വെങ്കലം
എഴുത്ത്: അച്ചു വിപിൻ
വെങ്കലം എന്ന ഭരതന്റെ സിനിമയിൽ നായകനായ മുരളി ക്ലൈമാക്സിൽ ഭാര്യ ഉർവശിയെ തല്ലുന്ന ഒരു സീൻ ഉണ്ട്. പലതവണ ആ സിനിമ ഞാൻ കണ്ടിട്ടും മുരളി എന്തിനാണ് ഒരു തെറ്റും ചെയ്യാത്ത ഉർവശിയെ തല്ലിയതെന്നു ഞാൻ എന്നോട് തന്നെ പല തവണ ചോദിച്ച ചോദ്യമാണ്..
മുരളിയും ഉർവശിയും ജീവിച്ചഭിനയിച്ച വെങ്കലം ടീവിയിൽ വന്നാൽ ഞാനിരുന്നു കാണാറുണ്ട്.അതിലെ പാട്ടുകളും എനിക്ക് വല്യ ഇഷ്ടമാണ്.
ഇനി ആ സിനിമയെ പറ്റിയും ഉർവശിക്കു കിട്ടിയ ആ തല്ലു സീനിനെ പറ്റിയുമുള്ള എന്റെ ചിന്താഗതികൾ പറയട്ടെ….
അനിയനായ മനോജ്. കെ. ജയന് വേണ്ടി കല്യാണം ആലോചിച്ച പെണ്ണിനെ(ഉർവശി) അമ്പലത്തിൽ വച്ചു ചേട്ടനായ മുരളി കാണുകയും ഇഷ്ടമാകുകയും അവളെ സൂത്രത്തിലൂടെ സ്വന്തമാക്കുകയും ചെയ്യുന്നു.
വിവാഹം കഴിഞ്ഞ ശേഷം ഭാര്യയുമായി കുറച്ചു നാൾ സ്നേഹത്തിൽ കഴിഞ്ഞ ശേഷം ഭർത്താവായ മുരളി വല്ലവരുടെയും വാക്കു കേട്ടു തന്നെ ജീവനെ പോലെ സ്നേഹിക്കുന്ന ഭാര്യയെ സംശയിക്കുന്നു.
തന്റെ അനിയനും ഭാര്യയും തമ്മിൽ അരുതാത്ത എന്തോ ബന്ധം ഉണ്ടെന്നു വിശ്വസിക്കുന്ന അയാൾ ഭാര്യയെ മനപ്പൂർവം തന്നിൽ നിന്നുo അകറ്റി നിർത്തുന്നു.
ഒടുക്കം ഭർത്താവിന്റെ അവഗണനയിൽ മനം നൊന്ത് ഗർഭിണിയായ അയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്കു പോകുന്നു..
ചിത്രത്തിൽ കൊല്ലപ്പണിക്കാരനായ മുരളിക്കു ഭാര്യ പോയതിനു ശേഷം അമ്പലത്തിലെ ദേവി വിഗ്രഹം പണിയാൻ ഉള്ള ചുമതല കൈവരുന്നു.അയാൾ അത് പണി പൂർത്തിയാക്കുന്ന അതെ ദിവസം തന്നെ അയാളുടെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിക്കുന്നു.
പിന്നീട് തന്റെ ഭാര്യ പ്രസവിച്ചെന്നുo കുഞ്ഞ് പെണ്ണാണെന്നും ആരോ പറഞ്ഞയാൾ അറിയുന്നു. “ദേവീ”എന്നുറക്കെ വിളിച്ച ശേഷമായാൾ ഭാര്യയയും കുഞ്ഞിനേയും കാണാൻ വേണ്ടി പോകുന്നു.അവിടെ ചെല്ലുമ്പോൾ തന്റെ അനിയൻ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന കാഴ്ച കാണാൻ ഇടയാകുന്നു.വീണ്ടും അയാളിലെ സംശയ രോഗി സടകുടഞ്ഞെണീക്കുന്നു.ഒട്ടും സമയം പാഴാക്കാതെ അയാൾ ചെന്നു തന്റെ അനിയനെ തലങ്ങും വിലങ്ങും അടിക്കുന്നു.
അവർ തമ്മിൽ അടിപിടി നടക്കുമ്പോൾ അനിയനു നേരത്തെ സ്നേഹമുണ്ടായിരുന്ന പെണ്ണ് അകത്തു നിന്നും ഇറങ്ങിയോടി വരുന്നു.ആ പെൺകുട്ടിയുടെ കഴുത്തിലെ താലി മാല കാണുന്ന മുരളിക്ക് മനസ്സിലാകുന്നു അവൾ തന്റെ അനിയന്റെ ഭാര്യയാണെന്നു.ആ ഒരൊറ്റ നിമിഷത്തിൽ അയാൾക്ക് അനിയനോടുള്ള സംശയം മാറുന്നു.
അനിയൻ പോയതിനു ശേഷം നായകനായ മുരളിയുടെ ഭാര്യ പുറത്തേക്കിറങ്ങി വന്നശേഷം കുഞ്ഞിനെ ഭർത്താവിന് കാണാനായി ഉമ്മറത്ത് കിടത്തുന്നു. അതിനെ തുടർന്ന് മുരളി കുഞ്ഞിനെയെടുക്കാനായി ഓടുന്നു..(ആ ഓടുന്ന രംഗം ഉഫ് മുരളി അതിൽ ജീവിക്കുകയായിരുന്നു)
നിലത്തു കിടന്നു കരയുന്ന തന്റെ മോളെ വാരിയെടുത്തുമ്മ കൊടുത്ത ശേഷം കരഞ്ഞു കൊണ്ടിരിക്കുന്ന ഭാര്യയായ ഉർവശിയുടെ അടുത്തേക്ക് ഭർത്താവായ മുരളി ചെല്ലുകയും അവരുടെ കരണം നോക്കി ഒന്ന് പൊട്ടിക്കുകയും ചെയ്യുന്നു..തല്ല് കൊണ്ട ശേഷം കൂടുതൽ ഉച്ചത്തിൽ കരഞ്ഞുകൊണ്ടു ഭാര്യയായ ഉർവശി ഭർത്താവിനെ കെട്ടിപ്പിടിക്കുന്നു. തുടർന്ന് മനോഹരമായ ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസിക് കേൾക്കുന്നു, സിനിമ തീരുന്നു…
ശുഭം
സിനിമ കണ്ടു തീർന്നെങ്കിലും എന്റെ ചില സംശയങ്ങൾ തീരാതെ കിടന്നു..
തന്നെ ജീവനെക്കാളേറെ സ്നേഹിച്ച ഭാര്യയെ സംശയിച്ചത് ഭർത്താവായ മുരളിയല്ലെ?ഭാര്യയോട് തെറ്റ് ചെയ്തത് ഭർത്താവായ മുരളിയല്ലെ?, എന്നിട്ടും അടി കിട്ടിയത് ഭാര്യയായ ഉർവശിക്കാണ് അതെന്തുകൊണ്ടാണെന്നു എത്ര ആലോചിച്ചിട്ടും എനിക്കങ്ങു പിടി കിട്ടിയില്ല..
ഇനിപ്പോ ഭർത്താവ് എന്ത് തെറ്റ് ചെയ്താലും ഭാര്യ അങ്ങ് സഹിച്ചോണം വേണോങ്കി ഭർത്താവിന്റെ കയ്യിൽ നിന്നും ഒരു പൊട്ടിക്കലും മേടിച്ച ശേഷം “എന്റെ ചേട്ടാ”എന്നു വിളിച്ചൊന്നു കെട്ടിപ്പിടിച്ചാൽ സിനിമ ഹിറ്റാവും എന്നു വിചാരിച്ചാണാവോ ക്ലൈമാസ് അങ്ങനെ എഴുതിയതെന്നെനിക്കറിയില്ലാട്ടൊ..
സംശയം ചോദിച്ച വകക്ക് ഇതാണ് ഹേ “ഭരതൻ ബ്രില്യൻസ്” എന്നെന്നോട് പറഞ്ഞു വരുന്നവരും ഉണ്ടാകും.ശരിയാ പ്രസവിച്ചിട്ടു രണ്ടു ദിവസം പോലുമാത്ത ഭാര്യയുടെ മോന്തക്കുറ്റി അടിച്ചു പൊട്ടിക്കുന്നതല്ലേ ബ്രില്യൻസ്.ചെവിക്കല്ല് പൊട്ടി അവര് തല കറങ്ങി വീഴാഞ്ഞത് ഭാഗ്യം.
സത്യം പറഞ്ഞാൽ മുരളിയും ഉർവശിയും തകർത്തഭിനയിച്ച അത്രയും മനോഹരമായ ഒരു സിനിമയുടെ ക്ലൈമാക്സിൽ തന്നെ സംശയിച്ച ഭർത്താവായ മുരളിയോടൊന്നു ദേഷ്യപ്പെടാനുള്ള അവസരം പോലും ഭാര്യയായ ഉർവശിക്കു കൊടുത്തില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് നല്ല വിഷമo ഉണ്ട്.
എപ്പഴും ഭർത്താവിന്റെ തെറ്റുകൾ ഭാര്യ പൊറുക്കണം എന്ന സന്ദേശം ആണ് ആ സിനിമയിലും ഉള്ളത്.നായിക വേണേൽ തോറ്റോട്ടെ എന്നാലും നായകൻ തോക്കരുത് എന്ന ചിന്താഗതി വളരെ അപലപനീയമാണ്. അത് കണ്ടു കയ്യടിക്കാൻ കുറെ ആളുകളും.
ഞാൻ ചുമ്മാ ഒന്ന് ചിന്തിച്ചു പോകുകയാണ്..(ചിന്തിക്കുന്നതിനു കാശ് മുടക്കില്ലല്ലോ)
നായകനായ മുരളിക്കു ദേവി വിഗ്രഹം പണിയാനുള്ള ചുമതല കിട്ടിയില്ലായിരുന്നെങ്കിൽ ,അനിയനായ മനോജ് കെ ജയൻ തന്റെ കാമുകിയെ വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ നായകനായ മുരളിക്കു ഭാര്യയോടുള്ള സംശയം ഒരിക്കലും മാറില്ലായിരുന്നു എന്ന നഗ്ന സത്യം ഈ അവസരത്തിൽ ഞാൻ ഓർത്തു പോകുന്നു..
എന്തായാലും ഉർവശിക്ക് പകരം ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ ആ “അടി” വെറുതെ നിന്നു കൊള്ളില്ലായിരുന്നു. പകരം ആവശ്യമില്ലാതെ എന്നെ സംശയിച്ച ഭർത്താവിനോട് നാല് പറഞ്ഞ ശേഷം അങ്ങേരുടെ മോന്തക്കിട്ടൊന്നു കൊടുത്തേനെ,അവസാനം അടി കൊണ്ട ഭർത്താവ് “എനിക്ക് തെറ്റ് പറ്റി പോയി എന്നോട് നീ ക്ഷമിക്കടി” എന്നു പറഞ്ഞിട്ടെന്നെ വേണോങ്കി കെട്ടിപ്പിടിക്കട്ടെ അപ്പൊ ഞാൻ ക്ഷമിക്കാം….അതല്ലേ നായകാ “ഹീറോയിസം”.അല്ലാതെ ചെയ്ത തെറ്റ് മറയ്ക്കാൻ വേണ്ടി തന്റെ കുഞ്ഞിനെ പെറ്റു കിടക്കുന്ന ഭാര്യയെ തല്ലുന്നതൊക്കെ മോശമല്ലേ?
ഇനി നിങ്ങളോടാണ് സിനിമയിൽ ആണെങ്കിൽ കൂടി കരണം പുകയുന്ന തരത്തിലുള്ള ആ “അടി” ഭാര്യയായ ഉർവശി തന്റെ ഭർത്താവായ മുരളിയിൽ നിന്നും അർഹിച്ചിരുന്നോ?
അത്രയുo നാൾ തന്നെ സംശയിച്ച ഭർത്താവിനോട് നാല് പറയാനുള്ള അവസരമെങ്കിലും അവർക്കു കിട്ടേണ്ടതായിരുന്നില്ലെ?
NB:ഭാര്യയെ സംശയിക്കുന്ന ഭർത്താവ് തന്റെ തെറ്റ് മനസ്സിലാക്കി വരുമ്പോൾ അയാളോട് ഭാര്യക്ക് ക്ഷമിക്കാം അതിൽ യാതൊരു കുറ്റവുമില്ല പക്ഷെ ഒരു തെറ്റും ചെയ്യാതെ ഭർത്താവിന്റെ അടി ഭാര്യ നിന്നു കൊള്ളുന്നതിലെ പൊരുൾ എത്രയാലോചിച്ചിട്ടുമെനിക്ക് മനസ്സിലാകുന്നില്ല😂.