ശിശിരം
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
ധനുമാസത്തിലെ ഒരു തിങ്കളാഴ്ച്ച. പ്രഭാതം. കേരളാ ഫീഡ്സിലേക്ക് പുറപ്പെടുമ്പോഴെ കൂടെ ചേർന്നതാണ് ഈ മഞ്ഞും കുളിരും. ആനവണ്ടിയിലേറി കൊടകരയ്ക്ക് പോകുമ്പോൾ, രാവിലെ ആറര കഴിഞ്ഞിട്ടേയുണ്ടാകൂ.പുതുക്കാട് നിന്ന്, ആ പച്ച ജൻറം ബസിൽ തന്നെയാണ് കൊടകരക്കു പോകാറ്. ചില ദിവസങ്ങളിൽ ആകെ മൂന്നു പേരേ ബസ്സിലുണ്ടാകൂ. ഞാനും, ഡ്രൈവറും കണ്ടക്ടറും. നെല്ലായിൽ നിന്ന്, ആരെങ്കിലും വെള്ളിക്കുളങ്ങരയിലേക്ക് കയറിയാലായി.
ഇന്ന്, ബസ്സിൽ പുതിയ കണ്ടക്ടറാണ്. അല്ലെങ്കിലും കുറച്ചു ദിവസങ്ങളായി പുതിയ കണ്ടക്ടർമാരേയാണ് കാണുന്നത്. പഴയ എംപാനൽ മുഖങ്ങൾ ഇനി തിരിച്ചുവരില്ലായിരിക്കും. സാധാരണ, ഇതിലൊരു വനിതാ കണ്ടക്ടറാണ് പതിവ്. സുന്ദരി. വെളുത്ത മെല്ലിച്ച കൈത്തണ്ടയിൽ കുറേ ചരടുകളും, നെറ്റിയിൽ പലതരം കുറികളും വിഭൂതിയും ഒക്കെയായി സദാ പ്രസന്നവതിയും വാചാലയുമായ കണ്ടക്ടർ. കുറുമാലിക്കാവിലമ്മയേയും, നന്തിക്കര ഗണപതി ഭഗവാനേയും, വയലൂർ മഹാദേവനേയും തൊഴുതു കൈകൂപ്പുന്നവൾ. കാണുന്ന മാത്രയിൽ പന്ത്രണ്ടു രൂപാ ടിക്കറ്റ് അടിച്ചുതന്ന്,
“കേരളാ ഫീഡ്സിൽ ജോലി എങ്ങനെയുണ്ട്?”
എന്നു ചോദിക്കുന്ന സുപരിചിത.
ഇപ്പോളുള്ള കണ്ടക്ടർ അൽപ്പം ക്ലേശിക്കുന്നുണ്ട്. ടിക്കറ്റ് എടുക്കാനും, കൊടുക്കാനും ശ്രമിക്കുമ്പോൾ കാശു സൂക്ഷിച്ച ബാഗ് അനുസരണക്കേട് കാട്ടും. എല്ലാം ഒരു വിധത്തിൽ ഒരുക്കിപ്പിടിച്ച്, ഒരുവശത്ത് ടിക്കറ്റ് കൊടുത്തു തുടങ്ങുമ്പോഴെക്കും മുൻവാതിലിൽ ആളുകൾ ടിക്കറ്റെടുക്കാതെ ഇറങ്ങിയിട്ടുണ്ടാകും. ബാക്കി, ടിക്കറ്റ് വാങ്ങലും കൊടുക്കലുമെല്ലാം റോഡിൽ വച്ചാണ്. പി എസ് സി യുടെ പുതിയ നിയമനത്തോട് തീർത്തും സഹിഷ്ണുതയിൽ മുന്നോട്ട് പോകുന്ന ഡ്രൈവർ. പുതിയ കണ്ടക്ടറുടെ പെടാപ്പാടിൽ എനിക്കു ചിരിക്കാൻ തോന്നിയില്ല. കാരണം; എന്റെ ആദ്യ ജോലിദിനങ്ങൾ ഇതിലും എത്ര മോശമായിരുന്നു.
ബസിൽ കയറിയ ഉടനെ, ജാലകത്തോടു ചേർന്നിരുന്നു. ചില്ലുജനൽ തെല്ലു പിറകോട്ടു നീക്കി. ഉടനേ വരവായി, തണുപ്പു പൊതിഞ്ഞ കാറ്റ്. ജനൽപ്പാളി അടച്ചില്ല. കാറ്റ്, എന്നെ തണുപ്പിച്ചു വിറപ്പിച്ചു കൊണ്ടേയിരുന്നു. തിരക്കൊഴിഞ്ഞ സർവ്വീസ് റോഡിലൂടെ പ്രഭാത നടത്തക്കാർ ദുർമേദസ്സിനോട് പൊരുതിക്കൊണ്ടിരുന്നു. നെല്ലായിക്ക പ്പുറത്തേ കൊളത്തൂർപ്പാടം, മഞ്ഞിൽ പുതഞ്ഞു കിടക്കുന്നു. എത്ര സുന്ദരമായ യാത്ര.
കൊടകരയിൽ നിന്നും, കൂട്ടുകാരൻ വിനീഷിന്റെ ബൈക്കിലാണ് സഞ്ചാരം. ഏഴുമണിക്ക് കമ്പനിയിലെത്തി. പച്ചയും പച്ചയും നിറമുള്ള യൂണിഫോം അണിഞ്ഞപ്പോൾ, തണുപ്പും അലസതയും പോയ് മറഞ്ഞു. ഇനി, ജോലിയെന്ന യാഥാർത്ഥ്യമാണ്.nക്ഷീണത്തിനും അലസതക്കും തരിമ്പുപോലും സ്ഥാനമില്ലാത്ത കയറ്റിറക്കു ജോലി. കാന്റീനിലെ ഭക്ഷണത്തിനു രുചിയുണ്ടോ എന്നത് പ്രസക്തിയില്ലാത്ത കാര്യ മായിരിക്കുന്നു. കിട്ടുന്ന ഭക്ഷണവും രുചിയും തെല്ലുപോലും പരിഭവമില്ലാതെ അകത്താക്കുന്നു.
ഭക്ഷണം കഴിച്ച്, ഏഴരയോടെ തൊഴിലാളികൾ എല്ലാവരും രണ്ടാം ഗേറ്റിന്നപ്പുറത്തേ മാവിൻ ചുവട്ടിലെത്തുന്നു. കാലങ്ങളായി അവിടേയാണ് ഞങ്ങളുടെ ഇരിപ്പിടം. ഞങ്ങൾ തന്നെ മെനഞ്ഞ ഇരിപ്പിടം. കല്ലിൽ സിമന്റുകാലുകൾ അടുക്കി വച്ച്, ഒരു ബഞ്ചുപോലെ നിർമ്മിച്ച ഏതാനും ഇരിപ്പിടങ്ങൾ. അതിനു മുകളിൽ പോയകാലത്ത് നീലനിറമായിരുന്നു എന്നു പറയാവുന്ന ടാർപോളിൻ വലിച്ചുകെട്ടിയിരിക്കുന്നു. വലിച്ചുകെട്ടിയ ടാർപോളിൻ ഏതോ ദരിദ്രനാരായണന്റെ വീട്ടിലെ പുലയടിയന്തിര പ്പന്തൽ പോലെ തോന്നിച്ചു. ടാർപോളിനു മുകളിലും, ചുറ്റുപാടും നിറയേ പക്ഷികൾ കാഷ്ഠിച്ചു വെളുപ്പിച്ചു വച്ചിരിക്കുന്നു. ആ മാലിന്യത്തെ മഞ്ഞു ഈറനാക്കുമ്പോൾ, ഏതോ വളർത്തുകോഴികേന്ദ്രത്തിൽ ചെന്നപോലൊരു തോന്നലാണ് ഭവിക്കുക.
ഒരു പൊതുമേഖലാ സ്ഥാപനത്തിലേ ഏറ്റവും ഭാരമേറിയതും ഉത്തര വാദിത്വപ്പെട്ടതുമായ തൊഴിൽ ചെയ്യുന്ന ഒരുപറ്റം ആളുകളുടെ വിശ്രമസ്ഥലത്തിന്റെ ദുരവസ്ഥ. എന്നെങ്കിലും അധികാരികൾ കണ്ണു തുറക്കുമായിരിക്കും.
രാവിലെ എട്ടുമണി. പടുകൂറ്റൻ രണ്ടാം ഗേറ്റ് സെക്യൂരിറ്റി ജീവനക്കാർ പതിയെ തുറന്നു. മലർക്കെ. സെക്യൂരിറ്റി ജീവനക്കാർ മിക്കവാറും പേർ വിമുക്തഭടന്മാരാണ്. ഓജസ്സും തേജസ്സുമുള്ളവർ. അനായാസമായി ഭാരതഭാഷകൾ കൈകാര്യം ചെയ്യുന്നവർ. അന്യസംസ്ഥാനത്തു നിന്നു വരുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഈ കാവൽ ജീവനക്കാർ തീർത്തും അനുഗ്രഹമാണ്. ആദ്യത്തെ ചരക്കുലോറി ഇഴഞ്ഞു വന്ന്, വെയ്ബ്രിഡ്ജിൽ കയറി. ഇറക്കാൻ പോകേണ്ട തൊഴിലാളികൾ വണ്ടിയെ ആകെയൊന്നു നോക്കി.
“ഇനി ചക്രം പിടിപ്പിക്കാൻ ഇടമില്ലാല്ലെ; തനി തേരട്ട തന്നെ. എത്ര ഉയരമാണ് ലോഡ്. ഇത്, പാമ്പാടി രാജനോ, ശിവസുന്ദറോ, തെച്ചിക്കോട്ടുകാവോ!!! വാ, മക്കളേ ഇറക്കാൻ പോകാം”
ഞങ്ങൾ, റോ മെറ്റീരിയൽ ഗോഡൗണിലേക്ക് നടന്നു. കമ്പനിയുടെ ഉൽപ്പന്നത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്ന റോ മെറ്റീരിയൽ ഗോഡൗൺ.
തവിട്, കൊപ്രാപ്പിണ്ണാക്ക്, കാൽസ്യം, സോയാബീൻ, സോഡിയം, കറിയുപ്പ്, ചോളം, കടുകിൻ പിണ്ണാക്ക്, സൂര്യകാന്തിപിണ്ണാക്ക്, പനങ്കുരു പുളിങ്കുരു പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, റൈസ് പോളിഷ്, ഗോതമ്പുപൊടി. അങ്ങനെ, പലതരം അസംസ്കൃത വസ്തുക്കൾ.
ഇത്രയും ഗുണനിലാവരമുള്ള വസ്തുക്കളാൽ നിർമ്മിതമായ കാലിത്തീറ്റ ഉണ്ടായിട്ടും, ഈ പൊതുമേഖലാ സ്ഥാപനം എങ്ങനേ നഷ്ടത്തിൽ കലാശിച്ചുവോ ആവോ?
ഇറക്കുവണ്ടികൾ ഒഴിഞ്ഞു. ഇനി കയറ്റു വണ്ടികളുടെ ഊഴമാണ്. റോ മെറ്റീരിയൽ ഗോഡൗണിൽ നിന്നും ഫിനിഷിംഗ് ഗോഡൗണിലേക്ക്. പച്ച ഷർട്ട് വിയർപ്പിൽ മുങ്ങിയിരിക്കുന്നു. ഷർട്ടിൽ പറ്റിപ്പിടിച്ച തവിട് വിയർപ്പിൽ കുറുകിയിരിക്കുന്നു. വിയർപ്പിന്, തേങ്ങാപ്പിണ്ണാക്കിന്റെ ക്ഷാരഗന്ധം.
ഒന്നിനു പുറകെ, ഒന്നൊന്നായി വരുന്ന ട്രക്കുകൾ. ഓരോ ട്രക്കിലും അതീവ സൂക്ഷ്മതയോടെ കയറ്റിവിടുന്ന കാലിത്തീറ്റാ ബാഗുകൾ. ഓരോ അമ്പതുകിലോ ബാഗും, തികഞ്ഞ അവധാനതയോടെ ശിരസ്സിലേറ്റുന്ന തൊഴിലാളികൾ. കമ്പനിയുടെ പച്ചയുടുപ്പിട്ട പട്ടാളം. കാലം, കാലിലും ശിരസ്സിലും നട്ടെല്ലിലെ കശേരുക്കളിലും തീരാവേദന സമ്മാനിക്കപ്പെട്ടവർ. ചുമട്ടുതൊഴിലാളികൾ.
വേദന മറക്കാൻ, പരസ്പരം കലമ്പുന്നവർ.കെട്ടിയ തോർത്തിൽ മാത്രം രാഷ്ട്രീയത്തിന്റെ വർണ്ണ ഭേദമുള്ളവർ. അവനും എനിക്കും ഒരേ ചുമട്ടുഭാരമെന്ന ചിന്തയുള്ളവർ. വേഗം പിണങ്ങുകയും, അതിവേഗം ഇണങ്ങുകയും ചെയ്യുന്നവർ.
ഓരോ സൂപ്പർവൈസർമാരോടും, വിവിധ മാനേജർമാരോടും നാട്യമില്ലാത്ത സൗഹൃദങ്ങളിലും സംഭാഷണങ്ങളിലും ഏർപ്പെടുന്നവർ.
അവസാന വണ്ടിയും ലോഡ് ചെയ്തു. നട്ടുച്ച പിന്നിട്ടിരിക്കുന്നു. പഞ്ചിംഗ് മെഷീനിൽ വിരലമർത്തി, വിശ്രമമുറിയിലേക്ക് നടന്നു. കുളിച്ചൊരുങ്ങി വേണം, തിരികേപ്പോകാൻ. വെയിലിന്നു മാത്രം ധനുവും ഞാറ്റുവേലകളും എന്ന ഭേദമില്ല. ഒരേ തീഷ്ണത. പതുക്കെ ചുവടുകൾ വച്ചു. തലയിലിപ്പോഴും, ഒരു ചാക്കിരുപ്പുണ്ടോ എന്നു തോന്നിപ്പോകുന്നു.
ഇന്ന്, ഏത് ട്രക്കാണ് ആദ്യം ലോഡ് ചെയ്തത്? മറന്നു പോയിരിക്കുന്നു. അനുദിനം ആവർത്തിക്കപ്പെടുന്നതിന്റെ യാന്ത്രികതയാകാം. അദ്ധ്വാന ഭാരം തന്ന ആലസ്യത്തിന്റെ മറവിയാകാം.
കുളി കഴിഞ്ഞ്, ഒരുങ്ങിയിറങ്ങി. തിരികെപ്പോരുമ്പോൾ ഒരാവർത്തി തിരിഞ്ഞുനോക്കി. പടിക്കലെ കൂറ്റൻ മതിലിൽ, കറുത്ത ഗ്രാനൈറ്റിൽ സുവർണ്ണ അക്ഷരങ്ങളിൽ ശോഭിക്കപ്പെട്ട ആ നാമധേയം. കേരളാ ഫീഡ്സ്. ഉച്ചസൂര്യന്റെ രശ്മികളിൽ ആ അക്ഷരങ്ങൾ ഏറെ പ്രശോഭിതമായി.
ഞങ്ങൾ യാത്രയായി. നാളെക്കാണം എന്നു മൗനമായിപ്പറഞ്ഞ്.
(വാൽക്കഷ്ണം: ഈയടുത്ത കാലത്ത്, തൊഴിലാളിക്കൊരു വിശ്രമ ഇടം കമ്പനിയൊരുക്കിയിട്ടുണ്ട്. )