പോലീസ് സ്റ്റേഷനിൽ വെച്ച് സുബൈറിന്റെ കൈകളെ തട്ടി മാറ്റി അവനൊപ്പം അവൾ ഇറങ്ങിപോയപ്പോൾ സത്യത്തിൽ അല്ലാഹുവിനു ഞാൻ നന്ദി പറഞ്ഞു…

Story written by Sumayya Beegum T A

ബസിൽ അത്യാവശ്യം നല്ല തിരക്കുണ്ട്. അകത്തെ ബഹളങ്ങളിൽ നിന്നെല്ലാം ശ്രദ്ധമാറ്റി അഹാന പുറംകാഴ്ചകളിലേക്കു നോക്കിയിരുന്നു.

മനസ് കൈപ്പിടിയിൽ നില്കുന്നില്ലെങ്കിലും കണ്ണടച്ചാലോ കാതു പൊത്തിയാലോ താൻ കാണുന്നതും കേൾക്കുന്നതും ഒഴിച്ച് മറ്റെല്ലാം അതുപോലെ നിലനിൽക്കും എന്ന തിരിച്ചറിവ് അവളെ ഒന്നിൽ നിന്നും ഓടിയൊളിക്കാൻ അനുവദിച്ചില്ല.

ഒരു കോളേജ് സ്റ്റോപ്പിൽ ബസ് നിർത്തി കലപില കൂട്ടി കുട്ടികൾ ഇടിച്ചു കയറുമ്പോൾ വെയ്റ്റിങ് ഷെഡിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും അധികമാരും ശ്രദ്ധിക്കാത്ത മൂല പറ്റി ചേർന്നിരിക്കുന്നു. അവരുടെ കൈകൾ പരസ്പരം കോർത്തിരുന്നു. പെൺകുട്ടിയുടെ മുഖം ആൺകുട്ടിയുടെ ചുമലിലേക്ക് ചായ്ച്ചു എന്തൊക്കെയോ പറയുന്നു.

ശരീരങ്ങൾ തമ്മിൽ ഇഴുകി ചേർന്നുള്ള ആ ഇരുപ്പ് കണ്ടപ്പോൾ ഇന്നത്തെ കുട്ടികൾക്ക് പ്രണയം എന്നാൽ കാ മം എന്നൊരു ഒറ്റ നിർവചനമേ അറിയൂ എന്നോർത്ത് പോയി.

ഇല്ല ആരെയും കുറ്റം പറയാനുള്ള അവകാശം എനിക്കില്ല നശിക്കേണ്ടതൊക്കെ നശിക്കും അത് പ്രകൃതി നിയമമാണ് തടയിടാൻ നോക്കുന്നത് വിഡ്ഢിത്തവും.

ബസിറങ്ങി അനാഥാലയത്തിന്റെ ഓഫീസിൽ എത്തിയപ്പോൾ സ്വയം പരിചയപ്പെടുത്തി. മാഡത്തോട് സംസാരിച്ചു കഴിഞ്ഞപ്പോൾ വിസിറ്റിംഗ് റൂമിലേക്ക് വാർഡൻ അവളെ എന്റെ അടുക്കലേക്കു കൂട്ടികൊണ്ടു വന്നു.

പരസ്പരം നോക്കാതെ ഞാൻ പുറത്തിറങ്ങി പൂന്തോട്ടത്തിലെ ചാരുബെഞ്ചിലിരുന്നു ഒപ്പം അവളുമെത്തി..

ഇനി എന്താണ് നിന്റെ ഉദ്ദേശം ?

എന്തിന് എന്നെ കാണണം എന്നുപറഞ്ഞു ?

മുഖത്തുനോക്കാതെയുള്ള എന്റെ ചോദ്യങ്ങൾക്കു നിർവികാരമായി അവൾ മറുപടി പറഞ്ഞു.

ഒന്ന് കാണണം എന്നുതോന്നി അവസാനമായി.

ഹും കണ്ടല്ലോ ഇനി ഞാൻ പോവട്ടെ.

പൊക്കോളൂ. അതെ താളത്തിൽ അവൾ പറഞ്ഞു.

എനിക്ക് അറിയാം ഇതിൽ കൂടുതൽ ഒന്നും നിനക്ക് പറയാനില്ലന്നു. മാപ്പു ചോദിക്കലും കാലുപിടിത്തവും ഒന്നും പ്രതീക്ഷിച്ചല്ല വന്നത് എങ്കിലും പല അനുഭവങ്ങളിൽ കൂടി കടന്നുവന്നപ്പോൾ ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞു കാണും എന്ന് കരുതി.

ഇപ്പോൾ നിനക്കു ഒരു ലക്ഷ്യമെ ഉള്ളു ആത്മഹ ത്യ എനിക്കറിയാം ആരുടെയും മുമ്പിലും തല കുനിക്കാതെ നിനക്കു അങ്ങ് പോകണം.

പക്ഷെ വെറുതെയാണ് അതിനും നിന്നെ കൊള്ളില്ല. അങ്ങനെ ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിനക്ക് പകരം നിന്റെ ശവം ഞാൻ കണ്ടേനെ.

ശരിയല്ലേ ?

ഞാൻ അവളെ മുഖമുയർത്തി നോക്കി.

ഒരു പേക്കോലം എണ്ണയില്ലാത്ത ചുരുൾ മുടി, കറുപ്പ് പടർന്ന് കൺ തടങ്ങളും ഒട്ടിയ കവിളുകളും. വരണ്ട ചുണ്ടുകൾ എല്ലാം കൂടി ഒരു അസ്ഥിപഞ്ജരം.

യാ അല്ലാഹ് സുബൈറിന്റെ എല്ലാ സൗന്ദര്യവും കിട്ടിയ മോളായിരുന്നു.

അവളുടെ നക്ഷത്ര കണ്ണുകൾഎല്ലാരേയും കൊതിപ്പിച്ചു.

ആ ചിരി, കുസൃതി ഓർക്കാൻ കൂടി പറ്റുന്നില്ല.

രാവിലെ കുളിപ്പിച്ച് ഒരുക്കി മുടി രണ്ടായി പിന്നി സോക്‌സും ഷൂവും ഇടിപ്പിച്ചു സ്കൂളിലേക്ക് എത്ര സ്മാർട്ട് ആയി പോയിരുന്ന കുട്ടി.

പതിനെട്ട് വയസു തികഞ്ഞാൽ കെട്ടിച്ചുവിടണം പിന്നെന്തിനു ഇങ്ങനെ ച ത്തുകിടന്നു പഠിപ്പിക്കുന്നതാണ് നീ എന്ന സുബൈറിന്റെ ഉമ്മയുടെ ശകാരങ്ങൾക്കു ചെവികൊടുക്കാതെ ഓരോ പാഠവും ചൊല്ലിപഠിപ്പിച്ചു.

നീ ഒരു പെൺകുട്ടിയാണ് എന്ന് ഉമ്മ ഓർപ്പിച്ചപ്പോൾ ഒക്കെ ഈ ലോകം പെണ്ണിന്റെ കൂടെയാണെന്ന് അവൾക്കു വേണ്ടി ഞാൻ അവരോടു തർക്കിച്ചു.

എല്ലാ സ്വതന്ത്രവും കൊടുത്തു വളർത്തിയപ്പോൾ ജീവിത മൂല്യങ്ങളും ശരി തെറ്റുകളും കൂടെ പരിശീലിപ്പിച്ചു.

പക്ഷെ കാലം മാറിയത് അറിഞ്ഞില്ല അനുവദിച്ച സ്വാതന്ത്ര്യത്തെ മറ്റൊരുത്തന്റെ ബെഡ്റൂമിലേക്ക് സധൈര്യം കേറി ചെല്ലാനുള്ള പതിനെട്ടുകാരിയുടെ തന്റേടം ആയതും താൻ തിരിച്ചറിഞ്ഞില്ല.

തനിക്ക് കിട്ടാത്ത പദവികൾ, അധികാരം, സമത്വം, സ്വന്തം കാലിൽ നില്കുന്നതിനുള്ള അന്തസ്സ് ഇതൊക്കെ മകൾക്കു കിട്ടാൻ പ്രയത്നിച്ചപ്പോൾ പാർക്കിലും ബീച്ചിലും മകൾ പുതിയ രുചികളും സുഖങ്ങളും പരിചയപെട്ടു ര മിക്കുക ആയിരുന്നു.

ഛേ ജീവിതത്തിൽ അന്നാണ് താൻ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടത്.

പോലീസ് സ്റ്റേഷനിൽ വെച്ച് സുബൈറിന്റെ കൈകളെ തട്ടി മാറ്റി അവനൊപ്പം അവൾ ഇറങ്ങിപോയപ്പോൾ സത്യത്തിൽ അല്ലാഹുവിനു ഞാൻ നന്ദി പറഞ്ഞു.

ഇല്ലെങ്കിൽ സുബൈറും കുടുംബക്കാരും കൂടി കനത്ത സ്ത്രീധനം കൊടുത്തു ഒരു പാവം ചെക്കനെ വിലക്ക് വാങ്ങി മകളെ കെട്ടിച്ചു വിടുമായിരുന്നു. ഇതു പോലൊരുത്തി ചെന്ന് കേറി ആ കുടുംബത്തിന്റെ പവിത്രതയും അന്തസ്സും ഇല്ലാതായേനെ.

അന്ന് ഞാൻ കരഞ്ഞില്ല കണ്ണിൽ എരിഞ്ഞത് തീ ആണ്.

മകളെ പോയി വരുക അനുഭവിക്കാവുന്ന സുഖങ്ങൾ ഒക്കെ മതിവരുവോളം ആസ്വദിക്കുക. അത്ര മാത്രം സ്റ്റേഷനിൽ വെച്ച് മനസ് ഉരുവിട്ടു.

വര്ഷം ഒന്ന് കഴിഞ്ഞില്ല.

ദാ മകൾ കൺമുന്നിൽ.

ഒരു കരച്ചിൽ കേട്ട് ആണ് ഓർമകളിൽ നിന്നും ഉണർന്നത്.

നോക്കുമ്പോൾ അവൾ തൊട്ടടുത്ത് വന്നിരുന്നു കരയുന്നു

ആഹാ നിനക്കു കരയാനും അറിയാമോ.

സി.ഗരറ്റ് കു ത്തി അവൻ പൊള്ളിച്ചപ്പോൾ ഒക്കെ നീ എന്റെ പേര് വിളിച്ചു ഉറക്കെ അലറി കരഞ്ഞെന്നു അയലോക്കംകാർ പറഞ്ഞറിഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല.

ക ഞ്ചാവ് കിട്ടാത്ത ഒരു രാത്രിയിൽ നാട്ടിലെ ഗു ണ്ടയെ നിന്റെ റൂമിലേക്ക് കയറ്റി വിട്ടപ്പോൾ നീ നിന്റെ വയറ്റിൽ ക ത്തി കു ത്തിയിറക്കിയന്നു അറിഞ്ഞപ്പോഴും എനിക്ക് സങ്കടം തോന്നിയില്ല.

അങ്ങനെ എങ്കിലും പ്രതികരിക്കാൻ ഞാൻ തന്ന വിദ്യാഭ്യാസം നിനക്ക് ഉപകരിച്ചല്ലോ എന്നോർത്തു.

മരുഭൂമിയിൽ നിന്റെ ഉപ്പ കഷ്ടപെട്ടുണ്ടാക്കിയ പണം കൊണ്ട് മോളെ മുന്തിയ സ്കൂളിൽ ചേർത്ത് അ ഴിഞ്ഞാടാൻ വിട്ട തേ വിടിശ്ശി എന്ന് സമുദായം മൊത്തം എന്നെ കേൾക്കയും കേൾക്കാതെയും വിളിച്ചപ്പോൾ തകർന്നുപോയില്ല.

ഞാൻ ചെയ്തതൊക്കെ ശരിയായിരുന്നു പക്ഷെ നീ അതൊക്കെ വിനിയോഗിച്ചത് നശിക്കാൻ ആയിരുന്നെന്നു മാത്രം. നീ തെറ്റായിരുന്നു. എത്ര വളവും വെള്ളവും ഒഴിച്ചാലും പാഴ്ച്ചെടി പൂത്തു കായ്ക്കില്ല.

മകളെ തിരുത്താത്ത അമ്മ കഴിവുകെട്ടവൾ സമ്മതിച്ചു . പക്ഷെ അതിനുള്ള സമയം പോലും നിന്റെ പ്രണയത്തിനില്ലായിരുന്നു. ഒറ്റ മാസം കൊണ്ട് നിങ്ങൾ പണിത താജ്‌മഹൽ ചീട്ടുകൊട്ടാരം പോലെ തകർക്കാൻ ഒരു സൂചന കിട്ടിയിരുന്നെങ്കിൽ നിമിഷങ്ങൾ മതിയായിരുന്നു. എനിക്ക് കഴിഞ്ഞില്ല പ്രണയത്തിന്റെ ഒരു തിളക്കവും നിന്റെ കണ്ണുകളിൽ. പിന്നെ നിങ്ങളുടെ പ്രണയം മനസ് കൊണ്ടായിരുന്നില്ലല്ലോ ശ രീരത്തെ തൃപ്തിപ്പെടുത്താൻ മത്സരിക്കുക ആയിരുന്നില്ലേ ?

നീ അതി സമർത്ഥ ആയിരുന്നു.

ഇനി പറ ആ നീ എന്തിനിപ്പോൾ കരയുന്നു ?

ല ഹരിയിൽ ബൈക്ക് ആക്സിഡന്റ് ആയി കഴിഞ്ഞ മാസം അവൻ ച ത്തൊടുങ്ങിയപ്പോൾ സത്യത്തിൽ നീ രക്ഷപ്പെട്ടില്ലേ പിന്നെ എന്തിനു നീ ഇപ്പോൾ വിലപിക്കുന്നു ആരെ ബോധിപ്പിക്കാൻ ?

ഉമ്മച്ചി,

ഒരു വർഷത്തിന് ശേഷം എന്റെ മകൾ എന്നെ വിളിക്കുന്നു.

അറിയാതെ കരൾ പിടഞ്ഞു.

ഉമ്മച്ചി എന്നെ ഒന്ന് കെട്ടിപിടിക്കുമോ ?

ഒരുമ്മ തരുമോ ?

അഞ്ചുവയസുള്ള സൈനു മോളായി അവളപ്പോൾ.

ചങ്കുപൊട്ടിപ്പോയി ഞാൻ അവളെ വാരി പുണർന്നു.

കുറേനേരത്തെ കരച്ചിലിന് ശേഷം ഞാൻ അവളെ ആശ്വസിപ്പിച്ചു.

മോളെ ഉമ്മച്ചി നിന്നെ തള്ളിക്കളയില്ല. എല്ലാ ആഴ്ചയും ഇവിടെ വരും മോളെ കാണാൻ പക്ഷെ ഉമ്മച്ചിക്ക് മോളൊരു വാക്ക് തരണം പഴയതൊക്കെ ഒരു ദുസ്വപ്നം പോലെ മറന്നു എന്റെ മോൾ പഴയ പോലെ പഠിക്കണം.

പ്ലസ് റ്റു എഴുതിയെടുക്കണം.

പിന്നെ മോൾക്ക് ഇഷ്ടമുള്ള കോഴ്സ് ഉമ്മച്ചി നിന്നെ പഠിപ്പിക്കും. സ്വന്തം കാലിൽ നിൽക്കാറായി കഴിഞ്ഞാൽ ന്റെ കുട്ടിക്ക് ബാക്കിയുള്ള ജീവിതം സ്വയം തിരഞ്ഞെടുക്കാം.

പറ മോൾക്ക് സമ്മതമാണോ ?

നൂറുവട്ടം. സൈനു അഹാനയുടെ തോളിൽ തലചായ്ച്ചു.

ആ തണൽ അവൾക്കു സ്വർഗ്ഗമായിരുന്നു.

കുറ്റപ്പെടുത്തലും പരിഹാസവും പഴിചാരലും കേൾക്കാൻ മകളെ വിട്ടു കൊടുക്കാതെ അവിടെ തന്നെ നിർത്തി പഠിപ്പിക്കാൻ ഉള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുമ്പോൾ അഹാന മനസ്സിൽ ഉറപ്പിച്ചു.

ലോകം ആണിനും പെണ്ണിനും ഉള്ളതാണ്. പതിനെട്ട് വയസു കഴിഞ്ഞാൽ മംഗല്യം പിന്നെ ലോകം അടുക്കള ഇതൊക്കെ മാറിയേ തീരു അതിനൊക്കെ അപവാദമാകാൻ ഒരു ഉദാഹരണം ആവരുത് സൈനു. ലോകത്തിനു മുമ്പിൽ ആഗ്രഹിച്ചപോലെ അവളെ തിരിച്ചു കൊണ്ടുവരണം.

വൈകിട്ട് സ്റ്റോപ്പിൽ ബസിറങ്ങുമ്പോൾ അയൽവീട്ടിലെ വരാന്തയിൽ പെണ്ണുങ്ങൾ അടക്കം പറഞ്ഞത് അൽപം ഉച്ചത്തിലായി.

ഇതല്ലേ തള്ള പിന്നെ മോൾ എങ്ങനെ നന്നാവും. എവിടെ ഊരു ചുറ്റി വരുന്നെന്നു ആർക്കറിയാം.

ഒരു പുഞ്ചിരിയോടെ വീട്ടിലേക്കു കേറുമ്പോൾ സുബൈർ കാത്തു നില്പുണ്ടായിരുന്നു.

ആ നെഞ്ചിൽ തല ചായ്ച്ചു കണ്ണീർ പൊഴിക്കുമ്പോൾ ഒരു വർഷത്തിന് ശേഷം സമാധാനം എന്തന്നറിഞ്ഞു.

(മക്കൾക്കു തെറ്റുപറ്റാം ഒറ്റപ്പെടുത്താൻ എളുപ്പമാണ് ചേർത്ത് നിർത്താൻ കഴിഞ്ഞാൽ ഒരു ജീവിതം തിരിച്ചുപിടിക്കാം )

Related Posts

Leave a Reply

Your email address will not be published. Required fields are marked *