നീ അവളെ സ്നേഹിക്കണ്ട.. പക്ഷേ അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. നിൻ്റെ കുഞ്ഞിന്….

മിഴിരണ്ടിലും

എഴുത്ത്:- ആതിര ആതി

അമ്മാവൻ്റെ കൂടെ എന്തോ കാര്യമുണ്ട് എന്ന് പറഞ്ഞു കോളജിൽ നിന്ന് തിരികെ വീട്ടിൽ എത്തുമ്പോൾ ,ഉയർന്നു കേൾക്കുന്ന അമ്മയുടെ കരച്ചിൽ ലച്ചുവിനെ ഭയപ്പെടുത്തി. എന്തോ അരുതാത്തത് സംഭവിച്ചു എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ച് നേരമായി. അമ്മാവൻ ആണെങ്കിൽ ഒന്നും പറയുന്നതും ഇല്ലായിരുന്നു. വീടിൻ്റെ പടിപ്പുര താണ്ടിയപ്പോൾ കണ്ടത്, വെള്ളപുതച്ച ശരീരവും തലയ്ക്ക് മീതെ ആളിക്കത്തുന്ന നിലവിളക്കും ആണ്.

അവളെ കണ്ടപാടെ അമ്മ എഴുന്നേറ്റ് ഓടി വന്നു കെട്ടിപിടിച്ച് അലമുറയിട്ടു..

” വിളിക്ക് ലച്ചു…അച്ഛനെ വിളിക്ക്..നീ വിളിച്ചാൽ എഴുന്നേൽക്കും..വിളിക്ക് മോളെ.. അമ്മ വിളിച്ചിട്ട് കേൾക്കാത്ത ഭാവത്തിൽ കിടക്കുക ആണ്..നീ വിളിക്ക് ..ഏറെ നേരം നിന്നെ പറ്റിക്കാൻ അച്ഛന് പറ്റൂല…വിളിക്ക്..വിളിക്ക്..”

അതും പറഞ്ഞു അമ്മ താഴേക്ക് വീണു. അവളാകട്ടെ, മൗനമായി ആ നിൽപ്പ് തുടർന്നു.

” മോളെ,നീ ഒന്ന് കരയുക എങ്കിലും ചെയ്യു.”

എല്ലാവരും പറയുന്നുണ്ട്. ലച്ചുവിന് ഒന്നും കേൾക്കാൻ തോന്നിയില്ല. ചേതനയറ്റ അച്ഛൻ്റെ ശരീരം അവൾക് വേദന മാത്രം നൽകി.കാണുന്നത് സത്യം ആവരുതേ എന്ന് പലവുരു മനസ്സിൽ പ്രാർത്ഥിച്ചു.

പുരയ്ക്കലെ മാവ് വെട്ടി അച്ഛനെ ചിതയിലേക്ക് എടുത്തപ്പോൾ ലച്ചൂ വാവിട്ട് നിലവിളിച്ചു..

” കൊണ്ടോകല്ലേ…..അച്ഛനെ കൊണ്ടൊകല്ലേ …അച്ഛൻ പോയിട്ടില്ല..”
കണ്ണുനീർ തുള്ളികൾ ചിതറുന്ന മിഴികളെ എല്ലാവരും വിഷമതയോടെ നോക്കി നിന്നു.

മണിക്കൂറുകൾ കഴിഞ്ഞു.വീട്ടിൽ അച്ഛൻ്റെ അനിയനും ഭാര്യയും ഉണ്ട്.അച്ഛൻ്റെ ഓർമകളെ ഉണർത്തുന്ന അന്തരീക്ഷത്തിൽ അമ്മയും അവളും ഒതുങ്ങി കൂടി

“”ലച്ചൂട്ടി….”” എന്ന അച്ഛൻ്റെ നീട്ടിയ വിളി ആ വീട്ടിൽ മുഴങ്ങുന്ന പോലെ അവൾക് തോന്നി.

എപ്പോഴോ കരഞ്ഞ് തളർന്ന് ലച്ചു ഉറക്കത്തിലേക്ക് വഴുതി വീണു. പാതിരാത്രി എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടു ഉണർന്നു നോക്കുമ്പോൾ ,നിലത്ത് ബോധമില്ലാതെ കിടക്കുന്ന അമ്മയെ ആണ് കണ്ടത്. ഉച്ചത്തിൽ അലറി വിളിച്ച് അവൾ ചെറിയച്ഛനെ നോക്കാൻ പോയി.

അവർ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി.വഴിയിൽ തടസ്സം ഉണ്ടായിരുന്നു. നേരം വൈകിയാണ് ആശുപത്രിയിൽ എത്തിയത്.ഡോക്ടർ നോക്കിയിട്ട് ഒരു ഭാഗം തളർന്ന് പോയി എന്ന് പറഞ്ഞപ്പോൾ,ശെരിക്കും തകർന്നത് ലച്ചു ആയിരുന്നു.

ഏറെ സ്നേഹിച്ച അച്ഛനും പോയി.അമ്മ തളർന്ന് പോയി.ഒരിക്കൽ പോലും അവർ അവളെ വിഷമിപ്പിച്ചിട്ടില്ല.എന്നും അച്ഛൻ പറയുമായിരുന്നു,” നിൻ്റെ മുഖം എപ്പോഴും ലക്ഷ്മി ദേവിയെ പോലെ വിളങ്ങുന്നത് ആവണം ,അതിനാണ് ഞങ്ങൾ നിനക്ക് ആ പേര് ഇട്ടതും.” എന്ന്.ഡിഗ്രീ അവസാന വർഷം ആണ്. പരീക്ഷയ്ക്ക് ഇനി ഒരു മാസം മാത്രം.പരീക്ഷണങ്ങൾ ജീവിതത്തിൽ തുടങ്ങി.ഇനി എന്ത്?

അവളുടെ ചിന്താമണ്ഡലത്തിൽ നൂറായിരം കാര്യങ്ങൾ മിന്നി മറഞ്ഞു.അച്ഛൻ്റെ ആഗ്രഹപ്രകാരം ഒരു ടീച്ചർ ആവണം.അതാണ് ഇനി അച്ഛനും അമ്മയ്ക്കും കൊടുക്കാൻ പറ്റിയ ഒരേയൊരു സന്തോഷം.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ,അമ്മയെ ഡിസ്ചാർജ് ചെയ്തു.മരണാന്തര ചടങ്ങുകൾക്ക് ശേഷം ലച്ചുവിനെ ചെറിയച്ഛൻ നിർബന്ധപൂർവം കോളജിൽ അയച്ചു.അപ്പോഴും വിധി അടുത്ത കരു നീക്കി തുടങ്ങി . ലച്ചുവിൻ്റെ അച്ഛൻ കടം വാങ്ങി ഒരു കട തുടങ്ങിയിരുന്നു. അയാൾ പോയപ്പോൾ, കടക്കാർ വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കി തുടങ്ങി .

കട അവർക്ക് വിറ്റു.ജീവിതം ആകെ വഴിമുട്ടി.പരീക്ഷയ്ക്ക് കഷ്ടപ്പെട്ട് ലച്ചു പഠിച്ചു. പരീക്ഷ കഴിഞ്ഞു.അവൾക് നല്ല മാർക്ക് ഉണ്ടായിരുന്നു എങ്കിലും തുടർന്ന് പഠിപ്പിക്കാൻ ആരും തയ്യാറായില്ല.

ഇനിയും അവരുടെ കാര്യം നോക്കാൻ ചെറിയമ്മ സമ്മതിച്ചില്ല.ലച്ചു അടുത്തുള്ള ഓഫീസിൽ ജോലിക്ക് പോയി തുടങ്ങി.വർഷം ഒന്ന് കടന്നു പോയി.അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി വാങ്ങുന്ന കടം വീണ്ടും പെരുകിയപ്പോൾ, വീടിൻ്റെ ആധാരം അവർ പണയപ്പെടുത്തി.ആകെ ഉള്ള സമ്പത്തും കൈവിട്ട് പോകുന്നത് കണ്ട് മിണ്ടാതെ ഇരിക്കാനെ അമ്മയ്ക്ക് പറ്റിയുള്ളു.

ആ സമയത്ത് ആണ്,ഒരു കൂട്ടർ ലച്ചുവിനെ പെണ്ണ് കാണാൻ വരുന്നു എന്ന് അറിഞ്ഞത്. ചെറിയച്ഛൻ തലേന്ന് രാത്രി വീട്ടിലേക്ക് വന്നു.

” മോളെ,നിന്നെ നല്ല രീതിയിൽ കല്യാണം കഴിച്ച് അയക്കാൻ ആഗ്രഹം ഇല്ലാതെ അല്ല,പക്ഷെ എൻ്റെ കൈയിൽ അത്രയ്ക്ക് സമ്പത്ത് ഇല്ല.ഇപ്പൊൾ നിനക്ക് വന്ന ആലോചന നല്ലത് ആണ്.അവർ നിന്നെ പഠിപ്പിക്കും,കടം ഒക്കെ തീർത്തോളാം എന്ന് വാക്ക് തന്നിട്ടുണ്ട്,അമ്മയെ നോക്കാൻ ആളെ വയ്ക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നിനക്ക് ഇഷ്ടം പോലെ ജീവിക്കാം.വലിയ പണക്കാർ ആണ്.”

” ചെറിയച്ഛ….ഇതിനൊക്കെ ഞാൻ എന്താണ് തിരിച്ച് ചെയ്യേണ്ടത്??” പക്വത നിറയുന്ന പോലെ അവളുടെ ചോദ്യം അയാളിൽ വിഷമം നിറച്ചു.

” അയാൾക്ക് ഒരു തവണ കല്യാണം കഴിഞ്ഞത് ആണ്. പ്രവാസി ആയിരുന്നു.ഒരു കുഞ്ഞും ആയി.പക്ഷേ, ആ പെൺകുട്ടിക്ക് വേറെ ഒരാളെ ഇഷ്ടമായിരുന്നു. അയാളുടെ കൂടെ അവൾ ഇറങ്ങി പോയി. അയാൾ നാട്ടിലേക്ക് വന്നു.ഉയർന്ന വിദ്യാഭ്യാസം ഉള്ളത് കൊണ്ട് ഒരു കോളജിൽ ലക്ചർ ആയി ജോലി കിട്ടിയിട്ടുണ്ട്.”

അയാളെ പറഞ്ഞ് മുഴുവൻ ആക്കാൻ ലച്ചു സമ്മതിച്ചില്ല. ” അയാളുടെ രണ്ടാം ഭാര്യ എന്ന പദവിയും കുഞ്ഞിനെ നോക്കാനും ഒരാൾ..അതല്ലേ..ആയ..അതിനു ഉള്ള പ്രതിഫലം..അല്ലേ ചെറിയച്ഛ…എനിക്ക് സമ്മതം ആണ്..ആർക്കും ബാധ്യത ആവാൻ ഞാൻ നിക്കില്ല..”

” മോളെ. …എനിക്ക്..”

അതൊന്നും കേൾക്കാൻ നിൽക്കാതെ ലച്ചു അകത്തേക്ക് കയറി പോയി. മൗനമായി അവളുടെ അമ്മ കണ്ണീർ വാർത്തു. അയാളും തിരികെ പോയി. മുറിയടച്ച് അച്ഛൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ ഇരുന്നു ലച്ചു മൗനമായി കണ്ണീർ വാർത്തു.

” അച്ഛാ…എനിക്ക് വയ്യ…അച്ഛൻ പോയതിൽ പിന്നെ അമ്മയും ഞാനും എല്ലാ വർക്കും ഭാരം ആണ്.ഇത് അച്ഛന് ഇഷ്ടം ആവില്ല എന്നറിയാം .പക്ഷേ, എനിക്ക് വേറെ വഴിയില്ല. ആ താലി എനിക്ക് കുരുക്ക് ആവുമോ എന്നും അറിയാൻ വയ്യ. അച്ഛൻ അനുഗ്രഹിക്കണം..”

പിറ്റേന്ന് രാവിലെ ലച്ചു കുളിച്ചൊരുങ്ങി ,അമ്പലത്തിലേക്ക് പോയി.നടയിൽ നിന്നു കള്ളകണ്ണനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി.

” എന്തിനാ കണ്ണാ..നീ ഇത്രയും പരീക്ഷിക്കുന്നത്? ഇനി ജീവിതം മുഴുവൻ പരീക്ഷണങ്ങൾ മാത്രമാണോ? ഏതായാലും നീ എൻ്റെ കൂടെ ഉണ്ടാവണം. തളരാതെ പിടിച്ച് നിൽക്കാൻ..”

തിരികെ വീട്ടിൽ എത്തുമ്പോഴേക്കും ചെറിയമ്മ കാത്തു നിൽക്കുന്നു ണ്ടായിരുന്നൂ.ഒരു പുഞ്ചിരി ചുണ്ടിൽ വിടർത്തി അവർ അവളെ ഉള്ളിലേക്ക് കൂട്ടി കൊണ്ടുപോയി.അമ്മയുടെ പഴയ കുറച്ച് ആഭരണങ്ങൾ അണിഞ്ഞു,ഒരു സാരി മനോഹരമായി ഉടുത്ത് തന്നു. ലച്ചു മനസ്സിൽ ചിന്തിച്ചു..” ബലിയാട് ആവാൻ പോകുന്നവൾക്ക് എന്തിനാണ് അലങ്കാരം..” പുച്ഛം അവളിൽ നിറഞ്ഞു.സങ്കടം കൊണ്ട് വീർപ്പുമുട്ടി എങ്കിലും അമ്മയുടെ മുന്നിൽ അഭിനയിക്കാൻ തന്നെ തീരുമാനിച്ചു. സന്തോഷവതി ആയി മൂടുപടം അണിഞ്ഞപോഴും അമ്മയിൽ എരിയുന്ന തീക്കനൽ അവളറിഞ്ഞൂ.

പത്ത് മണിയായപ്പോൾ , ആഡമ്പരമായ ഒരു കാർ വീടിന് മുന്നിൽ വന്നു നിന്നു. കാർ തുറന്ന് അടയുന്ന ശബ്ദം ലച്ചു റൂമിൽ നിന്ന് കേട്ടു.സാധാരണ പെൺ കുട്ടികളെ പോലെ ഒളിഞ്ഞുനോക്കാനൊന്നും അവൾക് തോന്നിയില്ല .വെറുതെ ഒരു ഭാര്യ പദവിക്ക് എന്തിനാണ് പ്രഹസനങ്ങൾ.

പെണ്ണുകാണൽ ചടങ്ങ് നടന്നു.ഐശ്വര്യമുള്ള അമ്മ ,സുമുഖനായ ചെറുപ്പ ക്കാരൻ ഒരു കുഞ്ഞു മോൻ മടിയിൽ ഉണ്ട്.ഇടയ്ക്ക് അവൻ കുസൃതി കാണിക്കുന്നുണ്ട്. ചായയും ആയി ചെന്നപ്പോൾ ,ഒരിക്കൽ അയാളെ നോക്കി.ഒരു ഭാവവും ഇല്ലാതെ ഇരിക്കുന്നു.മോൻ അവളെ കണ്ടപ്പോൾ ” മ്മ.. മ്മ..,” എന്ന് വിളിച്ച് എടുക്കാൻ കൈകൾ ഉയർത്തി.

കൈകളെ അയാൾ താഴ്ത്തി വിടുന്നുണ്ട്.പക്ഷേ,അവൻ കരയാൻ തുടങ്ങി.വേഗം ലച്ചു കൈയിൽ ഉള്ള ട്രെ തിരിച്ച് വച്ച് അവനെ എടുത്തു അകത്തേക്ക് നടന്നു. അവനോട് പെട്ടന്നാണ് കൂട്ടായത്. ഇരുവരും കട്ടിലിൽ ഇരുന്നു കളിക്കുമ്പോൾ, വാതിൽക്കൽ ഒരു ചുമ കേട്ടാണ് ലച്ചു തിരിഞ്ഞ് നോക്കിയത്.അയാളുടെ കണ്ണുകൾ തങ്ങളെ നോക്കി നിൽക്കുന്നത് കണ്ട് ,പതിയെ എഴുന്നേറ്റ് നിന്നു.

” അകത്തേക്ക് വരാമോ?” ഗാംഭീര്യത നിറഞ്ഞ ശബ്ദത്തോടെ അയാളത് ചോദിച്ചപ്പോൾ,ലച്ചു തലയാട്ടി.” ഇയാളോട് കാര്യം എല്ലാം പറയാം. എൻ്റെ പേര് രാഹുൽ എന്നാണ്.എനിക്ക് ഒരു കല്യാണം കഴിക്കാൻ മോഹം ഉണ്ടായിട്ട് അല്ല. എൻ്റെ അമ്മ മാത്രം വിചാരിച്ചാൽ ഇവനെ നോക്കാൻ പറ്റില്ല.അതുകൊണ്ടാണ് തീരുമാനം മാറ്റിയത്.ഇവനെ നോക്കണം.ബാക്കി ഇയാൾക്ക് എന്ത് വേണ മെങ്കിലും ചെയ്യാം.പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്.പഠിക്കാൻ പൊയ്ക്കോളൂ. ആ സമയം അമ്മ നോക്കും.പിന്നെ,എന്നിൽ നിന്ന് വേറെ ഒന്നും പ്രതീക്ഷിക്കരുത്. സമ്മതം ആണെങ്കിൽ ആലോചിച്ച് വിളിച്ച് പറയൂ.”

ഒരു ഭാവവ്യത്യാസവുമില്ലാതെ തന്നെ നോക്കി നിൽകുന്ന ലച്ചു അയാളിൽ അത്ഭുതം ഉണ്ടാക്കി.” എനിക്ക് സമ്മതം.ഒന്നും ചിന്തിക്കാൻ ഇല്ല.” അവളുടെ ഉറച്ച തീരുമാനം കേട്ട് നിശ്ശബ്ദനായി കുഞ്ഞിനെയും എടുത്ത് അയാൾ നടന്നകന്നു. കുഞ്ഞ് അവളെ നോക്കി പുഞ്ചിരിച്ചു.

കുറച്ച് നാളുകൾക്ക് ഉള്ളിൽ തന്നെ കല്യാണം തീരുമാനിച്ചു.കതിർമണ്ഡപത്തിൽ വച്ച് അയാളുടെ കൈകളിൽ പിടിച്ച് വലം വച്ചപ്പോൾ അവളിൽ തീ എരിഞ്ഞു. മനസ്സ് നീറി പുകഞ്ഞു.ഇനിയുള്ള ജീവിതം അവൾക് മുന്നിൽ ചോദ്യചിഹ്നം ആയി അവശേഷിച്ചു.

അമ്മയെ നോക്കാൻ ഒരാളെ ഏൽപിച്ചിരുന്നു രാഹുൽ.അങ്ങനെ അമ്മയെ പിരിഞ്ഞു പോകും നേരം കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു.കാറിൽ അയാൾക് അരികിൽ ഇരുന്നപ്പോൾ ,കുഞ്ഞിനെ മടിയിൽ വച്ച് തന്നു.” ഇവൻ്റെ പേര് എന്താ?” രൂക്ഷമായി തന്നെ നോക്കുന്ന രാഹുലിനെ നോക്കി അവൾ ചോദിച്ചു…” എന്താ ..പേര് പറയാൻ പറ്റില്ലേ? അതൊന്നും അന്ന് പറഞ്ഞില്ലാലോ?മിണ്ടില്ല എന്നൊന്നും?”

അവളുടെ ചോദ്യം അവനിൽ ചിരി ഉണർത്തി എങ്കിലും പുറത്ത് കാണിക്കാതെ ഗൗരവത്തോടെ ” ആദി ..ആദികേശവ്.” എന്ന് പറഞ്ഞു.

അവരുടെ ചിരികളികൾ അവനിൽ സന്തോഷം നിറച്ചു. ആ വീടിന് മുന്നിൽ എത്തിയപ്പോൾ ലച്ചു ആകെ സ്തബ്ദയായി.അത്രയും വലിയ വീട്.മുറ്റം നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം.മാവും പ്ലാവും ഒക്കെ മതിലിനു അരികിലായി നിൽക്കുന്നുണ്ട്.ആകെ ഒരു സുഖം ഉണ്ട് കാണുമ്പോൾ.അവൾക് ആ വീടും പരിസരവും ഒരുപാട് ഇഷ്ടമായി.

അങ്ങോട്ട് നിലവിളക്ക് എടുത്ത് കയറുമ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞു. ഭഗവാൻ്റെ മുന്നിൽ വിളക്ക് വച്ച് തിരിഞ്ഞപ്പോൾ ,അമ്മ ചിരിച്ച് കൊണ്ട് നിൽക്കുന്നുണ്ട്.അയാളുടെ അമ്മ..സാവിത്രി അമ്മ. അമ്മ അവളെ വീട് മുഴുവൻ ചുറ്റി കാണിച്ചു.പിന്നെ അവളെ കൂട്ടി കൊണ്ട് റൂമിലേക്ക് നടന്നു. വാതിൽ കുറ്റിയിട്ടു എന്നിട്ട് പറഞ്ഞു തുടങ്ങി.

” മോളെ,നീ അറിഞ്ഞു കൊണ്ട് കുരുക്കിൽ വീണത് ആണെന്ന് അമ്മയ്ക്ക് അറിയാം.അവൻ പാവം ആണ്.പക്ഷേ,അവൻ്റെ മുൻഭാര്യ അവനോട് ചെയ്ത കാര്യങ്ങളെ മറക്കാൻ കഴിയാത്ത കൊണ്ടാണ് ഇങ്ങനെ ഉള്ള പെരുമാറ്റം . മോൾ വേണം അതൊക്കെ ശരിയാക്കാൻ.കുറച്ച് സമയം എടുക്കും. പക്ഷേ,ശരിയാവും. നീ അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് അമ്മയ്ക്ക് പ്രതീക്ഷ ഉണ്ട്..”

നിറഞ്ഞ കണ്ണുകൾ തുടച്ച് അവർ അവളെ പുൽകി.അവരുടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ മനസ്സ് കലുഷിതമായിരുന്നു.

” എന്താണ് ചെയ്യേണ്ടത്? അയാളെ സ്നേഹിക്കണോ?അതിനു എനിക്ക് അയാളോട് ഇഷ്ടം ഉണ്ടോ?” ഓരോന്ന് ആലോചിച്ച് മുറിയിൽ എത്തിയപ്പോൾ, രാഹുൽ കട്ടിലിൽ ഇരിക്കുന്നത് കണ്ടു.പരുങ്ങുന്ന അവളെ കണ്ടപ്പോൾ,അവന് ചിരി വന്നു.

” ടോ..താൻ എന്താ പരുങ്ങുന്നെ?? ഇങ്ങോട്ട് വന്നേ..”

അനുസരണയോടെ അവൾ അയാൾക് മുന്നിൽ പോയി നിന്നു.കട്ടിലിൽ വച്ചിരുന്ന ഒരു കവർ എടുത്ത് അയാൾ അവൾക് നേരെ നീട്ടി.വിറയ്ക്കുന്ന കൈകളോടെ അതവൾ വാങ്ങി.എന്നിട്ട് അയാളെ നോക്കി.

” തുറന്ന് നോക്ക്..”

അത് തുറന്ന് നോക്കിയപ്പോൾ, അവൾ അതിശയിച്ചു.എം എസ് സി ക്ക് ഉള്ള അഡ്മിഷൻ ശരിയാക്കിയ പേപ്പർ ആയിരുന്നു.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.

” താങ്ക്സ് ഏട്ടാ..”

” അയ്യോട.. അതേ…തന്നോട് ഉള്ള സ്നേഹം കൊണ്ടൊന്നും അല്ല..അതൊന്നും വിചാരിക്കേണ്ട..എൻ്റെ മോനെ നോക്കാൻ വന്ന നിനക്ക് ഒരു പാരിതോഷികം ..അത്രേയുള്ളൂ…”

” അതിനു ഞാൻ അല്ല എന്ന് പറഞ്ഞില്ലല്ലോ…ഇയാളെ പോലെയുള്ള കാട്ടു പോത്തിനൊന്നും സ്നേഹവും മനസ്സും ഒന്നും ഇല്ല എന്ന് എനിക്ക് നന്നായിട്ട് അറിയാട്ടോ..”

” ഈ ക്ലീഷെ കുറെ ഞാനും വായിച്ചിട്ടുണ്ട്..ഈ തീക്കനൽ ഞാൻ ഐസുകട്ട ആക്കും.എനിക്ക് ഇഷ്ടമാ ഈ കാട്ടുമാക്കാനെ…” ലച്ചു മനസ്സിൽ വിചാരിച്ചു നടന്നു.

അതും പറഞ്ഞു തിരിഞ്ഞ് നടക്കുന്ന അവളെ അവൻ അന്ധാളിച്ചു നോക്കി.

” ദൈവമേ .. ഇത് ഇത്രേം വീര്യം കൂടിയ ഇനമാണോ?? ഞാൻ തൊട്ടാവാടി ആണെന്ന് കരുതി.. ചതിച്ചോ? കുട്ടിച്ചാത്തൻ..അല്ല . അവളെങ്ങനെ ആയാൽ എനിക്ക് എന്താ…അല്ലേ..”

” ടോ..നാളെ കഴിഞ്ഞ് കോളേജിൽ പോക്കോ ട്ടോ ക്ലാസ്സ് തുടങ്ങും…പിന്നെ.. വേണേൽ ബസ്സ് കയറി പോയാൽ മതി..കാറിൽ ഒന്നും പോയിവരാൻ പറ്റില്ല..”

” അഹ്..അതിനു ഇങ്ങേരുടെ കാർ ഞാൻ ചോദിച്ചില്ല…എനിക്ക് ബസ്സ് സ്റ്റോപ് പറഞ്ഞ് തന്നാൽ മതി.ഇത്രയും കാലം കാറിൽ പോയിട്ട് മടുത്ത്..”

” ദേ .പെണ്ണേ..നിനക്ക് നാക്ക് ഇത്തിരി നീളം കൂടുന്നുണ്ട്..”

” അതിനു ഇയാള് വന്നപ്പോ അളന്ന് നോക്കണം എന്ന് പറഞ്ഞില്ലലോ”

” നമിച്ച്…ഞാൻ പോകുന്നു..”.

അതും പറഞ്ഞു താഴേക്ക് പോകുന്ന അവനെ നോക്കി അവൾക് ചിരി വന്നു. ഇത്തിരി മയപെടുത്തണം.അഹ് ..നോക്കട്ടെ… മനസ്സിൽ വിചാരിച്ച് അലമാരയിൽ തുണികൾ അടുക്കി തുടങ്ങി.

അപ്പോഴാണ് മോനെയും എടുത്ത് രാഹുൽ വന്നത്.അവളെ കണ്ടപാടെ അവൻ്റെ കൈയിൽ നിന്നും അവളോട് എടുക്കാൻ അവൻ ആംഗ്യം കാണിച്ചു. സ്നേഹത്തോടെ അവളവനെ എടുത്തു.കവിളിൽ ചുംബിച്ചു.

അങ്ങനെ അന്ന് രാത്രി മോനെയും കെട്ടിപിടിച്ച് ഉറങ്ങുന്ന അവളെ വെറുതെ അയാൾ നോക്കി കിടന്നു.വാത്സല്യം നിറയുന്ന മുഖം.ഇവൾക്ക് എത്ര വേഗം ആണ് എൻ്റെ കുഞ്ഞിനെ ഇഷ്ടം ആയത്.അവനും അതെ.ഇവളെ കണ്ടത് മുതൽ എന്നെ വേണ്ട എന്ന് ആയിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ, കോളജിലേക്ക് പോകാൻ ഒരുങ്ങുന്ന ലച്ചുവിനെ കണ്ടിട്ട് ആണ് രാഹുൽ കയറിവന്നത്.

” അതേയ്…എനിക്ക് കുറച്ച് പൈസ വേണം.ബസിൽ അല്ലേ പോകുന്നത്. എന്തെങ്കിലും കൈയിൽ വേണ്ടെ? എൻ്റെ കൈയ്യിൽ ഒന്നുമില്ല…”

രാഹുൽ അത് കേട്ട് പാട്ട് പാടുന്ന കേട്ട് അവൾക് ദേഷ്യം വന്നു.. ” എൻ്റെ കൈയിൽ ഒന്നൂല്ല…എൻ്റെ കൂടെ ആരൂല്ലാ..എൻ്റെ കൈയ്യിൽ ഒന്നൂല്ലെങ്കിലും…ലാ..ല…ല …”

” കളിയാക്കിക്കോ…കാശിൻ്റെ പട്ടുമെത്തയിൽ കിടക്കുന്ന നിങ്ങൾക്ക് അതില്ലാതെ ആവുമ്പോൾ ഉള്ള വിഷമം അറിയില്ല..”

കണ്ണ് തുടച്ച് നടന്നു പോകുന്ന അവളെ നോക്കി അവൻ സ്വയം തലയ്ക്ക് കിഴുക്കി. മനസ്സിൽ ഉരുവിട്ടു..

” വിഷമിപ്പിക്കാൻ പറഞ്ഞതല്ല ടോ….”

താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ അമ്മ അവളുടെ കൂടെ നിൽക്കുന്നുണ്ട്.അവനെ കണ്ടതും അമ്മ പറഞ്ഞു…

” നീ അവളെ സ്നേഹിക്കണ്ട..പക്ഷേ,അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. നിൻ്റെ കുഞ്ഞിന് വേണ്ടി ആണ് അവൾക് ഈ വേഷം കെട്ടെണ്ടി വന്നത്.പിന്നെ,നമ്മൾ അവളെ വിലയ്ക്ക് എടുത്തത് ആണെന്ന് ഉള്ള വിചാരം നിനക്ക് ഉണ്ടെങ്കിൽ അത് വേണ്ട.ഇവളുടെ കഷ്ടപ്പാട് അറിഞ്ഞിട്ട് തന്നെ ആണ് കൂടെ കൂട്ടിയത്.പിന്നെ, രണ്ടാംകെട്ട് ആയത് …അത് അവളുടെ യോഗം. മാറ്റ മായിരുന്നു.. പക്ഷേ ,ഇവളുടെ വീട്ടുക്കാരുടെ കഷ്ടപ്പാട് ഇങ്ങനെ എത്തിച്ചു. ഇനിയും ഇവളെ വിഷമിപ്പിക്കാൻ ആണ് ഭാവമെങ്കിൽ എൻ്റെ തനിസ്വഭാവം ഞാൻ പുറത്തെടുക്കും.ഇതെൻ്റെ മോൾ ആണ്. നീ ഇവളെ കോളജിൽ കൊണ്ട് ആക്ക്.. പോകുന്ന വഴിയിൽ ഇവളുടെ വീട്ടിൽ കയറണം.മനസ്സിലായല്ലോ…”

ഒന്നും മിണ്ടാതെ രാഹുൽ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി.പിന്നെ ലച്ചുവിനെ നോക്കി പറഞ്ഞു..

” ഒരുങ്ങി കഴിഞ്ഞാൽ നമുക്ക് ഇറങ്ങാം..”

ഒരു അത്ഭുതത്തോടെ അവൾ അവനെ നോക്കി.എന്നിട്ട് പൂജാ മുറിയിൽ പോയി ഭഗവാനെ പ്രാർത്ഥിച്ചു, സാവിത്രി അമ്മയുടെ കാൽ തൊട്ട് വണങ്ങി,ഇറങ്ങി. കാറിനുള്ളിൽ അവൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു.

യാത്രയിൽ ഉടനീളം മൗനം ആയിരുന്നു.ഇടയ്ക്ക് അവളെ അവൻ നോക്കി. സിന്ദൂരം ചാർത്തിയിട്ടില്ല,താലി ആരും കാണാത്ത രീതിയിൽ ഉള്ളിലേക്ക് ഇട്ടിട്ടുണ്ട്. അവളുടെ വീട്ടിനു മുന്നിൽ കാർ നിർത്തി.

” ഇറങ്ങൂ…. നമ്മൾ തമ്മിൽ ഇപ്പോഴും ഒരു ബന്ധവും ഇല്ല എന്ന് എൻ്റെ അമ്മയ്ക്ക് തോന്നരുത്.ഇനി എനിക്ക് ആകെ എൻ്റെ അമ്മ മാത്രമേ ഉള്ളൂ.അവരെ നോവിക്കാൻ വയ്യ..”

മറുവാക്ക് പറയാതെ കാറിൽ നിന്ന് രാഹുൽ ഇറങ്ങി.അവർ മുന്നിൽ വന്നത് കണ്ടപ്പോൾ ഗൗരിയമ്മ ( അമ്മയെ നോക്കാൻ ഏൽപിച്ച സ്ത്രീ) ഉള്ളിലേക്ക് കയറി പോയി, പതുക്കെ അമ്മയെയും കൂട്ടി പുറത്തേക്ക് വന്നു.അമ്മ അവരെ ഉള്ളിലേക്ക് വിളിച്ചു.

ലച്ചു ഓടി ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു..

” അമ്മേ..എനിക്ക് രാഹുലേട്ടൻ കോളജിൽ അഡ്മിഷൻ ശരിയാക്കി.ഞാൻ ഇന്ന് മുതൽ പഠിക്കാൻ പോവുന്നു.. അമ്മ എന്നെ അനുഗ്രഹിക്കണം..”

” അറിയാം മോളെ,മോൻ വിവാഹദിവസം തന്നെ നിൻ്റെ സർട്ടിഫിക്കറ്റ് ചോദിച്ച് വാങ്ങിയിട്ട് ആണ് ഇവിടെ നിന്ന് പോയത്..”

ആശ്ചര്യത്തോടെ ലച്ചു അവനെ നോക്കിയപ്പോൾ ,ചെറു പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടു. അത് കണ്ട് അമ്മ തുടർന്നു..

” നിനക്ക് ഒരു സർപ്രൈസ് തരാൻ ആണെന്ന് പറഞ്ഞപ്പോ അമ്മയും മറച്ച് വച്ചു…”. അവൾക് എന്തോ സന്തോഷം തോന്നി.

” ടോ ..സമയം വൈകുന്നു..പോകാം..അമ്മേ ഞങ്ങൾ ഇറങ്ങട്ടെ…ഒഴിവ് പോലെ വേറൊരു ദിവസം വരാം.” രാഹുൽ അമ്മയുടെ കാൽ പിടിച്ച് കാറിൽ കയറി.അമ്മ അവർ പോകുന്നത് നോക്കി സന്തോഷിച്ചു.അവർ ഭർത്താവിൻ്റെ ഫോട്ടോയിൽ നോക്കി നെടുവീർപ്പിട്ടു.ഒരു കണ്ണുനീർ തുള്ളി താഴെ വീണു ചിതറി.

അവളെയും കൂട്ടി കോളജിൽ കൊണ്ടുപോയി വിട്ടു.

” ഓൾ ദി ബെസ്റ്റ്.. പിന്നെ ഇതാ തനിക്ക് ഒരു മൊബൈൽ ഫോൺ.ഇത് ഇല്ല എന്ന് അറിയാമായിരുന്നു. അതാണ് ഒന്ന് വാങ്ങിയത്.ഫോൺ നമ്പറുകൾ സേവ് ചെയ്തു വച്ചിട്ടുണ്ട്..”അതും പറഞ്ഞു കാറിൽ തിരിച്ച് പോകുന്ന അവനെ ലച്ചു നോക്കി നിന്നു.

പരസ്പരം പറഞ്ഞില്ല എങ്കിലും അവരുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടു തുടങ്ങി.

കോളജിൽ പോയി തുടങ്ങി എങ്കിലും കുഞ്ഞിൻ്റെ കൂടെ അവൾക്ക് സമയം കണ്ടെത്താൻ കഴിഞ്ഞു.അവൻ ഉറങ്ങിയതിന് ശേഷം ആയിരുന്നു അവൾ പഠിച്ചത്. അവരുടെ സ്നേഹം നിറയുന്ന വീട്.. ദിവസങ്ങൾ കടന്നു പോയി. അന്നാണ് പുതിയ ഒരു സാർ വരുന്നുണ്ട് എന്ന് അറിഞ്ഞത്. പുതിയ സർ കയറി വന്നപ്പോൾ അവൾക് അൽഭുതം ..

” രാഹുലേട്ടൻ..” പതിയെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…

അയാൾക് ഈ കോളജിൽ ആണ് ജോലി എന്ന് അവൾക് അറിയില്ലായിരുന്നൂ. അമ്മയും പറഞ്ഞില്ല. ലച്ചു അയാളെ നോക്കി എങ്കിലും മുൻപരിചയം ഇല്ലാത്ത പോലെ അവൻ കാണിച്ചു..

അതിനു ഒന്നും അവൾക് പരിഭവം ഉള്ളത് പോലെ കാണിച്ചതും ഇല്ല.അങ്ങനെ പല രാവുകളും പകലുകളും കടന്നുപോയി.ലച്ചു ബസ്സിൽ തന്നെയാണ് പോകുകയും തിരികെ വരുകയും ചെയ്തത്. സാവിത്രി അമ്മയ്ക്ക് അതിൽ പരാതി ഉണ്ടായിരുന്നു എങ്കിലും ലച്ചു അതിനെ കുറിച്ച് കാര്യമാക്കേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു.കോളെജിലെ പല പെൺകുട്ടികളും രാഹുലിനെ കുറിച്ച് പറഞ്ഞ് പ്രണയഭരിതർ ആവുമ്പോൾ ലച്ചുവിൻ്റെ ഉള്ളിൽ കുശുമ്പ് നിറയും. എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവളും നടന്നു. ചില ആൺ കുട്ടികൾ ലച്ചുവിൻ്റെ പിന്നാലെ നടക്കുന്ന കാണുമ്പോൾ ,രാഹുലിനും ദേഷ്യം വരാറുണ്ട്.ഇരുവരും തമ്മിൽ പറയാറില്ല എന്ന് മാത്രം…

ലച്ചുവിൻ്റെയും ആദിയുടെയും കളിച്ചിരികൾ കൊണ്ട് ആ വീടുണർന്നു. പൂന്തോട്ടത്തിൽ അവനെയും എടുത്ത് അവൾ നടക്കുമ്പോൾ അവൻ വെറുതെ അവരെ നോക്കി നിൽക്കും.ശരിക്കും ആദിയുടെ അമ്മ എന്നെ ആരും പറയൂ. അത്ര ചേർച്ച ഉണ്ടായിരുന്നു അവർ തമ്മിൽ. ആദിക്കും അവളെ ഒരുപാട് ഇഷ്ടമാണ്,അവൾക്ക് തിരിച്ചും.

വിധിയുടെ പരീക്ഷണം അവസാനിച്ചില്ല. ഒരു ദിവസം കോളേജിൽ എത്തിയെങ്കിലും രാഹുൽ വന്നില്ല.കുറെ നേരം കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ സാവിത്രി അമ്മ വിളിച്ചു.

” മോളെ, നീയൊന്നു വേഗം എ കെ ജി ഹോസ്പിറ്റൽ വരെ വരാമോ? “

” എന്താ അമ്മേ? എന്ത് പറ്റി?”

” മോളെ നീ വേഗം വാ… എന്നിട്ട് പറയാം..”

അതിവേഗം ആശുപത്രിയിൽ എത്തുമ്പോൾ കരഞ്ഞു തളർന്ന കുഞ്ഞിനെയും എടുത്ത് കണ്ണീർ വാർക്കുന്ന സാവിത്രിയമ്മയെ അവൾ കണ്ടു. “മോളെ,അവന്…അവന് ചെറിയൊരു ആക്സിഡൻ്റ്..കാലു രണ്ടും ഒടിഞ്ഞു.ബൈക്കിൽ കാർ വന്ന് ഇടിച്ചതാണ്..”

വേഗം മുറിയിലേക്ക് പോയി നോക്കുമ്പോൾ രാഹുൽ നല്ല മയക്കത്തിൽ ആണ്. പതിയെ അവൻ്റെ നെറ്റിത്തടത്തിൽ അവൾ ചുംബിച്ചു.ആദ്യ ചുംബനം…കണ്ണുകൾ നിറഞ്ഞ് തുളുമ്പി.

പിന്നീടുള്ള ഓരോ ദിവസവും അവൾ അവന് വേണ്ടി എല്ലാം ചെയ്തു.അവൻ്റെ ഭക്ഷണം,കുളി എല്ലാം അവൾ കൂടെ നിന്ന് ചെയ്തു കൊടുത്തു.അവളുടെ സാമീപ്യം രാഹുലിന് ഒരുപാട് മാറ്റം സൃഷ്ടിച്ചു.ഒരു നിമിഷം പോലും അവൾ ഇല്ലാതെ അവന് പറ്റില്ല എന്ന അവസ്ഥ ആയി എങ്കിലും തുറന്ന് പറയാൻ മനസ്സ് സമ്മതിച്ചില്ല.

ഒരിക്കൽ അവൻ അവളോട് പറഞ്ഞു ” അതേയ്..ഇതൊക്കെ ചെയ്താൽ ഞാൻ തന്നെ സ്നേഹിക്കും എന്നാണോ വിചാരം?””

“അയ്യോ..അങ്ങനെ ഒരു വിചാരവും ഇല്ല.എൻ്റെ കടമ..അത് മാത്രമേ ചെയ്യുന്നുള്ളൂ. ഇതൊക്കെ ചെയ്തു എന്ന് കരുതി ദിവ്യപ്രേമം ആണെന്ന് ഏട്ടനും വിചാരിക്കേണ്ട കേട്ടോ..”

അവളുടെ മറുപടി അവനിൽ വേദന ഉണ്ടാക്കി.അതവൾ മനസ്സിലാക്കി എടുക്കുകയും ചെയ്തു.ഇരുവരും മൗനമായി പ്രണയിച്ച് കൊണ്ടിരുന്നു.. രാഹുൽ സുഖം പ്രാപിച്ചു. കുറച്ച് ദിവസമായി അവൻ അവളോട് അകന്ന് മാറുന്ന പോലെ ലച്ചുവിന് തോന്നി. കോളജിൽ പതിവ് അവഗണന,രാത്രി വളരെ വൈകി ആണ് വരുന്നതും.എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൂട്ടി ആദിയെയും കളിപിച്ച് ദിവസങ്ങൾ തള്ളി നീക്കി.

ഇനിയും മിണ്ടാതെ ഇരുന്നാൽ ശരിയാവില്ല എന്നവൾക് തോന്നി. അന്നും രാത്രി വൈകിയാണ് അവൻ എത്തിയത്. റൂമിൽ കയറുമ്പോൾ ലച്ചു എന്തോ ചിന്തിച്ച് കൊണ്ട് ഇരിക്കുന്നത് ആണ് കണ്ടത്.

” എന്താണ് ഇത്ര വലിയ ആലോചന..?”

” അഹ്..എന്നെ അറിയുമോ..ഞാൻ കരുതി അറിയില്ല എന്ന്..”

” എന്തിനാ അറിഞ്ഞതായി ഭാവിക്കുന്നത്..താലി പോലും പുറത്ത് കാണിക്കാൻ ആഗ്രഹമില്ലാത്ത താൻ പിന്നെ എന്തിനാ ഇതൊക്കെ അറിയുന്നത്??”

ഒന്നും മിണ്ടാതെ അവൾ താഴേക്ക് പോയി.മോൻ്റെ കൂടെ കളിക്കാൻ തുടങ്ങി. അവളിൽ എന്തൊക്കെയോ സങ്കടം തോന്നി.മനസ്സിൽ നീറ്റൽ ഉണ്ടായി.അവൻ്റെ മനസ്സിൽ എന്താണ് എന്ന ചിന്ത അവളിൽ തികട്ടി തികട്ടി വന്നു.. അന്ന് രാത്രി അവൾ അവനോട് ചോദിച്ചു..

” നാളെ നമുക്ക് ഒന്ന് ബീച്ചിൽ പോകാൻ പറ്റുമോ..? എനിക്ക് കാണാൻ ഒരാഗ്രഹം..ബുദ്ധിമുട്ട് ഇല്ലെങ്കിൽ..”

” പോകാം”

അങ്ങനെ പിറ്റേന്ന് അവർ മോനെയും കൊണ്ട് ബീച്ചിൽ പോയി.മൗനമായി കുറേ നേരം കടൽതീരത്ത് ഇരുന്നു. കുറെ നേരം ആയപ്പോൾ , ലച്ചു മൗനം ഭേദിച്ച് പറഞ്ഞ് തുടങ്ങി..

” രാഹുലേട്ടാ…എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്..എന്നെ നിങ്ങൾക്ക് ഇഷ്ടമാവുമ്പോൾ മാത്രം സ്വീകരിച്ചാൽ മതി.പക്ഷേ,വേദനിപ്പിക്കരുത്.. സഹിക്കാൻ കഴിയുന്നില്ല..പ്ലീസ്..”

പറഞ്ഞ് തീരും മുമ്പേ അവളുടെ കൈകൾ അവൻ ഗ്രഹിച്ചു.ഞെട്ടികൊണ്ട്
ലച്ചു രാഹുലിനെ നോക്കി.പുഞ്ചിരിയോടെ ആ കൈകളിൽ അവൻ ചുംബിച്ചു..

” ടോ..താൻ ആദ്യം വർക് ചെയ്യാൻ വന്ന കമ്പനി എൻ്റെ തന്നെ ആണ്.അവിടെ നിന്നാണ് തന്നെ കാണുന്നതും തന്നെക്കുറിച്ച് അറിയുന്നതും.ഒരുപാട് ഇഷ്ടമാണ് ടോ തന്നെ..പക്ഷേ,മനസ്സ് അംഗീകരിക്കാൻ സമ്മതിച്ചില്ല..പക്ഷേ, തൻ്റെ കുറുമ്പും മോനോടുള്ള സ്നേഹവും കണ്ട് തന്നെ ഇനിയും മാറ്റി നിർത്താൻ എനിക്ക് കഴിയില്ല..എൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ എന്നെ ഒരുപാട് തളർത്തി. അവൾക്ക് വേണ്ടി ആണ് ഞാൻ പ്രവാസ ജീവിതത്തിലേക്ക് പോയത്.ഓരോ ആഗ്രഹവും സാധിച്ച് കൊടുത്തു.വേണ്ടുവോളം പണം നൽകി.പക്ഷെ,എൻ്റെ കുഞ്ഞിനെ പോലും ഉപേക്ഷിച്ച് പഴയ കാമുകൻ്റെ കൂടെ പോയപ്പോൾ ഞാൻ തകർന്നു.അവൾക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എന്തിന് എന്നെ കല്യാണം കഴിച്ചു? മോനെ പ്രസവിച്ചു..? സ്നേഹം കൊണ്ട് മൂടിയിട്ടും എന്നെ മനസ്സിലാക്കിയില്ല..?

നീ എൻ്റെ മനസ്സ് കീഴടക്കി.നിൻ്റെ സ്നേഹം കൊണ്ടും പരിചരണം കൊണ്ടും തീർത്ത ചങ്ങലയ്ക് ഉള്ളിൽ ഞാൻ ബന്ധിക്കപ്പെട്ടു..എനിക്ക് ഈ ജീവിതം മുഴുവൻ നിന്നെ സ്നേഹിക്കണം.മരണത്തിൽ പോലും നിന്നെ കൈവിടാൻ എനിക്കാവില്ല.. നമ്മുടെ മോൻ നിനക്ക് ഒരു ബാധ്യത ആവില്ല എന്ന് ഞാൻ വിചാരിക്കുന്നു..”

അത് പറഞ്ഞതുo ലച്ചു അവൻ്റെ വായ അടച്ച് പിടിച്ചു.പൊട്ടിക്കരയുന്ന അവനെ അവൾ ചേർത്ത് പിടിച്ചു.അവളുടെ തോളിൽ ഒരു കൊച്ച് കുഞ്ഞിനെ പോലെ കിടന്ന് കരഞ്ഞു.മനസ്സ് മുഴുവൻ സ്നേഹം അവൾ അവനായി കൊടുത്തു.. മോൻ അവളുടെ കൈയിൽ ഇരുന്നു ചിരിച്ചു.രാഹുലിൻ്റെ നെറ്റിയിൽ ആ കുഞ്ഞ് ചുംബിച്ചു.. അവിടെ തുടങ്ങി അവരുടെ ജീവിതം.. കളിയും ചിരിയും വഴക്കും നിറഞ്ഞ ജീവിതം..

രാത്രി അവൻ അവളിൽ പടർന്ന് കയറി.തളർന്നുറങ്ങുന്ന അവൻ്റെ നെഞ്ചില് തലചായച്ച് അവളും. കൂട്ടിനായി ആദിയും…

ഇനി അവരായി അവരുടെ പാടായി..

അവസാനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *