ബാറ്റും കൈയ്യിലേന്തി അല്പം ഉൾഭയത്തോടെ അരുണിൻ്റെ ആദ്യ ബോളിനെ വിക്കറ്റ് കീപ്പറിനരികിലൂടെ കട്ട് ചെയ്തതും നാല് റൺ ലഭിച്ചെങ്കിലും ബോൾ ചെന്ന് വീണത് അച്ഛൻ അടുത്ത……

ഹൗ ഈസ് ദാറ്റ്

എഴുത്ത്:-രാജു പി കെ കോടനാട്,

തലേന്ന് അടർന്ന് വീണതെങ്ങിൻ മടക്കലയിൽ നിന്നും ചെത്തിമിനുക്കി മനോഹരമാക്കിയ ക്രിക്കറ്റ് ബാറ്റിലേക്ക് വർണ്ണകടലാസിൽ കളർ പെൻസിൽ കൊണ്ട് മനോഹരമായി വരച്ച MRF എന്ന ഭാഗം വെട്ടിയെടുത്ത് ഒട്ടിച്ച് ഒരു വട്ടം കൂടി ഭംഗി നോക്കി തൃപ്തി വരുത്തി പിച്ചിൽ വെടിയുണ്ട പോലെ പറക്കുന്ന ഒട്ടുപാൽ കൊണ്ട് ചുറ്റിയെടുത്ത ബോൾ കൈയ്യിലെടുത്ത് വലിപ്പവും ഭാരവും ഒന്നു കൂടി ഉറപ്പ് വരുത്തി നിൽക്കുമ്പോഴാണ് തൊട്ടരികിലൂടെ നിർത്താത്ത ബെല്ലടിയുമായി അജി ചേട്ടൻ്റെ ബി എസ് എ സൈക്കിൾ പിന്നിൽ കെട്ടി ഉറപ്പിച്ച ഒറിജിനൽ ക്രിക്കറ്റ് ബാറ്റും ഗ്ലൗസും ബോളുമായി വല്ലാത്ത വേഗതയിൽ ചേട്ടൻ്റെ മാമൻ്റെ വീട്ടിലെ കളിസ്ഥലം ലക്ഷ്യമാക്കി കുതിക്കുന്നത്.

കൈയ്യിൽ കരുതിയ ബാറ്റും ബോളും അവിടെ ഉപേക്ഷിച്ച് ഒരോട്ടമായിരുന്നു പിന്നെ കളിസ്ഥലത്തേക്ക്.

റബർ മരങ്ങൾക്കിടയിലെ നടവഴിയിലെ പിച്ചിൽ സ്റ്റമ്പുറപ്പിച്ച് ടോസ് നേടിയ അജി ചേട്ടൻ ബാറ്റിംഗ് തെരഞ്ഞെടുക്കുമ്പോൾ പിന്നിൽ അല്പം ദൂരെ മാറി വിക്കറ്റ് കീപ്പറായി ഞാനും നിലയുറപ്പിച്ചു.

അല്പം ദൂരെ നിന്നും കപിൽദേവിനേപ്പോലെ വേഗതയിൽ ഓടിയെത്തി ചേട്ടൻ്റെ മിഡ് വിക്കറ്റിനു നേരെ മനസ്സും കണ്ണും ഏകാഗ്രമാക്കി അരുൺ പന്തെറിഞ്ഞതും ആദ്യ പന്ത് കാലിൽ കുടുങ്ങിയതും ഹൗ ഈസ് ദാറ്റ് എന്ന അലർച്ചയോടെ അപ്പീലുമായി വന്ന അനിയനോട് ഒരു കൂസലുമില്ലാതെ നോട്ടവുട്ട് പറഞ്ഞ് ക്രീസിൽ തുടരവെ അരുൺ ശബ്ദമുയർത്തി അപ്പീലിൽ ഉറച്ച നിന്നതും.

രാത്രിയിൽ ജോലിയും കഴിഞ്ഞ് ഉറക്കത്തിലായിരുന്ന അരുണിൻ്റെ അച്ഛൻ പുറത്തെ ബഹളം കേട്ട് ഉടുമുണ്ട് വാരിച്ചുറ്റി ഗ്രൗണ്ടിൽ ഓടിയെത്തി ഞങ്ങളുടെ കളിയിൽ നിന്നും അന്ന് LBW ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. കളിയുടെ ശബ്ദം പുറത്ത് കേൾക്കരുതെന്ന താക്കീതു നൽകി തിരികെ വീണ്ടും ഉറങ്ങാൻ കയറി..

സിഗിളുകളും ഒരു ഫോറുമായി ഏഴ്റൺ വിട്ടുനൽകിയ അരുൺ അടുത്ത ഓവർ എറിയാൻ പന്ത് എനിക്ക് നൽകി വിക്കറ്റിനു തൊട്ടു പുറകിൽ സ്ഥാനം ഉറപ്പിച്ചു.

അടുത്ത എൻ്റെ ഓവറിലെ അവസാന പന്തിനെ എൻ്റെ തലയ്ക്ക് മുകളിലൂടെ നിറയെ മാങ്ങകളുള്ള മുറ്റത്തെ മൂവാണ്ടൻ മാവിനു നേർക്ക് ആറ് റൺസിനായി തൂക്കി അടിച്ചെങ്കിലും ലക്ഷ്യം തെറ്റിയ പന്ത് അച്ഛൻ ഉറങ്ങുന്ന ജനലിൻ്റെ ചില്ലുകൾ തകർത്തു കൊണ്ട് വീട്ടിലേക്കുള്ള വരവറിയിച്ചു.

ഉറക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റ അച്ഛൻ പുറത്തെത്തുന്നതിനു മുന്നെ ബോൾ ഞങ്ങൾക്ക് കൈമാറിക്കൊണ്ട് ഇന്ന് നിങ്ങളെ കൊന്നോളും എന്ന് പറഞ്ഞു കൊണ്ട് അരുണിൻ്റെ അമ്മ അച്ഛൻ്റെ വരവറിയിച്ചു.

കിട്ടാവുന്ന വേഗതയിൽ ബാറ്റും ബോളുമായി അടുത്ത കളിസ്ഥലമായ മ്മടെ സ്വന്തം വീട്ടിലെ നടവഴിയിലെത്തി ഞങ്ങൾ സ്റ്റമ്പുറപ്പിച്ചു.

ബാറ്റും കൈയ്യിലേന്തി അല്പം ഉൾഭയത്തോടെ അരുണിൻ്റെ ആദ്യ ബോളിനെ വിക്കറ്റ് കീപ്പറിനരികിലൂടെ കട്ട് ചെയ്തതും നാല് റൺ ലഭിച്ചെങ്കിലും ബോൾ ചെന്ന് വീണത് അച്ഛൻ അടുത്ത ദിവസം വാങ്ങി നിർത്തിയ അച്ഛനല്ലാതെ ആര് അടുത്ത് ചെന്നാലും കുത്താൻ വരുന്ന കരുമാടി പശുവിൻ്റെ മുന്നിലും..

കൈയ്യിൽ കരുതിയ ബാറ്റുമായി അല്പം പേടിയോടെ ബോളെടുക്കാൻ കുനിഞ്ഞതും എന്നെ സിക്സറടിക്കാൻ തക്കം പാർത്തിരുന്ന കരുമാടി കൊമ്പിൽ തൂക്കി മിഡ് ഓണിലൂടെ അതിർത്തി കടത്തി.

തലയിൽ കൈവച്ച് കൗ ഈസ് ദാറ്റ് എന്നലറിയ അനിയനെ തുറിച്ച് നോക്കി പിടഞ്ഞെഴുന്നേറ്റ എന്നെ കൈകളിൽ കോരി ഉയർത്തി അജി ചേട്ടൻ വല്ലതും പറ്റിയോ എന്ന് ചോദിച്ചതും പൊട്ടിയ കാൽമുട്ടും ചുണ്ടും കൈ കൊണ്ട് തുടച്ച് ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് അല്പം മുടന്തലോടെ നടന്ന് കോലായിലിരുന്നു. അന്നത്തെ കളി നിർത്തി അവർ പിരിഞ്ഞതും പശുവിനോടുള്ള എൻ്റെ പക മനസ്സിൽ നുരഞ് പൊന്തി പതിയെ മുറ്റത്തെ പുളിയിൽ കെട്ടിയ ഊഞ്ഞാലിൽ ഇരിക്കുമ്പോൾ മുക്കുറ്റിയുടെ നിര് മുറിവിൽ ഇറ്റിച്ചുകൊണ്ട് കൂട്ടുകാരൻ ഫ്രാൻസിസ് ചോദിച്ചു കരുമാടിയെ നമുക്ക് കൊന്നാലോ എന്ന്.
ഇങ്ങനെ ഒരു മനസ്സുള്ള നിനക്ക് ആരടാ പുണ്യാളൻ്റെ പേരിട്ടത് എന്ന എൻ്റെ ചോദ്യം അവനെ വല്ലാതെ അസ്വസ്ഥനാക്കി എന്ന് മാത്രമല്ല പന്തികേട് മനസ്സിലാക്കിയ അവൻ വൈകിട്ട് കാണാം എന്ന് പറഞ്ഞ് ഉടനെ പിരിഞ്ഞു.

അച്ഛൻ വരുമ്പോൾ ഉള്ള ഭവിഷത്തിനെ ഓർത്ത് കൈയ്യിൽ കരുതിയ ക്രിക്കറ്റ് ബാറ്റ് താഴെ വച്ചു. അല്ലെങ്കിലും ഈ ശിക്ഷിക്കാനുള്ള അവകാശം അച്ഛന്മാർക്ക് മാത്രം ഉള്ള താണല്ലോ എന്ന് വേദനയോടെ ഓർത്തു കൊണ്ടിരിക്കുമ്പോഴാണ് തലേന്നത്തെ കാറ്റിൽ കടപുഴകിയ വലിയ വാഴയുടെ കയ്യ്കൾ കണ്ണിൽ പെടുന്നത് സങ്കടം കൊണ്ട് കലങ്ങിയ എൻ്റെ മനസ്സിൽ കരുമാടിപ്പശുവിനോടുള്ള പ്രതികാരം ആളിക്കത്തി വാഴയില അടർത്തിമാറ്റി വലിയ രണ്ട് തണ്ടുകൾ മുറിച്ച് കറുമ്പിയെ ഞാൻ എൻ്റെ കുറുമ്പ് മാറും വരെ ആഞ്ഞ് പ്രഹരിച്ചു തെങ്ങിന് ചുറ്റും ഓടിത്തളർന്നവൾ പേടിയോടെ അമറാൻ തുടങ്ങിയപ്പോൾ പതിനൊന്ന് വയസ്സുകാരൻ്റെ കൈകൾ തളർന്നതുകൊണ്ടും കിട്ടിയതും പലിശയും ചേർത്ത് തിരിച്ച് കൊടുത്തതു കൊണ്ടുള്ള സന്തോഷം കൊണ്ടും പ്രഹരം അവസാനിപ്പിച്ചു. ദേഹത്തൊന്നും അടിയുടെ പാടുകൾ ഇല്ലെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി.

വൈകിട്ട് മറ്റു പശുക്കൾക്ക് നൽകാറുള്ള വെള്ളവുമായി ചെല്ലുമ്പോൾ പതിവായി ആക്രമണകാരിയാവാറുള്ള കരുമാടി പേടിയോടെ പുറകിലേക്ക് ഓടി മാറുന്നുണ്ടായിരുന്നു

വളരെ വേഗം ഞങ്ങൾ നല്ല ചങ്ങാതിമാരായി. ഇതെങ്ങനെ സംഭവിച്ചു എന്നോർത്ത് മറ്റുള്ളവരും.

പിന്നീട് ഞങ്ങൾ തമ്മിലുള്ള അടുപ്പം കണ്ട അരുണിൻ്റെ തലയിൽ കൈ ഉയർത്തി വച്ച് ഹൗ ഈസ് ദിസ് എന്ന ചോദ്യത്തിന് അന്നെന്നെ കൊമ്പിൽ തൂക്കി മിഡ് ഓണിലൂടെ അതിർത്ഥി കടത്തിയവളുടെ മിഡിൽ സ്റ്റമ്പ് പിഴുത കഥ പറഞ് ഞങ്ങൾ പിന്നീട്എ ത്രയോ വട്ടം പൊട്ടിച്ചിരിച്ചിരിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *