തിരിച്ചുവരവ്
Story written by AKC ALI
എന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ എല്ലാം കവറില്‍ നിറച്ച് കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടില്‍ ആകെ മൊത്തം ചിരിയായിരുന്നു സീൻ…
ഓന്തോടിയാൽ എവിടെ വരെ പോകും എന്ന പരിഹാസം വേറെയും…
ചങ്കാകെ കലങ്ങിയത് കൊണ്ട് തന്നെ ഒരു മടക്കം ഈ വീട്ടിലേക്കില്ല എന്നുറപ്പിച്ചിരുന്നു…
ഏറെ ദൂരം പോകാനുള്ള വണ്ടിക്കൂലി ഒന്നും ഇല്ല കയ്യില്‍ എങ്കിലും വാശിക്കൊരു കുറവും ഉണ്ടായിരുന്നില്ല…
പല തവണ വീടു വിട്ടു പോയിട്ടുണ്ട് വണ്ടിക്കൂലി തീരുമ്പോള്‍ ഇളിഞ്ഞ പട്ടിയെ കണക്കെ വീട്ടിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട് അതാണ് ഈ ചിരി എല്ലാരിലും വീണ്ടും…
എന്നാല്‍ ഇത്തവണ അങ്ങനെയാവില്ല ബോംബെ വരെ പോകാനുള്ള ഒരു വഴി കണ്ടു വെച്ചിട്ടുണ്ട്…കൂട്ടുകാരന്റെ ചേട്ടന്‍ ബാബുട്ടനാണ് കക്ഷി..അവിടെ എത്തിയാല്‍ ഒരു ജോലി ശരിയാക്കി തരാം എന്ന് പുള്ളി പറഞ്ഞിട്ടുമുണ്ട്..അതിനാൽ ഇത്തവണ ഒരു മടക്കം ഉണ്ടാവില്ല..
പഠിപ്പ് തലയിലേറില്ല എന്നും പറഞ്ഞ് വീട്ടില്‍ പശുവിനെ നോക്കലും പാടത്തും പറമ്പിലുമെല്ലാം പുല്ലരിയലും വീട്ടിലെ പണികള്‍ ചെയ്യലും തന്നെ പണി….പാൽ കൊണ്ടെത്തിക്കാൻ വൈകിയാൽ പാൽ തുളുമ്പി പോയാല്‍ എവിടേലും വാ നോക്കി നിന്നു കാണും എന്ന പഴി വേറെയും…
എന്തു തന്നെ ചെയ്താലും അവസാനം മിച്ചം കിട്ടണത് പരിഹാസവും ചീത്തയും തന്നെ…ഉപകാരമില്ലാത്തവനൊന്നും വീട്ടില്‍ വേണ്ട എന്ന അച്ഛന്റെ വാക്കുകൾ വേറെയും..
ട്രെയിന്‍ കേരളത്തിന്റെ അതിര്‍ത്തി കടക്കുമ്പോൾ ആ ഓർമ്മകളിൽ നിന്നും മനസ്സ് പുതിയ പുതിയ കാഴ്ചകളിലേക്ക് കടന്നിരുന്നു…
ബോംബെയെന്ന നഗരം എന്നിൽ അത്ഭുതമേറെ നിറച്ചു…ആ മഹാ നഗരത്തില്‍ ഒരു കുട്ടിയെ കണക്കെ ഞാൻ അന്തം വിട്ടു നിന്നു..
രണ്ടുമൂന്നു ദിവസത്തെ അലച്ചിനൊടുവിൽ ഒരു ഓഫീസില്‍ തൂപ്പുകാരനായി ജോലി കിട്ടി…എന്നെ സംബന്ധിച്ചിടത്തോളം അത് തരക്കേടില്ലാത്ത ഒരു ജോലി തന്നെയായിരുന്നു…
വർഷങ്ങൾ പൊഴിഞ്ഞു പോകുമ്പോഴേക്കും എന്റെ മീശക്ക് കട്ടി കൂടിയിരുന്നു. പല ഭാഷകള്‍ പഠിച്ചു പല സംസ്കാരങ്ങള്‍ മനസ്സിലാക്കി…പല അറിവുകൾ സമ്പാദിച്ചു…
തൂപ്പുകരനിൽ നിന്നും ഒരു വക്കീലിന്റെ വീട്ടിലെയും ഓഫീസിലേയും സഹായിയായി വിധി എന്നെ മാറ്റി പ്രതിഷ്ഠിച്ചു…
അവിടെ നിൽക്കുമ്പോൾ വർഷങ്ങൾ ചടപട എന്നാണ് കടന്നു പോയത്..
വക്കീലിന്റെ വീട്ടുകാരുടെ ഒത്തുചേരലുകൾ സ്നേഹം പങ്കുവെക്കൽ എല്ലാം കാണുമ്പോള്‍ എന്റെ മനസ്സും നാട്ടിലേക്കോടി പോയി എത്തി നോക്കി തിരികെ പോരും…
പല രാത്രികളിലും ഇപ്പൊ മനസ്സിങ്ങനെ നാട്ടിലേക്കുള വണ്ടി കയറി പോകാന്‍ തുടങ്ങിയിരിക്കുന്നു…അത് ഉറക്കത്തെ വരെ ബാധിച്ചു തുടങ്ങി…
ഒരു ദിവസം വക്കീല്‍ സാർ ചോദിച്ചു നിനക്ക് നാട്ടില്‍ ഒന്ന് പോയി വന്നു കൂടെ എന്ന്…എനിക്കതിന് പ്രത്യേകിച്ച് ഉത്തരം ഒന്നും പറയാനുണ്ടായില്ല…
കുടുംബത്തിന്റെ ലൊട്ടു ലൊടുക്കു കാര്യങ്ങള്‍ വരെ പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ ഓർക്കണമായിരുന്നു ഇങ്ങനെ ഒരു ചോദ്യം അവസാനം വരുമെന്ന്…
എന്തായാലും ഒരു ദിവസം നാട്ടില്‍ പോവണം എന്ന് തീരുമാനിച്ചു ആ വിവരം വക്കീൽ സാറിനോട് പറഞ്ഞതും എന്നെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു നീ നന്നായി എന്ന്..ആ നന്നായി എന്ന് പറഞ്ഞതിൽ ഒരെത്തും പിടിയും എനിക്ക് കിട്ടിയില്ല..
എന്തായാലും കയ്യിൽ കിട്ടിയാൽ പുട്ടടിക്കുമെന്ന് കരുതി പിടിച്ചു വെച്ച ശമ്പളവും കുറച്ചധികം പൈസയും കയ്യിലേക്ക് വെച്ച് തന്ന് വക്കീൽ സാർ എന്നെ അത്ഭുതപ്പെടുത്തി…
നാട്ടിലേക്കുള്ള ട്രെയിനിൽ കയറിയത് മുതല്‍ ഓർമ്മകൾ എന്നെ തളർത്താൻ മെനക്കട്ടിറങ്ങി…
നാട്ടിലേക്കുള്ള വഴി ആകെ മാറിയിരിക്കുന്നു..അനിയന്മാർ രണ്ടും ഇപ്പൊ വളർന്നു കാണും ഞാൻ പോരുമ്പോൾ കുഞ്ഞു വികൃതികളായിരുന്നു രണ്ടും..പെങ്ങളെ കെട്ടിക്കാൻ പ്രായമായിക്കാണും..അമ്മാവനും മുറപ്പെണ്ണുങ്ങളുമൊക്കൊ എവിടെ ആണോ ആവോ..?
ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കാന്‍ വരുന്ന ആരെയും ഞാന്‍ ഇത്ര നാളും കണ്ടില്ല…വീടൊക്കെ പുതുക്കി പണിതിരിക്കുന്നു..ആ തൊഴുത്തവിടെ കാണുന്നില്ലല്ലോ..ഞാൻ പോയപ്പോള്‍ തന്നെ അതൊക്കെ പൊളിച്ചു കളഞ്ഞോ..
ഓരോന്നുമോർത്ത് വീടിന്റെ പടി കയറുമ്പോൾ പഴയ പരിഹാസ ചിരികൾ വീണ്ടും എന്റെ കാതുകൾ തുളച്ചു കടന്നു പോയി…
ഉമ്മറത്തേക്ക് കയറി ചെന്നപ്പോള്‍ ആർക്കും എന്നെ മനസ്സിലായില്ല..പക്ഷെ അമ്മ കരഞ്ഞു കൊണ്ട് അടുത്തു വന്നു..അമ്മക്ക് പിന്നെ മനസ്സിലാക്കാന്‍ അധിക നേരം വേണ്ടല്ലോ…
കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ നിന്റെ കൂട്ടുകാരൻ വന്നു പറഞ്ഞിരുന്നു നീ ബോംബെയില്‍ ഉണ്ടെന്ന്…അച്ഛനോട് പറഞ്ഞതാണ് നിന്നെ കൂട്ടിക്കൊണ്ടു വരാന്‍ പക്ഷെ അച്ഛന്‍ കേട്ടില്ല..അതു പറഞ്ഞമ്മ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി..
ചാരു കസേരയിലിരുന്ന് എന്നെ ഇടക്കൊക്കെ നോക്കി ആശ്വാസം കൊള്ളണ അച്ഛനെ ഞാന്‍ കണ്ടു..എന്റെ അച്ഛന്‍ എന്റെ മുന്നില്‍ തോറ്റു എന്ന് സമ്മതിക്കരുത് . അത് ഞാന്‍ ആഗ്രഹിക്കുന്നില്ല…
ഒരു പാട് നോവിച്ചിരുന്നു ന്റെ കുട്ടിയെ മോൻ പോയപ്പോഴാണ് അമ്മക്കതെല്ലാം മനസ്സിലായത് എന്നും പറഞ്ഞ് ഒരു പൊട്ടിക്കരച്ചിലോടെ അമ്മ എനിക്ക് തുര തുരാ മുത്തം തന്നു..ആ മണി മുത്തം എന്റെ കണ്ണുകള്‍ നിറച്ചു..
ഒന്നുമറിയാതെ പകച്ചു നിൽക്കണ അനിയന്മാരെ ഞാൻ നോക്കി..അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാൻ കണ്ടു..പെങ്ങളൊരുത്തിയുടെ മുഖത്ത് വല്ലാത്ത സന്തോഷം ഞാന്‍ കണ്ടു…കെട്ടിക്കാൻ ആയല്ലോ അമ്മേ ഇവളെ എന്ന് പറഞ്ഞതവൾക്ക് ഇഷ്ടപ്പെട്ടില്ലെന്നറിഞ്ഞത് കൊഞ്ഞനം കുത്തി അവൾ അകത്തേക്ക് പോയപ്പോഴാണ്..
പരിഹാസമെത്ര പെട്ടെന്നാണ് സന്തോഷത്തിലേക്ക് കടന്നു വന്നത്…
അമ്മക്കിപ്പോ ഞാൻ വേണം എല്ലാറ്റിനും..അച്ഛനും ഇപ്പോള്‍ വല്ലാത്ത ഉണർവ് പോലെ..വീട്ടില്‍ എന്റെ വാക്കുകൾ അവസാനവാക്കായി തുടങ്ങിയിരിക്കുന്നു…
എല്ലാം ഓർത്തിങ്ങനെ ഇരിക്കുമ്പോഴാണ് തിരിച്ചു പോകേണ്ടതിനെ കുറിച്ച് ഞാനോർത്തത്…
വക്കീല്‍ സാറിനെ ഞാന്‍ ഫോണിൽ വിളിച്ചു…വീട്ടിലെ സന്തോഷകരമായ ഒരു സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സമയമെടുക്കും എന്നറിയിച്ചു..വക്കീല്‍ സാർ പറഞ്ഞു മേലാൽ നിന്നെ ബോംബെയില്‍ കണ്ടു പോകരുത് എന്ന്..അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുക കൊതി തീരും വരെ…എന്തിനും വിളിക്കാം എന്ന് പറഞ്ഞ് വക്കീല്‍ സാർ ഫോണ്‍ കട്ടാക്കി…
കൊതി ..അത് തീരൂല വക്കീല്‍ സാർ ഇങ്ങൾ തന്നെ പറഞ്ഞു വിട്ടതല്ലേ അനുഭവിച്ചോളീം..ഇനി ഇങ്ങള് വല്ല ഹിന്ദിക്കാരനേയും ജോലിക്കു വെച്ചോളിൻ….
ഉമ്മറത്തിരുന്നു കുടിക്കുന്ന കട്ടൻ ചായക്കൊപ്പം ഒരു നേർത്ത മഴ വിരുന്ന് വന്നിരുന്നു…ചെറു കാറ്റേറ്റ് ഇരിക്കുമ്പോള്‍ അമ്മ അടുത്ത് വന്നിരുന്നു പറഞ്ഞു
ഇനി വീട്ടിലെ മൂത്തോനായി നീ ഇവിടെ ഉണ്ടാകണമെന്ന്…
പെറ്റ വയറിനു നോവേറെ തന്നതല്ലേ അമ്മേ ഞാൻ എന്നും പറഞ്ഞ് അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നു..ഒരു താരാട്ട് പോലെ അമ്മയെന്നെ തലോടി കൊണ്ടിരുന്നു…
വീട്ടിലെ മൂത്തോനായി ദൈവം എന്നെ വീണ്ടും നിയമിച്ച സന്തോഷത്തിൽ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..