അഗ്നിശലഭങ്ങൾ
എഴുത്ത്:-ബിന്ദു എന്‍ പി
സന്ധ്യയപ്പോഴാണ് അമലയുടെ കോൾ വന്നത്.ഓഫീസിലെ സഹ പ്രവർത്തകനായ റെജി സാറിന്റെ ഭാര്യയാണ് അമല. കഴിഞ്ഞ ദിവസം അവരുടെ കവിതകൾ യുട്യൂബിൽ കണ്ടതുമുതൽ ഒന്ന് വിളിക്കണമെന്ന് കരുതിയതാണ്. തിരക്കിനിടയിൽ പറ്റിയില്ല . അതുകൊണ്ട് തന്നെ അമലയുടെ കോൾ എടുപ്പോൾ ആദ്യം ആ കവിതകളെ കുറിച്ച് വാചാലയായി …
അപ്പോഴാണ് അവൾ പറഞ്ഞത്”ഞാൻ മറ്റൊരു പ്രധാന കാര്യം പറയാനാണ് ഇപ്പൊ വിളിച്ചത് .. നിങ്ങളുടെ ഓഫീസിലെ സുധി സാറില്ലേ … സാറിന്റെ ഭാര്യ മരിച്ചു പോയി… “
“അയ്യോ …എന്തായിരുന്നു അവർക്ക് “.. “വഴിയിൽ നെഞ്ച് വേദന വന്നു കുഴഞ്ഞു വീണതാണ്. ഇവിടെ ഞങ്ങളുടെ അടുത്തുള്ള ആശുപത്രിയിൽ ആയിരുന്നു കൊണ്ടുവന്നത്.. വിവരം അറിഞ്ഞു ഞങ്ങൾ ഇവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു .”
ഫോൺ കട്ട് ആയിട്ടും ഓർമ്മകൾ അലഞ്ഞു നടന്നു ..സ്ഥലം മാറ്റം കിട്ടി ഓഫീസിൽ വന്നപ്പോൾ ആദ്യമായി പരിചയപ്പെട്ട ആളായിരുന്നു സുധി സർ.
എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കണ്ടിട്ടുള്ള സുധി സർ എപ്പോഴും ഉച്ച ഭക്ഷണം കഴിക്കാൻ കോഫീ ഹൗസിലേക്ക് പോകുന്നത് കണ്ടപ്പോൾ ഒരു ദിവസം ചോദിച്ചു “സാറിന് വീട്ടിൽ നിന്നും ഫുഡ് കൊണ്ടുവന്നൂടെ. എപ്പോഴും ഇങ്ങനെ… ഹോട്ടൽ ഫുഡ് അത്ര നല്ലതൊന്നും അല്ല ട്ടോ .അതുകേട്ടപ്പോൾ ഒന്ന് ചിരിച്ചതല്ലാതെ സാറ് മറുപടി ഒന്നും പറഞ്ഞില്ല..
ഒരു ദിവസം ഓഫീസിൽ എത്താൻ വൈകിയതിന്റെ കാരണം തിരക്കിയപ്പോഴാണ് പറഞ്ഞത് വൈഫ് അവളുടെ വീട്ടിൽ ആണ് താമസം. ഇടയ്ക്ക് വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ. മോള് കോട്ടയത്ത് പഠിക്കുകയാണ്. മോൻ കോയമ്പത്തൂരും ആണ് എന്ന് .
അതെന്താ വൈഫ് അവരുടെ വീട്ടിൽ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ സാറ് പറഞ്ഞു അവളുടെ അച്ഛനും അമ്മയും പ്രായമുള്ളവരാണ്.. ഇവൾ ഒറ്റ മോളാണ് . വേറെ രണ്ട് ആങ്ങളമാരാണ് ഉള്ളത്.. അതുകൊണ്ട് കിടപ്പിലായ അമ്മയെ നോക്കാൻ ആളില്ലാത്തതുകൊണ്ടാണ് അവിടെ നിൽക്കുന്നത് എന്നാണ് .
എങ്കിലും ഭർത്താവിന്റെ കാര്യങ്ങൾ കൂടി അവർ ശ്രദ്ധിക്കേണ്ടതല്ലേ എന്ന് പറഞ്ഞപ്പോൾ അതൊക്കെ അവർക്കു സ്വയം തോന്നേണ്ടതല്ലേ … പിന്നെ അമ്മയെ നോക്കാൻ പോകരുത് എന്ന് പറയാൻ പറ്റുമോ എന്ന് കൂടി സാറ് കൂട്ടിച്ചേർത്തു … അതിനപ്പുറം ഒരു പൊരുത്തക്കേട് ഉള്ളതായി തോന്നിയില്ല.. ഭാര്യയെ കുറിച്ച് മറ്റൊരു പോരായ്മയും സാറ് പറഞ്ഞതുമില്ല..
പക്ഷേ ഒരിക്കൽ മറ്റൊരാൾ വഴിയാണ് സുധി സാറിന്റെ കഥകൾ അറിഞ്ഞത്. സാറ് പഠിക്കുന്ന കാലത്തേ ഒരു കുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്നുവത്രെ.. അവർ തമ്മിൽ കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവത്രെ..
അങ്ങനെ ഇരിക്കെ സാറ് ജോലിക്കായി ഗൾഫിൽ പോയി. അന്ന് ഇതുപോലെ ഫോണും കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ല . വല്ലപ്പോഴും എഴുതുന്ന കത്തുകളിലൂടെ മാത്രമേ വിവരങ്ങൾ അറിയാറുള്ളൂ . അങ്ങനെ ഇരിക്കെ ആ പെൺകുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചപ്പോൾ ആ വിവരം കാണിച്ച് അയാൾക്ക് അവൾ കത്തെഴുതിയത്രേ… നിഭാഗ്യവശാൽ ആ കത്ത് സാറിന് കിട്ടാതെ പോയി… അയാളുടെ മറുപടി കിട്ടാതെ വന്നപ്പോൾ അവൾ കല്യാണത്തലേന്ന് ആത്മഹiത്യ ചെയ്തു… ആ വിവരം സാർ അറിഞ്ഞില്ല ..
നാട്ടിലെത്തിയ ശേഷം സുഹൃത്തിനേയും കൂട്ടി അവൾ തന്ന അഡ്രസ്സിൽ അന്വേഷിച്ചെങ്കിലും അറിഞ്ഞ വിവരം സുഹൃത്ത് അയാളിൽ നിന്നും മറച്ചു വെക്കുകയും അവൾ വേറെ കല്യാണം കഴിച്ചു പോയി എന്ന് കള്ളം പറയുകയും ചെയ്തുവത്രെ ..
ഇത് വിശ്വസിച്ച അയാൾ വേദനയോടെയാണെങ്കിലും വീട്ടുകാർ കണ്ടുപിടിച്ച പെണ്ണിനെ വിവാഹം കഴിക്കുകയുമായിരുന്നു ..
വിവാഹം കഴിഞ്ഞ് രണ്ടു മക്കളോടും ഭാര്യയോടുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ് വരവേയാണ് ഒരുദിവസം മറ്റൊരു സുഹൃത്ത് വഴി അയാൾ ആ കാര്യം അറിയുന്നത് ..അവൾ അയാൾക്ക് വേണ്ടി കാത്തിരുന്നിരുന്നുവെന്നും ഒടുവിൽ അയാളുടെ വിവരം ഒന്നും കിട്ടാത്തത് കൊണ്ടാണ് ആത്മഹjത്യ ചെയ്തതെന്നും.. അതറിഞ്ഞപ്പോൾ അയാൾ ആകെ തകർന്നു..
പിന്നീടങ്ങോട്ട് അയാൾ മiദ്യപാനത്തിലൂടെ എല്ലാം മറക്കാൻ ശ്രമിക്കുക യായിരുന്നു.. മiദ്യപിച്ചു വരാൻ തുടങ്ങിയതോടെ വീട്ടിൽ വഴക്ക് പതിവായി .. ഭാര്യയുടെ അടുത്തു പോകുമ്പോഴൊക്കെ അയാൾക്ക് തന്റെ പ്രണയിനിയുടെ തൂങ്ങിയാടുന്ന മുഖം ഓർമ്മയിൽ വരും.. അതോടെ അയാൾ ആകെ തളർഞ്ഞുപോകും .
അങ്ങനെ ഇരിക്കെ ഒരുദിവസം ഭാര്യയ്ക്ക് അയാളുടെ പഴയ ഡയറിയിൽ നിന്നും പണ്ടെന്നോ അവളെഴുതിയ എഴുത്ത് കൂടി കിട്ടിയത്തോടെ അവരുടെ ജീവിതത്തിന്റെ തകർച്ച പൂർണ്ണതയിൽ എത്തി. പിന്നീട് അവർ പരസ്പരം സംസാരിക്കാതെയായി…
അവൾ മിക്കപ്പോഴും അവളുടെ വീട്ടിൽ താമസമായി.. മക്കൾ നാട്ടിൽ വന്നാലും അമ്മയോടൊപ്പം തന്നെ .. അയാളോട് അവരും അകലാൻ തുടങ്ങി..
ഈ വിവരങ്ങൾ അറിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം സുധി സാറോട് സംസാരിച്ചതുമാണ്… “സാറെ… തെറ്റ് എല്ലാവർക്കും പറ്റും… രണ്ടുപേരുടെ ഭാഗത്തും തെറ്റും ശരിയും ഉണ്ടാവാം. എങ്കിലും എല്ലാം മറന്ന് നിങ്ങള് ഒരുമിച്ച് ജീവിക്കണം.. ഒരാൾ അല്പം താഴ്ന്നു കൊടുത്താലും തെറ്റൊന്നുമില്ല… എല്ലാം പരസ്പരം തുറന്നു പറയൂ.. എന്നിട്ട് അവരെ ഒന്ന് കെട്ടിപ്പിടിക്കൂ.. അവർ ക്ഷമിക്കും .. ഒന്ന് സ്നേഹത്തോടെ ചേർത്തു പിടിച്ചാൽ അലിയാവുന്നതേയുള്ളൂ ഒരു പെണ്ണിന്റെ മനസ്സ്..”
എല്ലാം മൂളിക്കേട്ട ശേഷം അവളോട് സംസാരിക്കാം എന്ന് സമ്മതിച്ചിട്ടാണ് സാറ് ഇന്നലെ ഓഫീസിൽ നിന്നും പോയത്..
സാറിനോട് സംസാരിച്ചപ്പോഴാണ് അറിഞ്ഞത് .അന്ന് ശനിയാഴ്ച ആയതുകൊണ്ട് അവളും മക്കളും വന്നിരുന്നു . ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ ഉണ്ടാക്കി എല്ലാരും ഒരുമിച്ച് കഴിച്ചതാണ്.. അത് കഴിഞ്ഞപ്പോ ഇടയ്ക്കിടെ വരുന്ന ഗ്യാസ് ന്റെ പ്രശ്നം ഉള്ളതുകൊണ്ട് ഒന്ന് മോനെയും കൂട്ടി അടുത്തുള്ള ക്ലിനിക്കിൽ പോയതാണ് . യാത്രയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു..
ഇത്രകാലവും എല്ലാം സഹിക്കാനും പരസ്പരം ക്ഷമിക്കാനും ഉള്ള മനസ്സില്ലാതെ പോയി. ഇപ്പൊ മനസ്സിനെ പാകപ്പെടുത്തി വരുമ്പോഴേക്കും ജീവിതം ബാക്കി ഇല്ലാതെയും പോയി .. ഇങ്ങനെ ഒന്നും സംഭവിക്കുമെന്ന് കരുതിയതേയില്ലല്ലോ എന്ന് പറഞ്ഞു മോർച്ചറിക്ക് മുന്നിൽ നിന്നുകൊണ്ട് വിങ്ങിപ്പൊട്ടുന്ന ആ മനുഷ്യനെ കണ്ടപ്പോൾ ഓർത്തു പോയി… ഹേ നിസ്സഹായരായ മനുഷ്യരെ നിങ്ങളെത്ര നിസ്സാരന്മാരാണ്….ആരോടാണ് നിങ്ങളുടെ ഈ വാശി .. ഈ ശ്വാസം ഒന്ന് നിന്നുപോയാൽ തീർന്നുവല്ലോ എല്ലാം ..