ഭാര്യക്ക് തണുപ്പത്ത് ഒരു പുതപ്പിനുവേണ്ടി പരസ്പരം വഴക്കു പിടിക്കാതിരിക്കുവാനും എത്രനാൾ വേണമെങ്കിലും മിണ്ടാതിരിക്കുവാനും അവൾക്ക് ഒറ്റയ്ക്ക് ജീവിക്കുവാനുമുള്ള തന്റേടം ഉള്ളതുകൊണ്ട് അവൾക്കും ഞാനില്ലാതായാൽ നഷ്ട്ടപെട്ടു പോയെന്നു തോന്നില്ല…….

ഞാനില്ലാതായാൽ

എഴുത്ത്:-സാജു പി കോട്ടയം

ഞാനില്ലാത്തയാൽ ആർക്കാണ് നഷ്ട്ടം ?

പ്രായമായ മതാപിതാക്കളെ കുളിപ്പിക്കാനും വളർന്ന നഖങ്ങൾ വെട്ടാനും മുടിവെട്ടാനും കാലിലെ വൃണങ്ങൾ ഉപ്പുവെള്ളത്തിൽ കഴുകി വൃത്തിയാക്കാനും കൃത്യമായ് മരുന്ന് കൊടുക്കാനും ചോറുണ്ടില്ലെങ്കിൽ വഴക്കുപറയാനും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേറ്റ് മൂത്രത്തുണികൾ മാറ്റാനും വെറുതെ അവരുടെ മുഖത്തേക്ക് നോക്കിയിരിക്കാനും അവരറിയാതെ തലോടാനും ഞാനില്ലാതായാലും ആരെങ്കിലുമുണ്ടാവുമല്ലേ !!!

ഭാര്യക്ക് തണുപ്പത്ത് ഒരു പുതപ്പിനുവേണ്ടി പരസ്പരം വഴക്കു പിടിക്കാതിരിക്കുവാനും എത്രനാൾ വേണമെങ്കിലും മിണ്ടാതിരിക്കുവാനും അവൾക്ക് ഒറ്റയ്ക്ക് ജീവിക്കുവാനുമുള്ള തന്റേടം ഉള്ളതുകൊണ്ട് അവൾക്കും ഞാനില്ലാതായാൽ നഷ്ട്ടപെട്ടു പോയെന്നു തോന്നില്ല. !

സഹോദരങ്ങൾക്ക് : ഭാഗം വച്ചു പിരിഞ്ഞതിൽ പിന്നെ പരസ്പരം മിണ്ടാറില്ല അതുകൊണ്ട് അവർക്കുമില്ല ഞനെന്ന നഷ്ട്ടം

ബന്ധുക്കൾക്ക് : ഇപ്പൊ കൊടുക്കൽ വാങ്ങലുകൾ ഒന്നുമില്ലാത്തതുകൊണ്ട് ഞാനുണ്ടെലും ഇല്ലേലും എന്ത്??

കൂട്ടുകാർക്ക് : കഴിവതും സാമ്പത്തികമായി ശോഷിച്ചു തുടങ്ങിയപ്പോ പലരും പിരിഞ്ഞു വേറെ കുറേപേരുള്ളത് ഗുണത്തിനും ദോഷത്തിനും ഇല്ലാത്തവരാണ് അതുകൊണ്ട് അവരെയും ഞാനില്ലാതായാൽ ഒന്നും ബാധിക്കില്ല.

നാട്ടുകാർക്ക് : കുറേക്കാലമായി ആമയെപോലെ ഉൾവലിഞ്ഞു ജീവിക്കുന്നതു കൊണ്ട് അവർക്കും ഞാനില്ലാതായാൽ കുഴപ്പമൊന്നുമില്ല

ഒരു പത്രോസ് ചേട്ടനുണ്ട് : രാവിലെ കാപ്പി കുടിക്കാൻ നേരം ഞാനില്ലാതായാൽ സ്വന്തം പോക്കറ്റിൽ നിന്ന് ചായക്കടയിൽ പൈസ കൊടുക്കേണ്ടി വരും കൊടുക്കട്ടെ വാർദ്ധക്യപെൻഷനൊക്കെ ഉള്ളതല്ലേ.. !

പിന്നെ 90 കഴിഞ്ഞ ഒരുകിളവനുണ്ട് വീട്ടിൽ കുത്തിയിരുന്നാൽ മക്കളുടെയും മരുമക്കളുടെയും കുത്ത് വാക്ക് കേൾക്കാതിരിക്കാൻ വഴിയോരത്തു വൈകു വോളം കുത്തിയിരിക്കുന്ന കിളവന് എന്നെക്കണ്ടാൽ ബീഡിക്കാശ് വേണം . ഒരു പാക്കറ്റ് വാങ്ങി കൂടെയിരുന്നു എന്തെങ്കിലുമൊക്കെ പറഞ്ഞു ഞാനുമൊരെണ്ണം വലിക്കും ഞാനില്ലാതായാൽ കെളവൻ കുറച്ചുകാലം കൂടി ജീവിച്ചോളും അല്ലേ.. !

വേറൊരു പ്രായമായ തള്ളയുണ്ട് : സ്ഥിരമായി വീടിന്റെ മുൻപിൽ വന്ന് സ്നേഹത്തിന്റെ ചരടുപൊട്ടാതെ വഴക്കുപിടിക്കുന്ന ഒരു തള്ള. ഞാനില്ലതായാൽ കൊറേനാളൊക്കെ വാതുക്കൽ വന്ന് തപ്പിയിട്ട് അവരും പൊയ്ക്കോളും . അല്ലെങ്കിൽ തന്നെ അവർ പോയ്‌ മരുമകളോട് വഴക്കുപിടിക്കട്ടെ. അല്ലേ..?

വേറൊരുത്തിയുണ്ട് വെറുമൊരു മിസ് കോളിൽ പരിചയപ്പെട്ട ഒരുത്തി ഒരിക്കൽപോലും നേരിൽ കാണാതെ ആറോ ഏഴോ വർഷമായി പരസ്പരം സന്തോഷവും സങ്കടവും എല്ലാം പങ്കുവയ്ക്കുന്ന അവൾക്കെന്നെ തീർച്ചയായും മിസ് ചെയ്യും. പോട്ടെ സാരമില്ല . ഫോൺ ഇല്ലെന്ന് കരുതിക്കോളും

മഴയെയും എന്നെയും ഒരുപോലെ സ്നേഹിച്ച ഒരു പെണ്ണുണ്ട് ഞാനില്ലാതായാൽ അവളെവിടണേലും അറിഞ്ഞാൽ കുറച്ചുനേരം കരയും.., ചിലപ്പോൾ കുറച്ചു ദിവസം മിണ്ടാതെ ഇരുന്നുകളയും . പോട്ടെ അവളോട്‌ യാത്ര പറയാനും കഴിയില്ലല്ലോ

പിന്നെയുമുണ്ട് ഒരു കെട്ടിയോനും കെട്ടിയോളും ചെറുപ്പക്കാരാണ് പ്രണയിച്ചു വിവാഹിതരായവരാണ് വിശേഷ ദിവസങ്ങളിൽ ഞാൻ മാത്രമാണ് അവരുടെ ഒരേയൊരു അഥിതി…. തമ്മിൽ വഴക്കുപിടിക്കുമ്പോൾ മധ്യസ്ഥൻ ഞാൻതന്നെ വേണം രണ്ടിനെയും വഴക്ക് പറയാനും അവരുടെ എല്ലാ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കൂട്ടുനിൽക്കാനും ഞാനില്ലതായാൽ അവർ വഴക്കെല്ലാം മാറ്റിയാലോ അതും നല്ലതല്ലേ.. !

ഫേസ്ബുക്കിൽ കൊറേയെണ്ണമുണ്ട് എന്റെ പൊക കണ്ടിട്ടേ ഞാൻ പോകു എന്ന് പറഞ്ഞു കൂടെക്കൂടിയ ചിലർ . മനസ് വിഷമിച്ചു ഒരു വാക്കെഴുതിയാൽ ഇൻബോക്സിൽ ഓടിവന്ന് ” ഞാനുണ്ട് കൂടെ” ” നീ വിഷമിക്കാതെടാ ” എന്നൊക്കെ പറഞ്ഞു സ്നേഹത്തിന്റെ അതിർവരമ്പ് പൊട്ടിച്ചവർ. ഞാനില്ലാത്തയാൽ നിങ്ങള് ബ്ലോക്ക് ചെയ്ത് പൊയ്ക്കോണം പോസ്റ്റ് ഒന്നുമിട്ട് സീനാക്കരുത് കേട്ടോ.

പിന്നെയും ആർക്കെങ്കിലും ഞാനൊരു നഷ്ടമെന്ന് മനസിൽ തോന്നിയാൽ അവരെയും വെറുപ്പിക്കണം

മരിച്ചു ആറടി മണ്ണിൽ കിടക്കുനേരം മുകളിൽ നിന്ന് ചങ്കുപൊട്ടി കരയാൻ വെറുതെയെന്തിന് നമ്മളിങ്ങനെ സ്നേഹിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *