വിടർന്ന മുഖവുമായി നിൽക്കുന്നയവളെ എന്റെ മേലേക്ക് വലിച്ചു ചേർത്തു നിർത്തിയ ശേഷം ഞാൻ അവളുടെ കാതുകളിൽ മെല്ലെ പറഞ്ഞു…

എഴുത്ത്: അച്ചു വിപിൻ

പതിവുപോലെ ഫേസ്ബുക് നോക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് നാൽപതു കഴിഞ്ഞ സുന്ദരിയായ സ്ത്രീ എന്റെ കണ്ണിൽ പെട്ടത്.. ആഹാ എത്ര സുന്ദരി കണ്ടാൽ ഇരുപത്തഞ്ചിന്റെ ചെറുപ്പം ഞാൻ ആവേശത്തോടെ താഴേക്കു സ്ക്രോൾ ചെയ്തു..

നാൽപതുകളിലെ ചെറുപ്പം എന്ന ഹാഷ് ടാഗ് വെച്ചു പല പോസുകളിൽ നിൽക്കുന്ന ഒരുപാടു സ്ത്രീകൾ എന്റെ കണ്ണിൽ ഉടക്കി.. അയ്യോ എന്റെ തൊണ്ട വരളുന്നു .. ദമയന്തി ഒരു ഗ്ലാസ്‌ വെള്ളം ഞാൻ എന്റെ ഭാര്യയെ നീട്ടി ഒന്ന് വിളിച്ചു…

അൽപ സമയത്തിന് ശേഷം അവൾ വെള്ളവുമായി വന്നു…

അണ്ണാ ദേ വെള്ളം അവൾ കയ്യിലിരുന്ന ഗ്ലാസ്‌ എന്റെ നേരെ നീട്ടി..

ഞാനവളെ സൂക്ഷിച്ചു നോക്കി…

മുഷിഞ്ഞ ഒരു നൈറ്റി ഇട്ടു നിൽക്കുന്ന മുപ്പത്തഞ്ചുകാരിയായ എന്റെ ഭാര്യക്കിപ്പോ നാൽപത്തിൽ അധികം പ്രായം തോന്നുന്നുവെന്നു ഞാൻ അന്നേരം ഓർക്കായ്കയില്ല…

ഞാൻ സൂക്ഷിച്ചു നോക്കുന്ന കണ്ടിട്ടാകണം അവളെന്നോട് ചോദിച്ചു എന്തരണ്ണാ മുന്നേ കണ്ടില്ലാത്ത വണ്ണം ഇങ്ങനെ നോക്കണത്…..

ഞാൻ വെള്ളം വാങ്ങി കുടിച്ചതിനു ശേഷം തുടർന്നു..

എന്റെ പൊന്നു ദമേ നീ ഇന്ന് കുളിച്ചില്ലേ എന്തൊരു നാറ്റാ ഹൊ സഹിക്കാൻ വയ്യ നിനക്കീ കീറിപ്പറിഞ്ഞ നൈറ്റി അല്ലാതെ ഒരു നല്ല നൈറ്റി ഇട്ടു നടന്നൂടെ കണ്ടിട്ടെനിക്കെന്തോ പോലെ നീ ഇങ്ങോട്ടു വന്നീ ഫേസ് ബുക്കൊന്നു നോക്കിക്കേ നാൽപതു കഴിഞ്ഞയീ പെണ്ണുങ്ങളെയൊക്കെയൊന്നു കണ്ണ് തുറന്നു നോക്കു എന്താ ഫിഗർ എന്താ ഷേപ്പ് അവരിട്ടിരിക്കുന്ന ഡ്രസ്സ്‌ കണ്ടോ എന്താ ഒരു ലുക്ക്…

അവൾ ഫോണിലേക്കൊന്നു എത്തി നോക്കിയ ശേഷം പറഞ്ഞു..

എന്റണ്ണ ഞാൻ ചെമ്മീൻ കിള്ളൂവാരുന്നു അപ്പഴാ അണ്ണൻ വിളിച്ചേ കയ്യുകളും മറ്റും കഴുകി ഞാനോടി വന്നതാ മാത്രല്ല എനിക്കാകെ നാലു നൈറ്റിയെ ഒള്ളന്നു അണ്ണനറിയാലോ അണ്ണൻ പുതിയതും മറ്റും വാങ്ങി തരാത്ത കൊണ്ടല്ലേ ഞാനീ പഴയത് ഇട്ടോണ്ട് നടക്കണത് അണ്ണൻ നല്ലത് മേടിച്ചു തരി ഞാനിടാം..അപ്പൊ ഞാനും ഈ ഫേസ് ബുക്കിലു കാണണ അക്കമാര് കണക്കെ സുന്ദരിയാവും…

അവള് പറയുന്ന കേട്ടു ഞാൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു അങ്ങനെ നീ പുതിയ നൈറ്റി ഇട്ടു സുന്ദരി ആവാനൊന്നും പോണ്ട നിന്നെ കൊണ്ടീ ജന്മത്തിൽ സാധിക്കാത്ത കാര്യം ഒക്കെ എന്തിനാ വെറുതെ വിളിച്ചു പറയുന്നത്.. സുന്ദരിയാവും പോലും നീ പോയി അടുക്കളേൽ വല്ല പണിയും ഉണ്ടോന്നു നോക്ക് പെണ്ണെ …

ഞാൻ പറഞ്ഞത് കേട്ടു ഗ്ലാസും കയ്യിൽ മേടിച്ചു കൊണ്ടൊന്നും മിണ്ടാതെയവൾ അടുക്കളയിലേക്ക് പോയി..

ഞാൻ വീണ്ടും മൊബൈലിൽ കണ്ട സുന്ദരികളുടെ മുഖത്തേക്ക് നോക്കി കണ്ണും നട്ടിരുന്നു…

രണ്ടു ദിവസത്തിന് ശേഷം ഉച്ച കഴിഞ്ഞു പതിവുപോലെ ഞാൻ ഫോണിൽ കുത്തിക്കൊണ്ടിരിക്കുവായിരുന്നു വിശന്നിട്ടാണെങ്കിൽ വയറു കത്തുന്നു രാവിലെ കൂട്ടുകാരിയുടെ അടുത്തേക്കെന്നു പറഞ്ഞു പോയ ദമ ഇനിയും മടങ്ങി വന്നിട്ടില്ല ഇവളിതെന്താ ഇത്രയും വൈകുന്നത് എന്നാലോചിച്ചു കൊണ്ട് ഫോണിൽ ഉള്ള ചിത്രങ്ങൾ ഓരോന്നായി ഞാൻ സ്ക്രോൾ ചെയ്തു കണ്ടു ..

അൽപ സമയത്തിന് ശേഷം മുട്ടിന്റെയിറക്കത്തിൽ ഫ്രോക്കിട്ട ഒരു യുവതിയുടെ ചിത്രം എന്റെ കണ്ണിലുടക്കി..ഇവളെ കണ്ടിട്ടു എവിടെയോ കണ്ടത് പോലെയുണ്ടല്ലോ നല്ല മുഖ പരിചയം ആരാണിതെന്നു ഞാൻ സ്വയം ചോദിച്ചു സംശയ നിവാരണത്തിനായി ഒന്ന് കൂടിയാ ചിത്രത്തിലേക്കു നോക്കിയ ഞാൻ അമ്പരപ്പ് മാറാതെ പറഞ്ഞു “അയ്യോ എന്റെ ദമ”ഇവളിതെങ്ങനെ ഇങ്ങനെയായി?

അതിന്റെ താഴെ വന്ന കമന്റുകൾ ഞാൻ ഉറക്കെ ഇരുന്നു വായിച്ചു

ഹായ് ഹോട് ചേച്ചി…

ഹായ് മല്ലു ആന്റി സുഖമാണോ?

ഹലോ സെക്സി ഒരു ഹായ് തരാമോ?

ഒരു മണിക്കൂറിനുള്ളിൽ പതിനായിരം ലൈകും 1590കമന്റുകളും 2300 ഷെയറുകളും എന്റെ ദൈവമേ എന്ന് ഞാൻ സ്വയം പറഞ്ഞു പോയി.. കമന്റുകൾ ഓരോന്നായി വായിക്കുന്നതിനിടയിൽ മുറ്റത്തൊരോട്ട വന്നു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു…

മൊബൈലിൽ നിന്നും കണ്ണെടുത്തു ഞാൻ മുറ്റത്തേക്ക് നോക്കി അതാ ഓട്ടോയിൽ നിന്നും ഫ്രോക്കിട്ട എന്റെ ദമ സിനിമാ സ്റ്റൈലിൽ ഇറങ്ങി നടന്നു വരുന്നു അവളുടെ കാലിൽ കിടക്കുന്ന ഹൈ ഹീൽഡ് ചെരുപ്പ് കണ്ടെന്റെ കണ്ണ് തള്ളിപ്പോയി..

വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോകുന്നതിനിടയിൽ ഓട്ടോക്കാരൻ അവളെ അർത്ഥം വെച്ചൊന്നു നോക്കിയത് ഞാൻ കണ്ടു.

ഞാൻ മുറ്റത്തേക്കിറങ്ങിച്ചെന്ന് വിക്കി വിക്കി ചോദിച്ചു എന്താ ദമേ? എന്താ ഇതൊക്കെ? എന്താ നിന്റെ ചുണ്ടത്തും മുഖത്തുമൊക്കെയീ തേച്ചു വെച്ചിരിക്കുന്നത്? നീ കുമ്മായത്തിൽ വീണോ?

എന്റണ്ണാ അണ്ണനല്ലേ പറഞ്ഞെ ഞാൻ ഫേസ്ബുക്കിലു കാണണ അക്കമാര് കൂട്ട് സുന്ദരിയാവൂല്ലെന്നു അത് കേട്ടപ്പോ എനിക്ക് ദണ്ണം വന്നു അണ്ണന് സന്തോഷാവാനാ ഞാനിതൊക്കെ പോയി ചെയ്തത്..

ഞാൻ തലയിൽ കൈ വെച്ച് പോയി..എന്റെ പൊന്നു ദമേ ഞാൻ വല്ലോം പറഞ്ഞെന്നു വെച്ച്… ആട്ടെ ഇതാരാ നിനക്കിതൊക്കെ ചെയ്തു തന്നത്? ഇതിനുള്ള കാശൊ ഞാൻ അവളോട്‌ ചോദിച്ചു..

അത് അങ്ങാടിയില് ബ്യൂട്ടിപാർലറുകളും മറ്റും നടത്തണ പുഷ്പലത ചേച്ചി, അണ്ണന് മനസ്സിലായില്ലേ?പിന്നെ കാശ് ഞാൻ അണ്ണനോട് മേടിച്ചോളാൻ പറഞ്ഞു..

ഓ മനസ്സിലായി നമ്മടെ രമേശന്റെ ഭാര്യയെ മേക്കപ്പ് ചെയ്തു കഴിവ് മുഴുവൻ പുറത്തെടുക്കാൻ പറ്റാതെ പോയ ചേച്ചിയല്ലേ വോ എനിക്കറിയാം..ഇനിപ്പോ ആ കാശ് ഞാൻ എവിടെ പോയി ഉണ്ടാക്കാനാ എന്റെ ദൈവമേ

അത് വിടു നിന്റെ മൊബൈൽ ഇങ്ങു തന്നെ…

ഞാൻ ചോദിച്ചത് കേട്ടിട്ടവളെന്റെ നേരെ കയ്യിലിരുന്ന മൊബൈൽ നീട്ടി..

കൂടുതൽ മോശം കമന്റുകൾ ഇടാൻ അവസരം കൊടുക്കാതെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത അവളുടെ ഫോട്ടോ ഞാനങ്ങു ഡിലീറ്റ് ചെയ്തു കളഞ്ഞ ശേഷം അവളോട് പറഞ്ഞു നീ പോയി ഈ പണ്ടാരം പിടിച്ച ഉടുപ്പ് മാറ്റി ആ നൈറ്റി ഇട്ടോണ്ട് വാ എന്നിട്ട് പോരുമ്പോ അടുക്കളയിൽ നിന്നുo ഇച്ചിരി വെളിച്ചെണ്ണയും കയ്യിൽ എടുത്തോ..

അവളൊന്നും മിണ്ടാൻ നിക്കാതെ വേഗം പോയി ഉടുപ്പ് മാറി നൈറ്റി ഇട്ട ശേഷം കയ്യിൽ വെളിച്ചെണ്ണയുമായി തിരിച്ചു വന്നു..

ഞാൻ അവളുടെ കയ്യിൽ ഇരുന്ന വെളിച്ചെണ്ണ മേടിച്ച ശേഷം അവളുടെ മുഖത്തും ചുണ്ടത്തുമായി പുരട്ടി…

എന്തരണ്ണ ഈ കാണിച്ചത് ആ ചേച്ചി എത്ര പാട് പെട്ടു ചെയ്തു തന്നതാ ഒക്കെ കളഞ്ഞു കുളിച്ചില്ലേ ഈ അണ്ണന് ഞാൻ സുന്ദരിയായതിന്റെ അസൂയയാണ്…

പിണങ്ങി നിൽക്കുന്ന അവളുടെ മുഖം കൈകൊണ്ട് പിടിച്ചുയർത്തി ഞാൻ പറഞ്ഞു എന്റെ പൊന്നു ദമേ മേക്കപ്പ് ഒന്നുമില്ലാത്ത നീയാണ് കാണാൻ മറ്റാരേക്കാളും സുന്ദരി, പാവാടയിൽ എടുത്തു കുത്തിയിരിക്കുന്ന ഈ നൈറ്റിയാണ് നിനക്ക് ഭംഗി,അണ്ണാ എന്ന് വിളിച്ചോടി വരുന്ന നീയാണ് ഞാൻ കണ്ടതിൽ വെച്ചേറ്റവും അഴകുള്ള പെണ്ണ്..

ഞാൻ ചുമ്മാ എന്തെങ്കിലും പറഞ്ഞെന്നു കരുതി ഓരോന്ന് ചെയ്യാൻ ഓടിച്ചാടി പോകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ നിനക്ക് ? നീ നീയായി ഇരിക്കുക മറ്റുള്ളവർ ചെയ്യുന്നത് അനുകരിച്ചാൽ അവരും നീയും തമ്മിൽ എന്താണ് വ്യത്യാസം..എനിക്ക് പരിഷ്കാരിയായ ദമയന്തിയെ അല്ല മറിച്ചു സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ ദമയെ ആണിഷ്ടം… നിനക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് അതുപക്ഷെ അന്യരെ അനുകരിച്ചു കൊണ്ടാകരുത്..

അപ്പൊ എനിക്ക് പുതിയ ഒരു നൈറ്റി മേടിച്ചു തരോ അണ്ണാ..അവൾ നിഷ്കളങ്കമായെന്നോട് ചോദിച്ചു..

ഒരെണ്ണം ആക്കുന്നതെന്തിനാ നിനക്ക് ഞാൻ ഒരഞ്ചാറെണ്ണം മേടിച്ചു തരാം പോരെ..സ്വന്തം ഭാര്യയുടെ സൗന്ദര്യം മനസ്സിലാക്കാതെ കണ്ട പെണ്ണുങ്ങടെ വായും നോക്കി ഇരുന്ന ഞാനാണ് പെണ്ണെ പൊട്ടൻ ഞാൻ സ്വയം മനസ്സിൽ പറഞ്ഞു..

വിടർന്ന മുഖവുമായി നിൽക്കുന്നയവളെ എന്റെ മേലേക്ക് വലിച്ചു ചേർത്തു നിർത്തിയ ശേഷം ഞാൻ അവളുടെ കാതുകളിൽ മെല്ലെ പറഞ്ഞു “ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്ണ് ആരാണെന്നറിയുമോ അത് നീയാണെന്റെ ദമേ”ലോകത്തിലെ ആ സൗന്ദര്യം മുഴുവൻ ഇപ്പോൾ എന്റെ കൈകൾക്കുള്ളിലാണ്”എനിക്കെന്നും എന്റെ ദമ മാത്രം മതി ഇത്രയും പറഞ്ഞ ശേഷം ഞാനെന്റെ മൊബൈൽ ഓൺ ചെയ്തു ഫേസ് ബുക്ക്‌ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്തു…

NB:ഒരിക്കലും അന്യരെ അനുകരിക്കരുത് നിങ്ങൾ നിങ്ങളായിരിക്കുക.. സൗന്ദര്യം വസ്ത്രത്തിലോ മേക്കപ്പിലോ അല്ല മറിച്ചു മനസ്സിലാണ് ഉണ്ടാവേണ്ടത്…

Leave a Reply

Your email address will not be published. Required fields are marked *