ബഷീർ നെഞ്ചിലെ നരച്ച രോമങ്ങളിലൂടെ വിരലോടിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോഴേക്കും ഒരു വലിയ പാത്രം നിറയെ ചക്ക കൂട്ടാനുമായി ഒരു ബംഗാളി അകത്തു നിന്നും ഞങ്ങളുടെ അടുത്തേക്ക്……..

എഴുത്ത്:- ഹക്കീം മൊറയൂർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഞങ്ങൾ ചെല്ലുമ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ബേപ്പൂർ സുൽത്താൻ നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു.

‘വാ. ചങ്ങാതി. വാ’.

ബഷീർ എന്നെ സ്നേഹ പൂർവ്വം അടുത്തേക്ക് വിളിച്ചു. ബഷീറിന്റെ മുഖത്ത് സ്വതസിദ്ധമായ പുഞ്ചിരി നിറഞ്ഞു നിന്നു.

‘ആ മൂലയിൽ കുറെ കസേരകൾ ഇരിപ്പുണ്ട്. കാല് പൊട്ടാത്തത് നോക്കി എടുത്തു കൊണ്ട് വന്നു ഇരിക്കൂ’.

‘വേണ്ട ഇക്കാ. ഞങ്ങൾ നിന്നോളാം’.

എന്റെ വിനയം കണ്ടു ഹമ്പടാ എന്ന അർത്ഥത്തിൽ ബഷീർ തല കുലുക്കി.

‘നിങ്ങളുടെ ആഗമനോദ്ദേശം?’.

‘ഞങ്ങൾ ഇക്കയെ ആദരിക്കാൻ ഉദ്ദേശിക്കുന്നു’.

‘നല്ല കാര്യം. അവാർഡ് ഉണ്ടോ?’.

‘ഉണ്ട്. പുതിയ അവാർഡ് ആണ്’.

‘അതും നല്ല കാര്യം. കൂടെ വേറെന്തെങ്കിലും?’.

‘ഉണ്ട് ഇക്കാ. പൊന്നാട, ഹാരം, മന്ത്രിയുടെ കയ്യിൽ നിന്നും ഉപഹാരം, പ്രശസ്തി പത്രം, പ്രമുഖ പത്രങ്ങളിൽ റിപ്പോർട്ടുകൾ, ചാനൽ- യൂട്യൂബ് ഇന്റർവ്യൂ’.

‘ഞാൻ അതല്ല ഉദ്ദേശിച്ചത്. പണമായിട്ട് എന്തെങ്കിലും?’.

‘അതും ഉണ്ട് ഇക്കാ. 50,001 രൂപയുണ്ട്. അതിൽ ഒരു രൂപാ ഇക്കാക്ക് ഉള്ളതാണ്’.

‘വളരെ നല്ലത്. ആ ഒരു രൂപക്ക് എനിക്ക് രണ്ട് ഇമിലി മുട്ടായി വാങ്ങി കഴിക്കാം. അപ്പൊ ബാക്കി 50,000 രൂപയുടെ ഗതി എന്താണ്?’.

‘അത് പതിവ് പോലെ ഇക്കാ’.

ബഷീർ നെഞ്ചിലെ നരച്ച രോമങ്ങളിലൂടെ വിരലോടിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോഴേക്കും ഒരു വലിയ പാത്രം നിറയെ ചക്ക കൂട്ടാനുമായി ഒരു ബംഗാളി അകത്തു നിന്നും ഞങ്ങളുടെ അടുത്തേക്ക് വന്നു.

‘കാലം മാറുമ്പോ നമ്മളും കോലം മാറണമല്ലോ. ഞാൻ അടുക്കള പണിക്ക് ഒരു ബംഗാളിയെ വെച്ചു. നല്ല പോലെ ഭക്ഷണം ഉണ്ടാക്കും. ഇടക്കിടക്ക് എനിക്ക് പുറം ചൊറിഞ്ഞു തരും. അങ്ങനെ കുറെ ലൊട്ട് ലൊടുക്ക് പൊതു മരാമത്ത് പണികൾ അവന് അറിയാം. എന്റെ കൃതികൾ ബംഗാളി ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന കർത്തവ്യം കൂടി അവൻ ഏറ്റെടുത്തിട്ടുണ്ട്’.

ഞങ്ങൾ അമ്പരപ്പോടെ പരസ്പരം നോക്കുന്നത് കണ്ടു ബഷീർ ഊറി ചിരിച്ചു.

‘ഭായ്. അമിട്ട് നികാലോ’.

‘ടീക് ഹേ ബാശു ഭായ്’.

ബംഗാളി ഭായ് നീണ്ട ഒരു തവി എടുത്തു ചക്കകൂട്ടാൻ പാത്രത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി എട്ട് പത്തു വലിയ ചക്ക കുരുകൾ പുറത്തെടുത്തു. അത് അയാൾ അടുക്കളയിലേക്ക് കൊണ്ട് പോയി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ ഇട്ട് കൊണ്ട് വന്നു.

‘അല്ലയോ ചക്ക വൃക്ഷത്തിന്റെ വിത്തെ. നാളെ ആയിരക്കണക്കിന് ചക്കകൾക്കും പതിനായിര കണക്കിന് മധുരമൂറുന്ന ചുളകൾക്കും ജന്മം കൊടുക്കേണ്ട വിശുദ്ധ ജന്മമായ നിന്നെ കേവലം ആസക്തി കൊണ്ട് ഇങ്ങനെ നശിപ്പിച്ചു കളയുന്നതിൽ അത്യധികം സങ്കടം രേഖപ്പെടുത്തി കൊള്ളട്ടെ’.

ഞങ്ങൾ അമ്പരപ്പോടെ ബഷീറിനെ നോക്കി നിന്നു. എനിക്ക് അല്പം വട്ടുണ്ടെന്നും അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും വട്ട് വിവരമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് എന്നുമൊക്കെ എഴുതി കളഞ്ഞ മനുഷ്യനിൽ നിന്നും ഇതിൽ കൂടുതൽ ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്.

ബഷീർ ചക്കക്കുരു പാത്രം ഞങ്ങളുടെ നേരെ നീട്ടി. ഞാൻ അത് വാങ്ങി.

‘എനിക്ക് അവാർഡ് തരുന്ന ദിവസം രാവിലെ നിങ്ങൾ ഇത് വെറും വയറ്റിൽ കഴിക്കണം. എന്നിട്ട് എനിക്ക് അവാർഡ് തരുമ്പോൾ സ്റ്റേജിൽ എന്റെ അടുത്ത് വന്നു പരമാവധി വളി വിടണം. എല്ലാവരും ഒത്തു പിടിച്ചാൽ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനേക്കാളും വലിയ വെടിക്കെട്ട് നടത്താൻ നമുക്ക് കഴിയും.. എന്നോടുള്ള ആദരം നിങ്ങൾ അങ്ങനെയാണ് കാണിക്കേണ്ടത്. അപ്പോൾ ഞാൻ സ്റ്റേജിൽ നിന്നും എന്റെ ഭായ് സദസ്സിൽ നിന്നും നീട്ടി വളി വിടും. എന്റെ വായനക്കാരോട് മുഴുവൻ വളി വിടാൻ ഞാൻ റിക്വസ്റ്റ് ചെയ്യാം. അങ്ങനെ നമ്മുടെ അവാർഡ് ദാനം നമുക്ക് ചരിത്ര താളുകളിൽ തങ്ക ലിപികൾ കൊണ്ട് അടയാളപ്പെടുത്തണം. പറ്റിയാൽ വളി വിട്ട് നമുക്ക് ഗിന്നസ് ബുക്കിലും കയറാം. അതിൽ പങ്കെടുത്ത എല്ലാവർക്കും ബേപ്പൂർ സുൽത്താൻ ഒപ്പിട്ട വളി ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് കോപ്പിയും പ്രശസ്തി പത്രവും കൊടുക്കാം. അവർക്ക് അത് ഫേസ്ബുക്കിലും ഇൻസ്റ്റയിലും പോസ്റ്റ്‌ ചെയ്യാം. സ്റ്റാറ്റസ് വെക്കാം. ആഘോഷിക്കാം. അർമാദിക്കാം. അങ്ങനെ നമ്മുടെ വളിക്കുരുവിന്റെ മഹത്വം ലോകം മൊത്തം അറിയട്ടെ’.

‘അത്രക്ക് വേണോ ഇക്കാ?’.

എന്റെ ചോദ്യം കേട്ട് ബഷീർ എഴുന്നേറ്റു. ബംഗാളി ഭായ് ബഷീറിന്റെ കൈ പിടിച്ചു കൂടെ നിന്നു.

‘ന്നാ പിന്നെ അങ്ങനെയാവട്ടെ. എനിക്കൊരു അവാർഡും വേണ്ട. ഇങ്ങള് പൊയ്ക്കോളി’.

നിരാശയോടെ അവിടുന്ന് ഇറങ്ങുമ്പോൾ കൂടെയുള്ള ആരോ പതിയെ എന്നെ തോണ്ടി.

‘ആ ചക്ക കുരു എടുക്കാമായിരുന്നു’.

‘ഒന്ന് പോടോ. താനൊക്കെ എന്ത് സാഹിത്യ പ്രവർത്തകൻ ആണെടോ’.

അതോടെ അയാൾ നിശബ്ദനായി.

‘അയാളെ അങ്ങനെ വിട്ടാൽ പറ്റില്ല. അങ്ങേരുടെ പുസ്തകം ഇനി ആരും വായിക്കരുത്. കുറെ നെഗറ്റീവ് റിവ്യൂ എഴുതി ഫേസ്ബുക്കിൽ ഇടണം. പറ്റിയാൽ അങ്ങേരുടെ നോവലിലെ ചില വാക്കുകൾ വളച്ചൊടിച്ചു കേസ് കൊടുക്കണം. ദേശ വിരുദ്ധനായും സ്ത്രീ വിരുദ്ധനായും മത വിരുദ്ധനായും പ്രഖ്യാപിക്കണം’.

ഞങ്ങൾ എല്ലാവരും കോപത്തോടെ തിരിഞ്ഞു നോക്കി. ബഷീർ അപ്പോൾ നൂതനമായ ഒരു ബിസിനസ്സ് സാധ്യതയെ കുറിച്ച് ഭായിയോട് സംസാരിക്കുകയായിരുന്നു.

‘ഞാൻ എല്ലാ ദിവസവും ഈ ചക്ക കുരു കഴിച്ചു വളി വിടും. അത് നല്ലൊരു ബോട്ടിലിൽ ശേഖരിക്കും. ബേപ്പൂർ സുൽത്താന്റെ അധോവായു മാരക രോഗങ്ങൾ മാറ്റുമെന്ന് നീ സാക്ഷ്യം പറയണം. അങ്ങനെ കുപ്പിയിലാക്കിയ കീഴ്‌വായു വിട്ട് നമ്മള് കോടികൾ സമ്പാദിക്കും. നിനക്ക് ഞാൻ ഒരു ഉഗ്രൻ വീട് വെച്ചു തരും. കാർ വാങ്ങി തരും. നല്ലൊരു സുന്ദരി പെണ്ണിനെ നോക്കി കെട്ടിച്ചു തരും’.

ഭായിയുടെ മുഖം പൂ നിലാവ് പോലെ തെളിഞ്ഞു നിന്നു.

‘ഒരു കുളം കുഴിച്ചു തരുമോ?.

‘തരും ‘.

‘അതിൽ രോഹു കുഞ്ഞുങ്ങളെ ഇട്ട് തരുമോ?.

‘അതും തരും’.

‘എന്നാലും അവാർഡ് വേണ്ടാന്നു പറഞ്ഞത് മോശമായി’.

‘അതെന്ത്?’.

‘നമ്മുടെ പുറം ചൊറിയുന്ന കോല് പഴയതായി. സമ്മാനം കിട്ടുന്ന ശിൽപം നമുക്ക് പുറം ചൊറിയാൻ എടുക്കാമായിരുന്നു’.

‘ബലേ ബേഷ്’.

സുൽത്താൻ ഉച്ചത്തിൽ പൊട്ടി ചിരിക്കുന്നത് കണ്ടു അസഹ്യതയോടെ ഞങ്ങൾ തിരിച്ചു നടന്നു. പെട്ടെന്ന് എനിക്ക് വളി വിടാൻ തോന്നി. ഞാൻ പല്ലുകൾ കടിച്ചു പിടിച്ചു നോക്കി. ശ്വാസം പിടിച്ചു നോക്കി. പറ്റിയില്ല. വലിയൊരു ശബ്ദത്തോടെ വളി പുറത്തേക്ക് പോയി. പെട്ടെന്ന് എന്റെ പുറത്തൊരു അടി വീണു. ഞാൻ ഞെട്ടി ഉണർന്നു ചുറ്റും നോക്കി.

‘കക്കൂസിൽ പൊയ്ക്കൂടേ ഇക്കാ.

എന്റെ തൊട്ടടുത്തു കിടക്കുന്ന നല്ല പാതി അത് പറഞ്ഞപ്പോൾ ഞാൻ നാണത്തോടെ പുതപ്പ് ദേഹത്തേക്ക് വലിച്ചിട്ടു. ഹല്ല പിന്നെ. ഞമ്മളോടാ കളി.

★★★★★★★★★★

അപ്പൊ ചിരിയുടെ ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ അർപ്പിച്ചു കൊണ്ട്,

സ്നേഹത്തോടെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *