പുച്ഛത്തോടെ മൂന്നാമത്തെ സ്ത്രീ പറഞ്ഞുനിർത്തി..അവർ മൂന്നുപേരും തിടുക്കപ്പെട്ട് നടക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ സ്നേഹിതയുടെ ദുർവ്വിധിയെ പറ്റി ദുഖങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു……….

ആണുങ്ങൾ കരയാറില്ല

എഴുത്ത്:-വിനീത അനിൽ

അയാളുടെ ഭാര്യ മരിച്ചിട്ട് അന്നേക്ക്നാ ലാം ദിവസമായിരുന്നു.വെറും 42വയസേയുണ്ടായിരുന്നുള്ളു അവർക്ക്. അതീവസുന്ദരിയായ വെളുത്തുമെലിഞ്ഞൊരു യുവതി ആയിരുന്നു അവർ. പെട്ടന്നൊരു ദിവസം ഉറക്കത്തിൽ ശാന്തസുന്ദരമായൊരു മരണം
ആയിരുന്നു അവരുടേത്.

അനുശോചനം അറിയിക്കാൻ വന്ന ബന്ധുമിത്രാദികൾ ഏറെക്കുറെ പിരിഞ്ഞു പോയിക്കഴിഞ്ഞിരുന്നു. തെരുവിന്റെ അങ്ങേയറ്റത്തുനിന്നു അയാളുടെ ഭാര്യയുടെ സുഹൃത്തുക്കളായ മൂന്ന് സ്ത്രീകൾ നടന്നുവരുന്നുണ്ടായിരുന്നു. അവർ വീടിനരികിലെത്തുമ്പോൾ അയാൾ മുന്നിലെ നടവഴിയിൽനിന്നു പച്ചക്കറി ക്കാരനുമായി ഒരു രൂപയ്ക്ക് വേണ്ടി തർക്കിക്കുക ആയിരുന്നു.അയാളും നല്ല രൂപസൗകുമാര്യമുള്ള പുരുഷനായിരുന്നു.

അവരെ കണ്ടതോടെ വിടർന്ന ചിരിയോടെ പതിവുരീതിയിൽ അയാൾ സംസാരിച്ചുതുടങ്ങി.

“പിടിച്ചുപറിക്കാൻ നോക്കിയിരിക്കയാ ഇവറ്റകൾ..ഞാനായതുകൊണ്ട് എന്തും ആവാം എന്ന ഭാവമാണ് “

സ്ത്രീകൾ മടുപ്പോടെ മുഖം തിരിച്ചു വീടിനകത്തേക്ക് നടന്നു.പുറകിൽ അയാളുടെ സംസാരം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.

വീടിനകത്തു അയാളുടെ പ്രായമായ ‘അമ്മ മരിച്ച സ്ത്രീയുടെ വസ്ത്രങ്ങളെല്ലാം ഒരു തുണിക്കെട്ടിലാക്കി ജോലിക്കാരിക്ക് കൊടുക്കുകയായിരുന്നു. മുഖം കൂർപ്പിച്ചു അയാളുടെ മകളോട് അവർ എന്തൊക്കെയോ പിറുപിറുക്കു ന്നുണ്ടായിരുന്നു.

അതും കേട്ടുകൊണ്ട് ഉള്ളിലേക്ക് കയറിവന്ന അയാൾ പച്ചക്കറിസഞ്ചി മകളെ ഏല്പിച്ചശേഷം.ആരോടെന്നില്ലാതെ ഉറക്കെപറഞ്ഞു.

“ഇവിടിരുന്നിട്ടെന്തിനാ..? പോയ ആൾ വരുമോ ഉടുക്കാനിനി.. ആർക്കേലും ഉപകാരപ്പെടട്ടെ..”

അതിനുശേഷം അയാൾ മകളുടെ കയ്യിൽനിന്നു പച്ചക്കറി സഞ്ചി വാങ്ങി അടുക്കളയിലേക്ക് നടന്നു.അയാളുടെ ഗർഭിണിയായ മൂത്ത മകൾ അടുപ്പിനരികിൽ എന്തോ ആലോചിച്ചു നിൽക്കുന്നുണ്ടായിരുന്നു.

തിരിച്ചുള്ള യാത്രയിൽ സ്ത്രീകൾ മൂന്നുപേരും നിശ്ശബ്ദരായിരുന്നു. കുറേസമയത്തെ ആലോചനയ്ക്ക് ശേഷം ഒരാൾ സംസാരിച്ചു തുടങ്ങി

“എനിക്ക് തോന്നുന്നത് ആറു മാസത്തിനുള്ളിൽ അയാൾ വേറെ കല്യാണം കഴിക്കുമെന്നാണ്”

അതിനു തുടർച്ചയായി അടുത്തവൾ പറഞ്ഞു

“പാവം..അവൾക്കെന്തു സ്നേഹമായിരുന്നു അയാളോട്..അവളുടെ ഇഷ്ടങ്ങളോ സന്തോഷങ്ങളോ ഒരിക്കലും ആലോചിച്ചിട്ടില്ല അവൾ”

“അയാൾക്ക് പറയാൻ ഇനിയിപ്പോ ഒരുകാരണം ഉണ്ടല്ലോ. മോളുടെ പ്രസവം”

പുച്ഛത്തോടെ മൂന്നാമത്തെ സ്ത്രീ പറഞ്ഞുനിർത്തി..അവർ മൂന്നുപേരും തിടുക്കപ്പെട്ട് നടക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ സ്നേഹിതയുടെ ദുർവ്വിധിയെ പറ്റി ദുഖങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു.

*****      ******     *****

പിന്നീട് മൂവരും വന്നത് നാല്പത്തിയൊന്നാംനാൾ ആത്മാവിനെ ആവാഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു. അവർ വന്നു അല്പനേരം കഴിഞ്ഞാണ് അയാളും മൂത്തമകളും കാറിൽ വന്നിറങ്ങിയത്.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അയാൾ തീർത്തും ഒരു വൃദ്ധനെ പോലെ ആയിത്തീർന്നിരുന്നു. അയാളുടെ രൂപമാറ്റം കണ്ടു വേദനയോടെ അയാളുടെയമ്മ കണ്ണീർതൂകി. അമ്പരപ്പോടെ സ്ത്രീകൾ മൂവരും പരസ്പരം നോക്കി.

“അദ്ദേഹത്തിന് എന്തെങ്കിലും വയ്യായ്കയുണ്ടോ?”?അയാളുടെ അമ്മയോട് ഒന്നാമത്തെ?സ്ത്രീ പതുക്കെ ചോദിച്ചു.

“ഇതില്പരം ഇനിയെന്തുവരാനാണ്” അവർ മുഖം പൊത്തി വിങ്ങിക്കരഞ്ഞുകൊണ്ട് തുടർന്നു…

“അവൾ പോയതിനു ശേഷം ഒന്നുറങ്ങിയിട്ടില്ല എന്റെ മകൻ. പകൽ മൊത്തം ബഹളം വച്ച് എന്തെങ്കിലുമൊക്കെ സംസാരിച്ചു നടക്കും. രാത്രിയിലിറങ്ങിപ്പോയി അവളുടെ ശവക്കൂനയ്ക്കരികിൽ?ഇരുന്നു പതം പറച്ചിൽ.?ഉറങ്ങാനുള്ള മരുന്ന് കൊടുത്തിട്ടു പോലും ഫലമുണ്ടായില്ല. എന്താ ചെയ്ക ആണായിപ്പോയില്ലേ … നെഞ്ചത്തലച്ചു കരയാനൊക്കില്ലലോ.. ഒരു മാറ്റമുണ്ടാവാൻ വേണ്ടി മൂത്തവൾ കൂടെ കൊണ്ടുപോയതായിരുന്നു .ഇപ്പോക്കണ്ടില്ലേ.. പടുവൃദ്ധനായിപ്പോയി എന്റെ കുട്ടി”

**** **** ****

പടി കടക്കും മുന്നേ രണ്ടാമത്തെ സ്ത്രീ ഒന്നു തിരിഞ്ഞുനോക്കി. തെക്കേപ്പുറത്തു, മാവിൻ ചുവട്ടിൽ ഭാര്യയുടെ മൺകൂനയ്ക്കരികിൽ ഒരു ചെറിയ കുറ്റിച്ചൂലുമായി പൊഴിഞ്ഞുവീണ മാവിന്റെ ഇലകൾ തൂത്തു വൃത്തി യാക്കുന്നതിനോടൊപ്പം എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നു ണ്ടായിരുന്നു അയാൾ.

മൂവരും നിശ്ശബ്ദരായിരുന്നു

“എന്തുകൊണ്ടാണ് ആണുങ്ങൾ കരയാത്തതു?”

മൂന്നാമത്തെ സ്ത്രീ നടത്തത്തിനിടയിൽ പതുക്കെ ചോദിച്ചു.

മറ്റു രണ്ടുപേരും ഒരുനിമിഷം പരസ്പരം നോക്കി. പിന്നെ ഒരു നെടുവീർപ്പോടെ ഒരുവൾ പതുക്കെ പിറുപിറുത്തു…

“അറിയില്ല… എല്ലാ സങ്കടവും കരഞ്ഞുതീർത്താൽ പിന്നെ അവരും നമ്മളും ഒരു പോലെയായിപ്പോകില്ലേ എന്നുവച്ചാവാം”..

Leave a Reply

Your email address will not be published. Required fields are marked *