വയത്
Story written by NIDHANA S DILEEP
ഡോക്ടർ…ഒരു എമർജെൻസി വന്നിട്ടുണ്ട്.കുറച്ച് സീരീയസാണ്.
എന്താ ആക്സിഡെന്റ് ആണോ.
സ്റ്റെതും എടുത്ത് ചെയറിൽ നിന്നെഴുന്നേൽക്കവേ ഞാൻ ചോദിച്ചു.
അല്ല റേ പ്പ് ആണ്…മെറിറ്റൽ റേ പ്പ്
ഔക്ക്….നെറ്റി ചുളിച്ചു കൊണ്ട് കണ്ണുകൾ അടച്ചു പോയി.
ഇതിപ്പോ കൂടുതലാണല്ലോ സിസ്റ്ററേ ഇങ്ങനത്തെ കേസ്.അത്ഭുതത്തേക്കാൾ ഒരു പകപ്പ് എന്നിൽ നിറയുന്നത് ഞാനറിഞ്ഞു.
ആദ്യം പ്രസാദ് ഡോക്ടറാ അറ്റെന്റ് ചെയ്തേ.ഭർത്താവിന്റെ വീട്ട്കാരാ കൊണ്ട് വന്നേ.ആദ്യം വീണിട്ട് പരിക്ക് പറ്റിയത് എന്നൊക്കെ പറഞ്ഞ് കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാൻ നോക്കി.പ്രസാദ് ഡോക്ടറല്ലേ ആള്.കൂട്ടത്തിലൊരുത്തനെ പിടിച്ച് നന്നായൊന്ന് കുടഞ്ഞു.അപ്പോഴാ സത്യം പറഞ്ഞത്.
എത്രയാ പേഷ്യൻന്റെ എജ്.
ആതല്ലേ രസം പതിനെട്ട്.ഭർത്താവിന്റെ പ്രായം ഇരുപത്തൊന്ന്.ഇതൊക്കെ എള്ളോളം തരിയിൽ പെട്ടതാ തോന്നുന്നു.
വേഗതായാർന്ന ഞങ്ങളുടെ ചുവടുകൾക്കൊപ്പം എത്തിയ നാൻസി സിസ്റ്ററുടെ സംസാരത്തെ ഒരു കൂർമിപ്പിച്ച നോട്ടത്തിൽ നിർത്തിച്ചു.അല്ലെങ്കിലും അനവസരത്തിൽ ഇത്തരം സംസാരം അവർക്കിത്തിരി കുടുതലാണ്.
ഇപ്പോഴത്തെ കണ്ടീഷൻ എന്താ
ഇതു വരെ കോൺഷ്വസ് ആയിട്ടില്ല.എക്റ്റേണൽ സെക്വൽ ഓർഗൻസിനു നന്നായി പരിക്ക് പറ്റിയിട്ടുണ്ട്.എക്സറേയുടെയോം സ്കാനിങ് റിപ്പോർട്ട് കിട്ടുന്നതേ ഉള്ളൂ.അതു കഴിഞ്ഞാലെ ബാക്കി കാര്യങ്ങൾ പറയാൻ പറ്റൂ. സാധാരണയിൽ വരുന്നതിനേക്കാൾ കോംപ്ലിക്കേറ്റഡ് ആണ് അതാ പ്രസാദ് ഡോക്ടർ ഡോക്ടർക്ക് റെഫർ ചെയ്തത്.
അപ്പോഴേക്കും ഐസിയുവിനു മുന്നിലെത്തിയിരുന്നു.
പകപ്പും സങ്കടങ്ങളും നിർവികാരതയുമൊക്കെ തിങ്ങി നിറഞ്ഞ ഒരുപാട് മുഖങ്ങൾ ഐസിയുവിനു ചുറ്റും നിൽക്കുന്നു.
ഐ സി യുവിനു മുൻപിൽ ഇങ്ങനെ കൂടി നിൽക്കരുത്.എല്ലാവരും മാറി നിൽക്ക്.
നാൻസിയുടെ ആജ്ഞ കലർന്ന സ്വരം ആളുകളെ രണ്ട് സൈഡിലേക്ക് മാറ്റപെട്ടു. വേഗതയിൽ നടക്കുമ്പോഴും കസേരകളിൽ തർന്നിരിക്കുന്ന രൂപങ്ങൾ എന്റെ കാഴ്ചയിലൂടെ മിന്നിമറയുന്നുണ്ടായിരുന്നു.അവയെ ഒന്നുകൂടി വ്യക്തമായ് നോക്കാൻ മനസ് അനുവധിക്കുന്നില്ല.ആ കുട്ടിയുടെ അടുത്തെത്താൻ വല്ലാതെ ധൃതി പിടിക്കുന്നു.എമർജനി എന്നു കേട്ടാൽ മനസും ശരീരവും ഒരുപോലെ ധൃതി പിടിക്കും.ഇത് പക്ഷെ വല്ലാത്തൊരു ധൃതിയാണ്.മനസിന്റെ വേഗത്തിനൊത്താൻ ശരീരം വല്ലാതെ കഷ്ടപെടുന്നു.
നീല ഹോസ്പിറ്റൽ ഗൗൺ ധരിച്ച കുറേ ആളുകൾ.ചിലർക്ക് ഓക്സിജൻ മാസ്ക് വെച്ചിരിക്കുന്നു.ചിലർക്ക് ശരീരത്തിലെവിടെക്കൊയോ ആയി മുറിവോകൾ. ക്ഷീണിച്ച ചുമയും ഞെരങ്ങലുകളും എല്ലാം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു.അതിന്റെയൊക്കെ നടുവിൽ കൂടി നാൻസി സിസ്റ്റർ എന്നെ അവളുടെ അടുത്തേക്ക് കൊണ്ട് പോയി.കണ്ടപ്പോൾ ‘അവൾ’ എന്നു പിന്നെ സംബോദന ചെയ്യാൻ തോന്നുന്നില്ല.ഉണ്ണിയുടെ പ്രായം.അതുകൊണ്ട് തന്നെയായിരിക്കാം എന്റെ ഈ ധൃതി.ഉണ്ണി ഇതിലും തടിയുണ്ട്.മെലിഞ്ഞ രൂപം. പതിനെട്ടായോ എന്ന് അതിശയിപ്പിക്കും വിധമുള്ള ശരീര വളർച്ച.കാഴ്ചയിൽ പതിനഞ്ചേ പറയൂ.ഒത്തിരി വേദന തിന്നെന്നു മനസിലാകിപ്പിക്കുന്ന തളർന്ന മുഖം.നേത്രങ്ങൾ കൂമ്പി അടച്ചിരിക്കുന്നു.വരണ്ടുണങ്ങിയ ചുണ്ടുകളുടെ ഒരു ഭാഗത്ത് രക്തം കട്ട പിടിച്ചിരിക്കുന്നു.അവന്റെ പല്ലുകൾ അവിടെ അടയാളപ്പെടുത്തിയിരിക്കുന്നു.ഇരുണ്ട നിറമെങ്കിലും കവിളിലെ കല്ലിച്ച പാട് അവളനുഭവിച്ച തീവ്രത വിളിച്ച് പറയുന്നു.അവളെ ആ കിടപ്പ് കാണുമ്പോൾ ആരാണ് നീ ഡോക്ടറോ അതോ അമ്മയോ എന്ന ചോദ്യത്തിനു മനസ് അമ്മ എന്ന് അലമുറയിടുന്നു.ഹൃദയത്തിൽ ആരംഭിച്ച നോവ് കണ്ണുനീരായി കണ്ണിൽ എത്തി നിന്നു.അവളിലെ ഓരോ മുറിവും എന്നിലെ ഡോക്ടർ പരിശോധിക്കവേ എന്നിലെ അമ്മ അലമുറയിട്ട് കരഞ്ഞു.അവളുടെ ഭർത്താവിനോട് തീരാത്ത പക തോന്നി.സ്നേഹിക്കപെടേണ്ടവളെ…പ്രണയിക്കേണ്ടവളെ ഇങ്ങനെ ഒരവസ്ഥയിൽ ആക്കിയിരിക്കുന്നു.
ഇത് പ്രണയമല്ല…കാ മമല്ല….ഇത് കാ മവെറി
എന്നിലെ കാളി അലറി.
അമർഷം.
കുറേ നേരം അവളുടെ അടുത്ത് തന്നെ നിന്നു അവളെ നോക്കി.ഉണ്ണിയോട് സംസാരിക്കണമെന്നു തോന്നി.ഉണ്ണിയുടെ ചിരിക്കുന്ന മുഖം മനസിൽ വന്നതും ഇത്തിരി സമാധാനം പോലെ. സിസ്റ്ററോട് ചെയ്യേണ്ട കാര്യങ്ങളും മെഡിസിനും പറഞ്ഞു കൊടുത്ത് അവിടെ നിന്നും ഇറങ്ങി.
ഡോക്ടർ അതാ ഭർത്താവ്
ആ കാഴ്ച എന്റെ ഉള്ളിലെ അമർഷവും പകയുമെല്ലാം തല്ലികെടുത്തിയത് പോലെ.
ഇരുപത്തൊന്ന് വയസുള്ള യുവാവ് അല്ല ഒരു പയ്യൻ.കൗമാരം കഴിഞ്ഞെന്നു പറയില്ല.കാൽ മുട്ടുകൾക്കിടയിൽ തല ഒളിപ്പിച്ച് വെറും നിലത്ത് ഇരിക്കുകയാണ്. വിറയ്ക്കുന്നുമുണ്ട്.കൂട്ട്കാരെന്നു തോന്നിപ്പിക്കുന്ന ചിലർ അടുത്തുണ്ട്.അവർ എന്തൊക്കെയോ പറയുന്നുണ്ട്.ഒരു പക്ഷേ സമാധാനിപ്പിക്കലാവാം അല്ലെങ്കിൽ കുറ്റപ്പെടുത്തുന്നതാവാം.അവൻ ഒന്നിനോടും പ്രതികരിക്കുന്നില്ല.
പേടിക്കേണ്ട.മെഡിസിനോട് പേഷ്യന്റ് പ്രതികരിച്ചു തുടങ്ങി.റിപ്പോർട്ടുകൾ മുഴുവൻ കിട്ടട്ടെ.എന്നിട്ട് നോക്കാം.ഇപ്പോ പേടിക്കാനൊന്നുമില്ല
എന്റെ അടുത്തേക്ക് ഓടിയെത്തിയ ആരോടൊക്കെയോ ആയി ഞാനത് പറയുമ്പോഴും എന്റെ കണ്ണുകൾ അവനെ വീക്ഷിച്ചുകൊണ്ടേ ഇരുന്നു. കൺസൾട്ടിങ് റൂമിലെത്തി ഉണ്ണിയെ വിളിക്കാനായി ഫോൺ എടുത്തപ്പോഴാ ഓർത്തത് അവൾ ക്ലാസിലായിരിക്കുമല്ലോന്നു.എന്റെ തലയിൽ തന്നെ ഒരു ചെറിയ തട്ട് കൊടുത്ത് അവളുടെ ഫോട്ടോ നോക്കീയിരുന്നു.
××××××××××××××××××××
ഉണ്ണിയെ ഇങ്ങോട്ട് കൊണ്ടു വന്നാലോ.മതി ഇനി അവൾ ഡൽഹിയിലൊന്നും പഠിക്കേണ്ട.
നീ ഇതാണോ ഹോസ്പിറ്റലിൽ വന്നത് തൊട്ട് കിടന്ന് ആലോചിച്ചത്
അതല്ല മഹിയേട്ടാ ഒരു ടെൻഷൻ.അവൾക്ക് പറഞ്ഞ് കൊടുക്കേണ്ടതെന്തൊക്കെയോ പറഞ്ഞ് കൊടുക്കാത്ത പോലെ. അവൾക്കെല്ലാം പറഞ്ഞ് കൊടുക്കണം.അതിനു അവളിവിടെ വേണം.
നിനിക്ക് ഇന്നാ കേസ് അറ്റന്റ് ചെയ്തതിന്റെ ടെൻഷനാണ്.
അതുമാത്രമല്ല ഞാനവളെ ശരിക്ക് സ്നേഹിക്കുന്നുണ്ടോന്നു സംശയം.അവളെ പ്രഗ്നന്റ് ആയത് തൊട്ടേ ഉള്ള ആധിയാണ്.എന്റെ പ്രൊഫഷൻ…അതിന്റെ തിരക്ക്.അവളെയും മഹിയേട്ടനെയും ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ.
എന്തിനാ ചിരിക്കുന്നത്
ഉത്തരം പറയാതെ പിന്നെയും ചിരിച്ച മഹിയേട്ടന്റെ കൈയിൽ ഒരു തല്ലു വെച്ച് കൊടുത്തു.
മഹിയേട്ടാ…
ഒന്നുമില്ല ലച്ചു.പണ്ട് ഞാൻ പെണ്ണ് കാണാൻ പോയപ്പോ എന്തിനാ മെഡിക്കൽ പ്രൊഫഷൻ സെലക്ട് ചെയ്തത് വേറെ ഏതെങ്കിലും പ്രൊഫഷൻ ചൂസ് ചെയ്തുടായിരുന്നോന്നു വെറുതെ ചോദിച്ചതിനു എന്നെ ദേഷ്യത്തിൽ തുറിച്ച് നോക്കിയ പെണ്ണുണ്ടായിരുന്നു അവളെ ഓർത്ത് ചിരിച്ചതാ.ആ നോട്ടം കണ്ടാ അവളെ കെട്ടിയത്.
കളിയാക്കല്ലേ മഹിയേട്ടാ.
അല്ലാ..മനസിലാവാത്തതു കൊണ്ട് ചോദിക്കുകയാ…മോളെ ഇങ്ങ് കൊണ്ട് വന്ന് കെട്ടിയിട്ട് സ്നേഹിക്കാൻ പോവുകയാണോ.അവൾ അവളോടെ സ്വപ്നം തേടി പോയതാ.അതിനു വേണ്ടി അവൾ കഷ്ടപ്പെട്ടത് നീയു് കണ്ടതല്ലേ.എല്ലാം നേടി വരട്ടെഡോ.ഇപ്പോ അവൾക്ക് വേണ്ടത് അതിനു സപ്പോർട്ടാണ്.നിന്റെ പ്രശ്നം അതൊന്നുമല്ല.ആ കുട്ടിയാണ്.അവളുടെ അവസ്ഥ.
ശരിയാണ്.സുരക്ഷിതയാവുംന്നു കരുതിയല്ലേ മക്കളെ കല്യാണം കഴിപ്പിച്ചയക്കുന്നത്. നമ്മുടെ മോളാണെങ്കിലോ ഈ സ്ഥാനത്ത്.എന്തിനാ അവർ ഈ പ്രായത്തിൽ കല്യാണം കഴിപ്പിച്ചത്.
ഇത് പ്രായത്തിന്റെയല്ല .എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിയുന്നത് അച്ഛനു ഇരുപതും അമ്മയ്ക്ക് പതിനേഴും വയസുള്ളപ്പോഴാണ്. ഒന്നുകിൽ അറിവില്ലായ്മ അല്ലെങ്കിൽ നെറ്റിലും മറ്റും കാണുന്ന എകസാജെറേറ്റഡ് സീനുകൾ ലൈഫിൽ കൊണ്ട് വരാൻ നോക്കുമ്പോൾ മറ്റു ചിലപ്പോ പലതരം അഡിക്ഷൻസ്.
എനിക്കറിയാം ഇതൊക്കെ.പക്ഷെ മോളെ ഓർക്കുമ്പോൾ പേടിയാവുന്നു. ഞാനൊരു അമ്മയല്ലേ
നീ അമ്മ മാത്രമല്ല ഡോക്ടർ കൂടിയാണ്.ഒരു ഡോക്ടർക്ക് വേണ്ട മനസാന്നിധ്യം പലപ്പോഴും നിനിക്ക് നഷ്ടപെടുന്നു.അതാ നിന്റെ പ്രശ്നം.തൽക്കാലം നീ അതൊക്കെ വിട് .വാ ഞാൻ കഞ്ഞിയും നല്ല ചുട്ടരച്ച ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്. അമ്മയെ പണ്ട് അടുക്കളയിൽ സഹായിച്ചത് ഭാഗ്യം. അതുകൊണ്ട് നീ ഇങ്ങനെ അടുക്കളയിൽ പണിമുടക്കുമ്പോൾ ഞാൻ പട്ടിണിയാവില്ല
കുറച്ച് കഴിയട്ടേ
എന്റെ മോൾ എന്നെ പോലെയാ.തന്റേടീ.നിന്നെ പോലെയല്ല .നിനിക്ക് എന്നോട് പോലും നോ പറയാൻ അറിയില്ല.
എന്നാ ഇപ്പോ പറയട്ടെ നോ..
എന്നെ ചുറ്റാനൊരുങ്ങിയ കൈകളെ തട്ടിമാറ്റി എഴുന്നേറ്റു.
നീ എവിടെ പോവുവാ
മോളുടെ റൂമിൽ .ഹോസ്പ്പിറ്റലിൽ നിന്നേ തീരുമാനിച്ചതാ.ഇന്ന് എനിക്കെന്റെ ഉണ്ണിയുടെ മണമുള്ള റൂമിൽ കിടന്നാലേ ഉറക്കം വരൂ
അപ്പോ എന്റെ ചമ്മന്തി.
അത് നിങ്ങൾ തന്നെ കഴിച്ചോ
അത് പറഞ്ഞത് ഉണ്ണിയുടെ റൂമിൽ നിന്നുമായിരുന്നു.
പറ്റില്ല…നീയും വേണം
എന്ന് അപ്പുറത്തെ റൂമിൽ നിന്നും കൂകി വിളിക്കുന്നുണ്ടായിരുന്നു.
×××××××××××××××××××××
അന്റെ പെങ്ങളാ ഇത് ഡോട്ടറേ.ഇവളെ ഓന് തമിഴ് നാട്ടിന്നു റോഡ് പണിക്ക് വന്നപ്പോ കണ്ട് കയിച്ചതാ.നാല് പെണ്ണാ.ഏറ്റവും എളയേന വയറ്റില് ഇണ്ടായപ്പോ ഓൻ ഇവരെയും വിട്ട് വേറെ ഒരുത്തിന്റൊപ്പം പൊറുതി തൊടങ്ങി.അപ്പർ തൊടങ്ങിയ കഷ്ടപ്പാടാ ഇവക്ക്.ഒരുത്തിയെങ്കിലും രക്ഷപെടെട്ടെന്നു വെച്ച് കെട്ടിച്ചതാ മൂത്തതിന.അത് ഇങ്ങനെയും ആയി.ഒൻ നല്ലത് തന്നെയാ.എന്താ ഓനിങ്ങനെ പറ്റിയേന്നറിയില്ല.അവര് ഉസ്കൂളിൽ പഠിക്കുമ്പോ തൊടങ്ങിയ ഇഷ്ടാ.ഓൻ ജോലിക്ക് പോവാൻ തൊടങ്ങിയ തൊട്ട് ഓളെ കാര്യല്ലോം നോക്കിയത് ഓൻ തന്നെയാ.പാവാ.പോലീസ് കേസൊന്നും ആക്കിയേക്കല്ലേ ഡോട്ടറേ.ഇവരിക്കാകെ ഒള്ള അത്താണിയാ.
അവർ രണ്ട് പേരും കൈകൂപ്പി.നരച്ചു പഴകിയ സാരിക്കുള്ളിലെ എല്ലുന്തിയ ദേഹവും ചോര വറ്റി തറിച്ച കണ്ണുകളും പറയുന്നുണ്ടായിരുന്നു അവരുടെ ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും കഥ.
പേടിക്കേണ്ട വേണ്ടത് ചെയ്യാംന്നു പറഞ്ഞ് അവരെ അയച്ചപ്പോൾ നന്ദിയോടെ ഉള്ള നോട്ടം മതിയായിരുന്നു എന്റെ മനസ് നിറയാൻ.
കുറ്റബോധവും പേടിയുമൊക്കെ കാരണം എന്റെ മുന്നിലിരുന്നു വിങ്ങി പൊട്ടുന്ന അവനെ കണ്ടപ്പോ അവശേഷിക്കുന്ന അവനോടുള്ള ദേഷ്യവും മാറി പോയിരുന്നു.
പറ്റിപ്പോയി…..
അതും പറഞ്ഞ് മുഖംപൊത്തി അവൻ കരഞ്ഞപ്പോൾ അവനോട് പറയാൻ വച്ച വാക്കുകളെല്ലാം തൊണ്ട വഴി ഇറങ്ങി പോയി.
കൗൺസിലിങ്നു ശേഷം ഹോസ്പ്പിറ്റലിൽ നിന്നും ഇറങ്ങുംമ്പോൾ അവളുടെ കൈയിൽ പിടിച്ച അവന്റെ കൈ അവളോട് ഉറപ്പ് പറയുന്നുണ്ടായിരുന്നു ഒരിക്കലും വേദനിപ്പിക്കാതെ പൊന്ന് പോലെ നോക്കിക്കോളാംന്നു.