മംഗലത്തെ തമ്പ്രാട്ടികൊച്ചിന്‌ ന്റെ ഈ ഉണ്ണ്യമ്പൂരിയിൽ മോഹമേറിത്രേ……

Story written by Saran Prakash

”വേണ്ട… എഴുന്നേൽക്കേണ്ടാ… കിടന്നോളൂ…”

കട്ടിലിൽനിന്നും ഭൂമിദേവിയെ തൊഴുതുവണങ്ങി മുറിവിട്ടിറങ്ങിയ അച്ഛൻ തിരുമേനി, എന്റെ കാലനക്കമറിഞ്ഞാകണം, അന്നാദ്യമായി വിലക്കി…

നാളുകളേറെയായി, അച്ഛൻ തിരുമേനിക്കൊപ്പം ഉറക്കമുണരാനും കുളിച്ചീറനണിഞ്ഞ് ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കാനും തുടങ്ങിയിട്ട്… പക്ഷേ ഇന്ന്…!!!

ചുമരിലെ ഘടികാരത്തിൽ മണി നാല് മുഴങ്ങി…

കുളക്കടവിൽ തവളക്കൂട്ടങ്ങൾ പതിവില്ലാതെ കരഞ്ഞുകൊണ്ടേയിരുന്നു… ഒരു പക്ഷേ എന്നെ എത്തിനോക്കുന്നതാകാം…

പച്ചപായല് തള്ളിനീക്കി നീന്തിത്തുടിക്കുമ്പോൾ, ഇടക്കൊക്കെ അവറ്റകളെ അതിൽ കാണാറുണ്ട്… പേടിച്ചരണ്ട കണ്ണുകളോടെ…

ശത്രുവല്ല… മിത്രമാണെന്നറിയിക്കാൻ, ഞാൻ വെളുക്കനെ പുഞ്ചിരിക്കും..

അങ്ങനെ അങ്ങനെ കൂട്ടായതാണ് ഞങ്ങൾ…

നാമജപങ്ങളേറിയ അച്ഛൻ തിരുമേനിയുടെ ചുണ്ടുകൾ വിറക്കുന്നത് കേൾക്കാം… മകരമാസമല്ലേ… മഞ്ഞു പെയ്തിറങ്ങുന്നുണ്ടാകും….!!!

ആ വിറയൽ പിന്നാമ്പുറത്തുനിന്നും മുറിക്കരികിലൂടെ ഉമ്മറത്തേക്ക് നടന്നു നീങ്ങി… മുറ്റത്തെ പൂന്തോട്ടത്തിലേക്ക്…

ഉറക്കമുണർന്ന മുല്ലയും ചെത്തിയും ചെമ്പകവും അച്ഛൻ തിരുമേനിയുടെ നുള്ളേറ്റുവാങ്ങുന്നുണ്ടാകും…

വെളിച്ചം വീഴുമ്പോൾ, പാറിയെത്തുന്ന നീല ശലഭങ്ങൾക്ക് തേൻ നുകരാൻ ഒന്നെങ്കിലും ബാക്കി വെക്കുമോ അച്ഛൻ തിരുമേനി…!!!

ഇണ്ടാവില്ല്യ… അവറ്റകളെയൊക്കെ ഓർക്കാൻ ആർക്കാ നേരം…!!!

ന്നാലും… ഇന്ന് മാത്രം എന്തിനാവോ അച്ഛൻ തിരുമേനി വിലക്കിയത്….!!

തിരിഞ്ഞും മറിഞ്ഞും നിലത്തു ചുരുണ്ടുകൂടിയെങ്കിലും, കണ്ണുകളടഞ്ഞില്ല…

അടുക്കളയിൽ ചിരവ ശബ്ദിക്കുന്നത് ഉയർന്നു കേൾക്കാം… നാക്കിനു എല്ലില്ലാത്തോര് മാത്രേ ചിലക്കൂന്നാരാ പറഞ്ഞേ….!!!

ചുമരിൽ മണി അഞ്ച് മുഴങ്ങി…

കിടക്കപ്പായ ചുരുട്ടി അച്ഛൻതിരുമേനിയുടെ കട്ടിലിനടിയിലാക്കി…

അലമാരക്ക് പുറകിൽ കുഞ്ഞനെലികൾ തിടുക്കം കൂട്ടി… ആ പായ കരണ്ടു കീറാനാണ്…

മുത്ത്യമ്മയുടെ ഓർമ്മക്കെന്നോണം കൊണ്ട് നടക്കണതാ ആ പായ… അവറ്റകള് തിന്ന് തിന്ന് അത് പകുതിയോളമായി…

എത്രയെന്ന് കരുതിയ തല്ലിയോടിക്ക്യാ… നാണമില്ലാത്ത വർഗ്ഗങ്ങള്….

”ഇന്ന് പോയില്ലല്ലേ…?”

ചിരകിയെടുത്ത നാളികേരവുമായി ആത്തോലമ്മ തീ കൂട്ടിയ അടുപ്പിനരികിലേക്ക് നീങ്ങി…

”ഇല്ല്യാ.. വരണ്ടാന്ന് അച്ഛൻ തിരുമേനി ശഠിച്ചു…”

മുറ്റത്തിറങ്ങി കിഴക്കോട്ട് നോക്കി… സൂര്യദേവനുണർന്നിട്ടില്ല….

”ഉണ്ണി ഇനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടന്നാ അച്ഛൻതിരുമേനിയുടേ ഉത്തരവ്…”

മകരമഞ്ഞിൽ നനവേറിയ ഓലക്കീറുകൾ അടുപ്പിനുള്ളിൽ പുകഞ്ഞു… ആത്തോലമ്മയുടെ വാക്കുകൾ എന്റെ നെഞ്ചിലും….

മന്ത്രതന്ത്രാതികളിൽ കൈപ്പിഴവ് സംഭവിച്ചുവോ ഭഗവതി…!!! അതോ ഉള്ള് താളം പിഴച്ചുവോ…!!!

ഇല്ല്യാ.. അറിഞ്ഞുകൊണ്ട് ഉണ്ണിയൊന്നും ചെയ്തിട്ടില്ല്യ…

കണ്ണുകളിറുക്കി, അങ്ങ് കിഴക്ക് ഉദിച്ചുയർന്ന സൂര്യദേവനെ കൈവണങ്ങി….

അകത്തളങ്ങളിൽ ആത്തോലമ്മ പുഞ്ചിരിച്ചു…

”ഉള്ള് താളം പിഴച്ചതാ… പക്ഷേ ഉണ്ണീടെയല്ല…”

പുകഞ്ഞുകൊണ്ടിരിക്കുന്ന അടുപ്പിലേക്ക് ആത്തോലമ്മ കവുങ്ങിൻപാള ആഞ്ഞുവീശിക്കൊണ്ടേയിരുന്നു….

”ആർക്കാ പിന്നെ താളപ്പിഴവ്..?? ഭഗവതിയ്ക്കാ…??”

നർമ്മം കലർന്ന പുഞ്ചിരിയോടെ ചോദിച്ചതാണെങ്കിലും ആത്തോലമ്മ മുഖം ചുളിച്ചു…

ഫലിതങ്ങൾക്ക് ഭഗവതിയെ കൂട്ടുപിടിച്ചാൽ, ആത്തോലമ്മ ഉറഞ്ഞുതുള്ളും.. അമ്പലത്തിലെ കോമരത്തേക്കാൾ…

കയ്യിൽ കിട്ടുന്നതെന്തോ,, അതായിരിക്കും ആത്തോലമ്മക്ക് വാളും വട്ടകവും…

”മുഖവുരയില്ലാതെ പറയൂ ആത്തോലമ്മേ,, ആരുടെ ഉള്ളിലാ പിഴവ്..?”

അടുക്കളയിലെ മുട്ടിപ്പലകയിൽ ഞാൻ ഒരിടം കണ്ടെത്തി…

”മംഗലത്തെ തമ്പ്രാട്ടികൊച്ചിന്‌ …”

പാളയുടെ വീശേറ്റ്, പുകഞ്ഞ അടുപ്പിൽ ആത്തോലമ്മയുടെ വാക്കുകൾക്കൊപ്പം ഒരു മുഴക്കത്തോടെ തീനാളമുയർന്നു…

ആത്തോലമ്മയുടെ മുഖം തെളിഞ്ഞു… പകരം എന്റെ മുഖം ചുളിഞ്ഞു…

”മംഗലത്തെ തമ്പ്രാട്ടികൊച്ചിന്‌ ന്റെ ഈ ഉണ്ണ്യമ്പൂരിയിൽ മോഹമേറിത്രേ…”

അകത്തളത്തിലേക്ക് നീങ്ങവേ ആത്തോലമ്മ എന്റെ മൂക്കിൽ നുള്ളികൊണ്ട് കണ്ണിലുളവെടുത്ത എന്റെ സംശയങ്ങൾക്ക് നർമ്മത്തിലൂടെ മറുപടിയേകി…

“തമ്പ്രാൻ വീട്ടില് പണിക്ക് നിക്കണ ദേവക്യേടത്തി കണ്ടതാത്രേ.. തമ്പ്രാട്ടി ക്കൊച്ചിന്റെ നെയ്തു തുണിയിൽ ഉണ്ണീടെ മുഖം… കണ്ടപാടെ നായരെവിട്ട് അച്ഛൻതിരുമേനിയെ അറിയിച്ചു…”

വാഴയിലകൾ മുറിച്ചെടുത്തുകൊണ്ട് ആത്തോലമ്മ പുലമ്പിക്കൊണ്ടിരുന്നു…

അടുക്കളക്കകത്ത് നിന്നും പതിയെ ഞാൻ പുറത്തിറങ്ങി… കുളക്കടവിലേക്ക്…

മകം തിരുന്നാൾ ചിത്രവേണി തമ്പുരാട്ടി… മംഗലത്തെ തമ്പ്രാന്റെ ഒരേയൊരു തമ്പ്രാട്ടിക്കുട്ടി…

ദേശക്കാർക്കിടയിൽ മകം പിറന്ന മങ്ക…

പനയോലയിൽ മെനഞ്ഞെടുത്ത വട്ടകുടചൂടി, വാല്യക്കാരികളുടെ അകമ്പടി യോടെ സ്ഥിരമായി ക്ഷേത്രദർശനമുണ്ടായിരുന്നു തമ്പ്രാട്ടികുട്ടിക്ക്…

സോപാനമാലപിക്കുന്ന മാരാർ ഒരു നിമിഷം നിശ്ശബ്ദനാകും… തമ്പ്രാട്ടികുട്ടിയുടെ വരവ് ഭഗവതിയെ അറിയിക്കാനെന്നോണം….

മാലകെട്ടുന്ന ഷാര്യസാര് തമ്പ്രാട്ടിയുടെ കൈകളിൽനിന്നും പൂക്കളേറ്റുവാങ്ങും…

കുടിയിരുത്തിയ മുത്തപ്പന്മാരേയും ഭഗവതിയേയും തൊഴുതു വലം വെച്ചു വരുമ്പോൾ, പൂജ കഴിഞ്ഞിറങ്ങുന്ന അച്ഛൻ തിരുമേനി ആ കൈകളിലേക്ക് പ്രസാദം പകരും…

ദേശക്കാർ തീണ്ടാപ്പാടകലെ മാറി നിൽക്കും…

കിണറ്റിൻ കരയിൽ സരസ്വതി മന്ത്രം ചൊല്ലി, ഞാൻ ചന്ദനമരക്കും.. പ്രായമേറി കിടപ്പിലായ മംഗലത്തെ വല്യമ്പ്രാട്ടിക്ക്…

അരച്ചെടുത്ത ആ ചന്ദനം തമ്പ്രാട്ടികുട്ടി തന്നെയാ എന്നിൽനിന്നും ഏറ്റുവാങ്ങാറ്… വാല്യക്കാര് തൊട്ടാൽ ശരിയാവില്ലത്രേ…

അതുകേൾക്കുമ്പോഴൊക്കെയും വാല്യക്കാര് ചിരിക്കും… ഒപ്പം തമ്പ്രാട്ടികുട്ടിയും…

കുളത്തിലെ പരൽമീനുകൾ എന്റെ കാലുകൾക്ക് ചുറ്റുംകൂടി… തവളക്കൂട്ടങ്ങൾ പായലിൽനിന്നും തലയെത്തിച്ചുനോക്കുന്നുണ്ട്..

”എന്തേ ഇത്ര വൈകി…?”

ഞാനൊന്നും പറഞ്ഞില്ല…

നാളികേരംകൊണ്ട് ഇലയിൽ വേവിച്ചെടുത്ത അട ആത്തോലമ്മ വിളമ്പി… ഒപ്പം കറുകയിട്ടു തിളപ്പിച്ച കാപ്പിയും…

തെക്കേത്തൊടിയിൽ കുട്ട്യോളുടെ ആർപ്പുവിളിയുയർന്നു… ഗോലി കളിയാണ് പച്ചയും നീലയും ഇടകലർന്ന ഗോലികൾ സ്വന്തമാക്കാനുള്ള അധിനിവേശം…

പൂജകഴിഞ്ഞ് പടികയറിയെത്തിയ അച്ഛൻ തിരുമേനിയോട് അടുക്കള പിന്നാ മ്പുറത്ത് ആത്തോലമ്മ കാര്യങ്ങൾ തിരക്കുന്നുണ്ട്…

”ചോദിച്ചിരുന്നു… തൽക്കാലത്തേക്ക് ജ്വരമാണെന്ന് കള്ളം പറയേണ്ടിവന്നു…”

അച്ഛൻ തിരുമേനി നെടുവീർപ്പിട്ടു…

”ഉണ്ണീടെ തെറ്റല്ല… ഞാൻ സംസാരിച്ചു… കുട്ടിയൊന്നും അറിഞ്ഞിരുന്നില്ല്യാ ഞാൻ പറയുമ്പോഴാ…!!!”

അപ്പൊ ആത്തോലമ്മ എന്റെ ഭാവങ്ങൾ നിരീക്ഷിച്ചിരുന്നിരിക്കാം…

”അതുകൊണ്ടായില്ല്യാ… ദേശക്കാരറിഞ്ഞാൽ, തമ്പ്രാട്ടികൊച്ചിനെയല്ല.. മ്മ്‌ടെ ഉണ്ണ്യേയാ കഴുവിലേറ്റാ…”

ഭഗവതിയെ മനസ്സിരുത്തി വിളിച്ച്, അച്ഛൻ തിരുമേനി മുറിയിലേക്ക് നടന്നു…

പുറത്ത് മെതിയടി ശബ്ദമുയർന്നു…

“ആരൂല്ല്യേ ഇവിടെ…??”

തമ്പ്രാൻവീട്ടിലെ കാര്യസ്ഥൻ ഗോവിന്ദൻ…

”വല്യമ്പ്രാട്ടിക്ക് ഒരു പരിഭ്രമം.. ഇവിടുത്തെ ചെറുക്കൻ അരച്ചെടുക്കുന്ന ചന്ദനം കിട്ടാത്തതിനാലാണെന്നാണ് തമ്പ്രാട്ടികുട്ടിയുടെ പക്ഷം… അതുകൊണ്ട് ചെറുക്കനെയൊന്നു അത്രേടം വരെ വിടണം…”

അച്ഛൻ തിരുമേനിയും ആത്തോലമ്മയും മുഖത്തോടു മുഖം നോക്കി…

”നടയടച്ചൂലോ.. ചന്ദനമുട്ടി ക്ഷേത്രത്തിലാണേയ്… ന്താ പ്പോ ചെയ്കാ..??”

അച്ഛൻ തിരുമേനി ശങ്കിച്ചു…

”ഉവ്വ്.. അതിനുള്ള പ്രതിവിധിയും പറഞ്ഞുവിട്ടിട്ടുണ്ട് തമ്പ്രാട്ടികുട്ടി… തറവാട്ടിലുണ്ട് നല്ലൊരു ചന്ദനമുട്ടി… ചന്ദനത്തിന്റെയല്ല.. അതരക്കുന്ന ആളിനാത്രേ കഴിവ് അത്രക്ക് കേമനാണോ ചെറുക്കൻ…??”

കാര്യസ്ഥൻ അട്ടഹസിച്ചു… തെക്കേത്തൊടിയിലെ കുട്ട്യോളുടെ ശബ്ദ മടപ്പിക്കുംവിധം…

അച്ഛൻ തിരുമേനി ഒരു നെടുവീർപ്പോടെ എന്നെ നോക്കി…

”കൂടെ ചെല്ലാ.. ന്താ വേണ്ടേന്ന് വെച്ചാൽ ചെയ്കാ…”

കാര്യസ്ഥൻ പടിയിറങ്ങി… പുറകെ ഞാനും…

തറവാടിന്റെ കിളിവാതിൽക്കൽ ആ കണ്ണുകൾ കാത്തിരിക്കുന്നുണ്ട്..

പടിപ്പുരവാതിൽ കടന്നതും, കിളിവാതിൽക്കൽ നിന്നും ആ കണ്ണുകൾ പിന്നാമ്പുറത്തേക്ക് ഓടി മറഞ്ഞത്, ഒരു പാദസരകിലുക്കത്തിലൂടെ ഞാനറിഞ്ഞു…

”പിന്നാമ്പുറത്തേക്ക് നടന്നോളൂ… ചന്ദനവും മുട്ടിയും അവിടെ തന്നെയുണ്ട്…”

കാര്യസ്ഥൻ തോൾമുണ്ട് കുടഞ്ഞ്, ഉമ്മറപ്പടിയേറി…

പിന്നാമ്പുറത്തെ ജനലഴിയിൽ, വർണ്ണം ചാലിച്ച നീളൻ നഖങ്ങൾ എനിക്കുമുമ്പേ പിടിമുറുക്കിയിരുന്നു…

”ജ്വരം കുറവുണ്ടോ..?”

ആ കൈകൾ മന്ത്രിച്ചു…

തിണ്ണയിൽ ഇരിപ്പുറപ്പിച്ച് ചന്ദനമുട്ടി കയ്യിലെടുക്കുമ്പോൾ, മറുപടിയായി ഞാനൊന്ന് മൂളി..

അരച്ചെടുത്ത ചന്ദനത്തിൽ കറുപ്പ് തെളിയുന്നുണ്ട്… നാളുകളേറെയായി ഉപയോഗിക്കാത്തതിനാലാകാം…

വെള്ളം തെളിച്ച് വീണ്ടും വീണ്ടും ഞാൻ അരച്ചുകൊണ്ടേയിരുന്നു…

അതുകണ്ടിട്ടാകാം ആ കൈകൾ പിന്നെയും മന്ത്രിച്ചു…

“ഉണ്ണി നമ്പൂരി ക്ഷേത്രത്തിൽ വന്നതിൽപ്പിന്നെ അത് ഉപയോഗശൂന്യമാണ്‌.. എന്റെ മനസ്സ് പോലെ…!!!”

അരച്ചുകൊണ്ടിരുന്ന ചന്ദനമുട്ടി, താളം പിഴച്ച് നിലം പതിച്ചു… ജനലഴികളിലെ കരിവളകൾ ആ നിമിഷം പരസ്പരം തൊട്ടുരുമ്മി പുഞ്ചിരിച്ചു…

”അരുത്… മോഹിക്കരുത്.. തമ്പ്രാട്ടികുട്ടിയുടെ മോഹമേറ്റുവാങ്ങാൻ മാത്രം അർഹത എനിക്കില്ല…”

കഴുകിയെടുത്ത ചന്ദനമുട്ടി അതിവേഗത്തിൽ അരഞ്ഞുകൊണ്ടിരുന്നു… താളം പിഴച്ച എന്റെ ഹൃദയത്തുടിപ്പ് പോലെ…

”തമ്പ്രാട്ടിക്കുട്ട്യോ…?? എന്തിനീ അന്തരം….?? പേര് ചൊല്ലി വിളിക്കാം… ചിത്ര യെന്നോ… വേണിയെന്നോ…!! എന്റെ കാതുകൾക്ക് ഇമ്പവും അതുതന്നെ…”

പുഞ്ചിരിച്ചിരുന്ന ആ കരിവളകൾ കണ്ണിറുക്കി ഉറഞ്ഞുതുള്ളി… പിന്നെ നാണത്താൽ മുഖം താഴ്ത്തി…

അരച്ചെടുത്ത ചന്ദനത്തിൽ വീണ്ടും കറുപ്പ്… കണ്ണിലേറിയ ഇരുട്ടിന്റെ യാകുമോ…!!!!

ജനലഴികളൂടെ നീട്ടിയ കരിവള കൈകളിലേക്ക് ഞാൻ ആ ചന്ദനം പകർന്നു…

”പറയൂ… ഒരിക്കൽപോലും… എന്നോടൊരിഷ്ടവും തോന്നിയിട്ടില്ല്യേ..??”

പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആ കണ്ണുകളുടെ തീഷ്ണത മറികടക്കാനാകാതെ ഞാൻ മൂകനായി തല താഴ്ത്തി…

പിന്തിരിഞ്ഞു ആ പടിയിറങ്ങുമ്പോൾ, എന്റെ ഉള്ളം വിളിച്ചുകൂവുന്നുണ്ട്… പറഞ്ഞ തത്രയും കള്ളമായിരുന്നെന്ന്‌… നാളിതുവരെ അരച്ചെടുത്ത ചന്ദനത്തിൽ ചാലിച്ചതത്രയും പങ്കിടാനാകാത്ത എന്റെ സ്നേഹമായിരുന്നെന്ന്…

പക്ഷേ,, ചിലതെല്ലാം സ്വന്തമാക്കാൻ അർഹത തന്നെ വേണം…

അർഹിക്കാത്തത് സ്വന്തമാക്കിയാൽ….

തെക്കേത്തൊടിയിൽ കുട്ട്യോളുടെ വാക്കേറ്റമുയർന്നു… കള്ളം കളിച്ചെടുത്ത ഗോലികൾക്കായ്, നേടിയവരും നഷ്ടപ്പെട്ടവരും പരസ്പരം തല്ലി ക്കൊണ്ടേയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *