വിര
story written by Shabna shamsu
ഞങ്ങളെ വീട്ടിൽ അഞ്ച് എരുമയുണ്ട്… 74 വയസുള്ള വാപ്പയാണ് അതിനെ നോക്കുന്നതും പരിപാലിക്കുന്നതും… കൂട്ടിയാ കൂടൂലാന്നും എല്ലാം വിറ്റ് കളയാംന്നും പറഞ്ഞാ വാപ്പ കേൾക്കൂല… രാവിലെ ആറ് മണിയാവുമ്പോ ആലേന്ന് കേൾക്കാം.. ഇങ്ങട്ട് നിക്കെരുമാ… മാറി നിക്കെരുമാ…മലയാളം പറഞ്ഞാ മനസ്സിലാവൂലേന്നൊക്കെയുള്ള സ്ഥിരം ഡയലോഗ്….ചിലപ്പോ തോന്നും വാപ്പാക്ക് മക്കളേക്കാൾ ഇഷ്ടം ഈ മിണ്ടാപ്രാണികളോടാണെന്ന്…
വാപ്പാൻ്റെ തോട്ടത്തില് കാപ്പിച്ചെടിക്ക് പൂവിടുന്നതിന് മുമ്പ് ചാണക വളം ഇട്ട് കൊടുക്കുന്ന പതിവുണ്ട്.. അന്നേരം വളക്കുഴീന്ന് ചാണകം മുഴുവനും കോരി പുറത്തേക്കാക്കും… എന്നിട്ടത് പരത്തി വെക്കും.. ഉണങ്ങി കഴിയുമ്പോ കോരി ഓരോ കാപ്പി മരത്തിൻ്റെയും ചോട്ടിലിടും…..
വളക്കുഴീന്ന് കോരിയിടുന്ന ജോലി അധികവും എൻ്റെ ഇക്കയാണ് ചെയ്യാറ്.
എന്നും ഷോപ്പിൽ പോവുന്നതിന് മുന്നേ ഒരു ലുങ്കി മുണ്ടും മാടിക്കേറ്റി കുത്തി ചെരിപ്പും ഷൂസും ഷർട്ടും ഒന്നും ഇടാണ്ട് ഒരു കൈക്കോട്ടും കൊട്ടേം പിടിച്ച് വളക്കുഴീലിറങ്ങി ചാണകം കോരി പുറത്തേക്കിടും… ആ സമയത്താണ് ഞാൻ മുറ്റമടിക്കാ.. എനിക്ക് ഇത് കാണുമ്പോ എന്തോ ഒരു വല്ലായ്മ തോന്നും..
അമ്മിക്കല്ലില് മൈലാഞ്ചി അരച്ച പോലെ മേല് മുഴുവനും ചാണകാക്കി, ചെരിപ്പും ഇടാണ്ട് നിക്കുന്ന കെട്ടിയോനെ കാണുമ്പോ എൻ്റെ ഉള്ളിലെ സ്നേഹ നിധിയായ ഭാര്യ ഉണരും…
മുട്ട് വരെയുള്ള ഷൂ ഇട്ടിട്ട് ചെയ്തോളി… വല്ല കമ്പോ കൊള്ളിയോ കുത്തി ക്കേറുംന്ന് ചെന്ന് പറയും…
അൻ്റെ വാപ്പാൻ്റെ പോലെ ഞങ്ങളെ വാപ്പാക്ക് വാഴക്കുല കച്ചോടല്ലായ്നൂന്നും പണ്ട് 24 എരുമ ണ്ടായിനുന്നും ,മൂപ്പരെ പെറ്റിട്ടതേ ആലയിലേക്കാന്നും പറഞ്ഞ് എൻ്റെ കൊമ്പൊടിക്കും….
പഴേ എരുമൻ്റെ ചാണകല്ലാ… കാലം കൊറേ മാറീക്ക്ണ്… ഇപ്പോ കൊറേ നെലേം വെലേം ഉണ്ടെന്നൊക്കെ തിരിച്ചടിക്കും…
ന്നാലും മൂപ്പര് പണി നിർത്തൂല…
ഷോപ്പിൽ പോവാൻ സമയാവുമ്പോ കുളിച്ച് സുന്ദരനായി അലൻ സോളിൻ്റെ ജീൻസും ലിനൻ്റെ ഷർട്ടും ഇട്ട് ആപ്പിൾങ്ങ പോലുള്ള ആ മനുഷ്യനെ കണ്ടാ ഒരാളും പറയൂല ചാണക കുഴില് മുങ്ങിക്കുളിച്ചുള്ള വരവാണെന്ന്…..
അങ്ങനെ ഒരീസം രാത്രി പല്ല് തേപ്പൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം ബെഡി ലിരുന്ന്, മൊബൈലിൻ്റെ വെളിച്ചം കത്തിച്ച് മൂപ്പര് കാലിലെന്തോ തിരയുന്നു…
“ന്തേയ്… “
“കാലിലെന്തോ കോറിയ പോലെ.. ഞരമ്പ് തടിച്ച് ക്ക്ണ്…”
ഞാൻ നോക്കുമ്പോ ഒരു ചെറിയ വര പോലെ എന്തോ ഒന്ന്… വല്യ കാര്യായിറ്റൊന്നും ഇല്ല.. പക്ഷേ മൂപ്പർക്കെന്തോ ഒരു എടങ്ങേറ് പോലെ…
പിറ്റേ ദിവസം രാവിലെ വളക്കുഴിലൊന്നും ഇറങ്ങാണ്ട് കുനിഞ്ഞിരുന്ന് കാലും നോക്കി നിക്കുന്നു….
ഞാൻ മുറ്റമടിക്കുന്ന ചൂലവിടെ ഇട്ട് പാഞ്ഞ് ചെന്നു… എൻ്റെ ഉള്ളിലെ ഭാര്യ വീണ്ടും ഉണർന്നു.. പറഞ്ഞാ കേക്കണം.. ഷൂ ഇടാൻ ഞാൻ എപ്പളും പറയലില്ലേ അന്നേരവും കുറ്റം മുയുവനും എൻ്റെ വാപ്പാൻ്റെ വായക്കൊല കച്ചോടത്തിനാ.. എന്നും പറഞ്ഞ് കുറേ ചൊറിഞ്ഞു… എന്നിട്ടാണ് കാല് നോക്കിയത്…ഇന്നലെ കണ്ട വര ഒരു പാമ്പ് പോയ പോലെ കാലിൻ്റെ ചോട്ടിലെത്താനായിട്ടുണ്ട്…
നല്ല ചൊറിച്ചിലും ഉണ്ട്…
“എടീ…. ഇത് കോറിയതൊന്നും അല്ല… ജീവനുള്ള എന്തോ സാധനാണ്… അരിക്കുന്ന പോലെ തോന്നുന്നുണ്ട്… “
പിന്നെ ആകെ ബേജാറ്.. ഇനിപ്പോ എന്ത് ചെയ്യും….
“ഇയ്യ് ഇതിൻ്റെ ഒരു ഫോട്ടോ എടുത്ത് വെക്ക്…ന്നിട്ട് ഡ്യൂട്ടിക്ക് പോവുമ്പോ അവിടള്ള ഡോക്ടറെ കാണിക്ക്… എന്നിട്ട് എന്തേലും ചെയ്യാ… “
അങ്ങനെ ഞാൻ കാലിൻ്റെ ഫോട്ടോ എടുത്തു.. ഇനി ഡോക്ടറെ കാണിക്കണം..
എനിക്കാണെങ്കിൽ പത്രാസിൻ്റെ സൂക്കേടുള്ളോണ്ട് കെട്ടിയോന് ചാണകത്തീന്ന് കാലിലെന്തോ കേറീന്ന് ഡോക്ടറോട് പറയാനൊരു മടി…
ഡോക്ടർമാരോട് കളവ് പറഞ്ഞൂടാന്നാ… എന്നിട്ടും അംരീഷ് സാറോടും സുനിൽ സാറോടും വിപിൻ സാറോടും കാലിലെന്തോ കയറീന്ന് മാത്രം പറഞ്ഞു… ചാണക ത്തിൻ്റെ കാര്യം മിണ്ടീല… സർജനെ കാണണംന്നും അത് പുറത്തെടുക്കണംന്നും പറഞ്ഞു…
അന്നൊരു അവധി ദിവസായോണ്ട് സർജൻമാർ എവിടേം ഇല്ല…. പിറ്റേ ദിവസം വരെ കാത്ത് നിന്നു….
അതിനിടക്ക് ഗൂഗിളൊക്കെ സെർച്ച് ചെയ്തപ്പോ ആഫ്രിക്കൻ രാജ്യങ്ങളിലൊക്കെ കണ്ട് വരുന്ന ഒരു സൂക്കേടാണിത്..
എനിക്ക് പിന്നേം ബേജാറായി…
പടച്ചോനെ.. വൈറൽ ആവോ… രണ്ട് മൂന്ന് മെഡിക്കൽ ഷോപ്പില്, കറങ്ങുന്ന കസേരേലിരിക്കുന്ന പത്രാസുള്ള കെട്ടിയോൻ്റെ കാലില് ചാണകത്തിലെ കൃമി കേറീന്ന് നാട്ടാര് മുയുവനും അറിയല്ലോ…….
പിറ്റേ ദിവസം രാവിലെ തന്നെ സർജനെ കണ്ടു.. ഒരു മൈനർ സർജറി വേണംന്നും ഓപ്പറേഷൻ തിയേറ്ററിന്നാ ചെയ്യാന്നും പറഞ്ഞു…
മൂപ്പരന്നേരം പോക്കറ്റിലെ പേഴ്സൊന്ന് മുറുക്കി പിടിച്ചു… അങ്ങനെ തിയേറ്ററില് കയറ്റി…
ആ വിരയെ കീറി പുറത്തെടുത്തു.. എട്ട് സ്റ്റിച്ചിട്ടു…. കുറച്ച് നേരം ഒബ്സർ വേഷനിൽ കിടത്തി.. പിന്നെ ഡിസ്ചാർജ് ചെയ്തു…
പോരാൻ നേരം റിസപ്ഷനിൽ ഇളം പിങ്ക് നിറത്തിൽ ഗാന്ധിജിൻ്റെ ചിരിക്കുന്ന ഫോട്ടോ ഉള്ള രണ്ട് നോട്ട് കൊടുത്ത് ബാക്കി പത്ത് രൂപ വാങ്ങി മൂപ്പരെ കൈയിൽ കൊടുക്കുമ്പോ മെല്ലെ ഞാനാ ചെവിയില് ചോദിച്ചു….
“ങ്ങളെ വാപ്പാക്ക് പണ്ട് എത്ര എരുമണ്ടെന്നായ്നു പറഞ്ഞത്.. “
അതിലും പതുക്കെ മൂപ്പര് മറുപടി പറഞ്ഞു….
” 24 ”