മുഖം തരാതെ ശ്രദ്ധിക്കാതെ അവൾ നടന്നു നീങ്ങിയപ്പോൾ നിർവികാരമായ ആ മിഴികൾ എന്നെ അത്ഭുതപ്പെടുത്തി. കൂട്ടുകാരിയും മകളും അകത്തേക്ക്…..

അവൾ

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഡോക്ടറുടെ റൂമിനു വെളിയിൽ പേര് വിളിക്കുന്നതിനായി ഉള്ള കാത്തിരിപ്പ് അതിനോളം മുഷിച്ചിൽ വേറൊന്നുമില്ല. നമുക്കാണെങ്കിലും വേറൊരാൾക്ക് കൂട്ടു പോകുന്നതായാലും അറുബോറൻ ഏർപ്പാടാണ്. സ്വയം പിറുപിറുത്തു മുമ്പിലെ ടീപ്പോയിൽ കിടന്ന മാഗസിനുകളിൽ ഓരോന്നായി എടുത്തു വായിക്കാൻ തുടങ്ങി.

ജെസ്സി ഫ്രാൻസിസ് നഗരത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ് ആണ്, മാത്രല്ല എന്റെ ബെസ്റ്റ് ഫ്രണ്ടും. മിക്കവാറും ഞങ്ങൾ സായന്തനങ്ങളിൽ ഒരുമിച്ചു കൂടാറുണ്ട്. പക്ഷേ ഇന്ന് അത്യാവശ്യമായി ഒരു സുഹൃത്തിനൊപ്പം അവളുടെ കൗമാരക്കാരിയായ മകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വരേണ്ടിവന്നു. പെട്ടന്ന് പറഞ്ഞതു കൊണ്ട് ടോക്കൺ നാല് ആണ് കിട്ടിയത്. മൂന്നാം നമ്പർ ആൾക്കാർ ഇതുവരെ ഇറങ്ങിയിട്ടില്ല. നേരം അരമണിക്കൂറിൽ ഏറെയായി.

എന്തുവാ ജെസ്സി അവിടെ എന്ന് ചോദിച്ചു whts upil ഒരു മെസ്സേജ് സെൻറ് ചെയ്യാൻ വരെ തോന്നി പോകുന്നു. എങ്കിലും ക്ഷമിച്ചിരുന്നു എല്ലാത്തിലും വലുത് ഡ്യൂട്ടി ആണ് ശല്യപ്പെടുത്തുന്നത് തെറ്റാണ്. ഒരു കോളേജ് ലെക്ചർ ആയ ഞാൻ അവളെ മനസി ലാക്കാൻ ശ്രമിച്ചു.

പെട്ടന്ന് ഡോർ തുറന്നു ഒരു യുവതിയും പുരുഷനും ഇറങ്ങി. ഭാര്യയും ഭർത്താവും ആണെന്ന് തോന്നുന്നു. ഞങ്ങൾ അകത്തേക്കും അവർ പുറത്തേക്കും പോകുന്നതിനിടക്ക് അറിയാതെ എന്റെ ഹാൻഡ് ബാഗ് ആ കുട്ടിയുടെ കയ്യിൽ തട്ടി. സോറി പറയാൻ തിരിഞ്ഞപ്പോൾ ആണ് ആ മുഖം ശ്രദ്ധിച്ചത്,,’ സിയാന’.

മുഖം തരാതെ ശ്രദ്ധിക്കാതെ അവൾ നടന്നു നീങ്ങിയപ്പോൾ നിർവികാരമായ ആ മിഴികൾ എന്നെ അത്ഭുത പ്പെടുത്തി. കൂട്ടുകാരിയും മകളും അകത്തേക്ക് കയറിയതിനാൽ പുറകെ കയറാൻ നിര്ബന്ധിതയാവുമ്പോഴും സിയാന എന്നെ നൊമ്പരപ്പെടുത്തി.

അന്നുരാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ ഓർമ്മകൾ ഒത്തിരി പുറകോട്ടു പോയി…

യൂണിവേഴ്സിറ്റി ക്യാമ്പസ്സിന്റെ മരച്ചോട്ടിൽ ഒറ്റക്കിരിക്കുന്ന സിയാന. കയ്യിൽ ഒരു പേപ്പറും പേനയും. ഒരു കോഫി കുടിച്ചു ഫ്രണ്ട്സിനൊപ്പം തിരിച്ചു വരുമ്പോൾ ശിൽപം പോലുള്ള ഇരിപ്പു എന്നെ അവളുടെ അടുത്തെത്തിച്ചു.

സിയാന.

ഗുഡ് ഈവെനിംഗ് മാം.

എന്തേ ഇവിടെ വന്നു ഒറ്റക്കിരിക്കുന്നു.

എയ് ഒന്നുമില്ല. ചുമ്മാ ബോറടിച്ചപ്പോൾ വന്നിരുന്നതാണ്.

ബോറടിക്കുന്നോ ?ഇന്നത്തെ സെമിനാറുകളിൽ ഒന്നും പങ്കെടുത്തില്ലേ സിയാന ?

എന്ത് സെമിനാർ, ശില്പശാല മാഡം.

അതെന്താ സിയാന എല്ലാർക്കും ഇഷ്ടമുള്ള ടോപ്പിക്ക് അല്ലെ സ്ത്രീ ശാക്തീകരണം,സ്ത്രീ സ്വാതന്ത്ര്യം, സുരക്ഷ ഒക്കെ.

കഴിഞ്ഞ ദിവസമുണ്ടായ അതിക്രൂ രമായ ഒരു മാ നഭം ഗക്കൊലക്കു എതിരെ ക്യാമ്പസ്സിന്റെ പ്രതിഷേധം തീജ്വാലകളായി അന്തരീക്ഷത്തിൽ അലയടിക്കുന്നു.

ആവർത്തിച്ചു പറഞ്ഞും പങ്കുവെച്ചും മടുത്തതല്ലാത്ത ഒരു ആശയമോ വ്യത്യസ്തമായ ചിന്തകളോ അവിടെ കേൾക്കുന്നില്ല മാഡം. പുരുഷൻ എന്നൊരു മറയെ മുൻ നിർത്തി ചുമ്മാ ശരങ്ങൾ എയ്യുന്നു. മടുത്തപ്പോൾ ഞാൻ എഴുന്നേറ്റു പോന്നു അതിലെത്ര സുഖമുണ്ട് ഈ ഏകാന്തതക്കും വീശുന്ന ഇളംകാറ്റിനും.

മാഡത്തിനറിയുമോ സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീ തന്നെ യാണ്. കുഞ്ഞുനാളിൽ പാവാട ഞൊറികൾക്ക ടിയിലൂടെ സ്വകാ ര്യത്തിലേക്കു നീണ്ട പുരുഷന്റെ കൈകളെ തട്ടിയെറിഞ്ഞു സുരക്ഷക്കായി ഓടി മാതാവിന്റെ കരങ്ങളിൽ അഭയം പ്രാ പിക്കുമ്പോൾ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്തു അവര് ചെവിയിൽ മന്ത്രിക്കുന്നത് മോളെ ന്റെ പൊന്നുമോൾ ഇതാരോടും പറയരുതെന്ന് മാത്രമാണ്. അമ്മയുടെ കണ്ണിൽ നിന്നും പൊഴിയുന്ന കണ്ണീർ അന്നുതൊട്ട് അവളെ പൊള്ളിക്കുന്നു ഓർപ്പിക്കുന്നു എല്ലാം ഒതുക്കി വെക്കാൻ, പ്രതികരിക്കാതിരിക്കാൻ, പരാതി പറയാതിരിക്കാൻ.

പിന്നെ അങ്ങോട്ട്‌ നിശ്ശബ്ധമായ സഹനങ്ങളുടെയും അനിവാര്യമാക്കി വെച്ചിരിക്കുന്ന അടിച്ചമർത്തലുകളുടെയും തുടർ കഥ. ഇടയ്ക്കിടെ ഉയരുന്ന ആത്മരോഷം അറിയാതെ ശബ്ദങ്ങൾ ആവുമ്പോൾ അഹങ്കാരി എന്ന ഒറ്റപദത്തിൽ എന്നെന്നേക്കുമായുള്ള തളച്ചിടൽ.

കൊള്ളാലോ സിയാന ഇതൊക്കെ ഉറക്കെ പറഞ്ഞുകൂടേ. പൊതുചർച്ചയിൽ നമുക്ക് നല്ലൊരു ടോപ്പിക്ക് ആരുന്നല്ലോ.

ഉറക്കെ പറയാനുള്ള പ്രവണത മുളയിലേ നുള്ളിയിട്ടു പെണ്ണാണ് പതിയെ സംസാരിക്കാൻ പഠിപ്പിച്ചതും സ്ത്രീ തന്നെ. അങ്ങനെ ഇപ്പോഴും പറഞ്ഞു പഠിക്കുന്ന ഒരു സമൂഹത്തോട് എനിക്കൊന്നും പങ്കു വെക്കാൻ ഇല്ല മാഡം.

സിയാന എന്നെ വിസ്മയിപ്പിക്കുകയായിരുന്നു. പി ജി മലയാളം ഒന്നാം വർഷ വിദ്യാർത്ഥിനീ. എന്റെ സ്റ്റുഡന്റ്. അവൾ വ്യത്യസ്ത ആയിരുന്നു. തന്റേടമുള്ളവൾ.

അടുത്ത വർഷം അവളുടെ കല്യാണം കഴിഞ്ഞു. കോഴ്സ് അവസാനിക്കുന്നതിനു തൊട്ടു മുമ്പുള്ള ക്ലാസ്സുകളിൽ ഒത്തിരി മൂഡ് ഓഫ്‌ ആയി അവളെ കണ്ടപ്പോൾ വിഷമം തോന്നി. എന്ത് പറ്റി സിയാന എന്ന് ചോദിച്ചപ്പോൾ മറുപടി അവ്യക്തമായിരുന്നു.

ആവുന്ന പണിയെല്ലാം ചെയ്തു ഓടിയിറങ്ങുമ്പോൾ നേരമില്ലാത്തത് കൊണ്ടു മാത്രം ഉപേക്ഷിക്കുന്ന ചോറ്റുപാത്രം കല്യാണത്തിനുമുമ്പ് ജീവിച്ച ജീവിതം സ്വർഗം ആരുന്നെന്നു ഓർപ്പിക്കുന്നില്ല എങ്കിലും പുറകെ കേൾക്കുന്ന ചെയ്യാത്ത വീട്ടുപണികളുടെ കണക്കും കുത്തുവാക്കുകളും മനസ് വല്ലാതെ മടുപ്പിക്കുന്നു. അമ്മ തന്നിരുന്ന ചെറിയ അസ്വാതന്ത്ര്യത്തിന്റെ വിലക്കുകൾ ഇന്നുള്ള തടവറയുടെ കരിങ്കൽ ഭിത്തികളെക്കാൾ മാർദവമുള്ളതരുന്നു.

കടിഞ്ഞാൺ അമ്മയിൽ നിന്നും അമ്മായിഅമ്മയിലെത്തിയപ്പോൾ കണ്ണീരും നഷ്ടസ്വപ്നങ്ങളും ഏകാന്തതയിൽ കൂട്ടായി മാഡം.

ഞാൻ ഒന്നും പറഞ്ഞില്ല കവിളിൽ മെല്ലെ തട്ടി കടന്നുപോയി.

പിന്നീട് പരീക്ഷ റിസൾട്ട്‌ വന്നപ്പോൾ ക്ലാസ്സ്‌ topper ആയി എന്നെ അത്ഭുത പെടുത്തിയവളെ അഭിനന്ദിക്കാൻ അരികിൽ ചെന്നപ്പോൾ അവൾ പറഞ്ഞത് ഈ വിജയം ഞാൻ നേടിയതല്ല എനിക്കു പഠിക്കാൻ വിലക്കേർപ്പെടുത്തിയ, സമയം തരാതെ കുത്തുവാക്കുകൾ കൊണ്ടു ശല്യപ്പെടുത്തിയ, എനിക്കു ചുറ്റുമുള്ള സമൂഹത്തിനു മധുര പ്രതികാരം മാത്രമാണ്. ഇനി ഞാൻ പഠിക്കില്ല. ജോലിക്കും പോകില്ല. അതിനൊന്നും അവര് സമ്മതിക്കില്ല. എന്റെ ചിറകുകളിൽ തറച്ച അവസാന ആണികൾ ആണ് ഈ വിജയം.

അതുപറയുമ്പോൾ അവളിലൊരു വന്യഭാവമരുന്നു കണ്ണുകൾ നിറഞ്ഞില്ല പകരം കത്തുന്ന പോലെതോന്നി.

ഇന്ന് അവൾ ആ കണ്സൽറ്റിങ് റൂമിൽ വന്നതെന്തിന് എന്നെനിക്കു മനസിലാക്കാൻ ഒരന്വേഷണത്തിന്റെ ആവശ്യം ഇല്ലെങ്കിലും വെറുതെ ജെസ്സിയോട് തിരക്കി എന്തായിരുന്നു ആ കുട്ടിയുടെ പ്രശ്നം. ഉത്തരം പ്രതീക്ഷിച്ചതു തന്നെ ഡിപ്രെഷൻ.

ആകാശം മുട്ടെ ഉയരാൻ കൊതിക്കുന്ന ഒരു പക്ഷിയെ കൂട്ടിലിട്ടു സർവവും നൽകിയാൽ അവൾ പാടുമോ ?

ഇല്ല എന്നെല്ലാർക്കും അറിയാം എങ്കിലും പിന്നെന്തിനാണ് മക്കൾക്ക്‌ പറഞ്ഞുകൊടുക്കാൻ, വീട് വെടുപ്പാക്കാൻ, നല്ല ഒരു കുടുംബിനിയായി അടുക്കളയിൽ ഒതുക്കാൻ ഒക്കെ വേണ്ടി മാത്രം ഉയർന്ന വിദ്യാഭ്യാസം ഉള്ള പെൺകുട്ടികളെ മരുമകളാക്കാൻ, ഭാര്യയാക്കാൻ എനിക്കു ചുറ്റുമുള്ളവർ മത്സരിക്കുന്നത്?

സാമ്പത്തികമില്ലായ്മയും മറ്റുകുറവുകളും അവരെ നിങ്ങൾക്കു അടിമകളായി നേടിത്തരുമ്പോൾ അകത്തേ അലമാരകളിലെ ചിതലരിക്കുന്ന സെർട്ടിഫിക്കറ്റുകൾ പ്രാകുന്നത് നിങ്ങൾ കേൾകാത്തതോ കേട്ടില്ല എന്ന് നടിക്കുന്നതോ ?

. അത് തന്നെയാണ് അവളെ മനോരോഗിയാക്കിയതും …

Related Posts

Leave a Reply

Your email address will not be published. Required fields are marked *