സാറേ എങ്കിൽ സസ്‌പെൻസായിട്ട് കുറച്ചു വീട്ടുസാധനങ്ങൾ വാങ്ങി അയാളുടെ വീട്ടിലേക്ക് ചെല്ലാം നമുക്ക്……

ലോക്ക് ഡൌൺ

Story written by Prajith Surendrababu

പതിവ് പോലെ അന്നും റോഡിൽ പരിശോധനക്കു നിൽക്കുന്ന പൊലീസുകാരെ നോക്കി പുഞ്ചിരിച്ചു കൊണ്ടയാൾ നടന്നു നീങ്ങി.

” ദേ ഒരുത്തൻ പോണു…എന്തെ നിങ്ങൾ അയാളെ തടയാത്തത്.”

പുതിയതായി ചാർജ് എടുത്ത എസ് ഐ ഷെരീഫ് അയാൾക്ക് പിന്നാലെ പോകുന്നത് കണ്ട് ഓടി അരികിലേക്ക് ചെന്നു ഹെഡ് കോൺസ്റ്റബിൾ.

” അയ്യോ സാറേ അയാളെ വിട്ടേക്ക്..അതൊരു പാവം ആണ്. കൂലിവേലയാണ് തൊഴിൽ.ലോക്ക് ഡൌൺ ആയേ പിന്നെ ഇപ്പോ നാലഞ്ചു ദിവസമായി സ്ഥിരം ഈ സമയത്ത് കാണുന്നുണ്ട്. ഞങ്ങൾ ആദ്യം തടഞ്ഞു നിർത്തി കാര്യം തിരക്കിയതാ. കക്ഷി ടെ ഭാര്യ എഴുന്നേൽക്കാൻ പോലും വയ്യാണ്ട് കിടപ്പിലാണ്. അവർക്ക് കഴിക്കാനായി ഫ്രൂട്ട്സ് വാങ്ങാൻ ഉള്ള പോക്കാണിത്.ആളെ കണ്ടാൽ തന്നെ അറിയില്ലേ സാറേ ഒരു ദരിദ്ര്യനാണ് വീട്ടിൽ ഫ്രിഡ്ജ് ഒന്നും ഇല്ല അത് കൊണ്ട് എന്നും പോയി വാങ്ങുവാ പാവം.. “

ഒന്ന് നിർത്തിയ ശേഷം അയാൾ ഷെരീഫിന്റെ നേരെ തിരിഞ്ഞു

“നമുക്കും മനസാക്ഷി എന്നൊന്നില്ലേ സാറേ..ഈ പാവങ്ങളെയൊക്കെ തടഞ്ഞു നിർത്തി ചുമ്മാ പിഴ ഈടാക്കി എന്തിനാ ചുമ്മാ ശാപം വരുത്തി വയ്ക്കുന്നെ.. ജീവിച്ചു പൊയ്ക്കോട്ടേ … “

ആ വാക്കുകൾ കേൾക്കെ ഒരു നിമിഷം ആ മനുഷ്യനെ തന്നെ നോക്കി നിന്നു പോയി ഷെരീഫ് സത്യമാണ്. ഒറ്റനോട്ടത്തിൽ തന്നെ അവന്റെ ദാരിദ്യം ആ രൂപത്തിൽ നിന്നും മനസ്സിലാക്കാം.മെലിഞ്ഞ പ്രകൃതം.നീട്ടി വളർത്തിയ താടിയും മുടിയും ഒപ്പം മുഷിഞ്ഞ വസ്ത്രങ്ങളും.. ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിൽ കഷ്ടത തോന്നിപോകുന്ന രൂപം.

‘പാവം മനുഷ്യരുടെ ഓരോ അവസ്ഥകൾ.. ‘

ആത്മഗതത്തോടെ അവൻ തിരികെ ജീപ്പിലേക്ക് കയറി ഇരുന്നു.

സമയം അല്പം കൂടി മുന്നിലേക്ക് കടന്നു പോകവേ കയ്യിൽ ഒരു ചെറിയ കവർ നിറയെ പഴ വർഗ്ഗങ്ങളുമായി അയാൾ തിരികെ വരുന്നത് കണ്ടു. പോലീസു കാർക്ക് അരികിലെത്തിയപ്പോൾ പുഞ്ചിരിയോടെ ആ കവറിൽ നിന്നും ഒരു പൊതി അയാൾ പുറത്തേക്കെടുത്തു. നേരെ ജീപ്പിനരികിലേക്കെത്തി ആ പൊതി ഷെരീഫിന് നേരെ നീട്ടി.

” സാറന്മാര് രാവിലെ മുതൽ ഒന്നും കഴിക്കാണ്ടു ഇവിടെ ഞങ്ങൾക്ക് വേണ്ടി കാവൽ നിൽക്കുവല്ലേ… ദേ ഈ പഴം കഴിച്ചാട്ടെ.. “

തന്റെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആ മനുഷ്യന്റെ നല്ല മനസ്സിന് മുന്നിൽ അതിശയിച്ചു പോയി ഷെരീഫ്.

” ചേട്ടാ… വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഭാര്യക്കായി വാങ്ങിയതല്ലേ ഇതൊക്കെ… ഇത് അവർക്ക് തന്നെ കൊടുക്കു.. “

സ്നേഹത്തോടെ ആ നിരസിച്ചെങ്കിലും അയാൾ അത് തിരികെ വാങ്ങുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഷെരീഫ് ആ പൊതി കയ്യിലേക്ക് വാങ്ങി. ഒപ്പം തന്നെ പേഴ്‌സിൽ നിന്നും രണ്ടായിരം രൂപയുടെ ഒരു നോട്ട് എടുത്ത് നിർബന്ധമായി അയാളുടെ പോക്കറ്റിലേക്കിട്ടു കൊടുത്തു.

” വേണ്ട സാറേ… കാശൊന്നും വേണ്ട… “

പരമാവധി ഒഴിഞ്ഞു മാറിയെങ്കിലും ഷെരീഫിന്റെ നിർബന്ധത്തിന് മുന്നിൽ അയാൾ കീഴടങ്ങി. ആ സ്നേഹത്തിനു മുന്നിൽ ഒരു നിമിഷം ആ പാവം തല കുമ്പിട്ടു നിന്നു ശേഷം നന്ദിയോടെ അയാൾ അയാൾ തലയുയർത്തി.

” ന്റെ ഭാര്യക്ക് നല്ല ചുമയുണ്ട് സാറേ.. ആശുപത്രിയിൽ പോകാനവൾക്ക് പേടിയാണ് മാത്രമല്ല എന്റെ കയ്യിൽ കാശുമില്ലായിരുന്നു. ഈ പഴങ്ങൾ തന്നെ ജങ്ഷനിലെ കച്ചവടക്കാരന്റെ നല്ല മനസ്സ് കൊണ്ട് പാതി വിലയ്ക്ക് കിട്ടുന്നതാ. അവൾക്ക് കൊടുക്കാൻ കഷായം ഉണ്ടാക്കാൻ നോക്കിയപ്പോൾ ശർക്കര ഇല്ലാഞ്ഞിട്ട് പറ്റിയില്ല. ഈ കാശ് എനിക്ക് വലിയ ഉപകാരമായി. ഒരുപാട് നന്ദി ഉണ്ട് സാറേ… ഞാൻ ഇച്ചിരി ശർക്കര കൂടി വാങ്ങി വരാം.”

കൂപ്പു കൈകളോടെ അയാൾ നടന്നകലുമ്പോൾ വല്ലാത്ത സംതൃപ്തി തോന്നി ഷെരീഫിന്.

” സാർ ഒരു വലിയ കാര്യമാണ് ചെയ്തേ… ദൈവം അനുഗ്രഹിക്കും “

അരികിലേക്കെത്തിയ ഹെഡ് കോൺസ്റ്റബിളിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കയ്യിൽ ഇരുന്ന പൊതി അയാൾക്ക് നേരെ നീട്ടി ഷെരീഫ്.

” എല്ലാവരും കൂടി കഴിക്ക്.. ആ പാവത്തിന്റെ മനസ്സിന്റെ നന്മയാണ് ഈ പഴങ്ങൾ പാഴാക്കി കൂടാ… “

പൊതി കയ്യിലേക്ക് വാങ്ങി തിരിഞ്ഞ ശേഷം ഒരു നിമിഷം നിന്നു അയാൾ.

” സാർ.. ഒരു കാര്യം പറയട്ടെ… നമുക്ക് ഈ പാവത്തിനായി എന്തേലും ഒരു സഹായം ചെയ്താലോ.. കഴിഞ്ഞ ലോക്ക് ഡൌൺ ടൈമിലൊക്കെ കേരളാ പോലീസിന്റെ ഫേസ് ബുക്ക്‌ പേജിൽ കണ്ടതല്ലേ ഇതുപോലൊക്കെ സഹായങ്ങൾ ചെയ്ത് കൊണ്ടുള്ള ഫോട്ടോകളും വീഡിയോകളും ഇത്തവണ നമുക്കും എന്തേലും ചെയ്യാം”

ആ അഭിപ്രായത്തോട് പൂർണ്ണ യോജിപ്പ് തോന്നി ഷെരീഫിനും.

” സാറേ എങ്കിൽ സസ്‌പെൻസായിട്ട് കുറച്ചു വീട്ടുസാധനങ്ങൾ വാങ്ങി അയാളുടെ വീട്ടിലേക്ക് ചെല്ലാം നമുക്ക്. അവിടുത്തെ സാഹചര്യം നോക്കീട്ട് വേണേൽ കുറച്ചു കൂടി സാധനങ്ങൾ വാങ്ങി നൽകാം.”

മറ്റൊരു പോലീസുകാരൻ അഭിപ്രായപ്പെടുമ്പോൾ ഷെരീഫുൾപ്പെടെ മറ്റെല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു.

ഉച്ചയൂണിന് ശേഷമുള്ള കുറച്ചു സമയമാണ് ആ സത്പ്രവർത്തിക്കായി അവർ മാറ്റി വച്ചത്. പലരോടും തിരക്കി ഒടുവിൽ അവർ അയാളുടെ വീടിനു മുന്നിലേ ക്കെത്തി. കൈയിൽ കുറച്ചു ഭക്ഷണ സാധനങ്ങൾ അടങ്ങിയ ഒരു ചാക്കും ഉണ്ടായിരുന്നു. റോഡിൽ നിന്നും കുറെ ഉള്ളിലേക്ക് നടന്ന് ചെല്ലുമ്പോൾ മുറ്റം വേലി കെട്ടി തിരിച്ച ഓട് മേഞ്ഞൊരു പഴയ വീട്. വീടിനു മുന്നിലേക്കെത്തിയതും പോലീസുകാരിൽ ഒരാൾ പതിയെ ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കി വീഡിയോ എടുക്കുവാൻ റെഡിയായി. ഷെരീഫ് പതിയെ മുറ്റത്തേക്ക് കയറി. ചുറ്റു പാടും വീടുകളൊന്നും ഇല്ലാത്തതിനാൽ തന്നെ അവിടം ആകെ വിജനമായിരുന്നു. വീടിനുള്ളിൽ എന്തൊക്കെയോ ഒച്ച കേൾക്കുന്നുണ്ടായിരുന്നു.

” ഇവിടെ ആരും ഇല്ലേ… “

പതിഞ്ഞ സ്വരത്തിൽ അവൻ പതിയെ അകത്തേക്ക് നോക്കി.. അല്പസമയം നിശബ്ദത പരന്നു.

“ഫാ ..! നാറി… തന്നെ ഞാനിന്നു കൊല്ലും… ആ കെഴങ്ങൻ പോലീസ് പൊട്ടൻ തന്ന കാശും കൊണ്ട് പാഴി കളഞ്ഞേച്ച് വന്നേക്കുവാ അല്ലെ.. “

അപ്രതീക്ഷിതമായി അകത്തു നിന്നുയർന്ന ഒച്ച കേട്ട് ഒരു നിമിഷം ഷെരീഫും മറ്റു പോലീസുകാരും അന്ധാളിച്ചു പോയി. ഞെട്ടൽ മാറാതെ നോക്കി നിൽക്കെ അവർ കണ്ടു അകത്തു നിന്നും നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി വരുന്ന അയാളെ… രാവിലെ റോഡിൽ കണ്ട അതെ ദരിദ്രൻ. പിന്നാലെ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി കയ്യിൽ കുറ്റിചൂലും ഓങ്ങിക്കൊണ്ട് ഒരു സ്ത്രീ…..
അതെ.. അവർ തന്നെ….

‘സുഖമില്ലാതെ എഴുന്നേൽക്കുവാൻ പോലും കഴിയാണ്ട് കിടക്കുന്ന അയാളുടെ ഭാര്യ.. ‘

” വീട്ടിൽ കഞ്ഞി വക്കാൻ നിവർത്തിയില്ലാതെ കഷ്ടപ്പെടുമ്പോ കിട്ടിയ കാശിനു മുഴുവൻ പഴങ്ങളും സാധനങ്ങളും വാങ്ങി കള്ള വാറ്റ് ഉണ്ടാക്കാൻ നടക്കുവാ അല്ലെ നാറി…. കൊല്ലും ഞാൻ നിങ്ങളെ… “

അവരുടെ അലർച്ച കേട്ട് കണ്ണു മിഴിച്ചു പോയി ഷെരീഫ്..

‘കള്ള വാറ്റോ… അപ്പോൾ…’

ഒരു നിമിഷം അവന്റെ മനസ്സൊന്നു പിന്നിലേക്ക് സഞ്ചരിച്ചു….

‘പഴങ്ങൾ… ശർക്കര….. ശെരിയാണ്.. അപ്പോ ഇതൊക്കെ വാറ്റ് ഉണ്ടാക്കാൻ ഉള്ള സാധനങ്ങളായിരുന്നു ‘

ഓടി പുറത്തെത്തിയ അയാൾ കണ്മുന്നിൽ പോലീസിനെ കണ്ട് ഒരു നിമിഷം ഞെട്ടി പോയി.

“പെട്ട്….. പണി പാളി “

വിളറിയ ചിരിയുമായി അയാൾ പരുങ്ങുമ്പോൾ പിന്നാലെ ഓടിയെത്തിയ എത്തിയ ഭാര്യയും ഒന്ന് പതറി.അറിയാതെ കുറ്റിച്ചൂൽ അവരുടെ കയ്യിൽ നിന്നുമൂർന്ന് നിലത്തേക്ക് വീണു.

“അത്.. പിന്നെ… സാറേ.. ഞാൻ….”

തിരിഞ്ഞോടുവാൻ അയാൾക്ക് സമയം കിട്ടിയില്ല കരണം പുകയുമാർ ഒരു അടിയായിരുന്നു ഷെരീഫിന്റെ മറുപടി

” എടാ.. പരനാറി പോലീസുകാരെ വെറു ****** ആക്കാമെന്ന് കരുതിയോടാ നീ… “

” അയ്യോ എന്റെ കെട്ട്യോനെ ഒന്നും ചെയ്യല്ലേ അങ്ങേരൊരു പാവമാണേ. “
നിമിഷനേരം കൊണ്ട് അയാളുടെ ഭാര്യയുടെ മട്ടു മാറിയത് ഷെരീഫിനെ അതിശയിപ്പിച്ചു.

” മിണ്ടരുത് പെണ്ണുമ്പിള്ളേ… ” കലികയറിയ കോൺസ്റ്റബിൾ ചാടി മുന്നിലേക്ക് കയറി. അതോടെ അവരുടെ വായടഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു അയാളെ ചുരുട്ടിക്കൂടി വണ്ടിയിൽ ഇട്ടു ഷെരീഫ്..

“അവന്റെ അമ്മുമ്മേടെ ഒരു സെന്റിമെൻസ് ” ഇനി ഒറ്റ എണ്ണത്തിനെ നേരെ പരിശോധിക്കാതെ വിട്ടേക്കരുത്.. “

അരിശം മാറാതെ ഷെരീഫ് പിറുപിറുക്കുമ്പോൾ വാ പൊതി പൊട്ടിചിരിച്ചു മറ്റു പോലീസുകാർ.

” മാസ്ക് ഉള്ളത് നന്നായി അല്ലേൽ ചിരി എസ് ഐ കണ്ടേനെ.. “

” എന്നാലും അവനെ സമ്മതിക്കണം സാറേ… ചെക്കിങ്ങിനു നിക്കണ നമ്മക്ക് സംശയം തോന്നാതിരിക്കാൻ ക്ഷമയോടെ ഒരു കള്ളക്കഥയും ഉണ്ടാക്കി കുറേശ്ശേ കുറേശ്ശേ അവൻ സാധനങ്ങൾ സെറ്റ് ആക്കി.. അതിന്റെടേൽ കൂടി സാറും കുറെ കാശ് കൊടുത്ത് ബാക്കി സാധനങ്ങൾ കൂടി വാങ്ങാൻ…. എന്റമ്മോ അതാണ് ഏറ്റവും വലിയ കോമഡി “

ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ഹെഡ് കോൺസ്റ്റബിൾ പൊട്ടിച്ചിരിക്കുമ്പോൾ അയാളെ നോക്കി പല്ലിറുമിക്കൊണ്ട് ജീപ്പിലേക്ക് കയറി ഷെരീഫ്..

“സാറന്മാര് കൊണ്ട് വന്ന സാധനങ്ങൾ എടുത്ത് വീട്ടിലേക്ക് വച്ചോടിയേയ്… ഇനീപ്പോ ഞാൻ ഇറങ്ങാൻ ചിലപ്പോൾ വൈകും “

ജീപ്പ് മുന്നിലേക്ക് എടുത്തപ്പോഴാണ് പിന്നിൽ ഇരുന്ന അയാളുടെ വക ഒരു കരുതൽ… ഭാര്യക്കായി……

Related Posts

Leave a Reply

Your email address will not be published. Required fields are marked *