അത്രയും മാന്യമായി പറഞ്ഞപ്പോൾ നിനക്ക് പുച്ഛം, ഭാര്യവീട്ടിലെ സ്വത്ത് വേണ്ട, അഭിമാനം ഒലക്കേട മൂട്, ഇപ്പോൾ നിനക്ക് ലേശമെങ്കിലും ഉളുപ്പുണ്ടോടാ അച്ഛനോട് പോയി ചോദിക്കാൻ..
സിദ്ധു അവളെ കെട്ടിപിടിച്ചു.. ഏത് പുണ്യം ചെയ്ത സമയത്താണാവോ എന്റെ കുട്ടിയെ കെട്ടാൻ തോന്നിയത്..
ശില്പ അവനെ നോക്കിയിട്ട്.. എന്താണ് പെട്ടെന്ന് മനസ്സുമാറാൻ..
സിദ്ധു ചിരിച്ചു.. നമ്മുക്ക് ഇനി ഡബിൾ ഗെയിം കളിക്കുന്നതല്ലേ നല്ലത്..
തുടരും…