പോലീസും ഫോറൻസിക് വിദഗ്ധരും നടപടികൾ ഓരോന്നായി പൂർത്തീകരിച്ചുകൊണ്ടേയിരുന്നു…

Story written by Saran Prakash

പുറത്തെ കൂട്ടിൽനിന്നും, ഒരു മുഴക്കത്തോടെ ഹാർലിയുടെ കുരയുയർന്നു.. ഉമ്മറത്തെ ചാരുകസേരയിൽ, അയാളുടെ ഉച്ചമയക്കത്തെ അലോസരപ്പെടുത്തുംവിധം….

ആ വലിയ ബംഗ്ളാവിന്റെ മുൻപിലെ നെടുനീളൻ വഴിയിലൂടെ ഒരു പോലീസ് ജീപ്പ് ഉമ്മറത്തെത്തി…

”പുതിയ എസ്‌ഐ ചാർജ്ജെടുത്തിട്ടുണ്ടെന്ന് അങ്ങാടീല് പരക്കെ ഒരശരീരിയുണ്ടായിരുന്നു..”

കാര്യസ്ഥൻ ഗോവിന്ദൻ മടക്കികുത്തിയ മുണ്ടിന്റെ തലപ്പഴിച്ചിട്ടു..

ഉമ്മറത്തെ പണിക്കാരി പെണ്ണുങ്ങൾ പിന്നാമ്പുറത്തേക്ക് മറഞ്ഞു…

ജീപ്പിൽനിന്നിറങ്ങിയ കട്ടിമീശക്കാരൻ ആ വീടിനുചുറ്റും കണ്ണോടിച്ചു… പിന്നെ പതിയെ ഉമ്മറത്തേക്ക്…

”മിസ്റ്റർ പീറ്റർ ഡേവിഡ്‌സൺ…??”

എസ്‌ഐ കാര്യസ്ഥനെ നോക്കി… മറുപടിയെന്നോണം ആ കണ്ണുകൾ ഉമ്മറത്തെ ചാരുകസേരയിലേക്ക് നീങ്ങി…

പീറ്റർ തനിക്കരികിലായ് പോലീസുദ്യോഗസ്ഥനിരിക്കാനുള്ള ഇരിപ്പിടമൊരുക്കി…

”ഞാൻ വന്നത്….!!!”

എസ്‌ഐ തുടക്കമിട്ടെങ്കിലും, പീറ്ററുടെ വലംകൈ ഉയർന്നു… ആ വാക്കുകൾക്ക് വിലക്കേർപ്പെടുത്തികൊണ്ട്….

”എനിക്കറിയാവുന്നതെല്ലാം ഞാൻ പലപ്പോഴായി പറഞ്ഞുകഴിഞ്ഞു… എത്രയാവർത്തിച്ചാലും കണ്ടത് മാറില്ലല്ലോ…!!”

അയാൾ ചാര് കസേരയിലേക്ക് മലർന്ന് വീണ്ടും കണ്ണുകളടച്ചു…

ഒരു ദീർഘനിശ്വാസത്തോടെ എസ്‌ഐ എഴുന്നേറ്റു…

അപ്പോഴും കൂട്ടിൽ ഹാർലി കുരച്ചുകൊണ്ടേയിരുന്നു… അതി ഭീകരമായി…

”ഏതാ ഇനം..??”

പടിയിറങ്ങവേ എസ്‌ഐ കാര്യസ്ഥനെ നോക്കി…

”ഇംഗ്ളണ്ടുകാരനാണ്… ബുൾമാസ്റ്റിഫ്… പേര് ഹാർലി…”

എസ്‌ഐക്കൊപ്പം കാര്യസ്ഥനും ജീപ്പിനരികിലേക്ക് അടിവെച്ചു…

“പീറ്റർ ഡേവിഡ്‌സൺ….!!! ഹാർലി…!!! പേരിലെ വാല് നേരെ തിരിച്ചല്ലേ വേണ്ടിയിരുന്നത്…”

ചാരുകസേരയിലേക്ക് ശബ്ദമുയരാത്തവിധം എസ്‌ഐ കുലുങ്ങിചിരിച്ചു…

എസ്‌ഐയുടെ വാക്കുകളിലെ നർമ്മമറിയാതെ കാര്യസ്ഥൻ കണ്ണുചുളിച്ചു… പോലീസ് ജീപ്പ് അകലങ്ങളിലേക്ക് ഇഴഞ്ഞുനീങ്ങി…

”മാത്യൂസേ,, തന്റെ അറിവിൽ നായ്കുട്ടികളെ കൊടുക്കാനുണ്ടേൽ അറിയിക്ക്… എനിക്കും വേണം നല്ലൊരിനത്തിനെ..”

പോലീസ് ജീപ്പിൽ, ഹാർലിയിൽ മോഹമേറിയ എസ്‌ഐ തന്റെ സാരഥിയോട് ആവിശ്യമറിയിച്ചുകൊണ്ട്, അരികിലെ പൊടിതട്ടിയെടുത്ത ആ ഫയൽ തുറന്നു…. ഇന്നും ചുരുളഴിയാത്ത ആ കുറ്റകൃത്യത്തിലേക്ക്….

നാളുകൾ പഴക്കമേറിയ ഒരു മഴപെയ്തുതോർന്ന പ്രഭാതം… അന്നും പതിവുപോലെ ഹാർലിയുമൊത്ത് പീറ്റർ സവാരിക്കിറങ്ങി… ബംഗ്ലാവിനോരം ചേർന്നുള്ള ഇടവഴിയിലൂടെ…

കാലപ്പഴക്കമേറിയ അടഞ്ഞുകിടന്നിരുന്ന ബിസ്ക്കറ്റ് കമ്പനിക്കരികിലെത്തിയതും, ഹാർലി ഭീകരമായി കുരച്ചുകൊണ്ടേയിരുന്നു… കമ്പനിക്കുള്ളിലെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളിലേക്ക്…

പീറ്ററുടെ കൈകളിൽനിന്നും കുതറിയോടിക്കൊണ്ടവൻ അവർക്കരികിലേക്കായ് ആ മതില് ചാടി കടന്നു…. പുറകെ ഹാർലിയെ കൈപ്പിടിയിലൊതുക്കുവാൻ പീറ്ററും…

അവരിരുവരുടേയും ഓട്ടമവസാനിച്ചത്, പഴകിയ ചുമരുകൾക്കുള്ളിലെ ഇടുങ്ങിയ ഒരു മുറിയിലേക്കായിരുന്നു…

അവിടെ നായ്ക്കൾ വട്ടമിട്ടു നടക്കുന്ന പുഴുവരിച്ചുതുടങ്ങിയ ഒരജ്ഞാത ശവശരീരത്തിനുമുന്പിൽ….!!!!

ആളുകളോടിക്കൂടി… മൂക്കുപൊത്തി… വായടച്ചു… എങ്കിലും ചിലർ ഓക്കാനിച്ചുകൊണ്ടിരുന്നു…

പോലീസും ഫോറൻസിക് വിദഗ്ധരും നടപടികൾ ഓരോന്നായി പൂർത്തീകരിച്ചുകൊണ്ടേയിരുന്നു…

കൊല്ലപ്പെട്ടത് ഒരു യുവാവാണെന്നല്ലാതെ ആ മുഖമോ, തിരിച്ചറിയാൻ തക്ക പാടുകളോ പുഴുവരിച്ച, നായ്ക്കൾ കടിച്ചുകീറിയ ആ ശരീരത്തിലവശേഷിച്ചിരുന്നില്ല…

പതിവ് രീതി പോലെ, നാട്ടിലും അടുത്ത സ്റ്റേഷനുകളിലും രേഖപ്പെടുത്തിയ കാണാതായ യുവാക്കളുടെ വിശദാംശങ്ങൾ പോലീസ് പൊടിതട്ടിയെടുത്തു…

പക്ഷേ കിട്ടിയ രേഖകളൊന്നും തന്നെ ഫോറൻസിക് നിർണ്ണയിച്ച മരിച്ചയാളുടെ ശരീരപ്രകൃതിയോടൊത്തില്ല…

ഉത്തരങ്ങളില്ലാതെ ചോദ്യചിഹ്നങ്ങൾ മാത്രം കുമിഞ്ഞുകേറിയപ്പോൾ, നാട്ടുനടപ്പ് പോലെ സംശയത്തിന്റെ നിഴൽ ആദ്യമായിക്കണ്ട പീറ്ററിലേക്ക് നീങ്ങി…

മണംപിടിച്ചോടിയ പോലീസ്നായ പീറ്ററിന്റെ ഗേറ്റിനരികിലെത്തിയത് ആ സംശയത്തെ ഊട്ടിയുറപ്പിച്ചു…

സ്റ്റേഷനിൽ വിളിപ്പിച്ചും, വീട്ടിലെത്തിയും പോലീസുദ്യോഗസ്ഥർ പീറ്ററിനെ പിന്നെയും പിന്നെയും തലങ്ങും വിലങ്ങും ചോദ്യം ചെയ്തുകൊണ്ടേയിരുന്നു…

പക്ഷേ പീറ്ററിന്‌ പറയാൻ മതിലുചാടികടന്നോടിയ ഹാർലിയുടെ കഥമാത്രമേയുണ്ടായിരുന്നുള്ളു….

”എങ്കിൽ മണംപിടിച്ചെത്തിയ പോലീസ് നായ..??”

കേസന്വേഷിച്ചിരുന്ന എസ്ഐയ്ക്ക് മറുപടി, പീറ്ററിന്റെ അട്ടഹാസമായിരുന്നു…

”അവറ്റകൾക്കുമില്ല്യോ സാറേ വിചാരോം വികാരോമൊക്കെ…”

ഒറ്റവരിയിലൊതുക്കിയ പീറ്ററിന്റെ ആ വാക്കുകളിലെ പൊരുളറിഞ്ഞത് ഡോഗ് സ്‌ക്വാഡിന്റെ വിശദീകരണത്തിലൂടെയായിരുന്നു…

“പീറ്ററിന്റെ ഹാർലി ഒരു പെൺപട്ടിയാണ്… ഇണചേരാനായ് ശരീരം ചൂടുപിടിക്കുമ്പോൾ, ഇണയെ ആകർഷിക്കുവാൻ അവർ പോകുന്ന വഴിയോരങ്ങളിൽ ഇടയ്ക്കിടെ മുള്ളുന്നത് പതിവാണ്…

ആ മണം പിടിച്ചാണ് പോലീസ് നായയും…!!!”

നിലയുറപ്പിച്ചിരുന്ന കോൺസ്റ്റബിൾമാർ ഒരു ചിരിയോടെ പിറുപിറുത്തു…

കാ മം…!!! മനുഷ്യന് പറഞ്ഞുരസിക്കാൻ ഇത്രയേറെ ഇമ്പമുള്ള മറ്റെന്തുണ്ട്.. അത് മനുഷ്യന്റെയായാലെന്ത്… പട്ടിടെയായാലെന്ത്…!!!

ആരെയും ഭയക്കാത്ത പീറ്ററിന്റെ മനോഭാവത്തെ സംശയിച്ച പോലീസുകാർ തെറ്റുചെയ്യാത്തവരുടെ ധൈര്യമാണതെന്ന് പിന്നീട് വിധിയെഴുതി…

അന്വേഷണം വീണ്ടും വീണ്ടും മുന്നിലോട്ട് പോയി… ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ മാത്രമായി…

കൊ ല്ലപ്പെട്ടതാര്..!!! കൊ ന്നതാര്…!!!

പോലീസുകാർ പലരും മാറിമാറി വന്നുകൊണ്ടേയിരുന്നു… പീറ്ററിനെ അവർ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു…

ആവേശത്തോടെ അവരേവരും ആ കേസ് ഫയൽ കയ്യിലെടുത്തതല്ലാതെ നാളിതുവരെ ഉത്തരങ്ങൾ കണ്ടെത്താൻ ആർക്കുമായില്ല…

”ന്റെ സാറേ… ചത്തവൻ എന്തായാലും ആർക്കും വേണ്ടാത്തവനാണ്.. അല്ലെങ്കിൽ പിന്നെ ആരെങ്കിലും വരില്ലായിരുന്നോ അന്വേഷിച്ച്…??”

പറമ്പിൽ നിന്നും വീണുകിട്ടിയ അൽഫോൻസോ മാമ്പഴമെടുത്ത് ഗോവിന്ദൻ എസ്ഐയ്ക്ക് നേരെ നീട്ടി…

അന്ന്, കാക്കിയുടുപ്പും ജീപ്പുമില്ലാതെ വന്നതിനാലാകാം ഗോവിന്ദന്റെ മുഖത്ത് ഭയപ്പാടോട്ടുമില്ലായിരുന്നു….

”പീറ്ററിന്‌ കുടുംബോം കുട്ട്യോളുമൊന്നുമില്ലേ..??”

ഗോവിന്ദൻ നീട്ടിയ മാമ്പഴമേറ്റുവാങ്ങി എസ്‌ഐ പിന്തിരിഞ്ഞു…

”പെമ്പറന്നോത്തി മരിച്ചു ആണ്ടുകളായി… പിന്നെയുള്ളത് ഒരു മോനാ… കൊച്ചനങ് ഇംഗ്ലണ്ടിലാ… അവിടെ തന്നെ ഒരുത്തിയെ കെട്ടി സുഖജീവിതം… വല്ലപ്പോഴുമൊക്കെ വന്നാലായി…”

ചുറ്റിലേക്കും കണ്ണോടിച്ച് ആരുമില്ലെന്നുറപ്പുവരുത്തി ഗോവിന്ദൻ ഒന്നുകൂടി എസ്‌ഐയുടെ കാതോരം ചേർന്നു…

”ഇങ്ങേരുടെ ഈ പട്ടാളഭരണം ആർക്കുമത്ര പിടിക്കില്ല്യാ..”

തെങ്ങിൻ തടത്തിൽ ഒഴിഞ്ഞ കാലിക്കുപ്പികൾ കുമിഞ്ഞുകൂടിയിരുന്നു… പട്ടാളക്കാരന്റെ മാസപ്പടി…!!!

”അപ്പൊ ഗോവിന്ദനോ..??”

അപ്രതീക്ഷിതമായ എസ്‌ഐയുടെ ചോദ്യത്തിൽ ഗോവിന്ദന്റെ മുഖമൊന്നു ചുളിഞ്ഞു…

”നിവർത്തികേടുകൊണ്ടു സഹിക്കുന്നതാ സാറേ… പെങ്കുട്യോള് രണ്ടെണ്ണമാ പുര നിറഞ്ഞ് നിക്കണത്..”

പറമ്പിൽ നിന്നും കുശലാന്വേഷണങ്ങളുമായി അവർ ഉമ്മറത്തേക്കെത്തി..

കൂട്ടിൽ ഹാർലി അതി ഭീകരമായി കുരച്ചുകൊണ്ടേയിരുന്നു…

”മൊതലാളി പറഞ്ഞാലല്ലാതെ അവൻ വായടക്കില്ല്യാ… അസത്ത്…”

അസഹ്യമായ ഹാർലിയുടെ കുരയിൽ ഗോവിന്ദന് അരിശമേറി…

“ഇംഗ്‌ളണ്ടീന്ന് ചെക്കനൊരിക്കൽ വന്നപ്പോൾ അപ്പന് സമ്മാനമായി കൊടുത്തതാ… അങ്ങേര് വളർത്തി വലുതാക്കിയതുകൊണ്ടാകും തനിപ്പകർപ്പ്.. ഒരമ്മപെറ്റ മക്കളെന്നാ ഇവിടത്തെ പണിക്കാരി പെണ്ണുങ്ങള് അടക്കം പറയാറ്….”

ഗോവിന്ദൻ അട്ടഹസിച്ചു… അടിച്ചമർത്തുന്ന മുതലാളി വർഗ്ഗത്തിനോടുള്ള ഒരു സാധാരണക്കാരൻ തൊഴിലാളിയുടെ പ്രതിഷേധമെന്നപോലെ….

മേലെ പേമാരിയായി പെയ്തിറങ്ങാൻ കാർമേഘങ്ങൾ തിടുക്കം കൂട്ടുന്നത് കണ്ടിട്ടാകാം എസ്‌ഐ തന്റെ ബൈക്കിലേറി…

”ഹാർലി ഡേവിഡ്‌സൺ…!!”

മോടിയേറിയ ആ ബൈക്കിന്റെ പേര് വായിച്ചെടുത്ത ഗോവിന്ദന്റെ മുഖത്തൊരു നേർത്ത ചിരി വിടർന്നു…

ആദ്യമായി വന്നുകയറിയ നിമിഷം എസ്‌ഐ നർമ്മത്തിലൂടെ പ്രകടിപ്പിച്ച ആ സംശയത്തിന്റെ പൊരുളിപ്പോൾ തിരിച്ചറിഞ്ഞുകാണും…

”ഞാനിറങ്ങുന്നു… തന്റെ മൊതലാളി വരുന്നതും കാത്തിരുന്നാൽ എന്റെ വഴി മുടങ്ങും..”

പെയ്യാനൊരുങ്ങുന്ന ആകാശം നോക്കികൊണ്ട് അയാൾ അകന്നു…

പുകച്ചുരുളുകൾ ഉയർത്തിവിട്ടുകൊണ്ട് ആ രാത്രിയിൽ എസ്‌ഐ കഴിഞ്ഞുപോയ ആ പകലിനെ വീണ്ടും വീണ്ടും ഓർത്തെടുത്തു…

പീറ്ററിന്റെ വീട്ടിലെ പണിക്കാരി പെണ്ണുങ്ങളിൽ ഇടയ്ക്കിടെ തന്നെ എത്തിനോക്കിയിരുന്നവളുടെ കണ്ണിലെ തീഷ്ണത…

തെങ്ങുകേറുന്നതിനിടയിലും തന്നിലേക്ക് കാതുകൂർപ്പിച്ച തെങ്ങുകേറ്റക്കാരൻ…

നിഷ്കളങ്കതയുടെ മുഖമൂടിയണിഞ്ഞ കാര്യസ്ഥൻ ഗോവിന്ദൻ…

അയാൾ അസ്വസ്ഥനായി….

ഉയർത്തിവിടുന്ന പുകച്ചുരുളുകൾക്കൊപ്പം കേസ് ഫയലുകളും രേഖപ്പെടുത്തിയ മൊഴികളും അയാൾ വീണ്ടും വീണ്ടും ചികഞ്ഞുകൊണ്ടേയിരുന്നു…

ഒടുവിൽ ഏതൊരു കുറ്റകൃത്യത്തിലും ദൈവമവശേഷിപ്പിക്കുന്ന തെളിവെന്നപോലെ ആ പേര് കണ്ണിലുടക്കി…

ചാർളി…. പീറ്റർ ഹന്ന ദമ്പതികളുടെ ഏക മകൻ…!!!!

പീറ്ററിന്റെ രേഖപ്പെടുത്തിയ മൊഴിപ്രകാരം, സംഭവം പുറംലോകമറിയുന്നതിന് രണ്ടാഴ്ച മുൻപായിരുന്നു, ചാർളി അവധികഴിഞ്ഞ് ഇംഗ്ലണ്ടിലേക്ക് തിരിച്ചത്…

കുശലാന്വേഷണത്തിൽ കാര്യസ്ഥൻ ഗോവിന്ദന്റെ വാക്കുകൾ അയാളുടെ കാതിൽ അലയടിച്ചു…

”ചാർളി അവസാനം വന്നത് ഏതാണ്ട് ആ ഒരു സമയത്താ… പക്ഷേ, സംഭവം നടക്കുന്നേന്റെ കുറച്ചു ദിവസങ്ങൾ മുൻപ് കൊച്ചൻ ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു… അതൊരു പെട്ടന്നുള്ള യാത്രായായിരുന്നെന്നാ മൊതലാളി പറഞ്ഞത്… ഇംഗ്ലണ്ടിലെ മദാമ്മകൊച്ചുമായി ഒരു കശപിശ… പെണ്ണൊരുമ്പെട്ടാൽ പിന്നെ നിവർത്തിയില്ലല്ലോ… അല്ലെ സാറേ….!!!”

കാര്യസ്ഥന്റെ ചിരി ആ മുറിയിലാകെ മുഴങ്ങി….

ഫോറൻസിക് റിപ്പോർട്ട് പ്രകാരം അഴുകിയ ആ ശരീരത്തിന്റെ അവസാന ശ്വാസം നിലച്ചതും ഏകദേശം രണ്ടാഴ്‍ച്ച മുൻപുതന്നെയായിരുന്നു…

ഒരുപക്ഷെ കൊലയാളി ചാർളി ആയിരിക്കുമോ..!! എങ്കിൽ കൊ ല്ലപ്പെട്ടതാര്…!!!

ഉയർത്തിവിട്ട പുകച്ചുരുളുകൾ ഒരു ചോദ്യചിഹ്നമായി അയാൾക്ക് മുൻപിൽ പ്രതിഫലിച്ചു….

”ബ്രിഗേഡിയർ ആയിരുന്നല്ലേ…??”

അന്ന്, ചുമരിലെ ചിത്രത്തിലേക്ക് നോക്കിയുള്ള എസ്‌ഐയുടെ ചോദ്യത്തിന് പീറ്ററിന്റെ മറുമടി ഒരു മൂളൽ മാത്രമായിരുന്നു…

”ഞങ്ങൾ പോലീസിന്റെ നിയമ വ്യവസ്ഥിതിയിൽ തെറ്റ് ചെയ്തവർക്കേ ശിക്ഷയുള്ളു… കൂട്ടുനിന്നവർക്ക് മാപ്പുസാക്ഷികളാകാം….!!!”

അപ്രതീക്ഷിതമായ ആ വാക്കുകളിൽ പീറ്ററുടെ മുഖമൊന്നു ചുളിഞ്ഞു.. കണ്ണുകളിൽ അതുവരെയില്ലാതിരുന്ന ഭാവങ്ങൾ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു…

”കൊ ല്ലപ്പെട്ടത് ചാർളിയല്ലേ..?? നിങ്ങളുടെ മകൻ..??”

തന്റെ കാതോരം ചേർന്നുള്ള എസ്‌ഐയുടെ ആ ചോദ്യത്തിന്, പീറ്ററിന്റെ മറുപടി ബംഗ്ലാവ് മുഴങ്ങിക്കൊണ്ടുള്ള അട്ടഹാസമായിരുന്നു… പണിക്കാരി പെണ്ണുങ്ങളുടെ കണ്ണിൽ ഭയമേറും പോലെ…

ചാരുകസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് പീറ്റർ ചുമരിലെ വാളുകളിലൊന്നെടുത്ത് ആഞ്ഞുവീശി…

എസ്‌ഐയുടെ കഴുത്തോരം ചേർന്നുകൊണ്ട്…

ഭയന്നുവിറച്ച ആ കണ്ണുകൾ നോക്കി പീറ്റർ വീണ്ടും അട്ടഹസിച്ചു…

”ഞങ്ങൾ പട്ടാളത്തിനെന്നും ഒരേയൊരു നിയമമേയുള്ളു… തെറ്റ് ചെയ്തവർക്കും.. കൂട്ടുനിന്നവർക്കും….!!!”

പണിക്കാരി പെണ്ണുങ്ങൾ പിന്നാമ്പുറത്തേക്കോടി മറഞ്ഞു…

വാൾ വീണ്ടും ചുമരിലേറി…

”സാറ് കണ്ടെത്തിയതിൽ ഒന്നുമാത്രം ശരിയാണ്… കൊ ല്ലപ്പെട്ടത് എന്റെ മകനാണ്… പക്ഷേ നിങ്ങൾ ചിന്തിച്ചതുപോലെ എനിക്കതിൽ പങ്കില്ല…!!”

ദീർഘനിശ്വാസത്തോടെ പീറ്റർ ചാരുകസേരയിലേക്ക് മലർന്നു….

”പിന്നെ എന്തുകൊണ്ട് നിങ്ങളത് പോലീസിനോട് പറഞ്ഞില്ലാ…??”

എസ്‌ഐയുടെ സംശയം ഏറിക്കൊണ്ടേയിരുന്നു…

“പറഞ്ഞില്ല്യോ സാറേ… ഞങ്ങൾ പട്ടാളക്കാർക്ക് നിയമം ഒന്നേയുള്ളൂ… അത് നാടിനു വേണ്ടിയായാലും, കുടുംബത്തിന് വേണ്ടിയായാലും…”

പീറ്ററുടെ കണ്ണുകളിൽ ചോര തിളച്ചുകൊണ്ടേയിരുന്നു… സ്വന്തമെന്ന് പറയാൻ അവശേഷിച്ചതിനെ തട്ടിയെടുത്ത ആ കഴുകനുവേണ്ടി…

എസ്‌ഐ പതിയെ പടിയിറങ്ങി…

”സാറേ… നല്ലൊരെണ്ണം ഒത്തുവന്നിട്ടുണ്ട്… ജർമനിക്കാരനാ… റോട്ട്വീലർ… സ്വന്തം മക്കളെക്കാളേറെ വിശ്വസിക്കാം… നമ്മള് പോലീസായതുകൊണ്ട് ചുളുവിലക്ക് ഇങ്ങോപ്പിക്കാം….”

മാത്യൂസ് ചുരുങ്ങിയ സമയകൊണ്ട് തന്റെ കടമ നിർവഹിച്ചതിൽ ആത്മാഭിമാനത്തോടെ ഡ്രൈവർ സീറ്റിലിരിപ്പുറപ്പിച്ചു…

കാതിലലയടിച്ച മാത്യൂസിന്റെ വാക്കുകളിൽ എസ്‌ഐയുടെ കണ്ണുകളിൽ ആവേശമേറി..

”താനെന്താ ഇപ്പൊ പറഞ്ഞേ…??” അയാൾ അലറി…

ആ ഭാവമാറ്റത്തിൽ മാത്യൂസിന്റെ കണ്ണുകളിൽ ഭയമേറി… ഒരുപക്ഷേ പോലീസ് പദവി ദുരുപയോഗം ചെയ്യുന്നതിനാകുമോ..!!

”അയ്യോ സാറേ… ഞാനൊരു തമാശ പറഞ്ഞതാ… നമുക്ക് അവർ പറയുന്ന പണം നൽകാം…!!”

തിരിച്ചെടുക്കാനാകാത്ത ആ വാക്കുകളെ അയാൾ ന്യായികരിച്ചു….

“അതല്ലടോ… താൻ പറഞ്ഞില്ലേ.. മക്കളെക്കാളേറെ വിശ്വസിക്കാംന്ന്…”

കാതിൽമുഴങ്ങിയതിൽ തനിക്കുവേണ്ടത് മാത്രം എസ്‌ഐ അരിച്ചെടുത്തു…

മാത്യൂസിന്റെ ചുണ്ടുകൾ വെളുക്കനെ പുഞ്ചിരിച്ചു…

“ആ… അതായിരുന്നോ… ചിലയിനം നായ്ക്കൾ തന്റെ ഉടമയെ മാത്രമേ സ്നേഹിക്കൂ… അവർ പറയുന്നതേ അനുസരിക്കൂ…!!”

എസ്‌ഐ ഫയലുകളിൽ രേഖപ്പെടുത്തിയ മൊഴികൾ വീണ്ടും വീണ്ടും ഓർത്തെടുത്തു…

ഇംഗ്ലണ്ടിലുള്ള തന്റെ ഭാര്യയോട് വഴക്കിട്ട് വീടുവിട്ടിറങ്ങുന്ന ചാർളിയെ… പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അഴുകിയ ആ ശരീരത്തിൽ നിന്നും നായ്ക്കൾ ഏൽപ്പിച്ച മുറിവുകൾ മാത്രം കണ്ടെത്താനായ ഡോക്ടറുടെ…. പീറ്ററുടെ മുറ്റത്തേക്ക് മണം പിടിച്ചോടിയ പോലീസ് നായയുടെ…

ഒടുവിലായ്, കുശലാന്വേഷണത്തിനിടയിൽ കാര്യസ്ഥൻ ഗോവിന്ദന്റെ വാക്കുകൾ…

”ആ നായയോടുള്ള വിശ്വാസം പോലും ഞങ്ങളോടില്ല… അതുകൊണ്ടല്ലേ മദ്യപിച്ചു മദോന്മത്തനായിട്ടും, രാത്രികളിൽ ആ ജന്തുവിനെ മാത്രം കൂട്ടുപിടിച്ച് കിടക്കുന്നത്…!!!”

ഇംഗ്ലണ്ടിൽ നിന്നുമുള്ള ഒരു സന്ദേശം ആ നിമിഷം ഫോണിൽ തെളിഞ്ഞു…. തന്റെ അവശേഷിക്കുന്ന ചോദ്യത്തിന് മറുപടിയുമായി ചാർളിയുടെ ഭാര്യ….

”അവസാനമായി ചാർളി നാട്ടിലേക്ക് തിരിച്ചത്, പണത്തിനുവേണ്ടിയായിരുന്നു… നഷ്ടത്തിലായ ബിസിനസ് തിരികെപ്പിടിക്കാൻ….”

കണ്ണുകളടച്ച് ജീപ്പിന്റെ സീറ്റിൽ അയാൾ നടുനിവർത്തി…

ആ കണ്ണുകൾക്കുള്ളിൽ ഒരു യുദ്ധമരങ്ങേറിയിരുന്നു….

പണത്തിനുവേണ്ടി ജന്മം നൽകിയവനെ കൊ ല്ലാനൊരുങ്ങുന്ന വില്ലനും, തന്റെ ഉടമയെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ആ നായികയും തമ്മിൽ…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *