പതിവ് പോലെ അന്നും അവളെ നോക്കി നിന്ന്, കാണാഞ്ഞു നിരാശയോടെ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്…..

ചില്ലാൻ

എഴുത്ത്:-ബിന്ധ്യ ബാലൻ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പന്നിമറ്റം കവലേല് മീൻ വിക്കണ പൈലിച്ചായന്റെ മീൻ തട്ടേന്നു ഒരു കിലോ നെയ് മത്തി വാങ്ങി കാശ് കൊടുക്കണ നേരത്താണ് ‘അന്നക്കുട്ടി ‘ പതിവ് പോലെ ഒച്ച വച്ച് വന്ന് നിന്നത്..

എന്നതാടി അന്നക്കുട്ടിയെ നിനക്കിന്നിത്ര ഗൗരവമെന്ന് കളിയായി ചോദിച്ച്‌ കൊണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ഡോറും തുറന്നു ഇറങ്ങി വരുന്ന അവളെ ഞാൻ കാണുന്നത്.

വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള അവളെ കണ്ടപ്പോ മീൻ കൊതിയനായത് കൊണ്ടാവും പെട്ടെന്ന് ഓർമ്മ വന്നത്, കണ്ണാടിച്ചില്ലു പോലെ മിന്നണ ‘ചില്ലാനെയാണ് ‘

ഇടതു തോളിൽ ഹാൻഡ് ബാഗ് ഒക്കെയായി വാടി വിയർത്ത മുഖവുമായി മുന്നിലൂടെ നടന്നു പോകുമ്പോൾ ഒരു തൂവൽ കണക്കെ എന്റെ മുഖത്ത് തട്ടി പോയ അവളുടെ ചുവന്ന ഷാളിന്റെ തലോടിൽ മറ്റേതോ ലോകത്തെത്തിയത് പോലെയാണ് എനിക്ക് തോന്നിയത്..

മനസ്സിൽ അന്നാദ്യമായി ഇന്നോളം തോന്നിയിട്ടില്ലാത്തൊരു നോവ്.. പെരുമഴ ക്കാലത്തു കരയിലേക്ക് ഇരച്ചു കയറണ കടല് പോലെ ചങ്കേലൊരു തിരയിളക്കം.
അമ്പാട്ട് കടവിൽ വലയെറിഞ്ഞു പിടിച്ച് കരയിലേക്ക് കുടഞ്ഞിടുമ്പോ തുള്ളിത്തെറിക്കണ വയമ്പിനെപ്പോലെ ഉയിരൊരു പിടച്ചിൽ ..

അവളെ ഒരിക്കൽക്കൂടി കാണണമെന്നൊരു തോന്നൽ…

ഒറ്റ തിരിഞ്ഞ്‌ നടന്നൊരുവന്റെ മനസിലേക്ക് പ്രണയമെന്ന തീ കോരിയിട്ടു നടന്ന് മറഞ്ഞവളെ വീണ്ടും വീണ്ടും ഓർത്തെടുത്തു കൊണ്ട് ചങ്ക് പെടയ്ക്കണ സുഖം നുകരുമ്പോഴാണ് പൈലിചായന്റെ ചോദ്യം

“എന്നതാടാ ആൽഫിയെ മീനും വാങ്ങി വീട്ടിൽ പോകാതെ നീയീ തെക്കോട്ടു നോക്കി നിന്ന് ചിരിക്കണേ… “

“ഓഹ്.. ഒന്നുമില്ല പൈലിച്ചായോ… ചുമ്മാ…. ഒരു ചില്ലാനെ കിട്ടാൻ വഴിയുണ്ടോ എന്ന് ഓർത്ത്‌ നിന്ന് പോയതാണ്… “

“എടാ ഉവ്വേ അതിനിപ്പോ ഇത്‌ ചില്ലാന്റെ സീസൺ ആണോ.. അല്ലല്ലോ… “

ദെ വീണ്ടും പൈലിച്ചായൻ…

പൈലിച്ചായന്റെ മുഖത്തേക്കൊരു ചിരിയെറിഞ്ഞു അവൾ പോയ വഴിയിലേക്ക് തല നീട്ടി ഞാൻ പറഞ്ഞു

“നോക്കാം പൈലിച്ചായാ നമുക്ക്.. വഴി തെറ്റിയെങ്ങാനും വന്നേച്ചു എന്റെ കയ്യിലോട്ട് കേറിയാലോ.. “

ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ തലയാട്ടിയ പൈലിച്ചായനോട്
യാത്രയും പറഞ്ഞു പോരുമ്പോൾ വഴിയിലുടനീളം അമ്പിളി വട്ടം പോലൊരു മുഖം ഉള്ളിലങ്ങനെ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു

****************

പിറ്റേ ദിവസവും ‘അന്നക്കുട്ടി ‘ വരുന്ന സമയം കണക്കാക്കി ഞാൻ കവലയിലേക്ക് പാഞ്ഞു..

കവലേല്, റോഡ് മുഴുവൻ തണൽ വിരിച്ചു നിൽക്കുന്ന വയസൻ ആഞ്ഞിലി മരത്തിന്റെ ചോട്ടിലേക്ക് വണ്ടിയൊതുക്കി,?നേരെ ചെന്ന് പൈലിച്ചായന്റെ തട്ടേന്ന്പി ന്നെയും ഒരു കിലോ നെയ്‍മത്തിക്ക് പറയുമ്പോൾ ആണ് അന്നക്കുട്ടിയുടെ വരവ്.

പടപടാ ഇടിക്കണ ചങ്കൊന്നു തടവി ഞാൻ തിരിഞ്ഞു നോക്കി…

അതാ അവളിറങ്ങി വരുന്നു…

അമ്പാട്ട് കടവില് വിരിഞ്ഞു നിൽക്കണ ആമ്പലുകളുടെ ചന്തം മുഴുവൻ നിറഞ്ഞു നിൽക്കണ മാതിരി പിങ്ക് നിറമുള്ള ചുരിദാറിൽ മറ്റൊരു ആമ്പൽപ്പൂവായി…

അറിയാതെ വന്നൊരു ചിരിക്കൊപ്പം ഓർക്കാപ്പുറത്ത് അവളുടെ കണ്ണുകൾ എന്റെ കണ്ണിലേക്കു വന്ന് കുരുങ്ങിയതും, ഒന്ന് ഞെട്ടിയിട്ട് മുഖം തിരിച്ചു ഞാൻ…

എന്റെ പിന്നിൽക്കൂടി നടന്നു നീങ്ങുന്നവളെ തല ചെരിച്ചു നോക്കി പിന്നെയും പിന്നെയും ചിരിയോടെ നിന്നപ്പോഴാണ്

പൈലിച്ചായന്റെ സ്വരം കേട്ടത്

“ഓഹ്.. അപ്പം ഈ ചില്ലാനെയാണ് ഇന്നലെ കിട്ടുവോന്നു ചോദിച്ചത് അല്ലേടാ ഉവ്വേ… “

ഇതെങ്ങനെ പൈലിച്ചയന് മനസിലായി എന്നോർത്ത് കണ്ണും തള്ളി നിൽക്കുന്ന എന്നെ നോക്കിയൊന്നു പൊട്ടിചിരിച്ചിട്ട് അച്ചായൻ പറഞ്ഞു

“ഈ പ്രായം കഴിഞ്ഞല്ലേടാ പൊന്നുമോനെ ആൽഫി ഞാനും വന്നത്… ഇന്നലത്തെ നിന്റെ ചിരി കണ്ടപ്പം ഒന്ന് മിന്നിയാരുന്നു എനിക്ക്.. പക്ഷെ ഇന്നത്തെ നിന്റെ വരവും ആ മുടി ചീകലും ഇളിയുമൊക്കെകൂടിയായപ്പോ ഒറപ്പിച്ചു.. ഇത്‌ അത് തന്നെ…. ഡാ ഉവ്വേ, അച്ചായനൊരു കാര്യം പറയാം, നിനക്കവളോട് ചങ്കേ തട്ടിയുള്ള ഇഷ്ടം ആന്നേല്, ഈ പീക്കിരി പിള്ളേരുടെ മാതിരി റോഡ് വക്കത്തും ആറ്റ് വക്കത്തുമൊക്കെ പോയി നിന്ന് അവര് വരുമ്പോ കിണിച്ചു കാണിക്കാൻ നിൽക്കാതെ നല്ല അന്തസ്സോള്ള ആണായി ആ കൊച്ചിന്റെ വീട്ടിൽ ചെന്ന് ചോദിക്ക്… അങ്ങനെ ചോദിക്കുന്നൊരുത്തനെ ആർക്കും ബോധിക്കുമെടാ… “

പൈലിച്ചയൻ പറഞ്ഞത് കേട്ട് അത്ഭുതത്തോടെ അങ്ങനെ നിൽക്കുമ്പോൾ, അത് ഗൗനിക്കാതെ അച്ചായൻ പിന്നെയും കച്ചവടത്തിലേക്ക് തിരികെപ്പോയി.

അച്ചായൻ പറഞ്ഞതിലും കാര്യമുണ്ടെന്നു എനിക്ക് തോന്നി.. തിരികെ പ്പോരുമ്പോൾ ഞാൻ മനസിലുറപ്പിച്ചിരുന്നു ഇനി കാണുമ്പോൾ എന്റെ ഉള്ളിലുള്ള ഇഷ്ടം ഞാൻ അവളെ അറിയിക്കുമെന്ന്…

****************?

പിറ്റേന്ന് പതിവ് പോലെ ഞാൻ അവൾ വന്നിറങ്ങുന്ന സമയത്ത് ചെന്നു….

പതിവ് പോലെ അന്നക്കുട്ടി വന്നു…

ഓരോ യാത്രക്കാർ ഇറങ്ങി വരുമ്പോഴും ഞാൻ തല നീട്ടി നോക്കി…

ഇല്ല… അവൾ മാത്രമില്ല…

പിന്നെയുള്ള ദിവസങ്ങളിൽ എല്ലാം ഇത് തന്നെ ആവർത്തിച്ചു.. അന്നക്കുട്ടി മാത്രം മുടങ്ങാതെ വന്നു…

ആഴ്ചയൊന്നു ഓടിപ്പോയി.

പതിവ് പോലെ അന്നും അവളെ നോക്കി നിന്ന്, കാണാഞ്ഞു നിരാശയോടെ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്

“ഡോ..”

തിരിഞ്ഞു നോക്കിയ ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി.

മുന്നിൽ നിൽക്കുന്നു അവള്.

നിന്നിടത്തു തന്നെ തറഞ്ഞു നിന്ന് പോയ എന്റെയടുത്തേക്ക് വന്നിട്ട് അവൾ ചോദിച്ചു

“കുറച്ചു ദിവസം ആയി ഞാൻ ശ്രെദ്ധിക്കുന്നു,താൻ എന്നെയാണോ നോക്കി നിൽക്കാറ് എപ്പഴും?”

“ആണെങ്കിൽ?”

നെഞ്ച് പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും ഞാനും വിട്ട് കൊടുത്തില്ല.

“തനിക്ക് എന്നെ ഇഷ്ടം ആണോ?”

ദേ അവള് പിന്നേം..

“ആണെങ്കിൽ?”

ആഹാ.. ഞാനും കട്ടയ്ക്ക് തന്നെ നിന്നു.

എന്റെ കണ്ണുകളിലേക് ഇരുത്തിയൊന്നു നോക്കിയിട്ട് ഒന്ന് കൂടെ അടുത്തേക്ക് നിന്ന് ഒരു രഹസ്യം പറയും പോലെ പല്ല് കടിച്ചു അവൾ പറഞ്ഞു

“എന്നെ ഇഷ്ടം ആണേൽ മര്യാദയ്ക്ക് വീട്ടിൽ വന്ന് എന്റെ അപ്പനോട് ചോദിച്ചോണം. അല്ലാതെ വഴി വക്കത്ത് വന്ന് വായ് നോക്കി നിന്ന് എന്നെ വളച്ചെടുത്ത്, വലിയ ഹീറോയിസം കാണിച്ച് അത് നാട് മുഴുവൻ അറിയിക്കാൻ ആണ് ഭാവം എങ്കിൽ ഈ സേറയുടെ വിധം മാറും പറഞ്ഞേക്കാം…”

അവൾ പറഞ്ഞത് കേട്ട് തൊണ്ടയിലെ ഉമിനീര് വറ്റിപ്പോയെങ്കിലും, എനിക്ക് മനസിലായി, പുതുപ്പള്ളി പുണ്യാളൻ കനിഞ്ഞെന്നു…

“എന്റെ കൊച്ചേ.. കൊച്ചിന്റെ വീട് എവിടാന്നു പറ… ഞാൻ ഇപ്പം തന്നെ വരാം… എനിക്ക് തന്നെ അത്ര ഇഷ്ടം ആണെടോ… വഴി വക്കത്ത് നിന്ന് വായ് നോക്കണ ഒരുത്തൻ ആയിട്ടെന്നെ താൻ കൂട്ടിയേക്കല്ലേ….”

ഒരു ചിരിയോടെ ഞാൻ പറയുമ്പോൾ, എന്നെ നോക്കി മുഖം വീർപ്പിച്ചു ഉണ്ടകണ്ണുരുട്ടി എന്നെ മറികടന്ന് പോകുന്നവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുമ്പോൾ വീണ്ടും ചങ്കേലെ പെടച്ചിലിന് മധുരം കൂടിയ പോലെ…

*****************

സേറയുടെ ഇഷ്ടം എന്നെ അറിയിച്ചു കഴിഞ്ഞു പിന്നെ രണ്ട് ദിവസത്തേക്ക് അവളെ ഞാൻ ശല്യം ചെയ്തില്ല.പകരം,വീടിനടുത്തുള്ള ബ്രോക്കർ ചേട്ടനെ പറഞ്ഞു കുപ്പിയിലാക്കി അവളുടെ വീട്ടിലേക്ക് ഞാനൊരു വിവാഹ ലോചനയുമായി ചെന്നു.

ഭംഗിയായി അടിച്ചു വാരിയിട്ട മുറ്റത്ത് പല തരം ചെടികൾ വച്ച് പിടിപ്പിച്ച ഓട് മേഞ്ഞൊരു കൊച്ച് വീട്… അവളെ പോലെ തന്നെ കാണാൻ എന്തൊരു ചേല്.

മുറ്റത്ത് ഞങ്ങളുടെ കാൽപെരുമാറ്റം കേട്ട് പുറത്തേക്ക് വന്നവളെ ഞാൻ കണ്ണ് ചിമ്മാതെ നോക്കി നിന്നു.

“സേറ മോളല്ലേ…, അകത്തൊട്ട് ചെന്ന് അപ്പച്ചനോട്‌ പറ രണ്ട് പേര് കാണാൻ വന്നേക്കുന്നു എന്ന്.. എന്നിട്ട് മോള് രണ്ട് ഗ്ലാസ്‌ കാപ്പിയുമായിട്ട് വാ “

ബ്രോക്കൽ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് വരാന്തയിൽ ഇട്ടിരുന്ന കസേരയിലേക്ക് ഇരുന്നു. കൂടെ ഞാനും.

കുറച്ചു നേരം ഉമ്മറത്തു തന്നെ തറഞ്ഞു നിന്നിട്ട് അവൾ അകത്തേക്ക് പോയി.

അല്പ സമയം കഴിഞ്ഞു തിരിച്ചു വരുമ്പോൾ കയ്യിൽ കാപ്പിയോ കൂടെ അവളുടെ അപ്പനോ അമ്മയോ ഇല്ലായിരുന്നു.പകരം എന്തോ ഒന്ന് അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. വന്നപാടെ അവളതെന്റെ കയ്യിലേക്ക് തന്നു. നോക്കുമ്പോഴുണ്ട് ഒരു കുടുംബഫോട്ടോ. അവളും അപ്പച്ചനും അമ്മച്ചിയും ആണെന്ന് തോന്നുന്നു.

ഫോട്ടോയിലേക്ക് നോക്കി എന്തെങ്കിലും പറയാൻ നാവ് അനക്കും മുമ്പേ അവൾ പറഞ്ഞു തുടങ്ങി

“എന്റെ അപ്പച്ചനും അമ്മച്ചിയും ആണ്.. ഈ ഫോട്ടോ കഴിഞ്ഞ കൊല്ലം എടുത്തതാണ്.. അപ്പച്ചൻ ഓട്ടോ ഡ്രൈവർ ആയിരുന്നു. പെട്ടന്ന് ഒരു ദിവസം അപ്പായ്ക്ക് തോന്നി ഒരു ഫോട്ടോ എടുത്ത് വയ്ക്കണം എന്ന്. അങ്ങനെ ഞങ്ങളെക്കൂട്ടി പോയതാ.. തിരിച്ചു വരണ വഴി ഒരു ആക്‌സിഡന്റ് ഉണ്ടായി. ജീവനോടെ ശേഷിച്ചത് ഞാൻ മാത്രം..”

പറഞ്ഞു നിർത്തി ഒരു നിമിഷം എന്നെയൊന്നു നോക്കിയിട്ട് അവൾ തുടർന്നു,

“എന്നോട് ദേഷ്യം തോന്നുന്നുണ്ടാവും അല്ലേ…. വിളിച്ചു വരുത്തി അപമാനിച്ചതല്ല ഞാൻ.. എന്നോട് തോന്നിയ ഇഷ്ടം സത്യം ആണെന്ന് തോന്നിയത് കൊണ്ട് എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാൻ ആണ് വീട്ടിലേക്ക് വരാൻ പറഞ്ഞത്. അപ്പയും അമ്മയും സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്. അത് കൊണ്ട് കുടുംബക്കാരൊന്നും ഞങ്ങൾക്ക് ഇല്ല. ആരും തുണയില്ലാത്തത് കൊണ്ടും, നാളെ അപ്പയ്ക്ക് എന്നായെങ്കിലും പറ്റിയാൽ ഞാനും അമ്മച്ചിയും ഒറ്റയ്ക്ക് ആയിപ്പോകും എന്നൊരു ചിന്ത ഉള്ളത് കൊണ്ടും അപ്പ എന്നെ നല്ല തന്റേടം ഉള്ള പെണ്ണായാണ് വളർത്തിയത്. ആ ധൈര്യത്തിൽ ആണ് അന്ന് ആൽഫിയോട് അങ്ങനെയൊക്കെ പറഞ്ഞത്…”

പറഞ്ഞു നിർത്തി വിതുമ്പിപ്പോയവളെ നോക്കിയിരിക്കെ നെഞ്ചിലൊരു ഭാരം തോന്നിയെനിക്ക്…

എന്ത് മാത്രം വേദനകൾ ഉള്ളിലൊതുക്കിയാണ് നമുക്ക് ചുറ്റുമുള്ളവർ ജീവിക്കുന്ന aതെന്നു ഓർത്തപ്പോ അറിയാതൊരു ഞെട്ടൽ ഉണ്ടായി എനിക്ക്.എങ്കിലും,മെല്ലെ എഴുന്നേറ്റു ചെന്ന് അവളുടെ കൈകൾ എടുത്ത് നെഞ്ചിലെക്ക് ചേർത്ത് ഞാൻ പറഞ്ഞു

“ഇഷ്ടം തോന്നിയത് നേരായും ആണ്… ഇടയ്ക്ക് വച്ച് അത് ഇല്ലാതാകത്തുമില്ല ആരെയും പറ്റിച്ചോ വഞ്ചിച്ചോ ജീവിച്ചിട്ടില്ല ഇന്നോളം ഈ ആൽഫി… നിന്നെ ആദ്യമായി കണ്ടയന്ന് മനസ്സിൽ ഉറപ്പിച്ചതാണ് നീയാണ് ആൽഫിയുടെ പെണ്ണെന്നു.. അതിനൊരു മാറ്റവുമില്ല “

കൈകൾ എന്റെ നെഞ്ചിൽ നിന്ന് പറിച്ചെടുത്തു കൊണ്ട് അവൾ പറഞ്ഞു

“കൈ പിടിച്ചു തരാൻ അപ്പയില്ല എനിക്ക്… ആരുമില്ല എനിക്ക്… കർത്താവു മാത്രേ ഇപ്പൊ കൂട്ടിനുള്ളൂ… ഞാൻ….എനിക്ക്…”

പറഞ്ഞു തീർക്കാൻ അനുവദിക്കാതെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച്‌ മെല്ലെ അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകൾ തുടച്ചു ഞാൻ പറഞ്ഞു

“പുതുപ്പള്ളി പുണ്യാളൻ തന്ന നിധിയാണ് കൊച്ചേ നീ.. നിന്നെയിട്ടേച്ച്‌ ഞാൻ എവിടെ പോകാനാണെടി.. പോകുവാണേൽ നിന്നേം കൊണ്ടേ ആൽഫി പോകൂ.. വെറുതെ കൊണ്ട് പോകില്ല, ഈ കഴുത്തെലൊരു മിന്നു കൂടി കെട്ടും…എന്നിട്ട് നിന്നേം കൂട്ടി നമ്മുടെ വീട്ടിൽ ചെല്ലുമ്പോ അവിടെ എന്റെ കൊച്ചിനെ പുന്നാരിക്കാനും ലാളിക്കാനും ഒരു അപ്പനും അമ്മയും കാണും… അത് പോരെ എന്റെ കൊച്ചിന്? ഇത്രേം കാലം ഒറ്റയ്ക്ക് ജീവിച്ചില്ലേ നീ… ഇനിയങ്ങോട്ട് നമുക്ക് ഒന്നിച്ചു ജീവിക്കാം… മാത്രവുമല്ല,എന്റെ കൂടെ പോന്നാൽ കൊച്ചിന് കൊറേ ഓഫർ ഉണ്ട് കേട്ടോ…. എന്നും കൊച്ചിന് പുതുപ്പള്ളി പുണ്യാളനെ കാണാം, പിന്നെ ദേ എന്റെ ബുള്ളറ്റെല് നമുക്ക് കറങ്ങാൻ പോകാം, നല്ല വരാല് കറീം കപ്പേം കഴിക്കാം, കൊച്ചിന് എന്നതാ ഇഷ്ടം അതൊക്കെ വാങ്ങി തരാം…. പോരെ..?

അത് കേട്ടൊരു ചിരിയോടെ എന്നിൽ നിന്നടർന്നു മാറി അവൾ ചോദിച്ചു

“ഇത്രേം കാര്യങ്ങൾ ഒക്കെ നടത്താൻ ഇയാൾടെ കയ്യിൽ കാശൊണ്ടോ…ഞാൻ കാണുമ്പോഴൊക്കെ ചുമ്മാ നിക്കുവാണല്ലോ….അതോ എന്റെ ജോലി കൊണ്ട് കഴിയാൻ ആണോ ഉദ്ദേശം? നടക്കില്ല മോനെ “

അവളുടെ ചോദ്യത്തിലേക്കൊരു ചിരിയെറിഞ്ഞ് മെല്ലെ മീശയുടെ തുമ്പ് ഇടം കൈ കൊണ്ട് പിരിച്ച്‌ ഞാൻ പറഞ്ഞു

“കെട്ടാൻ പോകുന്നവൻ പോലീസിൽ ആണെന്ന് ആര് ചോദിച്ചാലും ധൈര്യമായി പറഞ്ഞോടി കൊച്ചേ നീ “

അത് കേട്ട് അവളും ബ്രോക്കറും ഒന്നിച്ചാണ് ഞെട്ടിയത്..

“ആൽഫിയെ… എടാ.. എടാ ഒള്ളതാണോടാ നീ പറഞ്ഞെ?”

ബ്രോക്കർ ആണ്..

“ആണെന്റെ അച്ചായാ.. ട്രെയിനിങ് എല്ലാം കഴിഞ്ഞു കഴിഞ്ഞയാഴ്ച ആണ് ഞാൻ വന്നത്. നെക്സ്റ്റ് വീക്ക്‌ പോസ്റ്റിങ്ങ്‌ ആണ് ടൗൺ എസ് ഐ ആയിട്ട് “

വീണ്ടും അതേ ചിരിയോടെ ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് കണ്ണ് മിഴിച്ചു നിന്ന അച്ചായനെ നോക്കിയിട്ട്, എല്ലാം കേട്ട് സ്തംഭിച്ചു നിൽക്കുന്ന എന്റെ പെണ്ണിനോട് ഞാൻ ചോദിച്ചു

“എന്നതാടി ഈ ജോലി പോരെ നിന്നെ പോറ്റാൻ…?”

ഒന്നും മിണ്ടാതെ നിൽക്കുന്നവളുടെ കവിളിൽ ഒന്ന് തൊട്ട് കൊണ്ട് ഞാൻ പറഞ്ഞു

“വിട്ട് കളയത്തില്ല നിന്നെ ഞാൻ…. അത്ര ഇഷ്ടം ആണെടി.. ഇപ്പൊ ആ ഇഷ്ടം ഒത്തിരിയങ്ങു കൂടി.നാളെ ഞാൻ നമ്മുടെ പപ്പയേം അമ്മയേം കൂട്ടി വരും. അപ്പയോടും അമ്മയോടും അനുവാദവും അനുഗ്രഹവും മേടിച്ച് എന്റെ കൂടെ പോന്നോണം കേട്ടോ”

ഒന്നും മിണ്ടാതെ നിൽക്കുന്നവളെ നോക്കിയൊരു ചിരിയോടെ അന്ന് ആ വീടിന്റെ പടിയിറങ്ങിയതിന്റെ അഞ്ചാം നാൾ, പുണ്യാളന്റെ മുന്നിൽ വച്ച്, നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൊണ്ട് സേറയുടെ കഴുത്തിൽ ഞാൻ മിന്നു കെട്ടി…

അമ്മച്ചി കൊടുത്ത കത്തുന്ന തിരിയും കയ്യിലെന്തീ വലത് കാൽ വച്ച് അവളെന്റെ വീടിന്റെ പടി കയറി…

ഒടുക്കം ആളും ആരവവും ഒഴിഞ്ഞ രാത്രിയിൽ, എന്റെ നെഞ്ചോട് ചേർന്ന് നിന്ന് വിങ്ങി പൊട്ടുന്നവളെ ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ച്

“ഇത്രേ ഒള്ളോ എന്റെ പെണ്ണിന്റെ തന്റേടം.. ഒന്നുമില്ലെങ്കിലും നീയൊരു പോലീസുകാരന്റെ കെട്ട്യോൾ അല്ല്യോടി കൊച്ചേ..” എന്ന് പറയുമ്പോൾ ,

അതിന് മറുപടിയെന്നോണം അവളുടെ കുഞ്ഞിപ്പലുകൾ എന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു…

അവൾ പകർന്ന ആ സുഖമുള്ള നോവിൽ ലയിച്ച് ഞാനും അവിളിലേക്ക് ചേരാൻ കൊതിക്കുകയായിരുന്നു അന്നേരം…..

Leave a Reply

Your email address will not be published. Required fields are marked *