സിന്ധുരപൊട്ട്
Story written by Edwin k
എന്ത് എഴുതണം എന്ന് അറിയില്ല സിന്ധു.. ഒറ്റയ്ക്ക് ആയതു പോലെ തോന്നുവാ.. ദേവന്റെ കത്ത് വായിച്ചു തുടങ്ങവേ തന്നെ സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞു.
എവിടെയൊക്കെയോ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ. അറിയില്ലടോ. ജീവിതത്തോട് ഒരു വിരക്തി തോന്നുന്നു. എന്നും എനിക്ക് ഇങ്ങനെ തന്നെ ആണല്ലോ എന്ന് നീ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും അല്ലെ. ശരിയാടോ. ഞാൻ ചിലപ്പോ ദൈവത്തോട് ചോദിക്കാറുണ്ട് ഒരു മനുഷ്യന് എന്നും സഹനങ്ങൾ മാത്രം എന്തിനാണ് തരുന്നത് എന്ന്. അപ്പൊ ദൈവം മിണ്ടാതിരിക്കുന്നത് പോലെ തോന്നും. പിന്നെ തോന്നും എന്തിനാ ദൈവത്തെ പഴിക്കുന്നത് എന്ന്. വേദനകൾ ആണെടോ എന്നും കൂട്ടിന്. അത് ഇന്നും തുടരുന്നു.. എവിടെയൊക്കെയോ ഒരു ശൂന്യത. എന്തൊക്കെയോ മിസ് ചെയുന്നത് പോലെ.. ഈ വരുന്ന 15 ന് ശ്രീകുട്ടിയുടെ കല്യാണം ആണ് ട്ടോ. ഈ ജീവിതത്തിൽ ഞാൻ ആർക്ക് വേണ്ടി ആണോ ജീവിച്ചത് അവളുടെ കല്യാണം.
അവളെ ഈ ലോകത്ത് ഏറ്റവും അധികം സ്നേഹിച്ച ഈ അച്ഛനെ ഉപേക്ഷിച്ചു അവളുടെ ഇഷ്ടം അനുസരിച്ചുള്ള ഒരു വിവാഹം. എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു അവളെക്കുറിച്ചു എനിക്കെന്നു തനിക്ക് അറിയില്ലായിരുന്നോ. കുഞ്ഞുനാൾ മുതൽ എന്റെ നെഞ്ചിൽ പ്രണയത്തിന്റെ വസന്തം വിരിയിച്ച നിന്നെ പോലും മാറ്റി നിർത്തി പട്ടിണി മാറ്റാനും പെങ്ങന്മാരുടെ കല്യാണം നടത്താനും കാശുള്ള വീട്ടിലെ പെണ്ണിന്റെ ആലോചന വന്നപ്പോ നിർബന്ധിച്ച അച്ഛനോടും അമ്മയോടും ഒരു വാക്ക് പോലും എതിർത്തു പറയാൻ ആകാതെ പോയതിൽ ഇപ്പോഴും നെഞ്ച് പൊട്ടുന്നുണ്ട് മാഷേ.. അവർക്കാവശ്യം പഠിത്തം ഉള്ള തറവാട്ടിലെ ചെറുക്കൻ. എന്റെ വീട്ടുകാർക്കാവശ്യം പണം. രണ്ടിനും ഇടയിൽ തകർന്നു പോയത് ഞാൻ ആണെടോ..
ദേവി.. പേര് ദേവി എന്നാണ് എങ്കിലും സ്വഭാവത്തിൽ അത് ഒട്ടും ഇല്ലാതിരുന്നവൾ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഒരു മകളെയും തന്നിട്ട് സ്വന്തം ഇഷ്ടം തേടി പോയി അവൾ.. അന്ന് മുതൽ ഞാൻ വേറൊന്നുമോർക്കാതെ ജീവിച്ചത് എന്റെ മോൾക്ക് വേണ്ടിയാടോ.. മോൾടെ 20 ആം പിറന്നാളിന് അതുവരെയും അവളുടെ ഒരു കാര്യവും അനേഷിക്കാതെ ഇരുന്ന അമ്മ വന്നപ്പോ അവളുടെ പണകൊഴുപ്പിൽ മയങ്ങി എന്റെ മോളും എന്നെ ഉപേക്ഷിച്ചു അവളുടെ കൂടെ പോയി..
ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണടോ.. വയ്യ ചെറുവള്ളി തറവാട്ടിലെ ദേവനാരായണൻ ഇപ്പൊ ആരുമില്ലാത്തവൻ.. നിർത്തട്ടെ എഴുതാൻ പറ്റുന്നില്ലടോ.. എല്ലാത്തിനും സോറി ട്ടോ.. സോറി.
ദേവൻ..
കത്ത് വായിച്ച സിന്ധുവിന്റെ നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ടായി. ദേവന്റെ കയ്യും പിടിച്ചു പടവരമ്പത് കൂടി ദേവേട്ടാ എന്ന് വിളിച്ചും കൊണ്ട് ഓടിനടന്ന ദേവേട്ടൻ സിന്ദൂരമേ എന്ന് വിളിച്ചിരുന്ന ആ പഴയ സിന്ധുവിനെ അവൾ ഓർത്തു.
കാവിലെ മാവിൻ ചുവട്ടിൽ പ്രണയത്തിന്റെ മഴവില്ല് വിരിയിച്ച ആ നാളുകൾ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു..
വിവാഹം കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന ദേവേട്ടനെയും പെണ്ണിനേയും ആ മാവിന്റെ മറവിൽ ഇരുന്നു നെഞ്ച് പൊട്ടി നോക്കിയതും ഓർത്തു അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി..
അന്ന് മുതൽ ഇന്ന് വരെയും വേറെ ഒരാളെ പോലും ഓർക്കാതെ വീട്ടുകാർ കൊണ്ട് വന്ന ഒരു വിവാഹ ആലോചനയ്ക്ക് പോലും സമ്മതം മൂളാതെ അവൾ ആ പഴയ ദേവട്ടനേയും ഓർത്തു തന്നെ ജീവിക്കുകയായിരുന്നു..
എല്ലാവരും മരണത്തിന്റെ നാടകം ആടി തീർത്തു അരങ്ങോഴിഞ്ഞപ്പോൾ ഈ വീട്ടിൽ അവൾ ഒറ്റയായപ്പോഴും മനസ്സിൽ ദേവൻ മാത്രം ആയിരുന്നു..
കത്ത് വായിച്ചു കഴിഞ്ഞപ്പോ അവൾക്ക് അവനെ ഒന്നുടെ കാണണം എന്ന് തോന്നി.. ടൗണിൽ എവിടെയോ ആണ് ദേവേട്ടൻ ഇപ്പോൾ താമസിക്കുന്നത് എന്ന് ആരോ പറഞ്ഞറിയാം. അടുത്തുള്ള കവലയിൽ നിന്ന് ബസ് കേറുമ്പോഴും അവളുടെ മനസ്സിൽ ദേവനായിരുന്നു.. ടൗണിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ആ കത്തിന്റെ അടിയിൽ ഉള്ള അഡ്രെസ്സ് കാണിച്ചപ്പോൾ ഓട്ടോക്കാരൻ അവിടെ കൊണ്ട് ചെന്നാക്കി..
ആൾതാമസം ഇല്ലാത്തത് പോലെ ഒരു വീട്.. വീട് തെറ്റിയോ എന്ന് അവൾക്ക് സംശയം തോന്നി. എന്നാലും അതിലെ പോയ ഒരാളോട് ചോദിച്ചപ്പോ ഇത് തന്നെ ആണ് സ്ഥലം എന്ന് മനസിലായി. ഗേറ്റ് തുറന്നു അകത്തു ചെന്നു കാളിംഗ് ബെല്ലിൽ വിരലമർത്തി. കുറച്ചു സമയം കഴിഞ്ഞും വാതിൽ തുറക്കാതായപ്പോ തിരിച്ചു പോകാമെന്നു കരുതി തിരിഞ്ഞപ്പോ അകത്തു നിന്നും ഒരു ഞരക്കം കേൾക്കുന്നത് പോലെ തോന്നി. ഒരു നിലവിളി പോലെ.. പെട്ടന്ന് ഉണ്ടായ ഒരു തോന്നലിൽ അവൾ ഉറക്കെ നിലവിളിച്ചു. വഴിയിൽ കൂടി പോയവരും അടുത്തുള്ളവരും കാര്യം അറിയാൻ ഓടി വന്നു.. എല്ലാവരും ചേർന്ന് വാതിൽ ചവിട്ടി പൊളിച്ചു അകത്തു കടന്നപ്പോൾ തൂങ്ങിയാടുന്ന ദേവനെ ആണ് കണ്ടത്. പെട്ടന്ന് കയർ അറുത്തു വിട്ടു അടുത്ത വീട്ടിലെ ചേട്ടന്റെ കാറിൽ അവർ ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി.. ആ വണ്ടിയിലേയ്ക്ക് സിന്ധുവും കയറി.. കാർ ഹോൺ മുഴക്കി പരമാവധി സ്പീഡിൽ ആണ് പോയത്. അവിടെ എത്തി ദേവനെ പെട്ടന്ന് ICU വിലേയ്ക്ക് മാറ്റി.പുറത്ത് ഇട്ടിരുന്ന ചാരു കസേരയിൽ നെഞ്ച് പൊട്ടുന്ന വേദനയോടെ അവൾ ഇരുന്നു.
ആരാണ് സിന്ധു.. ഒരു നഴ്സിന്റെ ശബ്ദം അവളെ ഉണർത്തി. പെട്ടന്ന് ചാടി എഴുന്നേറ്റ അവൾ ഞാൻ ആണ് സിന്ധു എന്ന് പറഞ്ഞു. പേഷ്യന്റ് നിങ്ങളെ കാണണം എന്ന് പറയുന്നു.. വന്നോളൂ അധികം സംസാരിക്കരുത്.. മിടിക്കുന്ന ഹൃദയത്തോടെ സിന്ധു ദേവനരികിൽ നിന്നു.. സിന്ധു കാണാൻ പറ്റും എന്ന് കരുതിയില്ല ട്ടോ. സന്തോഷം ആയി. അവസാനം നീ തന്നെ വരേണ്ടി വന്നു എന്നെ ഇങ്ങോട്ട് കൊണ്ട് വരാൻ.. പോവാ ട്ടോ. ഇനി ഒരു യാത്ര ഇല്ല.. ക്ഷമിക്കണം എന്നോട്.. നിശ്ചലമായ ദേവന്റെ മുകളിലേയ്ക്ക് ദേവേട്ടാ എന്ന് വിളിച്ചു സിന്ധു വീണു. അവൾ പിന്നീട് എഴുന്നേറ്റില്ല..ഇനി ദേവനെ ആർക്കും വിട്ടു കൊടുക്കാൻ കഴിയാത്തവണ്ണം അവൾ അവനെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. മരണത്തെ തോൽപ്പിച്ചു മരണത്തിൽ അവർ ഒന്നായ്…