മരങ്ങളുടെ തണലിലോ തൂണിന്റെ മറവുകളിലോ ഞങ്ങൽ പ്രണയ ബദ്ധരായി നിന്നില്ല.ഫോണിലൂടെ ഉള്ള സംസാരത്തെക്കാളും കത്തുകളിലൂടെ ആയിരുന്നു പ്രണയം…

തൂവാനം

Story written by NIDHANA S DILEEP

കൂട്ടുകാരിയോട് പിണങ്ങി ലൈബ്രറിയിൽ പോയിരുന്നു.അവിടെ പോയപ്പോഴാ ചെയ്തത് അബന്ധായിന്നു മനസിലായെ.വേറെ ഒന്നൂല്ല….പഠിപ്പികൾ കൈയടുക്കി വെച്ചിരിക്കുന്ന സ്ഥലം..അവരുടെ വിഹാര കേന്ദ്രം…

അവിടെ നോക്കിയപ്പോൾ കണ്ണട വെച്ചതും വെക്കാത്തതുമായ ബുജികൾ ഇരുന്നു എന്തൊക്കെയോ വായിക്കുന്നു.അതിലൊരു ബുജി എന്നെ കണ്ട് കണ്ണട ചുണ്ടു വിരൽ കൊണ്ട് ഒന്നു താഴ്ത്തി നോക്കി എന്നിട്ട് കണ്ണട ശരിക്ക് വച്ച് ബുക്കിലേക്ക് തല താഴ്ത്തി.ഈ ഒട്ടക പക്ഷിയെ പോലെ.അവ ശത്രുക്കളെ കണ്ടാൽ തല താഴ്ത്തും.പോലീസ്കാർക്ക് എന്താ ഈ വീട്ടിൽ കാര്യംന്നുള്ള അർത്ഥമല്ലേ ആ നോട്ടത്തിനെന്നൊരു സംശയം.

ഞാനും കുറച്ചില്ല ഒരു റാക്കിൽ നിന്നും ഏറ്റവും വലിയ ബുക്ക് ഒരെണ്ണമെടുത്ത് തുറന്ന് വച്ചിരുന്നു.ആ ബുക്കിലേക്ക് കമഴ്ന്ന് കിടക്കും മുൻപ് ആ ബുജിയെ ഒന്നു നോക്കി പുച്ഛിച്ചു.

ആ ബുക്കും തുറന്ന് വെച്ച് ഇരിക്കുമ്പോഴാണ് അടുത്താരോ വന്നിരിക്കുന്നു.

നോക്കിയപ്പോൾ നമ്മടെ സ്പോർട്സ് ക്യാപ്റ്റൻ…അതുലേട്ടൻ

ഇന്ദുജ എന്താ ഇവിടെ….

ഞാൻ നോക്കിയപ്പോ ആശാൻ ഒരു പത്രം തുറന്നു വെച്ചിരിക്കുന്നു.പത്രത്തിൽ നോക്കി തന്നെയാണ് ചോദ്യം.

ഞാൻ കണ്ണുകൾ കൊണ്ട് ബുക്കിലേക്ക് കാണിച്ചു.ബുക്കു വായിക്കാൻ അല്ലാതെന്തിനു മാഷേന്നു.

ഞാൻ നിന്നെ അന്വേഷിച്ച് വന്നതാ.നീ ഇവിടേക്ക് വരുന്നത് കണ്ടു.അതാ ഞാനും വന്നേ

എന്താ കാര്യം

ലൈബ്രററി ആയതു കൊണ്ട് പരമാവധി ശബ്ദം കുറച്ചാണ് സംസാരം

നിന്നെ കണ്ടതു മുതൽ എന്നൊന്നും പറയുന്നില്ല…എപ്പോഴോ…ഒരിഷ്ടം…എന്റെ ക്ലാരയാവാൻ നിനിക്ക് സമ്മതമാണോ….ഒരിക്കലും നഷ്ടപെടാതെ നോക്കിക്കോളാം

അതു കേട്ടതും തുറിച്ച് ഒരു നോട്ടവും കൊടുത്ത് എടുത്ത ബുക്ക് റാക്കിൽ പോലും വെക്കാതെ അവിടെ നിന്നിറങ്ങി.

എന്താടീ….പറ്റിയേ….

ഡസ്കിൽ തല വെച്ചിരിക്കുന്ന കണ്ട് വർഷ ചോദിച്ചു.

എടീ…ആരാ ഈ …ക്ലാര…

അവൾക്ക് നേരെ തിരിഞ്ഞിരുന്ന് കൊണ്ട് ചോദിച്ചു.

ക്ലാരയോ…നിനിക്കിത് ഇപ്പോ എവ്ട്ന്ന് കിട്ടി.

കാര്യം മുഴുവൻ പറഞ്ഞു കൊടുത്തു

പുള്ളീടെ എക്സ് ലവറായിരിക്കുവോ

അവളെ പറഞ്ഞിട്ട് കാര്യമില്ല.എന്റെയത്ര പോലും ബുദ്ധിയില്ലാത്തവളോട് ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു.രണ്ടും രണ്ടും കൂട്ടിയാലെത്രയാന്നു ചോദിച്ച കൈവിരലും കാൽവിരലും കൊണ്ട് എണ്ണാൻ നോക്കുന്ന ടീമാണ്.

ഇനി ശരിക്കും വർഷ പറഞ്ഞത് പോലെ ആയിരിക്കുവോ….ഹേയ്

എടീ…എനിക്ക് തോന്നുന്നത് വല്ല നോവലിലെയോ മറ്റോ ആയിരിക്കുംന്നാ..ആളൽപം ബുജിയാ്.മിക്കവാറും അത് ആവാനാ ചാൻസ്.

ഇൻകംടാക്സിന്റെ ക്ലാസിൽ വെച്ചാണ് വർഷ അത് പറഞ്ഞത്.അവൾ പിറുപിറുക്കുന്നത് സാർ കണ്ടു.രണ്ടാളെയുംഗെറ്റ് ഔട്ട് അടിച്ചു.

നമുക്ക് ടീനയോട് ചോദിക്കാം.

കാന്റ്റീനിലിരുന്ന് നഖം തിന്നോണ്ടിരുന്ന എന്നോട് ചോദിച്ചു.ടീനയെ പറ്റി പറയാണേൽ ക്ലാസിലെ ബുജി.’കൊച്ചുകൊച്ചു സന്തോഷത്തിലെ’ലെ സ്വീപ്പർ മേരിയെ പോലെയാണ് അവൾ.അവൾക്കറിയാത്ത കാര്യങ്ങൾ ഒന്നുമില്ല. അവൾക്ക് എന്തേലും ഡൗട്ട് വന്നാ ലൈബ്ററിയിൽ പോയി ബുക്ക് നോക്കി കണ്ടുപിടിക്കും.

എന്താ ഇപ്പോ ഇങ്ങനെ ഒരു ഡൗട്ട്

ഞങ്ങൾ സംശയം ചോദിച്ചപ്പോൾ ടീന പറഞ്ഞു.

അത് എന്റെ നാട്ടിലെ ഏട്ടൻമാർ ബസ്സ് സ്റ്റോപ്പിലിരുന്ന് പറയുന്ന കേട്ടതാ…

ഞാൻ വിചാരിച്ച പോലെ അല്ല ഇവൾക്ക് ബുദ്ധി ഉണ്ട്

ഐ തിങ്ങ് തൂവാനത്തുമ്പികളിലെ ക്ലാരയായിരിക്കും.മോഹൻലാലും സുമലതയും പാർവതിയൊക്കെ അഭിനയിച്ച ഫിലിം.മോഹൻലാലും സുമലതയും കല്യാണം കഴിയാതെ ഒരുമിച്ച് താമസിക്കുന്നതൊക്കെയാണ് കഥ.പിന്നെ അവൾ അതിലെ അഭിനേതാക്കൾ….ഡയറക്ടർ തുടങ്ങി ആ സെറ്റിൽ ചായ കൊടുത്ത പയ്യന്റെ വരെ പേരു പറയാൻ തുടങ്ങിയതും ഞങ്ങൾ സ്കൂട്ടായി.

ചേ…അങ്ങനെ ആണോ അതുലേട്ടൻ എന്നെ കണ്ടത്

ഒരു ദിവസം ചാനൽ മാറ്റുമ്പോ ഏതോ ഒരു ചാനലലിൽ ഉണ്ടായിരുന്നു തൂവാനതുമ്പികൾ. ചാനൽ വച്ചപ്പോ കണ്ടത് ലാലേട്ടന്റെയും സോമലതയോടെയും ബെഡ്റൂം സീൻ.അപ്പോ തന്നെ മാറ്റി.

എനിക്ക് ആകെ സങ്കടമായി.കണ്ണൊക്കെ നിറയാൻ തുടങ്ങി.ആൺകുട്ടികളോട് സംസാരിക്കുമെന്നല്ലാതെ ഒരു മോശം കാര്യത്തിനും പോയിട്ടില്ല.

ലഞ്ച് ബ്രേക്കിന് അതുലേട്ടന്റെ വക കാംപെയിൻ ഉണ്ടായിരുന്നു.ഘോരം..ഘോരം പ്രസംഗിക്കുന്നതിനിടയിൽ ഇടക്ക് എന്റെ മേൽ കണ്ണുകൾ തങ്ങുന്നുണ്ട്.അത് കണ്ടതും ദേഷ്യവും സങ്കടവും തോന്നി.

ഇത്രയും മോശം ആളാണോ.അതുലേട്ടൻ…ഇങ്ങനെത്തെ സ്വഭാവം ഉള്ള ഒരാളിന്റെ പുറകെ ആണല്ലോ ഈശ്വരാ കോളേജിലെ പെൺകുട്ട്യോളൊക്കെ നടക്കുന്നേ..

അതുലേട്ടൻ മിണ്ടാൻ വന്നപ്പോഴൊക്കെ കാണാത്ത പോലെ നടന്നു.പുള്ളീടെ ഫ്രൺസും വക്കാലത്തുമായി വന്നു.വൃത്തികെട്ടവൻമാർ.അവർക്കൊന്നും വീട്ടിൽ അമ്മയും പെങ്ങളുമില്ലേ….അതുലേട്ടനൊരു ചങ്ക് കൂട്ടുകാരി ഉണ്ട്…താര …അവളും സംസാരിക്കാൻ വന്നു.

ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഇനി ഇതുപോലുള്ള വൃത്തികേടും പറഞ്ഞ് വന്നാൽ പ്രിൻസിപ്പാളിന്റെടുത്ത് കംപ്ലയിൻ ചെയുംന്നു പറഞ്ഞു.എന്നിട്ടും ശല്യം ചെയ്തപ്പോ ഇങ്ങനെ വന്ന് ശല്യം ചെയ്യരുത്…അങ്ങനെ വായിൽ വന്നത് എന്തൊക്കെയോ വിളിച്ച് കൂവി.അതോടെ സംസാരിക്കാൻ വരാറില്ല പക്ഷെ എവിടെയെങ്കിലും നിന്ന് നോക്കി നിൽക്കുന്നുണ്ടാവും.

ടീ….നമുക്ക് ആ ഫിലിം ഒന്നു കണ്ടാലോ..ടീന പറഞ്ഞത് തെറ്റാണോന്നു എനിക്ക് ഒരു ഡൗട്ട്

വർഷ ആദികാരികമായി പറഞ്ഞു.എനിക്കും തോന്നി തുടങ്ങിയിരുന്നു.രണ്ടു ദിവസം പത്രത്തിൽ സിനിമ കോളത്തിൽ ഇന്നത്തെ സിനിമ നോക്കി. തൂവാനത്തുമ്പികൾ മാത്രം ഇല്ല.അവസാനം അച്ഛന്റെ ഫോണിൽ യൂട്യൂബിൽ കാണാംന്നു കരുതി.ക്ലാരയുടെയും ജയകൃഷ്ണത്തിന്റെയും പ്രണയത്തിലും വിരഹത്തിലും ആഴ്ന്നിറങ്ങിയപ്പോഴും രാധയുടെ സ്നേഹത്തെയും വേദനയേയും ചേർത്ത് പിടിച്ചു.കണ്ട് കഴിഞ്ഞപ്പോൾ അതുലേട്ടനു മറുപടി കൊടുക്കാംന്നു തോന്നി.

ഡാർക്ക് ബ്ലൂ ജേഴ്സി ഒക്കെ ഇട്ട് ഗ്രൗണ്ടിലേക്ക് കളിക്കാൻ പോവുന്നു.എന്നെ കണ്ടപ്പോൾ കൂടെ ഉള്ളവർ ഗ്രൗണ്ടിലേക്ക് പോയി.

എനിക്ക് സംസാരിക്കണം

എന്താ…

എന്റെ മുഖത്ത് നോക്കാതെ ബോൾ തറയിൽ കൈ കൊണ്ട് ബൗൺസ് ചെയ്യിപ്പിക്കുകയാണ്.ഇടക്ക് കാലിൽ വെച്ചും തട്ടി കളിക്കുന്നു.അതിലാണ് ശ്രദ്ധ മുഴുവനും

അന്ന് ചോദിച്ചില്ലേ….ക്ലാര ആവാൻ പറ്റുവോന്ന്……

ആ….

ഇപ്പോഴും മുഖത്ത് നോക്കാതെ ബോൾ തട്ടി കളിക്കുന്നു

എനിക്ക് ക്ലാരയാവാൻ ഇഷ്ടമല്ല…..എപ്പോഴെങ്കിലും പ്രണയം നഷ്ടമായാലോ…..എനിക്ക് രാധ ആയാൽ മതി.

എന്റെ വാക്കുകളുടെ റിയാക്ഷൻ പോലെ ശ്രദ്ധ തെറ്റി ബോൾ നിലത്തേക്ക് വീണു.

പിന്നെ അങ്ങോട്ട് കാലാലയം തൊട്ടുണർത്തിയ പ്രണയമായിരുന്നു.ടീന അടക്കം പലരും പറഞ്ഞ് അതുലേട്ടന് വെറും തമാശ ആയിരിക്കും കാരണം സ്പോർട്സ് ക്യാപ്റ്റൻ…പഠിപ്പിസ്റ്റ് അതും കൂടാതെ ഒരുപാട് പെൺകുട്ടികൾ പുറകെ നടക്കുന്നയാൾ.ഒരു കഴിവുമില്ലാത്ത…ശരിക്ക് പഠിക്കുക കൂടി ചെയ്യാത്ത എന്നെ പ്രണയിക്കില്ലാലോ

പക്ഷെ അതിനൊക്കെ ഉള്ള ഉത്തരം അയിരുന്നു അതുലേട്ടന്റെ പ്രണയം.ഞാനും ചോദിച്ചിട്ടുണ്ട്

എന്ത് കൊണ്ടാ എന്നെ ഇഷ്ടായേന്ന്

അതൊക്കെ ഇഷ്ടായി

എന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. പ്രണയക്കടലായിരുന്നില്ല തെളിനീർ ഉറവപോലെ ആയിരുന്നു അതുലേട്ടന്റെ പ്രണയം.തീവ്രാനുഭവത്തേക്കാൾ എന്നെ തരളിതയാക്കുന്ന പ്രണയം.മരങ്ങളുടെ തണലിലോ തൂണിന്റെ മറവുകളിലോ ഞങ്ങൽ പ്രണയ ബദ്ധരായി നിന്നില്ല.ഫോണിലൂടെ ഉള്ള സംസാരത്തെക്കാളും കത്തുകളിലൂടെ ആയിരുന്നു പ്രണയം.അതും അതുലേട്ടൻ വായിച്ച പ്രണയ കവിതാ ശകലങ്ങളും കഥയിലെ പ്രണയത്തെ പറ്റി പറയുന്ന വാക്കുകളുമായിരിക്കും. ലൈബ്രററിയിൽ പോയി ആ ബുക്കുകൾ തേടി പിടിച്ച് വായിക്കാൻ തുടങ്ങി.അതിൽ മുഴുവൻ ഞങ്ങളെ പറ്റി…ഞങ്ങളുടെ പ്രണയത്തെ പറ്റിയാണ് പറഞ്ഞതെന്നു തോന്നും.ഒരു ദിവസം ക്ലാരയുടെ കഥ പറഞ്ഞു കൊടുത്തു.

നീ ഇങ്ങനെ ഒരു ബുദ്ധൂസ് ആയിപ്പോയല്ലോന്നു പറഞ്ഞ് തലയിൽ കൊട്ട് തന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.ഞാൻ തല തടവി മിണ്ടില്ലാട്ടോന്നു കള്ള പരിഭവത്തോടെ തിരിച്ചു പറഞ്ഞു.പിന്നെ കത്ത് തുടങ്ങുക എന്റെ ബുദ്ധൂസിന് എന്നും അവസാനിക്കുന്നത് എന്റെ ബുദ്ധൂസിന്റെ മാത്രം അതുലേട്ടൻ എന്നുമായി.

എക്സാമിനു മാർക്ക് കുറഞ്ഞപ്പോൾ ഇനി പഠിച്ചില്ലേൽ കത്ത് തരില്ലെന്നു ഭീഷണിപ്പെടുത്തി.കത്തുകൾ ലഹരി ആയ ഞാൻ അങ്ങനെ പഠിക്കാനും തുടങ്ങി.പാവം വർഷ ഞാൻ നന്നായപ്പോൾ അവൾക്കും നന്നാവേണ്ടി വന്നു.

എല്ലാ ലഞ്ച് ബ്രേക്കിനും ഞങ്ങളുടെ ക്ലാസിൽ ക്യംപെയ്ൻ ഉണ്ടാവും.സാധാരണ എല്ലാ ക്ലാസിലും ആൾക്കാർ മാറിമാറി ആയിരിക്കും കാംപെയിൻ എടുക്കുക.ഞങ്ങളുടെ ക്ലാസിൽ എപ്പോഴും അതുലേട്ടനായിരിക്കും എടുക്കുക.മുൻപും അങ്ങനെ തന്നെ ആയിരുന്നു.ഞാൻ ശ്രദ്ധിച്ചില്ലെന്നു മാത്രം. പണ്ട് അതൊന്നും കഴിഞ്ഞാൽ മതീന്നായിരുന്നു.ഫ്രൺസുമായി സംസാരിച്ചിരിക്കാനുള്ള സമയമല്ലേ പോവുന്നത്.പക്ഷേ ഇപ്പോ അതുലേട്ടനെ നോക്കിയിരിക്കും.ക്ലാസിൽ ഞാനും അതുവേട്ടനും മാത്രേ ഉള്ളൂ…എന്നോടായി മാത്രമാ ഇതൊക്കെ പറയുന്നത് എന്നും തോന്നു.അതുലേട്ടന്റെ ചെറിയ കൈ അനക്കം പോലും ശ്രദ്ധിച്ചിരിക്കും.ഇടക്ക് എന്നിലേക്ക് പറന്നു വീണ കണ്ണുകൾ അനങ്ങാതെ എന്നിൽ തന്നെ നിൽക്കും.സംസാരിക്കാതെ എന്നെ നോക്കി നിൽക്കുമ്പോൾ ക്ലാസ് റൂമാകെ ചുമയും കളിയാക്കലുകളും ചിരിയും ഉയരും.സോറീ….ന്നു പറഞ്ഞ് ഒരു ചിരി ചിരിച്ച് വീണ്ടും കാംപെയിൻ തുടരും.അങ്ങനെ ഇടക്ക് കണ്ണുകൾ എന്നിൽ പാറി കളിച്ച് ക്ലാസിൽ നിന്നിറങ്ങുമ്പോൾ തിരിഞ്ഞ് പ്രണയത്തോടെ ഉള്ള നോട്ടം സമ്മാനിച്ചും ലഞ്ച് ബ്രേക്ക് പ്രണയസാന്ദ്രമാക്കി.

വൈകുന്നേരം കോളേജ് മുതൽ ബസ് സ്റ്റോപ്പ് വരെ നടക്കും.എന്നെ ബസ് കേറ്റി വിട്ട് കോളേജിലേക്ക് തിരിച്ച് പോവും.ചിലപ്പോ എന്തൊക്കെയോ സംസാരിച്ചിട്ടായിരിക്കും മറ്റു ചിലപ്പോ ഒന്നും സംസാരിക്കാതെ.എന്തൊക്കെയോ സംസാരിച്ചു നടക്കുന്നതിലും കൂടൂതൽ വികാരങ്ങളുടെ വേലിയേറ്റമുണ്ടാവുക മൗനത്തെ കൂട്ട് പിടിച്ചുള്ള നടത്തത്തിനാണ്.

വൈകുന്നേരം മിക്കപ്പോഴും ഗ്രൗണ്ടിൽ ഫ്രൺസിന്റെളകൂടെ കളിക്കുവായിരിക്കും.ഞാൻ കാത്തു നിൽക്കും.”സമയമായിന്നു ആഗ്യം കാണിക്കുമ്പോൾ നിങ്ങൾ കളിക്ക് ..ഞാനിപ്പോ വരാംന്നു “പറഞ്ഞ് വിയർത്ത് കുളിച്ച് ആ ജേഴ്സിയിൽ തന്നെ ബസ്സ്റ്റോപ്പ് വരെ വരും.മറ്റു ചിലപ്പോ പാർട്ടി മീറ്റിങ് കാണും.അവർക്കായി കൊണ്ടു വന്ന ചായയും പഴംപൊരിയും പരിപ്പു വടയൊക്കെ കഴിച്ച് പുറത്ത് നിൽക്കും.അതുലേട്ടന്റെ ഫ്രൺസ് ആരേലും പുറത്തുണ്ടാവും അവരോട് കമ്പനി അടിച്ച് പുറത്ത് നിൽക്കും.ചിലപ്പോ അതുലേട്ടൻ സംസാരിച്ചു നിൽക്കുന്നത് നോക്കി നിൽക്കും. സംസാരിച്ചിക്കുന്നിടക്ക് പുറത്തേക്കും നോക്കും.ഇപ്പോ തീരുംന്നു എന്നോട് ആഗ്യം കാണിക്കും.ഞാൻ സാരമില്ലാന്നും ആഗ്യം കാണിക്കും.ഇടക്ക് നീണ്ടു പോവുമ്പോൾ ഇപ്പോ വരാംന്നു പറഞ്ഞ് പറഞ്ഞ് എന്റെ കൂടെ വരും.എന്നോട് പാർട്ടി മീറ്റിങ്ങിൽ കേറി ഇരിക്കാൻ പറയാറില്ല.ഒരു നിർബന്ധങ്ങളും നിബന്ധനകളുമില്ലാത്തതായിരുന്നു ഞങ്ങളുടെ പ്രണയം.

പ്രണയമെന്തെന്നു പഠിപ്പിച്ച അതുവേട്ടൻ തന്നെ വിരഹം എന്തെന്നും പഠിപ്പിച്ച് ആ കലാലയം വിട്ടിറങ്ങി.അന്ന് എന്റെ നെറ്റിയിൽ ആദ്യ ചുംബനം തന്നു. കണ്ണുകളടച്ച് അത് സ്വീകരിക്കുമ്പോൾ കൺപീലികൾക്കിടയിൽ നീർത്തുള്ളികൾ തങ്ങി നിന്നിരുന്നു.

കത്തുകളുടെ കൂമ്പാരമായപ്പോൾ എന്റെ വീട്ടിൽ അറിഞ്ഞു.പഠിത്തം കഴിഞ്ഞ് ഗൾഫിൽ പോവുമ്പോൾ വീട്ടിൽ വന്നു സംസാരിച്ചു

അങ്ങനെ അഞ്ച് പ്രണയ വർഷങ്ങൾ താണ്ടി അമ്പലത്തിൽ വെച്ച് എന്റെ കഴുത്തിൽ താലിയും കെട്ടി ….ഒരുവർഷം കഴിഞ്ഞപ്പോൾ ഒരു തുമ്പി പെണ്ണ് ഞങ്ങൾക്കിടയിലേക്ക് എത്തി.എപ്പോ ടീവിയിൽ വന്നാലും തൂവാനത്തുമ്പികൾ കാണാൻ തുടങ്ങി

Related Posts

Leave a Reply

Your email address will not be published. Required fields are marked *