ഒരു ദോശക്കഥ
എഴുത്ത്:-സാജുപി കോട്ടയം
കൊറേ വർഷങ്ങൾക്ക് മുൻപാണ് കോട്ടയത്ത് നാഗമ്പടം ബസ്റ്റാന്റിൽ ഒരു സുഹൃത്തിനെയും പ്രതീക്ഷിച്ചു രാവിലെ പത്തുമുതൽ സ്റ്റാൻഡിലേക്ക് ബസ് തിരിഞ്ഞു വരുന്ന ആ ഭാഗത്തുള്ള പോസ്റ്റിൽ പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു… ഞാൻതന്നെ പിടിച്ചതാണോ അതോ വരാമെന്ന് പറഞ്ഞ സുഹൃത്ത് പിടിപ്പിച്ചതാണോയെന്ന് പോലും അറിയാതെ അങ്ങനെ കൊറേ നേരം കഴിഞ്ഞപ്പോൾ…. അടിവയറ്റിൽ നിന്ന് ഒരു വിളിയും ഒരു ചോദ്യവും കേട്ടു….
” നീ വല്ലതും ഇത്രയും നേരമായിട്ടു കഴിച്ചോന്ന് “
ആഹാരത്തിന്റെ കാര്യത്തിൽ ഞാനും വയറും തമ്മിൽ ഒരിക്കലും ഒരു ഈശാപേശായോ പിടിവാശിയോ പരസ്പരം ഉണ്ടാക്കിയിട്ടില്ല.. അതുകൊണ്ട് തന്നെ വയറിന്റെ ചെറിയൊരു ആഗ്രഹംപോലും ഞാൻ പെട്ടെന്ന് സാധിച്ചു കൊടുക്കും.
നാഗമ്പടം പള്ളിയോട് ചേർന്നിരിക്കുന്ന രണ്ടാമത്തെ ഹോട്ടലിൽ കയറി …. ആദ്യത്തെ ഹോട്ടൽ കുറച്ചു സെറ്റപ്പാണ് സുഹൃത്ത് വരുബോൾ അവിടെ കയറാമെന്ന് വച്ചാണ് അത് ഒഴിവാക്കിയത് ആദ്യം കേറിയാൽ പിന്നെ ഒന്നുടെ കേറുമ്പോൾ അവരെന്തു വിചാരിക്കും അല്ലേ…?
അന്നൊരു ചൊവ്വാഴ്ച ആയതിനാൽ നല്ല തിരക്കുണ്ടായിരുന്നു സ്റ്റാൻഡിലും പരിസരങ്ങളിലും കാരണം അന്നാണ് നാഗമ്പടം പള്ളിയിൽ വരുന്ന വിശ്വാസികൾക്ക് വിശുദ്ധ അന്തോണിസ് അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുന്നത്. ചേലോർക്ക് കിട്ടും ചേലോർക്ക് കിട്ടില്ല എന്നാലും ഒൻപത് വെള്ളിയാഴ്ച നോമ്പ് നോക്കി വീണ്ടും വരുന്ന വിശ്വാസികളുടെ എണ്ണം കൂടിയിട്ടുണ്ട്. അതൊക്കെ പോട്ടെ
ഞാൻ നേരെ ഹോട്ടലിലേക്ക് കയറി അപ്പൊ സമയം ഉച്ചയോടു അടുത്തിരുന്നു. അകത്തു വലിയ തിരക്കില്ലെങ്കിലും ഉച്ചയൂണിന്റെ തയ്യാറെടുപ്പുകൾ വളരെ വേഗത്തിൽ തന്നെ നടക്കുന്നുണ്ട്
ഞാൻ കൈ കഴുകി നാലു കസേരകളിട്ട ഒരു മേശയുടെ മുന്നിൽ ഇരുന്നു. അപ്പോഴേക്കും സുഹൃത്തിന്റെ ഫോൺ വന്നു അത് അറ്റൻഡ് ചെയ്തു കൊണ്ടിരുന്നപ്പോ തന്നെ ഒരു വൈറ്റർ വെളുത്തു തടിച്ച സ്ത്രീ വന്നു എന്താണ് വേണ്ടതെന്നു ചോദിച്ചു ഞാൻ ചെറുവിരൽ ഉയർത്തി കാണിച്ചു “വെയിറ്റ് ഇപ്പൊ പറയാമെന്നു “ആഗ്യത്തിൽ കാണിച്ചു.
ആ സ്ത്രീ മുഖമൊന്നു കോട്ടിയിട്ട് ഇഷ്ട്ടപെടാത്ത ഭാവത്തിൽ അകത്തേക്ക് പോയി.
ആ സമയം ഒരു പ്രായമായ അമ്മച്ചി എന്റെ ഓപ്പോസിറ്റ് കസേരയിൽ വന്നിരുന്നു. കാഴ്ച്ചയിൽ മുഷിഞ്ഞ വേഷമാണ് കണ്ണുകളൊക്കെ കുഴിഞ്ഞു മുഖമൊക്കെ ചുക്കിച്ചുളിഞ്ഞു ഞാൻ അവരെ വളരെ സൂഷ്മമായി ഒന്നുടെ ശ്രെദ്ധിച്ചു ദയനീയത തോന്നുന്ന ഭാവമാണ്
അപ്പോഴേക്കും വെളുത്തു തടിച്ച സ്ത്രീ അമ്മച്ചിയുടെ മുന്നിൽ വന്നു നിന്നു.
എന്താണ് വേണ്ടത്??? അവരുടെ ചോദ്യം കടുപ്പത്തിലാണ്
അമ്മച്ചി : ദോശയുണ്ടോ? വളരെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു
അത് കേട്ടപ്പോഴേ ആ സ്ത്രീ പെട്ടന്ന് അകത്തേക്ക് പോയി. ഒരു പ്ലെയ്റ്റ് ദോശയുമായി വന്നു അമ്മച്ചിയുടെ മുന്നിലേക്ക് എറിയുന്നത് പോലെ വച്ചു അതിനു മുകളിലേക്ക് സാമ്പാർ ഒഴിച്ചു.
അമ്മച്ചിയെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപേ ആ സ്ത്രീ അകത്തേക്ക് പോയി
അമ്മച്ചിയുടെ മുഖം വിളറിയതും അവർ ചുരുട്ടി പിടിച്ച കൈ തുറന്നു നോക്കുന്നതും ഞാൻ കണ്ടു ആ കയ്യിൽ ഇരുപത്തിന്റെ ഒരു നോട്ട് മാത്രമാണ് ഉണ്ടായിരുന്നത്.
മുന്നിലിരിക്കുന്ന മൂന്നു ദോശയിലേക്കും കയ്യിലെ ഇരുപത്തിന്റെ നോട്ടിലേക്കും ദോശയിൽ കൈവയ്ക്കാതെ മാറി മാറി നോക്കുന്നുണ്ട് കൂടാതെ ആ വെയ്റ്റർ സ്ത്രീയേയും
അപ്പോഴേക്കും എന്റെ ഫോൺ ചെയ്തത് കഴിഞ്ഞിരുന്നു.
ഉടനെ ആ സ്ത്രീ എന്റെ അരികിലേക്ക് വന്നു എന്താണ് വേണ്ടതെന്നു ചോദിച്ചു?
നല്ല വിശപ്പുണ്ട് എന്നാലും ഞാനൊരു മധുരം കുറച്ചൊരു ബ്രൂ കോഫി മതിയെന്ന് പറഞ്ഞു.
അത് അവർക്കങ്ങോട്ട് സുഖിച്ചില്ലെന്ന് തോന്നി ഒന്ന് മൂളിയിട്ട് അവരുടെനെ അമ്മച്ചിയെ നോക്കി.
അമ്മച്ചി ദയനീയമായി ആ സ്ത്രിയോട് ചോദിച്ചു.
ദോശക്ക് എത്ര രൂപയാണ്?? എനിക്ക് രണ്ടെണ്ണം മതി. കൈയിലിരുന്ന ചുരുണ്ട ഇരുപത്തിന്റെ നോട്ടിലേക്ക് നോക്കിയാണ് അത് പറഞ്ഞത്
“ഇതൊക്കെ ആദ്യം പറയേണ്ടേ തള്ളേ ” വേണ്ടെങ്കിൽ അവിടെ വച്ചിട്ട് കാശും കൊടുത്തിട്ട് ഇറങ്ങി പോ തള്ളേ മനുഷ്യരെ മെനക്കെടുത്താതെ “
വെയ്റ്റെർ സ്ത്രിയുടെ കടുപ്പിച്ചുള്ള ആ ദേഷ്യവും ഉച്ചത്തിലുള്ള ആ സംസാരവും കേട്ട് ആ ഹോട്ടെലിൽ ഉള്ളവർ മുഴുവനും അമ്മച്ചിയേയും ആ സ്ത്രീയെയും മാറി മാറി നോക്കി. അമ്മച്ചിയുടെ ശരീരം അപ്പോഴേക്കും വിറക്കാൻ തുടങ്ങീയിരുന്നു. ആ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.
ഇതൊക്കെ കണ്ടിട്ട് എനിക്കെന്തോ വല്ലാത്ത ഒരു അസ്വസ്ഥ ഞാൻ അമ്മച്ചിയുടെ കൈയിൽ പിടിച്ചു .
അമ്മച്ചി കഴിച്ചോ ഞാൻ ഇതിന്റെ കാശ് കൊടുത്തോളമെന്ന് പറഞ്ഞു.
വിശപ്പുകൊണ്ടായിരിക്കണം മാനാഭിമാനം നോക്കാതെ ആർത്തിയോടെ ആ മൂന്നു ദോശ മുഴുവനും കഴിച്ചു.
അപ്പോഴേക്കും വീണ്ടും ആ സ്ത്രീ വന്നു. എന്നോട് പറഞ്ഞു
“ഇതൊക്കെ ഇവരുടെ സ്ഥിരം കലാപരിപാടിയാണ് “
എനിക്ക് പെട്ടന്ന് ദേഷ്യം വന്നു.
അതിനു നിനക്കെന്താടി… വിശക്കുന്നവർ പല പരിപാടികളും കാണിക്കും നീയും ഇവിടെ ജോലി ചെയ്യുന്നത് നീയും നിന്റെ മക്കളും വിശന്നു പട്ടിണി കിടക്കാ തിരിക്കാൻ തന്നെയല്ലേ???
അവൾ പിന്നെയൊന്നും മിണ്ടിയില്ല.
അങ്ങനെ മാസ്സ് ഡയലോഗൊക്കെ അടിച്ചു ഞാൻ അമ്മച്ചിയുടെ കയ്യും പിടിച്ചു കാശ് കൊടുക്കാൻ ബില്ല് കൌണ്ടറിൽ ചെന്നപ്പോൾ.
അവിടെ കഴിച്ചോണ്ടിരുന്ന ആരോ ഒരാൾ എന്റെയും അമ്മച്ചിയുടെയും ബില്ലും ഇറങ്ങുമ്പോ അമ്മച്ചിയുടെ കൈയിൽ കൊടുക്കുവാൻ നൂറിന്റെ രണ്ട് നോട്ടും അവിടെ ഏൽപ്പിച്ചിരുന്നു ❤