സുനന്ദയും ശ്രീകലയും ……..
Story written by Suresh Menon
സുനന്ദ ശ്രീകലയെ തോണ്ടി പതുക്കെ പറഞ്ഞു.
” ഒരുത്തനവിടെ തൂണും ചാരി നിൽപ്പുണ്ട്.
“ബാ പോയി നോക്കാം … “
രണ്ടു പേരും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നോട്ട് നടന്നു. നടക്കുന്ന തിന്നിടയിൽ തോളിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ ബാഗിൽ നിന്ന് ഒരു കൊച്ചു കണ്ണാടി പുറത്തെടുത്ത് മുഖമൊന്ന് നോക്കി. ലിപ്സ്റ്റിക്കെടുത്ത് ചുണ്ടിൽ പുരട്ടി – ഒരു ചെറിയ സ്പ്രേ എടുത്ത് ശരീരത്തിൽ അടിച്ചു
“ഇനി മണത്തിന് കുറവ് വേണ്ട ” സുനന്ദയുടെ വാക്കുകൾ കേട്ട ശ്രീകല കുലുങ്ങി ചിരിച്ചു.
“ടീ ശ്രീ … ഈ സാധനത്തിനെ ഞാനിന്ന് ഇങ്ങോട്ടെടുക്കുവാ .മോൾ ടെ ഫീസ് അടച്ചിട്ടില്ലെടി “.”അയ്യോ .അത് പറയല്ലെ . ഇന്ന് ഇതിനെ എനിക്ക് വേണം. അച്ഛന്റെ മരുന്ന് മേടിച്ചിട്ട് രണ്ടാഴ്ചയായി ….”
” ഒരു പണി ചെയ്യ് … നമുക്ക് രണ്ടു പേർക്കും കൂടി മേയാം … ന്തെ …”
” അങ്ങേരെ കണ്ടിട്ട് അതിനുള്ള ഒരു ആംപിയർ ഇല്ലെന്ന് തോന്നുന്നു “
“നമുക്ക് ഉണ്ടാക്കിയെടുക്കാടി “
രണ്ടു പേരും ഉറക്കെ ചിരിച്ചു. അയാളുടെ അടുത്തെത്തിയ സുനന്ദ പതിയെ ചോദിച്ചു
“സാറെ പോകാം . സാറിന് ഇഷ്ടമുള്ള സ്ഥലം പറഞ്ഞൊ … “
അയാൾ സുനന്ദയെ രൂക്ഷമായി നോക്കി. മെല്ലെ മുന്നോട്ട് നീങ്ങി .ആ ബസ് സ്റ്റോപിൽ കണ്ട സിമന്റ് പടിയിൽ പോയിരുന്നു. ശ്രീകല പതിയെ അയാളുടെ അടുത്തേക്ക് ചെന്നു.
“സാറെ അവളെ ഇഷ്ടമായില്ലെങ്കി വേണ്ട. ഞാൻ അവളേലും ഇളയതാ .പിന്നെ റേറ്റും ക മ്മിയാ “
അയാൾ സഹികെട്ട് അവിടെ നിന്ന് ഇറങ്ങി . തൊട്ടപ്പുറത്തെ പൂട്ടി കിടക്കുന്ന കടയുടെ മുൻപിൽ പോയി നിന്നു –
” അടുക്കുന്ന ലക്ഷണമില്ലല്ലോടി … എന്നാത്തിനാ അയാൾ പിന്നെ ഈ പാതിരാത്രിക്ക് ഇവിടെ കുറ്റി യടിച്ചപോലെ നിൽക്കുന്നെ ….”
പെട്ടെന്ന് ഒരു ഓട്ടോ അവരുടെ മുന്നിൽ വന്നു നിന്നു .അതിൽ നിന്ന് പത്തിരുപത്തിനാല് വയസ്സ് തോന്നിക്കുന്ന ഒരു യുവതി പുറത്തേക്കിറങ്ങി.
“അണ്ണാ നാളെയും ഇത് പോലെ തന്നെ അണ്ണൻ ഒരു പന്ത്രണ്ട് മണിയോടെ ഹോട്ടലിൽ വന്നാൽ മതി ” അത് കേട്ട ഓട്ടോക്കാരൻ തലകുലുക്കി ഓട്ടോ ഓടിച്ചു പോയി …. തന്റെ സാരിയും മുടിയും എല്ലാം നേരെയാക്കി അവൾ കടയുടെ മുന്നിൽ നിൽക്കുന്ന അയാളുടെ അടുത്തേക്ക് ചെന്നു.
” പോകാം ” അവൾ അയാളോടായി പറഞ്ഞു
അയാൾ തല താഴ്ത്തി മുന്നേയും അവൾ പിറകെയുമായി നടന്നു.
“ഹോ അത് ശരി … കിളുന്ത് പെ ണ്ണുങ്ങളെയെ സാറിന് ഷ്ടപെടുല്ലെ…”
സ്വൽപ്പം നീരസത്തോടെ സുനന്ദ വിളിച്ചു പറഞ്ഞു.
” അയ്യോ അങ്ങിനെ പറയല്ലെ . ഇവിടെ നിന്ന് രാത്രി വീട്ടിലേക്ക് നടന്നു പോകാൻ കൂട്ടിന് വന്നു നിൽക്കുന്നതാ…ഇതെന്റെ അച്ഛനാ .. ഞങ്ങളുടെ ഗതികേടു കൊണ്ടാ ചേച്ചിമാരെ … “
സാരിതലപ്പുകൊണ്ട് തന്റെ കണ്ണുകൾ തുടച്ച് ആ യുവതി അയാളുടെ പിറകെ നടന്നു …
എന്ത് പറയണമെന്നറിയാതെ സുനന്ദയും ശ്രീകലയും മുഖത്തോട് മുഖം നോക്കി. കുറച്ചുനേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.
“ഛെ വേണ്ടായിരുന്നു ” സുനന്ദ പതിയെ പറഞ്ഞു.
” അല്ലേലും നിനക്ക് സന്ദർഭം നോക്കാതെ ഓരോന്ന് വിളിച്ചു പറയുന്നത് കൂടുതലാ ….”
ശ്രീകല അത് പറയുമ്പോൾ തന്നെ ദൂരേക്ക് വിരൽ ചൂണ്ടി.
“ദേ ടീ പോലീസ് ജീപ്പ് . “
” ഇവന്മാര് ജീവിക്കാനും സമ്മതിക്കൂലെ …. പുതിയതായി വന്ന സി ഐ ഒരു മുരടനാന്ന് ഇന്നലെ പ്രഭാകരൻ ചേട്ടൻ പറയുന്നത് കേട്ടു “
പോലീസ് വണ്ടി അവരുടെ മുന്നിൽ നിർത്തി.
“ന്താടി രാത്രി ഇവിടെ ചുറ്റി തിരിയണെ . മര്യാദക്ക്വീ.ട്ടീ പോടി “
വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ അവരോട് തട്ടിക്കയറി …
“അങ്ങിനെ പറയല്ലെ സാറെ . മോൾടെ ഫീസടച്ചിട്ടില്ല. ഇവൾടെ അച്ഛന് മരുന്ന് മേടിച്ചിട്ട് ദിവസങ്ങളായി. ഇത് ഞങ്ങടെ തൊഴിലല്ലെ സാറെ . ജീവിച്ചു പൊക്കോട്ടെ … “
ഒന്നും പറയാതെ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു ദൂരം മുന്നോട്ട് പോയ വണ്ടി പതിയെ റിവേഴ്സ് എടുത്ത് പിറകിലേക്ക് വന്നു. ഒന്നും മനസ്സിലാകാതെ സുനന്ദയും ശ്രീകലയും മുഖത്തോട് മുഖം നോക്കി .വണ്ടി അവരുടെ മുന്നിൽ എത്തിയപ്പോൾ അകത്ത് നിന്ന് സി ഐ. അരുൺ രാഘവൻപുറത്തക്കിറങ്ങി ….. സുനന്ദയും ശ്രീകലയും ആകെ പേടിച്ച് വിറച്ച പോലെയായി …
“മകൾക്ക് ഫീസ് അടക്കണം. അച്ഛന് മരുന്ന് മേടിക്കണം .ഇതൊക്കെയല്ലെ നിങ്ങൾ പറഞ്ഞത് ..”
അതെ എന്നർത്ഥത്തിൽ സുന്ദന്ദയും ശ്രീകലയും തല കുലുക്കി
സി ഐ അരുൺ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് പഴ് സ്പുറത്തേക്കെടുത്തു. അതിൽ നിന്ന് കുറച്ചു നോട്ടുകളെടുത്ത് അവർക്ക് നേരെ നീട്ടി
“അയ്യോ വേണ്ട സാറെ “
” മേടിച്ചോടി സാറല്ലെ തരുന്നത് “
ഡ്രൈവർ ഉറക്കെ വിളിച്ചു പറഞ്ഞു. അവർ രണ്ടു പേരും അത് മേടിച്ചു.
“ഇന്നത്തെ ഈ രാത്രിയുടെ പ്രത്യേകത എന്താണെന്ന് അറിയാമൊ ….”
അരുണിന്റെ ചോദ്യം കേട്ട സുനന്ദയും ശ്രീകലയും മുഖത്തോട് മുഖം നോക്കി.
… ” ഇന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വർഷമാണ്. നിങ്ങൾ ഇപ്പൊ വീട്ടിലേക്ക് ചെല്ല്..ഇന്നെങ്കിലും സ്വതന്ത്രമായിട്ട് കിടന്നുറങ്ങ് “
വണ്ടിയിൽ കയറാൻ ഭാവിച്ച അരുൺ രാഘവനെ നോക്കി സുനന്ദ വിളിച്ചു.
“സർ “
” ചില സുരേഷ് ഗോപി സിനിമകളിലെ ഞങ്ങൾ ഇങ്ങനെ കണ്ടിട്ടുള്ളു . പഴ്സ് ൽ നിന്ന് സ്വന്തം കാശെടുത്ത് സഹായിക്കുന്ന പോലീസിനെ … ഇത് സത്യമാണൊ സിനിമയുടെ ഷൂട്ടിംഗ് ആണോ എന്ന് പോലും സംശയിക്കുന്നു . സർ…”
മറുപടി കേട്ട അരുൺ ഒന്ന് പുഞ്ചിരിച്ചു. വണ്ടിയിൽ കയറി …..
സുനന്ദയും ശ്രീകലയും സംഭവിച്ചതെന്തെന്ന് ഒരു പിടിയും കിട്ടാതെ അമ്പരപ്പിലായിരുന്നു അപ്പോഴും …
******************
NEWS 26 ചാനലിൽ മണികണ്ഠൻ നായർ അവതരിപ്പിക്കുന്ന “ഇവരെ നിങ്ങൾ അറിയണം ” എന്ന ഷോയിലെ അന്നത്തെ അതിഥി സർക്കിൾ ഇൻസ്പക്ടർ അരുൺ രാഘവനായിരുന്നു …
” നമസ്ക്കാരം സർ “
“നമസ്കാരം “
“അങ്ങ് ഈ പരിപാടി കാണാറുണ്ടൊ “
” ഉണ്ടൊ എന്ന് ചോദിച്ചാൽ സമയം കിട്ടുമ്പോൾ വല്ലപോഴും കാണാറുണ്ട് “
” സത്യസന്ധമായ മറുപടി … ഇതൊരു തുറന്നു പറച്ചിലിന്റെ വേദിയാണ്. ഈ പരിപാടിയുടെ സ്വഭാവം അറിയാമല്ലൊ”
” അറിയാം “
” സർ അങ്ങയുടെ പ്രൊഫൈൽ ഞാൻ വിശദമായി വായിച്ചു .അച്ഛൻ കുട്ടിക്കാലത്ത് മരിച്ചു. അമ്മ ഒരു ലൈം ഗിക തൊഴിലാളിയായിരുന്നു … അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല “
” യെസ്.എന്റെ അമ്മ ഒരു ലൈം ഗിക തൊഴിലാളിയായിരുന്നു … അതെന്താണെന്ന് പോലും അറിയാത്ത ചെറുപ്പകാലങ്ങളിൽ രാത്രി ഞാൻ അമ്മക്കായി റോഡരികിൽ കാത്തു നിൽക്കുമായിരുന്നു. ഹോട്ടലുകളിൽ നിന്ന് ഓട്ടോ പിടിച്ചു വരുന്ന എന്റെ അമ്മയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാൻ …. അന്ന് എന്നെ ചൂണ്ടി പലരും കളിയാക്കുമായിരുന്നു
” ദേ ഒരുത്തൻ അവിടെ കാത്ത് നിൽപ്പുണ്ട്. വെ ടിവഴിപാട് കഴിഞ്ഞു വരുന്ന അവന്റെ അമ്മയെ സ്വീകരിക്കാൻ എന്നും പറഞ്ഞ് “
ഒരു നിമിഷം അരുൺ രാഘവൻ കണ്ണുകൾ അടച്ചു പിടിച്ചു.
ആ വാക്കുകൾ കേട്ട സദസ്സ് നിശബ്ദമായി ….
” ഇതിൽ നിന്ന് സ്ത്രീകൾക്ക് ഒരു മോചനം.. സർക്കിൾ ഇസ്പക്ടർ എന്ന നിലക്ക് താങ്കൾ എന്ത് ചെയ്യാൻ കഴിയും … “
” ഒരു ചുക്കും ചെയ്യാൻ കഴിയില്ല സർ … നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഈ രാജ്യത്ത് ഒരു സർക്കിൾ ഇൻസ്പക്ടർ വിചാരിച്ചാൽ ഒരു സിസ്റ്റവും ഇവിടെ മാറാൻ പോകുന്നില്ല “
“പിന്നെ ഒരു കാര്യം ഞാൻ തറപ്പിച്ചു പറയാം. എന്റെ അധികാര പരിധിക്കുള്ളിൽ വരുന്ന ഏത് അന്യായത്തിനെതിരിയും ഒരു കറക്റ്റീവ് ഫോഴ്സ് ആയി എപ്പോഴും ഞാൻ ഉണ്ടായിരിക്കും “
” സല്യൂട്ട് യു സർ “
അത് കേട്ട മണികണ്ഠൻ നായർ അരുൺ രാഘവന് എഴുന്നേറ്റ് നിന്ന് ഒരു സല്യൂട്ട് നൽകി .കൂടെ കയ്യടിയോടെ സദസ്സും ….
അങ്ങകലെ ദൂരെ ദൂരെയിരുന്നു ഒരു പാട് സുനന്ദ മാരും ശ്രീകലമാരും അതു കണ്ട് കയ്യടിക്കുകയും കൈ കൂപ്പുകയും ചെയ്യുന്നുണ്ടായിരുന്നു …. നിറ കണ്ണുകളോടെ …..