മുകളിൽ നിന്നും ഒരു അട്ടഹാസം, അത് ആ കാട്ടിൽ പ്രതിജ്വലിച്ചു കൊണ്ടിരുന്നു…അതൊരു പുരുഷന്റെ അട്ടഹാസം ആയിരുന്നു നായയുടെ ഓളിയിടൽ തുടർന്നുകൊണ്ടിരുന്നു,ശ്വാസം വിടാതെ ഞങ്ങൾ ചേർന്നു നിന്നു………

ബ്ലാക്ക് മാൻ

Story written by Sajith k mohan

അവസാനമായി പോയ ശബരിമല തീർത്ഥാടനം കഴിഞ്ഞു വരുന്ന വഴി ഏറ്റുമാനൂരിൽ നിന്നും, എടുത്ത ലോട്ടറിയിൽ അരുണേട്ടന് 50000/- രൂപ പ്രൈസ് അടിച്ചു, അന്ന് നാട്ടിലെത്തി മാലയൂരി, പിറ്റേന്ന് അരവണയും അപ്പവും എല്ലാം പല വഴിക്കായി എത്തിച്ച ശേഷം, നോലുമ്പ് മുറിക്കൽ എന്നൊരു കലാപരിപാടി ഉണ്ടായിരുന്നു, അത് മുഴുവൻ അരുണേട്ടന്റെ വകയായിരുന്നു, ഞങ്ങൾ ഒരു 13 പേര് രാത്രി ഏഴു മണിയോട് കൂടി പാടത്ത് എത്തി, നല്ല നിലാവ് ഉണ്ടായിരുന്നു, അഞ്ച് കിലോ ചിക്കൻ വാങ്ങി, ഡ്രിൽ ചെയ്യാനുള്ള തയ്യാറെടുപ്പ്, മദ്യപിക്കുന്ന വർക്ക് മദ്യം ചിലർക്ക് ബീർ, കുടിക്കാത്തവർക്ക് 7up ഉണ്ടായിരുന്നു, എനിക്കൊരു ബീർ കുടിക്കാൻ ചെറിയൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, എന്റെ പാപ്പനും, പിന്നെ മുതിർന്നവർ പലരും ആക്കൂട്ടത്തിൽ ഉള്ളത് കൊണ്ട് തന്നെ, ഞാൻ എന്റെ ആഗ്രഹം ഉള്ളിൽ വെച്ചു, ചിക്കൻ ഡ്രിൽ ചെയ്യാനുള്ള കനൽ ഒരുക്കിയത് ഞാനും എന്റെ ഫ്രണ്ട്സും,

അരുണേട്ടനും മദ്യപിക്കില്ല, അരുണേട്ടൻ നന്നായി പാചകം ചെയ്യും അരുണേട്ടന്റെ വീട്ടിൽ മലർപൂജക് പോയപ്പോ, അരുണേട്ടൻ തന്നെയാണ്, പുട്ടും കടല കറിയും ഉണ്ടാക്കിയത്, ആ രുചി ഇപ്പോഴും നാവിൽ ഉണ്ട്,

അരുണേട്ടൻ തന്നെ മുൻകൈ എടുത്ത് ചിക്കൻ ഓരോന്നായി ഡ്രിൽ ചെയ്തു തുടങ്ങി, പൊറാട്ടയും പത്തിരിയും പുറത്ത് നിന്നും ആരോ പോയ്‌ കൊണ്ട് വന്നു അപ്പോഴേക്കും,

മുതിർന്നവർ മദ്യം ഒഴിച് അടി തുടങ്ങി, അവരാണ് ആദ്യം ചിക്കൻ രുചി നോക്കിയത്, എന്റെ പാപ്പൻ പറയുന്നുണ്ടായിരുന്നു,

’50 ദിവസം മദ്യോം മാംസോം ഇല്ലാണ്ട് കഴിഞ്ഞതല്ലേ അത് കൊണ്ടാണെന്ന് തോന്നുന്നു, ഒരു ചവർപ്പ് ഒരു മടുപ്പ് “

” മനുവേട്ടൻ ഉടനടി മറുപടി കൊടുത്തു ,ഫസ്റ്റ് പെഗ്ഗ് എപ്പോഴും ചവർപ്പല്ലേ ഷനിലേട്ടാ ” മനുവേട്ടനും പാപ്പനും ഒരുമിചാണ് തേപ്പിനും പടവിനും പോകുന്നത്,

ഇക്കൂട്ടത്തിൽ ഞങ്ങളെ കൂട്ടിയത് പാപ്പന് തീരെ പിടിച്ചിട്ടില്ല, എന്നോട് കുറച്ച് ഗൗരവത്തോടെ പറഞ്ഞു, കഴിച്ചിട്ട് വേഗം വീട്ടിൽ പൊയ്ക്കോ ട്ടാ, മഞ് കൊണ്ട് വല്ല പനിയും വരും, ഞാൻ മനസ്സിൽ പറഞ്ഞു ” പിന്നെ നിങ്ങൾക്കൊന്നും വരാത്ത പനി എനിക്ക് മാത്രം എങ്നാ വരുക ” അവസാനത്തെ ചിക്കൻ പീസും ഡ്രിൽ ചെയ്ത ശേഷം അരുണേട്ടൻ പറഞ്ഞു,

‘ഫുഡ് റെഡി ‘ അപ്പോഴേക്കും മദ്യം ആക്കൂട്ടത്തിലെ കലാകാരൻമാരെ ഉണർത്തി,നാടൻപാട്ടും, ഡാൻസ് ഉം ഒക്കെ തുടങ്ങിയിരുന്നു,ചിവീടിന്റെയും തവളയുടെയും തട്ടുപൊളിപ്പൻ ബാഗ്രൗണ്ട് മ്യൂസിക്കും,

ഞങ്ങൾ ഇല്ല പൊട്ടിച് കഴുകി വൃത്തി ആക്കി, വട്ടത്തിൽ ഇരുന്നു,ചിക്കനും, പൊറാട്ടയും 7up ഉം വെച്ച് ഞങ്ങൾ നല്ലൊരു പിടുത്തം പിടിച്ചു, അരുണേട്ടന്റെ ചിലവാണേലും വയറു നമ്മടെ അല്ലേ, വയറ് പൊട്ടും എന്നായപ്പോൾ ഞാൻ നിർത്തി!പാപ്പൻ എന്നെ തിരയുന്നുണ്ട്, പാവത്തിന് കണ്ണ് പിടിക്കുന്നില്ല, ഞാൻ പതുക്കെ വിളിച്ചു, പാപ്പോയ്, ഇവടെ, ഇവടെ, കാലമർത്തി ആടി ആടി പാപ്പൻ എന്റടുത്തു വന്ന് ചെവിയിൽ പറഞ്ഞു,

“നന്ദുട്ടാ മേമ ചോദിച്ചാൽ, ഇവടെ ഫുഡ്‌ മാത്രേ ഉണ്ടായിരുന്നുള്ളു എന്ന് പറയണം, എന്ത് പറയണം?”

ഫുഡ്‌ മാത്രേ ഉണ്ടായിരുന്നുള്ളു, കള്ളൊന്നും ഉണ്ടായിരുന്നില്ല എന്ന് പറയണം ” ഞാൻ ട്രയൽ കാണിച്ചു

പാപ്പൻ എന്റെ ഷോൾഡറിൽ തട്ടി പറഞ്ഞു

, വെൽഡൺ മൈ ബോയ്,അങ്ങ്നെ തന്നെ “ഒരു സംശയോം തോന്നിപ്പിക്കരുത്, ” മേമേടെ സ്വഭാവം അറിയാലോ “

“ഏയ്യ് ഞാനായിട്ട് കുളമാക്കില്ല, പാപ്പൻ കുളമാക്കും ഇങ്ങ്നെ ആണേൽ,”

“ആ പോ, പോ, ഫോണിൽ വെളിച്ചം ഇല്ലേ അത് അടിച് പൊക്കോ,” പാപ്പന്റെ മുണ്ട് പോയിരിക്കുന്നു

പാടം കേറി കുറച്ച് നടക്കാനൊള്ളു എന്റെ വീട്ടിലേക്ക്, എന്റെ കൂടെ നിഖിലും, ഹരിയും,ശ്രീക്കുട്ടനും, അരുണേട്ടന്റെ അനിയൻ അമലും ഒക്കെ ഉണ്ടായിരുന്നു ഞങ്ങളുടെ വീടൊക്കെ അടുത്തടുത്ത് തന്നെയാണ്, നാളെ സ്കൂളിൽ പോണ്ട കാര്യം പറഞ്ഞ് ഞങ്ങൾ വരമ്പിലൂടെ വരി വരിയായ് നടന്നു, വയറു നിറഞ്ഞത് കൊണ്ട് നടക്കാനും വയ്യ!

അമൽ പറയുന്നുണ്ടായിരുന്നു, അരുണേട്ടൻ ഒരു ബൈക്ക് എടുക്കുന്നുണ്ട് എന്ന്, പുതിയത് അല്ല, അങ്ങാടിയിൽ ഉള്ള പഴയ വണ്ടികളുടെ ഷോറൂമിൽ ഒന്ന് കണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു,ഞങ്ങൾ 4 പേരും പ്ലസ്-ടു കൊമേഴ്‌സ് ആണ്, അമൽ 9ലും, അരുണേട്ടൻ അങ്ങാടിയിൽ tv റിപ്പയറിങ് ആണ്, അരുണേട്ടന് എന്നും പോയ്‌ വരാനാവും ബൈക്ക്, എന്റെ മനസ്സിലും ഒരു ബൈക്ക് ഉണ്ട്, അത് പൾസർ ആണ്, എന്നെങ്കിലും എടുക്കുവാണേൽ പൾസർ എടുക്കണം, ഞാൻ ആഗ്രഹം ഒന്നൂടെ ഉറപ്പിച്ചു!

ഞങ്ങൾ പാടം കയറിയതും അവശനായി, ഇനിയുള്ളത് കാട് പോലൊരു വഴിയാ ആകെ മരങ്ങൾ ആയത് കൊണ്ട്, നിലാവെളിച്ചം ഇല്ല, ഇപ്പോഴാണ് ഫോണിലെ ഫ്ലാഷ് വെളിച്ചം ആവശ്യമായത്… കൂട്ടത്തിൽ എന്റെ കയ്യിൽ മാത്രേ ഫോൺ ഒള്ളൂ, അത് കൊണ്ട് ഞാൻ മുൻപിൽ നടക്കണം,

ഞാൻ ആവോളം ധൈര്യം സംഭരിച്ചു തന്നെയാണ് നടക്കുന്നത്, ഫ്ലാഷ് വെളിച്ചത്തിൽ വഴി ശെരിക്ക് കാണാത്ത അവസ്ഥയാ, നായയുടെ ഒളിയിടലും, ചിവീടുകളുടെ Dtx സൗണ്ട് ഉം,, വൈകീട്ട് കുറച്ച് നേരം കണ്ട ആകാശഗംഗ സിനിമ പെട്ടെന്ന്… മനസ്സിൽ ഒന്ന് വന്നു, ഞാൻ എന്തേലും പറഞ് ഇനി ആ കാര്യം ചർച്ച ചെയ്ത് കൂടുതൽ പേടിക്കണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല,..

പണ്ട് പാടത്തോട്ട് ഇങ്നൊരു വഴി ഇല്ലായിരുന്നു,പൊന്ത വെട്ടി പാപ്പനും ടീമും കള്ള് കുടിക്കാൻ പോയി പോയി വഴിയായത് ആണ്, ഇപ്പോ ഇത് വഴിയാണ് എല്ലാവരും പാടത്തേക് വരാറുള്ളത്, വരമ്പിലൂടെ ഉള്ള നടത്തം പോലെ തന്നെ വരി വരിയായെ നടക്കാൻ പറ്റൊത്തൊള്ളൂ അത്രയും ഇടുങ്ങിയ വഴി,ഇരുട്ട് എത്ര ഭയാനകം ആണ്, എന്റെ മനസ്സ് ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടാൻ തുടങ്ങുമ്പോൾ ഞാൻ കഷ്ടപ്പെട്ട് നിയന്ത്രിക്കുന്നുണ്ട്, ഇനിയുള്ളത് ഒരു പാല ചോട് ആണ്, അവിടെയുള്ള ഒരു മണത്തെ പറ്റി അരുണേട്ടൻ പറയാറുണ്ട്, പാല പൂത്ത മണം

“യക്ഷി വല്ലതും ഉണ്ടാകുവോടാ “

ആ ചോദ്യം അപ്രതീക്ഷിതവും, എന്നെ സ്തംപിപ്പിക്കുന്നതും ആയിരുന്നു, പുറകിൽ നിന്നാണ്, നിഖിൽ,

പുറകിൽ നടക്കാൻ പേടിയുണ്ട് ഇത്ര നേരം ഞാൻ പുറകിൽ നടന്നില്ലേ എന്ന് കൂടെ അവൻ കൂട്ടി ചേർത്തപ്പോൾ, ഞാൻ സമ്പരിച്ച ധൈര്യം തേല്ലോളം ബാക്കി യില്ലാതെ, ചോർന്നു പോയി എന്ന് മാത്രമല്ല, എന്റെ ഉള്ളിലെ ഭയം ഇരട്ടി ആയി

“ഒന്ന് മിണ്ടാതെ നടന്നെ, യക്ഷി ഒക്കെ സങ്കല്പം ആണെടാ “

എന്ന് ഞാൻ പറഞ്ഞു തീർക്കും മുൻപേ ഒരു ശബ്ദം ഞങ്ങളുടെ ചെവിയിൽ വന്നിടിച്ചു! തെങ്ങിന്റെ മുകളിൽ നിന്നും ഒരു അട്ടഹാസം, അത് ആ കാട്ടിൽ പ്രതിജ്വലിച്ചു കൊണ്ടിരുന്നു… അതൊരു പുരുഷന്റെ അട്ടഹാസം ആയിരുന്നു നായയുടെ ഓളിയിടൽ തുടർന്നു കൊണ്ടിരുന്നു, ശ്വാസം വിടാതെ ഞങ്ങൾ ചേർന്നു നിന്നു, പിന്നെ അത് കേട്ടില്ല, ഹരിയും ശ്രീകുട്ടനും വേറെ വഴി ഓടി, ഞങ്ങൾ വീടെത്തും വരെ തിരിഞ്ഞു നോക്കാതെ ഓടി,

അച്ഛനും അമ്മയും, മേമയും അമലിന്റെ അച്ഛനും, അമ്മയും,നിഖിലിന്റേ അച്ഛനും അമ്മയും എന്റെ ഉമ്മറത്ത് ഉണ്ടായിരുന്നു,അവരുടെ കയ്യിൽ വടി യും, വെട്ട് കത്തിയും ഒക്കെ ഉണ്ട്, ഞങ്ങളെ അടിക്കാനാണോ,…ഏയ്യ് കുറേ ആയിട്ട് ഇപ്പോ അടിക്കാറൊന്നും ഇല്ല,

ഞങ്ങൾ ഓട്ടം പതിയെ നടത്തത്തിലേക്ക് തന്നെ കൊണ്ട് വന്നു!

“എന്ത് സർക്കീട്ട് ആട ഇത്, മണി 10 ആയി” അമലിന്റെ അച്ഛൻ, ഒന്ന് കടുപ്പത്തിൽ ചോദിച്ചു,..

“ഒരു കള്ളൻ ഇറങ്ങീണ്ടെടാ, അമലിന്റെ അമ്മ കണ്ടത്രെ “എന്റമ്മ , വിറയലോടെയും വെപ്പ്രാളത്തോടെയും പറഞ്ഞു നിർത്തി,

“എടാ അമലുട്ടാ, മ്മടെ ജനലിൽ വന്നു കൊട്ടി, വിറകുപുരയുടെ അങ്ങോട്ട് ഓടി, അവിടെക് അച്ഛനെയും വിളിച്ചു പോയപ്പോൾ, അവിടെ നിന്ന് തേങ്ങിലേക്ക് ഓടി കയറി, ടോർച് അടിച്ചു നോക്കിയപ്പോൾ അടുത്ത തേങ്ങിലേക്ക് ചാടി, എന്തൊരു ജാതി കള്ളനാ …”

“ഇത് കള്ളൻ ഒന്നും അല്ല ട്ടാ, വേറൊന്തോ ടൈപ്പാണ്, ആറ് ആറരടി പൊക്കം വരും, പോത്തിനേക്കാൾ കറുപ്പ് നിറവും, നല്ല ആരോഗ്യവും, പിന്നെ ഓന്റെ ഓട്ടം കാണുമ്പോ ഓന്റെ കാലിമ്മേ എന്തോ സ്പ്രിംഗ് ഇണ്ട് തോന്നിന്, കുതിര ചാടുന്ന പോലെയാ ചാടിർന്നത്,അമലിന്റെ അച്ഛൻ തുടർന്നു…”

ഞങ്ങൾ തരിച്ചു നിൽപ്പാണ്,

“തെങ്ങിന്റെ മേലെന്ന് എങ്ങ്നെടോ അപ്പറത്തെ തെങ്ങിമ്മക്ക് ചാടാൻ പറ്റുവാ…” എന്റച്ഛൻ ആശ്ചര്യത്തോടെ,..ചോദിച്ചു

പെട്ടെന്ന് ആ അട്ടഹാസം ശ്രീ കുട്ടന്റെ വീടിന്റെ ഭാഗത്തു നിന്നായി കേട്ടു,…
അച്ഛന്മാർ അങ്ങോട്ട് ഓടി,…

ഓടുമ്പോ എന്റച്ഛൻ പറയുന്നുണ്ടായിരുന്നു, “വാതിലടച്ച് ഉള്ളിൽ ഇരുന്നോ “ന്ന്,

അമലിന്റെ അച്ഛനും പറഞ്ഞു, പെണ്ണുങ്ങൾക്ക്, ഒരു ധൈര്യത്തിന് ഞങ്ങളോട് അവടെ ഇരിക്കാൻ

ഞങ്ങൾ എല്ലാവരും എന്റെ വീടിനകത്തു കയറി വാതിലടച്ചു,
വരുമ്പോൾ ഉണ്ടായ അനുഭവം ഞങ്ങൾ പറഞ്ഞു,…

“ആഹ്, ഇത് തന്നെ മക്കളെ അത്, വല്ല മാജിക്‌ കാരൻ ആണാവോ ഇനി, ഇക് ഇന്റെ വിറ ഇപ്പഴും മാറീല്യ, ആപത്ത് ഒന്നും വരുത്തല്ലേ, ചക്കുള്ളമ്മേ…”

അമലിന്റെ അമ്മ എരും പുളിം ചേർത്ത് പറയുന്നത് കേട്ട് എന്റമ്മയും നിഖിൽ ന്റെ അമ്മയും തരിച്ചിരിക്കയാണ്, ഞങ്ങൾക്ക് പേടി ഉള്ളിൽ ഉണ്ടെങ്കിലും, അങ്ങോട്ട് ഒന്ന് ആണുങ്ങ്ൾടെ കൂട്ടത്തിൽ പോയി നോക്കാൻ ഒരു ആവേശം ഒക്കെ തോന്നി,…

“അല്ലെടാ, പാപ്പൻ എവടെ നന്ദുട്ടാ, ” മേമയുടെ ചോദ്യം

“പാപ്പൻ പാടത്ത് ഇണ്ട്, ഫുഡ്‌ അടി മാത്രോള്ളു അവടെ,”

മേമക്കെന്തോ മനസിലായിരിക്കുന്നു എന്ന് നോട്ടത്തിൽ നിന്നെനിക് മനസിലായി, ശേ കുളമാക്കിയോ ഞാൻ..ഈ വെപ്രാളത്തിൽ അങ്ങ്നെ അങ് പറഞ്ഞു പോയതാ ….

“സ്വർണ്ണം ഒക്കെ കിടക്കുമ്പോ അലമാരയിൽ വെച്ചോ ട്ടാ, ലതെ, ” കഴുതറത്ത് കൊണ്ട് പോണ സാധനം ഒക്കെ ആവും ചിലപ്പോ ” നിഖിന്റെ അമ്മ, അമലിന്റെ അമ്മയോട്,..എന്റമ്മയുടെ മാല പണയത്തിൽ ആയത് കൊണ്ട് എന്റമ്മക്ക് ആ പേടി വേണ്ട,

ഞങ്ങൾ ജനലിലൂടെ നോക്കിയപ്പോൾ, പോയവരൊക്കെ തിരിച്ചു വരുന്നുണ്ട്, അവരുടെ കൂടെ അങ്ങാടിയിൽ മീൻ കച്ചോടം നടത്തുന്ന സുലൈമാൻക്കയും ഉണ്ട്, ഞങ്ങൾ കേൾക്കാനായി പറഞ്ഞു

“ഇബൻ ഇഞ് ഇബടെ കൊർച് ദിവസം ഇണ്ടാവും, അപ്പർത്തെ പഞ്ചായത്തിലൊക്കെ ഒക്കെ ഇബൻ ആകെ വെറപ്പിച്ചതല്ലേ, ഇബനെ പിടിക്കാൻ ഒന്നും പറ്റൂല,കൊർച്ചീസം തലവേന ആവും, പിന്നെ അങ്ങട് പൊയ്ക്കോളും,”

എല്ലാവരും സുലൈമാൻക്ക പറയുന്നതും കേട്ട് അന്താളിച് നിക്കേണ്,

“അന്നോട് ആരാ പറഞ്ഞത്, “അമലിന്റച്ഛൻ ചോദിച്ചു

“ഞങ്ങൾ മീൻകാർക്ക് എല്ലാ കഥയും കിട്ടും, ഇബന്റെ പേര് “ബ്ലാക്ക് മേനോൻ “എന്നാണ്,…

മേനോനോ?? എന്റെ മേമക് ഒരു കൺഫ്യൂഷൻ,

” Black man ” എന്നാവും ചിലപ്പോ ഞാൻ തിരുത്തി

സുലൈമാൻക്ക : ഐവ അത് തന്നെ “Black Man “

എനിക്ക് കുറച്ച് അഭിമാനം തോന്നി എന്നോട്, അമലും നിഖിലും എന്നെ നോക്കുന്നുണ്ടോ എന്ന് ഞാൻ നോക്കി,

“ഓൻ അത്ര കുഴപ്പകാരനല്ല, ന്ന കൊർച് തലവേന ഇണ്ടാക്കുന്ന ഒരു സ്വഭാവകാരൻ ആണ്, പേടിപ്പിക്കൽ ആണ് ഓന്റെ പണി, കക്കലും പിടിച്ചു പറീം ഒന്നും ഇല്ല, എന്തായാലും,ഒന്ന് കരുതി ഇരുന്നോളി എല്ലാരും, ഓൻ ഒരാഴ്ച എന്തായാലും നന്നായി ഒന്ന് പേടിപ്പിക്കും “”അതും പറഞ്ഞ് സുലൈമാൻ ക്ക നടന്നു പോയ്‌ ….

” കുറച്ചപ്പുറത്ത് നിന്ന്, ആ അട്ടഹാസം കേൾക്കുന്നുണ്ടായിരുന്നു “….

അന്നെങ്ങിനെയൊക്കെയോ ഉറങ്ങി ഞങ്ങൾ….

രാവിലെ പാപ്പൻ നിക്കറും ഇട്ട്പാലച്ചോടിനടുത്ത് ബോധം പോയ്‌ കിടക്കുന്നുണ്ടായിരുന്നു….നന്നായി പേടിച്ചിട്ടുണ്ടാവണം, ആന വന്നാൽ മുട്ട് വിറക്കാത്ത പാപ്പന…

Leave a Reply

Your email address will not be published. Required fields are marked *