സ്നേഹമുള്ള സിംഹം
എഴുത്ത് :-രാജു പി കെ കോടനാട്
വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടിൽ നിന്നും ഏട്ടനോടൊപ്പം ആ പടിയിറങ്ങുമ്പോൾ എത്ര ശ്രമിച്ചിട്ടും കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. കാറിലേക്ക് കയറിയതും മറ്റാരും കാണാതെ കണ്ണുകൾ ഒന്നമർത്തി തുടച്ചു അച്ഛനോടും ചിറ്റമ്മയോടും യാത്ര പറയുമ്പോൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല..വാഹനം മുന്നോട്ടെടുത്തതും അതുവരെ അമർത്തിപ്പിടിച്ച സങ്കടം കണ്ണുകളിലൂടെ ഒരു പെരുമ്മഴയായി പൊട്ടിയൊഴുകി.
എൻ്റെ കൈകളിൽ മുറുകെ പിടിച്ച് ഏട്ടൻ പറയുന്നുണ്ട്.
“എന്താടോ കൊച്ചു കുട്ടികളെപ്പോലെ, താൻ ആ കണ്ണു തുടച്ചേ.. നമുക്ക് എപ്പോൾ വേണമെങ്കിലും വരാല്ലോ ഇനിയിപ്പോൾ ഇതെൻ്റെ കൂടി വീടല്ലേ..”
ഫോട്ടോ ഷൂട്ടും പാർട്ടിയും എല്ലാം അവസാനിച്ചപ്പോൾ വല്ലാതെ തളർന്നു. ഷവറിനു കീഴിലെ തണുത്ത വെള്ളത്തിനു മുന്നിൽ കുറെ നേരം നിന്നപ്പോൾ മനസ്സിനും ശരീരത്തിനും ഒരുണർവ്വു തോന്നി. മുടിത്തുമ്പിൽ പതിവുപോലെ തോർത്തു കൊണ്ട് ഒരു വട്ടക്കെട്ടും കെട്ടും കെട്ടി പുറത്തിറങ്ങുമ്പോൾ മനസ്സിലോർത്തു കൊറോണക്കാലത്ത് വിവാഹിതരായവർ എത്ര ഭാഗ്യമുള്ളവരാണെന്ന്.
ഒന്ന് കണ്ണെഴുതി നെറ്റിയിൽ സിന്ദൂരവുമണിഞ്ഞ് ചെറിയ പൊട്ടും തൊട്ട് പുറത്തിറങ്ങുമ്പോൾ കണ്ണുകൾ കൊണ്ട് ശരത്തേട്ടനെ എല്ലായിടത്തും തിരഞ്ഞെങ്കിലും എങ്ങും കാണാൻ കഴിഞ്ഞില്ല..
അനിയത്തിമാരുടെ കുട്ടികളുടെ കലപില ശബ്ദങ്ങൾ അടുക്കളയിൽ നിന്നും ഉയർന്ന് കേൾക്കുന്നുണ്ട് അതിനൊപ്പം മായേച്ചിയുടെ ഉച്ചത്തിലുള്ള ശബ്ദവും പതിയെ അങ്ങോട്ടു നടന്നു.
അകത്തേക്ക് കടന്നതും അപ്പുവും കുഞ്ഞുവും എൻ്റെ കൈകളിൽ തൂങ്ങി..
“മോള് കുളി കഴിഞ്ഞ് വന്നോ” എന്ന ചോദ്യവുമായി അമ്മയും.
“ഞങ്ങടെ വീട് ഇഷ്ടായോ” എന്ന മായേച്ചിയുടെ ചോദ്യം കേട്ടുകൊണ്ടാണ് ശരത്തേട്ടൻ അകത്തേക്ക് വരുന്നത്.
“ഞങ്ങടെയല്ല മായേ നമ്മുടെ എന്ന് പറ ഇപ്പോൾ ചാരുവും നമ്മളിൽ ഒരാളല്ലേ…”
“അതേട്ടാ.. ഞാൻ അറിയാതെ..”
അടുക്കളയിൽ നിന്നും അമ്മ കൈയ്യിൽ പകർന്ന് നൽകിയ എണ്ണ നെറുകയിൽ വച്ചതിനു ശേഷം ഏട്ടൻ പുറത്തേക്ക് നടക്കുമ്പോൾ..
“മായേച്ചി പറയുന്നുണ്ട് ഈശ്വരാ രക്ഷപെട്ടു.ഏടത്തി ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു അല്ലെങ്കിൽ ദുർവ്വാസാവ് ഇന്ന് എന്നെ കൊiന്നേനെ…”
എന്ന് പറഞ്ഞതും അമ്മ പറയുന്നുണ്ട് “നിന്നെ ഞാൻ പലവട്ടം വിലക്കിയിട്ടുണ്ട് അവനെ അങ്ങനെ വിളിക്കരുതെന്ന് എൻ്റെ മോൻ പാവാണ് “
“പിന്നെ അമ്മേടെ മോൻ പാവവും ഞങ്ങൾ ഭയങ്കരികളുമാണ് അല്ലേ.. എന്ന സരിതയുടെ ചോദ്യത്തിന് അമ്മ കൈ ഓങ്ങി അടുത്തേക്ക് ചെന്നതും അവൾ ഒഴിഞ്ഞുമാറി..”
“മായേച്ചി എന്നെ പേര് വിളിച്ചാൽ മതിട്ടൊ എന്നേക്കാൾ മൂത്തതല്ലേ ചേച്ചി.” എന്ന് ഞാൻ പറഞ്ഞതും
“അയ്യോ അത് വേണ്ട ഞങ്ങൾ ഏടത്തിന്നെ വിളിക്കു ചില സമയത്ത് പ്രായത്തിന് മുകളിലാണ് ചിലർക്ക് നമ്മൾ മനസ്സിൽ കൊടുക്കുന്ന സ്ഥാനം. പിന്നെ ഞങ്ങടെ എട്ടൻ ഭയങ്കര മുൻ ദേഷ്യക്കാരനാണ് ഏടത്തി ഒന്ന് സൂക്ഷിച്ചോണേ.. ഒരു വട്ടം പറഞ്ഞ് മനസ്സിലാക്കിയിട്ടും ആ തെറ്റ് വീണ്ടും ചെയ്താൽ ചിലപ്പോൾ ആദ്യം തന്നെ അiടി കഴിക്കും.”
എന്ന് പറഞ്ഞതും ചേച്ചിയും സരിതയും പതിയെ പുറത്തേക്ക് നടന്നു. വല്ലാതെ അസ്വസ്ഥമായ മനസ്സുമായി നിൽക്കുമ്പോൾ ചെറുപുഞ്ചിരിയോടെ അമ്മ നൽകിയ ജ്യൂസ് ഗ്ലാസ്സ് കൈകളിൽ വാങ്ങാൻ ശ്രമിക്കുമ്പോൾ കൈയ്യിൽ നിന്നും പിടി വിട്ടു പോയതും താഴെ വീണുടഞ്ഞു.
ഉടഞ്ഞ ചില്ലുകളിൽ ഒന്ന് കാലിൽ തറഞ്ഞ് കയറി എന്ത് ചെയ്യണമെന്നറിയാതെ അമ്മയും ഒന്ന് പതറി പെട്ടന്ന് അകത്തേക്ക് കയറി വന്ന ശരത്തേട്ടൻപൊട്ടിയ ഗ്ലാസ്സിൻ്റെ ചില്ലുകൾ പെറുക്കി മാറ്റി തിരിയുമ്പോഴാണ് വേദനയോടെ കാലിൽ മുറുകെ പിടിച്ച് കുനിഞ്ഞ് നിൽക്കുന്ന എന്നെ കാണുന്നത്.
“കുറച്ച് മുറിഞ്ഞല്ലോ നോക്കട്ടെ..”
കാലിൽ തറഞ്ഞ് കയറിയ ചില്ല് ഏട്ടൻ പതിയെഎടുത്ത് മാറ്റുമ്പോൾ പുറത്തേക്ക് ഒഴുകിയ ചോiരയോടൊപ്പം എൻ്റെ കണ്ണുകളും നിറഞ്ഞു.
“താനെന്താടോ കൊച്ചു കുട്ടിയെപ്പോലെ താൻ വാ നമുക്കൊന്ന് ചെറുതായി ഡ്രസ്സ് ചെയ്തു കളയാം..”
പൊട്ടിയ മുറിവിലേക്ക് ബറ്റാഡിൻ തേച്ച് ചെറിയൊരു കെട്ടും കെട്ടി ഒന്ന് ചേർത്ത് പിടിച്ച് പറഞ്ഞു.
“ഇനി താൻ വന്ന് കയറിയ ദിവസം തന്നെ ഇങ്ങനെ പറ്റിയല്ലോ എന്നോർത്ത് സങ്കടപ്പെടണ്ടാട്ടോ എന്നു പറഞ്ഞ്”നെറുകയിൽ ഒന്ന് തലോടി ഒരു പുഞ്ചിരിയും സമ്മാനിച്ച് കുളിക്കാനായി കയറുമ്പോൾ. അപ്പുവും കുഞ്ഞുവും പാതി ചാരിയ വാതിലിനിടയിലൂടെ റൂമിലേക്ക് എത്തിനോക്കുന്നുണ്ട്. പിന്നിലായി ചേച്ചിമാരും അമ്മയും.
അവരെ ചേർത്ത് പിടിച്ച് പുറത്തേക്ക് നടക്കുമ്പോൾ അപ്പു പറഞ്ഞു “മാമൻ പാവാണ് ട്ടോ ഞങ്ങളോട് എന്ത് കൂട്ടാന്നറിയോ അമ്മ പറഞ്ഞതോർത്ത് ആൻ്റി വിഷമിക്കണ്ടാട്ടോ..”
വിവാഹം കഴിഞ്ഞ് നാലാംനാൾ വിരുന്നിന് കൂട്ടാനായി അച്ഛൻ വരുമ്പോൾ മനസ്സിൽ സന്തോഷത്തോടൊപ്പം സങ്കടവും അലയടിക്കുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയാൽ ചിറ്റമ്മ ഏട്ടനോട് എങ്ങനെയായിരിക്കും ഇടപെടുക എന്നുള്ളതായിരുന്നു മനസ്സിലെ പരിഭ്രമത്തിന് കാരണം.
വീട്ടിലെത്തിയതും ചിറ്റമ്മയോടൊപ്പം അടുക്കളയിൽ കരിപുരണ്ട പാത്രങ്ങളുമായി മൽപ്പിടുത്തം നടത്തുമ്പോൾ അകത്തേക്ക് വന്ന ഏട്ടൻ “നമുക്കൊന്ന് പുറത്തേക്ക് പോവണം താൻ പെട്ടന്ന് റെഡിയാവ്”എന്ന് പറഞ്ഞതും.
“നിങ്ങൾക്ക് വച്ച് വിളമ്പാൻ ഇവിടെ വേലക്കാരിയൊന്നുമില്ല” എന്ന് ചിറ്റമ്മ പറഞ്ഞതും.
“അതിന് ഞങ്ങൾക്കു വേണ്ടി ആരും ഒന്നും ഉണ്ടാക്കണമെന്നില്ലെന്ന്” പറഞ്ഞ് ദേഷ്യത്തോടെ എന്നെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോൾ ചിറ്റമ്മയുടെ കണ്ണുകളിലും കാണുന്നുണ്ടായിരുന്നു ആദ്യമായി ഒരു ഭയത്തിൻ്റെ നിഴലനക്കം.
സായന്തനത്തിൻ്റെ ചോപ്പിൽ ആഞ്ഞടിക്കുന്ന തിരമാലകൾക്കിടയിലൂടെ ഏട്ടൻ്റെ കൈകൾ മുറുകെപ്പിടിച്ച് വീടണയാൻ പറന്ന് പോകുന്ന പക്ഷികളേയും നോക്കി ഓരോന്നും പറഞ്ഞ് നടക്കുമ്പോൾ പലവട്ടം ചോദിക്കാൻ ശ്രമിച്ചിട്ടും കഴിയാതിരുന്ന ചോദ്യം ഏട്ടനോട് ചോദിച്ചു..
“എന്തിനാ അനിയത്തിമാരോട് ഇത്ര ദേഷ്യത്തിൽ സംസാരിക്കുന്നതെന്ന്.”
“ആവരു പറഞ്ഞോ ഞാൻ ഭയങ്കര ദേഷ്യക്കാരനാണെന്ന്.”
“പറഞ്ഞില്ല എനിക്ക് തോന്നിയതാണ്.”
“അത് അച്ഛൻ മരിച്ചതിനു ശേക്ഷം അവരുടെ ഏട്ടനും അച്ഛനും എല്ലാം ഞാനായിരുന്നു. ബീച്ചിലും തിയറ്ററുകളിലും ലോഡ്ജ്കളിലും വരെ കാമുകന്മാരോടൊപ്പം ഒരു മാസ്ക്കിനേയും ഷാളിനേയും ഹെൽമറ്റിനേയും കൂട്ടുപിടിച്ച് ശiരീരം പiങ്കുവച്ചും അല്ലാതെയും ചുറ്റിത്തിരിയുന്ന ഒരു പാട് പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട് എൻ്റെ ചില കൂട്ടുകാരോടൊപ്പം പോലും ഒരിക്കലും എൻ്റെ കൂടപ്പിറപ്പുകൾ അങ്ങനെ ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു അതിനെനിക്ക് ജീവിതത്തിൽ അവരോട് അല്പം പരുക്കനാ വേണ്ടി വന്നിട്ടുണ്ട് അല്ലാതെ അത് സ്നേഹക്കുറവുണ്ടായിട്ടല്ല കൂടുതൽ കൊണ്ടാണ്.. എൻ്റെ സ്നേഹം അതവർ പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് എൻ്റെ വിശ്വാസവും.”
പിറ്റേന്ന് അച്ഛനോടുംചിറ്റമ്മയോടും യാത്ര പറഞ്ഞ് ആ കൈകളിൽ തൂങ്ങി തിരികെ ഇറങ്ങുമ്പോൾ മനസ്സുകൊണ്ടോർത്തു പുറമെ പരുക്കനായി തോന്നുമെങ്കിലും മനസ്സിൽ ഒരു പാട് സ്നേഹമുള്ള ഒരാളെത്തന്നെ യാണല്ലോ ഈശ്വരൻ എനിക്ക് നൽകിയതെന്ന് ആ കൈകളിൽ ഒന്നു കൂടി മുറുകെ പിടിച്ച് അല്പം ഉച്ചത്തിൽ പറഞ്ഞു എൻ്റെ എൻ്റെ മാത്രം സ്നേഹമുള്ള സിംഹമാണെന്ന് അത് കേട്ടതും ആ മുഖത്ത് ഒരു പുഞ്ചിരി പതിയെ പൊട്ടി വിടരുന്നുണ്ടായിരുന്നു…