വയ്യാതാകുന്ന അവസ്ഥയിൽ തന്റെ ഭാര്യക്ക് വിശ്രമമാണ് വേണ്ടത് എന്ന ബോധം ഭർത്താക്കന്മാർക്കും…

എഴുത്ത്:-അച്ചു വിപിൻ

താഴെയുള്ള ചിത്രത്തിൽ കാണുന്ന പോലെ സ്വന്തം ആരോഗ്യം നോക്കാതെ പണിയെടുക്കുന്ന ഒരമ്മയല്ല ഞാൻ.എനിക്ക് മക്കളോട് സ്നേഹമുണ്ട് എന്നു കരുതി എനിക്ക് പാടില്ലാത്ത സന്ദർഭങ്ങളിൽ ആ വയ്യായ്കയും വെച്ചുകൊണ്ടു ഞാൻ പണിയെടുക്കാറില്ല,മാത്രല്ല എവിടേലും പോയി ചാരി നിന്നു പണി യെടുക്കാൻ എന്റെ ഭർത്താവൊട്ടെന്നെ സമ്മതിക്കാറുമില്ല.

എനിക്ക് വയ്യാതായാൽ “എനിക്ക് ജോലി ചെയ്യാൻ വയ്യ”എന്ന് തന്നെ ഞാൻ തുറന്നു പറയാറുണ്ട്, കാരണം ആരോഗ്യത്തോടെ ഇരിക്കുക എന്നത് എന്റെ ആവശ്യമാണ് അത്കൊണ്ട് തന്നെ ഞാൻ വല്ലിടത്തും പോയി കിടന്നു റെസ്റ്റെടുക്കാൻ ശ്രമിക്കാറുണ്ട്.

“നീ പോയി എനിക്കും മക്കൾക്കും വെച്ചുണ്ടാക്കി താ” എന്നൊരിക്കലും എന്റെ ഭർത്താവെന്നോട് പറയാറില്ല. അതിനു പകരം കുഞ്ഞുങ്ങൾക്കും,എനിക്കും, ആൾക്കും വേണ്ട ഭക്ഷണം തയ്യാറാക്കുകയും അതിനോടൊപ്പം തന്നെ പറ്റുന്ന പോലെ വീട്ടിലെ കാര്യങ്ങൾ ചെയ്യുകയും ചെയ്ത ശേഷം എന്നോട് പരമാവധി വിശ്രമിക്കാൻ പറയുകയാണ് ചെയ്യാറ്.

വയ്യാതാകുന്ന അവസ്ഥയിൽ തന്റെ ഭാര്യക്ക് വിശ്രമമാണ് വേണ്ടത് എന്ന ബോധം ഭർത്താക്കന്മാർക്കും,അമ്മയുടെ ആരോഗ്യം തിരിച്ചു വരുന്നത് വരെ അവരെ സഹായിക്കാനുള്ള മനസ്സ് മക്കൾക്കും വേണം.

സ്ത്രീകളെ ഇനി നിങ്ങളോടാണ്

നിങ്ങൾക്ക് വയ്യാതായാൽ നിങ്ങൾ തന്നെ അടുക്കളയിൽ കയറി ഓരോന്ന് വെച്ചുണ്ടാക്കുന്ന സ്വഭാവം ഇനിയെങ്കിലും നിർത്തുക. വീട്ടിൽ പ്രായപൂർത്തിയായ മക്കളോ ഭർത്താവോ ഉണ്ടെങ്കിൽ അവരാണ് നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഓരോന്ന് ചെയ്തു തരേണ്ടത്.

ഇനിയിപ്പോ മക്കളോ ഭർത്താവോ നിങ്ങടെ ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിക്കുകയും നിങ്ങൾ പണിയെടുക്കുന്നത് കണ്ടു മിണ്ടാതെയിരിക്കുകയും ചെയ്താൽ അവനവന്റെ ആരോഗ്യം നോക്കി വല്ലിടത്തും പോയി ഇരിക്കുക കാരണം നിങ്ങൾക്കൊരു ബുദ്ധിമുട്ട് വന്നപ്പോ തിരിഞ്ഞു നോക്കാത്ത ആളുകൾ നാളെ നിങ്ങൾ വീഴ്ചയിലായാൽ നിങ്ങളെ പരിചരിക്കുമെന്നുള്ളതിൽ എന്താണുറപ്പ്?

വീട്ടിൽ സ്ത്രീകൾ തന്നെ പണിയെടുക്കുന്ന സ്വഭാവമാദ്യം തന്നെ നിർത്തുക.മക്കൾ ആണായാലും പെണ്ണായാലും അത്യാവശ്യം വീട്ടുകാര്യം അവരെയും പഠിപ്പിക്കുക.എല്ലാ സാധനങ്ങളും ഭർത്താവിന്റെ മുന്നിൽ ഒരിക്കലും എത്തിച്ചു കൊടുക്കരുത്, അതവർക്കൊരു തരമാകും. അവർക്കാവശ്യമുള്ള സാധനങ്ങൾ എടുക്കാനുള്ള കഴിവൊക്കെ അവർക്കുമുണ്ട്.മാടിനെ പോലെ പണിയെടുക്കാൻ നിങ്ങൾ അടിമയല്ലെന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കുക.

നിങ്ങൾ പാടില്ലാതെ കിടന്നാൽ ഒരു ഗ്ലാസ്‌ വെള്ളം പോലും നിങ്ങടെ മക്കളോ ഭർത്താവോ എടുത്തു തന്നില്ലെങ്കിൽ അവർക്കു വേണ്ടി ചത്തു മരിച്ചു പണിയെടുത്തിട്ട് ഒരു കാര്യവുമില്ലെന്ന തിരിച്ചറിവ് നിങ്ങൾക്കുണ്ടാകണം.

അമ്മ പുണ്യമാണ്,ഭൂമിദേവിയാണ്, പോരാളിയാണ്, ചക്കയാണ്, മാങ്ങയാണ്, തേങ്ങയാണ് എന്നൊക്കെ പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ, ഈ സ്ത്രീകളെ മഹത്വവൽക്കരിച്ചു അമ്മപ്പട്ടം ചാർത്തി മൂലക്കിരുത്തി പണിയെടുപ്പിച്ചു തിന്നാനുള്ള സൂത്രമൊക്കെ അങ്ങ് നിർത്തിക്കോ,ഇനിയിവിടെയത് ചിലവാകില്ല.

ഇനി മുതൽ സ്ത്രീകൾക്ക് വയ്യാതായാൽ അവര് റസ്റ്റ്‌ എടുക്കും.വീട്ടിലെ ബാക്കിയുള്ളവർ വിശക്കുന്നുണ്ടെങ്കിൽ തന്നത്താൻ വെച്ചുണ്ടാക്കി തിന്നോളണം അതാണ് മര്യാദ.വയ്യാതെ കിടക്കുന്ന അമ്മയെ കൊണ്ടു ചാരി നിർത്തി പണിയെടുപ്പിച്ചു തിന്നുന്നത് നിങ്ങടെ ഒക്കെ തൊണ്ടയിൽ നിന്നും എങ്ങനെ ഇറങ്ങുന്നെടാ ഉവ്വേ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *