സാക്ഷ്യം
എഴുത്ത്: – രഘു കുന്നുമ്മക്കര പുതുക്കാട്
അവധിദിനത്തിൻ്റെ കൗമാരഭാവം. ജയശങ്കർ, വൈകിയാണ് ഉണർന്നെഴുന്നേറ്റത്. അതുകൊണ്ടു തന്നെ കുളിയും പ്രാതലും കഴിഞ്ഞാണ് പത്രപാരായണത്തിലേക്കു കടന്നത്. വലിയ വീടിൻ്റെ വിശാലമായ അകത്തളത്തിലെ സെറ്റിയിലിരുന്നു വാർത്തകളിലേക്കു കണ്ണോടിച്ചു.?വലുതും ഇടത്തരവും തീരെ ചെറുതുമായ തലക്കെട്ടുകൾക്കു താഴെ വൃത്താന്തങ്ങൾ ചിതറിക്കിടന്നു. അകപ്പേജിലൊരു കോണിലായി അച്ചുനിരത്തിയ സചിത്ര സമാചാരത്തിൽ തെല്ലുനേരം മിഴികൾ തടഞ്ഞുനിന്നു.
“തിരുവനന്തപുരം: തകഴി സ്മാരക വായനശാലയുടെ ഈ വർഷത്തെ പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു.കഴിഞ്ഞ മാസം നടക്കേണ്ട ചടങ്ങ്, അവാർഡു ജേതാക്കളിലൊരാളായ ദിനേശ് കൃഷ്ണൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ഭാവിയുടെ സാഹിത്യനഭസ്സിലെ നക്ഷത്ര മാകേണ്ടിയിരുന്ന ദിനേശ്കൃഷ്ണനു വേണ്ടി,?ഭാര്യ സുചിത്ര ദിനേശ് പുരസ്കാരം ഏറ്റുവാങ്ങി. യുവകഥാകാരി ശർമ്മിളയും അവാർഡിനർഹയായിരുന്നു. എഴുത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചോളം പേർക്ക് പുരസ്കാരങ്ങൾ സമർപ്പിക്കുകയുണ്ടായി”
വാർത്ത, പിന്നെയും തെല്ലുനീണ്ടു. ശർമ്മിളയുടെ ചിത്രത്തിൽ ഒന്നുകൂടി ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. മറ്റു ചമയങ്ങളില്ലാത്ത മുഖത്ത്, വലിയൊരു കുങ്കുമപ്പൊട്ടു ജ്വലിച്ചു നിന്നു. തീഷ്ണമായ മിഴികൾ. അടുത്തിടെ വിവാഹബന്ധം വേർപ്പെടുത്തി, ഒറ്റയ്ക്കു ജീവിക്കുന്ന ശർമ്മിളയുടെ കഥകൾക്ക് വല്ലാത്തൊരു വേവും തുടിപ്പും പകരാൻ കഴിയുമായിരുന്നു. നിലാവു പോൽ ആർദ്രമായിരുന്ന ദിനേശ് കൃഷ്ണൻ്റെ കഥകൾ. വായന, ചെറുപ്പത്തിലെയുള്ള ശീലമായതിനാൽ രണ്ടു യുവപ്രതിഭകളെയും അത്രമേൽ ആരാധിച്ചിരുന്നു.
ജയശങ്കർ, പത്രം മടക്കി ടീപ്പോയിൽ വച്ചു. ഒന്നു മൂരിനിവർന്നു, ശേഷിച്ച ആലസ്യത്തെയും യാത്രയാക്കി. അകത്തളത്തിലെ ചുവരുകളിലും, ഷെൽഫു കളിലും ഒരു ലോക്കോ പൈലറ്റിൻ്റെ ഇരുപത്തിയഞ്ചാണ്ടു നീണ്ട, ഇനിയും ശേഷിക്കുന്ന ഔദ്യോഗിക ജീവിതത്തിലെ സുവർണ്ണ മുഹൂർത്തങ്ങൾ ചിത്രങ്ങളായും, പുരസ്കാരങ്ങളായും നിറഞ്ഞുനിൽപ്പുണ്ടായിരുന്നു. ചുവരിലെ ചാരുതയുള്ള ക്ലോക്കിൽ, സമയം പത്തരയെന്നു കാണിച്ചു. അകമുറിയിൽ നിന്നും, ഭാര്യ സുപർണ്ണ അരികിലേക്കു വന്നു.
“ജയേട്ടാ, പതിനൊന്നു മണിക്കല്ലേ അവരു വരാന്നു പറഞ്ഞത്. പതിനൊന്നാ കാറാവുന്നു. ഷർട്ട്, വേണ്ടെ? ഞാനെടുത്തു കൊണ്ടുവന്നിട്ടുണ്ട്”
സുപർണ്ണ തന്ന മേൽക്കുപ്പായവും ധരിച്ച്, വീണ്ടും അതേയിരിപ്പു തുടർന്നു. ടെലിവിഷൻ ഓൺ ചെയ്ത്, സുപർണ്ണ വാർത്താചാനൽ വച്ചു. പോയ തെരഞ്ഞെടുപ്പിൻ്റെ ഫലത്തെക്കുറിച്ചുള്ള വിരസമായൊരു ചർച്ച നടക്കുകയാണ്. മുഴുവൻ ശ്രദ്ധയും ടിവിയിലേക്കു സമർപ്പിക്കാൻ കഴിയാതെ അങ്ങനെയിരുന്നു. സുപർണ്ണയും അരികിൽ വന്നിരുന്നു. ചാനൽ മാറ്റാനും മുതിർന്നില്ല.
കാളിംഗ് ബെൽ ശബ്ദിച്ചു.സുപർണ്ണയാണ് വാതിൽ തുറന്നത്.വരൂ, അദ്ദേഹം അകത്തുണ്ട്’ എന്നു പറഞ്ഞാണ് അതിഥികളെ അകത്തേക്കാനയിച്ചത്. അവർ, രണ്ടുപേരുണ്ടായിരുന്നു. അന്തരിച്ച ദിനേശ് കൃഷ്ണൻ്റെ സഹധർമ്മിണി, സുചിത്ര ദിനേശും മറ്റൊരു ചെറുപ്പക്കാരിയും. സുചിത്രയെ കൈകൂപ്പി സ്വീകരിച്ചു. അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“നമസ്കാരം സർ, ഇത് ഷീബാ മുകുന്ദൻ.?എൻ്റെ കൂട്ടുകാരിയാണ്. അവളുടെ കാറിലാണ് ഞങ്ങൾ വന്നത്”
“സ്നേഹം, സുചിത്രാ?യാത്ര സുഖമായിരുന്നോ. മഴയുണ്ടോ അവിടെ?’
“കുഴപ്പമില്ലായിരുന്നു സർ, ഇവിടെയെത്താൻ ഒത്തിരി വൈകുന്നതുപോലെ തോന്നി. കഴിഞ്ഞയാഴ്ച്ചയാണ് സാറിൻ്റെ നമ്പർ കിട്ടിയത്. ആ ദിവസം, കന്യാകുമാരി പാസഞ്ചർ തീവണ്ടിയുടെ ലോക്കോ പൈലറ്റ് അങ്ങായിരുന്നുവെന്ന് ഒത്തിരി അന്വേഷിച്ചാണറിഞ്ഞത്.?എനിക്കു സാറിനെ കാണാതെ തര മില്ലായിരുന്നു. അതാണിന്നലെ വിളിച്ചതും, ഇന്നത്തെ അവധിദിനത്തിൽ വരാൻ തീരുമാനിച്ചതും. എനിക്ക്, ഒരേയൊരു കാര്യമെ അറിയുവാനുള്ളു. അന്നു പുലർച്ചെ, ദിനേശേട്ടൻ സ്വയം മരിക്കുകയായിരുന്നോ? അതോ, അതൊരു അപകടമായിരുന്നോ? സ്വയം മ രിക്കേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ലെന്നു തീർച്ചയാണ്. ഞങ്ങളിരുവരും അത്രയേറെ സന്തോഷത്തിലാണ് ജീവിച്ചിരുന്നത്. എഴുതിത്തീർക്കാൻ ഇനിയും ഏറെയുണ്ടെന്നു എപ്പോഴും പറയുമായിരുന്നു. എന്നിട്ടും, ഈ നാൽപ്പത്തിയഞ്ചാം വയസ്സിൽ ? അദ്ദേഹത്തിനു ഒത്തിരി സൗഹൃദങ്ങളുണ്ടായിരുന്നു. പരശ്ശതം ആരാധകരും. ഞാൻ, അദ്ദേഹത്തിൻ്റെ അടുത്ത സൗഹൃദങ്ങളോടെല്ലാം ഇതേ വിവരം അന്വേഷിച്ചു. ശർമ്മിളയ്ക്കും, മാധവൻ മാഷുക്കും, അക്ബർ സാറിനും മറ്റൊരു വാദമില്ലായിരുന്നു. സർ, അന്നെന്താണ് സംഭവിച്ചത്? എനിക്കറിയണം സർ, പ്ലീസ്”
സുചിത്രയുടെ ശബ്ദം വല്ലാതെ വിറുങ്ങലിച്ചിരുന്നു. വിവിധ വികാര വിക്ഷോഭങ്ങളാൽ അവളുടെ മുഖപേശികൾ വലിഞ്ഞുമുറുകി. കൺ കോണുകളിൽ നിന്നും നീർത്തുളളികൾ ഉറവയെടുത്തൂർന്നു വീണു. ഒന്നു നിശ്വസിച്ച ശേഷം, അവൾ തുടർന്നു.
“പുരസ്കാരം സ്വീകരിക്കാനായി, ദിനേശ് തലേന്നു രാവിലെ തന്നെ പോന്നിരുന്നു. ജേതാക്കൾ മിക്കവാറും പേർ, അന്നുതന്നെ എത്തിച്ചേരുമെന്നാണ്പ റഞ്ഞിരുന്നത്. നഗരത്തിലെ ഹോട്ടലിൽ നിന്നും, ഒരു കിലോമീറ്റർ മാറിയാണ് അപകടമുണ്ടായത്. അതിനടുത്തായി തന്നെ ഒരു വഴിയും രാത്രിക്കടകളുമുണ്ട്. ഇനി, സിഗ രറ്റെങ്ങാനും വാങ്ങാനായി പോയതായിരിക്കുമോ? സാറിന്, ആ കാഴ്ച്ച ഓർമ്മയുണ്ടാകുമല്ലോ. എന്താണ് സംഭവിച്ചത്?”
അവൾ പറഞ്ഞു നിർത്തി. ജയശങ്കർ അവൾക്കരികിൽ വന്നിരുന്നു. അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. എന്നിട്ട്, സാവധാനം മന്ത്രിച്ചു.
“മഴ പെയ്തൊരു രാത്രിയായിരുന്നു അന്ന്. രാത്രിയെന്നൊ പുലർച്ചയെന്നോ പറയാം. മൂന്നുമണി കഴിഞ്ഞിരുന്നു. കൊടുംവളവും, നഗരത്തിലെ റെയിൽവേ സ്റ്റേഷനിലേക്ക് രണ്ടു കിലോമീറ്ററിൽ താഴെയായതിനാലും, ട്രെയിൻ അമിത വേഗത്തിലായിരുന്നില്ല. മഴയുടെ ഹുങ്കാരമാകാം, നടന്ന് ട്രാക്കിനു നടുവിലെത്തി യപ്പോളാണ്, അദ്ദേഹം തൊട്ടരികിൽ തീവണ്ടിയെത്തിയതറിഞ്ഞത്. ആ നടുക്കത്തിൽ നിന്നും വിടുതൽ നേടും മുമ്പെ, എല്ലാം കഴിഞ്ഞിരുന്നു. തൊട്ടടുത്ത സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്ത ശേഷമാണ്, ഞങ്ങൾ യാത്ര തുടർന്നത്. അസിസ്റ്റൻ്റ് ലോക്കോ പൈലറ്റിൻ്റെ ആദ്യ ജോലിദിനമായിരുന്നു അന്ന്. ഞാൻ പറഞ്ഞതു തന്നെയാണ് അവനും പറഞ്ഞത്. മോളേ, അതൊരാത്മഹ ത്യയായിരുന്നില്ല. അപകടമായിരുന്നു”
ജയശങ്കർ, ടീപ്പോയിലിരുന്ന മഗ്ഗിൽ നിന്നും രണ്ടു കവിൾ വെള്ളം കുടിച്ചു. സുചിത്രയുടെ മിഴികൾ ചലിക്കുന്നുണ്ടായിരുന്നില്ല. വിവരണം, അവളിൽ കാഴ്ച്ചകളായി പരിണമിക്കുകയായിരുന്നു. സുപർണ്ണ കൊണ്ടുവച്ച ചായ, അതിഥികൾ ഇരുവരും കുടിച്ചു തീർത്തു. യാത്ര പറഞ്ഞിറങ്ങി.
“നന്ദിയുണ്ട് സർ, ദിനേശ് ആത്മഹiത്യ ചെയ്തിട്ടില്ലെന്നറിഞ്ഞല്ലോ.ജീവിതത്തിൽ ഇതിൽ വലിയൊരു നഷ്ട്ടപ്പെടലില്ല. എങ്കിലും, സ്വയം മരിച്ചതല്ലെന്നോർത്ത്, ആശ്വസിക്കാൻ ശ്രമിക്കാലൊ. നന്ദി സർ, ഒത്തിരിയൊത്തിരി”
സുചിത്രയും കൂട്ടുകാരിയും കാറിൽ കയറി. തുറന്നുകിടന്ന ഗേറ്റിലൂടെ, കാർ പുറത്തേക്കു നീങ്ങി. കാഴ്ച്ചയിൽ നിന്നും മറഞ്ഞകന്നു.?ജയശങ്കർ, തുറന്ന ഗേറ്റിലേക്കു നോക്കിനിന്നു.അന്നത്തെ രാത്രിയിലെ കാഴ്ച്ചകൾ, വീണ്ടും ഉൾക്കണ്ണിൽ തെളിഞ്ഞു വന്നു. തെല്ലുപോലും മങ്ങാതെ.
മഴ പെയ്തൊരു രാത്രിയായിരുന്നു അന്ന്. വളവു തിരിയുമ്പോളാണ്, അരികിലേക്കടുത്തു വരുന്ന ആ കാഴ്ച്ച കണ്ടത്. തീവണ്ടിയുടെ തീഷ്ണപ്രകാശത്തിൽ, പാളത്തോടു ചേർന്ന് ഒരു സ്ത്രീയും പുരുഷനും ആiലിംഗനബദ്ധരായി നിൽക്കുന്നു. ഹോൺ മുഴക്കിയിട്ടും, അവർ മാറി നിന്നില്ല.
ട്രെയിൻ തൊട്ടരികിലെത്തിയപ്പോൾ, പുരുഷൻ നിലതെറ്റി ട്രാക്കിനുള്ളിലേക്കു വേച്ചു. ഒപ്പമുണ്ടായിരുന്ന യുവതി പിന്നോട്ടും നീങ്ങി. അവൾ, ഒപ്പമുണ്ടായിരുന്നയാളെ തiള്ളിയിട്ടതാണെന്നോ ഭയന്നു പിന്മാറിയതാണെന്നോ തീർച്ച പോരായിരുന്നു. തീവണ്ടി അയാളുടെ ഉടലിൽ തൊടും മുമ്പേ, ആ സ്ത്രീയുടെ മുഖം സുവ്യക്തമായി കണ്ടു.?ആ നെറ്റിയിലൊരു വലിയ കുങ്കുമപ്പൊട്ടുണ്ടായിരുന്നു. വെളുത്ത മുഖം, വിളറി കടലാസു പോലെയായിരുന്നു.
ആദ്യ അനുഭവത്തിൻ്റെ ഞെട്ടലിൽ, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് ഉച്ചത്തിൽ നിലവിളിച്ചു. ഇത്തരം കാഴ്ച്ചകളും ജോലിയുടെ ഭാഗമാണെന്ന് അവനെ ആശ്വസിപ്പിച്ചു. റിപ്പോർട്ടു ചെയ്തപ്പോൾ, താൻ പറഞ്ഞതിനപ്പുറം അവനൊന്നും ശബ്ദിച്ചില്ല.
ജയശങ്കർ, തിരികെ ഹാളിലേക്കു നടന്നു.?പത്രമെടുത്തു?പുരസ്കാര സമർപ്പണ വാർത്തയിലേക്കു ഒരിക്കൽ കൂടി നോക്കി. ശർമ്മിളയുടെ നെറ്റിയിലെ കുങ്കുമം ജ്വലിക്കുന്നു. അന്നത്തെ രാത്രിയിലെപ്പോലെത്തന്നെ. ചിത്രത്തിലെ മിഴികളിൽ, കുറ്റബോധം പ്രസരിക്കുന്നുണ്ടെന്നു വെറുതെ തോന്നി. സമയം, നട്ടുച്ചയിലേക്കു നീങ്ങിയിരുന്നു. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.