മേത്തു കൂടെ ഒരു ബക്കറ്റ് തണുത്ത വെള്ളവും കോരിയൊഴിച്ചൊന്നു കുളിച്ച ശേഷം അടുക്കളയിലേക്ക് പാത്രമെടുക്കാൻ ഒരോട്ടമായിരുന്നു.

വിശപ്പ്‌

എഴുത്ത്: അച്ചു വിപിൻ

മക്കൾക്കും ഭർത്താവിനുമുള്ള ചോറും കറികളും മേശപ്പുറത്തു നിരത്തി വെച്ച ശേഷം ഒന്ന് കുളിക്കാനായി ഞാൻ കുളിമുറിയിലേക്ക് പോയി. അല്ലെങ്കിലും അടുക്കളയിൽ കിടന്നിത്ര നേരം പണിയെടുത്ത ശേഷം കുളിക്കാതെ വന്നിരുന്നു കഴിക്കുന്നതെങ്ങനെ?

രാത്രിയിലേക്കുണ്ടാക്കിയ ചൂട് ചെമ്മീൻ കറിയുടെ ഉപ്പൊന്നു നാക്കിൽ വെച്ച് നോക്കിയതാണ്,അത് ചൂട് ചോറിന്റെ കൂടെ ഒഴിച്ച് കഴിക്കുന്ന കാര്യമോർത്തപ്പോൾ തന്നെ വായിൽ അറിയാതെ വെള്ളം വന്നു പോയി.

ധൃതി പിടിച്ചു കുളിമുറിയൊന്നു കഴുകി, മേത്തു കൂടെ ഒരു ബക്കറ്റ് തണുത്ത വെള്ളവും കോരിയൊഴിച്ചൊന്നു കുളിച്ച ശേഷം അടുക്കളയിലേക്ക് പാത്രമെടുക്കാൻ ഒരോട്ടമായിരുന്നു. കയ്യിൽ കിട്ടിയ പാത്രമെടുത്തു അത്താഴം കഴിക്കാൻ മക്കളുടെ അടുത്ത് ചെന്നിരുന്നു

കലത്തിൽ ഉണ്ടായിരുന്ന ചോറ് വിളമ്പി പാത്രത്തിൽ ഇട്ട ശേഷം ചെമ്മീൻ കറി ഇരുന്ന ചട്ടിയിലേക്ക് നോക്കിയപ്പോൾ ചങ്കു പിടഞ്ഞു പോയി..അതിൽ അല്പം ചാറു മാത്രം ബാക്കിയുണ്ട്..

ഇതിലിരുന്ന കറി മുഴുവൻ തീർത്തോ ഞാൻ വേദനയോടെ ചോദിച്ചു..

പിന്നെ തീർക്കാതെ.. എന്റെ സുലു നീയുണ്ടാക്കുന്ന ചെമ്മീൻ കറിയുടെ സ്വാദ് ഹൊ!അതൊന്നു വേറെ തന്നെയാ കെട്ട്യോൻ കൈവിരൽ നുണഞ്ഞു കൊണ്ടു പറഞ്ഞു..

വേറെ കറിയില്ല ഇനി ഞാൻ എന്ത്‌ കൂട്ടി ചോറുണ്ണും. ഞാൻ താടക്കു കൈകൊടുത്തിരുന്നു..

ഫ്രിഡ്ജിൽ തൈരുണ്ടമ്മേ, അമ്മ അതൊഴിച്ചു ഒരു കാന്താരി മുളകും കൂട്ടിയൊരു പിടി പിടിക്ക്.

അമ്മക്ക് ചോറിനു കൂട്ടാൻ പെട്ടെന്നൊരു കറി പറഞ്ഞു തന്ന മൂത്ത മകന്റെ നേരെ ഞാൻ സഹതാപത്തോടെ നോക്കി..

എന്റെ സുലു “ഞങ്ങടെ വയറു നിറഞ്ഞാൽ നിന്റെ വയറു നിറഞ്ഞ പോലെയല്ലേടി” നീയാ തൈരെടുത്തൊഴിച്ചു വേഗം ചോറുണ്ണാൻ നോക്ക്. ഭർത്താവ് യാതൊരു ഭാവവ്യത്യാസവും കൂടാതെയെന്നോട് പറഞ്ഞു.

കഷ്ടപ്പെട്ട് ഞാനുണ്ടാക്കി വെച്ച കറി മുഴുവനും അമ്മക്കുണ്ടോ അല്ലെങ്കിൽ ഭാര്യക്കുണ്ടോ എന്നു ചിന്തിക്കാതെ മുഴുവനും കോരി തിന്ന മക്കളെയും ഭർത്താവിനെയും കുറിച്ചോർത്തപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി.

ല്ലാവരും എണീറ്റ പോയ ശേഷം ഫ്രിഡ്ജിൽ ഇരുന്ന തൈര് കൂട്ടി ചോറുണ്ണുമ്പോളെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇഷ്ടമില്ലാത്ത തൈര് കൂട്ടിയ ചോറ് ഞാൻ ചവച്ചിറക്കുമ്പോൾ ഇടയ്ക്കു ഞാനാ ചെമ്മീൻ ചട്ടിയിലേക്കറിയാതെയൊന്ന് നോക്കിപ്പോയി..

പിറ്റെ ദിവസം ഒരു ഞായറാഴ്ച്ചയായിരുന്നു. മക്കളുടെ അച്ഛൻ മാർക്കറ്റിൽ പോയി ഒന്നര കിലോ പ ന്നിയിറച്ചി മേടിച്ചു കൊണ്ടു വന്നു.

സുലൂ, പ ന്നിയിറച്ചി വറുത്തരച്ചു വക്കണേടി എന്നു പറഞ്ഞ ശേഷം ആള് ടീവി കാണാൻ പോയിരുന്നു..

ഞാൻ കൂടുതൽ ഒന്നും പറയാതെ അടുക്കളയിലെ പണിയിൽ മുഴുകി. ചോറ് വാർത്തു വെച്ച ശേഷം പപ്പടവും കാച്ചി,ഒരു തോരനും ഉണ്ടാക്കി പ ന്നിയിറച്ചി വറുത്തരച്ചു വച്ചു വന്നപ്പഴേക്കും ഒരു മണിയായിരുന്നു ..

ഞാൻ കയ്യും കാലും മുഖവും കഴുകി വന്ന ശേഷം ഒരു പ്ലേറ്റെടുത്തു അതിലേക്കു ചൂട് ചോറും തോരനും,പ ന്നിയിറച്ചിയും പപ്പടവും വിളമ്പിയ ശേഷം അടുക്കളയിലെ തിണ്ണയിൽ പോയി കാലു നീട്ടിയിരുന്നു..

കയ്യിലിരുന്ന പ്ലേറ്റ് ഞാൻ മടിയിലേക്ക് വച്ച ശേഷം ആവി പറക്കുന്ന ചൂട് ചോറിലേക്കൊന്നൂതി. ചോറിന്റെ ചൂടാറിയ ശേഷം പ ന്നിയിറച്ചി ഇട്ടു കുഴച്ചു കൊണ്ടോരോ ഉരുള വീതം ഒട്ടും ധൃതിയില്ലാതെ സമാധാനത്തോടെ വാരി വാരിത്തിന്നു,ഇടയ്ക്കു ഒരു പപ്പടവും എടുത്തു കടിച്ചു.സാധാരണ ഭക്ഷണം ഞാൻ ധൃതി പിടിച്ചാണ് കഴിക്കാറ് ഇന്നതുണ്ടായില്ല..

അടുക്കളയിൽ എന്തേലുമായോ എന്നു നോക്കാൻ വന്ന മൂത്ത മോൻ ചോറ് കുഴച്ചാസ്വദിച്ചുണ്ണുന്ന എന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു ആഹാ ഞങ്ങളവിടെ വിശന്നിരിക്കുമ്പോൾ അമ്മയിവിടെയിരുന്നു വെട്ടി വിഴുങ്ങുവാണോ…? അമ്മയെന്ത് ക്രൂരയാണ്…?

ഞാനവന്റെ നേരെ നോക്കി ഒന്ന് ചിരിച്ച ശേഷം പറഞ്ഞു കലത്തിൽ ചോറുണ്ട്, ഉരുളിയിൽ പ ന്നിയിറച്ചിയുണ്ട്, ചീനച്ചട്ടിയിൽ തോരനുണ്ട്, സ്റ്റാൻഡിൽ പ്ലേറ്റുമിരിപ്പുണ്ട്, ഞാൻ എന്റെ വയറു മാത്രം നോക്കി കറികൾ ഒന്നും തീർത്തിട്ടില്ല മോനെ എനിക്ക് വിശന്നു അത്കൊണ്ട് ഞാൻ കഴിച്ചു.ഉള്ള കറികൾ മുഴുവൻ തിന്നു തീർത്തിട്ട് തൈര് കൂട്ടി ചോറുണ്ടോ എന്നമ്മയൊരിക്കലും പറയില്ല അത്രയും ക്രൂരത എന്തായാലും ഞാൻ കാട്ടില്ല.നിനക്ക് വിശക്കുന്നെങ്കിൽ നീ എടുത്തു കഴിച്ചോ.

ഒന്നും മിണ്ടാതെയവൻ പോയി ചോറ് വിളമ്പുമ്പോൾ പ ന്നിയിറച്ചി പറ്റിയ കൈകൾ ഞാനാസ്വദിച്ചു നുണയുകയായിരുന്നു..

പുറകെ വന്ന ഭർത്താവ് ഞാനിരുന്നു കഴിക്കുന്നത് അൽപ നേരം നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ അടുക്കളയിലിരുന്ന രണ്ടു പ്ലേറ്റെടുത്തതിൽ ചോറും കറികളും വിളമ്പി കഴിക്കാനായി ഹാളിലേക്ക് കൊണ്ട് പോയി.

ഭക്ഷണം കഴിച്ച ശേഷം തിന്ന പാത്രം കഴുകുന്നതിനിടയിൽ ഞാൻ സ്വയം പറഞ്ഞു അച്ഛന്റെയും മക്കളുടെയും വയറു നിറഞ്ഞാൽ എനിക്ക് നിറയുന്നതെങ്ങിനെ? “എന്റെ വയറു നിറയണമെങ്കിൽ ഞാൻ തന്നെ കഴിക്കണം”അതാണ് അതിന്റെ ശരി ഇനിയെന്നും അങ്ങനെ തന്നെയായിരിക്കും.

അല്ലെങ്കിലും അവഗണനകളാണല്ലോ മനുഷ്യനെ പലപ്പഴും തിരിച്ചറിവുകൾക്ക് പ്രേരിപ്പിക്കുന്നത്.വൈകിയെങ്കിലും അല്പം തിരിച്ചറിവ് കിട്ടിയ ഞാൻ ഫ്രിഡ്ജിൽ നിന്നുമൊരാപ്പിൾ കൂടിയെടുത്തു കടിച്ചു തിന്നു.

NB: ഭക്ഷണം കഴിക്കുമ്പോൾ അമ്മക്കുണ്ടോ ഭാര്യക്കുണ്ടോ എന്നൊന്നും നോക്കാതെ മുന്നിലിരിക്കുന്നത് മുഴുവൻ കാലിയാക്കുന്ന ആളുകൾ ഉണ്ടെങ്കിൽ ഇനിയെങ്കിലും ഒന്ന് മാറി ചിന്തിക്കു.ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ വയറും മനസ്സും നിറഞായിരുന്നോ എന്ന് കഴിക്കാൻ വന്നിരിക്കുന്ന ആളുകളാണ് ചിന്തിക്കേണ്ടത്. അതാണ് മര്യാദ. സ്നേഹമുള്ള അമ്മമാർ മക്കളെ ഊട്ടും അതാണ് “അമ്മയുടെ മഹത്വം” എന്നൊക്കെയുള്ള ബോറൻ ഡയലോഗ് വേണ്ടാട്ടോ “അമ്മമാർക്കും വയറുണ്ട് അവർക്കും വിശപ്പുണ്ട്”.

Related Posts

Leave a Reply

Your email address will not be published. Required fields are marked *