Story written by Maaya Shenthil Kumar
അമ്മയുടെ ബാഗിൽ ഞാനറിയാതെ ഒളിപ്പിച്ചു വച്ച ചായത്തിന്റെയും പൗഡറിന്റെയും അർത്ഥം മനസ്സിലാക്കിയ അന്ന് തുടങ്ങിയതാണ് അമ്മയുമായുള്ള അകലം… വേ ശ്യയുടെ മകനെന്ന കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം കൂടി ആയപ്പോൾ അമ്മയിൽ നിന്നും തീർത്തും അകന്നു…
അമ്മ നീട്ടിയ ഓരോ ഉരുള ചോറും വേണ്ടെന്നു വയ്ക്കുമ്പോൾ മനസ്സിൽ ഒരു പകരം വീട്ടലിന്റെ സുഖമുണ്ടായിരുന്നു… അമ്മ പിറന്നാൾ സമ്മാനമായി നൽകിയ എനിക്കേറ്റവും പ്രിയപ്പെട്ട ക്യാമറയുമായി നാലും അഞ്ചും ദിവസം വീട്ടിലേക്കു വരാതെ നാടു മുഴുവൻ ചുറ്റി തിരിച്ചു വരുമ്പോഴും കണ്ണ് നിറച്ചു വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരാളുണ്ടെന്നുപോലും ചിന്തിക്കാതെ എന്റേതായ ലോകത്തിൽ ജീവിക്കാനായിരുന്നു എനിക്കിഷ്ടം… പഠിപ്പ് കഴിഞ്ഞ് അധികം വൈകാതെ ഒരു മാഗസിനിൽ ഫോട്ടോഗ്രാഫറായി ജോലി കിട്ടിയത് എനിക്കൊരു അനുഗ്രഹമായിരുന്നു, വീട്ടിൽ നിന്നും വിട്ട് നിൽക്കാൻ..
വീട്ടുകാരെ പറ്റി ചോദിക്കുന്നവരോട് ഞാൻ അനാഥനാണെന്നു പതറാതെ പറയാൻ ശീലിച്ചപ്പോഴേക്കും അമ്മയിൽ നിന്നും ഞാൻ തീർത്തും അകന്നു കഴിഞ്ഞിരുന്നു…
ആദ്യമായി പുറത്ത് ഒരു നാട്ടിൽ ഫോട്ടോ ഷൂട്ടിന് അവസരം ലഭിച്ചപ്പോ എന്റെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു… ജീവിതത്തിൽ ആദ്യമായി കിട്ടിയ നേട്ടം… എല്ലാരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ളിലൊരു സന്തോഷകടല്ത്തന്നെയായിരുന്നു… തനിച്ചായിപ്പോയെങ്കിലും തോറ്റു പോയില്ലെന്ന സന്തോഷം.. അമ്മയോടൊരു വാക്കുപോലും പറയാതെ ഞാനിറങ്ങി പോയത് പുതിയൊരു ജീവിതത്തിലേക്കായിരുന്നു
ഒരു കുട്ടിയുടെ കൗതുകത്തോടെ ആദ്യത്തെ വിമാനയാത്ര…. അതും കഴിഞ്ഞു ടാക്സിയിലും ബസിലും യാത്ര…. എല്ലാം കഴിഞ്ഞ് എത്തിച്ചേർന്നത് ഒരു ചേരി പ്രദേശത്തും… അവിടെ ഉണങ്ങി മെലിഞ്ഞ കുറെ രൂപങ്ങൾ… തുറിച്ചു നോക്കുന്ന കണ്ണുകൾ… ചെറിയ ചെറിയ കുടിലുകൾ… വിശന്നു കരയുന്ന കുഞ്ഞുങ്ങൾ… മനം മടുപ്പിക്കുന്ന മണങ്ങൾ… ഛർദിക്കാൻ തോന്നുന്ന വൃത്തിഹീനമായ ചുറ്റുപാട്….
രണ്ടാഴ്ച്ച പോയിട്ട് രണ്ടു ദിവസം അവിടെ നിൽക്കാൻ പറ്റില്ലെന്ന് ഉറപ്പായി… പെട്ടെന്ന് തന്നെ ആവശ്യമുള്ളത്ര ഫോട്ടോസ് എടുത്ത് എങ്ങനെയെങ്കിലും തിരിച്ചു പോകുക എന്നത് മാത്രമായി എന്റെ ലക്ഷ്യം…
മുറ്റത്തിരുന്നു മണ്ണ് വാരി തിന്ന് ഒരിറ്റു വെള്ളത്തിനു വേണ്ടി തൊണ്ട പൊട്ടി കരയുന്ന ഒരു എട്ടു വയസ്സുകാരനാണ് ആദ്യ ചിത്രം… ഭക്ഷണത്തിനു വേണ്ടി ശരീരം വിറ്റ പ്രായപൂർത്തിയാകാത്ത അമ്മമാർ… വറ്റി തീർന്ന മുലയിൽ നിന്നും സ്വന്തം രക്തം കൂടി ഊറ്റിയെടുത്തു മക്കളുടെ ചുണ്ട് നനക്കുന്നവർ…. സന്നദ്ധ പ്രവർത്തകർ എടുത്തുകൊണ്ടുപോകുന്ന പാതി പുഴുവരിച്ച ജന്മങ്ങൾ… ജീവനുണ്ടോ ഇല്ലയോ എന്നറിയാത്ത ശരീരങ്ങൾക്കു വേണ്ടി കടിപിടി കൂടുന്ന പട്ടികൾ…. ഓരോ ക്ലിക്കിലും ചിത്രങ്ങൾ പതിഞ്ഞത് എന്റെ ഹൃദയത്തിലായിരുന്നു… കണ്ണ് നിറയാതെ പകർത്താൻ പറ്റിയ ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല….
കൈയിൽ കരുതിയ ഭക്ഷണ പൊതികൾ കുഞ്ഞുങ്ങൾക്ക് മുന്നിലേക്ക് നീട്ടിയപ്പോൾ…. അത് ഞാൻ പകർത്താൻ മറന്നുപോയ ഒരു മനോഹര ചിത്രമായിരുന്നു..കത്തുന്ന വെയിലിൽ കിലോമീറ്ററുകൾ താണ്ടി വെള്ളം കൊണ്ട് വരിക എന്നത് ചിന്തിക്കാൻ കഴിയുന്നതിന്റെയും അപ്പുറത്തായിരുന്നു…
ഒരു നേരം പട്ടിണി കിടന്നാൽ കൈ വിറയ്ക്കുന്ന എനിക്ക് അവിടെ കണ്ട കാഴ്ച വാക്കുകൾ കൊണ്ട് പങ്കുവയ്ക്കാൻ പറ്റാത്തതായിരുന്നു.. പട്ടിണി കൊണ്ടും രോഗം കൊണ്ടും കഷ്ടപെടാത്ത ഒരു വീടുപോലും അവിടെ ഉണ്ടായിരുന്നില്ല…
ഒരാഴ്ച കൊണ്ട് ഫോട്ടോ ഷൂട്ട് മതിയാക്കി തിരിച്ചു പോരാനൊരുങ്ങുമ്പോഴായിരുന്നു അവിടത്തെ എന്റെ അവസാനത്തെ ക്ലിക്ക്….മരിച്ച കുഞ്ഞിനേയും നെഞ്ചോട് അടുക്കി പിടിച്ചു കുഴിച്ചുമൂടാൻ വേണ്ടി നടന്നു നീങ്ങുന്ന ഒരമ്മ.
ഒരു നരകത്തിൽ നിന്നും മോക്ഷം കിട്ടിയ കണക്കെ തിരിച്ചൊരു ഓട്ടമായിരുന്നു അവിടെ നിന്നും… പറിച്ചെറിഞ്ഞിട്ടും ഹൃദയത്തിൽ തറച്ചു നിൽക്കുന്ന കുറെ മുഖങ്ങൾ… മനസ്സ് മരവിപ്പിക്കുന്ന കുറെ സത്യങ്ങൾ…
എടുത്ത ഫോട്ടോസ്നെക്കാളേറെ എടുക്കാൻ മറന്ന് പോയ കുറെ ചിത്രങ്ങളുണ്ടായിരുന്നു…. ചില ജീവിതങ്ങൾക്ക് മുന്നിൽ പകച്ചു നോക്കി നിൽക്കുമ്പോൾ പകർത്താൻ മറന്ന് പോയവ…
വർഷങ്ങൾക്കു ശേഷം ആദ്യമായാണ് അമ്മയെ കാണാൻ മനസ്സ് ഇത്രയും ആഗ്രഹിക്കുന്നത്… ജനിക്കും മുൻപേയും ജനിച്ചതിനു ശേഷവും എന്നെ ഉപേക്ഷിക്കാൻ വഴികളേറെയുണ്ടായിട്ടുണ്ടാവും… എന്നിട്ടും കുറുക്കനും നായിക്കും കടിച്ചു കീറാൻ കൊടുക്കാതെ നോക്കി വളർത്തിയതിനു…മാനം വിറ്റും പട്ടിണി കിടത്താഞ്ഞതിനു… പഠിപ്പിച്ചതിനു…ആദ്യമായി സ്നേഹവും കടപ്പാടും തോന്നിയ ദിവസം… നാട്ടിലെത്തി ആദ്യം ഓടിയത് വീട്ടിലേക്കായിരുന്നു… ഞാൻ വരുമോ ഇല്ലയോ എന്നറിയാഞ്ഞിട്ടും എനിക്ക് വേണ്ടി പാത്രത്തിൽ ചോറും മൂടി വച്ചു കാത്തിരിക്കുകയായിരുന്നു അമ്മ.. ആദ്യത്തെ ഒരു പിടി ചോറു അമ്മയോട് ചോദിച്ച് ആ കൈകൊണ്ട് വാങ്ങി കഴിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു… എന്റെ മനസ്സും…