അത്തറ് കുപ്പി
എഴുത്ത്:- ഹക്കീം മൊറയൂർ
ഈ അത്തറു കുപ്പി കാണുമ്പോഴൊക്കെ എനിക്ക് ആ അത്തറ് കച്ചോടക്കാരനെ ഓർമ വരാറുണ്ട്.
നോമ്പ് തുടങ്ങുന്നതിനും ഒന്ന് രണ്ടാഴ്ച മുൻപാണ് അയാൾ കടയിലേക്ക് കയറി വന്നത്.
കച്ചോടം ഒട്ടുമില്ലാത്ത പഞ്ഞ മാസം. കൊറോണയും ഇലക്ഷനുമൊക്കെയായി കടയിൽ തീരെ ആളില്ല. ഉച്ച വരെ ആകെ മുന്നൂറോ അഞ്ഞൂറോ രൂപ മാത്രമാണ് പെട്ടിയിൽ വീണത്. കൂടെയുള്ള ഒരാൾ നിസ്കരിക്കാനും മറ്റെയാൾ ഊണ് കഴിക്കാനും പോയ സമയത്താണ് അയാൾ അത്തറ് പെട്ടിയുമായി വന്നത്.
അയാളെ എനിക്ക് നേരിയ മുഖപരിചയം ഉണ്ടായിരുന്നു. ഒരു കച്ചവടവും നടക്കാത്ത നേരത്തുള്ള അയാളുടെ വരവിൽ എനിക്കല്പം നീരസം തോന്നി.
‘അത്തറ് വേണോ ‘?.
പുഞ്ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു. വേണ്ടെന്നു പുഞ്ചിരിച്ചു കൊണ്ട് ഞാനും മറുപടി പറഞ്ഞു. യഥാർത്ഥത്തിൽ ഞാൻ അത്തർ ഉപയോഗിക്കാറില്ല. ഇനി ഉപയോഗിച്ചാലും പത്തോ നൂറോ കൊടുത്ത് അത്തർ വാങ്ങി ഉപയോഗിക്കാൻ പറ്റിയ സാമ്പത്തിക സ്ഥിതിയിലും അല്ല ഞാൻ.
ഞാൻ വാങ്ങില്ലെന്നു പറഞ്ഞിട്ടും നേരിയ ഒരു പ്രതീക്ഷയോടെ അയാൾ രണ്ട് മൂന്ന് കുപ്പി തുറന്നു എന്നെ കാണിക്കാൻ ശ്രമിച്ചു. സ്നേഹത്തോടെ ഞാൻ അതും നിരസിച്ചു.
എനിക്ക് സത്യത്തിൽ ഉള്ളിന്റെയുള്ളിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു. നൂറു കൂട്ടം പ്രശ്നങ്ങളിൽ പെട്ട് നിൽക്കുമ്പോഴാണ് അയാളുടെ ഒരു കാൻവാസിങ്. പെട്ടെന്നാണ് അയാൾ ആരാണെന്നു എനിക്കോർമ്മ വന്നത്.
ഇടക്കിടെ കടയിൽ യതീം ഖാന പിരിവിനു വരുന്ന ഒരാളായിരുന്നു അത്. ശാരീരിക പരിമിതികൾ മൂലം മറ്റു ജോലികളൊന്നും ചെയ്യാൻ കഴിയാത്ത ഒരാൾ. എന്നാൽ കാഴ്ചക്ക് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല താനും.
‘യതീം ഖാന പിരിവൊക്കെ നിർത്തിയോ ‘?.
ആളെ മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു. എന്റെ ചോദ്യം കേട്ടപ്പോൾ വിഷമം കലർന്ന ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ വിരിഞ്ഞു.
‘മക്കളൊക്കെ ഓരോന്ന് പറയാൻ തുടങ്ങി. യതീം ഖാനക്ക് വേണ്ടി ആണെങ്കിലും യാചന ആണല്ലോ പണി. ഓല് പറയുന്നതും സത്യമാണ്. അങ്ങനെ അത് നിർത്തി. പടച്ചോൻ എനിക്ക് കട്ടിയുള്ള ജോലി ചെയ്യാനുള്ള ആരോഗ്യം തന്നില്ല. അതോണ്ട് എന്റെ തടി കൊണ്ട് ആവതുള്ള പോലെ അത്തറ് കൊണ്ട് നടന്നു വിൽക്കുന്നു ‘.
‘കച്ചോടം കിട്ടുന്നുണ്ടോ ‘?.
എന്റെ ചോദ്യം കേട്ട് അയാൾ പുഞ്ചിരിച്ചു.
‘അൽഹംദുലില്ലാഹ്. പട്ടിണിയില്ലാതെ ജീവിക്കാൻ പറ്റുന്നുണ്ട്. പിന്നെ മനസ്സിനും നല്ല റാഹത്താണ്. പിരിവിനു പോവുമ്പോ പോലെയുള്ള വെറുപ്പോ ദേഷ്യമോ ഒന്നും കാണണ്ടല്ലോ.’.
പുറത്ത് വെച്ച അത്തറ് കുപ്പികൾ തിരിച്ചു സഞ്ചിയിലേക്ക് തന്നെ വെച്ച് എന്നോട് യാത്ര പറഞ്ഞു അയാൾ പുറത്തിറങ്ങിയതും ഒരു വിഷമം എന്നെ പൊതിഞ്ഞു.
ഒറ്റ നിമിഷം കൊണ്ട് കുട്ടിക്കാലത്ത് ഐസ് വിറ്റ് നടന്ന കാലം ഞാൻ ഓർത്തു. ആവശ്യ മില്ലെങ്കിലും ഒരു അത്തറ് വാങ്ങി അയാളെ സപ്പോർട്ട് ചെയ്യാമായിരുന്നു എന്നെനിക്ക് തോന്നി.
നടന്നകലുന്ന അയാളെ ഞാൻ തിരിച്ചു വിളിച്ചു. നല്ലതെന്നു തോന്നിയ ഒരു ചെറിയ കുപ്പി അത്തറ് ഞാൻ വാങ്ങി. 110 രൂപയാണ് അയാൾ വില പറഞ്ഞത്. വാങ്ങിയപ്പോൾ പത്തു രൂപ കുറച്ചു നൂറു രൂപയും വാങ്ങി സന്തോഷത്തോടെയും അഭിമാനത്തോടെയും പുഞ്ചിരിച്ചു കൊണ്ട് അയാൾ നടന്നകന്നു പോയി.
അയാൾ പോയതിനു ശേഷം ഞാൻ അത് മണത്തു നോക്കി. അതിന് സ്നേഹത്തിന്റെ ഒരു വല്ലാത്ത പരിമളമുണ്ടായിരുന്നു. രാത്രി ഞാൻ അത് എന്റെ ഉപ്പാക്ക് കൊടുത്തു. ജീവിതത്തിൽ ആദ്യമായി ഉപ്പാക്ക് വാങ്ങി നൽകുന്ന അത്തറ് കുപ്പി. ഗൾഫിൽ നിന്നും വരുന്ന സമയത്ത് വില കൂടിയ സ്പ്രേ കുപ്പികൾ ഞാൻ ഉപ്പാക്ക് കൊടുത്തിട്ടുണ്ടായിരുന്നു.
പക്ഷെ അതിനേക്കാളൊക്കെ എനിക്ക് സന്തോഷം തോന്നിയത് നൂറു രൂപയുടെ ഈ അത്തറ് കുപ്പിയായിരുന്നു. അതിന് മറ്റൊരു കാരണം കൂടെയുണ്ട്.
ഗൾഫിൽ നിന്നും സ്പ്രേ കുപ്പികൾ ഞാൻ എടുത്തത് സൂപ്പർ മാർക്കറ്റിലെ റാക്കിൽ നിന്നു ചോദിച്ച ദിനാർ എണ്ണി കൊടുത്തിട്ടായിരുന്നു. അന്നെന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ടായിരുന്നു. ഇന്നു സ്ഥിതി മാറി. ഈ അത്തർ ഞാൻ വാങ്ങിയത് എന്റെ ഹൃദയം കൊണ്ടായിരുന്നു. വാങ്ങുന്നവന്റെയും വിൽക്കുന്നവന്റെയും ഹൃദയം നിറഞ്ഞത് ഈ ഒരു കച്ചവടത്തിൽ മാത്രമാണ്.
അത് കൊണ്ടാവണം, ഉപയോഗിക്കുന്നില്ലെങ്കിൽ പോലും ഈ അത്തറ് എനിക്കേറെ പ്രിയപ്പെട്ടതായത്. ഉപ്പ ഉപയോഗിക്കുമ്പോൾ ആ പരിമളം എന്റെ ഹൃദയത്തോളം ഇറങ്ങി ചെല്ലുന്നത്.
ഈ അത്തറ് കുപ്പി കടയിൽ വെച്ച് ഒരു കസ്റ്റമർ കണ്ടിരുന്നു. അയാൾ പറഞ്ഞത് നൂറു രൂപയിലും കുറച്ചു ആ അത്തറ് കിട്ടുമെന്നാണ്. ആ കച്ചവടത്തിൽ എനിക്ക് പത്തോ ഇരുപതോ രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു അയാളുടെ സംസാരത്തിന്റെ ധ്വനി. അയാളോടും ഞാനൊന്നും പറഞ്ഞില്ല. പകരം ഒരു പുഞ്ചിരി അയാൾക്കും സമ്മാനിച്ചു.
എല്ലായ്പോഴും ലാഭം മാത്രം നോക്കിയാൽ എന്തു ജീവിതമാണ് ഭായ് എന്നെനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അത് ചോദിച്ചില്ല.
ആ നൂറു രൂപയുടെ അത്തറ് വാങ്ങുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം ലാഭം മാത്രം നോക്കി നടക്കുന്ന ആരോടും പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
ചില സന്തോഷങ്ങൾ അങ്ങനെയാണ് ഭായ്. അത് നമ്മള് അനുഭവിച്ചു തന്നെ അറിയണം. ഹൃദയം പൂത്തുലഞ്ഞു ഒരു പട്ടം പോലെ അങ്ങനെ അങ്ങനെ ഒഴുകി നടക്കണം.