സിനിമയിൽ കാണുന്ന ഓക്സിജൻ മാസ്ക് ധരിച്ചു ഹോസ്പിറ്റലിലെ ഐസിയൂവിൽ രാവേത് പകലേത്……..

കൊറോണ വന്നു മരിച്ച ഒരാൾക്ക് ജീവിച്ചിരിക്കുന്ന നമ്മോട് പറയാനുള്ളത്.

എഴുത്ത്:- ഹക്കീം മൊറയൂർ

ഞാൻ മരിച്ചിട്ട് ഇന്നേക്ക് പത്തു ദിവസം തികയുന്നു. ഞാൻ മരിച്ചപ്പോൾ നിങ്ങളൊക്കെ അത്ഭുതപ്പെട്ടത് എനിക്കറിയാം. കാരണം കോവിഡ് ബാധിച്ചു എന്നെ പോലെ ആരോഗ്യവാനായ ഒരാൾ മരിച്ചു പോവുമെന്ന് ഒരിക്കലും ആരും പ്രതീക്ഷിക്കില്ലല്ലോ.

നമ്മുടെ ഗ്രൗണ്ടിൽ അതിവേഗം അയ്യായിരം മീറ്റർ ഓട്ടം പൂർത്തിയാക്കുന്നത് എന്നും ഞാനായിരുന്നല്ലോ. കുതിച്ചൊഴുകുന്ന പുഴ ആദ്യം നീന്തി കടക്കുന്നതും ഞാൻ തന്നെ. ഒന്നര മണിക്കൂർ തുടർച്ചയായി ഫുട്ബോൾ കളിച്ചാലും ക്ഷീണിക്കാത്ത അത്രക്കും ആരോഗ്യം എനിക്കുണ്ടായിരുന്നല്ലോ. ഞായറാഴ്ച രാവിലെ ഷട്ടിലും ഒമ്പതു മണിക്ക് ക്രിക്കറ്റും വൈകിട്ട് ഫുട്ബോളും കളിക്കുന്ന തായിരുന്നല്ലോ നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം.

എന്നിട്ടും ആ ഞാൻ വെറും മുപ്പത്തി രണ്ടാമത്തെ വയസ്സിൽ എങ്ങനെയാണ് കോവിഡ് ബാധിച്ചു മരിച്ചത് എന്നാണ് ഇപ്പോഴും എന്റെ സംശയം.

രാവിലെ മാസ്ക് ധരിക്കാതെ ഷട്ടിൽ കളിക്കുമ്പോഴും പിന്നീട് മീൻ വാങ്ങാൻ മാസ്ക് താടിയിൽ വെച്ച് പോവുമ്പോഴും എനിക്ക് കൊറോണ വരില്ലെന്നുള്ള അഹങ്കാരമായിരുന്നു.

ലോക്ക് ഡൗൺ കാലത്തു പോലും നാലു വട്ടം അങ്ങാടി തെണ്ടിയില്ലെങ്കിൽ എനിക്കും കൂട്ടുകാർക്കും സ്വൈര്യം ഇല്ലായിരുന്നു. പോലീസ് ജീപ്പ് കാണുമ്പോൾ ഞങ്ങൾ എണീറ്റ് ഇട വഴികളിലൂടെ ഓടും. പോലീസിന് ഒരിക്കലും ഞങ്ങളെ ഓടി പിടിക്കാൻ ആവില്ലെന്നു ഞങ്ങൾക്ക് ഉറപ്പായിരുന്നു.

പള്ളികളിലും അമ്പലങ്ങളിലും ചർച്ചുകളിലും പോവുമ്പോൾ ഞങ്ങൾ സാമൂഹിക അകലം അങ്ങനെ പാലിക്കാറില്ല. ഒട്ടു മിക്ക ആളുകളും സാമൂഹിക അകലം പാലിച്ചു മാസ്കും ധരിച്ചു നിൽക്കുമ്പോൾ അവരെ ഇടം കണ്ണിട്ടു നോക്കി ഞങ്ങൾ കളിയാക്കി ചിരിക്കാറുണ്ടായിരുന്നു.

പെരുന്നാളിനും ഓണത്തിനും വിഷുവിനുമൊക്കെ കുടുംബ സമേതമാണ് ഞങ്ങൾ വസ്ത്രങ്ങൾ എടുക്കാൻ പോയിരുന്നത്. വസ്ത്രങ്ങൾ എടുത്തു കഴിഞ്ഞു ഹോട്ടലിൽ പോയി വിശാലമായി ഇരുന്നു പൊറോട്ടയും ചിക്കനും കഴിച്ചേ ഞങ്ങൾ മടങ്ങാറുള്ളൂ.

എത്ര ലോക്ക് ഡൗൺ ആണെങ്കിലും കോട്ടക്കുന്നിലോ കോഴിക്കോട് ബീച്ചിലോ ഒക്കെ ആഴ്ചയിൽ ഒരു ദിവസം കറങ്ങിയില്ലെങ്കിൽ പിന്നെ എന്തു ജീവിതം എന്ന ചിന്തയായിരുന്നു ഞങ്ങൾക്ക്. ആഴ്ചയിൽ ഒരു ദിവസം ബാർബർ ഷോപ്പിൽ പോയി താടി ശരിയാക്കുന്നതായിരുന്നു ഞങ്ങളുടെ മറ്റൊരു ഹോബി.

പരിചയമുള്ള ആളുകളോട് എത്ര വേണമെങ്കിലും ഞങ്ങൾ മാസ്ക് ഇല്ലാതെ സംസാരിക്കുമായിരുന്നു. ഞങ്ങൾ കൂട്ടുകാർക്കിടയിൽ കൊറോണ ഒരു വിഷയമേ ആയിരുന്നില്ല.

അമ്പതോ നൂറോ പേരായി കല്യാണം ചുരുക്കണം എന്ന് പറയുമ്പോൾ ഞങ്ങൾ പുഞ്ചിരിക്കും. ന്നിട്ട് അഞ്ഞൂറോ ആയിരമോ ഒക്കെ ആൾക്കാരെ വിളിച്ചു ഗംഭീരമായി ഞങ്ങൾ കല്യാണം നടത്തും. കൊറോണ ഓരോ സംസ്ഥാനങ്ങളിൽ തേരോട്ടം നടത്തുമ്പോഴും അവിടുത്തെ ഭരണ കർത്താക്കളുടെ നിഷ്‌ക്രിയത്വവും പിടിപ്പ് കേടുകളും ഞങ്ങൾ ചർച്ചയാക്കി.

കേരളത്തിലും പിന്നീട് ജില്ലയിലും ഒടുവിൽ പഞ്ചായത്തിലും സ്വന്തം വാർഡിലും അടുത്ത വീടിലും വരെ കൊറോണ എത്തി നോക്കിയപ്പോഴും അതൊന്നും ഞങ്ങളുടെ കണ്ണ് തുറപ്പിച്ചില്ല.

കൊറോണ മൂലം കിട്ടുന്ന ഓരോ ഒഴിവ് ദിവസങ്ങളും ഞങ്ങൾ ആഘോഷമാക്കി. ബൈക്കുകളിൽ കറങ്ങി നടന്നും കളിച്ചും ടൂർ പോയും കോഴി ചുട്ടും ഓരോ ദിവസവും അടിച്ചു പൊളിക്കാനായിരുന്നു ഞങ്ങൾക്ക് ഉത്സാഹം.

ഞങ്ങളെ ബാധിക്കാത്ത കൊറോണ വീട്ടിലെ പ്രായമായ ഉമ്മാക്കും ഉപ്പാക്കും വന്നപ്പോഴും ഞങ്ങൾ ആഘോഷം ഒട്ടും കുറച്ചില്ല. അവരെ കൊണ്ട് പോവാൻ ആംബുലൻസും ചികിൽസിച്ചു ഭേദമാക്കാൻ ചികിത്സാ സൗകര്യങ്ങളും ഉണ്ടല്ലോ എന്ന അഹങ്കാരമായിരുന്നു ഞങ്ങൾക്ക്.

നിർബന്ധിത ക്വാറന്റൈൻ ഇരിക്കാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. കൊറോണ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണെന്നു വരെ ഞങ്ങൾ പറഞ്ഞു പരത്തി.

അങ്ങനെ ഇരിക്കെയാണ് എനിക്ക് ഒരു ചെറിയ തലവേദന വന്നത്. പിറ്റേന്നു തലവേദനയോടൊപ്പം പനി കൂടെ വന്നു. പനി കൂടിയപ്പോൾ രണ്ട് പാരസെറ്റാമോൾ കഴിച്ചു നോക്കി. സാവധാനം പനി മാറി. പനി മാറിയതും അന്നും കൂട്ടുകാരുടെ കൂടെ ക്രിക്കറ്റ് കളിക്കാൻ പോയി.

പിറ്റേന്നു പനി കൂടി. ഇടക്കിടെ ശ്വാസം കിട്ടാതായി. അടുത്തുള്ള ഹോസ്പിറ്റലിൽ പോയപ്പോൾ ലക്ഷണം കണ്ടു ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് പോവാൻ പറഞ്ഞു. ഹോൺ മുഴക്കി പാഞ്ഞു പോവുന്ന ആംബുലൻസിൽ കിടക്കുമ്പോൾ അന്നാദ്യമായി മനസ്സിൽ പേടി നിറഞ്ഞു.

സിനിമയിൽ കാണുന്ന ഓക്സിജൻ മാസ്ക് ധരിച്ചു ഹോസ്പിറ്റലിലെ ഐസിയൂവിൽ രാവേത് പകലേത് എന്നറിയാതെ കുറെ നാൾ കിടന്നു. അതിനിടെ ന്യുമോണിയ വന്നു. ഡോക്ടർമാർ എത്ര ശ്രമിച്ചിട്ടും ഒടുവിൽ ഞാൻ മരണത്തിനു കീഴടങ്ങി. എന്റെ വിധി. അല്ല, ഞാൻ വരുത്തി വെച്ച എന്റെ വിധി.

മരിച്ചു കഴിഞ്ഞു മണിക്കൂറുകളോളം തുണിയിൽ പൊതിഞ്ഞു ഹോസ്പിറ്റലിൽ എന്നെ കിടത്തി. ജീവിച്ചിരുന്ന കാലത്ത് കൂട്ടുകാരാൽ ചുറ്റപ്പെട്ടു നടന്ന എന്റെ മയ്യത്തിനെ അനുഗമിക്കാനും ഖബറിൽ വെക്കാനും ഞാനറിയാത്ത നാലഞ്ചു ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞാൻ മരിച്ചതിന്റെ മൂന്നാം നാൾ ബന്ധുക്കളെല്ലാം എന്റെ വീട്ടിൽ ഒത്തു കൂടി. പലരും മാസ്ക് ഇല്ലാതെ വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടു മാസ്ക് വെക്കാൻ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു നോക്കി. പക്ഷെ എന്റെ ശബ്ദം ആരു കേൾക്കാൻ?. ജീവിച്ചിരിക്കുന്നവരുടെ മുന്നറിയിപ്പ് കേൾക്കാത്ത മനുഷ്യർ മരിച്ചവരുടെ മുന്നറിയിപ്പ് എങ്ങനെ കേൾക്കാനാണ്?.

വരുന്ന ബന്ധുക്കളിൽ പലരും കൈകൾ പോലും കഴുകാതെയാണ് അകത്തേക്ക് കയറുന്നത്.

അകത്തു പ്രമേഹ രോഗിയായ വല്യാപ്പയുണ്ട്. നിത്യ രോഗിയായ വലിയുമ്മയുണ്ട്. എന്റെ ഉപ്പയും ഉമ്മയുമുണ്ട്. എന്റെ ഭാര്യയുണ്ട്. അവരൊക്കെ കരഞ്ഞു കരഞ്ഞു കണ്ണീര് വറ്റി ഇരിക്കുകയാണ്.

രണ്ടും അഞ്ചും വയസ്സുള്ള എന്റെ പൊന്നു മക്കൾ എന്നെ കാണാഞ്ഞു കരഞ്ഞു നടക്കുകയാണ്. അവർക്ക് രണ്ട് പേർക്കും എന്റെ നെഞ്ചിൽ കിടന്നാണല്ലോ ഉറങ്ങി ശീലമുള്ളത്. എത്ര വൈകിയാലും ഞാൻ കൊണ്ട് വരുന്ന മിട്ടായിക്ക് വേണ്ടി അവർ ഉറങ്ങാതെ കാത്തിരിക്കാറുണ്ട്. എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ ഉടനെ തന്നെ രണ്ടു പേരും ഉപ്പച്ചീ ന്നും വിളിച്ചു ഓടി വന്നു ദേഹത്തേക്ക് ചാടാറുണ്ട്.

ഓട്ടോയിൽ വന്നിറങ്ങിയ അമ്മായി ഓടി വന്നു കുട്ടികളെ വാരിയെടുത്തു നെഞ്ചോട് ചേർത്തു കവിളിൽ ഉമ്മ വെച്ച് കരയുകയാണ്. ആരും തടയുന്നില്ല.

എടുക്കല്ലേ അമ്മായീ എന്ന് ഞാൻ ഉറക്കെ പറഞ്ഞു നോക്കി. ആരും കേൾക്കുന്നില്ല. അമ്മായി ദൂരെ നിന്നും വരുകയാണ്. ആദ്യം ബസ്സിലും പിന്നെ ഓട്ടോയിലും കയറിയാണ് വരുന്നത്. ചുരുങ്ങിയ പക്ഷം അമ്മായി കയ്യെങ്കിലും സോപ്പിട്ടു കഴുകണ്ടേ. ദേഹത്തും വസ്ത്രങ്ങളിലും അണുക്കൾ ഉണ്ടെങ്കിൽ അത്‌ കുഞ്ഞുങ്ങളുടെ ദേഹത്തേക്കും പടരില്ലേ.

ആരാണ് അതൊക്കെ ശ്രദ്ധിക്കുന്നത്?. ഞാനും അങ്ങനെ ആയിരുന്നല്ലോ. എത്ര പ്രാവശ്യം പുറത്തൊക്കെ അനാവശ്യമായി കറങ്ങി നടന്നു അതെ വസ്ത്രങ്ങളോടെ ഞാൻ ഭാര്യയോടും കുഞ്ഞുങ്ങളോടും ഒപ്പം കിടന്നു ഉറങ്ങിയിരിക്കുന്നു. എത്ര പ്രാവശ്യം ഈ കൊറോണ കാലത്തും കുട്ടികളെയും കൊണ്ട് കടകളിൽ പോയിരിക്കുന്നു. എത്ര പ്രാവശ്യം ബന്ധു വീടുകളിൽ സന്ദർശനം നടത്തിയിരിക്കുന്നു.

മൂന്നിന്റെ പരിപാടി കഴിഞ്ഞതും ഇളയ മോൾക്ക് ചെറിയ ജലദോഷം. എന്റെ നെഞ്ച് കലങ്ങാൻ തുടങ്ങി. ഉപ്പ അവളെ കൊണ്ട് പോയി ഡോക്ടറെ കാണിച്ചു മരുന്ന് കൊടുത്തു. കൊറോണ ടെസ്റ്റ്‌ നടത്തി നോക്കാൻ ഞാൻ ഉപ്പയെ വിളിച്ചു കുറെ പറഞ്ഞു നോക്കി. ഉപ്പ അത്‌ കേൾക്കാത്ത പോലെ നടന്നു പോവുകയാണ്. ചിലപ്പോൾ മരിച്ചവരുടെ ശബ്ദം ജീവിച്ചിരിക്കുന്നവർ കേൾക്കുന്നില്ലായിരിക്കാം.

എല്ലാം കഴിഞ്ഞു ഇന്നേക്ക് പത്തു ദിവസമായി. എന്റെ മരണം കണ്ടിട്ടെങ്കിലും കൂട്ടുകാർ നന്നാവുമെന്ന് ഞാൻ കരുതി. എവിടെ?.

ഇപ്പോഴും രാവിലെ ഷട്ടിൽ കളി നടക്കുന്നുണ്ട്. വൈകിട്ട് ഫുട്ബോൾ കളിക്കുന്നുണ്ട്. ഞായറാഴ്ച്ചകളിൽ ക്രിക്കറ്റ് ടൂർണ്ണമെന്റുകൾ നടക്കുന്നുണ്ട്. പീടിക കോലായിലും കടയുടെ മുൻപിലും ആളില്ലാത്ത ബസ്സ്റ്റോപ്പിലും അവരിപ്പോഴും സൊറ പറഞ്ഞിരിപ്പുണ്ട്.

പലർക്കും മാസ്ക് പോലുമില്ല. ഉള്ളവരുടെ മാസ്കുകൾ താടി തുമ്പിലാണ്. അങ്ങാടിയിൽ നിന്നും വീട്ടിൽ എത്തിയാൽ അതെ വസ്ത്രത്തോടെ തന്നെയാണ് അവർ അകത്തു കയറുന്നതും. വീട്ടിലുള്ളവർ എത്ര സൂക്ഷിച്ചാലും നമ്മളുടെ അശ്രദ്ധ അവർക്ക് കൂടെ അപകടമാണ് എന്നവർ ആലോചിക്കുന്നില്ല. യാഥാർഥ്യം അവരെല്ലാം മറന്നു പോവുകയാണ്.

എനിക്കിപ്പോൾ ശരിക്കും കുറ്റ ബോധം തോന്നുന്നുണ്ട്. ഒരു പക്ഷെ ഞാൻ വീട്ടിൽ തന്നെ ഇരുന്നിരുന്നെങ്കിൽ?.

മാസ്കും സാമൂഹിക അകലവും സുരക്ഷയും ഞാൻ കുറെ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ?.

അനാവവശ്യമായി കറങ്ങി നടന്നതും വീട്ടിലിരിക്കാതെ ആഘോഷിച്ചതും ഒഴിവാക്കിയിരുന്നെങ്കിൽ?.

ഒരു പക്ഷെ, ഒരു പക്ഷെ,

ഞാനിന്നും ജീവനോടെ ഉണ്ടാവുമായിരുന്നു അല്ലെ?.

എന്റെ മക്കൾ യതീം മക്കൾ ആവില്ലായിരുന്നു?.

എന്റെ ഉമ്മയും ഉപ്പയും എന്നെ ഓർത്തു കരയേണ്ടി വരില്ലായിരുന്നു.

എന്റെ ഭാര്യ ഇത്ര ചെറുപ്പത്തിലേ വിധവയാവേണ്ടി വരില്ലായിരുന്നു.

എല്ലാം എന്റെ വിധി.

സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സർവോപരി ഉമ്മയുടെയും ഉപ്പയുടെയും വരെ മുന്നറിപ്പുകൾ അവഗണിച്ചതിന്റെ ശിക്ഷ.

കണ്മുന്നിൽ ആയിരം പേര് പിടഞ്ഞു മരിക്കുന്നത് കണ്ടാലും ഒന്നും എന്നെ ബാധിക്കില്ല എന്ന ഒടുക്കത്തെ ആത്മ വിശ്വാസം. എല്ലാം കഴിഞ്ഞു പോയില്ലേ?.

നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്.

എത്ര പണമില്ല എന്ന് പറഞ്ഞാലും നിങ്ങൾ പട്ടിണി കിടക്കുന്നില്ലല്ലോ?.

ജോലിയും കൂലിയും ഇല്ല എന്ന് പറഞ്ഞാലും എന്നെങ്കിലും എല്ലാം ശരിയാവും എന്നൊരു വിശ്വാസമെങ്കിലും ഉണ്ടല്ലോ.

ജീവനെ പോലെ സ്നേഹിക്കുന്നവരെ കണ്ടു കൊണ്ട് പുറത്തേ ക്കിറങ്ങിയില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാമല്ലോ.

വാശി വെടിഞ്ഞു മുന്നറിയിപ്പുകൾ സ്വീകരിച്ചു നമ്മളെയും വീട്ടുകാരെയും അത്‌ വഴി സമൂഹത്തെയും സംരക്ഷിക്കാമല്ലോ.

എന്നെ പോലെ മരിച്ചു കഴിഞ്ഞു കരഞ്ഞു കണ്ണീര് വാർത്തിട്ട് എന്തു കാര്യം.?

എല്ലാം ജീവിച്ചിരിക്കുമ്പോൾ ചെയ്യണമായിരുന്നു. ഓർക്കുക.

ജീവിച്ചിരിക്കുക എന്നതാണ് വലിയ ഭാഗ്യം. ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.

നമ്മുടെ ഓരോ അശ്രദ്ധക്കും ഒരായിരം ജീവന്റെ വിലയുണ്ട്. നമ്മുടെ മാത്രമല്ല.

നമ്മുടെ മാതാ പിതാക്കളുടെ, കുടുംബക്കാരുടെ, കുഞ്ഞ് മക്കളുടെ. നമ്മൾ ഇടപെടുന്ന എല്ലാവരുടെയും.

ശ്രദ്ധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം. ഇല്ലെങ്കിൽ 38000 പുതിയ രോഗികൾ എന്നത് മുപ്പതിനായിരമോ മൂന്ന് ലക്ഷമോ ആവാൻ ഏറെ നാളൊന്നും വേണ്ടി വരില്ല.

എല്ലാവർക്കും നന്മകൾ മാത്രം നേരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *