ഓർമ്മച്ചിരാതുകൾ
എഴുത്ത്:-ബിന്ദു എന്‍ പി
അതൊരു പെരുന്നാൾത്തലേന്നായിരുന്നു.. നേരം സന്ധ്യയാവാറായിത്തുടങ്ങി യിരിക്കുന്നു. ഞാനും കൂട്ടുകാരനും ഇറച്ചിക്കടയുടെ അടുത്ത് മൂസാക്ക ഇറച്ചി വെiട്ടുന്നതും നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്നാണൊരു പോലീസ് ജീപ്പ് അവിടെ വന്നു നിന്നത്..ഞാനും കൂട്ടുകാരനും എന്ത് ചെയ്യണമെന്നറിയതെ പകച്ചു നിന്നു.. പിന്നെ പെട്ടെന്ന് തന്നെ ഞാൻ അവനെയും വിളിച്ചുകൊണ്ട് എഴുന്നേറ്റോടി.
പോലിസ് എന്ന് കേൾക്കുന്നതേ അന്ന് പേടിയായിരുന്നു. വൈകുന്നേരങ്ങളിൽ കടത്തിണ്ണയിലിരുന്ന് ചീട്ട് കളിക്കുന്നവരെയും ചാരാiയം വാiറ്റകാരേയും തിരക്കി പോലീസ് വരിക അന്നൊക്കെ പതിവായിരുന്നു.. സംശയം തോന്നുന്നവരെ യൊക്കെ പോലീസുകാർ പിടിച്ചു കൊണ്ടുപോകും. അതുകൊണ്ട് തന്നെ ഞാനും കൂട്ടുകാരനും തിരിഞ്ഞു നോക്കാതെ ഓടാൻ തുടങ്ങി.
നേരം ഇരുട്ടിതുടങ്ങിയതിനാൽ വഴിയിലൊക്കെ ഇരുട്ട് വ്യാപിച്ചിരുന്നു.. ഞങ്ങൾ ജീവനും കൊണ്ടോടുന്നതിനിടയിൽ പിറകിൽ നിന്നാരോ ടോർച്ചടിച്ചു.. ഓടുന്നത് കണ്ട് തൊട്ടടുത്ത വീട്ടിലുള്ളവരും ടോർച്ചടിച്ചു.. ആകെ ബഹളമയം. ഓടിയോടി ഞങ്ങൾ അയൽവാസിയായ ജലജേച്ചിയുടെ മുറ്റത്തെത്തി.. എന്നിട്ടും ഓട്ടം നിർത്തിയില്ല.. പെട്ടെന്നാണ് എന്റെ മേലേക്ക് ചൂടുവെള്ളം വന്നു വീണത്. മറ്റൊന്നുമല്ല ജലജേച്ചി സന്ധ്യയ്ക്ക് ജോലിയും കഴിഞ്ഞു വന്ന് ചോറൂറ്റിയ വെള്ളം വെളിയിലേക്ക് നീട്ടി ഒഴിച്ചതും ഞങ്ങളതുവഴി ഓടിയതും ഒരുമിച്ചായിരുന്നു. കൃത്യം ആ ചൂടുള്ള വെള്ളം എന്റെ മേലേക്ക് തന്നെ വീഴുകയും ചെയ്തു.. ഭാഗ്യത്തിന് പൊള്ളലേറ്റില്ല..
പിറകിൽ പോലീസ് ഇല്ലെന്നുറപ്പായതോടെ ഒരു യുദ്ധം കഴിഞ്ഞു ജയിച്ചു വന്ന യോദ്ധാവിനെപ്പോലെ ഞാനും അവനും എന്റെ വീടിന്റെ കോലായിൽ തളർച്ചയോടെ വന്നിരുന്നു. “എന്താടാ… എന്തുപറ്റി രണ്ടാൾക്കും..?” അമ്മയാണ്.. “ഒന്നൂല്ലമ്മേ… ഞങ്ങൾ അമ്മയ്ക്ക് മുന്നിൽ വാക്കുകൾക്ക് വേണ്ടി പതറി..
ഓടിത്തളർന്ന ക്ഷീണമൊക്കെ മാറിയപ്പോൾ ഒരു കുളിയൊക്കെ പാസ്സാക്കി ഞങ്ങൾ വീണ്ടും ജങ്ഷനിലേക്ക് നടന്നു..അപ്പോഴും എന്റെ ചിന്ത ഇന്നാരെയൊക്കെയാവും പോലീസ് കൊണ്ടുപോയിട്ടുണ്ടാവുക എന്നതായിരുന്നു.. ഒപ്പം ഞങ്ങൾ രക്ഷപ്പെട്ടല്ലോ എന്നൊരാശ്വാസവു മുണ്ടായിരുന്നു.
അവിടെയെത്തിയപ്പോൾ അiറവുകാരൻ മൂസാക്ക കൈയ്യിലൊരു ഗ്ലാസ്സ് ചായയുമായി അവിടെ ഇരിപ്പുണ്ടായിരുന്നു.
“മൂസാക്കാ പോലീസ് വന്നിട്ടെന്തായി?ആരെയെങ്കിലും കൊണ്ടുപോയോ? “എന്നുചോദിച്ചപ്പോൾ മൂസാക്ക പറയ്യാ..”പോലീസ് വന്നിട്ടെന്താവാൻ …നാളെ പെരുന്നാളല്ലേ..അതുകൊണ്ട് ഇറച്ചി വാങ്ങാൻ വേണ്ടി വന്നതാ..പോലീസ് വന്നു ഇറച്ചിയും വാങ്ങി തിരിച്ചു് പോയി… അല്ലാതെന്താ “?
അപ്പോഴാണ് പറ്റിയ അബദ്ധത്തെ കുറിച്ച് ഞങ്ങൾക്ക് മനസ്സിലായത്.. കൂട്ടുകാരൻ തികട്ടിവന്ന ചിരി അടക്കിപ്പിടിച്ചു കൊണ്ട് എന്നെ നോക്കി.. തിരിഞ്ഞ് നോക്കാതെ ഓടിയ ഓട്ടവും മേലിലേക്ക് വീണ ചൂടുവെള്ളവുമൊക്കെ ഓർമ്മയിലെത്തിയപ്പോൾ ചിരിയടക്കാൻ പാടുപെടുകയായിരുന്നു ഞാനും …
( ഒരു സുഹൃത്ത് പറഞ്ഞ അനുഭവം എന്റെ ഭാവനയിൽ..)