പ്രിയം ~ ഭാഗം 07 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഏടത്തിയമ്മ മുന്നിൽ പൊയ്ക്കോ …ഞാൻ വണ്ടി നിർത്തിയിട്ട് പുറകേ വന്നോളാം…

ഗായത്രി അമാന്ധിച്ച് നിന്നു… ശേഷം സാവധാനം ഗേറ്റ് തുറന്ന് അകത്തേക്ക് കയറി… ഹാളിൽ ആരെയും കാണാനില്ല… മുകളിലേക്ക് നടക്കാനൊരുങ്ങിയപ്പോൾ അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടു.. അമ്മ അടുക്കളയിൽ ഉണ്ടാവും…. സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തി… ചാരിവെച്ചിരുന്ന മുറിയുടെ വാതിൽ പതുക്കെ തുറന്നു അകത്തേക്ക് കയറിയപ്പോൾ അവിടെയും കാണാനില്ല…. പുറത്തു പോയിട്ടുണ്ടാവുമോ… ഗായത്രി ഓരോന്ന് ആലോചിച്ച് ചുരിദാറിന്റെ ഷാൾ അഴിക്കാൻ തുടങ്ങി…. പെട്ടെന്ന് പുറകിൽ നിന്നൊരു വിളി …

ഹലോ …എന്ത് ആലോചിച്ചു കൊണ്ട് നിൽക്കാ ..?

ഗായത്രി ഞെട്ടി തിരിഞ്ഞു..രതീഷായിരുന്നു അത്…. ഗായത്രിയുടെ ഭാവമാറ്റം കണ്ട് അടുത്തേക്ക് വന്നു..

പെട്ടെന്ന് വിളിച്ചപ്പോൾ പേടിച്ചോ…?

അതു പിന്നെ വേറൊന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു…ഗായത്രി കുറച്ച് വിക്കി കൊണ്ട് പറഞ്ഞു..

രതീഷൊന്ന് ചിരിച്ച് കട്ടിലിൽ ചാരികിടന്നു…ഞാൻ ഉച്ചയാവുമ്പോൾ വന്നു….നിന്നെ വിളിച്ചിട്ട് കിട്ടിയില്ല….. ശരി നീ തിരക്കിലായിരിക്കുമെന്ന് വിചാരിച്ച് വിട്ടു…

ഹോസ്പിറ്റലിൽ റെയ്ഞ്ച് കുറവാ… ചില സമയത്ത് വിളിച്ചാൽ കിട്ടില്ല….ഗായത്രി മുഖം കൊടുക്കാതെ പറഞ്ഞു..

ഷാൾ കയ്യിലിട്ട് ചുറ്റുന്നത് കണ്ട് രതീഷ് ഗായത്രിയെ കുറച്ച് നേരം നോക്കി…

ജോലി കഴിഞ്ഞ് വന്നതല്ലെ കുളിച്ചിട്ട് ഡ്രസ്സ് മാറികൂടെ ….

പെട്ടെന്ന് തലയുയർത്തി ഗായത്രി ബാത്ത്റൂമിലേക്ക് നടന്നു…

ടവ്വലെടുക്കുന്നില്ലെ….?

ഗായത്രിയൊന്ന് നിന്നു… തിരിച്ച് നടന്ന് ടവ്വൽ കയ്യിലെടുത്ത് ബാത്ത്റൂമിലേക്ക് കയറി കുറ്റിയിട്ടു…. പൈപ്പ് തുറന്ന് നിലത്തിരുന്ന് മുഖം പൊത്തി…. ഞാനെന്തിനാ ഇങ്ങനെ ടെൻഷനാവുന്നേ… എനിക്കെന്താ പറ്റിയത്….. കുറച്ചുനേരം ഇരുന്ന് പതുക്കെ കുളിച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങി…. മുറിയിൽ രതീഷില്ലായിരുന്നു.. വേഗത്തിൽ വസ്ത്രം മാറി ….. മുറിയുടെ പുറത്തേക്ക് വന്ന് താഴേക്ക് നോക്കി…. ഹാളിലെ സോഫയിലിരിക്കുന്നുണ്ട്…. ഗായത്രി എത്തി നോക്കുന്നത് ഉണ്ണി മുറിയിൽ നിന്ന് കാണുന്നുണ്ടായിരുന്നു…. അടുത്തേക്ക് വന്ന് തോളിൽ തട്ടി….

ഏടത്തിയമ്മ എന്താ എത്തി നോക്കുന്നത്….?

ഉണ്ണി വെറുതെ താഴേക്ക് നോക്കി…ഏട്ടനെയായിരുന്നോ …. കണ്ടിട്ട് വല്ലതും പറഞ്ഞോ..?

ഇല്ല അതാണെനിക്ക് ഒന്നും മനസ്സിലാവാത്തത് ….എന്നോട് സാധാരണ സംസാരിക്കാറുള്ള പോലെ തന്നെയാ പെരുമാറുന്നത്…

ചിലപ്പോൾ അമ്മ ഏട്ടനോട് പറഞ്ഞിട്ടുണ്ടാവില്ല…അല്ലെങ്കിൽ അമ്മ പറഞ്ഞത് കാര്യമായിട്ടെടുത്തിട്ടുണ്ടാവില്ല…. രണ്ടായാലും ഞാൻ കുറച്ച് കഴിഞ്ഞിട്ട് സംസാരിച്ച് നോക്കാം….

ഉം….
ഗായത്രിയൊന്ന് മൂളി …

സംസാരത്തിനിടയിൽ താഴെ നിന്ന് രതീഷിന്റെ വിളി വന്നു… ഗായത്രി തരിച്ച് നിൽക്കുന്നത് കണ്ട് ….

ഏടത്തിയമ്മക്ക് വിളിക്കുന്നത് കേൾക്കുന്നില്ലെ… ഇത്രയും ദിവസമില്ലാത്ത ടെൻഷനാണല്ലോ ഇത് …താഴേക്ക് ചെല്ല്……… കാര്യങ്ങളൊക്കെ സമയം പോലെ സംസാരിക്കാമെന്ന് പറയാം … ഇതെന്താ പെട്ടെന്നൊരു പേടിയൊക്കെ വരാൻ ….

ഗായത്രി രണ്ടാമതൊന്ന് പറയാൻ നിൽക്കാതെ സ്റ്റെപ്പിറങ്ങി ഹാളിലേക്ക് ചെന്നു…. ഗായത്രിയെ കണ്ട് രതീഷ് സോഫയിൽ നിന്നെഴുന്നേറ്റു…

അമ്മ ഒറ്റയ്ക്ക് അടുക്കളയിൽ പണിയെടുക്കുന്നത് കാണുന്നില്ലെ…. കുളി കഴിഞ്ഞുച്ചാ എന്തിനെങ്കിലും സഹായിച്ചു കൂടേ….

ഗായത്രി നിന്ന് പരുങ്ങി കൊണ്ട് ….അമ്മ ഒന്നിനും കൂട്ടുന്നില്ല…..

അതെന്താ അങ്ങനെ …. നീ വാ ഞാൻ ചോദിച്ചു നോക്കാം….

രതീഷ് ഗായത്രിയുടെ കൈ പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു…. കറിയുണ്ടാക്കി കൊണ്ടിരുന്ന അമ്മയുടെ അരികിലേക്ക് നിർത്തി….

എന്താ അമ്മേ ഇവളെയൊന്നിനും സഹായിക്കാൻ സമ്മതിക്കാത്തേ…?

അമ്മ കയ്യിലിരുന്ന തവി താഴെ വെച്ച് തിരിഞ്ഞു…

ഞാനൊന്നും പറയാറില്ല മോനെ….അവളല്ലെ കണ്ടറിഞ്ഞ് സഹായിക്കേണ്ടത്.. അത് അവള് ചെയ്യുന്നില്ലാന്ന് വെച്ചാൽ ….

ഗായത്രി തന്നെ നോക്കി നിൽക്കുന്ന രതീഷിനെ കണ്ട് പറഞ്ഞു. അയ്യോ അങ്ങനെയൊന്നുമില്ല …. അമ്മയെ സഹായിക്കാനൊക്കെ നിൽക്കാറുണ്ട് ഞാൻ…..

എന്നാ വല്ലതിനും സഹായിക്ക്…. നിനക്കും കൂടി വേണ്ടിയല്ലെ ഉണ്ടാക്കുന്നത്….

ഗായത്രിയുടെ മുന്നിലേക്ക് അമ്മ കുറച്ച് പാത്രങ്ങൾ വെച്ചു കൊടുത്തു..
നീയിത് കഴുകിക്കോ….

ഗായത്രി ടാപ്പ് തുറന്ന് പാത്രം കഴുകാൻ തുടങ്ങി…. രതീഷ് അടുക്കളയിൽ നിന്നിറങ്ങി ഹാളിൽ പഴയ സ്ഥാനത്ത് തന്നെ വന്നിരുന്നു…. കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ണി ഫോണും കയ്യിലെടുത്ത് താഴേക്കിറങ്ങി വന്നു….. സോഫയിൽ രതീഷിനരികിലായി ഇരുന്നു…..

നീ ഇപ്പോൾ ഏതു നേരവും ഫോണിലാണല്ലൊ…..? ഫോണിൽ കുനിഞ്ഞിരുന്ന് നോക്കുന്ന ഉണ്ണിയെ കണ്ട് രതീഷ് ചോദിച്ചു…

ഞാനോ…. എപ്പോഴെങ്കിലും വെറുതെ കയിലെടുക്കാറുണ്ട് അത്രേയുള്ളൂ…ഫോൺ ഓഫാക്കി നേരെയിരുന്നു കൊണ്ട് ഉണ്ണി പറഞ്ഞു…

നിന്നോട് ഞാൻ ഒഴിവുകിട്ടുമ്പോൾ വീടിന്റെ ബാക്ക് സൈഡിൽ കുറച്ചുകൂടി കൂട്ടിയെടുക്കുന്നതിനെ കുറിച്ച് നോക്കാൻ പറഞ്ഞിട്ട് വല്ലതും ചെയ്തോ….?

ഒഴിവുള്ളപ്പോഴല്ലെ …..എനിക്ക് ഈയിടെ കുറച്ച് തിരക്ക് കൂടുതലാ …. ഇതു പിന്നെ അർജന്റ് കാര്യമൊന്നുമല്ലലോ …

നിനക്കങ്ങനെ തോന്നില്ല…..ഞാൻ നീ ചെയ്യുന്ന ജോലിയല്ലെ വിചാരിച്ചാ നിന്നോട് പറഞ്ഞത് …. അത് അബദ്ധമായി തോന്നുന്നു….

ഉണ്ണി ചിരിച്ചു…..ഒരു അബദ്ധവുമില്ല…..നാളെ തന്നെ നമ്മളിതിന് പ്ലാനുണ്ടാക്കും ഉറപ്പ്… പോരെ …

ഓ…പിന്നെ … ഇത് പറയാൻ തുടങ്ങിയിട്ട് കുറേയായി… ഈ മാസം വല്ലതും നടക്കോ ….

ഞാൻ ശരിയാക്കി തരാമെന്ന് ഉറപ്പ്…..

രതീഷ് വിശ്വാസമാവാത്തപോലെ നോക്കുന്നത് കണ്ട് ….ഞാനിപ്പോൾ രണ്ട് പ്രാവശ്യം ഉറപ്പ് പറഞ്ഞില്ലെ … അതു പോരെ ….

അല്ല …. അതുപോട്ടെ… നീയെന്താ അമ്മയുടെ കൂടെ വഴക്കായിരുന്നു രണ്ടു ദിവസമെന്ന് പറഞ്ഞു കേട്ടു…

ഉണ്ണിയൊന്ന് സോഫയിൽ ചാരി..അമ്മ അങ്ങനെ പറഞ്ഞോ…. എന്നാൽ അതെന്തിനായിരുന്നു എന്നു കൂടി ചോദിക്കായിരുന്നില്ലെ…..

അതെന്തിനാണെങ്കിലും കൂടി നിനക്ക് അമ്മ വയ്യാതെ ഇരിക്കാണെന്ന് അറിഞ്ഞൂടേ…..

ശ്ശെടാ ഇപ്പോൾ അങ്ങനെയായോ …. എന്നാൽ ഞാൻ അമ്മയോട് മിണ്ടുന്നില്ല…

അതെന്തെങ്കിലും ചെയ്യ് അമ്മയ്ക്ക് ടെൻഷനുണ്ടാക്കണ്ട …..

ചാരിയിരിക്കുന്ന ഉണ്ണിയുടെ അരികിലേക്കായി രതീഷ് നീങ്ങിയിരുന്നു…എനിക്ക് ഒരു ചിട്ടി കിട്ടിയിട്ടുണ്ട്….. ഞാൻ അതിന്റെ പകുതി നിന്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ടായിരുന്നു നീ കണ്ടോ ..?

മെസ്സേജൊന്നും വന്നില്ലല്ലോ…. നീയെന്നാ ഇട്ടേ….ഉണ്ണി ഫോൺ ഓണാക്കി മെസ്സേജ് നോക്കി കൊണ്ട് ചോദിച്ചു….

അത് രണ്ട് ദിവസമായി …

നിനക്ക് ഏടത്തിയമ്മയുടെ അക്കൗണ്ടിലേക്ക് ഇട്ടു കൂടായിരുന്നോ .?

അവൾക്ക് ഞാൻ കൂടെ കൊണ്ടുപോയി ഇഷ്ടമുള്ളത് വല്ലതും വാങ്ങി കൊടുത്തോളാ….

അതാ നല്ലത്…..

സംസാരത്തിനിടയിൽ അമ്മ വിളിച്ചു….

കഴിക്കല്ലെ മോനെ …?

ദാ.. വരുന്നു….രതീഷ് എഴുന്നേറ്റു..

നീ വാ കഴിക്കാം….ഉണ്ണിയെ നോക്കി കൊണ്ട് പറഞ്ഞു…

ആ…. വന്നു…ഉണ്ണി എഴുന്നേറ്റ് കൂടെ നടന്നു…

ഭക്ഷണം കഴിക്കാനായി എല്ലാവരും ഇരുന്നു.. വിളമ്പാൻ നിന്ന ഗായത്രിയെ അമ്മ പിടിച്ചിരുത്തി…മോളിരുന്നോ അമ്മ വിളമ്പിക്കോളാം

ഉണ്ണി അമ്മയെ ഒന്ന് സൂക്ഷിച്ച് നോക്കി…. പ്ലേറ്റിലേക്ക് വിളമ്പികൊണ്ട് അമ്മ …
പാത്രത്തിൽ നോക്കി കഴിക്കടാ ….

ആയിക്കോട്ടെ …. ആയിക്കോട്ടെ ….ഉണ്ണി ഭക്ഷണം കഴിക്കാൻ തുടങ്ങി… ഇടയിൽ രതീഷാണ് ഗായത്രിക്ക് വേണ്ടത് ഓരോന്നും ചോദിച്ച് എടുത്ത് കൊടുക്കുന്നത്…… കുറച്ച് സമയത്തിന് ശേഷം എല്ലാവരും കഴിച്ച് എഴുന്നേറ്റു ..ഹാളിലിരുന്ന് ടി.വി കാണാൻ തുടങ്ങി. അമ്മ മുറിയിൽ വാതിലടച്ച് കിടന്നു.. 11 മണിയായപ്പോൾ രതീഷ് എഴുന്നേറ്റ് മുറിയിലേക്ക് നടക്കാനൊരുങ്ങി….. ഗായത്രിയെ വിളിച്ചു….

നമ്മുക്ക് പോയാലോ …?

ഗായത്രി ടി.വിയിൽ നിന്ന് കണ്ണെടുത്ത് രതീഷിനെ നോക്കി…ആ…. പോവാം …

രതീഷ് മുറിയിലേക്ക് നടന്നു… ഗായത്രി എഴുന്നേറ്റ് ഉണ്ണിയുടെ അരികിലേക്ക് ചെന്നു…നീ എന്തെങ്കിലും സംസാരിച്ചോ….?

ഇല്ല ഏടത്തിയമ്മ ഒന്നും പറയാൻ പറ്റിയില്ല…അവനെ കണ്ടിട്ട് കുഴപ്പമൊന്നും തോന്നുന്നില്ല…. ധൈര്യമായിട്ട് പൊയ്ക്കോ… രാവിലെ സംസാരിക്കാം…

അപ്പോൾ ഇന്നത്തെ കാര്യമോ …?

ഏടത്തിയമ്മ പ്ലീസ് …. മുറിയിലേക്ക് പോകാൻ നോക്ക്…..എന്തെങ്കിലും പറ്റാത്തത് ഉണ്ടായാൽ വേണ്ട , പാടില്ല എന്നൊക്കെ ധൈര്യത്തോടെ പറയാൻ ശ്രമിക്ക് ….

ഗായത്രി മുറിയിലേക്ക് നടന്നു…. അവൾ പോയി കഴിഞ്ഞപ്പോഴാണ് ഉണ്ണിക്ക് തള്ളിവിട്ട പോലെ തോന്നിയത് …. ടി വി ഓഫാക്കി മുറിയിലേക്ക് കയറി…. ഗായത്രി മുറിയിൽ ചെല്ലുമ്പോൾ രതീഷ് കട്ടിലിൽ കിടക്കുകയായിരുന്നു…. അവൾ കട്ടിലിന്റെ അറ്റത്തായി ഇരുന്നു….

നിനക്കെന്താ പ്രശ്നം….?

ചോദ്യം കേട്ടപ്പോൾ ഗായത്രി തല പൊക്കി…

അല്ല ഞാൻ നിന്നെ ഉപദ്രവിക്കാണെന്നൊക്കെ അമ്മയോട് പറഞ്ഞില്ലെ….അതിനെ പറ്റിയാ ചോദിച്ചത് …

ഗായത്രി ഒന്നും മിണ്ടിയില്ല….രതീഷ് കട്ടിലിൽ നിന്നെഴുന്നേറ്റ് ഡോറിനരുകിലേക്ക് ചെന്നു…

ഞാൻ പറഞ്ഞത് അനുസരിക്കില്ലെ…..

ആ ചോദ്യത്തിൽ ഗായത്രി ഇരുന്ന് വിറക്കാൻ തുടങ്ങി….. വാതിൽ അടച്ച് കുറ്റിയിട്ടു കൊണ്ട് രതീഷ് വീണ്ടും ….

മിണ്ടാതെ ഞാൻ പറയുന്നത് അനുസരിക്കുമോന്നാ ചോദിച്ചത്….

ഗായത്രി വാതിലിനുനേരെ നോക്കി… ചിരിച്ചു കൊണ്ട് നിൽക്കുന്ന രതീഷിനെ കണ്ട് …

പ്ലീസ് …. അരുത്…. ഇന്നെനിക്ക് സത്യമായിട്ടും വയ്യ…..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *