പാതി മുറിഞ്ഞ ആ ചോദ്യം ശാന്തി പ്രതീക്ഷിച്ചിരുന്നു അത്കൊണ്ട് തന്നെ മറുപടി വൈകിയില്ല……

വിധി

Story written by Prajith Surendrababu

‘ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കോട്ടയം..പാലാ വധക്കേസിലെ പ്രതി ശാന്തിക്ക് ആറ് വർഷം തടവ് ശിക്ഷ. സ്വന്തം മകനെ തലയ്ക്കടിച്ചു കൊന്ന ശേഷം ശാന്തി സ്വയം പോലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. മൂന്ന് മാസം മുന്നേ നടന്ന കൊലപാതകം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.’

ഉച്ചയോടടുക്കുമ്പോഴേക്കും കോടതിമുറ്റത്ത് മൈക്കും ക്യാമറയുമായി മാധ്യമ പ്രവർത്തകർ ഏറെ ആവേശത്തോടെ ആ വാർത്ത പങ്കുവച്ചു…

” ഇത് സംഭവം മറ്റേ കേസ് ആണ്.. തള്ള പെഴയായിരുന്നിരിക്കണം ചെക്കൻ നേരിട്ട് സംഭവം കണ്ട് കാണും അതാ കയ്യോടെ കാച്ചിയത്… “

” പോടോ… ആ ചെക്കൻ ഏതാണ്ട് മയക്കുമരുന്നൊക്കെ വലിച്ചു കേറ്റീ ട്ടുണ്ടാരുന്നു .. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അത് വ്യക്തമായി ഉണ്ടാരുന്നു. കിക്ക് കേറിയപോ ലവൻ തള്ളേ കേറി പിടിക്കാൻ ചെന്ന് കാണും അതാകും കാച്ചിയത്.. എന്തായാലും ജീവപര്യന്തം കൊടുക്കാതെ കോടതിയി മനുഷ്യത്വം കാണിച്ചു”

പല പല അഭിപ്രായങ്ങൾ അവിടെ മുഴങ്ങി കേൾക്കുമ്പോൾ അവയ്ക്കിടയിൽ മകളെ നെഞ്ചോട് ചേർത്ത് നിശബ്ദനായി ഇരുന്നു നന്ദൻ. മിഴികളിൽ ഇരച്ചു കയറിയ നീരുറവയെ തടുത്തു നിർത്തുവാൻ അവനു കഴിയുമായിരുന്നില്ല.

” അച്ഛാ.. അമ്മ ഇനി ജയിലിൽ പോവോ.. “

ഉള്ളു പിടഞ്ഞുള്ള മകളുടെ ആ ചോദ്യത്തിന് മറുപടി നൽകുവാൻ കഴിയാതെ വിതുമ്പി നന്ദൻ.

” അമ്മ വരും മോളെ… നമ്മളെ വിട്ട് അമ്മ എവിടേം പോവില്ല.. “

ഇടറിയ ശബ്ദത്തിൽ മറുപടി നൽകുമ്പോൾ നന്ദന്റെ ഉള്ളം നീറുകയായിരുന്നു.

” ടോ.. തന്റെ പെണ്ണുമ്പിള്ളക്ക് എന്താ വട്ട് ആണോ… ചുമ്മാ ശിക്ഷ ഇരന്നു വാങ്ങാൻ. ചെക്കൻ അവരെ കേറി പിടിച്ചതാണ് കൊലപാതക കാരണം എന്ന് നാട്ടിൽ പാട്ടാണ്.. എന്നാ പിന്നെ ഉള്ളത് കോടതീൽ പറഞ്ഞിട്ട് സഹതാപം നേടിയെങ്കിലും തടി ഊരാൻ നോക്കിക്കൂടെ ഇതിപ്പോ ജയിലിൽ പോയി കിടന്ന നരകിക്കാനായിട്ട്… കഷ്ടം.. “

പോലീസുകാരിൽ ഒരാള് പുച്ഛത്തോടെ അരികിലേക്ക് എത്തുമ്പോൾ നിശബ്ദനായി തന്നെ ഇരുന്നു നന്ദൻ.

” ടാ… നീ കള്ള് കുടിച്ച് ബോധം കെട്ട് നടക്കാതെ മര്യാദക്ക് കുടുംബം നോക്കി യിരുന്നേൽ ചെക്കൻ ഇങ്ങനെ വഷളായി പോകില്ലാരുന്നു. പക്ഷെ ആ ചെക്കനെ പുണ്യാളനാക്കി നിന്റെ പെണ്ണുമ്പിള്ള ജയിലിൽ പോണതോർക്കുമ്പോഴാ അതിശയം.. അതും ആകെ ഉള്ള മോളെ ബോധമില്ലാത്ത നിന്നെ തന്നെ ഏൽപ്പിച്ചിട്ട് “

പുച്ഛത്തോടെയാണ് പോലീസുകാരൻ ആ വാക്കുകൾ പറഞ്ഞതെങ്കിലും അവ കൂരമ്പുകളായാണ് നന്ദന്റെ കാതുകളിൽ തുളഞ്ഞു കയറിയത്.

‘ ശെരിയാണ്.. തന്റെ തെറ്റാണ്.. ജോലിക്ക് പോലും പോകാതെ കള്ള് കുടിച്ചു ലക്കുകെട്ടു നടന്നപ്പോൾ സ്വപ്നത്തിൽ പോലും കരുതിയില്ല ഇങ്ങനെ ഒരാപത്ത്.. ‘

സ്വയം ശപിച്ചു കൊണ്ടവൻ മക്കളെ വീണ്ടും നെഞ്ചോട് ചേർത്തു.

” അച്ഛാ.. ഇങ്ങനെ ഇറുകെ പിടിക്കല്ലേ.. എനിക്ക് വേദനിക്കുന്നു”

മകളുടെ വാക്കുകൾ കേട്ട് പെട്ടന്നവൻ പിടി അയച്ചു.

“ഓ… സോറി മോളെ അച്ഛൻ ഓർത്തില്ല… “

മകളെ തലോടുമ്പോൾ അവന്റെ മിഴികൾ വീണ്ടും തുളുമ്പി.

അല്പ സമയം ആ ഇരിപ്പ് തുടരവേ തിരക്കുകൾക്കിടയിലൂടെ പോലീസ് അകമ്പടിയിൽ ശാന്തിയെ പുറത്തേക്ക് കൊണ്ട് വരുന്നത് കണ്ടു അവർ..

” അച്ഛാ.. ദേ അമ്മ.. “

മകൾ വിരൽ ചൂണ്ടുമ്പോൾ അവളുടെ കൈ പിടിച്ചു കൊണ്ട് വേഗം അവിടേക്ക് ഓടി നന്ദൻ..

പുറത്തേക്കെത്തിയ ശാന്തിയുടെ മിഴികൾ പരതിയതും അവരെ തന്നെ യായിരുന്നു.

പക്ഷെ മാധ്യമ പ്രവർത്തകരുടെ തിരക്ക് മൂലം പോലീസുകാർ ശാന്തിക്ക് ചുറ്റും തീർത്ത സുരക്ഷാ വലയത്തെ മറികടക്കുവാൻ നന്ദനു കഴിഞ്ഞില്ല. അപ്പോഴേക്കും ശാന്തിയുടെ മിഴികൾ അവരെ കണ്ടെത്തിയിരുന്നു.

“സാർ എന്റെ ഭർത്താവും മോളുമാണ്. പോകുന്നെന്ന് മുന്നേ അവരോട് ഒന്ന് സംസാരിച്ചോട്ടെ ഞാൻ .. “

ആ ദയനീയ ചോദ്യത്തിന് പോലീസുകാർ അനുമതി നൽകിയ നിമിഷം തന്നെ നന്ദനും ശാന്തിക്കുമിടയിലെ തടസ്സങ്ങൾ നീങ്ങിയിരുന്നു. നിറ കണ്ണുകളോടെ തന്റെ മുന്നിൽ നിൽക്കുന്ന നന്ദനെ നോക്കി പുഞ്ചിരിച്ചു ശാന്തി.

“ശാന്തി.. ഈ വേദനയിലും എങ്ങിനെ ചിരിക്കുവാൻ കഴിയുന്നു നിനക്ക്. “

ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം നിശബ്ദയായ ശേഷം അവൾ തുടർന്നു..

” ഇപ്പോൾ ഒരു മരവിപ്പാണ് ഏട്ടാ മനസ്സ് നിറയെ..ഈ വേദന ഞാൻ ചോദിച്ചു വാങ്ങിയതല്ലേ എന്തിന്റെ പേരിലായാലും ഞാൻ ചെയ്തത് വലിയൊരു തെറ്റാണ്… നമ്മുടെ മോൻ….. “

തൊണ്ടയിടറിയപ്പോൾ ഒരു നിമിഷം വീണ്ടും നിശബ്ദയായി ശാന്തി

” ഏട്ടൻ എന്റെ അവസ്ഥ ഓർത്തു വിഷമിക്കേണ്ട… ആറ് വർഷങ്ങൾ അല്ലെ.. എനിക്കത് പ്രശ്നമല്ല..പക്ഷെ ആ ആറ് വർഷങ്ങൾ.. ഏട്ടൻ ഒരു നല്ല അച്ഛനാകണം.. അറിയാലോ നമ്മടെ മോൾക്ക് ഇപ്പോൾ ഏട്ടൻ മാത്രമേ ഉള്ളു.. സത്യം അത് നമുക്കിടയിൽ ഒതുങ്ങണം… വളർന്നു വരുമ്പോൾ അതിന്റെ വേരുകൾ നമ്മുടെ മകളെ ചുറ്റി വരിയുവാൻ അവസരം ഉണ്ടാകരുത്. കഴിയുമെങ്കിൽ നമ്മൾ മുന്നേ തീരുമാനിച്ചത് പോലെ ഉള്ളതൊക്കെ വിറ്റു പെറുക്കി മറ്റെവിടെലും പോയി ജീവിക്കണം.. “

ഒന്നു നിർത്തി അവൾ പതിയെ മകൾക്കു നേരെ തിരിഞ്ഞു. ആ കരഞ്ഞു കലങ്ങിയ മുഖം ഉള്ളിലൊരു നോവായെങ്കിലും മനസ്സിലെ വേദന പുറത്ത് കാട്ടാതെ പുഞ്ചിരിച്ചു ശാന്തി.

” മോള് കഴിഞ്ഞതൊക്കെ മറക്കണം.. നല്ലോണം പഠിക്കണം.. അച്ഛൻ പറയുന്നതൊക്കെ അനുസരിക്കണം.. അമ്മ വേഗമിങ്ങ് വരും കേട്ടോ.. “

” അമ്മേ… “

പൊട്ടിക്കരഞ്ഞു കൊണ്ട് മകൾ തന്നെ പുണരുമ്പോഴേക്കും ശാന്തിയുടെ നിയന്ത്രണം വിട്ടിരുന്നു. അലമുറിയിട്ടവൾ പൊട്ടിക്കരയുമ്പോൾ ആ രംഗങ്ങൾ പകർത്തുവാൻ നിന്ന മാധ്യമ പ്രവർത്തകർ പോലും ഉള്ളിലൊരു പിടച്ചിലോടെ ക്യാമറകൾ ഓഫ്‌ ചെയ്തു.

” ശാന്തി വരു.. സമയം കഴിഞ്ഞു “

അരികിലേക്കെത്തിയ വനിതാ പോലീസിന്റെ മുഖത്തേക്കൊന്ന് നോക്കിയ ശേഷം നിറ കണ്ണുകളോടെ നന്ദന് നേരെ തിരിഞ്ഞു അവൾ

” ഏട്ടാ.. ഒന്ന് ചോദിക്കട്ടെ.. നമ്മുടെ മോനെ ഓർക്കുമ്പോൾ എന്നോട്.. എന്നോട് വെറുപ്പുണ്ടോ ഏട്ടന് “

“ഏയ്.. ഒരിക്കലുമില്ല .. എന്റെ ഉള്ള് പിടയുന്നത് നിന്റെ ഈ അവസ്ഥ ഓർത്തിട്ടാണ്.. ഇതിനെല്ലാം കാരണം എന്റെ ശ്രദ്ധയില്ലായ്മ യാണെന്നോർക്കുമ്പോൾ ഉള്ള് പിടയുവാ.. “

മറുപടി പറയുവാൻ നിന്നില്ല ശാന്തി. മിഴികൾ തുടച്ചു കൊണ്ടവൾ പതിയെ പോലീസ് ജീപ്പിലേക്ക് കയറി..

സെൻട്രൽ ജയിലിലേക്കുള്ള യാത്രക്കിടയിൽ ശാന്തിയുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു. കൃത്യമായി പറഞ്ഞാൽ അവളുടെ ജീവിതം മാറ്റി മറിച്ച ആ ദിവസത്തിലെ നടുക്കുന്ന ഓർമകളിലേക്ക്.

” മോൻ ഉപദ്രവിക്കാൻ ശ്രമിച്ചത് നിന്നെയല്ല അല്ലെ… “

അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ഒന്ന് നടുങ്ങി ശാന്തി. തലയുയർത്തുമ്പോൾ ഒപ്പം ജീപ്പിൽ ഇരിക്കുന്ന വനിതാ കോൺസ്റ്റബിൾ ആണ് ആ ചോദ്യം ചോദിച്ചതെന്നവൾ മനസ്സിലാക്കി. ശാന്തിയുടെ നടുങ്ങി തരിച്ച മുഖം കണ്ട് അവർ അവളുടെ കരങ്ങളിൽ പതിയെ തലോടി.

” താൻ പേടിക്കേണ്ട.. ഈ കാര്യം ഞാൻ ആരോടും പറയില്ല.. ഈ കേസിന്റെ അന്യോഷണത്തിന്റെ ആരംഭം തൊട്ടേ ഞാൻ ഉണ്ടായിരുന്നു. സംഭവം നടന്ന ശേഷം നിന്റെ മകളുടെ ശാരീരികാസ്വാസ്ത്യത്തിൽ നിന്നും എനിക്ക് സംശയം തോന്നിയിരുന്നു. പക്ഷെ നീ കുറ്റമേറ്റു പറഞ്ഞത് കൊണ്ട് തന്നെ അന്ന് ആ വഴിക്ക് അന്യോഷണം പോയില്ല മാത്രമല്ല നീയും മകനുമായുണ്ടായ ബാലപ്രയോഗ ത്തിനിടയിൽ മകളും പെട്ടുപോയിരുന്നു എന്ന് വിദഗ്ധമായി നീ മൊഴി കൊടുത്തിരുന്നല്ലോ “

ഒന്ന് നിർത്തിയ ശേഷം പതിയെ ശാന്തിയുടെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി അവർ..

” ഒരു സംശയം ചോദിക്കട്ടെ ഞാൻ .. സ്വന്തം മകനല്ലേ.. കൊല്ലാൻ വേണ്ടി തന്നെയാണോ നീ….”

പാതി മുറിഞ്ഞ ആ ചോദ്യം ശാന്തി പ്രതീക്ഷിച്ചിരുന്നു അത്കൊണ്ട് തന്നെ മറുപടി വൈകിയില്ല.

” അതെ മാഡം.. കൊല്ലാൻ വേണ്ടി തന്നെ ചെയ്തതാ.. ഒരുപക്ഷെ ഞാൻ അത് ചെയ്തില്ലായിരുന്നേൽ ലഹരി വിട്ടകലുമ്പോൾ കുറ്റബോധത്താൽ ചങ്ക് പൊട്ടി ചത്തേനെ എന്റെ മോൻ അല്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ അവൻ.. “

ഒന്ന് നിർത്തിയ ശേഷം ആ വനിതാ കോൺസ്റ്റബിളിന്റെ മുഖത്തേക്ക് നോക്കി അവൾ.

” മാഡം.. സ്വന്തം പെങ്ങളെ തിരിച്ചറിയുവാൻ പോലും കഴിയാത്ത വിധം ലഹരിക്ക് അടിമപ്പെട്ടു എങ്കിൽ അവൻ ഇനി ജീവിക്കേണ്ട എന്ന് തോന്നി പോയി… മോള് വളർന്നു വരികയാണ്.. സത്യം തുറന്ന് പറഞ്ഞു കൊണ്ട് ഇന്നത്തെ സമൂഹത്തിന് മുന്നിൽ അവളെ ഒരു ഇരയാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല മാഡം ആരുടേയും ഒരു നോട്ടം പോലും പതിയാതെ എന്റെ മകൾ സുരക്ഷിത യായിരിക്കണം. അതിനു വേണ്ടിയാണ് ഞാൻ ഇതെല്ലം സ്വയം ഏറ്റത്.”

ആ ദൃഢമായ വാക്കുകൾക്ക് മുന്നിൽ. ഏറെ അതിശയിച്ചു പോയി ആ വനിതാ പോലീസ്.

” പേടിക്കേണ്ട.. എന്നിലൂടെ ആരും ഒന്നും പുറത്ത് അറിയില്ല … പക്ഷെ എന്നെങ്കിലും.. നീ തന്നെ നിന്റെ ഈ കഥ പുറം ലോകത്തെ അറിയിക്കണം.. കാരണം അനുഭവസ്ഥരിൽ നിന്നു തന്നെ നമ്മുടെ സമൂഹം അറിയണം ലഹരി യുടെ ഇത്തരം ക്രൂരമായ ദോഷവശങ്ങളെ പറ്റി.”

“മ്മ് “

മറുപടിയായി ഒന്ന് മൂളിയശേഷം പതിയെ വിതൂരതയിലേക്ക് നോട്ടം തിരിച്ചു ശാന്തി .

‘ഹ്മ്.. അറിഞ്ഞിട്ട് എന്ത് കാര്യം.. ഞാനും മോളും കുറച്ചു നാൾ ഇക്കിളിപ്പെടുത്തുന്ന വാർത്തകളായി നിറഞ്ഞു നിൽക്കും മാധ്യമങ്ങൾ ആഘോഷമാക്കും .. പിന്നെ പതിയെ പതിയെ എല്ലാവരും മറക്കും.. തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുക തന്നെ ചെയ്യും.. ‘

ആത്മഗതത്തോടെ തിരിയവേ അവൾ കണ്ടു തന്റെ പുതിയ വാസസ്ഥലത്തെ ആ വലിയ ഗേറ്റ് ഒപ്പം ആ വലിയ അക്ഷരങ്ങളിലുള്ള എഴുത്തും… ‘സെൻട്രൽ ജയിൽ’

(ശുഭം )

ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *