ബീവറേജിന്റെ നീണ്ടു കിടക്കുന്ന വരിയിലാണ്,അക്ഷമയോടെ താടിരോമങ്ങളിൽ കൈകോർത്ത് വലിയ്ക്കുന്ന ആ മനുഷ്യനെ കുറേ മാസങ്ങൾക്ക് ശേഷം കണ്ടത്…..

എഴുത്ത്:-രേഷ്ജ അഖിലേഷ്

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ബീവറേജിന്റെ നീണ്ടു കിടക്കുന്ന വരിയിലാണ്,അക്ഷമയോടെ താടിരോമങ്ങളിൽ കൈകോർത്ത് വലിയ്ക്കുന്ന ആ മനുഷ്യനെ കുറേ മാസങ്ങൾക്ക് ശേഷം കണ്ടത്.

ആദ്യമായി അക്ഷരലോകത്തേക്ക് പറക്കാൻ തയ്യാറെടുക്കുന്ന ഞങ്ങളുടെ മാലാഖക്കുട്ടിയ്ക്ക് വേണ്ടി പുത്തൻ ബാഗും കുടയുമെല്ലാം വാങ്ങി തിരക്കേറിയ സിറ്റിയിലൂടെ നടക്കുമ്പോഴാണ് എതിർവശത്തെ നിര ശ്രദ്ധിയ്ക്കുന്നത്.

ആ മുഖം സുപരിചിതമാണെന്ന് മനസ്സ് പറയുന്നു പക്ഷെ… ഏയ്യ് ഒരിക്കലുമില്ല, താൻ ഉദ്ദേശിയ്ക്കുന്നയാൾ ഈ വരിയിൽ ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല.
ജീവിതമാണ് ല ഹരിയെന്ന് മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയെ ആ വരിയിൽ എങ്ങനെ കാണാനാണ്!

പക്ഷെ ആ മുഖത്തിന്‌ എന്നെ മനസ്സിലായി എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അത് ആകാശേട്ടന്റെ പ്രിയകൂട്ടുകാരൻ വിമൽ തന്നെയാണ് എന്ന് ഉറപ്പിച്ചത്.

“എന്താ പ്രവീണ..?”

ആകാശേട്ടൻ ചുമലിൽ തട്ടി വിളിച്ചപ്പോഴാണ് ആകാശേട്ടന്റെയും മോളുടെയും മുഖത്തേയ്ക്ക് ഞാൻ നോക്കുന്നത്. സാധനങ്ങൾ വാങ്ങിയ കവറുകൾ പിടിച്ച് വണ്ടിയിൽ കയറാതെ അങ്ങനെ തന്നെ നിൽക്കുകയാണ് ഞാൻ.

“മ്മ്?” പിന്നെയും ചോദ്യഭാവത്തിൽ ആകാശേട്ടൻ കൈകാണിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ വണ്ടിയിൽ കയറി. വണ്ടിയിൽ ഇരിയ്ക്കുമ്പോഴും വീട്ടിലെത്തിയിട്ടും അത് തന്നെയായിരുന്നു ഓർത്തുകൊണ്ടിരുന്നത്.

ആകാശേട്ടന്റെ പ്രിയസുഹൃത്ത്, തനിയ്ക്ക് അത്ര തന്നെ ഇഷ്ടമില്ലാതെ യിരുന്നയാൾ…

മോളുറങ്ങിക്കഴിഞ്ഞാണ് ആകാശേട്ടനോട് അതേക്കുറിച്ച് പറഞ്ഞത്.

“നിനക്കവനെ ഇഷ്ടമല്ലല്ലോ, പിന്നെന്തിനാണ് അവനെക്കുറിച്ച് തിരക്കുന്നത് “എന്ന് ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു അതിന് മറുപടിയായി ഒരു ഉത്തരവും കരുതി വെച്ചിരുന്നു. “മറ്റുള്ളവരെ ഉപദേശിച്ചു നടക്കാൻ മാത്രമേ ഇങ്ങനെ യുള്ളവർക്ക് കഴിയു… സ്വന്തം ജീവിതത്തിൽ ഇതൊന്നും പാലിക്കാൻ കഴിയില്ല ” എന്നും പറഞ്ഞു കൊണ്ട് കൂട്ടുകാരനെ ന്യായീകരിക്കുന്ന ആകാശേട്ടന്റെ ഉത്തരംമുട്ടിയ്ക്കണം എന്ന് തീരുമാനിച്ചു.

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു നെടുവീർപ്പോട് കൂടിയാണ് ആകാശേട്ടൻ അത് പറഞ്ഞു തുടങ്ങിയത്..”നീ കണ്ടത് അവനെത്തന്നെയായിരിക്കും. നിന്റെ ആജന്മ ശത്രുവിപ്പോൾ ഒരു മുഴുക്കു ടിയനാണ്…”

ശത്രു എന്ന് വിശേഷിപ്പിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിലും അയാളുടെ ജീവിതം ഇത്ര പെട്ടന്ന് തല തിരിഞ്ഞു പോയെന്ന് വിശ്വാസം വന്നില്ല. ശത്രു തന്നെയായിരുന്നു. എപ്പോഴും ഞങ്ങളുടെ ചെറിയ വഴക്കിൽ പോലും കൈകടത്തി വിഷയം വലുതാക്കുന്ന ഒരു ദ്രോഹിയായിട്ടാണ് അയാളെ തോന്നിയിരുന്നത്.

അയൽവാസികൾ ആയിരുന്നത് കൊണ്ട് തന്നെ വീട്ടിൽ ശബ്ദം ചെറുതായൊന്ന് ഉയർന്നാൽ തന്നെ കൂട്ടുകാരനെന്ന പേരിൽ ആകാശേട്ടന്റെ പക്ഷം പിടിക്കാൻ ഓടിയെത്തുമായിരുന്നു.

പ്രായത്തിന്റെതായ പക്വതക്കുറവുകൾ വാശിയിലേക്കും വഴക്കുകളിലേയ്ക്കും നീങ്ങാറുണ്ടെങ്കിലും സ്നേഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്നേഹക്കൂടുതൽ തന്നെയായിരുന്നു പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നത് എന്നും പറയാം.

പൂർണ്ണമായും തെറ്റ് എന്റേത് മാത്രമായിരുന്നു. കൂടെ പഠിച്ചതോ മറ്റോ ആയ പെൺകുട്ടികൾ ഇടയ്ക്കൊന്നു വിളിച്ചാൽ, വിശ്വാസമാണെങ്കിൽ കൂടിയും അക്കാര്യം പറയാൻ മറന്നതിലോ മറ്റോ തുടങ്ങി ചെറിയ കാര്യങ്ങൾ വഴക്കിൽ കൊണ്ട് ചെന്ന് എത്തിച്ചിരുന്നു. “നീ അല്ലാതെ എന്റെയുള്ളിൽ മറ്റൊരു കാമുകിയില്ല ” എന്നൊരു വാചകം കേട്ടാൽ മതിയാകുമായിരുന്നു. മാധവിക്കുട്ടി പറഞ്ഞിട്ടുള്ളത് പോലെ, സ്നേഹം പ്രകടമായി തന്നെ വേണമായിരുന്നു എനിക്കെന്നും. പക്ഷെ സ്വീകരിച്ച മാർഗ്ഗം തെറ്റായിരുന്നുവെന്ന് പതിയെ മനസ്സിലായി.

“ഇവൾ കാരണം നിന്റെ ജീവിതം നശിച്ചു പോകുമെടാ…ഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ…എനിക്കും ഉണ്ട് ഒരു ഭാര്യ, ഏതാണ്ട് ഒരേ വർഷത്തിൽ അല്ലെ നമ്മുടെ എല്ലാം വിവാഹം കഴിഞ്ഞത്.പെൺകുട്ടിളുടെ മെസ്സേജോ കോളോ വരുമ്പോൾ സംശയത്തോടെ നോക്കാൻ അവളെ ഞാൻ അനുവദിയ്ക്കില്ല. അങ്ങനെ വല്ലതും ഉണ്ടായാൽ നിന്നെ പോലെ ഞാൻ സഹിക്കാൻ നിൽക്കില്ല അതോടെ തീരും ആ ബന്ധം.”

ഒരിക്കൽ ഒരു വഴക്കിനിടയിലേയ്ക്ക് ഇങ്ങനെ പറഞ്ഞുകൊണ്ട്ഇ.ടിച്ചു കയറി വന്ന അയാളോട് കടുപ്പിച്ചു പറയേണ്ടി വന്നിട്ടുമുണ്ട്. അന്ന് മുതൽ പരസ്പരം കാണുമ്പോൾ മിണ്ടാറില്ല. കുറേ മാസങ്ങൾക്ക് ശേഷം പുതിയ വീട്ടിലേക്ക് താമസം മാറുമ്പോഴും എന്നോട് മാത്രം യാത്ര പറയാതെയാണ് അയാൾ പോയത്.

പിന്നെയും ഞാനും ആകാശേട്ടനും വഴക്കിട്ടിട്ടുണ്ട് പക്ഷെ പോകെപ്പോകെ വഴക്കുകൾ പരിഭവങ്ങളുടെയും ആശങ്കകളുടെയും ആകെത്തുകയാണെന്ന് മനസ്സിലാക്കിയതിൽ പിന്നെ വിവാഹം കഴിഞ്ഞ ആദ്യവർഷം ഞങ്ങളിൽ ഉണ്ടായിരുന്നതിൽ നിന്ന് ആറ് വർഷങ്ങൾക്കിപ്പുറം വഴക്കുകളുടെ എണ്ണം കുറഞ്ഞു.

പറയാതെ തന്നെ പരസ്പരം മനസ്സറിയുന്ന സുഹൃത്തുക്കളായിത്തീർന്നു.
പഴയ കാര്യങ്ങൾ ഓർത്തെടുക്കുന്നതിനിടയിൽ ആകാശേട്ടൻ പറഞ്ഞ് തുടങ്ങി.

“അവൻ ഏറ്റവും കൂടുതൽ സ്നേഹിച്ചവൾ കാരണമാണ് ഈ അവസ്ഥ ഉണ്ടായത്…”

“മനസ്സിലായി… പണ്ടത്തെ എന്നെപ്പോലെ സംശയത്തിന്റെ പേരിലാണോ അവരും?”

ചോദിക്കാൻ തന്നെ വല്ലാത്ത ജാള്യത അനുഭവപ്പെട്ടു.

“അല്ല, അവൾക്ക് അവനെ സംശയിക്കേണ്ട കാര്യമില്ലല്ലോ “

“അത് ശരിയാ… ഇത്രത്തോളം സ്നേഹിക്കുന്ന ഒരു പങ്കാളിയെ ഏത് പെണ്ണാണ് സംശയിക്കുക?”

“മ്മ്…”

“നിങ്ങൾ ഞങ്ങളെ കണ്ട് പഠിക്ക്” എന്ന് അഹങ്കാരത്തോടെ പറയുന്നയാൾ…

“പിന്നെയെന്തിനായിരുന്നു?”

ചോദ്യം മുഴുവനാകും മുൻപേ ടീവിയിൽ നാടിനെ നടുക്കിയ ഒരു കൊ-ലപാതക ത്തിന്റെ വാർത്ത കേൾക്കയായി. ഉത്തരം പറയാതെ ആകാശേട്ടൻ ആ വാർത്തയിലേയ്ക്ക് ശ്രദ്ധിക്കാൻ കണ്ണുകൾക്ക് കൊണ്ട് ആംഗ്യം കാണിച്ചു.അത് തന്നെ കാര്യം എന്ന മട്ടിൽ. പങ്കാളിയുടെ ച തിയിൽ വൈരാഗ്യം മൂത്ത് പ്രതികാരം ചെയ്ത ഒരു വ്യക്തിയുടെ വാർത്തയായിരുന്നു അത്.

അപ്പോഴാണ് കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായത്,ഏറെ സാമ്യമുള്ള കഥ.

ചതിയ്ക്ക് മറുപടിയായി,ഒന്നുകിൽ സ്വയം ന-ശിക്കുക അതുമല്ലെങ്കിൽ മറ്റൊരു ജീവ-ൻ ന,ശിപ്പിക്കുക ഇത് രണ്ടുമല്ലാത്ത ഒരു പ്രതിവിധിയൊ പരിഹാരമൊ ഇല്ലെന്ന് കരുതുന്ന ചിലരുടെ ചിന്തകൾ ചെന്ന് അവസാനിക്കുന്നത് ഭീകരമായ വാർത്തകളിലേക്ക് ആണല്ലോ.

ല ഹരിയുടെ ചിറകിലേറി സ്വയം നശിക്കാൻ ആണ് ആകാശേട്ടന്റെ കൂട്ടുകാരൻ തീരുമാനിച്ചത്.

ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.പിന്നെയും പലയിടത്തും വെച്ച് അയാളെ കണ്ടു.

ഇപ്പോഴിതാ വീണ്ടും റോഡരികിൽ ഒരിക്കലും നിവർത്തുവാൻ ആകാത്ത ജീവിതത്തെ ബീവറേജ് ഷോപ്പിന്റെ നീണ്ട വരിയിൽ തീർക്കാൻ എന്ന വണ്ണം…

സ്വയം നശിക്കുക അതുമല്ലെങ്കിൽ നശിപ്പിക്കുക എന്നതിനുമപ്പുറമായി മറ്റൊരു മാർഗ്ഗവും മുൻപിൽ ഇല്ലെന്ന് തന്നെയാണോ! സ്നേഹിച്ചവരാൽ തോൽപ്പിക്കപ്പെട്ടവനാണ് താൻ എന്ന് കാണിക്കുവാൻ മാത്രമായി ഒരു ജീവിതം ജീവിക്കുന്ന പോലെ…

പലപ്പോഴും ചിന്തിക്കാറുണ്ട്… പക്ഷെ കൂടുതൽ ചിന്തിച്ചു തല പുകയ്ക്കുന്നത് എന്തിനാണ്… അവരവരുടെ ജീവിതം ബുദ്ധിപൂർവ്വം ജീവിയ്‌ക്കേണ്ടത് അവരവർ തന്നെയാണ്…

വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അയാളും കാഴ്ച്ചയിൽ നിന്ന് മറഞ്ഞു…
എന്റെ മനസ്സ് മറ്റൊരു വിഷയത്തിലേയ്ക്കും…

🖤 🖤

Related Posts

Leave a Reply

Your email address will not be published. Required fields are marked *