ഷംനക്ക് ഫുള്ളും എ പ്ലസ്സാ, സൈനുദ്ധീൻ മാഷ് ആവേശത്തോടെ പറഞ്ഞപ്പോ ഷംനയുടെ കണ്ണുകൾ നിറഞ്ഞു…

Story written by Jyothi Krishnakumar

” ഷംനക്ക് ഫുള്ളും എ പ്ലസ്സാ!”

സൈനുദ്ധീൻ മാഷ് ആവേശത്തോടെ പറഞ്ഞപ്പോ ഷംനയുടെ കണ്ണുകൾ നിറഞ്ഞു,

“ഉറക്കം ഒഴിവാക്കി പഠിച്ചതിന് നീയൊരു ഫലം തന്നല്ലോ റബ്ബേ…”

അവൾ മാഷ് പ്രിൻ്റ് എടുത്ത് തന്നതുമായി വീട്ടിലേക്കോടി…

” ഉമ്മീ, വാപ്പി, നിക്ക് കണ്ടാ ഫുൾ എ പ്ലസ്… ഞ്ഞി ൻ്റെ സ്കൂളില് തന്നെ ചേരാ. ഇനിക്കെന്തായാലും സയൻസിന് അഡ്മിഷൻ കിട്ടും.

” ഉം”

മീൻ കച്ചോടം കഴിഞ്ഞ് വന്ന അലി ഭാര്യ മുംതാസിനേയും മകളെയും നോക്കി കനത്തിൽ ഒന്ന് മൂളി ….

വീണ്ടും വീണ്ടും റിസൽട്ട് നോക്കി, അതിൽ വിരലോടിച്ച് ഷംന മെല്ലെ ചിറക് വച്ച് പറന്നു, ബ്യൂററ്റിൻ്റെയും പിപ്പറ്റിൻ്റേയും ലോകത്തേക്ക്, ഡിസക്ഷൻ്റെയും മീറ്റർ ബ്രിഡ്ജിൻ്റെയും ലോകത്തേക്ക്..

ഫസ്റ്റ് അലോട്ട്മെൻ്റിൽ തന്നെ അവൾക്ക് കിട്ടി. മോഹം പോലെ സയൻസിന് തന്നെ.

പുതിയ കൂട്ടുകാർ, പുതിയ രീതിയിലുള്ള പഠനം എല്ലാത്തിനോടും വേഗം പൊരുത്തപ്പെട്ടു.

കാരണം അതവളുടെ സ്വപ്നമായിരുന്നു .

പ്ലസ്ടുവിന് സയൻസ് എടുത്ത് ആതുര രംഗത്ത് തനിക്കാവുന്ന വിധത്തിൽ ജനങ്ങളെ സേവിക്കുക എന്നത്.ഒത്തിരി കൂട്ടുകാരെ കിട്ടി എങ്കിലും കൂടെയിരിക്കുന്ന നീതുവിനോടായി കൂടുതൽ കൂട്ട്.

എല്ലാം കൂട്ടുകാർക്കിടയിൽ പങ്കിട്ടു.

നീതുവിൻ്റെ അമ്മയുടെ പാവക്ക കൊണ്ടാട്ടവും, ഷംനയുടെ ഉമ്മയുടെ ഈത്തപ്പഴ അച്ചാറും, ദിവ്യയുടെ ഉരുളക്കിഴങ്ങ് വറുത്തതും എല്ലാം .

പെട്ടെന്നാണ് ഒരു ശനിയാഴ്ച അയാൾ വന്നത്,

ഷംനയുടെ ഇത്തക്ക് കല്യാണാലോചന കൊണ്ടു വന്നയാൾ, ഇത്തവണ വന്നതും റെക്കോർഡ് എഴുതുന്ന ഷംനയെ നോക്കി നന്നായൊന്ന് ചിരിച്ചു.

അവൾ ചിരിച്ചെന്ന് വരുത്തി ഉമ്മിയെ വിളിക്കാനോടി.

“ജ്ജ് പോയി ഇത്തിരി ചായ ണ്ടാക്ക് “

എന്നു പറഞ്ഞ് ഷംനയെ അകത്തേക്ക് വിട്ടു.

പിന്നെ നടന്ന സംസാരം ഒന്നും ഷംന കേട്ടില്ല .

പക്ഷെ ഉമ്മ വന്ന് പറഞ്ഞു നാളെ നേരത്തെ ഒരുങ്ങി നിക്കണം എന്ന്,

ഏതാണ്ട് ഊഹിക്കാമായിരുന്നു പെണ്ണുകാണൽ ചടങ്ങാണ് എന്ന് .

അവൾ പറഞ്ഞ പ്രകാരം നിന്നു.

ചെമ്പൻമുടിയുള്ള, ഷർട്ട് ഇൻ ചെയ്യുമ്പോൾ മേലേയും താഴെയും തുറിച്ച് നിൽക്കുന്ന വയറുള്ള, മധുരക്കിഴങ്ങ് തോല് പൊളിച്ച ചേലൊരു ചെക്കൻ,

ഗൾഫിൽ നല്ല ജോലി,

വല്ലാണ്ട് ചോദ്യവും പറച്ചിലുകളും ഇല്ലാണ്ട് കല്യാണം ഉറച്ചു.

ഉപ്പി എവിടന്നോക്കെയോ ഓടിനടന്ന് സ്വർണ്ണം സംഘടിപ്പിച്ചു .

പട്ടിൻ്റെ സാരി വാങ്ങി,

കൂട്ടുകാരെ ക്ഷണിച്ചു. കല്യാണാ , ന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണിലെ അത്ഭുതം കണ്ട് ഷംന ചെറുതായൊന്ന് ചിരിച്ചു,

പതിനാറുകാരി വിവാഹം ക്ഷണിച്ചപ്പോൾ ചില അദ്ധ്യാപകർ പുച്ഛത്തോടെ നോക്കി,

ഒന്നും കാര്യമാക്കാതെ ഷംന നടന്നകന്നു.

“വിവാഹമല്ലേ? ഇതിലെന്തൊളിക്കാൻ എന്നവൾ ചിന്തിച്ചു,

കല്യാണദിവസം വന്നു,

കൂട്ടുകാർ എത്തിയപ്പോൾ അവൾ പോയി വർത്തമാനം പറഞ്ഞു.

ബിരിയാണി സ്നേഹപൂർവ്വം വിളമ്പി ക്കഴിപ്പിച്ചു,

അവർ പോയപ്പോൾ അവൾക്കെന്തോ സങ്കടം വന്നു.

താൻ തനിച്ചായ പോലെ.

വിരുന്നും മറ്റുമായി ഒരു മാസം സ്കൂൾപടി കാണാൻ പറ്റിയില്ല ഷംനക്ക്,

ചോദിച്ചപ്പോഴൊക്കെ പുതിയാപ്ല പറഞ്ഞത് അയാൾ തിരികെ പോയിട്ട് പൊയ്ക്കോ എന്നായിരുന്നു.

പ്രിയപ്പെട്ട കൂട്ടുകാരെ കാണാൻ അവൾക്ക് കൊതിയായി വല്ലാണ്ട്.

സ്കൂളിൽ നിന്നും വിളിച്ച് ലീവ് ആവുന്നതിന് എക്സ്പ്ലനേഷൻ ചോദിച്ചു.

ഇനി പഠിക്കണമെങ്കിൽ മെഡിക്കൽ ലീവ് പ്രസന്റ് ചെയ്യണമെന്ന്, അല്ലെങ്കിൽ ടി സി വാങ്ങി പൊയ്ക്കോളാൻ,

അത് കേട്ടപ്പോൾ അന്ന് പുച്ഛിച്ച് ചിരിച്ച അധ്യാപകൻ്റെ മുഖം മെല്ലെ തികട്ടി വന്നു

വീണ്ടും പുതിയാപ്ലയോട് പറഞ്ഞു, മെഡിക്കൽ ലീവ് ഒപ്പിച്ച് തരാൻ , പകരം

ടി സി വാങ്ങാം,

എന്ന് ഒറ്റവാക്കിൽ അയാളതിന് പരിഹാരം കണ്ടു,

വേറേ വഴിയില്ലാതെ അവളും ചെന്നു,

കൂട്ടുകാരെ എങ്കിലും കാണാലോ,

അപ്പോഴും അവരെ ശരിക്ക് ഒന്ന് കാണാൻ കഴിയാതെ ദൂരെ നിന്ന് കൈ വീശി കാണിക്കേണ്ടി വന്നു പാവത്തിന്,

ബ്യൂററ്റും പിപ്പറ്റും , ഡിസ്കഷനും മീറ്റർ ബ്രിഡ്ജും എല്ലാം വീണ്ടും സ്വപ്നങ്ങൾ മാത്രമായി അവശേഷിച്ചു,

കൂട്ടുകാരികളെ സ്വപ്നത്തിൽ മാത്രം കണ്ട് തൃപ്തിപ്പെടേണ്ടി വന്നു,

ഒടുവിൽ മുമ്പ്പഠിപ്പിച്ചിരുന്ന ഷംനയുടെ അയൽവാസി കൂടെയായ ടീച്ചറുടെ കല്യാണമുണ്ടെന്നറിഞ്ഞപ്പോൾ,

തൻ്റെ കൂട്ടുകാർ വരുമെന്നറിഞ്ഞ് അവൾ കാത്തിരുന്നു,

ഒന്ന് കാണാൻ,

അങ്ങനെ എല്ലാവരും വന്നപ്പോൾ അവരെ കാണാൻ വേണ്ടി തയ്യാറായി ഷംന അപ്പഴാ വീർത്തുന്തിയ തൻ്റെ വയറ് കണ്ടത്,

“വേണ്ട, ഇങ്ങനെ ന്നെ അവര് കാണണ്ട “

എന്നു പറഞ്ഞ് കൂട്ടുകാരികളെ ദൂരെ മറഞ് നിന്ന് കണ്ട് അവൾ തിരികെ നടന്നു…

സ്വപ്നം പോലും കണ്ടിട്ടില്ലാത്ത, പരിചയമില്ലാത്ത, പുതിയൊരു ലോകത്തേക്ക്…

അവസാനിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *