പ്രൊഫൈൽ പിക് ഇല്ലാത്ത അനിത എന്ന ഐഡിയിൽ നിന്നാണ് ആ മെസ്സേജ്………

അനിത

എഴുത്ത്:- ഹക്കീം മൊറയൂർ

എന്നെ ഓർമ്മയുണ്ടോ?.

ഈയിടക്ക് എനിക്ക് ഇൻബോക്സിൽ വന്ന ഒരു മെസ്സേജ് ആണത്.

ഇൻബോക്സ് സൗഹൃദത്തിൽ അധികം താല്പര്യം ഇല്ലാത്ത ഒരാളാണ് ഞാൻ. എന്നാൽ ഇൻബോക്സിൽ ചാറ്റ് ചെയ്യാറില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നും വിഷ് ചെയ്യുക. ഇടക്കിടെ ചായ കുടിച്ചോ, ഊണ് കഴിച്ചോ എന്നൊക്കെ ചോദിക്കുക. ഒരു പരിചയവും ഇല്ലാത്തവർ വിളിക്കുക തുടങ്ങിയ കാര്യങ്ങളോട് യോജിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇൻബോക്സ് ശ്രദ്ധിക്കാത്തത്.

പ്രൊഫൈൽ പിക് ഇല്ലാത്ത അനിത എന്ന ഐഡിയിൽ നിന്നാണ് ആ മെസ്സേജ്. നോക്കുമ്പോ എനിക്ക് കുറച്ചു മുൻപേ റിക്വസ്റ്റ് അയച്ചിട്ടുണ്ട്. ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല എന്നേയുള്ളൂ.

ഇല്ല എന്ന് റിപ്ലേ കൊടുത്ത ഉടനെ തന്നെ അവിടുന്ന് വീണ്ടും ഒരു മെസ്സേജ് വന്നു. അതോടെ എനിക്ക് ആളെ മനസ്സിലായി.

വീടുകൾ തോറും ഏതോ ഒരു കമ്പനിയുടെ സാധനങ്ങൾ കൊണ്ട് നടന്നു വിൽക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു അത്.

ആ കുട്ടി ഒരിക്കൽ ബാഗുമായി എന്റെ അടുത്ത് വന്നിരുന്നു. എറണാകുളം ജില്ലയിൽ എവിടെയോ ആണ് അവളുടെ വീടെന്നു പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.

ഒരു പെട്രോൾ പമ്പിന്റെ മുന്നിൽ വെച്ചായിരുന്നു അത്. ഞാൻ പെട്രോൾ അടിക്കാൻ കയറിയത് മുതൽ ആ കുട്ടി എന്നെ ശ്രദ്ധിച്ചിരുന്നു.

എണ്ണ അടിച്ചു പോവാൻ നേരം ആ കുട്ടി എന്റെ പിറകെ കൂടി. അവളെ കൊണ്ട് ഒരിക്കലും താങ്ങാൻ കഴിയാത്ത അത്രക്ക് വലുപ്പവും ഭാരവുമുള്ള ബാഗും തൂക്കി വിയർത്തൊലിച്ചു അവൾ ഓടി വരുന്നത് കണ്ണാടിയിലൂടെ കണ്ടപ്പോൾ ഞാൻ സ്കൂട്ടർ ഒതുക്കി നിർത്തി.

ചേട്ടാ ന്നും വിളിച്ചു അവൾ ബാഗ് നിലത്തു വെച്ച് ഓരോരോ പ്രോഡക്ടുകളായി എടുത്തു കാണിക്കാൻ തുടങ്ങി.

സത്യം പറഞ്ഞാൽ ആ കുട്ടി കാണിച്ച എല്ലാ പ്രോഡക്റ്റുകളും നിലവാരം കുറഞ്ഞതും കൂടിയ എംആർപി ഉള്ളതുമായിരുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അത്തരം സാധനങ്ങളുടെ ഒരു ഗോഡൗൺ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. നിലത്തു കൂട്ടിയിട്ട സാധനങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ചു റീ പാക്ക് ചെയ്യുന്ന ജോലി ആണ് അവിടെ നടന്നിരുന്നത്. അത് പോലെയുള്ള പ്രൊഡക്ടുകൾ ആയിരുന്നു ആ കുട്ടിയുടെ ബാഗിൽ.

ആ കുട്ടി പക്ഷെ നല്ല ടാലന്റ് ഉള്ളവളാണ്. നന്നായി സംസാരിച്ചു ആരെ കൊണ്ടും സാധനങ്ങൾ വാങ്ങിക്കാൻ ഉള്ള ഒരു പ്രത്യേക കഴിവ് ആ കുട്ടിക്ക് ഉണ്ട്.

ഞാൻ ഒരു സാധനവും വാങ്ങാൻ പ്ലാനില്ലെന്നു കണ്ട് അവൾക്ക് നിരാശയായി. കോൺഫിഡന്റോടെ സംസാരിച്ചു തുടങ്ങിയ അവൾ പിന്നീട് അപേക്ഷിക്കാൻ തുടങ്ങി.

‘ഒന്നെങ്കിലും വാങ്ങൂ ‘.

അവളുടെ അപേക്ഷ കേട്ട് എനിക്ക് വിഷമം തോന്നി.

‘എന്തെങ്കിലും വാങ്ങിയാൽ എനിക്കൊരു പോയിന്റ് കിട്ടും. കമ്പനി പറഞ്ഞ പോയിന്റുകൾ അച്ചീവ് ചെയ്താൽ എനിക്ക് മാനേജർ ജോലി കിട്ടും.’.

അതോടെ എനിക്ക് സംഗതി പിടുത്തം കിട്ടി.

പത്രങ്ങളായ പത്രങ്ങളിൽ മുഴുവൻ മാസം മാസം മുപ്പതിനായിരം രൂപ വരെ സമ്പാദിക്കാം എന്ന മോഹിപ്പിക്കുന്ന പരസ്യവുമായി ഇരകളെ കാത്തിരിക്കുന്ന ഏതോ ഊ മ്പൻ ഡയറക്റ്റ് മാർക്കറ്റിങ് കമ്പനിയുടെ ഇരയാണ് ആ പെൺകുട്ടി.

പണ്ടൊരിക്കൽ ഞാനും പരസ്യം കണ്ട് എറണാകുളത്തു ഒരു ഇന്റർവ്യൂക്ക് പോയതാണ്. അവരുടെ രീതി മനസ്സിലായപ്പോൾ ഉള്ള ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതാണ് ഞാൻ.

അവർക്ക് ഒരു രീതിയുണ്ട്. ആദ്യം അവർ പരസ്യം നൽകും. താമസവും ഭക്ഷണവും ഫ്രീ എന്നൊക്കെ അതിൽ പറഞ്ഞിട്ടുണ്ടാവും. അത് കണ്ടിട്ട് വിളിക്കുന്നവരെ നേരിട്ടു ഇന്റർവ്യൂക്ക് വിളിക്കും.

തിരഞ്ഞെടുക്കുന്നവർക്ക് റൂമും ഭക്ഷണവും ഒക്കെ കൊടുക്കും. നമ്മുടെ നാട്ടിലെ തെരുവ് പട്ടികൾക്ക് പോലും അതിനേക്കാൾ നല്ല ഭക്ഷണവും താമസ സ്ഥലവും കിട്ടും എന്നത് വേറെ കാര്യം.

ജോയിൻ ചെയ്യുമ്പോൾ പലരും ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങാറുണ്ട്. പിന്നെ ഭയങ്കര ട്രെയിനിങ് ആണ്. ഒരു പാട് മോഹന വാഗ്ദാനങ്ങളും കുറെ ലോക്കൽ പ്രോഡക്റ്റുകളും നൽകി അവരെ ഓരോ സ്ഥലത്തേക്ക് വിടും. അങ്ങോട്ടുള്ള വണ്ടി കാശ് കൊടുക്കും. ഫുഡിനും ഇങ്ങോട്ടുമുള്ള യാത്രക്കുമുള്ള പൈസ സാധനം വിറ്റ് ഉണ്ടാക്കണം.

പത്തു രൂപ പോലും മൂല്യമില്ലാത്ത പല സാധനങ്ങളും നാലിരട്ടി വിലക്കാണ് വിൽക്കേണ്ടത്. ആ പാവങ്ങൾ എങ്ങനെയൊക്കെയോ അത് വിൽക്കും.

പിന്നെ ഇത് തന്നെ പണി. ടാർഗറ്റ് കമ്പ്ലീറ്റ് ചെയ്താൽ ആ കമ്പനിയിൽ മാനേജരായി പ്രൊമോഷൻ കൊടുക്കും എന്നൊരു വാഗ്ദാനം ചില കമ്പനികൾ നൽകാറുണ്ട്.

ഒരാൾ പോലും അവിടെ രണ്ട് വർഷം തികച്ചു നിൽക്കില്ല. എത്ര കഠിനമായി ജോലി ചെയ്താലും അവർക്ക് കിട്ടുന്ന വരുമാനം തുച്ഛമായിരിക്കും. എന്നാൽ ആ കമ്പനികളൊക്കെ ഇവരെ കൊണ്ട് വില്പന നടത്തി ലക്ഷങ്ങൾ സമ്പാദിക്കും.

യാതൊരു ഗുണ നിലവാരവും ഇല്ലാത്ത പല പ്രോഡക്റ്റുകളും ഇത്തരം കമ്പനികൾ വിൽക്കാറുണ്ട്. ഇതൊക്കെ മനസ്സിലാക്കി ചിലർ രക്ഷപ്പെടാൻ നോക്കുമ്പോൾ കമ്പനി ഗുണ്ടകൾ ഭീഷണിപ്പെടുത്തും. അതോടെ മാനസിക സമ്മർദ്ദത്തിനു വഴങ്ങി മനസില്ലാ മനസ്സോടെ പലരും ജോലിയിൽ തുടരും. ഇനി പത്തു പേര് പോയാലും അടുത്ത പത്തു പേര് അപ്പോഴേക്കും അവരുടെ കെണിയിൽ വീഴും.

ഇക്കാര്യമൊക്കെ ഞാൻ ആ കുട്ടിയോട് സംസാരിച്ചപ്പോൾ ആദ്യം അവൾ സമ്മതിച്ചില്ല. എനിക്ക് അനുഭവം ഉണ്ടെന്നു കൂടെ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു.

കഷ്ടിച്ചു പത്താം ക്ലാസ് പാസായ ഒരു നാട്ടിൻ പുറത്തുകാരിക്ക് മറ്റെന്തു തൊഴിൽ കിട്ടാൻ എന്നവൾ ചോദിച്ചു. മറ്റെന്തെങ്കിലും ജോലിക്ക് ശ്രമിക്കാൻ ഞാൻ അവളോട് പറഞ്ഞു.

എറണാകുളത്തെ ഒരു സൂപ്പർ മാർക്കറ്റിന്റെ പാക്കിങ് യൂണിറ്റിലേക്ക് ആളെ എടുക്കുന്ന കാര്യം ഞാനന്ന് മനോരമ പത്രത്തിൽ വായിച്ചിട്ടുണ്ടായിരുന്നു. അത് ഒന്ന് നോക്കാൻ ഞാൻ അവളോട് പറഞ്ഞു.

ഒരു ഹെല്പ് എന്ന നിലക്ക് എന്തേലും വാങ്ങാം എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. അന്ന് എന്റെ കയ്യിൽ എന്റെ ഒരു പുസ്തകം ഉണ്ടായിരുന്നു. നന്നായിട്ട് വായിക്കും എന്ന് പറഞ്ഞപ്പോൾ വിപിപി ആയി അയച്ചു കൊടുത്തിട്ട് തിരിച്ചു വന്ന ആ പുസ്തകം ഞാൻ അവൾക്ക് കൊടുത്തു.

‘ ഞാനിപ്പോൾ വീട്ടിൽ തയ്യൽ തുടങ്ങി. ‘.

അവളുടെ മെസ്സേജ് വീണ്ടും വന്നു. ഞാൻ പറഞ്ഞ ആ ജോലി ചാൻസ് അവൾക്ക് കിട്ടിയില്ല. പക്ഷെ പിന്നീട് അവൾക്ക് ഒരു ചെറിയ ജോലി കിട്ടി. മൂന്നോ നാലോ മാസം മാത്രമുള്ള ഒരു ചെറിയ ജോലി. അൽപ സ്വല്പം തയ്യൽ അറിയുന്നത് കൊണ്ട് അതിൽ നിന്നും കിട്ടിയ വരുമാനം ഉപയോഗിച്ച് ഒരു പഴയ തയ്യൽ മെഷിൻ വാങ്ങി. ഒന്ന് രണ്ട് ചെറിയ കടകളിലേക്ക് തയ്ക്കാനുള്ള ഓർഡറുകൾ കിട്ടി. ഇപ്പോൾ അത്യാവശ്യം വരുമാനം ഒക്കെ കിട്ടുന്നുണ്ട്.

അവൾക്കിപ്പോൾ വയ്യാതായ അമ്മയെ നോക്കാൻ കഴിയുന്നുണ്ട്. വീട്ടു വാടക കൊടുക്കാനും ചെലവിനുമൊക്കെയുള്ള കാശ് കിട്ടുന്നുണ്ട്.

പുസ്തകത്തിലുള്ള നമ്പറിൽ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ്‌ ആണ്. അത് കൊണ്ടാണ് ഫേസ്ബുക്കിൽ മെസ്സേജ് ഇട്ടത്. നമ്പർ സെർച് ചെയ്താണ് അവൾ എന്റെ ഐഡി കണ്ടെത്തിയത്. ഈ ലോക്ക് ഡൗൺ കാലത്ത് ഇതിലേറെ സന്തോഷം നമുക്ക് എങ്ങനെ കിട്ടാനാണ്.

എല്ലാ ഡയറക്റ്റ് മാർക്കറ്റ് കമ്പനികളും മോശമല്ല. ഒരു പാട് നല്ല കമ്പനികൾ നല്ല പ്രോഡക്റ്റുകളുമായി നമ്മുടെ മുൻപിൽ വരാറുണ്ട്. അവരൊക്കെ മാന്യമായ ശമ്പളവും കമ്മീഷനും നൽകാറുമുണ്ട്.

എന്നാൽ ഇത് പോലെ കുറെ ഊള കമ്പനികളും ഉണ്ട്. സ്റ്റാഫുകളെ ചൂഷണം ചെയ്തും ഉപഭോക്താക്കളെ പറ്റിച്ചും ജീവിക്കുന്നവർ.

അതു കൊണ്ട് തന്നെ ഇത്തരം കമ്പനികളിൽ ജോലി തേടുന്നവർ അതിൽ ആദ്യം ജോലി ചെയ്തവരെ കണ്ടെത്തി അന്വേഷിച്ചു ജെനുവിൻ കമ്പനിയാണോ എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം ജോലി ചെയ്യാൻ തയ്യാറാവുക.

ഒരിക്കലും ഒറിജിനൽ രേഖകൾ അവർക്ക് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എല്ലാവർക്കും നന്മകൾ നേരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *