ക്ലാര
എഴുത്ത്: ആതിര ആതി
മഞ്ഞ് പുതച്ച് ഉറങ്ങുന്ന ആ കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് താഴെ തണുത്ത് മരവിച്ച് അവളും ഉണ്ടായിരുന്നു…
അവൾ ക്ലാര….
അനാഥത്വത്തിൻ്റെ ചിറകിലേറി st അന്തോണി ചർച്ചിൻ്റെ നടത്തിപ്പിൽ ഉള്ള അനാഥാലയത്തിൽ എത്തിയിട്ട് വർഷങ്ങൾ ആറായി…
തന്നെ തേടി വരാൻ ആരുമില്ല എന്ന് അവൾക്ക് അറിയാമെങ്കിലും , എല്ലാ ദിവസവും ജനൽ പാളികൾ തുറന്ന്, എന്തി വലിഞ്ഞ് പുറത്തേക്ക് കണ്ണും നട്ട് ഇരിക്കും….ആരെയോ പ്രതീക്ഷിച്ച് ഇരുന്ന കണ്ണുകൾ നേരം ഇരുട്ടി തുടങ്ങുമ്പോൾ നിരാശ കൊണ്ട് അലങ്കരിക്കപ്പെടും…
ഇന്ന് അച്ഛൻ വന്നിരുന്നു.ക്രിസ്തുമസ് കാലം ആയത് കൊണ്ട് പ്രാർത്ഥന ഉണ്ട്.കർത്താവിനെ വിളിച്ച് പ്രാർത്ഥിക്കും.അപ്പോഴൊക്കെ സ്നേഹമയനായ ഇടയനോട് അവൾക് ചോദിക്കാൻ ഒന്നെ ഉണ്ടായിരുന്നുള്ളൂ…എന്നെങ്കിലും ആരെങ്കിലും എന്നെ തേടി വരുമോ?? ഇടയ്ക്ക് അച്ഛനോട് അതിനെ പറ്റി ചോദിച്ചപ്പോൾ,അനാഥത്വം എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ആ കുരുന്നിനോട് , ആ കണ്ണുകളിൽ നോക്കി അച്ഛൻ പറഞ്ഞത്..”” ക്ലാരാ…. നിൻ്റെ അച്ഛനും അമ്മയും കർത്താവാണ്…കർത്താവിൻ്റെ കൈയിൽ നിന്നെ സൂക്ഷിച്ചത് കൊണ്ടാണ് നീ ഇവിടെ ഉള്ളത്…”””
“”” അപ്പോ ….അപ്പനും അമ്മയും ഉള്ളവരോക്കെ കർത്താവിൻ്റെ ആരും അല്ലേ???”””
ആ ചോദ്യത്തിന് മുന്നിൽ അദ്ദേഹം പതറി.അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.
അന്ന് അച്ഛൻ പറഞ്ഞിരുന്നു.കർത്താവിനു ഇഷ്ടമുള്ളവർക്ക് വേണ്ടി സാന്താക്ലോസ് സമ്മാനങ്ങൾ നൽകും എന്ന്…
അവളുടെ മനസ്സ് മന്ത്രിച്ചു തുടങ്ങി…
“”” ആഹ്..ഞാൻ കർത്താവിൻ്റെ കുഞ്ഞുമോളല്ലെ …അപ്പോ എനിക്കും സമ്മാനം തരും..”””
സമ്മാനങ്ങളും മിഠായികളും കൊണ്ട് വരുന്ന സാന്താക്ലോസ് അവളുടെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നു. രാവും പകലും അവളിൽ നിറഞ്ഞത് സാന്താക്ലോസ് മാത്രം…
ചിത്രം വരയ്ക്കാൻ അറിയാവുന്ന കുട്ടിയോട് പറഞ്ഞ് അവൾ സാന്തയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞു.കുടവയറും വെളുത്ത പഞ്ഞികെട്ട് പോലുള്ള മുടിയും താടിയും ഒക്കെ അവളിൽ ആശ്ചര്യം ജനിപ്പിച്ചു..
കാത്തിരുന്ന ദിവസം അടുത്തു.ആരോടും പറയാതെ അവൾ തന്നെ കാണാൻ വരുന്ന സാന്താക്ലോസ് അപ്പൂപ്പന് വേണ്ടി പൂച്ചെണ്ടുകൾ ശേഖരിച്ച് വച്ചു..
ക്രിസ്തുമസ് ദിവസത്തിന് മുൻപ് കരോൾ സംഘം അനാഥാലയത്തിൽ എത്തിയപ്പോൾ , പൂച്ചെണ്ടുകൾ എടുത്ത് കൊണ്ട് അവളോടി അവർക്ക് അരികിലെത്തി..
വേഷം കെട്ടി നൃത്തം ആടുന്ന സാന്താക്ലോസിൻ്റെ അടുത്ത് ചെന്ന് അവൾ കൺകുളിർക്കെ നോക്കി നിന്നു.അതിനു ശേഷം ,അയാൾക് നേരെ പൂച്ചെണ്ട് നീട്ടി..
“”” ഇതെൻ്റെ അപ്പച്ചന് കൊടുക്കാവോ? ഞാൻ തന്നത് ആണെന്ന് പറയാവോ? എപ്പോഴെങ്കിലും എന്നെ കാണാൻ വരാൻ പറയുമോ??”””
അവളുടെ ആവശ്യങ്ങൾക്ക് മുന്നിൽ അവിടെ ഉള്ളവരുടെ കണ്ണുകളിൽ ഈറൻ അണിഞ്ഞു. വെറുതെ ആശ കൊടുക്കാൻ അയാൾക് തോന്നിയില്ല…
“”” മോളെ, ഞാൻ ഒരു മനുഷ്യൻ ആണ്.എനിക്ക് കുഞ്ഞിൻ്റെ അപ്പച്ചനെ അറിയില്ല…”””
“” കർത്താവിനെ അറിയില്ലേ…””””
“”” കർത്താവിനെ എനിക്ക് കാണാൻ പറ്റില്ല മോളെ.. പല രൂപത്തിൽ അവൻ നമ്മുടെ മുന്നിൽ വരും..അത്രയേ ഉള്ളു…മോൾ ഇത് അൾത്താരയിൽ വെച്ചോ ട്ടോ..”””
അത് കേട്ട് കണ്ണുകൾ നിറഞ്ഞു തുളുമ്പി മുഖം പൊത്തി പിടിച്ചു അവളോടി കിടക്കയിൽ പോയിരുന്നു കുറെ കരഞ്ഞു..
എപ്പോഴോ നിദ്രയെ പുൽകിയ അവൾക്ക് ശരീരം തണുക്കുന്നതായി തോന്നി. പുതപ്പ് എടുത്ത് ശരീരത്തെ ഒളിപ്പിക്കാൻ കണ്ണുകൾ പതിയെ തുറന്നപ്പോൾ , പഞ്ഞിക്കെട്ടുകൾ നിറഞ്ഞ ആകാശം ആണ് അവൾ കണ്ടത്.
കൺമുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാൻ കഴിയാതെ , കുഞ്ഞികണ്ണുകൾ തിരുമ്മി അവൾ വീണ്ടും നോക്കി.പെട്ടന്നാണ് ക്ലാര കുലുങ്ങാൻ തുടങ്ങിയത്. നോക്കുമ്പോൾ ചുവന്ന പരവതാനി വിരിച്ച് കുന്ന് പോലെ തോന്നുന്ന എന്തോ ഒന്നിലാണ് താൻ കിടക്കുന്നത് എന്ന് അവൾക്ക് മനസിലായി.തലപൊക്കി നോക്കിയപ്പോൾ, ചുവന്ന പട്ട് പോലെ ഉള്ള വസ്ത്രവും വെളുവെളുത്ത താടിയും മുടിയും നീട്ടി വളർത്തി തനിക്ക് കീഴെ കിടക്കുന്നത് സാന്താക്ലോസ് ആണെന്ന് അവൾക് വിശ്വസിക്കാൻ കഴിഞ്ഞില്ല…അദ്ദേഹം ചിരിക്കുക ആയിരുന്നു .അതാണ് ആ കുലുക്കം. അവൾ കിടക്കുന്നത് സാന്തായുടെ വയറിന് മുകളിൽ ആയിരുന്നു. അവളുടെ കണ്ണുകൾ ആനന്ദം കൊണ്ട് തിളങ്ങി .
“””അപ്പച്ചൻ പറഞ്ഞ് വിട്ടതാണോ?? എനിക്ക് സമ്മാനം തന്നിട്ടുണ്ടോ?? എനിക്ക് കാണണം അപ്പച്ചനെ..കൊണ്ടോകാമോ.??””” ആ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച് അവൾക്കായി ഒരു വർണ്ണ പൊതി നീട്ടി.
“”ഹായ്….എനിക്ക് എൻ്റെ അപ്പച്ചൻ സമ്മാനം തന്നു….”””. നിലവിളിച്ചു കൊണ്ട് പറയുന്ന അവളെ പള്ളിയിലെ അച്ഛൻ വിളിച്ചുണർത്തി…
“”ക്ലാര …എന്താ മോളെ…എന്താ…”””
“”” എനിക്ക് ….എനിക്ക് എൻ്റെ അപ്പച്ചൻ സമ്മാനം തന്നു…സമ്മാനം..””””
“” ഇല്ല മോളെ..നീ സ്വപ്നം കണ്ടതാ…മോൾ ഉറങ്ങിക്കോ…നേരം പുലരാൻ ഇനിയും ഉണ്ട്..”””
അതും പറഞ്ഞു നടന്നകലുന്ന അദ്ദേഹത്തെ കണ്ണീരോടെ അവൾ നോക്കി കിടന്നു..
“””ഇല്ല…എനിക്ക് കാത്തിരിക്കാൻ ആരൂല്ല…കർത്താവിനു എന്നെ ഇഷ്ടമല്ല….എനിക്ക് അപ്പച്ചനെ ഇഷ്‌ടല്ല…””
കരഞ്ഞ് തളർന്ന് വീണ്ടും ക്ലാര നിദ്രയെ പുൽകി..
പിറ്റേന്ന് രാവിലെ അവളെ അച്ഛൻ വിളിച്ചുണർത്തുമ്പോൾ അയാളിൽ ഒരു പുഞ്ചിരി ആവരണം ചെയ്തിരുന്നു.
“”” ക്ലാര….ഹാപ്പി ക്രിസ്തുമസ് …..”””
ക്ലാര സങ്കടം തുളുമ്പിയ മുഖത്തോടെ പറഞ്ഞു “”” ഹാപ്പി ക്രിസ്തുമസ് അച്ചോ..”””
“””അച്ഛൻ ,ക്ലാര മോൾക്ക് ഒരു സമ്മാനം തരട്ടെ..”””
“”” വേണ്ട അച്ചോ…ഇനിയും ക്ലാരയെ എല്ലാരും പറ്റിക്കും…എനിക്ക് വേണ്ട..””””
“””എന്നാലെൻ്റെ മോൾക്ക് വേറൊരാൾ സമ്മാനം തരും കേട്ടോ…””. അതും പറഞ്ഞു അച്ഛൻ വാതിലിൻ്റെ നേർക്ക് നോക്കി “” ഇങ്ങൂ പോരെ..അൽബിച്ചാ..””
സുമുഖനായ ഒരു ചെറുപ്പക്കാരനും അയാളുടെ ഭാര്യ എന്ന് തോന്നിപ്പിക്കുന്ന ഒരു പെണ്ണും കടന്നു വന്നു…അവരിരുവരും ക്ലാരയുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു.അവർ അവളുടെ കവിളിൽ തലോടിയിട്ട് ചോദിച്ചു..
“”” മോളെ..നീ ഞങ്ങളുടെ കൂടെ വരാവോ..?? ഞങ്ങളുടെ വീട്ടിലേക്ക് ?? നമുക്ക് ഇത്തവണ തൊട്ട് അവിടെ ക്രിസ്തുമസ് ആഘോഷിച്ചാലോ??””
നിഷ്കളങ്കതയോടെ അവൾ ചോദിച്ചു “” ആണോ..ഞാൻ വരാം ..പക്ഷേ…നിങ്ങളൊക്കെ ആരാ??”””
ആൽബി അച്ഛനെ നോക്കി..അച്ഛൻ ക്ലാരയോട് പറഞ്ഞു…
“”” മോളെ..ഇനി മുതൽ ഇവരാണ് നിൻ്റെ അച്ഛനും അമ്മയും..”””
സന്തോഷത്തോടെ ക്ലാര ഇരുവരെയും കെട്ടിപിടിച്ച് കവിളിൽ തുരുതുരെ ഉമ്മ വച്ചു..
“”” എന്നെ സാന്താക്ലോസ് പറ്റിച്ചതല്ല….കർത്താവും പറ്റിച്ചത് അല്ല അല്ലേ അച്ചോ…ചുമ്മാ എന്നെ കരയിച്ചതാ….”””
നിമിഷങ്ങൾക്കുള്ളിൽ ക്ലാര അവരുടെ കൂടെ യാത്രയായി..അതായിരുന്നു ആ കുരുന്നിന് കർത്താവ് നൽകിയ സമ്മാനം..ജീവിതകാലം മുഴുവനും ഓർക്കാൻ ഉള്ള സമ്മാനം…
കഥ ഇഷ്ടമായെങ്കിൽ രണ്ട് വരി കുറിക്കണെ ❤️❤️❤️❤️❤️
മനസ്സിൽ വന്ന ഒരു ചെറിയ ആശയം ഒരു മത്സരത്തിനു വേണ്ടി അവതരിപ്പിച്ചത് ആണ്…