രാത്രി സഞ്ചാരക്കാരുടെ ചൂളമടിയുടെയും കാലൊച്ചയുടെയും ശബ്ദം കേൾക്കുമ്പോൾ കയ്യാലയിലെ ഉത്തരത്തിൽ തിരുകി വെച്ച കത്തി വലിച്ചെടുക്കും.

കൊല്ലന്റെ പെണ്ണ്

Story written by NIDHANA S DILEEP

കൊല്ലന്റെ ആലയിലെ തീയിൽ ചുട്ടെടുത്ത കാരിരുമ്പ് പോലെ ഉള്ള പെണ്ണ്. എള്ളിന്റെ നിറവും കാച്ചെണ്ണയുടെ ഗന്ധവുമുള്ളവൾ.ആലയുടെ ചൂടിൽ നെയ്യ് ഉരുകി ഒലിക്കുന്ന ശരീരമുള്ളവൾ.നരച്ച കറുത്ത ചരടും അതിൽ ഒരു ഏലസും ഉണ്ട് കഴുത്തിൽ.നരച്ചത് കൊണ്ട് മാത്രം ഉടലിൽ നിന്ന് വേർതിരിച്ചറിയാൻ പറ്റുന്നു.

ഓലമേഞ്ഞ കൂരയോട് ചേർന്ന് സിങ്ക് ഷീറ്റ് ഇട്ട ആലയിൽ സൂര്യനുദിക്കുമ്പോഴേക്കും അവനോടൊപ്പം അവളും ഉണ്ടാവും.മൺകട്ട കൊണ്ട് അവർ ഇരുവരും ചേർന്നു കെട്ടിയതാണ് ആ ആല.

അവനടുത്തായി ഇരുമ്പിൽ ചുറ്റിക കൊണ്ട് ആഞ്ഞടിക്കുന്ന ശബ്ദം കേട്ടിരിക്കും
ആ തീ ചൂളയിൽ അവന്റെ ശരീരം വിയർത്ത് ഒലിക്കുമ്പോൾ കവുങ്ങിൻ പാളയിൽ അവളുണ്ടാക്കിയ വിശറി കൊണ്ടവൾ വീശി കൊടുക്കും.

അവൻറെ നോട്ടത്തിൽ പോലും അവൾ അറിയും അവനെന്താ വേണ്ടത് എന്ന്. ആലയിൽ അവന്റെ മനസറിയുന്ന കയ്യാൾ.ഇടക്ക് നിറം മങ്ങിയ തോർത്തു കൊണ്ട് അവന്റെ വിയർപ്പൊപ്പിക്കൊടുക്കും.

ആലയിൽ ഓരത്ത് വച്ച് ഒരു മൺകൂജയിൽ നിന്നും വെള്ളമെടുത്ത് കൊടുക്കും. അവൻ കഴിച്ച് ബാക്കിയാക്കിയ കഞ്ഞി അവൻ കോരി കുടിക്കാൻ ഉപയോഗിച്ച കോട്ടിയ പ്ലാവില കൊണ്ട് അവളും കുടിക്കും.ചോറു വെച്ച ദിവസം അവൻറെ എച്ചിൽ പാത്രത്തിൽ അവൾക്കായ് ഉരുട്ടി വെച്ച ചോർ അവൾ കഴിക്കും.അവൻ ബാക്കി വെച്ച മീൻ മുള്ള് അവൾ കടിച്ചു തിന്നും.

അവനെ വിശ്രമിക്കാൻ വിട്ട് അവൾ അവന്റെ ജോലി ഏറ്റെടുക്കും.അവൻ അടിക്കുന്ന അതേ വേഗത്തിലും താളത്തിലും ചുട്ടുപഴുത്ത് ചുവന്ന ഇരുമ്പിൽ ഇരുമ്പ് ചുറ്റിക ആഞ്ഞടിക്കും.

ഒരു ബീഡി കത്തിച്ച് വലിച്ച് അവൻ അവൾ ഇരുമ്പ് അടിച്ച് പതം വരുത്തുന്നത് നോക്കിയിരിക്കും.അവൾ ചെയ്യുന്നതിൽ പിശക് വരുമ്പോൾ പറഞ്ഞു കൊടുക്കും.

ആ ചൂടിൽ മെലിഞ്ഞ് നീണ്ട മൂക്കിൽ നിന്നും വിയർപ്പ് തുള്ളികൾ ഇറ്റു തീ ചൂളയിലേക്ക് വീഴും.അങ്ങനെ വിയർത്തൊലിച്ച് നിൽക്കുന്ന അവളെ കാണാൻ ഒരരങ്ങുതന്നെ ആണ്.

വിയർത്തൊലിച്ച് നിൽക്കുന്ന അവളുടെ ഉടലഴക് കാണാൻ വേണ്ടി കത്തിയോ കൈകോട്ടോ വാങ്ങാൻ വരുന്നവരുണ്ട്.അവരുടെ കഴുകൻ കണ്ണുകളെ അവൾ വിലവെക്കാറില്ല.അവൾ ബ്ലൗസിനും കള്ളിമുണ്ടിനും മീതേ ഇട്ട വെള്ള തോർത്ത് നേരേ ഇട്ട് അവളുടെ പുരുവനിൽ ശ്രദ്ധ കൊടുക്കും. പക്ഷെ അവൻ ശ്രദ്ധിക്കും.അവനാ ദേഷ്യം ഇരുമ്പിൽ തീർക്കും….

കത്തി പണിയിക്കാൻ വന്നോൻ അത് മാത്രം നോക്കിയാ മതീ

ന്നു പരുപരുത്ത ശബ്ദത്തിൽ താക്കീത് ചെയ്യും.

വൈകുന്നേരം അവൻ നേരെ ഷാപ്പിലേക്കു പോകും.അവൾ വീട്ടിലേക്കും.

അവനില്ലാത്ത സമയം അവളോട് കിന്നാരം പറയാൻ വേലിക്കടുത്ത് വന്നിരിക്കും ചിലർ.സഭ്യതയുടെ സീമ കടന്നാൽ അവൾ പ്രതികരിക്കും.

ഒരു ദിവസം മീൻ മുറിച്ചു കൊണ്ടിരിക്കെ അസഭ്യം പറഞ്ഞൊരാളുടെ മുഖത്തേക്ക് മീൻ കഴുകിയ വെള്ളം എടുത്തൊഴിച്ചു.അതിനേക്കാൾ നാറുന്ന തെറി കൊണ്ടും അഭിഷേകം ചെയ്തു.മുറ്റം മെഴുകാൻ വെച്ച ചാണകവെള്ളവും കുറ്റിച്ചൂലുമൊക്കെ അത്തരക്കാർക്ക് മറുപടിയായി.

രാത്രി സഞ്ചാരക്കാരുടെ ചൂളമടിയുടെയും കാലൊച്ചയുടെയും ശബ്ദം കേൾക്കുമ്പോൾ കയ്യാലയിലെ ഉത്തരത്തിൽ തിരുകി വെച്ച കത്തി വലിച്ചെടുക്കും…

ഒരു കൈയിൽ മണ്ണെണ്ണ വിളക്കും മറുകൈയിൽ അവളുടെ പുരുവൻ പണിത കത്തിയോടെ നിൽക്കുന്ന അവളെയും ‘ആരാടാ അത്’ എന്ന അവളുടെ ഉറച്ച സ്വരവും കേൾക്കുമ്പോൾ ചൂളമടി നിൽക്കും.കാലടികൾ ഓടി അകലും.

അപ്പോഴേക്കും അന്തികള്ളും മോന്തി നാലു കാലിൽ കൊല്ലൻ വരും.മിക്കപ്പോഴും അവളെ തെറി വിളിക്കും.അവളെത്താൻ വൈകിയാൽ ആരെ വിളിച്ച് അകത്ത് കേറ്റിയിരിക്കുവാടീ…നീ എന്ന് കുഴഞ്ഞ ശബ്ദത്തിൽ അലറും.അവളും തിരിച്ച് പറയും.വഴക്ക് മൂക്കുമ്പോൾ അവളുടെ മുടി പിടിക്കും.അവളും പ്രതികരിക്കും. ഇടക്ക് അവൾ കരയും.കണ്ണും മൂക്കും തോർത്ത് കൊണ്ട് ഒപ്പും. അയൽവക്കക്കാർ അവളുടെ ദുരവസ്ഥയോർത്ത് താടിക്ക് കൈ കൊടുത്ത് സഹതപിക്കും.മറ്റ് ചിലർ എന്നും കാണുന്ന കാഴ്ച എന്നതിൽ നിസ്സംഗ ഭാവത്തിൽ നോക്കി നിൽക്കും.

അവസാനം അവൾ തന്നെ അവനെ അകത്തേക്ക് വലിച്ച് കൊണ്ടു പോവും. ഭക്ഷണം വിളമ്പി കൊടുക്കും.ചില നേരത്ത് അവൻ കഴിക്കാതെ കിടക്കും. അവൾക്കായ് കൊണ്ടു വന്ന ഭക്ഷണ പൊതി അവൾക്ക് കൊടുക്കാൻ മറക്കില്ല അവൻ

കള്ളിന്റെ കെട്ടിറങ്ങുമ്പോൾ തിരി താഴ്ത്തി വെച്ച റാന്തലിനെ സാക്ഷിയാക്കി ആ കുടുസു മുറിയിൽ വെച്ച് അവൾ കാത്ത് സൂക്ഷിക്കുന്ന പാതിവ്രത്യത്തിനു അന്തി കള്ളിന്റെ ചുവയും മണവുളള ചുബനം സമ്മാനമായി നൽകും.നേരം പുലരും വരെ അവർ പ്രണയം പങ്കു വെയ്ക്കും. വിയർപ്പിൽ പൊതിഞ്ഞ അവരുടെ പ്രണയത്തിന് ആ ഇരുണ്ട മുറി സാക്ഷിയാവും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *