പാരമ്പര്യം നിലനിർത്താൻ സ്വന്തം സഹോദരനെ വിവാഹം ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരായ രാജകുമാരികൾ വരെ…..

ഈജിപ്ത് രാജകുമാരി

Story written by Sabitha Aavani

ഈജിപ്തിന്റെ ഏതോ ഒരു കോണിൽ ആരാലുമറിയാതെ ഉറങ്ങുന്നൊരു രാജകുമാരി…. ജറ്റോവ..

നീണ്ട മൂക്കും കോല് പോലെ നീണ്ട ശരീരവുമുള്ളവൾ…. രാജവംശത്തിന്റെ അധികാരങ്ങളും അലങ്കാരങ്ങളും പേറി ജനിച്ചവൾ…. ജന്മം കൊണ്ട്മാത്രം രാജകുമാരി….

പത്തു വയസ്സ്കാരൻ വരെ രാജ്യം ഭരിക്കുന്ന നാട്.

തന്നേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികൾ അയൽ ദേശങ്ങളിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞ് പോകുന്നതും നോക്കി നിശബ്ദമായി പ്രതികരിച്ചവൾ.

അന്നത് ആചാരമായിരുന്നു…..

അവൾ കേട്ടുവളർന്ന കഥകളിൽ.. പാരമ്പര്യം നിലനിർത്താൻ സ്വന്തം സഹോദരനെ വിവാഹം ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരായ രാജകുമാരികൾ വരെ…..

ഈജിപ്തിന്റെ പല കോണുകളിൽ അവരിന്ന് ശാന്തമായി ഉറങ്ങുന്നുണ്ട്.

അടക്കം ചെയ്ത കല്ലറകളിൽ സർവ്വതും നൽകി അവരെ ഉറക്കി കിടത്തിയിട്ടും.. അവളിൽ അവർ നോവായി ശേഷിച്ചു..

കൊടുംക്രൂരതകൾ നിറഞ്ഞ കഥകൾ.

അനാചാരം, ഭരണമാറ്റം എന്നിവ കൊണ്ടെത്തിക്കുന്ന നീറിപ്പുകയുന്ന ജീവിതങ്ങൾ….. നെറികേടുകൾക്ക് മുന്നിൽ തലകുനിച്ചു കൊടുക്കില്ല എന്നവൾ മനസ്സിൽ ഉറപ്പിച്ചു ജീവിച്ചു.

ജറ്റോവ…..

അവൾ ധീരയായിരുന്നു…. അയൽ ദേശത്തിന്റെ രാജകുമാരനായ ഗ്രോട്ടസ് ജറ്റോവയെ കാണുന്നത് അവിചാരിതമായിട്ടാണ്.

ഒരു രാജകുമാരനു മുന്നിൽ തലയുയർത്തി നിന്ന അവളുടെ ധൈര്യം അയാളെ അവളിലേക്ക് ആകൃഷ്ടനാക്കി…

പക്ഷേ അവളിൽ വിശ്വാസമർപ്പിക്കാൻ ആ നാടും ഭരണകൂടവും ഭയന്നു..

അവൾ അധികാരം കൈയടക്കിയാൽ പൊളിച്ചെഴുതേണ്ടിവരുന്ന നിയമങ്ങളെയും മാമൂലുകളേയും അവർ മുൻകൂട്ടി കണ്ടു. അവൾ ഭരണ പരിഷ്കാരത്തിന്റെ നെടുംതൂണായി ഉയർന്ന് വരുന്നത് രാജ്യത്തിന്റെ നാശമായി കാണുന്ന മനുഷ്യർക്കിടയിൽ അവൾ അപ്പോഴും തലയുയർത്തി പിടിച്ചു തന്നെ നടന്നു.

ഗ്രോട്ടസ് രാജകുമാരനും ജറ്റോവയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇരു ദേശങ്ങളിലേയും ഭരണകർത്താക്കൾക്കിടയിലും ചലനം സൃഷ്ടിച്ചു.

ജറ്റോവയുടെ രാജകുടുംബം കണ്ടെത്തിയ നിഗൂഢമായ ഒരു തീരുമാനം… അവളെ ജീവനോടെ അടക്കം ചെയ്യാൻ കാത്തിരിക്കുന്ന നിലവറയുടെ രഹസ്യത്തെ പറ്റി അവൾക്കറിയില്ലായിരൂന്നു..

ഭൂഗർഭ അറയിൽ അവളെ ജീവനോടെ അടക്കം ചെയ്യുക…വർഷങ്ങൾ കഴിഞ്ഞാലും മരണശേഷം അടക്കം ചെയ്യപ്പെട്ടതായി മാത്രം ലോകം വിശ്വസിക്കണം…..

അധികാരമോഹികൾക്കും.. അത് മാത്രമായിരുന്നു ചിന്ത.

ഗ്രോട്ടസ് രാജകുമാരൻ ജറ്റോവയിലൂടെ തങ്ങളുടെ രാജ്യത്തെ പിടിച്ചെടുക്കും എന്ന് അവർ ഭയന്നിരിക്കണം. ജറ്റോവയെ വധിക്കാൻ പദ്ധതിയിട്ട വാർത്ത എങ്ങനെയോ ഗ്രോട്ടസ് രാജകുമാരന്റെ ചെവിയിൽ എത്തി.

ഒരു രാത്രി ഗ്രോട്ടസ് കൊട്ടാരത്തിൽ നിന്നും വേഷം മാറി ജറ്റോവയുടെ കൊട്ടാരത്തിൽ എത്തി…

മട്ടുപ്പാവിൽ നിന്നിരുന്ന ജറ്റോവയെ ഗ്രോട്ടസ് തിരിച്ചറിഞ്ഞു. പക്ഷേ വേഷം മാറി വന്ന ഗ്രോട്ടസിനെ അവൾ തെറ്റിദ്ധരിച്ചു.

ആളെ തിരിച്ചറിയാതെയുള്ള ജറ്റോവയുടെ ആക്രമണം…. തിരിച്ചാക്രമിക്കാതെ പ്രതിരോധിക്കാനേ ഗ്രോട്ടസിനാവുമായിരുന്നുള്ളൂ… തന്നെ കടത്തിക്കൊണ്ട് പോകാൻ വന്ന ശത്രുവിനെ അവൾ ഭയലേശമില്ലാതെ ആക്രമിച്ചു പക്ഷേ അവസാനം അയാളുടെ വീര്യത്തിനു മുന്നിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു…

അവളുടെ തീപാറുന്ന കണ്ണുകൾ തന്നെ ദഹിപ്പിക്കുമെന്ന തോന്നിയതാകാം ഗ്രോട്ടസ് മുഖാവരണം മാറ്റി.. ജറ്റോവ ഗ്രോട്ടസിനെ തിരിച്ചറിഞ്ഞു.

” നിങ്ങൾ…? “

ഗ്രോട്ടസ് അവളോടെ കാര്യങ്ങൾ തുറന്നു പറയുമ്പോൾ അവൾക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും തന്നെ ഉണ്ടായില്ല.

” നിങ്ങൾ ഒരു ഭീരുവിനെ പോലെ എന്നെ കാണുന്നു… എനിക്കൊരിക്കലും ഒളിച്ചോടാൻ കഴിയുകയില്ല ഗ്രോട്ടസ്… അവർ വിധിക്കുന്നത് മരണമാണെങ്കിൽ അത് സ്വീകരിക്കാൻ ഞാൻ തയ്യാറാണ്…”

നീണ്ട വാക്ക് തർക്കങ്ങൾക്കൊടുവിൽ അവൾ പറഞ്ഞു.

” എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു ഗ്രോട്ടസ്. നിങ്ങളെ എന്റെ മരണം ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല.. എന്നിട്ടും നിങ്ങൾ കാണിച്ച കരുതലിന്… “

ഗ്രോട്ടസ് അവൾക്ക് മുന്നിൽ മുട്ടുകുത്തി. കൈകൾ അവൾക്കു നേരെ ഉയർത്തിക്കൊണ്ട് പറഞ്ഞു.

” ധീരയായ നിന്നെ ഞാൻ പ്രണയിക്കുന്നു ജറ്റോവ…. അധികാരങ്ങളും അവകാശങ്ങളും ഇല്ലാതെ വെറും മനുഷ്യരായി ജീവിക്കാൻ എനിക്ക് മോഹം തോന്നുന്നു… “

” ഗ്രോട്ടസ് നിങ്ങൾ നല്ലവനാണ്… നിങ്ങളെ ആ നാടിന് ആവശ്യമുണ്ട്. തകർത്തെറിയാൻ ബാക്കിയുള്ള അനാചാരങ്ങളും അഴിച്ച് പണിയേണ്ട നിയമങ്ങളും നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ചരിത്രത്തിൽ നിങ്ങളുടെ പേര് ചേർത്ത് വായിക്കുന്ന നാളുകൾ വിദൂരമല്ല…. “

“ജറ്റോവ നീ എന്നെ നിരാശനാക്കരുത് … നിന്നെ പോലെ ഒരായിരം സ്ത്രീകൾ ജനിച്ചാലും…. ഭരണം ഏറ്റെടുത്താലും ….. മാറാൻ തയ്യാറാവാത്ത ഒരു ജനതയാണ് നമ്മുടേത്….. പക്ഷേ നീ ഒന്നിനെ പറ്റിയും ആകുലയാവുന്നില്ല…. ഭയത്തോടെ ജീവിക്കണ്ട നാളുകൾ വരും… നിന്റെ ചിന്തകൾക്ക് പോലും ചങ്ങലയിടുന്ന നിമിഷങ്ങൾ വരും…. നീ എനിക്കൊപ്പം വരൂ… നിന്റെ ജീവന് ഇവിടെ ആപത്താണ്… ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു… “

“ക്ഷമിക്കണം ഗ്രോട്ടസ് . നിങ്ങൾ ഭയക്കുന്നത് പോലെ എന്റെ ജീവനുണ്ടാകുന്ന ആപത്തിനെ ഞാൻ ഭയക്കുന്നില്ല… ഇതെന്റെ ശരീരമാണ്… ചിലപ്പോൾ അവർക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം പക്ഷേ ഇനി വരുന്ന ഓരോ തലമുറയും മാറി ചിന്തിക്കും എനിക്കുറപ്പുണ്ട്..”

നീണ്ട വാഗ്വാദത്തിനൊടുവിൽ ഗ്രോട്ടസ് തിരികെ പോകാൻ ഇറങ്ങി….

രാത്രി ഏറെ വൈകിയിട്ടും… ഇരുളിൽ തിളങ്ങുന്ന ജറ്റോവയുടെ കണ്ണുകൾ അവനെ പോകാൻ അനുവദിക്കുന്നില്ലെങ്കിലും….

പക്ഷേ അവളുടെ ശക്തമായ താക്കീതിൽ അയാൾക്ക് പോകാതെ വേറെ മാർഗ്ഗമില്ല.

ആ രാത്രി പുലരുമ്പോൾ ജറ്റോവയെ ജീവനോടെ തുകലിൽ പൊതിഞ്ഞ് അവർ അടക്കം ചെയ്തിരുന്നു….

അവളുടെ ശവക്കല്ലറയിൽ ശാപവാക്കുകളും മന്ത്രങ്ങളും നിറച്ചു…. അവരുടെ വിശ്വാസങ്ങളിൽ വർഷങ്ങൾ കഴിഞ്ഞ് കല്ലറകൾ തുറക്കുന്നത് കടുത്ത പാപമായി കണക്കാക്കി…. കല്ലറയിലെ ശാപവാക്കുകൾ തുറക്കാൻ വരുന്ന വരുടെ മേൽ പതിക്കുമെന്ന കെട്ടുകഥ. ചുരുളഴിയാതെ കിടക്കുന്ന സത്യങ്ങളെ ഒന്നുകൂടി മൂടി വെയ്ക്കാൻ ഉള്ള പൂട്ട്.. ഈജിപ്‌തിന്റെ ഏതോ ഒരറ്റത്ത് അവൾ ഉറങ്ങി… അവൾ നാട് വിട്ടു പോയി എന്ന് കഥ പരന്നു…

ഗ്രോട്ടസ് അവളുടെ മരണം ഏറെ വേദനയോടെ മനസ്സിലാക്കി…

ദുഃഖം താങ്ങാൻ കഴിയാതെ അയാൾ അലഞ്ഞു ….. പിന്നീടുള്ള ദിനങ്ങൾ അവന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് കടന്നു പോയി കൊണ്ടിരുന്നു ….

അവളുടെ മരണത്തിനു കാരണമായവരെ എങ്ങനെയും വധിക്കണം. അവളുറങ്ങുന്ന മണ്ണ് സ്വന്തമാക്കണം … അവൾക്കു വേണ്ടി നീതി നടപ്പിലാക്കണം .അതവന്റെ കടമയായി അവൻ കണ്ടു . ജറ്റോവയുടെ നാടിനെതിരെ അവൻ രഹസ്യ മായി പടയൊരുക്കം നടത്തി ….. ദിവസങ്ങൾ നീണ്ട ഏറ്റുമുട്ടലിൽ ഗ്രോട്ടസ് വിജയം നേടി …

പിന്നീട് ജറ്റോവയുടെ കല്ലറതേടി അവൻ അലഞ്ഞു …..

അവൾ ഉറങ്ങുന്നിടം കണ്ടെത്തണം .

എല്ലാ കർമ്മങ്ങളോടു കൂടിയും …എല്ലാ ബഹുമതികളോടു കൂടിയും അവളെ അടക്കം ചെയ്യണം … ഗ്രോട്ടസ് രാജകുമാരന്റെ പേരിനൊപ്പം ജറ്റോവയുടെ പേര് കൂടി ചേർത്ത് വായിക്കപ്പെടണം .

ഒരുപാട് അലഞ്ഞു …… ജറ്റോവയെ അടക്കം ചെയ്തിടം ഗ്രോട്ടസിനു കണ്ടെത്താനായില്ല …

എങ്കിലും ജറ്റോവയുടെ ജീവിതാഭിലാഷങ്ങൾ ഓരോന്നായി അവൻ രാജ്യത്ത് നടപ്പാക്കി ക്കൊണ്ടിരുന്നു…

ദുരൂഹത നിറഞ്ഞ കഥകൾക്ക്‌ ജറ്റോവയുടെ ജീവിതം വീണ്ടും സാക്ഷിയായി ..

ജറ്റോവയെ കണ്ടെത്താനാകാതെ കടുത്ത വിഷാദത്തിലായ ഗ്രോട്ടസ് രാജകുമാരന്റെ അരോഗ്യം ഏറെ ക്ഷയിച്ചു ….

ഏതോ അജ്ഞാത രോഗം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നതായി കുടുംബം അറിയിച്ചു .

ഏറെ വൈകാതെ ഗ്രോട്ടസ് മരണത്തിനു കീഴടങ്ങി .

ഈജിപ്‌ത്തിന്റെ പ്രണയ ലിപികളിൽ ഗ്രോട്ട്സ് – ജറ്റോവ എന്നിവരുടെ പേര് ചേർക്കപ്പെട്ടു .

ഈജിപ്തിന്റെ മണ്ണിൽ രണ്ടു ധൃവങ്ങളിൽ അവർ ഉറങ്ങി.

കാലം ഏറെ കടന്നു.

ചരിത്ര പുസ്തകത്തിൽ ജറ്റോവയും ഗ്രോട്ടസും ഇടം നേടി. പിൽക്കാലത്ത് നിഗൂഢതകൾ നിറഞ്ഞ താഴ് വരകളിൽ ചരിത്രം തേടി ഇറങ്ങുന്ന ഗവേഷകർ ജറ്റോവയുടെ കല്ലറ കണ്ടെത്തി…

സാധാരണയായി അടക്കം ചെയ്യുന്ന മൃതദേഹത്തിൽ നിന്നും ഹൃദയം മാറ്റം ചെയ്യപ്പെടും … പക്ഷേ ജറ്റോവയുടെ ഹൃദയം അവരിൽ സംശയങ്ങൾ സൃഷ്ടിച്ചു…. അവളുടെ കൈകാലുകൾ ബന്ദിച്ച് ‌ ജീവനോടെ അടക്കം ചെയ്തതാണ് എന്ന് ഞെട്ടലോടെ ആ ലോകം കേട്ടു.. പക്ഷേ സ്വർണ്ണം മൂടി അടക്കം ചെയ്ത ഗ്രോട്ടസിന് ഹൃദയം ഉണ്ടായിരുന്നില്ല… അവന്റെ ഹൃദയം കവര്‍ന്ന് കടന്നു കളഞ്ഞ ഈജിപ്ത് രാജകുമരി ഒരു വിങ്ങലായി ഇന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്നു .

ഈജ്പ്‌തിന്റെ നിഗൂഢതയിൽ ഉറങ്ങിയ എത്രയെത്ര പേർ … ഇനിയും എത്രയെത്ര കഥകൾ ….

( സാങ്കല്പികം )

Related Posts

Leave a Reply

Your email address will not be published. Required fields are marked *