ഫോണിൽ ആരോടൊക്കയോ ഉള്ള അങ്ങേരുടെ ചാറ്റിങ്ങും അതിന്റെ കൂടെ അപ്പോഴുള്ള അങ്ങേരുടെ ചിരിയും, ചില സമയത്ത് അവൾക്കു തന്നെ……….

Story written by Pratheesh

അക്ഷാംശയുടെ ഭർത്താവ് മരണപ്പെട്ടിട്ട് പത്തു ദിവസമായിരിക്കുന്നു,

മരണമൊരു യാഥാർത്ഥ്യമായതു കൊണ്ടും, മരണപ്പെട്ടവർ തിരിച്ചു വരില്ലെന്ന പൂർണ്ണമായ ഉറപ്പുള്ളതു കൊണ്ടും,.എത്ര പ്രിയപ്പെട്ടവരായിരുന്നാലും ഒരിക്കൽ അവരുടെ മരണം നേരിടേണ്ടി വരുമെന്ന ഉത്തമബോധ്യമുള്ളതു കൊണ്ടും,ഉള്ളിലെ വിഷമങ്ങളെല്ലാം ദിവസങ്ങൾ കൊണ്ടു തന്നെ വളരെ പെട്ടന്ന് പെയ്തൊഴിഞ്ഞു തീർന്ന് മുന്നോട്ടുള്ള ജീവിതത്തേക്കുറിച്ച് മാത്രമായി പിന്നീട് അവളുടെ മനസ്സും ചിന്തകളും !

അന്നേരമാണ് അവൾ അതുവരെയും കഴിഞ്ഞു പോയ അവരുടെ അതുവരെ യുള്ള ജീവിതത്തേക്കുറിച്ചോർത്തത് ! അവൾക്കറിയാം അവൾ ശീലാവതിയോ അവളുടെ ഭർത്താവ് ഹരിശ്ചന്ദ്രനോ അല്ലെന്ന് !

കഴിഞ്ഞ ഇരുപതു വർഷങ്ങളായി കുറെയധകം പൊട്ടിത്തെ റികളും പല തരം സംശയങ്ങളും അവരുടെ നിത്യജീവിതത്തിലും സംജാതമായിരുന്നു, പലപ്പോഴും അടിച്ചു പിരിയും എന്ന തോന്നലിൽ വരെ വാക്കേറ്റങ്ങൾ എത്തിയിട്ടുമുണ്ട് !

മിക്കപ്പോഴും ഇപ്പോഴുള്ള ഈ വഴക്ക് തീരുന്ന നിമിഷം പെട്ടിയും കിടക്കയും എടുത്ത് ഞാനെന്റെ വീട്ടിൽ പോകും എന്നും അവൾക്ക് തോന്നിട്ടുണ്ട് !

അങ്ങേരെ ഡിവോഴ്സ് ചെയ്ത് കളയാൻ തന്നെ ഒരു നൂറുവട്ടമെങ്കിലും അവൾ ആലോജിച്ചിട്ടുണ്ടാവും !

ഫോണിൽ ആരോടൊക്കയോ ഉള്ള അങ്ങേരുടെ ചാറ്റിങ്ങും അതിന്റെ കൂടെ അപ്പോഴുള്ള അങ്ങേരുടെ ചിരിയും, ചില സമയത്ത് അവൾക്കു തന്നെ ഏറെക്കുറെ ബോധ്യപ്പെട്ട ചില സംശയങ്ങളും വെച്ച് അങ്ങേരെ തല്ലിക്കൂട്ടി ഏതെലും മൂലക്കിടാനും ത ല്ലികൊ ല്ലാനും ഒക്കെ എത്രയോ വട്ടം തോന്നിട്ടുണ്ട് !

അങ്ങേരേ പൂട്ടാൻ അവൾക്കു പക്ഷേ അത്ര തന്നെ കൺക്ലുസ്സിവായ എവിഡൻസുകൾ കിട്ടാതിരുന്നതു കൊണ്ടാണ് അവളിൽ നിന്നും പലപ്പോഴും അങ്ങേരു ഈസിയാസി രക്ഷപ്പെട്ടത് !

അതിനിടയിലും ഒരു ദിവസം തന്ത്രപ്പൂർവ്വം അങ്ങേര് സ്ഥിരം ഇരുന്നു ചാറ്റിങ്ങ് നടത്താറുള്ള സോഫയുടെ തൊട്ടടുത്തുള്ള ഷെൽഫിൽ രഹസ്യമായി തന്റെ ഫോൺ റെക്കോർഡിങ്ങിൽ ആക്കി ഇട്ടു വെച്ച് അങ്ങേരുടെ ഫോണിന്റെ പാസ്സ് വേർഡും അവൾ കണ്ടു പിടിച്ചു,

മറന്നു പോകാതിരിക്കാൻ അതൊരു ബുക്കിൽ എഴുതി വെക്കുകയും ചെയ്തതാണ് പക്ഷേ ഫോൺ നോക്കിയാൽ അതെങ്ങാനും അങ്ങേരറിയുകയോ കണ്ടുപിടിക്കുകയോ ചെയ്താലോ എന്ന ഭയം കൊണ്ട് ഫോണിലവൾ നോക്കാൻ ശ്രമിച്ചതുമില്ല !

സുരാജ് പറഞ്ഞ പോലെ തമാശയായിട്ടൊന്നും അല്ല ശരിക്കും ചില നേരത്തേ അങ്ങരുടെ സ്വഭാവം കാണുമ്പോൾ കുറച്ചൊന്നുമല്ല എത്രയോ വട്ടം അവൾക്ക് അങ്ങേരെ എടുത്തു കി ണറ്റിലിടാൻ തോന്നിട്ടുണ്ട് !

ഒരിക്കൽ കാര്യങ്ങളെല്ലാം അവസാനിച്ചു എന്നുവരെ തോന്നിയതാണ് എന്നിട്ടും എന്തോ തമ്മിൽ വേർപ്പെട്ടു പോകും വിധം അവയൊന്നും അത്രകണ്ട് രൂക്ഷസ്ഥിതി കൈവരിച്ചില്ലെന്നു മാത്രം !

സംഗതി ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും ഈ കാലത്തിനിടയിൽ കുറെയധികം നല്ല ദിവസങ്ങളും തമ്മിലുണ്ടായിട്ടുണ്ട് !

ചില ദിവസങ്ങൾ പൂർണ്ണമായും സ്നേഹത്തിന്റെതായി മാത്രം മാറിയിട്ടുണ്ട് !

ചിലപ്പോൾ ആവശ്യപ്പെടാതെയും സ്നേഹവും സന്തോഷങ്ങളും വാരിക്കോരി അവൾക്കു ലഭിക്കാറുമുണ്ട് !

ക്രമം വെച്ചു നോക്കുമ്പോൾ വിഷമങ്ങളെക്കാൾ സന്തോഷം അധികമായി തന്നെയുണ്ടായിരുന്നു എന്നു തന്നെയാണ് അവൾക്കും തോന്നിയത് !

അതൊക്കെ കൊണ്ടാവാം ഒാർമ്മകളുടെ അവസാനം അവളിൽ വലിയ പരിഭവങ്ങൾക്കും പരാതികൾക്കും ഇടം കുറവായിരുന്നു,

അതു കൊണ്ടു തന്നെ അന്നേരം അവൾ പതിയേ ഭർത്താവിന്റെ പഴയ നന്മകളെ തിരഞ്ഞു പിടിച്ചു ആ നന്മകളായിരുന്നു അയാൾ എന്നു സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു,

ആ ശ്രമങ്ങളിലൂടെ സ്വയം വിശ്വാസം വരുത്താനുള്ള ശ്രമങ്ങളും അവൾ കൈക്കൊണ്ടു !

ഒപ്പം അതുവരെ അവരുടെ ജീവിതത്തിൽ സംഭവിച്ച മോശപ്പെട്ട കാര്യങ്ങളിൽ നിന്നും നല്ലതായി ഭവിച്ചവയേ വേർത്തിരിച്ചെടുത്തു നന്മയാൽ സമൃദ്ധമായ പങ്കാളിയെ സൃഷ്ടിക്കാനും മനസ്സു കൊണ്ടവൾ ഒരു പ്രത്യേക ശ്രമം നടത്തിയതിൽ കുറെയൊക്കെ അതിൽ വിജയിച്ചു എന്നു തന്നെ പറയാം,

എന്നാൽ അതിനിടയിലാണ് മകൾ ഗ്രാസിയ അച്ഛന്റെ മൊബൈലുമായി വന്ന് അതവൾക്കു മുന്നിലേക്ക് നീട്ടി കൊടുത്തത് !

ഫോൺ കണ്ടതും മറ്റെല്ലാ ചിന്തകളും ഒറ്റ നിമിഷം കൊണ്ട് നിഷ്പ്രഭം അവളിൽ നിന്നും മാഞ്ഞില്ലാതായി അവളുടെ നോട്ടവും മനസ്സും പിന്നെ ആ ഫോണിൽ മാത്രമായി,

ഫോൺ വാങ്ങി നോക്കിയപ്പോൾ ഫോണിലാണേൽ ചാർജ് ഇല്ലായിരുന്നു അവൾ ഉടൻ തന്നെ മകളോട് ചാർജർ എടുത്തു വരാൻ പറയുകയും മകൾ ചാർജർ എടുത്തു വരുകയും ചെയ്തതോടെ അവൾ ഫോൺ താനിരിക്കുന്ന മേശയോടു ചേർന്നുള്ള പ്ലഗിൽ തന്നെ ചാർജിങ്ങിനായി കുത്തിയിട്ടു !

ശേഷം അവളുടെ നോട്ടം കടന്നു ചെന്നത് തൊട്ടടുത്ത ഷെൽഫിലിരിക്കുന്ന മുന്നേ മൊബൈലിന്റെ ലോക്ക് പാസ്സ് വേർഡ് എഴുതി വെച്ചിരിക്കുന്ന ആ പഴയ ബുക്കിലേക്കായിരുന്നു, അതവിടെ സുരക്ഷിതമായി തന്നെയുണ്ടായിരുന്നു,

അതോടെ മകൾ ഗ്രാസിയയോട് ഷെൽഫിലെ ആ ബുക്കെടുത്തു തരാൻ ആവശ്യപ്പെട്ടതോടെ അവളാ ബുക്കെടുത്തു അമ്മക്കു കൊടുത്ത് അപ്പോൾ തന്നെ അവിടം വിട്ടു പോവുകയും ചെയ്തു,

ഫോണിൽ ചാർജ് കയറി തുടങ്ങിയതോടെ അവളുടെ കണ്ണും മനസ്സും ഒരേ പോലെ ആ ഫോണിലേക്കു തന്നെ സസൂക്ഷ്മം സഞ്ചരിക്കാൻ തുടങ്ങി, അതുവരെ അവൾക്കുണ്ടായിരുന്ന പല സംശയങ്ങൾക്കും മറുപടി തരാൻ കഴിയുന്ന ഒന്നാണ് അവളുടെ മുന്നിലിരിക്കുന്നതെന്ന ബോധം അവളെ വീണ്ടും വീണ്ടും ആ ഫോണിലേക്ക് ആകർഷിച്ചു കൊണ്ടിരുന്നു,

അവളുടെ നോട്ടം പിന്നെ ആ മൊബൈലിൽ മാത്രമായി,.സത്യത്തിൽ ഇത്രയും സ്വതന്ത്രമായി ആ മൊബൈൽ ഇതുവരെ ഇത്രയടുത്തവൾ കണ്ടിട്ടില്ലെന്നു തന്നെ പറയാം !

പലപ്പോഴും അവൾക്കു തന്നെ തോന്നിയിട്ടുണ്ട് താഴെ പോലും വെക്കാതെ എപ്പോഴും കൈയ്യിൽ തന്നെ കൊണ്ടു നടക്കുകയും കൂടെ ആരും കണ്ടു പിടിക്കരുതെന്ന തരത്തിലുള്ള പാസ്സ് വേർഡും ഒക്കെ ഇട്ടു വെക്കാൻ ഇതെന്താ ഇന്ത്യൻ ആണവ രഹസ്യം സൂക്ഷിക്കുന്ന ഫോണാണോ എന്നൊക്കെ !

ഇന്ന് ആ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമായി ആ മൊബൈൽ അവൾക്കു പക്കലുണ്ട് !

നമ്മൾ ആരും അറിയരുതെന്നു കരുതി സൂക്ഷിച്ച പലതും മരണം നിഷ്പ്രയാസം വെളിപ്പെടുത്തുമെന്നും !

ഇവിടെ അവൾക്കു മനസിലായ മറ്റൊന്ന് മരണമെന്നത് അപ്രതീക്ഷിതവും അജ്ഞാതവുമായ ഒരവസ്ഥയായതു കൊണ്ട് മരണം പല രഹസ്യങ്ങളുടെയും താക്കോലുമായിട്ടാണ് കടന്നു വരുന്നതെന്നും !

ഒരാൾ എന്തൊക്കെ മറച്ചു പിടിച്ചാലും അതിനൊക്കയും ഒരുനാൾ ഒരവസാന മുണ്ടെന്നും ഇന്നവൾക്കറിയാം !

ഫോണിൽ ചാർജ് കയറി കൊണ്ടിരിക്കുന്നതിനിടയിൽ ആ സമയമത്രയും അവളുടെ മനസ്സിലും ഒരുപാടു ചിന്തകളും ചോദ്യങ്ങളും കടന്നു പോയി കൊണ്ടേയിരുന്നു,

പതിയേ ഫോൺ എടുത്തു നോക്കിയതും അതിൽ 30% ത്തോള്ളം ചാർജ് കയറിയിരുന്നു,

ശേഷം പാസ്സ് വേർഡ് എഴുതിവെച്ച ബുക്ക് എടുത്തു വെച്ച് മുന്നേ എഴുതി വെച്ച പാസ് വേർഡ് തിരഞ്ഞു കണ്ടു പിടിച്ച് ഫോണിന്റെ സൈഡ് ബട്ടൻ അമർത്തിയതും ഫോണിന്റെ പാറ്റൺ അൺലോക്ക് ചെയ്യാനുള്ള സിംമ്പലുമായി ഫോണിലെ ലൈറ്റ് തെളിഞ്ഞു,

പാസ്സ് വേർഡ് ഒരോന്നായി ടൈപ്പ് ചെയ്തു കൊടുത്തതും അടുത്ത സെക്കന്റിൽ ഫോൺ ഒാപ്പണായി അതോടെ അവളുടെ പൂർണ്ണ ശ്രദ്ധ ഫോണിൽ തന്നെയായി,

Whatsapp ന്റെയും messanger ന്റെയും ഐക്കൺ വിരൽത്തുമ്പിനു മുന്നിൽ വൺ ടച്ച് അകലത്തിലും, ഒപ്പം അവൾ ഒരിക്കൽ അറിയാൻ ആഗ്രഹിച്ചതും കണ്ടെത്തണമെന്നു കണക്കു കൂട്ടിയതുമായ കാര്യങ്ങൾ ഒരു വലിയ TV സ്ക്രീനിലെന്ന പോലെ മുന്നിൽ തെളിയാനും തുടങ്ങി,

എല്ലാം വിരലെത്തും ദൂരത്താണുള്ളതെന്ന ബോധ്യം ഫോണിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാൻ മനസ്സ് വല്ലാതെ വെമ്പൽ കൊള്ളാനും തുടങ്ങി,

ആകാംക്ഷ അവയുടെ ആകാശഉയരങ്ങളിലേക്ക് റോക്കറ്റു കണക്കേ സഞ്ചരിക്കാൻ തുടങ്ങി,

വിരലുകൾ യാന്ത്രികമായി വാട്ട്സാപ്പ് ഐക്കണു നേരേ ചെന്നതും പെട്ടന്നു തന്നെ മനസ്സിനെ ശക്തമായി തടഞ്ഞു കൊണ്ട് അവൾ കുറച്ചപ്പുറത്തായി മാറി നിൽക്കുന്ന ഭർത്താവിന്റെ അനിയൻ ശ്രവസ്സിനെ അടുത്തേക്ക് വിളിച്ച് അവനോട് പറഞ്ഞു,

” ടാ ഈ ഫോൺ ഒന്ന് ഫോർമാറ്റ് ചെയ്തേക്ക് ” എന്ന് !,

അക്ഷാംശ അതു പറഞ്ഞതും ശ്രവസ്സ് അവളോടു പറഞ്ഞു ” ചേച്ചി ഫോൺ ഫോർമാറ്റ് ചെയ്താൽ നമ്പർ അടക്കം എല്ലാം മൊത്തത്തിൽ ഡിലീറ്റായി പോകും ” !

അവരതിനു തലയാട്ടുക മാത്രമാണ് ചെയ്തത് !

എന്നിട്ടും അവനു സംശയം മാറാതെ അവൻ വീണ്ടും ചോദിച്ചു, “ചേച്ചി ബാങ്ക് അക്കൗണ്ട് പാസ് വേർഡ് പോലുള്ള പല ഡീറ്റേൽസ്സും ഉണ്ടാകും അതൊക്കെ പോയാൽ പിന്നെ വീണ്ടും തിരഞ്ഞു കണ്ടു പിടിക്കുക പ്രയാസമാകും ” !

അതിനുത്തരമായി അവൾ പറഞ്ഞു,.നിന്റെ ചേട്ടന്റെ നഷ്ടത്തേക്കാൾ വലുതല്ല അതൊന്നും എന്ന് !

എന്നിട്ടും ശ്രവസ്സിനു സംശയം മാറുന്നില്ല അവൻ പിന്നെയും പറഞ്ഞു,

ചേച്ചി ?.അത്യാവശ്യമുള്ളത് നോക്കിയെടുത്ത ശേഷം ഫോർമാറ്റ് ചെയ്യുന്നതല്ലെ നല്ലത് ?

അതോടെ അക്ഷാംശക്ക് കാര്യം മനസിലായി ചെക്കന് അവൾ വിചാരിച്ച അത്രക്കൊന്നും വിവരമില്ലാന്ന് ! അതോടെ അവളവനെ പുറത്തേക്കു വിളിച്ചു കൊണ്ടു പോയി അവനോടു പറഞ്ഞു,

നീ പറഞ്ഞതു പോലെ വളരെ വേണ്ടപ്പെട്ട പലതും ഇതിലുണ്ടാവാം എന്നാൽ അതിനേക്കാളൊക്കെ വലുത് തമ്മിലുണ്ടായിരുന്ന വിശ്വാസം നിലനിർത്തുക എന്നതാണ് !

അനിയാ, ഈ കാലഘട്ടത്തിൽ മിക്കവരും താൻ മരണപ്പെടാൻ പോവുക യാണെന്നു തിരിച്ചറിയുന്ന സമയം കുറച്ചു നിമിഷങ്ങൾ ലഭിച്ചാൽ അവർ ആദ്യം ചെയ്യുക എന്തായിരിക്കും എന്നറിയോ ?

അത് അമ്മയേ കാണണം, മക്കളെ കാണണം, അവസാനമായി ഭാര്യയോടൊന്നു സംസാരിക്കണം എന്നതൊന്നുമായിരിക്കില്ല,.അതിനേക്കാളൊക്കെ വലിയ റിയാലിറ്റിയേ ആണു ഇന്നു പലർക്കും നേരിടാനുള്ളത് !

അവർ അതുവരെ കാത്തു സൂക്ഷിച്ച രഹസ്യങ്ങളെല്ലാം അവരിലൂടെ തന്നെ അവസാനിപ്പിക്കുന്നതിനായി തന്റെ ഫോൺ ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക എന്നതായിരിക്കും !

അതുവരെ പലരും അണിഞ്ഞിരുന്ന മുഖമൂടി അഴിഞ്ഞു വീണു പോകാതിരിക്കാൻ ആ ഒരവസരം അതവർക്കു മുഖ്യമാണ് !

നമ്മൾ ഒാർമ്മിക്കാറില്ലെങ്കിലും മൊബൈലിനെ നമ്മൾ സ്നേഹിക്കുന്നതു പോലെ നമ്മളതിനെ ഭയപ്പെടുന്നുമുണ്ട് !

സ്ത്രീകൾ മിക്കപ്പോഴും അവരുടെ ഇത്തരം ചാറ്റ് ഹിസ്റ്ററി അപ്പപ്പോൾ തന്നെ ഡിലീറ്റാക്കും, എന്നാൽ തന്റെ ഫോണങ്ങിനെ ആരും എടുത്തു നോക്കാൻ ധൈര്യപ്പെടില്ലെന്ന വിശ്വാസത്തിൽ അതങ്ങിനെ തന്നെ സൂക്ഷിക്കുന്ന ആണുങ്ങളും ഉണ്ട് !

അതോടൊപ്പം അവരോരോർത്തരുടെയും ഫോണിൽ അതുപോലുള്ള രഹസ്യങ്ങളുണ്ടോ എന്നറിയുന്നവരും അവർ മാത്രമാണ് !

ഈ ഫോൺ ഇവിടെ എന്റെ കൺമുന്നിലിരിക്കുമ്പോൾ വെറുതെയെങ്കിലും അതൊന്നെടുത്തു നോക്കാനുള്ള ചിന്ത എന്നിലും ആവർത്തിക്കും !

ചിലപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം അതുമല്ലെങ്കിൽ എനിക്കു തെറ്റായി തേന്നിയേക്കാവുന്ന ചില മേസേജുകളോ ഫോട്ടോകളോ കണ്ടാൽ എന്റെ സംശയം തീരും വരെ ഞാനതിനു പിന്നാലെ സഞ്ചരിക്കേണ്ടി വരും ! സംശയ ത്തിന്റെ പിൻബലത്തിൽ അതെന്തൊക്കെയാണെന്നറിയാനുള്ള അഭിവാഞ്ഛ എന്നിൽ അധികമായിരിക്കും !

മൊബൈൽ ഒരു ഇരുതല മൂർച്ചയുള്ള വാളാണ് ! ഇതുവരെ ഉണ്ടായിരുന്ന എല്ലാ വിശ്വാസങ്ങളെയും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയാക്കാനുള്ള കഴിവും മൊബൈലിനുണ്ട് !

ഇതിൽ അത്തരം രഹസ്യങ്ങളുണ്ടാവാം ചിലപ്പോൾ യാതൊന്നും തന്നെ ഇല്ലാതിരിക്കാം അതിന്റെ സത്യാവസ്ഥ പക്ഷേ നമ്മൾക്കറിയില്ല !

എന്നാൽ അതിനൊക്കെ അപ്പുറത്ത് അതിൽ എന്തെങ്കിലും രഹസ്യ സ്വഭാവമുള്ളവയെ കണ്ടെത്തിയാൽ തന്നെ നഷ്ടപ്പെടുന്നത് എന്റെ വിശ്വാസവും വേദനിക്കുന്നത് എന്റെ തന്നെ മനസ്സും മാത്രമായിരിക്കും ! അപ്പോൾ അറിഞ്ഞു കൊണ്ട് സ്വന്തം സ്വസ്ഥത സ്വയം ഇല്ലാതെയാക്കുന്നതിനു തുല്യമല്ലെയത് ?

ഈയടുത്ത് ഞാനൊരു വാട്ട്സാപ്പ് ജോക്ക് കണ്ടിരുന്നു മരണപ്പെടാൻ പോകുന്നൊരാൾ കാലനോട് മൊബൈൽ ഹിസ്റ്ററി ഡിലീറ്റാക്കാൻ രണ്ടു മിനുട്ട് തരണമെന്നും അതല്ലെങ്കിൽ അതു പുറത്തായാൽ ബലിക്കാക്ക പോലും നമ്മളെ മൈന്റു ചെയ്യില്ലെന്നുമുള്ള ഒരു തമാശ, ആ തമാശക്കപ്പുറത്ത് അതിനു പിന്നിലെ യാഥാർത്ഥ്യം വളരെ വലുതാണ് !

എന്നാൽ അതിനേക്കാൾ വലിയ പ്രയാസം ഇത്തരത്തിലൊരു ഫോൺ കൈയ്യിൽ വന്നാൽ അതിലുള്ളത് എന്തൊക്കെയാണെന്നറിയാതെ ആ ഫോണിലുള്ളതെല്ലാം ഡീലിറ്റാക്കാൻ സ്വന്തം മനസിനെ കൊണ്ടു സമ്മതിപ്പിക്കുക എന്നതാണ് !

അവിടെയും ചില ചോദ്യങ്ങൾ ഉയർന്നു വരാം, “എല്ലാം അറിഞ്ഞും നമ്മൾ മിണ്ടാതിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത് ? ⁰അതോ ഇക്കാലമത്രയും നമ്മൾ പറ്റിക്കപ്പെടുകയായിരുന്നെങ്കിൽ അതു തിരിച്ചറിയാനുള്ള അവകാശം അവർക്കില്ലെയെന്ന് ?

അതിനുള്ള ഉത്തരം ഒന്നേയുള്ളു നിങ്ങൾ മാന്താൻ ശ്രമിക്കുന്നത് ഒരു ശവക്കുഴിയാണെങ്കിൽ അതിൽ നിന്നുള്ള ദുർഗന്ധവും നിങ്ങൾ തന്നെ സ്വയം സഹിക്കേണ്ടി വരുമെന്നത് !!

ഒരാളുടെ വേർപാടിൽ അടർന്നു വീണ കണ്ണുനീർ തുള്ളികൾ പോലും വേണ്ടിയിരുന്നില്ല എന്നു തോന്നുന്നിടത്താണ് അവരുടെ മനസ്സിൽ പോലും ഒരാളുടെ മരണം സംഭവിക്കുന്നത് !

അതു കൊണ്ട് നീ ഇതു ഫോർമാറ്റ് ചെയ്ത് എല്ലാം ക്ലീനാക്കി ഈ ഫോൺ ഗ്രാസിയ മോൾക്കു കൊടുത്തേക്ക് ! അതും പറഞ്ഞ് അക്ഷാംശ അവനെ വിട്ടു പോയി !

അവൾ പോയതും അവനും ഒാർത്തു, ചേച്ചിയുടെ കാര്യത്തിൽ ചേച്ചി പറഞ്ഞതും ചെയ്തതും തന്നെയാണ് ശരി, കാരണം ഒരു വഴി തെളിയുമ്പോൾ മറ്റൊരാളുടെ രഹസ്യങ്ങളിലേക്ക് എളുപ്പത്തിൽ കയറി ചെല്ലാൻ ഒരാൾക്കു സാധിച്ചെന്നിരിക്കും !

എന്നാലതു കണ്ടെത്തുന്നതോടെ അതിൽ ഏറെ വേദനിക്കേണ്ടി വരുന്നതും അതു കണ്ടെത്തിയവർ തന്നെയായിരിക്കും !

കണ്ടെത്തുന്നതിലെ സുഖം കണ്ടെത്തിയാലുണ്ടാവണമെന്നില്ല, രഹസ്യങ്ങൾക്ക് വേദനിപ്പിക്കാനുള്ള കഴിവുമുണ്ട് !

ചേച്ചി അങ്ങിനെ ചിന്തിച്ചതിൽ മറ്റൊരു വശം കൂടിയുണ്ട്, നമ്മൾ നമ്മളിൽ തന്നെ പലപ്പോഴും ഭയപ്പെടുന്ന ഒന്നുണ്ട്, നമ്മൾ ഒാരോർത്തരിൽ തന്നെ പല തരത്തിലുള്ള കുറവുകളും ഉൾക്കൊള്ളുന്നുണ്ടെന്ന സത്യം!

ഒപ്പം സ്നേഹത്തിന്റെ സഞ്ചാരദിശ എക്കാലവും ഒരാളിലേക്ക് മാത്രമായിരിക്കില്ല എന്ന യാഥാർത്ഥ്യവും !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *