റാസൽഖൈമയിലെ അവൾടെ വലിയ വീട്ടിലെ ജനലിനരികിൽ ഇരുന്ന് കോംപ്ലാൻ്റെ പരസ്യത്തിലെ കപ്പ് പോലത്തെ ഒരു കപ്പിൽ നല്ല ആവി പറക്കുന്ന കാപ്പി കുടിച്ചോണ്ടിരിക്കുന്ന ഫോട്ടോ…..

ഞാനുമൊരു വർണ്ണ പട്ടമായിരുന്നു…

Story written by Shabna shamsu

പണ്ട് ഞാൻ ഫാർമസിക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ എൻ്റെ റൂമിൽ തനൂജ എന്നൊരു കുട്ടിയുണ്ടായിരുന്നു..

ഓളെന്നും കുളി കഴിഞ്ഞ് മുടി ഫാനിൻ്റെ ചോട്ടില് നിന്ന് കോതി ഉണക്കും. ആ സമയത്ത് എനിക്ക് അതൊരു അതിശയമുള്ള കാര്യമായിരുന്നു…

അക്കാലത്തൊക്കെ ഞങ്ങളെ വയനാട്ടിലെ ഒട്ടു മിക്കവീട്ടിലും ഫാൻ ഉണ്ടാവാറില്ല…

ഉള്ളതൊക്കെ പൈസക്കാരെ വീട്ടിലാ….

ഉണക്കാൻ മാത്രം കൊട്ടക്കണക്കിന് മുടിയൊന്നും ഓളെ തലേൽ ഇല്ല….പക്ഷേ ഓളെ വീട്ട്ന്നും മുടി ഉണക്കൽ ഇങ്ങനാണോലേ….

തനൂജ വല്യ പൈസക്കാരത്തിയാ….ഓള് ഓരോ വീമ്പ് പറയുമ്പോ ഓരെ വീട്ടിലെ അടുക്കളേല് എന്നും നെയ്ച്ചോറിൻ്റെം ബിരിയാണിൻ്റെം മണം അയിരിക്കുംന്നും ഫ്രിഡ്ജില് നിറയെ ഫ്രൂട്ട്സ് ഉണ്ടാവുംന്നും സ്റ്റോർ റൂമിലെ ബക്കറ്റില് പലേ തരം പലഹാരങ്ങള് ണ്ടാവുംന്നും ഞാൻ ഇങ്ങനെ ചിന്തിക്കും…

പൈസക്കാരെന്ന് പറഞ്ഞാ ഇങ്ങനൊക്കെ ആണല്ലോ …ഓളെ ബാപ്പ അബുദാബില് എഞ്ചിനീയറാണ്….

ഇക്കാക്ക അവിടെ അടുത്തൊരു ഹോസ്പിറ്റലിൽ ഡോക്ടറും….

എൻ്റെ വാപ്പാക്ക് നായ്ക്കട്ടി അങ്ങാടീല് വാഴക്കുല കച്ചോടം ആണ്…

ആങ്ങളക്ക് ഓൻ്റെ കൂട്ടുകാരുടെ കൂടെ അവിടുത്തെ ബസ് സ്റ്റോപ്പില് ഇരിക്ക്ണ ജോലിയും…

ന്നാലും ഞാൻ സ്വപ്നം കാണും….ൻ്റെ കല്യാണം കഴിയുമ്പോ ഞങ്ങളെ മണിയറേലെ വല്യ കട്ടിലിലെ, ഇരിക്കുമ്പം താന്ന് പോവുന്ന കെടക്കേല് പലേ തരം ചിത്ര പണികൾ ഉള്ള ഫാനിൻ്റെ ചോട്ടില്, താമരശ്ശേരി ചുരം പോലെയുള്ള എൻ്റെ ഇടതൂർന്ന മുടി വിരിച്ചിട്ട് കിടക്കുന്നത് ……

അങ്ങനെ കുറേ കാലങ്ങള് കഴിഞ്ഞു….തനൂജയെ ഒരു ഗൾഫുകാരൻ കല്യാണം കഴിച്ചു..അവളും ഗൾഫിലേക്ക് പോയി…എന്നെ പോലെ മൂന്ന് കുട്ടികളുമായി സുഖായിട്ട് ജീവിക്കുന്നു…..

രണ്ടാഴ്ച മുമ്പ് വാട്ട്സ പ്പിൽ ഞങ്ങൾടെ ബാച്ചിലെ ലേഡീസ് ഗ്രൂപ്പിൽ തനൂജ ഒരു ഫോട്ടോ ഇട്ടു….

റാസൽഖൈമയിലെ അവൾടെ വലിയ വീട്ടിലെ ജനലിനരികിൽ ഇരുന്ന് കോംപ്ലാൻ്റെ പരസ്യത്തിലെ കപ്പ് പോലത്തെ ഒരു കപ്പിൽ നല്ല ആവി പറക്കുന്ന കാപ്പി കുടിച്ചോണ്ടിരിക്കുന്ന ഫോട്ടോ …..

ഞാൻ ആ ഫോട്ടോ കണ്ടത് ഡ്യൂട്ടി കഴിഞ്ഞ് പോവുമ്പോ ബസ്ന്നാ ണ്….

കുറേ സമയം നോക്കി നിന്നു….

ജനലിനപ്പുറത്ത് കൂറ്റൻ ബിൽഡിങ്ങുകളിൽ നിന്നും മിന്നാമിനുങ്ങ് പോലെ ഒരായിരം വെളിച്ചങ്ങൾ….

സന്ധ്യ കഴിഞ്ഞ സമയം….വല്ലാണ്ട് ആസ്വദിച്ച് കുടിക്കുന്ന പോലെ അവൾടെ മുഖത്ത് തികഞ്ഞ ശാന്തത …..

ഹൌ … ഭാഗ്യവതി….

ഒരു കപ്പ് കാപ്പി കുടിക്കുന്നതിലല്ല കാര്യം….അത് ആസ്വദിച്ച് കുടിക്കുന്നതിലാണ്….

അത് കണ്ടപ്പോ മുതൽ എനിക്കും വയങ്കര പൂതി….അത് പോലെ ഒരു കാപ്പി കുടിക്കണം… എന്നിട്ട് ഫോട്ടോ എടുക്കണം….പക്ഷേ എപ്പോ….

രാവിലെ 11 മണിക്ക് ഡ്യൂട്ടി തുടങ്ങിയാ വൈകിട്ട് 5:30 ആവും തിരിച്ച് വീട്ടിലെത്താൻ…

പോവുന്നതിന് മുമ്പും വന്ന് കഴിഞ്ഞും ഓരോ സെക്കൻ്റിലും ടൈം ടേബിള് വെച്ച് കാര്യങ്ങള് ചെയ്യാനുണ്ട്…..പിന്നെ ലീവുള്ള ദിവസം വീട് കഴുകി മോറി ഉണക്കാനിടുന്ന ദിവസമാണ്…..എന്ത് വന്നാലും വേണ്ടീല….അടുത്ത ലീവിന് എനിക്കും കുടിക്കണം ഇത് പോലെ ഒരു കോഫി …..

എന്നിട്ട് ഗ്രൂപ്പില് ഫോട്ടോ ഇടണം…..പക്ഷേ റൂമിൻ്റെ ജനല് തുറന്നാ ആമിനാത്താൻ്റെ ആട്ടിൻ കൂടാണ് കാണാ…..

അത് പറ്റൂല…നല്ല സ്ഥലം സെറ്റ് ചെയ്യണം….

അടുക്കളേൻ്റെ പുറക് വശത്തെ മുറ്റത്ത് ഫേഷൻ ഫ്രൂട്ടിൻ്റെ വള്ളി കയറ്റി ഒരു പന്തല് പോലെ ആക്കിയിട്ടുണ്ട്…..അതിൻ്റെ താഴെ അരമതിലിനോട് ചേർന്ന് ഒരു ചെറിയ തോട് ഒഴുകുന്നുണ്ട്..

പുതിയ വീട് വെച്ചിട്ട് ഒരു കൊല്ലം ആയതേ ഉള്ളൂ….വീട് പണി നടക്കുന്ന സമയത്ത് തന്നെ ഞാൻ ഈ തോടിൻ്റെ കരയിൽ ബുദ്ധ മുളയുടെ തൈകൾ വെച്ചിരുന്നു….

ഇപ്പോ അത് എന്നേക്കാൾ മൂന്നിരട്ടി പൊക്കത്തിൽ വളർന്ന് പന്തലിച്ചിട്ടുണ്ട്….അതിൻ്റെ ഉള്ളില് കുറേ കിളിക്കൂടും ഉണ്ട്….

തോട്ടിലെ വെള്ളം ഒഴുകുന്ന കളകള ശബ്ദവും മുളയിലെ കിളികളുടെ കൊഞ്ചലും വല്ലാത്തൊരനുഭൂതി ആണെങ്കിലും അതൊന്നും ആസ്വദിക്കാൻ ഇത് വരെ പറ്റിയിട്ടില്ല….

മുളച്ചോട്ടിലൊരു ചെറിയ മാറ്റ് വിരിക്കാം….ഇങ്കി മോൾക്ക് ഇരിക്കാൻ ചെണ്ടയുടെ ഷെയ്പ്പിൽ ഉള്ള ഒരു സ്റ്റൂളുണ്ട്….അത് അവിടെ കൊണ്ടോയി വെക്കാം….കഴിഞ്ഞ നബിദിനത്തിന് മക്കൾക്ക് മദ്റസേന്ന് സമ്മാനം കിട്ടിയ നോട്ട് ബുക്കും പെന്നും ആ സ്റ്റൂളിന് മേലെ വെക്കാം….

കുറച്ച് ദിവസം മുമ്പ് തുടങ്ങിയ ഈ എഴുത്ത് കൊണ്ട് ഗ്രൂപ്പിൽ അത്യാവശ്യം ഒരു നിലയും വിലയും ഒക്കെ ണ്ട്….

ഞാൻ പ്രകൃതി ഭംഗി ആസ്വദിച്ചോണ്ടാണ് ഇതൊക്കെ എഴുതാറെന്ന് അവര് വിശ്വസിക്കണം….. (സമയല്ലാത്തോണ്ട് ബാത്റൂമ്ന്ന് വരെ കഥ എഴുതാറുള്ള ഞാൻ😭)

പിന്നെ തട്ടം ഇടണ്ട…. കഴിഞ്ഞ പ്രാവശ്യം എൻ്റെ വീട്ടിൽ പോയപ്പോ ഇത്താൻ്റെ മോളെ കൊണ്ട് മുടി മുറിപ്പിച്ചിരുന്നു….കുളി കഴിഞ്ഞ് നനഞ്ഞ മുടി കെട്ടി വെച്ച് മക്കനേം ഇട്ട് ഡ്യൂട്ടിക്ക് പോയിറ്റ് തലേലൊക്കെ പേൻ നിറഞ്ഞിട്ടാണ് വെട്ടാൻ തീരുമാനിച്ചത്…..

ബാംഗ്ലൂർ ഡെയ്സിലെ പാർവതിയെ മനസില് വിചാരിച്ചാ വെട്ടിപ്പിച്ചത്….

പക്ഷേ വെട്ടിക്കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോ പണ്ട് കൊയ്ത്ത് കഴിയുമ്പോ നെല്ല് പാറ്റാൻ അവിടുത്തെ കോളനീന്ന് ഒരു കുമ്പളത്തി വരാറുണ്ടായിരുന്നു….

കുമ്പളത്തിക്ക് ണ്ടായ മോളെ പോലെ രണ്ടാൾക്കും ഒരേ ഛായ….

മുടി നല്ലോം ഷാംപൂ ഇട്ട് ഒരു കണ്ണടേം വെച്ച് മുളേൻ്റെ ചോട്ടില് തോടും ബുക്കും പെന്നും ഫാഷൻ ഫ്രൂട്ടും ഒക്കെ കാണുന്ന കോലത്തില് ആവി പറക്കുന്ന ഒരു കപ്പ് കോഫിയും കയ്യിൽ പിടിച്ച് ഫോട്ടോ എടുക്കണം…പറ്റിയാൽ ഒളിച്ചിരിക്കാൻ വള്ളിക്കുട്ടിലൊന്നൊരുക്കി വെച്ചില്ലേ…. എന്ന പാട്ട് പാടി രണ്ട് റൗണ്ട് മുള മരത്തിന് ചുറ്റും നടക്കണം….

തോട്ടിൽ കാലിട്ട് തട്ടി കളിക്കണം…കിളിക്കൊഞ്ചലിന് കാതോർത്ത് മുകളിലേക്ക് നോക്കി നിക്കണം….

അങ്ങനെ എനിക്ക് ലീവ് ള്ള ദിവസം വന്നെത്തി….

എൻ്റെ പണികളൊക്കെ ഒരു വിധം തീർന്ന് കഴിഞ്ഞപ്പോ മൂന്നര മണിയായി..

ഉമ്മ ഉച്ചമയക്കത്തിലാണ്…മക്കള് മൂന്നാളും മുകളില് റ്റി വി കാണാണ്….ഞാൻ ഒരു കൂട് ബിസ്ക്കറ്റെടുത്ത് മുകളിലേക്ക് കൊണ്ട് കൊടുത്തു…ഇല്ലെങ്കി അപ്പോ തന്നെ വരും ഇമ്മച്ചിയേ…. എന്താ തിന്നാൻ ള്ളേന്നും ചോദിച്ച്…

അങ്ങനെ ഞാൻ സ്റ്റൂളും ബുക്കും പെന്നും മാറ്റും ഒക്കെ സെറ്റ് ചെയ്തു…ഇനി കാപ്പി ണ്ടാക്കണം….

വിരുന്നുകാര് വരുമ്പോ ഉണ്ടാക്കാൻ വേണ്ടി ഒരു വലിയ പാക്കറ്റ് ബ്രൂ കോഫീ പൗഡർ കൊണ്ട് വെച്ചിരുന്നു….ആരേലും വരുമ്പോ മാത്രേ അത് ഉണ്ടാക്കാറുള്ളൂ….

ഇന്ന് ഇവട്ത്തെ വിരുന്നുകാരി ഞാനാ….പാല് നോക്കുമ്പോ കഷ്ടിച്ച് ഒരു ഗ്ലാസേ ഉള്ളൂ….അത് അടുപ്പത്ത് വെച്ചു….വീട് കൂടലിന് കുറേ കോഫീ സെറ്റ് ഗിഫ്റ്റ് കിട്ടിയിരുന്നു….

അടുക്കളേലെ റാക്കീന്ന് അങ്ങനത്തെ ഒരു ബോക്സ് എടുത്ത് അതീന്ന് രണ്ട് മൊഞ്ചുള്ള കപ്പെടുത്ത് തിളച്ച പാൽ ഒരു കപ്പിലേക്കൊഴിച്ചു….

എന്നിട്ട് പരസ്യത്തിലെ പോലെ ഒരു കപ്പിൽ പാല് മറ്റൊന്നിൽ ചേർക്കൂ ബ്രൂ …മധുര മൽപ്പം ചേർക്കൂ… പിന്നെ മിക്സ് തുടങ്ങൂ…മിക്സ് തുടങ്ങിയതും പെട്ടെന്ന് മുകളീന്ന് ഒരു അശരീരി….

“അഫിത്താത്താ….. ഞമ്മളെ വീട്ടില് വിരുന്ന് കാര് വന്ന്………..”

ആരാ റബ്ബേ അലാറം വെച്ച് ഈ നേരത്ത് കേറി വരുന്നതെന്ന് കരുതി അടുക്കളേലെ കിളിവാതിലിലൂടെ പൊറത്തേക്ക് നോക്കീറ്റ് ആരേം കണ്ടില്ല…..

അപ്പളേക്കും മുകളീന്ന് ശടേ പടേന്ന് മൂന്നാളൂടി ഇറങ്ങി വരുന്ന ശബ്ദം….

ഞാൻ വേഗം കപ്പും കാപ്പീം മാറ്റി വെച്ച്….

“എന്താ മ്മച്ചീ ഇവടെ ഒരു വിരുന്ന് കാരെ മണം”

വിരുന്ന്കാർക്കൊക്കെ ഇപ്പോ ബ്രൂ കോഫീൻ്റെ മണാണോ…. അറിഞ്ഞില്ല കുഞ്ഞേ….

“ഇവിടാരും വന്നിക്കില്ലാലോ…”

പിന്നെന്തിനാ ഇമ്മച്ചി കോഫി ണ്ടാക്കിയേ…ഈ പെട്ടിയെന്തിനാ….മ്മച്ചിക്കെന്താ ഒരു കള്ളത്തരം…ഇതിലെ ബാക്കി രണ്ട് കപ്പ് എവടെ ….”

മൂന്നാളൂടി എന്നെ ക്രോസ് വിസ്താരം ചെയ്യുന്നു….

അതിനിടക്ക് ഇങ്കി മോള് എൻ്റെ പുത്യേ സൂള് കാണുന്നില്ലാന്നും പറഞ്ഞ് കരച്ചില് തുടങ്ങിയപ്പോ പൂർത്തിയായി….

ബിസ്ക്കറ്റിൻ്റെ കൂടെ കുടിക്കാൻ ഞാൻ കോഫി ണ്ടാക്കായ്നു….ഇപ്പോ തരാട്ടോന്നും പറഞ്ഞ് രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് എൻ്റെ കാപ്പി ഒഴിച്ച് മൂന്ന് കപ്പിലാക്കി മൂന്നാൾക്കും കൊടുത്തു….

അപ്പളേക്കും കാണാതായ സ്റ്റൂള് അന്വേഷിച്ച് ഇറങ്ങിയവർ മുളഞ്ചാട്ടിലെ എൻ്റെ സെറ്റപ്പ് കയ്യോടെ പിടിച്ചു….

അപ്പ വരുമ്പോ പറഞ്ഞ് കൊട്ക്കട്ടോ…. സമ്മാനം കിട്ടിയ ബുക്കും സ്റ്റൂളൊക്കെ കുപ്പത്തൊട്ടിൽ കൊണ്ടോയി ഇട്ടത് ….എന്നും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി എല്ലാം വാരിക്കെട്ടി, കൂടെ എൻ്റെ മൊബൊൽ ഫോണും എടുത്ത് മുകളിലേക്ക് പബ്ജി കളിക്കാൻ പോയ മക്കളെ നോക്കി എൻ്റെ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു…..

ഇത്തിരി നേരം ഈ തണലിൽ ഇരുന്ന് ഒരു കപ്പ് കാപ്പി മൊത്തിക്കുടിക്കുവാനുള്ള എൻ്റെ സ്വപ്നത്തെ കുപ്പത്തൊട്ടിയോടുപമിച്ച മുത്ത് മണികളേ…..ഞാനുമൊരു വർണ്ണ പട്ടമായിരുന്നു…..

Shabna shamsu❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *