എനിക്കാ വിശ്വാസം ഇല്ലാതാവുന്ന ദിവസം നീ എന്റെ പെണ്ണായി എന്റെ വീട്ടിലുണ്ടാവും…

നിൻ ചാരെ

Story written by Nidhana S Dileep

ഇനി ഇങ്ങനെയൊരു മോളില്ല എന്ന് ആ കോടതി വരാന്തയിൽ വച്ച് പപ്പ വിളിച്ചു പറഞ്ഞപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആൾക്കാരെ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു. കൈയിൽ പെട്ടെന്ന് പിടി വീണതും ഞെട്ടി ആളുടെ മുഖത്തേക്ക് നോക്കി. ഒരു ഭാവ വ്യത്യാസവു മില്ലാതെ കൈയിൽ പിടിച്ചു വലിച്ചു നടക്കുന്നതല്ലാതെ മുഖത്തേക്ക് പോലും നോക്കുന്നില്ല. കാറിന്റെ ഡോർ തുറന്നു അകത്തിരുത്തി. ഡ്രൈവർ സീറ്റിൽ കേറിയിരുന്നു മുഖം ചെരിച്ചു അവളെ നോക്കി ഒന്നു ചിരിച്ചു പ്രയാഗ്.

“”ഒന്നും വേണ്ടായിരുന്നുന്നു ഇപ്പൊ തോന്നുന്നുണ്ടോ…”” പറയുമ്പോൾ ആ കണ്ണുകളും ചിരിക്കുന്നുണ്ടായിരുന്നു.

“”ഇല്ല …””

അത്രയേറെ ആത്മവിശ്വാസം നിറഞ്ഞു നിന്നിരുന്നു പൂജയുടെ വാക്കുകളിൽ…..

“”സീറ്റ്‌ ബെൽറ്റ്‌ ഇട്…”” ചെറിയ ശബ്ദത്തിൽ പാട്ടു വെച്ചു സ്റ്റീയറിങ്ങിൽ താളം പിടിച്ച് കൊണ്ടായിരുന്നു ഡ്രൈവിംഗ്. കുറച്ചു നേരം പിന്നിട്ടപ്പോൾ തന്നെ എവിടേക്കാണ് പോകുന്നതെന്ന് മനസിലായി. വലിയ രണ്ടു നില വീടിനു മുൻപിൽ ചെന്ന് നിന്നു.

“”എടുക്കാനുള്ളതൊക്കെ എടുത്തിട്ട് വാ…””

“”സ്വന്തം ഏട്ടനെ തന്നെ കുരുതികൊടുത്തിട്ട് വന്നിരിക്കുവാ അവൾ… എന്തിനാടി നീ ഇങ്ങോട്ട് വന്നേ…””

കണ്ടതും അമ്മ ദേഷ്യപ്പെടാനും ശപിക്കാനും തുടങ്ങി. ആരെയും ശ്രദ്ധിക്കാതെ മുറിയിൽ പോയി സർട്ടിഫിക്കറ്റ് മാത്രം എടുത്തു. കഴുത്തിലെ നേരിയ ചെയനും മൊട്ടു കമ്മലും ഊരി വെച്ചു.

“” അപർണയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെ… ഒരാളെ പ്രണയിച്ച് അയാളുടെ കുഞ്ഞിനെ വയറ്റിൽ പേറിയത് ഞാനായിരുന്നെ… അവസാനം മടുത്ത് കറിവേപ്പില പോലെ അയാൾ വലിച്ചെറിഞ്ഞപ്പോ ജീവനൊടുക്കിയത് അമ്മയുടെ ഈ മോളായിരുന്നേ … അമ്മ ഇങ്ങനെ അയാൾക്ക് വേണ്ടി വാദിക്കുമോ ??

കുഞ്ഞിനെ കളയാനും ഒഴിഞ്ഞു പോവാനും വേണ്ടി കൊല്ലാകൊല ചെയ്തിട്ടുണ്ട് അമ്മേടെ മോൻ… ആ പെണ്ണിനെ…അത്രയും സഹികെട്ടാ അമ്മാ അവൾ…. “” ശബ്ദം ഇടറി

“”ഉപേക്ഷിച്ച് പോവുന്നതല്ല അമ്മാ.. ഒരിക്കൽ എന്നെ നിങ്ങൾ മനസിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.. “” അങ്ങനെ പറഞ്ഞില്ലേ ഞാൻ ഞാനല്ലാതാവുംന്ന് തോന്നി. അതും പറഞ്ഞു തിരിഞ്ഞു നോക്കാതെ പടിയിറങ്ങി. നോവുന്നുണ്ട്… അകവും പുറവും ഒരു പോലെ…

“”നന്നായി കിട്ടിയെന്നു തോന്നുന്നല്ലോ… ഇവിടെ കേൾക്കായിരുന്നു….”” കാറിൽ കേറിയതും പ്രയാഗ് പറഞ്ഞു.

“”ഇടക്ക് വക്കീലിനെയും സ്മരിച്ചായിരുന്നു… വക്കീലാ എന്റെ ഉള്ളിൽ ഓരോന്ന് കുത്തി വെച്ച് ഏട്ടനെതിരെ മൊഴി കൊടുപ്പിച്ചതെന്ന്…” “” കേട്ടു… കേട്ടു… “” താടി തടവി കൊണ്ട് ചിരിച്ചു.

“ജീവന്റെ അനിയത്തി”എന്ന് പറഞ്ഞു അപർണയുടെ അച്ഛൻ പരിചയ പെടുത്തിയപ്പോൾ പുച്ഛവും ദേഷ്യവുമായിരുന്നു ആ കണ്ണിൽ… കോടതിയിൽ സാക്ഷി പറയുന്ന വരെ തന്നെ വിശ്വസിച്ചിരുന്നില്ല. കൂടെ നിന്നു ചതിക്കുമെന്ന് കരുതിക്കാണും. ആദ്യമൊന്നും ആ കണ്ണിലെ വെറുപ്പ് വേദനിപ്പിച്ചില്ലെങ്കിലും പിന്നെപ്പോഴോ അത് തന്നെ കുത്തി നോവിക്കാൻ തുടങ്ങിയിരുന്നു.

“” നിനക്ക് വിഷമമില്ലേ വീട്ടീന്ന് ഇറക്കി വിട്ടതിനു…””

“”പിന്നേ കാണില്ലേ… എന്റെ ലോകം തന്നെ വീടായിരുന്നു…പക്ഷെ അതിനേക്കാൾ വേദനയുണ്ട്… എന്റെ ഏട്ടൻ കാരണം ഒരു പാവം പെണ്ണ് ആത്‍മഹത്യ ചെയ്താല്ലോന്നു ഓർക്കുമ്പോ…”” പിന്നേ ഒന്നും പറയാതെ കണ്ണുകളടച്ചു സീറ്റിൽ ചാരി കിടന്നു.

“”എവിടെക്കാ വക്കീലേ എന്നേം കൊണ്ട്… വീട്ടിലേക്കാണോ??..”” കണ്ണുകളടച്ചു അങ്ങനെ ചാരി കിടന്നു കൊണ്ട് തന്നെ ചോദിച്ചു

“”തത്കാലം വീട്ടിലേക്കല്ല… നിന്നെ ആവിശ്യമുള്ള കുറച്ചാളുകൾ ഉണ്ട്…അവിടേക്ക്…””

കാർ നിർത്തിയപ്പോൾ കണ്ണുകൾ തുറന്നു.

അപർണയുടെ വീട്…അവിടെ ഒരിക്കൽ ഏട്ടന്റെ കൂടെ വന്നിട്ടുണ്ട് ഒരുപാട് വാശി പിടിച്ചപ്പോ കൊണ്ട് വന്നതാണ്….. തന്നെ പോലും ഏട്ടൻ വിശ്വസിപ്പിച്ചിരുന്നു. “നാത്തൂനേ” ന്നു അവളുടെ വീട്ടുകാർ കേൾക്കാതെ കളിയാക്കി വിളിച്ചപ്പോൾ ചുറ്റും നോക്കി ചിരിച്ചു കൊണ്ട് വേദനിപ്പിക്കാതെ ഒരു നുള്ള് തന്നു.

കാറിന്റെ ശബ്ദം കേട്ട് അച്ഛനും അമ്മയും അനിയത്തി അമൃതയും യും പുറത്തേക്ക് ഇറങ്ങി വന്നു.

“” പുതിയൊരാളെ കൊണ്ട് വന്നിട്ടുണ്ട്… “” കാറിൽ നിന്നും ഇറങ്ങിയ പാടെ വക്കീൽ പറഞ്ഞു.

“” മോൻ വിളിച്ചിരുന്നു.. മോളു വാ…”” അതെപ്പോ എന്നർത്ഥത്തിൽ വക്കീലിനെ നോക്കിയപ്പോ അത് മനസിലാക്കിയത് പോലെ “” നീ സർട്ടിഫിക്കറ്റ് എടുക്കാൻ വീട്ടിൽ കേറിയപ്പോൾ.. “”ന്നു പറഞ്ഞു.. അപ്പോഴും സ്വതസിദ്ധമായ ആ ചിരി ഉണ്ടായിരുന്നു ചുണ്ടിൽ..””

അപരിചിതത്തമൊന്നും തോന്നിയില്ല പൂജക്ക്‌… കസേരയിലിരുന്നു അച്ഛൻ വക്കീലിനോട് സംസാരിക്കുന്നത് ചുവരിൽ ചാരി കേട്ടിരുന്നു. കേസിനെ പറ്റി പറയുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു പക്ഷെ അച്ഛന്റെ സ്വരമൊന്നു ഇടറുക കൂടി ചെയ്തില്ല… പപ്പയുടെ പണത്തിനും ഭീഷണിക്കു മുന്നിലും തല കുനിക്കാത്ത മനുഷൻ…..

“”ഇത് അപ്പുവിന്റെയാ….””വക്കീൽ പോയപ്പോ അമ്മ ഒരു ഇളം നീല ചുരിദാർ കൈയിൽ തന്നു.അതിട്ടു വന്നപ്പോൾ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ടു. അമ്മു കൈയിൽ ചുറ്റി പിടിച്ചു നിന്നു… കുറച്ചു നാൾ കൊണ്ട് തന്നെ അമ്മയുടെയും അച്ഛന്റെയും മോളായും അമ്മുവിന്റെ ചേച്ചിയായും മാറിയിരുന്നു.ഇടയ്ക്ക് വക്കീലും വരും… ഇത്തിരി നേരം അച്ഛനോട് സംസാരിച്ചിരിക്കും… കേസിനെ കുറിച്ചായിരിക്കും കൂടുതൽ… ഇടക്കെപ്പോഴോ ഒരു നോട്ടം… ഒരു ചിരി…അത്ര മാത്രം…. പക്ഷെ അതിനൊക്കെ ഒരായിരം അർഥങ്ങൾ ഉള്ള പോലേ…
പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ പറയുന്ന പോലെ….

അച്ഛൻ ആരോടോ സംസാരിക്കുന്നത് കേട്ടാണ് പുറത്തേക്ക് വന്നത്… അപ്പോഴാണ് അച്ഛനോട് സംസാരിച്ചു നിൽക്കുന്ന വക്കീലിനെ കണ്ടത്. ഗൗരവമുണ്ടായിരുന്നു മുഖത്ത്…….

“” ജീവന് ജാമ്യം കിട്ടി… “” കണ്ടപ്പോ വക്കീൽ പറഞ്ഞു.

“”പ്രതീക്ഷിച്ചതാ… അതോണ്ട് സങ്കടമൊന്നും ഇല്ലാ…”” അച്ഛൻ അങ്ങനെ പറയുമ്പോഴും നെഞ്ച് തടവുന്നുണ്ടായിരുന്നു. ആർക്കും ഒന്നും സംസാരിക്കാനില്ലായിരുന്നു.. ഏട്ടനെ ഓർത്തു വേദന തോന്നി… ഏട്ടനെ കാത്തിരിക്കുന്ന വിധി ഓർത്ത്… ഒരു പാവം പെണ്ണിന്റെ… ജനിക്കാൻ ഭാഗ്യമില്ലാത്ത കുഞ്ഞിന്റെ… ശാപമാണ് ഏട്ടന്റെ തലക്കുമുകളിൽ…

ചിന്തകൾ വിട്ടൊഴിഞ്ഞപ്പോഴാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന വക്കീലിനെ കണ്ടത്.പൂജ നോക്കുന്നത് കണ്ടത് കൊണ്ടാവാം പെട്ടെന്ന് നോട്ടം മാറ്റി… അതെ വേഗത്തിൽ വീണ്ടും നോക്കി… ഇരു കണ്ണുകളും ചിമ്മിയടച്ചു…. സമധാനിപ്പിക്കും പോലെ,…. മനസിന്റെ ഭാരം വിട്ടകന്നത് പോലെ തോന്നി പൂജയ്ക്ക്…

കാറിലേക്ക് കയറുമ്പോഴും അവൾക്ക് മാത്രമായൊരു നോട്ടവും ചിരിയുമുണ്ടായിരുന്നു… അത് മനസിലാക്കിയ പോലെ അമ്മുവിന്റെ കൈകളിൽ കോർത്ത വിരലുകൾ ഒന്നു കൂടി മുറകി.

വക്കീൽ തന്നെ ഒരു പാർടൈം ജോലി ആക്കി തന്നു. ഒരു സ്റ്റേഷനറി ഷോപ്പിൽ അക്കൗണ്ടന്റ്. അവിടെ വയസായ ഒരാളുണ്ട് സാധനങ്ങൾ എടുത്ത് കൊടുക്കാനൊക്കെയായി.അയാൾ കണക്കൊക്കെ ഒരു ബുക്കിലെഴുതും… അത് കമ്പ്യൂട്ടറിലേക്ക് ആക്കുകയേ വേണ്ടൂ…കോളേജ് കഴിഞ്ഞ് മൂന്നു മണിക്കൂർ അവിടെയായിരിക്കും. പിന്നെ ശനിയും ഞായറും ഫുൾ ഡേയും.

ഓണം പ്രമാണിച്ചു ഷോപ്പിൽ നല്ല തിരക്കായിരിരുന്നു… അത് കൊണ്ട് ഒരുപാടുണ്ടായിരുന്നു ചെയ്യാൻ.ലേറ്റ് ആവുന്ന ദിവസം അച്ഛൻ വരും… ചിലപ്പോ റോഡ് സൈഡിൽ കാത്തു നിൽക്കുന്നുണ്ടാവും ഒരു ടോർച്ചുമായി.അച്ഛനോട് തനിയെ വന്നോളന്നു പറഞ്ഞു. പണിയെടുത്ത് ക്ഷീണിച്ചിരിക്കുകയാവും പാവത്തിനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് തോന്നി.എത്ര പറഞ്ഞാലും റോഡ് സൈഡിൽ കാണും.

ഇരുൾ വീണിരുന്നു… ധൃതി പിടിച്ച് ഓട്ടോ സ്റ്റാൻഡിലേക്ക് വെച്ചു പിടിച്ചു. പെട്ടെന്നാണ് ഒരു കാർ തൊട്ടു.. തൊട്ടില്ല എന്ന പോലെ വന്നു നിന്നത്.

“”ഏട്ടൻ……”””പറഞ്ഞു തീരും മുൻപേ കവിളിലേക്ക് കൈ വീശിയിരുന്നു

””നീ എന്ത് വിചാരിച്ചെടി ഞാനെന്നും അകത്തു കിടക്കുമെന്നോ…വല്ലവന്റെയും ധൈര്യത്തിൽ എനിക്കിട്ട് ഉണ്ടാക്കാൻ വന്നാ സ്വന്തം ചോരയാണെന്നൊന്നും നോക്കില്ല ജീവൻ “” കവിളിൽ കുത്തിപ്പിച്ച കൈ വിടുവിക്കാൻ ശ്രമിക്കവേ ഒന്നു കൂടി കുത്തിപിടിച്ചു.പെട്ടെന്നാരോ ജീവനെ തള്ളി മാറ്റി.

വക്കീൽ….

“”വന്നല്ലോടി നിന്റെ മറ്റവൻ…”” വീണ്ടും ചീറി കൊണ്ട് അടുത്തേക്ക് വന്നു.

“”ജീവാ ഇനി നീ അവളെ തൊട്ടാൽ…”” വക്കീലിന്റെ സ്വരം ഉയർന്നു.

“”തൊട്ടാൽ നീ എന്ത് ചെയ്യും….””

“” ഞാനൊന്നും ചെയ്യില്ല… ഇവൾ പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുക്കും. കണ്ടിഷൻസ് ഒക്കെ വായിച്ചിട്ട് തന്നെയല്ലേ ജാമ്യത്തിലിറങ്ങിയത്…കൂടെ പൊതു സ്ഥലത്ത് വച്ച് പെണ്ണിനെ മർദിച്ചു എന്ന് കൂടി വരും… “” ജീവനെ നോക്കി സന്തമായാണ് അത് പറഞ്ഞത്. അത് കേട്ടപ്പോൾ ഒന്നടങ്ങി. പൂജയെ ഒന്നു നോക്കി പേടിപ്പിച്ചു കാറിൽ കയറി.

“”പൂജ… ആർ യൂ ഓക്കേ…”” അത് ചോദിച്ചതും അവൾ നെഞ്ചിൽ തല ചായ്ച്ചു നിന്നു.

“”വന്നു കാറിൽ കയറ്…””ചുമലിൽ പിടിച്ച് പതിയെ അവനിൽ നിന്നും മാറ്റികൊണ്ട് പറഞ്ഞു.അവൻ പെട്ടെന്നങ്ങനെ ചെയ്തപ്പോ മനസിൽ എന്തോ വേദന തോന്നി.

ഒന്നു ചേർത്ത് പിടിച്ചു കൂടെ…. സാരല്ല പോട്ടെ….ന്നു ഒന്നു പറഞ്ഞു കൂടെ…

കവിളിൽ നല്ല നീറ്റലുണ്ട്…. കണ്ണുനീർ ഇടക്ക് തുടച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു

“”അച്ഛനെ വിളിച്ചപ്പോ നീ വരാൻ ലേറ്റ് ആവുംന്ന്… പെട്ടെന്നുള്ള തോന്നലിൽ കാർ എടുത്ത് ഇറങ്ങിയതാ….””

ഒന്നും മിണ്ടിയില്ല… പുറത്തേക്ക് നോക്കിയിരുന്നു… ചെറുതല്ലാത്തൊരു വാശി… ദേഷ്യം… സങ്കടം.. ഇടക്കെപ്പേഴോ ഏങ്ങൽ പുറത്തേക്ക് വന്നു…

“”ഇതൊക്കെ പ്രതീക്ഷിച്ചിട്ടു തന്നെയല്ലേ നീ ഇതിനു ഇറങ്ങിപുറപ്പെട്ടത്…..”” ഡ്രൈവിംഗിനിടയിൽ അവളെ ഇടക്ക് അവളെ നോക്കി. പുറത്തേക്ക് തന്നെ നോക്കിയിരിക്കുന്നു അവൻ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോഴൊക്കെ അവളിലെ വാശി കൂടി കൂടി വന്നു.

ചേർത്ത് പിടിച്ച് തലോടാത്തതിന്റെ… മനസിലെ ചൂടകറ്റാത്തതിന്റെ…അങ്ങനെ എന്തിനൊക്കെയോ വേണ്ടി അവനോട് മൗനമായി പോരടിച്ചു കൈവിരലുകൾ തമ്മിൽ അമർത്തി പിടിച്ചു.

പ്രയാഗ് കാർ സൈഡിലേക്ക് ചേർത്ത് നിർത്തി. കൈകളിൽ പിടിച്ച് ബലമായി അവളെ അവന്റെ തോളിൽ ചായ്ച്ചു കിടത്തി.

“”അവിടെ ആൾക്കാർ നോക്കി നിൽക്കുന്നത് കണ്ടില്ലായിരുന്നോ നീ .. വീണ്ടു മൊരു സീനാവേണ്ടന്നു വെച്ച ഞാൻ…..””” അവളുടെ തലയിൽ തല ചേർത്ത് വെച്ചു. ഒന്നും പറയാതെ കണ്ണുകളടിച്ചിരുന്നു.സിരകളിൽ അവനോടുള്ള പ്രണയമാണ് നിറഞ്ഞിരിക്കുന്നതെന്നു തോന്നി.എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല.. നെഞ്ചിലെ പുകച്ചൽ അടങ്ങും വരെ… വല്ലാതെ മിടിച്ച ഹൃദയം അതിന്റെ താളം കണ്ടെത്തും വരെ…. അങ്ങനെ തന്നെയിരുന്നു. അവനും ചേർത്ത് പിടിക്കാൻ ആഗ്രഹിച്ചിരുന്നോ…. കണ്ണുകളുയർത്തി അവനെ നോക്കി…

“”ഒന്നു മിണ്ടെടി… പ്ലീസ്… ഒന്നുല്ലേലും നിന്റെ മറ്റവനല്ലെടി ഞാൻ…”” പെട്ടെന്ന് ചിരി വന്നുപോയി…

“”ഏട്ടൻ ഇത് വരെ തല്ലിയിട്ടില്ല… എന്നെ വല്യ ഇഷ്ടായിരുന്നു….””

“”ആ ബെസ്റ്റ്… അവനെതിരെ സാക്ഷി പറഞ്ഞ നിന്നെ അവൻ ഉമ്മവെക്കുമെന്ന് കരുതിയോ…”””

തല ഉയർത്തി അവനെ കൊറുവിച്ചു നോക്കി.. മുഖം വെട്ടിച്ചു പണ്ടത്തെ പ്പോലെ പുറത്തേക്ക് നോക്കിയിരുന്നു.

“”കവിളിൽ ഐസു വെക്കണം …””ഇറങ്ങാൻ നേരം ഓര്മിപ്പിച്ചപ്പോൾ അവനെ ഒന്നു നോക്കി പേടിപ്പിച്ചു. വീട്ടിൽ ആരോടും ഒന്നും പറഞ്ഞില്ല…… അറിഞ്ഞാൽ വിഷമമാവും.. അതുറപ്പാണ്…

അമ്മുവിന്റെ കൂടെ പറമ്പിൽ കൂടി നടക്കുമ്പോഴാണ് വക്കീലിന്റെ കാറിന്റെ ശബ്ദം കേട്ടത്… അവളുടെ കൈ വിട്ട് വീട്ടിലേക്കോടി… വീട്ടിലെത്താറായപ്പോൾ ഒന്നു നിന്നു.. കിതപ്പ് മാറുന്ന വരെ… മുഖത്തു ഉരുണ്ട് കൂടിയ വിയർപ്പ് കൈകൾ കൊണ്ട് തുടച്ചു…

“”എന്താ വക്കീലേ…. ഈ ഇടയായി കേസൊന്നും ഇല്ലേ… എപ്പോഴും വരുന്നുണ്ടല്ലോ…”” കളിയാക്കൽ കേട്ട് അവൻ തിരിഞ്ഞു നോക്കി

“” ഞായറാഴ്ച ഏത് കോടതിയാ തുറക്കുവാ… നിന്റെ പപ്പയുടെ ബാറും ബാർ കൗൺസിലും ഒന്നല്ല മോളേ… “”

“” വക്കീല് കോമഡി പറഞ്ഞതായിരിക്കും… “” നന്നായൊന്നു ചമ്മിയെങ്കിലും വിട്ടു കൊടുക്കാൻ തോന്നിയില്ല

“”ചേച്ചിയെന്താ എന്നെ കൂട്ടാതെ ഓടിയെ…”” അപ്പോഴേക്കും അമ്മു ഓടി കിതച്ച് എത്തിയിരുന്നു… വെപ്രാളത്തിൽ വക്കീലിനെ നോക്കിയപ്പോൾ എല്ലാം മനസിലായത് പോലൊരു ചിരി ഉണ്ടായിരുന്നു മുഖത്ത്…

“” മോളെ പുറത്ത് കൊണ്ട് പോയിക്കോട്ടെന്ന് ചോദിക്കാൻ വന്നതാ…”” അച്ഛൻ പറയുന്നത് കേട്ട് വക്കീലിനെ നോക്കിയപ്പോ കൈ കെട്ടി കാറിൽ ചാരി നിന്നു കേൾക്കുന്നുണ്ട്.

“”വേഗം വരണം… അമ്മുനേം കൂട്ടിക്കോ….””” നിറയെ കരുതലും സ്നേഹവു മായിരുന്നു അച്ഛന്റെ വാക്കുകളിൽ…. ആദ്യം ഷോപ്പിംഗ്…. വക്കീലിനെ അത്യാവശ്യം മുടിപ്പിച്ചു. കൂട്ടത്തിൽ വക്കീലിനും എടുത്തു കൊടുത്തു…

കടൽ കാറ്റ് ഞങ്ങളുടെ വസ്ത്രങ്ങൾ ഉലയ്ക്കാൻ മത്സരിക്കുണ്ട്.ഒരു വിരൽ അകലത്തിൽ വക്കീൽ വന്നു നിന്നു. അമ്മു തിരമാലയിൽ കളിക്കുകയാണ്… ഇടക്ക് ഞങ്ങളെ നോക്കുന്നുണ്ട്… അവൾ കൈ മാടി വിളിച്ചപ്പോൾ അവളുടെ അടുത്തേക്ക് പോവാൻ നോക്കിയതും കൈയിൽ പിടിച്ചു തടഞ്ഞു.എന്താ എന്ന അർത്ഥത്തിൽ വക്കീലിനെ നോക്കി.

“””ഇനിയൊരു തുറന്നു പറച്ചിലിന്റെ ആവശ്യമുണ്ടോ…???””” കണ്ണുകളിൽ നോക്കിയുള്ള ആ ചോദ്യം ഹൃദയ താളത്തിന്റെ വേഗത കൂട്ടുന്നതറിഞ്ഞു.ആ ചോദ്യത്തിൽ അവളോടായി പറയാൻ വെച്ചതെല്ലാല്ലാമുണ്ടായിരുന്നു

“”പൂജ….”””

മറുപടിയില്ലാതെ തല കുനിച്ചു നിൽക്കുന്നത് കണ്ട് പതിഞ്ഞ സ്വരത്തിൽ വിളിച്ചു… ഒപ്പം കൈകൾ ഒന്നു കൂടി ചേർത്ത് പിടിച്ചു..

“” എ.. എനിക്ക് സമയം വേണം…., “”

“”എത്ര….””

“”എന്റെ പപ്പേം അമ്മേം എന്നെ മനസിലാക്കുന്ന വരെ….പിന്നെ അച്ഛനോടും അമ്മയോടും സംസാരിക്കണം…””

“” നിനക്ക് ഉറപ്പുണ്ടോ നിന്റെ പപ്പേം അമ്മേം നിന്നെ മനസിലാക്കുമെന്ന്… “”

“”മ്മ്…..””

“”ഒക്കെ… പക്ഷെ… എനിക്കാ വിശ്വാസം ഇല്ലാതാവുന്ന ദിവസം നീ എന്റെ പെണ്ണായി എന്റെ വീട്ടിലുണ്ടാവും….”” അവളുടെ കൈകളിൽ പിടിച്ച് അടുപ്പിച്ചു നിർത്തി.പെട്ടെന്നുള്ള അവന്റെ ആ പ്രവർത്തിയിൽ ഞെട്ടി അവനെ നോക്കി. അവനും അവളെ തന്നെ നോക്കുകയായിരുന്നു.

“”ചേച്ചീ…”” അമ്മുവിന്റെ നീട്ടിയുള്ള വിളി കേട്ട് പെട്ടെന്ന് അവന്റെ അടുത്ത് നിന്നും മാറി നിന്നു.

“”എത്ര നേരായി ഞാൻ വിളിക്കുന്നു…”‘കൈയിൽ പിടിച്ചു വലിച്ചു അമ്മു കൊണ്ട് പോകുമ്പോൾ ഇടക്ക് അവനെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. ഇടക്ക് അവനും അവരോടൊപ്പം കൂടി..

വീട്ടിലെത്തിയതും അമ്മു വേഗമിറങ്ങി. ഇറങ്ങാനായി തുടങ്ങിയ പൂജയുടെ കൈയിൽ പിടിച്ചു തടഞ്ഞു.നെറ്റിയിൽ ചുണ്ടമർത്തി. കുറച്ചു സമയം അങ്ങനെ തന്നെ നിന്നു.

“”കാത്തിരിക്കും…”””

അവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു.

അവസാനിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *