എഴുത്ത്: സി.കെ
ഭാര്യാഭർതൃ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്നത് ഞാനിന്നാ പന്തലിൽവെച്ചാണ്…. അതും കരഞ്ഞ കണ്ണുകളുമായി എന്റെ തോളിലേക്കൊന്നു വീണ് തിരിച്ചു റോഡിന്റെ വലതുവശത്തെ നിർത്തിയിട്ട് ആ കാറിനടുത്തേക്കവൾ നടന്നു പോകുമ്പോൾ…
വിവാഹം എന്നു പറഞ്ഞാൽ പരസ്പരം കൂട്ടിച്ചേർത്ത ഒരുടമ്പടി മാത്രമാണെന്ന ചിന്തയിൽതന്നെയാണ് ഞാനും അതിനൊരുങ്ങിത്തിരിച്ചത്…
പൊതുവേ കൂട്ടുകാർക്കിടയിലുള്ള വിവാഹ ശേഷം ഭാര്യമാരുടെ അടിമകളാവും എല്ലാ പുരുഷന്മാരെന്ന സംസാരത്തെ എന്റെ കല്യാണത്തോട് കൂടി മാറ്റിപ്പറയിക്കണമെന്ന ദൃഢനിശ്ചയം അതങ്ങനെതന്നെ മനസ്സിൽ പതിച്ചുവെച്ചിരുന്നു…
പെണ്ണുകാണാൻ ചെന്ന അവരുടെ പരിസരം വീക്ഷിച്ച കൂട്ടത്തിലൊരുത്തൻപറഞ്ഞു….
ടാ ഇതു ഒരു ഓണംകേറാ മൂലയാണ്…..
നീ ശ്രദ്ധിച്ചോ ആ പെണ്ണിന് അതിന്റെ ഒരു ശാഖയുമുണ്ട്…നിങ്ങൾ പരസ്പരം സംസാരിച്ചപ്പോൾ തന്നെ നിനക്കത് മനസ്സിലായിക്കാണുമെന്നാ ഞങ്ങളൊക്കെ കരുതിയത്…
തന്നെയുമല്ല ഇനി എല്ലാം കഴിഞ്ഞു നീ അവൾക്കൊന്നു വിളിച്ചു രണ്ടു വർത്തമാനം പറയാൻ കരുതിയാൽ അതും നടക്കില്ലട്ടോ.. ആ വീട്ടിലോട്ടു കയറീട്ട് അവിടന്നിറങ്ങുന്ന വരെ ഫോണിൽ നെറ്റവർക്ക്ന്റെ ഒരു തരിപോലും ഉണ്ടായിട്ടില്ല…
പെണ്ണുകണ്ടിറങ്ങിയപ്പോഴേക്കും ഇത്രേം പോരായ്മകളാണെങ്കിൽ പെണ്ണുകെട്ടിയാ ന്താവും അവസ്ഥ..
നിങ്ങള് പറയുമ്പോലെയല്ല വീട്ടുകാർക്കെല്ലാം അവളെ ബോധിച്ചു…
ഇനി എല്ലാം വരുന്നിടത്തുവെച്ചു കാണാംന്നും പറഞ്ഞു ഞാനവരുടെ വായയടപ്പിച്ചു….
വിവാഹനിശ്ചയം കഴിയുന്നതിനോടൊപ്പം പെണ്കുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു ചടങ്ങായി മാറിയതുകൊണ്ടു അവളുമായി സംസാരിയ്ക്കുന്നതിനിടക്കു കൂട്ടുകാര് എന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം തുറന്നുപറയണം
ചെറിയ ചെറിയ ഇഷ്ടങ്ങളൊക്കെ പറഞ്ഞും അറിഞ്ഞും മനസ്സിലാക്കി നല്ലൊരു ജീവിതം കെട്ടിപ്പടുക്കണമെന്നുവരെ തീരുമാനിച്ചുറപ്പിച്ചു…
പക്ഷേ വിളിച്ചു സംസാരിയ്ക്കുന്നതിനിടക്കു തിരിച്ചൊരു മറുപടിപോലും പറയാൻ അവൾകൂട്ടക്കാത്തതും ചില സമയങ്ങളിൽ ഫോൺ കാൾ വരെ അവോയ്ഡ് ചെയ്യുന്നതും എന്നെ തീർത്തും നിരാശനാക്കി….
കല്യാണദിവസം അടുക്കുംതോറും ഉള്ളിൽ ഒരുപാട് ചിന്തകൾ കടന്നുകൂടി…
അങ്ങനെയാണ് എല്ലാം തുറന്നുപറയുന്ന കൂട്ടുകാർക്കിടയിലേക്കു ഞാനതും തുറന്നുപറയാൻ തീരുമാനിച്ചത്…
ഈ കല്യാണം ശരിയാവില്ല…അവൾ ക്കിതിനു താൽപ്പര്യം ഇല്ലെന്ന് തോന്നുന്നു…
എന്നവൾ നിന്നോട് പറഞ്ഞോ..
ഏയ് അങ്ങനെയൊന്നും ഇല്ല..
പിന്നെ നീ ഈ അവസാന നേരത്തു നീയതെന്തുവർത്താനമാടാ പറയുന്നേ…
നിങ്ങൾക്കറിയില്ലേ നിശ്ചയം കഴിഞ്ഞു ഇതുവരെ മനസ്സു തുറന്നൊന്നു സംസാരിച്ചിട്ടുപോലുമില്ല. പരസ്പരം ഒന്നും അറിയാതെം പറയാതെയും ജീവിതം തുടങ്ങിയാൽ വീട്ടുകാർക്കൊക്കെ ഇപ്പൊ നല്ലൊരു പ്രതീക്ഷയാണ്…അതെല്ലാം വിവാഹത്തോടുകൂടി തകരും…
ഇതുവരെയുള്ളത് നീ ചിന്തിക്കണ്ടാ വിവാഹശേഷം നിങ്ങൾ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്തു ജീവിക്ക് അപ്പോൾ എല്ലാം ശരിയായിക്കോളും…
വീട്ടുകാരുടെ സന്തോഷവും കൂട്ടുകാരുടെ ആശ്വാസവാക്കുകളേക്കുറിച്ചും ചിന്തിച്ചപ്പോൾ ഒടുവിൽമനസില്ലാ മനസ്സോടെ ഞാനവളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ശരിക്കും വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെക്കുറിച്ചു മോടിപിടിപ്പിച്ച ഒരുപാട് വാക്കുകൾ കൊണ്ടല്ലാതെ അതിനെക്കുറിച്ചു മറ്റാരും പറയുന്നത് ഞാൻ കേട്ടിട്ടില്ല…
പക്ഷേ കട്ടിലിനു അപ്പുറം തിരിഞ്ഞു കിടന്നുകൊണ്ട് പരസ്പരമൊന്നും സംസാരിക്കാതെ ആ നിമിഷവും അങ്ങനെ അവസാനിപ്പിച്ചു…
പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴുംഞാൻ അടുത്തേക്ക് ചെല്ലുമ്പോഴും അവഗണനയേൽക്കേണ്ടിവന്നതുകൊണ്ടാകാം പിന്നീടാ കിടത്തം ഒരാൾ ബെഡിന് മുകളിലും മറ്റൊരാൾ നിലത്തു പായവിരിച്ചുമായി…
ഡിഗ്രി കഴിഞ്ഞിട്ടുമതി കുട്ടികളെന്ന അവളുടെ ചില സമയത്തെ പിടിവാശികളെ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുകയല്ലാതെ വേറെ നിവർത്തിയൊന്നും ഇല്ലായിരുന്നു….
പൊതുവെ വിവാഹം കഴിഞ്ഞു മൂന്നോ നാലോ മാസായാൽ തന്നെ വിശേഷമൊന്നും ആയില്ലേ എന്നുചോദിക്കുന്ന സമൂഹത്തിനിടയിൽ ഒരുവർഷക്കാലമായിട്ടും ഞങ്ങളിൽ ഒരു മാറ്റവും കണ്ടില്ലെങ്കിൽ എന്താവും അവസ്ഥ എന്നത് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ…
ആളുകളുടെ സംസാരത്തിൽ പരിഹാസം കലർന്നതോടെ ഒരിക്കൽ ഞാനവളോട് ഇവയെല്ലാം തുറന്നു സംസാരിക്കാൻ ആഗ്രഹിച്ചു…
നേരിട്ടു സംസാരിക്കാനുള്ള ബുദ്ധിമുട്ടാണോ എന്നറിയില്ല….
അന്നവളുടെ വീട്ടിലേക്കു അവളെ കൊണ്ടുചെന്നാക്കി..ഞാനൊന്നും പറയാതെ ഇറങ്ങിപ്പോരാനെ കഴിഞ്ഞുള്ളു….വൈകീട്ട് ഉള്ളിൽ അടക്കിപ്പിടിച്ച വേദനയും സ്വപ്നങ്ങളുമൊക്കെ ഒരരിശത്തോടെ ഞാൻ ഫോൺവിളിച്ചു പറഞ്ഞുതീർത്തു…
പറഞ്ഞഅവസാനിപ്പിച്ചതും ഒരുനിമിഷത്തേക്ക് പരസ്പരം ഒന്നു നിശ്ചലരായി…
എന്നിട്ടു അവളെന്നോട് പറഞ്ഞു..നാളെ എന്നെ തിരിച്ചുകൊണ്ടുപോവാൻ വരാൻ പറ്റുമോ….?
വരാം എന്ന മറുപടിയിൽ ഞാനാ സംസാരവും അവസാനിപ്പിച്ചു…
തിരികെ കൊണ്ടുവന്നു വീട്ടിലെത്തിയപ്പോഴും തിരിച്ചൊരു വാക്കു സ്നേഹത്തോടെ പറഞ്ഞില്ല..വിളിച്ചതിന്റെ കാര്യത്തെക്കുറിച്ചു വഴിയിൽവെച്ചുപോലും എന്നോട് തിരക്കിയില്ല. വൈകീട്ട് ഒരുമിച്ച് ഉണ്ണുമ്പോഴും മുഖത്തേക്കൊന്നു നോക്കിയതുപോലുമില്ല…
പക്ഷെ അന്നാദ്യമായി ഞങ്ങളുടെ ബെഡ്റൂമില്നിന്നും നിലത്തുവിരിച്ച പുൽപായ അവളപ്പുറത്തേക്കു കൊണ്ടിട്ടു..ബെഡ്ഷീറ്റുകൾ എനിക്കുമുന്നിൽ കുടഞ്ഞിട്ടു. രണ്ടു തലയിണകൾ പരസ്പരം ഒട്ടിച്ചുവെച്ചു…അന്ന് മനസ്സിലാക്കി ഞങ്ങളുടെ ആദ്യരാത്രി ശരിക്കും ഇന്നാണെന്ന്… ചിലതെല്ലാം പലസമയത്തായി എനിക്കുമുന്നിൽ പലപ്പോഴും പറയാതെ പറഞ്ഞിരുന്നവൾ.. തിരിച്ചറിവ്‌ഇല്ലാത്തത് എന്റെ തെറ്റ്…
അന്ന് രാത്രി പുലരുവോളം പറയാനുള്ളതും അറിയാനുള്ളതും ക്ഷമയായും സ്നേഹമായും പരസ്പരം പകർന്നുകൊടുത്തു…
ജീവിതത്തിനു അർത്ഥങ്ങളുണ്ടായിട്ടുടങ്ങി…അവൾ ഗർഭിണിയുമായി…
ഒരുപാട് കാലത്തെ സ്നേഹം കൊടുത്തും വാങ്ങിയും ഞങ്ങളങ്ങനെ ജീവിച്ചു. ഇതിനിടക്ക് പലതിനോടും എനിക്ക് മടുപ്പുതോന്നിതുടങ്ങി…കുടിക്കുന്ന കള്ളിനോട്, വലിക്കുന്ന സിഗരറ്റിനോട്, കൂട്ടുകാരുടെ കൂടെ അസമയത്തും കറങ്ങി നടക്കുന്നതിനോട്…പതുക്കെപ്പതുക്കെ ഞാനവയിൽനിന്നെല്ലാം അകന്നു നിന്നു… അങ്ങനെ അവർക്കിടയിൽ എനിക്കൊരു പേരും വീണു “പെങ്കോന്തൻ”…ഒരുപാട് കാത്തുനിന്നുകിട്ടിയ ആ നിമിഷത്തിൽ ഇവയെല്ലാം അറിഞ്ഞോ അറിയാതെയോ അങ്ങനെ മാഞ്ഞുപോയിതുടങ്ങി.
..അങ്ങനെ ആ ആദ്യരാത്രിയുടെ ഓർമ സമ്മാനിച്ച ഏറ്റവും വിലപിടിപ്പുള്ള നിമിഷം …
ഗർഭിണിയായി ഇന്ന് ഏഴാം മാസത്തിൽ അവളെ അവളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ്..എല്ലാവർക്കുമിടയിലൂടെ ഓടിപ്പാഞ്ഞു നടക്കുമ്പോഴും അവളെന്നെ ഇടങ്കണ്ണിട്ടു നോക്കുന്നത് എനിക്ക് കാണാമായിരുന്നു…
എല്ലാം കഴിഞ്ഞു വീട്ടിൽനിന്നിറങ്ങുമ്പോ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടു പോകുമ്പോൾ എനിക്കും കുന്നോളം സങ്കടം ഉണ്ടായിരുന്നു…
പക്ഷെ നമ്മള് ഭർത്തക്കന്മാർ അങ്ങനെ പബ്ലിക്കായി കരയാൻ പാടില്ലല്ലോ…നമ്മടെ മാർക്കറ്റ് ഇടിയില്ലേ….
സി. കെ ❤️